ഒരു ബാങ്കില്‍ ഒരു കാഷ്യര്‍ ഉണ്ടായിരുന്നു. രണ്ടാം നിലയിലായിരുന്നു ബാങ്ക്. അവിടെ അന്നത്തെക്കാലത്തെ ഉയരമുള്ള കൗണ്ടറില്‍ ഒരു ചക്രവര്‍ത്തിയുടെ പ്രൗഢിയില്‍ അയാള്‍ ഇരിക്കുമായിരുന്നു. അധികം ആരോടും സംസാരിക്കുമായിരുന്നില്ല. ആരെങ്കിലും അക്കൗണ്ട് തുറക്കാന്‍ വന്നാല്‍ അയാള്‍ ചോദിക്കുമായിരുന്നു താഴത്തെ നിലയില്‍ വേറേ ബാങ്കുകള്‍ ഒന്നുമില്ലേ എന്ന്. എപ്പോഴും ഒരു രൗദ്രഭാവമായിരുന്നു മുഖത്ത്. താന്‍ എന്തോ 'സംതിങ്' ആണ് എന്ന ഭാവം ആ നോട്ടത്തിലും ശരീരഭാഷയിലും കാണാമായിരുന്നു. തനിക്കൊന്നുംവേണ്ടി കളയാന്‍ എന്റെ കൈയില്‍ സമയമില്ല എന്ന് ആ മുഖഭാവം വിളിച്ചോതി. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അതിനെ ഖണ്ഡിക്കും; കുറ്റപ്പെടുത്തും. അതിനൊരു മോശം കമന്റ് പാസ്സാക്കും. അല്ലെങ്കില്‍ മനസ്സിലെങ്കിലും ഇത്തരം വികടചിന്തകള്‍ കൊണ്ടുവരും.
ഇവിടെ ഒരു പ്രധാനപ്പെട്ട സ്ഥിതിവിശേഷത്തെക്കുറിച്ചാണ് നാം ചില കാര്യങ്ങള്‍ മനസ്സിലാക്കേണ്ടത്. മറ്റുള്ളവര്‍ എന്തെങ്കിലും നമ്മോട് ആശയവിനിമയം നടത്താന്‍ ഒരുങ്ങുമ്പോള്‍ അതിനൊരു ബാധയായി നില്‍ക്കുന്നത് നമ്മുടെ മനസ്സില്‍ നാം നടത്തുന്ന മേല്‍പ്പറഞ്ഞ തരത്തിലുള്ള സമാന്തരസംവാദങ്ങളാണ്. കാഷ്യര്‍ അയാളുടെ മനസ്സിലുള്ള വ്യാഖ്യാതാവിനെ അടക്കിനിര്‍ത്തുക എന്നതാണ് അയാള്‍ക്കുള്ള ഏറ്റവും വലിയ വെല്ലുവിളി. ഇതിനെ നേരിടാന്‍ ബോധപൂര്‍വമായ ഒരു ശ്രമം ആവശ്യമാണ്. അതിനു സാധിച്ചാല്‍ കാഷ്യര്‍ക്കു ഭംഗിയായി ആശയവിനിമയം നടത്താനാകും.
കാഷ്യര്‍ക്കുണ്ടായിരുന്ന മറ്റൊരു പ്രശ്‌നം ആരെങ്കിലും എന്തെങ്കിലും പറഞ്ഞുതുടങ്ങുമ്പോള്‍ത്തന്നെ അതിനെ തടസ്സപ്പെടുത്തുന്ന ചിന്തകള്‍ കടന്നു വരുന്നു എന്നതാണ്. അയാള്‍ അപ്പോള്‍ പറയാതെ പറയും; എനിക്ക് അതിനെക്കാള്‍ പ്രധാനപ്പെട്ട, രസകരമായ, വിലപ്പെട്ട കാര്യങ്ങള്‍ പറയാനുണ്ട്. നിങ്ങള്‍ ഒന്നു മിണ്ടാതിരിക്കുക. നിങ്ങള്‍ പറയുന്നതിനൊക്കെ ഞാന്‍ പുല്ലുവിലയാണു കല്പിക്കുന്നത്. നിങ്ങള്‍ പറയുന്നതൊന്നും കേള്‍ക്കാന്‍ എനിക്കു മനസ്സില്ല. ഞാന്‍ ഒരു വിശിഷ്ടവ്യക്തിയാണ്.
