•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ഒരു കപ്പല്‍ച്ചേതത്തിന്റെ ഓര്‍മയ്ക്ക്

ടൈറ്റാനിക് ദുരന്തത്തിന് 111 വയസ്സ്

ഒരിക്കലും തകരുകയില്ലെന്നു വീമ്പിളക്കി നിര്‍മിക്കപ്പെട്ട ''ആര്‍എംഎസ് ടൈറ്റാനിക്'' എന്ന വമ്പന്‍ ഉല്ലാസക്കപ്പല്‍ അതിന്റെ കന്നിയാത്രയില്‍ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ മുങ്ങിത്താഴ്ന്നിട്ട് ഏപ്രില്‍ 15-ാം തീയതി 111 വര്‍ഷം പൂര്‍ത്തിയായി.
1912 ഏപ്രില്‍ 14-ാം തീയതി  അര്‍ദ്ധരാത്രിയോടടുത്ത് 11.40 നായിരുന്നു ലോകത്തെ നടുക്കിയ ആ ദുരന്തത്തിന്റെ തുടക്കം. ചന്ദ്രനോ നക്ഷത്രങ്ങളോ വെളിച്ചം നല്കാതിരുന്ന അര്‍ദ്ധരാത്രിയിലെ കൂരിരുട്ടില്‍ കപ്പലിന്റെ വലതുഭാഗത്തു വന്നിടിച്ച ഒരു ഭീമന്‍ മഞ്ഞുമലയാണ് ടൈറ്റാനിക്കിനെ തകര്‍ത്തത്. ഉത്തരധ്രുവത്തോടടുത്തുകിടക്കുന്ന ഗ്രീന്‍ലാന്റില്‍നിന്നു വേര്‍പെട്ട് തെക്കോട്ടൊഴുകിനീങ്ങിയിരുന്ന ഈ  മഞ്ഞുമലയ്ക്ക് 3,000 വര്‍ഷത്തെ പഴക്കവും 300 അടിയോളം ഉയരവും ഉണ്ടായിരുന്നുവെന്നു പിന്നീടു കണ്ടെത്തി.
ഏറ്റവും വലിയ യാത്രക്കപ്പല്‍
അക്കാലത്തു നീറ്റിലിറക്കപ്പെട്ട ഏറ്റവും വലിയ യാത്രക്കപ്പലായിരുന്നു ടൈറ്റാനിക്. നിര്‍മാണം തുടങ്ങുന്നതിന് ഒരുവര്‍ഷം മുമ്പേതന്നെ 'ടൈറ്റാനിക്' എന്ന പേര്‍ നിശ്ചയിച്ചിരുന്നു. 'ടൈറ്റാനിക്' എന്ന വാക്കിന്റെയര്‍ഥം 'അസാമാന്യ വലുപ്പവും ശക്തിയുമുള്ള വസ്തു' എന്നായിരുന്നു. യവനേതിഹാസങ്ങളിലെ ശക്തരായ ദേവന്മാരെ 'ടൈറ്റാനിക്' എന്ന പദംകൊണ്ടു വിശേഷിപ്പിച്ചിരുന്നു.
മൂവായിരത്തിലധികം ജോലിക്കാര്‍ രണ്ടു വര്‍ഷത്തിലേറെക്കാലം രാവും പകലും അധ്വാനിച്ചാണ് കപ്പലിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. 'വൈറ്റ് സ്റ്റാര്‍ ലൈന്‍' എന്ന കപ്പലുടമകള്‍ക്കുവേണ്ടി ഹാര്‍ലന്റ് ആന്‍ഡ് വുള്‍ഫ് എന്ന നിര്‍മാണക്കമ്പനിയാണ് 1909 മാര്‍ച്ച് 31-ാം തീയതി ഐര്‍ലന്റിലെ ബെല്‍ഫാസ്റ്റ് തുറമുഖത്ത് ടൈറ്റാനിക്കിന്റെ നിര്‍മാണത്തിനു തുടക്കമിട്ടത്. ഹാര്‍ലന്റ് ആന്‍ഡ് വുള്‍ഫിലെ ചീഫ് ഡിസൈനര്‍, യുവാവായ തോമസ് ആന്‍ഡ്രൂസ് നിര്‍മാണച്ചുമതല നിര്‍വഹിച്ചു. ''മനുഷ്യന്റെ മസ്തിഷ്‌കത്തിനു സാധിക്കാവുന്നിടത്തോളം മികച്ച കപ്പലായിരിക്കും ടൈറ്റാനിക്'' എന്ന് അദ്ദേഹം അവകാശപ്പെടുകയും ചെയ്തു.
