ഭൂമിയുടെ ഭ്രമണപഥത്തിലേക്കും ചന്ദ്രനിലേക്കും ചൊവ്വയിലേക്കും അതിനപ്പുറത്തേക്കും ജീവനക്കാരെയും ചരക്കും സുഗമമായി കൊണ്ടുപോകാനും ഭൂമിയിലെ പോയിന്റ്-റ്റു-പോയിന്റ് ഗതാഗതം, അതായത്, ലോകത്തെവിടെയും ഒരു മണിക്കൂറോ അതില്‍ക്കുറവോ ദൈര്‍ഘ്യത്തില്‍ സഞ്ചാരം സാധ്യമാക്കാനുമായി രൂപകല്പന ചെയ്തിരിക്കുന്ന പൂര്‍ണമായും പുനരുപയോഗിക്കാവുന്ന ഈ ഗതാഗതസംവിധാനത്തില്‍ സൂപ്പര്‍ ഹെവി റോക്കറ്റും അതിനുമുകളിലായി സ്റ്റാര്‍ഷിപ്പ് എന്ന ബഹിരാകാശപേടകവും ഉള്‍പ്പെടുന്നു.
ലോകചരിത്രത്തില്‍ നിര്‍മിക്കപ്പെട്ടിട്ടുള്ളതില്‍വച്ച് ഏറ്റവും ശക്തവും കരുത്തുറ്റതും ഉയരംകൂടിയതുമായ സ്റ്റാര്‍ഷിപ്പ് റോക്കറ്റ് അദ്ഭുതങ്ങളുടെ മായാപ്രപഞ്ചം സൃഷ്ടിച്ചുകൊണ്ട് ചക്രവാളങ്ങള്‍ കീഴടക്കാനായി അമേരിക്കയിലെ ടെക്‌സസിലുള്ള വിക്ഷേപണത്തറയില്‍ തലയുയര്‍ത്തി നില്ക്കുകയാണ്. അമേരിക്കന്‍ സംരംഭകനായ എലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സ് കമ്പനി വികസിപ്പിച്ചെടുത്ത, നിലവിലെ ബഹിരാകാശയാത്രയുടെ അതിര്‍വരമ്പുകളെ ഛിന്നഭിന്നമാക്കുന്ന ഈ പുതിയ വാഹനത്തിന്റെ ദീര്‍ഘകാലമായി കാത്തിരുന്ന കന്നിവിക്ഷേപണത്തിന് യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ച അനുമതി നല്കി. ഭൂമിയുടെ ഭ്രമണപഥത്തിലേക്കും ചന്ദ്രനിലേക്കും ചൊവ്വയിലേക്കും അതിനപ്പുറത്തേക്കും ജീവനക്കാരെയും ചരക്കും സുഗമമായി കൊണ്ടുപോകാനും ഭൂമിയിലെ പോയിന്റ്- റ്റു-പോയിന്റ് ഗതാഗതം, അതായത്, ലോകത്തെവിടെയും ഒരു മണിക്കൂറോ അതില്‍ക്കുറവോ ദൈര്‍ഘ്യത്തില്‍ സഞ്ചാരം സാധ്യമാക്കാനുമായി രൂപകല്പന ചെയ്തിരിക്കുന്ന പൂര്‍ണമായും പുനരുപയോഗിക്കാവുന്ന ഈ ഗതാഗതസംവിധാനത്തില്‍ സൂപ്പര്‍ ഹെവി റോക്കറ്റും അതിനുമുകളിലായി സ്റ്റാര്‍ഷിപ്പ് എന്ന ബഹിരാകാശപേടകവും ഉള്‍പ്പെടുന്നു. നാസയുടെ സ്വന്തം ബഹിരാകാശവാഹനത്തെക്കാള്‍ രണ്ടുമടങ്ങ് ശക്തമായി രൂപകല്പന ചെയ്ത സ്റ്റാര്‍ഷിപ്പ് സാധാരണമനുഷ്യര്‍ക്ക് ഗ്രഹാന്തരയാത്രയുടെ ഒരു യുഗം സാധ്യമാക്കുന്ന നിര്‍ണായകനാഴികക്കല്ലായി മാറിയേക്കുമെന്ന് മസ്‌ക് ഉറച്ചുവിശ്വസിക്കുമ്പോഴും ഒരു വിജയകരമായ അരങ്ങേറ്റപ്പറക്കല്‍ ഭൂമിയിലെ ഏറ്റവും ശക്തമായ വിക്ഷേപണവാഹനമായി ഈ റോക്കറ്റ്‌സമുച്ചയത്തെ തല്‍ക്ഷണം റാങ്കു ചെയ്യും.
സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയെക്കാള്‍ ഉയരത്തില്‍ ഏകദേശം 120 മീറ്ററില്‍ അംബരചുംബിയായി വിഹരിക്കുന്ന സ്റ്റാര്‍ഷിപ്പ് തിളങ്ങുന്ന സ്റ്റെയിന്‍ലസ് സ്റ്റീല്‍കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. ഓരോ അണുവിന്റെ ഭാരവും പ്രാധാന്യമുള്ളതായി കണക്കാക്കപ്പെടുന്ന ഒരു ബിസിനസ് പ്രകിയയില്‍ നൂതനവും സമൃദ്ധവും ഭാരവും വിലയും കുറഞ്ഞതുമായ സംയുക്തങ്ങളില്‍നിന്ന് അസാധാരണമായ ഒരു തിരഞ്ഞെടുപ്പിലൂടെ അവിശ്വസനീയമായവിധം കഠിനമായ ഉരുക്കിനെ റോക്കറ്റിനായി ഉപയോഗപ്പെടുത്താമെന്നു കണ്ടുപിടിക്കപ്പെട്ടു. റാപ്റ്ററുകള്‍ എന്നു വിളിക്കപ്പെടുന്ന 33 കരുത്തുറ്റ എഞ്ചിനുകള്‍ ഊര്‍ജം പകരുന്ന റോക്കറ്റിന്റെ പ്രധാന ഇന്ധനം പാരമ്പര്യേതര മീഥെയ്‌നായതിനാല്‍ ചൊവ്വയിലും മറ്റും കാണപ്പെടുന്ന മീഥെയ്‌നും ഭാവിയില്‍ സഹായകമായേക്കാമെന്ന കണക്കുകൂട്ടലും ശാസ്ത്രലോകത്തിനുണ്ട്. ഇതുകൂടാതെ ബഹിരാകാശപേടകം പറക്കുന്നതിനായി ആറു റാപ്റ്ററുകള്‍ വേണം. ഇത്രയും സങ്കീര്‍ണവും വലുതുമായ റോക്കറ്റ് എഞ്ചിനുകള്‍ ഒരേ സമയം തൊടുത്തുവിടുന്നത് യഥാര്‍ഥത്തില്‍ ബുദ്ധിമുട്ടേറിയതും വെല്ലുവിളികള്‍ നിറഞ്ഞതുമാണ്.
