•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

കന്നടപ്പോര് : ദേശീയരാഷ്ട്രീയത്തിന്റെ തലവര മാറ്റുമോ?

2023 ല്‍ നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഏറ്റവും പ്രതീക്ഷ പുലര്‍ത്തുന്ന സംസ്ഥാനമാണു കര്‍ണാടക. ബിജെപിയില്‍നിന്ന് അധികാരം തിരിച്ചുപിടിക്കാന്‍ സാധ്യമായ എല്ലാ തന്ത്രങ്ങളും പയറ്റുകയാണ് കോണ്‍ഗ്രസ്‌നേതൃത്വം. കര്‍ണ്ണാടകതിരഞ്ഞെടുപ്പു ഗോദയില്‍ പോരാടാനുറച്ചുതന്നെയാണ് ഇത്തവണ കോണ്‍ഗ്രസ് രംഗത്തുള്ളത്. വിജയത്തില്‍ കുറഞ്ഞൊന്നും കോണ്‍ഗ്രസ്‌ക്യാമ്പ് ചിന്തിക്കുന്നില്ല. പതിവുരീതികളെല്ലാം ഒഴിവാക്കി പുതുതന്ത്രങ്ങളാണ് കോണ്‍ഗ്രസ് ആവിഷ്‌കരിക്കുന്നത്. അഴിമതിയും ഭരണവിരുദ്ധവികാരവുമാണ് ബി.ജെ.പി. സര്‍ക്കാരിനെതിരായ കോണ്‍ഗ്രസിന്റെ തുറുപ്പുചീട്ട്. ബി.ജെ.പിക്കെതിരായ ജാതിസംഘടനകളുടെ നീക്കവും പ്രതീക്ഷയോടെയാണ് കോണ്‍ഗ്രസ് നേതൃത്വം കാണുന്നത്. കര്‍ണ്ണാടക പിടിച്ചാല്‍ അത് ദേശീയരാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവിനുള്ള പ്രതീക്ഷയ്ക്കു കരുത്തുപകരുമെന്നാണ് നേതൃത്വം കരുതുന്നത്. 

അതേസമയം, തിരഞ്ഞെടുപ്പുപ്രഖ്യാപനത്തിനു തൊട്ടുമുമ്പ് മുസ്ലീം ന്യൂനപക്ഷത്തിനു ലഭിച്ചിരുന്ന 4% സംവരണം റദ്ദാക്കിയ കര്‍ണാടകസര്‍ക്കാര്‍ നടപടി 
വോട്ടാക്കി മാറ്റാനാണ് ബി.ജെ.പി. ശ്രമം. മതന്യൂനപക്ഷവോട്ടുകള്‍ കോണ്‍ഗ്രസില്‍ കേന്ദ്രീ കരിക്കുമ്പോള്‍ ഭൂരിപക്ഷസമുദായത്തിന്റെ വോട്ട് ഏകീകരണമാണ് ബി.ജെ.പി. ലക്ഷ്യമിടുന്നത്. ഇതിലൂടെ ഭരണവിരുദ്ധവികാരത്തെ മറികടക്കാമെന്ന് ബിജെപി കരുതുന്നു. ശക്തമായ ത്രികോണമത്സരം നടക്കുന്ന കര്‍ണ്ണാടകയില്‍ ആര്‍ക്കും കേവലഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യമുണ്ടാകുമെന്നും അത് തങ്ങള്‍ക്കനുകൂലമാകുമെന്നുമാണ് ജെ.ഡി.എസ്. കരുതുന്നത്.   