ഒരിഞ്ചു ഘനമുള്ള ഉരുക്കുപാളികളും 20 ലക്ഷത്തോളം ഇരുമ്പുചട്ടകളും നെടുകെയും കുറുകെയും കെട്ടി ബലപ്പെടുത്തിയ കപ്പലിന്റെ പുറംഭിത്തി എത്ര വലിയ ആഘാതത്തെയും ചെറുക്കുമെന്നു കരുതപ്പെട്ടിരുന്നു. 16 വാട്ടര്‍ടൈറ്റ് കംപാര്‍ട്ടുമെന്റുകള്‍ ടൈറ്റാനിക്കിന്റെമാത്രം പ്രത്യേകതയായിരുന്നു. ഒന്നാംക്ലാസ് യാത്രികര്‍ക്കായി അത്യന്താധുനികസൗകര്യങ്ങളോടുകൂടിയ വിശാലമായ ഊണുമുറി, ബ്യൂട്ടി സലൂണ്‍, സ്വിമ്മിങ് പൂള്‍, സ്‌ക്വാഷ് കളിക്കുന്നതിനുള്ള സൗകര്യങ്ങള്‍, കൂടാതെ, നാലു  ലിഫ്റ്റുകളും കപ്പലില്‍ സജ്ജീകരിച്ചിരുന്നു. ഊണുമുറിയോടു ചേര്‍ന്നുള്ള അലമാരകളില്‍ 15,000 ബിയര്‍കുപ്പികള്‍, 1,000 വീഞ്ഞുകുപ്പികള്‍, 850 മദ്യക്കുപ്പികള്‍ എന്നിവയും പുകവലിക്കാര്‍ക്കുവേണ്ടി 8,000 ചുരുട്ടുകളും ശേഖരിച്ചുവച്ചു. നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ കപ്പലിന്റെ നീളം 882.50 അടിയും വീതി 92.50 അടിയും അടിത്തട്ടില്‍നിന്ന് പുകക്കുഴലുകളുടെ മുകളറ്റംവരെ ഉയരം 175 അടിയുമായിരുന്നു. ഇത്, ഇപ്പോഴത്തെ ഒരു 17 നിലക്കെട്ടിടത്തിന്റെ ഉയരത്തിനു തുല്യമാണ്. ജലനിരപ്പില്‍നിന്നു കപ്പലിന്റെ അടിത്തട്ടിലേക്ക് 60 അടി ആഴമുണ്ടായിരുന്നു. 46,328 ടണ്‍ കേവുഭാരമുണ്ടായിരുന്ന ടൈറ്റാനിക്കിനുവേണ്ടി വൈറ്റ് സ്റ്റാര്‍ ലൈന്‍ 75 ലക്ഷം ഡോളറാണു ചെലവഴിച്ചത്. ഈ തുക അക്കാലത്തെ ഏറ്റവും വലിയ മുതല്‍മുടക്കാണ്. കപ്പലുടമകളുടെ സ്വകാര്യാഹങ്കാരമായി  പുകഴ്ത്തപ്പെട്ട ടൈറ്റാനിക്കിനെ 1911 മേയ് 31 ാം തീയതി വെള്ളത്തിലിറക്കി. 20 ലൈഫ് ബോട്ടുകളുമായി കടലിലിറക്കിയ ടൈറ്റാനിക് എന്ന മഹായാനം അറ്റ്‌ലാന്റിക്കിനു കുറുകെയുള്ള ദിവസങ്ങള്‍ നീളുന്ന അവളുടെ കന്നിയാത്രയ്‌ക്കൊരുങ്ങി.  ഇന്ധനാവശ്യത്തിന് ഒരു ദിവസം 690 ടണ്‍ കല്‍ക്കരി വേണ്ടിയിരുന്നതിനാല്‍ 5,892 ടണ്‍ കല്‍ക്കരിയും കപ്പലില്‍ നിറച്ചു.