വര്‍ഷങ്ങളായി നാം വാര്‍ത്തെടുത്ത ഇത്തരം സ്വഭാവവിശേഷങ്ങള്‍ ഉണ്ടെങ്കില്‍ അത് ഒന്നു മാറ്റിയെടുക്കാന്‍ നന്നേ പണിപ്പെടേണ്ടിവരും. പക്ഷേ, സാധ്യമായാല്‍ വിസ്മയാവഹമായ ചില മാറ്റങ്ങള്‍ നമ്മുടെ ജീവിതത്തിലുണ്ടാകും.
ശ്രദ്ധയോടെയുള്ള ശ്രവണം നമ്മുടെ ചുറ്റിലുമുള്ള ബന്ധങ്ങള്‍ മെച്ചപ്പെടുത്തും. അതിനെ സുദീര്‍ഘമായി നിലനിറുത്താനും സഹായിക്കും. നമ്മുടെ പ്രശ്‌നങ്ങളെ നേരത്തേതന്നെ മനസ്സിലാക്കി തിരുത്താനായാല്‍ അത് നമ്മുടെ വ്യക്തിജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തും. ധാരാളം നല്ല അവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് അഭിവൃദ്ധി ഉണ്ടാക്കാം; വിജയം കൈവരിക്കാം.
മറ്റുള്ളവരെ തടസ്സപ്പെടുത്താതെ സംസാരിക്കാന്‍ അനുവദിക്കുക. ശ്രവണവേളകളില്‍ പെട്ടെന്ന് ചില അനുബന്ധചിന്തകള്‍ നമ്മുടെ മനസ്സിലേക്കു കടന്നുവന്നേക്കാം. ഒരുപക്ഷേ, അതു നമ്മുടെ ഒരനുഭവമോ മറ്റാരുടെയെങ്കിലും കഥയോ ആകാം. പക്ഷേ, അയാള്‍ പറഞ്ഞുതീരുന്നതുവരെ ക്ഷമയോടെ കാത്തിരിക്കാനാകുന്നിടത്താണ് നമ്മുടെ പാടവം തെളിയേണ്ടത്.
പലപ്പോഴും സാധാരണക്കാര്‍ക്ക് ആരോടെങ്കിലും എന്തെങ്കിലുമൊക്കെ പറയാന്‍ ഒരു താത്പര്യം കാണും. അപ്പോഴൊന്നും ഇടയ്ക്ക് ഇടിച്ചുകയറി തന്റെ ചിന്തകളും അഭിപ്രായവും അടിച്ചേല്പിക്കുന്നവരെ ആര്‍ക്കും ഇഷ്ടമാകുകയില്ല. സംസാരിക്കുന്നയാള്‍ക്കാണ് നാം പ്രാധാന്യം കൊടുക്കേണ്ടത്.
സാറ ഡസ്സന്‍ പറയുന്നത് ശ്രദ്ധിക്കുക: ''ഇതാണ് ഒരു നല്ല കേള്‍വിക്കാരന്റെ പ്രശ്‌നം. അവര്‍ നിങ്ങളുടെ വാക്കുകള്‍ക്കിടയിലേക്കു നിങ്ങള്‍ പറയുന്നത് തടസ്സപ്പെടുത്തി ഇടിച്ചുകയറുകയില്ല. നിങ്ങളെ കടത്തിവെട്ടുന്ന പ്രസ്താവനകള്‍ നടത്തി നിങ്ങളെ വഴിതിരിക്കില്ല. അവര്‍ അവസാനംവരെ കാത്തിരിക്കും, നിങ്ങള്‍ക്ക് അഭംഗുരം പറഞ്ഞുതീര്‍ക്കാനുള്ള അവസരം തന്നുകൊണ്ട്.'' ഭക്ഷണവും വെള്ളവുംപോലെ എല്ലാ മനുഷ്യരും ആഗ്രഹിക്കുന്ന കാര്യമാണ് ആരെങ്കിലുമൊക്കെ തന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കാനും ശ്രവിക്കാനും ഉണ്ടാകുക എന്നത്. പക്ഷേ, ഇന്നാര്‍ക്കും ഒന്നിനും സമയമില്ല. ശ്രദ്ധിക്കുന്നുണ്ട് എന്നു ഭാവിക്കുകമാത്രം ചെയ്യുന്നു. ഇതിനിടയില്‍ ടിവി നോക്കുന്നു അല്ലെങ്കില്‍ മൊബൈലില്‍ വിരലോടിക്കുന്നു.