കര്‍ണാടക - വൈവിധ്യങ്ങളുടെ ഭൂമിക
ഏഴു ഭാഷകള്‍ സംസാരിക്കുന്ന ഏറ്റവും വൈവിധ്യമാര്‍ന്ന സംസ്ഥാനങ്ങളിലൊന്നാണ് കര്‍ണാടക. കന്നഡകൂടാതെ തെലുങ്ക്, തമിഴ്, തുളു, മറാത്തി, കൊങ്കണി, ഹിന്ദി എന്നീ ഭാഷകളുമുണ്ട്
ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ പുനഃസംഘടിപ്പിച്ചപ്പോള്‍ പഴയ ബോംബെ പ്രസിഡന്‍സിയില്‍നിന്നു വേര്‍തിരിച്ചെടുത്ത ഭാഗങ്ങള്‍ ഉള്‍പ്പെടുന്ന ബോംബെ കര്‍ണാടക (50 നിയമസഭാ സീറ്റുകള്‍), മധ്യകര്‍ണാടക (28 സീറ്റുകള്‍), കര്‍ണാടകയില്‍  ഹിന്ദുത്വരാഷ്ട്രീയം ഏറ്റവുമധികം സ്വാധീനം ചെലുത്തുന്ന തീരദേശം (19 സീറ്റുകള്‍),  ഒരുകാലത്ത് ഹൈദരാബാദ് നാട്ടുരാജ്യത്തിന്റെ നിയന്ത്രണത്തിലായിരുന്ന ഗണ്യമായ തെലുങ്ക് സംസാരിക്കുന്ന ജനസംഖ്യ ഉള്‍ക്കൊള്ളുന്ന ഹൈദ്രബാദ് കര്‍ണാടക (40 സീറ്റുകള്‍), ഓള്‍ഡ് മൈസൂര്‍ (59 സീറ്റുകള്‍), ബാംഗ്ലൂര്‍ സിറ്റി (28 സീറ്റുകള്‍) എന്നിങ്ങനെയാണ് കര്‍ണാടകയുടെ ഭൂമിശാസ്ത്രപരമായ വിഭജനം. 
ജനസംഖ്യയില്‍ 17 ശതമാനം ലിംഗായത്തുകളാണ്. വൊക്കലിംഗസമുദായത്തിന് 15 ശതമാനം പങ്കാളിത്തമുണ്ട്. മറ്റിതര പിന്നാക്കവിഭാഗങ്ങള്‍ (ഒ.ബി.സി.) 35 ശതമാനമാണ്. പട്ടികജാതി, വര്‍ഗ വിഭാഗം 18 ശതമാനമുണ്ട്. മുസ്ലീംകള്‍ 12.9 ശതമാനവും ബ്രാഹ്‌മണര്‍ മൂന്നു ശതമാനവുമാണ്.
തിരഞ്ഞെടുപ്പു വിഷയങ്ങള്‍
ബിജെപിയില്‍നിന്നുണ്ടായ വ്യാപകമായ കൂറുമാറ്റങ്ങള്‍, ഭരണവിരുദ്ധവികാരം, അഴിമതി യാരോപണങ്ങള്‍, ജാതിരാഷ്ട്രീയം തുടങ്ങിയ നിരവധി ഘടകങ്ങള്‍ കര്‍ണാടകയില്‍ ബിജെപിയുടെ വോട്ടുബാങ്കിനെ സ്വാധീനിക്കുമെന്നാണു വിലയിരുത്തുന്നത്.
കര്‍ണാടക മുന്‍മുഖ്യമന്ത്രി ജഗദീഷ് ഷെട്ടറും മുന്‍ ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സവാദിയും സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് ബിജെപി വിട്ടതോടെ ലിംഗായത്തുകള്‍ക്കിടയില്‍ പാര്‍ട്ടിയോടുള്ള മനോഭാവം വലിയ രീതിയില്‍ പ്രതികൂലമാവുകയും ചെയ്തിട്ടുണ്ട്.
തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് മുസ്ലിം വിഭാഗത്തിനു നല്‍കിയിരുന്ന സംവരണം പിന്‍വലിക്കാനും അത് ലിംഗായത്ത് വൊക്കലിംഗ വിഭാഗങ്ങള്‍ക്കിടയില്‍ വിഭജിച്ചു നല്‍കാനുമുള്ള ബിജെപിയുടെ നീക്കം ഒരേസമയംതന്നെ പാര്‍ട്ടിക്യാമ്പില്‍ പ്രതീക്ഷകളും ആശങ്കകളും സൃഷ്ടിച്ചിട്ടുണ്ട്. സംവരണം ലഭിക്കാത്ത ഉപജാതികളില്‍നിന്നു വലിയ പ്രതിഷേധമാണ് ബിജെപി നേരിടുന്നത്. കൂടാതെ, ഗവണ്‍മെന്റ് പദ്ധതികളില്‍ 40% തുക കരാറുകാരില്‍നിന്നു കോഴയായി സര്‍ക്കാരിലെ ഉന്നതരുടെ കൈകളിലേക്കെത്തുന്നുവെന്ന് ആരോപണവും കര്‍ണാടകയെ പിടിച്ചുലച്ചിട്ടുണ്ട്. ഇന്ത്യയിലെ പ്രശസ്ത ബ്രാന്‍ഡുകളായ അമൂലിന്റെയും നന്ദിനിയുടെയും പേരില്‍ നടക്കുന്ന രാഷ്ട്രീയപ്പോരും തിരഞ്ഞെടുപ്പിന്റെ ചൂട് ഉയര്‍ത്തിയിട്ടുണ്ട്.