ആദ്യത്തെയും അവസാനത്തെയും യാത്ര
ഇംഗ്ലണ്ടിലെ സതാംപ്ടണ്‍ തുറമുഖത്തുനിന്ന് 1912 ഏപ്രില്‍ 10-ാം തീയതി അര്‍ദ്ധരാത്രി 12 മണിക്കായിരുന്നു ടൈറ്റാനിക്കിന്റെ കന്നിയാത്ര. ന്യൂയോര്‍ക്കിലേക്കു പുറപ്പെടുംമുമ്പ് ഫ്രാന്‍സിലെ ചെര്‍ബര്‍ഗ് തുറമുഖത്തേക്കും ഐര്‍ലണ്ടിലെ ക്വീന്‍സ് ടൗണിലേക്കുമാണ് ആദ്യം പോയത്. ന്യൂയോര്‍ക്കിലേക്കു ടിക്കറ്റെടുത്ത ഏതാനും യാത്രക്കാര്‍ രണ്ടിടങ്ങളിലുമുണ്ടായിരുന്നു. ക്വീന്‍സ് ടൗണില്‍നിന്നായിരുന്നു ന്യൂയോര്‍ക്കിലേക്കുള്ള യാത്ര. ലോകത്തെ ഏറ്റവും വലിയ ആഡംബരക്കപ്പലില്‍ യാത്രചെയ്യാന്‍ കിട്ടിയ ഭാഗ്യത്തെയോര്‍ത്തു സന്തോഷിച്ച യാത്രക്കാര്‍ ചീട്ടുകളിച്ചും പുക വലിച്ചും മദ്യപിച്ചും നൃത്തം  ചവിട്ടിയും ആഹ്ലാദം പങ്കുവച്ചു. ഏപ്രില്‍ 11-ാം തീയതി നേരംപുലര്‍ന്നപ്പോഴേക്കും ടൈറ്റാനിക്കിന്റെ വേഗം 42 നോട്ടിക്കല്‍ മൈലായി വര്‍ധിപ്പിക്കാന്‍ ക്യാപ്റ്റന്‍ എഡ്വേര്‍ഡ് സ്മിത്ത് ഉത്തരവിട്ടു. ഏപ്രില്‍ 14-ാം  തീയതി ഞായറാഴ്ചയിലെ പ്രാര്‍ഥനകള്‍ക്കു നേതൃത്വം നല്‍കിയത് സ്മിത് തന്നെയായിരുന്നു. ഒളിമ്പിക് എന്ന കപ്പലില്‍ കപ്പിത്താനായിരുന്ന 62 കാരന്‍ എഡ്വേര്‍ഡ് സ്മിത്, ടൈറ്റാനിക്കിന്റെ ന്യൂയോര്‍ക്ക് യാത്രയ്ക്കുശേഷം വിരമിക്കാനിരുന്ന വ്യക്തിയാണ്. 19 കിലോമീറ്റര്‍ അകലെ സഞ്ചരിക്കുകയായിരുന്ന 'കാലിഫോര്‍ണിയ' എന്ന യാത്രക്കപ്പലില്‍നിന്ന് ഏപ്രില്‍ 14-ാം തീയതി വൈകുന്നേരം 7.30 ന് ക്യാപ്റ്റന്‍ സ്മിത്തിന് ഇപ്രകാരമൊരു സന്ദേശമെത്തി: ''ഇവിടെ ഞങ്ങള്‍ മഞ്ഞുപാളികള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. നിങ്ങളുടെ കപ്പല്‍പ്പാതയില്‍ 5 കിലോമീറ്റര്‍ തെക്കുഭാഗത്തായി മൂന്നു മഞ്ഞുമലകള്‍ ഒഴുകിനടക്കുന്നുണ്ട്.''