ഒടുവില്‍ ഒരുനാള്‍ സൂര്യന്‍ വികസിക്കുകയും എല്ലാ ജീവജാലങ്ങളെയും നശിപ്പിക്കുകയും ചെയ്യുന്ന ഘട്ടത്തില്‍ ബഹിരാകാശയാത്ര, നാഗരികത അഭ്യസിച്ച ഒരു ബഹുഗ്രഹസ്പീഷിസ് (വിവിധ ഗ്രഹങ്ങളില്‍ ജീവിക്കാനുള്ള ശേഷി) ആകുക എന്ന ബദല്‍ സംവിധാനം ദീര്‍ഘകാലാടിസ്ഥാനത്തില്‍ അത്യാവശ്യമായി വന്നേക്കാമെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു. ഇതിലേക്കുള്ള നിര്‍ണായക ചുവടുവയ്പാണ് കുറഞ്ഞ നിരക്കില്‍ നൂറുപേരെ വഹിക്കാവുന്ന, 150 മെട്രിക് ടണ്‍ വാഹകശേഷിയുള്ള, ലക്ഷ്യസ്ഥാനത്ത് എത്തിയശേഷം ഭൂമിയുടെ അന്തരീക്ഷത്തിലേക്കു വീണ്ടും പറന്ന് വിക്ഷേപണസ്ഥലത്തു തിരികെയെത്തുന്ന സ്റ്റാര്‍ഷിപ്പ്. ദ്രുതഗതിയിലുള്ള പുനരുപയോഗം അര്‍ഥമാക്കുന്നത് ബഹിരാകാശത്തുനിന്നു മടങ്ങിയെത്തിയശേഷം ഒരു വിമാനത്തിലെന്നപോലെ സ്റ്റാര്‍ഷിപ്പില്‍ ഇന്ധനം നിറയ്ക്കുകയും കുറഞ്ഞ സമയത്തിനുള്ളില്‍ വീണ്ടും വിക്ഷേപിക്കുകയും ചെയ്യാമെന്നുള്ളതാണ്.
നിലവിലെ സാമ്പത്തിക അന്തരീക്ഷത്തില്‍ ഒരുപക്ഷേ, വിക്ഷേപണം പരാജയപ്പടുകയും സ്റ്റാര്‍ഷിപ്പ് ഷെഡ്യൂളില്‍ പിന്നോട്ടുപോവുകയും ചെയ്താല്‍ അത് സ്‌പേസ് എക്‌സിന്റെ എല്ലാ ബിസിനസിനെയും ബാധിക്കുമെന്ന ബോധ്യമുള്ളതിനാല്‍ എല്ലാ പഴുതുകളെയും അടച്ച് അതീവശ്രദ്ധയോടെ തന്ത്രപൂര്‍വകമായ ഒരു മുന്നേറ്റംമാത്രമാണ് ഭീമാകാരമായ ഈ അന്തര്‍ഗ്രഹറോക്കറ്റ് ലക്ഷ്യമിടുന്നത്. അങ്ങനെ സംഭവിച്ചാല്‍ ഭാവിയില്‍ വാസയോഗ്യമല്ലാതായേക്കാവുന്ന ഭൂമിയിലെ സാഹചര്യങ്ങളെ ഛിന്നഗ്രഹങ്ങളുടെ കൂട്ടിമുട്ടലുകളെയും ഭയപ്പെടേണ്ടാത്ത അപകടകരമായ അവസ്ഥയിലേക്ക് മനുഷ്യന്‍ വളര്‍ന്നേക്കാം. ആദ്യപരീക്ഷണപ്പറത്തല്‍ അത്യന്തം സങ്കീര്‍ണമാണെന്നും വിജയം സമന്വയമായി ജ്വലിക്കുന്ന ഡസന്‍കണക്കിന് എഞ്ചിനുകളെ ആശ്രയിച്ചിരിക്കുന്നുവെന്നും സമ്മതിക്കുമ്പോഴും ഏപ്രില്‍ 17 ന് ഏറെ പ്രതീക്ഷയോടെ നിശ്ചയിച്ചിരുന്ന ലോഞ്ച് സാങ്കേതികകാരണങ്ങളാല്‍ മാറ്റിവയ്ക്കപ്പെട്ടപ്പോഴും സമീപഭാവിയില്‍ത്തന്നെ അവിശ്വസനീയമായ രീതിയില്‍ ഭൂമിക്കപ്പുറത്തെ മാസ്മരികലോകത്തേക്കുള്ള പുതിയ ജാലകങ്ങളും വാതായനങ്ങളും സ്റ്റാര്‍ഷിപ്പ് തുറന്നുതരുമെന്നുതന്നെയാണ് എലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് ഉറച്ചുവിശ്വസിക്കുന്നത്.