നിര്‍ണായകമാകുന്ന ജാതിരാഷ്ട്രീയം
കര്‍ണാടകത്തിലെ എല്ലാ തിരഞ്ഞെടുപ്പുകളിലും ജാതിസമുദായസമവാക്യങ്ങള്‍ നിര്‍ണായകമാണ്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ബിജെപിയോടൊപ്പം ഉറച്ചുനില്‍ക്കുന്ന കര്‍ണാടകയിലെ ജനസംഖ്യയുടെ 17 ശതമാനത്തോളം വരുന്ന  ലിംഗായത്തുകളെ ചുറ്റിപ്പറ്റിയാണ് ഇത്തവണത്തെ രാഷ്ടീയചര്‍ച്ചകള്‍ മുന്നേറുന്നത്. കഴിഞ്ഞ കുറച്ചു തിരഞ്ഞെടുപ്പുകളിലായി ലിംഗായത്തുകളാണ് കര്‍ണാടകയിലെ ബിജെപിയുടെ ശക്തി. എന്നാല്‍, ഇത്തവണ അതു നേരേ കോണ്‍ഗ്രസിലേക്ക് ഒഴുകുമോയെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. കര്‍ണാടകയിലെ 224 നിയമസഭാമണ്ഡലങ്ങളില്‍ 100 എണ്ണത്തിലെങ്കിലും ഈ സമുദായം ഫലത്തെ സ്വാധീനിക്കുമെന്നു കരുതപ്പെടുന്നു. 
2018 ലെ തിരഞ്ഞെടുപ്പില്‍ ലിംഗായത്തുകളെ പ്രത്യേക മതമായി അംഗീകരിക്കണമെന്ന അഭ്യര്‍ഥനയുമായി കോണ്‍ഗ്രസിന്റെ സിദ്ധരാമയ്യ സര്‍ക്കാര്‍ കേന്ദ്രത്തെ സമീപിച്ചതായിരുന്നു ചര്‍ച്ചാവിഷയമായതെങ്കില്‍ ഇത്തവണ പ്രമുഖ ലിംഗായത്ത് നേതാക്കള്‍ ബിജെപി വിട്ടതാണ് മുഖ്യ ചര്‍ച്ചാവിഷയം. ബിജെപിയുടെ പ്രമുഖ ലിംഗായത്ത് മുഖമായ മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍  പാര്‍ട്ടി ടിക്കറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് പാര്‍ട്ടിയില്‍നിന്നു രാജിവച്ചത് ബിജെപിക്ക് കനത്ത തിരിച്ചടിയായിട്ടുണ്ട്. രാഷ്ട്രീയസ്വയംസേവകസംഘത്തിലൂടെ വളരുകയും ആറു തവണ എംഎല്‍എയാവുകയും ചെയ്ത ജഗദീഷ് ഷെട്ടാര്‍  മുന്‍ കോണ്‍ഗ്രസ് ഭരണകാലത്ത് കര്‍ണാടകയിലെ പ്രതിപക്ഷനേതാവായിരുന്നു. മറ്റൊരു പ്രമുഖ ലിംഗായത്ത് നേതാവായ മുന്‍ ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സവാദിയും  ടിക്കറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് ബിജെപി വിട്ടു. കോണ്‍ഗ്രസ് ടിക്കറ്റിലാണ് അദ്ദേഹം ഇപ്പോള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. കൂടാതെ, ലിംഗായത്ത്  സമുദായത്തില്‍നിന്നുള്ള മുതിര്‍ന്ന നേതാവായ ബിഎസ് യെദ്യൂരപ്പയെ മുഖ്യമന്ത്രിസ്ഥാനത്തുനിന്നു മാറ്റി നിര്‍ത്തിയ ബിജെപി നേതൃത്വത്തിന്റെ തീരുമാനം സമുദായത്തെ ചൊടിപ്പിച്ചിരുന്നു. ഈ രാഷ്ട്രീയസാഹചര്യം മുതലെടുക്കുകയാണ് കോണ്‍ഗ്രസ്.