വയര്‍ലെസ് മെസേജുകള്‍ തുടര്‍ന്നും വരുന്നുണ്ടായിരുന്നെങ്കിലും പലതും ക്യാപ്റ്റന്‍ സ്മിത്തിന്റെ അടുക്കല്‍ എത്തിയിരുന്നില്ലെന്നും പറയപ്പെടുന്നുണ്ട്. 14-ാം തീയതി രാത്രി 10.30 ഓടെ അന്തരീക്ഷതാപനില മൈനസ് 2 ഡിഗ്രിയിലേക്കു താണു. തടാകംപോലെ ശാന്തമായ സമുദ്രത്തില്‍നിന്ന് ഒരു പ്രത്യേകഗന്ധം അന്തരീക്ഷത്തില്‍ വ്യാപിക്കുന്നതായി പലര്‍ക്കും അനുഭവപ്പെടുന്നുണ്ടായിരുന്നു. അത്താഴത്തിനുശേഷം ഉറങ്ങാന്‍ മുറികളിലേക്കു പോയവര്‍ ഗാഢനിദ്രയിലുമായി. രാത്രി 11.40. മഞ്ഞുമലകളെ നിരീക്ഷിക്കാന്‍ മുകള്‍ത്തട്ടില്‍ നിറുത്തിയിരുന്ന രണ്ടുപേര്‍ അപായസൂചന നല്‍കിയെങ്കിലും വളരെ വൈകിപ്പോയിരുന്നു. ഇടിവെട്ടുന്നപോലെ ഒരു ശബ്ദം പലരും കേട്ടു. തണുത്തുറഞ്ഞ സമുദ്രജലത്തെ കീറിമുറിച്ചുകൊണ്ട് കുറ്റാക്കൂരിരുട്ടിലും പരമാവധി വേഗത്തില്‍ പായുകയായിരുന്ന ടൈറ്റാനിക്, ഭീമാകാരമായ ഒരു മഞ്ഞുമലയില്‍ ഉരസി നീങ്ങുന്ന ശബ്ദമായിരുന്നു അത്. കപ്പലിന്റെ  വലതുവശത്തു വന്നിടിച്ച മഞ്ഞുമല 300 അടി നീളമുള്ള ഒരു വിള്ളലും സൃഷ്ടിച്ചാണു കടന്നുപോയത്. തകര്‍ന്നടിഞ്ഞ 16 വാട്ടര്‍ടൈറ്റ് അറകളിലേക്കും സമുദ്രജലം ഇരച്ചുകയറി. വെള്ളത്തിലേക്കു തെറിച്ചുവീണ പലരും അതിശൈത്യംകൊണ്ട് 15 മിനിറ്റിനകം മരിച്ചു. ലൈഫ് ബോട്ടുകളിറക്കാനുള്ള ക്യാപ്റ്റന്റെ ഉത്തരവു ലഭിച്ചതോടെ അവയില്‍ കയറിപ്പറ്റാനുള്ള തത്രപ്പാടായിരുന്നു. സ്ത്രീകളെയും കുഞ്ഞുങ്ങളെയും ഏതാനും ലൈഫ് ബോട്ടുകളില്‍ കയറ്റി. ആകെയുണ്ടായിരുന്ന 20 ലൈഫ് ബോട്ടുകളിലായി 1,178 പേര്‍ക്കുള്ള സ്ഥലമേ ഉണ്ടായിരുന്നുള്ളൂ. എസ് ഒ എസ് (ടമ്‌ല ഛൗൃ ടീൗഹ)െ എന്ന് അടിയന്തരസന്ദേശം പലയിടത്തേക്കും അയച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഏറ്റവും അടുത്തുകിടന്ന 'കാലിഫോര്‍ണിയ' 4 മണിയോടടുത്ത് എത്തുമ്പോഴേക്കും 2,228 യാത്രക്കാരില്‍ 1,517 പേരും 899 ജീവനക്കാരില്‍ 706 പേരും മരണമടഞ്ഞിരുന്നു. കാനഡയിലെ ന്യൂഫൗണ്ട്‌ലാന്‍ഡിന് 400 മൈല്‍ അടുത്തുവരെ എത്തിയപ്പോഴായിരുന്നു അപകടം. രണ്ടായി പിളര്‍ന്നുപോയ ടൈറ്റാനിക് എന്ന മഹാദ്ഭുതം ഏപ്രില്‍ 15-ാം തീയതി അര്‍ദ്ധരാത്രിക്കുശേഷം 2.20 ന് അറ്റ്‌ലാന്റിക് സമുദ്രത്തിലേക്കു തലകുത്തനെ താഴ്ന്നു. ക്യാപ്റ്റന്‍ എഡ്വേര്‍ഡ് സ്മിത്, ടൈറ്റാനിക്കിന്റെ ചീഫ് ഡിസൈനര്‍ തോമസ് ആന്‍ഡ്രൂസ്, അഞ്ചംഗ ഗായകസംഘം എന്നിവരുടെയും ജീവന്‍ അറ്റ്‌ലാന്റിക് എടുത്തു. 