ലിംഗായത്തുസമുദായത്തിന്റെ ഉപവിഭാഗമായ പഞ്ചമസാലിവിഭാഗത്തിന് സംവരണം വേണമെന്ന ആവശ്യത്തില്‍ ബിജെപി സര്‍ക്കാര്‍ സ്വീകരിച്ച അനുകൂലമല്ലാത്ത നിലപാടും സമുദായത്തെ ചൊടിപ്പിച്ചിട്ടുണ്ട്. വടക്കന്‍ കര്‍ണാടകമേഖലയിലാണ് ലിംഗായത്ത് ശക്തികേന്ദ്രങ്ങള്‍. 
പഴയ മൈസൂര്‍ മേഖലയിലാണ് വൊക്കലിഗസമുദായം കേന്ദ്രീകരിച്ചിരിക്കുന്നത്. പരമ്പരാഗതമായി ജെഡിഎസിന്റെ വോട്ടുബാങ്കാണിവര്‍. ഉഡുപ്പി, മംഗലാപുരം ഉള്‍പ്പെടുന്ന തീരദേശമേഖലയില്‍ ന്യൂനപക്ഷസമുദായങ്ങളും, കല്യാണകര്‍ണാടക എന്നറിയപ്പെടുന്ന ഹൈദ്രാബാദ് കര്‍ണാടകമേഖലയില്‍ പട്ടികജാതിവിഭാഗങ്ങളും നിര്‍ണായകശക്തിയാണ്. പരമ്പരാഗതമായി ഈ വിഭാഗങ്ങള്‍ കോണ്‍ഗ്രസിനോട് ആഭിമുഖ്യം പുലര്‍ത്തുന്നു. അഹിന്ദവോട്ടുകളാണ് (ന്യൂനപക്ഷങ്ങള്‍, പിന്നാക്കവിഭാഗങ്ങള്‍, ദലിതുകള്‍ എന്നിവയുടെ കന്നഡ ചുരുക്കപ്പേരാണ്) എല്ലാക്കാലവും കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ ശക്തി. ഇത്തവണ അഹിന്ദവോട്ടുകള്‍ക്കൊപ്പം ലിംഗായത്ത് വോട്ടുകളും സമാഹരിക്കുന്നതിനുള്ള തീവ്രശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നത്. അതോടൊപ്പം, വൊക്കലിംഗവിഭാഗത്തില്‍നിന്നുള്ള കെപിസിസി പ്രസിഡന്റ് ഡി കെ ശിവകുമാറിന്റെ സ്വാധീനം ആ സമുദായത്തിലും ചലനങ്ങള്‍ സൃഷ്ടിക്കുമെന്ന് കോണ്‍ഗ്രസ് കരുതുന്നു. പാര്‍ട്ടിയുടെ ദേശീയ പ്രസിഡണ്ടായ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് കര്‍ണാടകയിലെ പിന്നാക്കവിഭാഗങ്ങള്‍ക്കിടയിലുള്ള സ്വീകാര്യത ഇത്തവണ കോണ്‍ഗ്രസിന് അനുകൂലമാകുമെന്നും രാഷ്ട്രീയനിരീക്ഷകര്‍ കരുതുന്നു.
അമുല്‍ - നന്ദിനി പോരും നിര്‍ണായകം
കര്‍ണാടകയില്‍ പാലുത്പന്നങ്ങള്‍ വില്‍ക്കുമെന്ന അമൂലിന്റെ പ്രഖ്യാപനവും കര്‍ണാടകയിലെ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുന്നുണ്ട്. കര്‍ണാടക മില്‍ക്ക് ഫെഡറേഷന്റെ നന്ദിനിയെ തകര്‍ക്കാനുള്ള ബിജെപിയുടെയും ഗുജറാത്ത് ലോബിയുടെയും നീക്കമാണിതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. എന്നാല്‍, കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുകയാണെന്നാണ് ബി.ജെ.പി പറയുന്നത്. 
കോണ്‍ഗ്രസ്‌നേതാക്കള്‍ അമൂലിനെതിരേ ശക്തമായ പ്രചാരണം ആരംഭിച്ചിരിക്കുകയാണ്. കര്‍ഷകര്‍ അവരുടെ പ്രയത്‌നത്താല്‍ പടുത്തുയര്‍ത്തിയ കര്‍ണാടകയുടെ സ്വന്തം 'നന്ദിനി' ബ്രാന്‍ഡിനെ തകര്‍ക്കാനാണ് കേന്ദ്രസര്‍ക്കാരിനെ കൂട്ടുപിടിച്ച് ബൊമ്മെ സര്‍ക്കാരിന്റെ ശ്രമമെന്ന് കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നു. കര്‍ഷകതാത്പര്യം ഹനിച്ചുള്ള സര്‍ക്കാര്‍നീക്കം തിരഞ്ഞെടുപ്പുവിഷയമാക്കാനാണ് കോണ്‍ഗ്രസിന്റെയും ജെഡിഎസിന്റെയും നീക്കം. സംസ്ഥാനത്ത് കൃത്രിമപാല്‍ദൗര്‍ലഭ്യം സൃഷ്ടിച്ച് അമൂലിനെ വരവേല്‍ക്കാനുള്ള നീക്കം മാസങ്ങള്‍ക്കുമുമ്പേ തുടങ്ങിയതായാണ് പ്രതിപക്ഷ ആരോപണം. നന്ദിനിയും അമൂലും സംയുക്തമായി പ്രവര്‍ത്തിച്ച് സംസ്ഥാനത്തെ ഗ്രാമങ്ങളിലുടനീളം പാല്‍വിതരണകേന്ദ്രങ്ങള്‍ നടത്തുമെന്ന കേന്ദ്രമന്ത്രി അമിത്ഷായുടെ പ്രഖ്യാപനം സംശയത്തോടെയാണ് കോണ്‍ഗ്രസും ജെഡിഎസും കാണുന്നത്. 
2024 ലെ പൊതുതിരഞ്ഞെടുപ്പിന്റെ സൂചനകള്‍ കര്‍ണാടക നല്‍കും
കര്‍ണാടക നിയമസഭാതിരഞ്ഞെടുപ്പില്‍ നിരവധി വിഷയങ്ങള്‍ ചര്‍ച്ചയാകുന്നുണ്ടെങ്കിലും തിരഞ്ഞെടുപ്പു രംഗം ചൂടുപിടിക്കുമ്പോള്‍ വ്യക്തമാകുന്നത് ജാതിഘടകങ്ങളുടെ സ്വാധീനംതന്നെയാണ്.  ഈ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാവുക ലിംഗായത്തുവോട്ടുകളുടെ ചലനമായിരിക്കും. പരമ്പരാഗതമായ ലിംഗായത്തുകള്‍ ബിജെപിക്കൊപ്പം ഇത്തവണയും നിന്നാല്‍ തെരഞ്ഞെടുപ്പിനുശേഷം ഒരു തൂക്കുസഭ ഉണ്ടാവുകയും ജെഡിഎസിന്റെ പങ്കാളിത്തത്തോടെ ബിജെപി സര്‍ക്കാരിനുള്ള സാധ്യത ഉണ്ടാവുകയും ചെയ്യും. എന്നാല്‍, ലിംഗായത്തുവോട്ടുകളില്‍ മൂന്നിലൊന്നെങ്കിലും കോണ്‍ഗ്രസിലേക്കു മാറിയാല്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ പാര്‍ട്ടി അധികാരത്തിലേറും. അതോടൊപ്പം ജെഡിഎസിന്റെ തട്ടകമായ ഓള്‍ഡ് മൈസൂറില്‍ പാര്‍ട്ടിക്കു ക്ഷീണം ഉണ്ടായാല്‍ അതിന്റെ ഗുണം കോണ്‍ഗ്രസിനോ ബിജെപിക്കോ എന്നതും തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാണ്. കൂടാതെ, ആം ആദ്മി പാര്‍ട്ടിയുടെ സാന്നിധ്യം എന്തു സ്വാധീനമാണ് തിരഞ്ഞെടുപ്പില്‍ ചെലുത്തുക എന്നതും വോട്ടെണ്ണുമ്പോള്‍മാത്രമേ വ്യക്തമാവുകയുള്ളൂ. ഏതായാലും 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായിയുള്ള സൂചനകള്‍ ആയിരിക്കും കര്‍ണാടകനിയമസഭാ തിരഞ്ഞെടുപ്പുഫലം നല്‍കുക.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)