ദുരന്തം നടന്ന സ്ഥലം എവിടെയാണെന്നു കൃത്യമായി അറിയാന്‍ കഴിയാതെപോയതിനാല്‍ കപ്പലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ 73 വര്‍ഷമെടുത്തു. 1985 സെപ്റ്റംബര്‍ 1-ാം തീയതി ഒരു ഫ്രഞ്ച് - അമേരിക്കന്‍ എക്‌സ്‌പെഡിഷന്‍ ടീം സമുദ്രഗവേഷകനായ റോബര്‍ട്ട് ബെല്ലാര്‍ഡിന്റെ നേതൃത്വത്തില്‍ ടൈറ്റാനിക്കിന്റെ തകര്‍ന്ന ഭാഗങ്ങള്‍ അറ്റ്‌ലാന്റിക്കിന്റെ മടിത്തട്ടില്‍ 12,500 അടി താഴ്ചയില്‍ കണ്ടെത്തി. രണ്ടു ഭാഗങ്ങളും തമ്മില്‍ 2,000 അടി അകലത്തിലാണു കിടക്കുന്നത്. കാലപ്പഴക്കംകൊണ്ടും ഉപ്പുവെള്ളത്തിന്റെ പ്രതിപ്രവര്‍ത്തനംമൂലവും കപ്പല്‍ഭാഗങ്ങള്‍ വീണ്ടെടുക്കാനാവാത്തവിധം നശിച്ചുപോയിരുന്നു.
ജാക്കും റോസും
ലോകംകണ്ട ഏറ്റവും വലിയ കപ്പല്‍ദുരന്തത്തിന്റെ ചരിത്രത്തോടൊപ്പം അല്പം കഥയും കൂട്ടിച്ചേര്‍ത്ത് 1997 ല്‍ ഹോളിവുഡ് സംവിധായകന്‍ ജയിംസ് കാമറൂണ്‍ പുറത്തിറക്കിയ 'ടൈറ്റാനിക്' എന്ന സിനിമയിലെ പ്രണയജോഡികളായ ജാക്കിന്റെയും റോസിന്റെയും കഥ അമേരിക്കന്‍ എഴുത്തുകാരിയായ ബിയാട്രിസ് വുഡില്‍നിന്നു  പ്രചോദനം ഉള്‍ക്കൊണ്ടു രൂപപ്പെടുത്തിയതാണ്. പ്രണയജോഡികളായി ലിയനാര്‍ഡോ ഡി കാപ്രിയോയും കേറ്റ് വിന്‍സെന്റും അഭിനയിച്ചു. മികച്ച ചിത്രം, മികച്ച തിരക്കഥ, മികച്ച സംവിധായകന്‍, ഏറ്റവും നല്ല ഛായാഗ്രഹണം, മികച്ച ദൃശ്യാവിഷ്‌കാരം തുടങ്ങി 11 ഓസ്‌കര്‍ അവാര്‍ഡുകളാണ് 'ടൈറ്റാനിക്' എന്ന ചലച്ചിത്രം നേടിയെടുത്തത്. അക്കാലത്തെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് ചിത്രമായി വിശേഷിപ്പിക്കപ്പെട്ട 'ടൈറ്റാനിക്' 200 കോടി യുഎസ് ഡോളര്‍ വാരിക്കൂട്ടി ചരിത്രം സൃഷ്ടിച്ച ചലച്ചിത്രമാണ്.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)