ശാരീരികസംജ്ഞകള്‍
ആശയവിനിമയത്തില്‍ ഏതാണ്ട് 75 ശതമാനം പറയാതെ പറയുന്ന കാര്യങ്ങളാണ്. ഒരാള്‍ പറയുന്നതു ശ്രദ്ധിക്കുന്നതോടൊപ്പം അയാളുടെ മുഖഭാവം, സംസാരരീതി, ശോകഭാവം, വസ്ത്രധാരണം, അംഗവിക്ഷേപം തുടങ്ങി ഒട്ടനേകം കാര്യങ്ങള്‍കൂടി നിരീക്ഷിക്കണം. അപ്പോള്‍ മാത്രമേ വാക്കുകളിലൂടെ വെളിപ്പെടുന്നതിന്റെ മൂന്നിരട്ടിയോളം വരുന്ന സുപ്രധാന കാര്യങ്ങള്‍ നമുക്കു മനസ്സിലാകൂ. ശരീരഭാഷ നോക്കിയാല്‍ നമുക്കറിയാം തുറന്നുള്ള ഒരു സംവാദത്തിനു നാം കുറെക്കൂടി ഊന്നല്‍ കൊടുക്കണോ വേണ്ടയോ എന്ന്. അയാള്‍ക്ക് എന്തെങ്കിലും ഭീതികള്‍ ഉണ്ടോ? നിങ്ങളെ ഒരു സുഹൃത്തായിക്കരുതി മനസ്സിന്റെ വാതായനങ്ങള്‍ തുറക്കുന്നുണ്ടോ? വാക്കുകള്‍ക്കപ്പുറം എന്തെങ്കിലും ഒളിമറകള്‍ കാണുന്നുണ്ടോ?
ശ്രവണം ഒരു കഴിവാണ്, കലയാണ്. അതിനു ക്ഷമയും തുറന്ന മനസ്സും വേണം. വിധികര്‍ത്താവാകാതെ അപരന്റെ മനസ്സിനോട് മനസ്സു ചേര്‍ക്കാനുള്ള സിദ്ധിയാണത്.
എനിക്കറിയാവുന്ന ഒരു അധ്യാപകനുണ്ട്. പേര് കരുണാകരന്‍. പേരുപോലെതന്നെ കരുണാമയന്‍. നാട്ടുകാരോടൊക്കെ വലിയ സ്‌നേഹമായിരുന്നു. ആരെക്കണ്ടാലും അല്പനേരമെങ്കിലും കുശലങ്ങള്‍ അന്വേഷിക്കും. അവരുടെ ജീവിതാനുഭവങ്ങള്‍ അറിയാന്‍ വലിയ താത്പര്യവും കാണിക്കുമായിരുന്നു. എല്ലാവരുടെയും പേരും വീട്ടുപേരും മറക്കാതെ ഓര്‍ത്തുവയ്ക്കും. വീട്ടിലെ മറ്റു കുടുംബാംഗങ്ങളുടെയും പേരറിയാം. അവരുടെ വിശേഷങ്ങള്‍ ചോദിച്ചറിയും. ആത്മാര്‍ഥമായി ഓരോന്നും സ്‌നേഹത്തോടെ ചോദിച്ചറിയുന്ന ഈ സ്വഭാവംകൊണ്ട് സാര്‍ നാട്ടിലെല്ലാം എല്ലാവരുടെയും കണ്ണിലുണ്ണിയായിരുന്നു. സ്വന്തം കാര്യങ്ങള്‍ പറഞ്ഞ് ആരെയും ബോറടിപ്പിച്ചില്ല. മറ്റുള്ളവരുടെ നന്മകള്‍ കണ്ടപ്പോഴൊക്കെ അവരെയെല്ലാം വാനോളം പുകഴ്ത്തി. പലരും അവരുടെ കദനകഥകള്‍ സാറിനോടു പങ്കുവച്ച് വലിയ ആശ്വാസം തേടി. പരദുഃഖങ്ങള്‍ നന്നേ മനസ്സിലാക്കുമായിരുന്ന സാര്‍ അവരുടെ മനസ്സുകളില്‍ സാന്ത്വനത്തിന്റെ പാല്‍ക്കുഴമ്പു പുരട്ടുമായിരുന്നു.
ജീവിതത്തില്‍ വിജയം വരിക്കുന്നവരൊക്കെ അത്തരക്കാരാണ്. ഏറെസമയം ശ്രവിക്കും. തനിക്കു പറയാനുള്ളതു ചുരുക്കിപ്പറയും. 'നാം മറ്റുള്ളരെ കാതോര്‍ക്കുേമ്പാള്‍ അവര്‍ക്ക് അവരുടെ പ്രാധാന്യം വലുതായി ബോധ്യപ്പെടും. നാം എത്രയോ താത്പര്യത്തോടെ ശ്രദ്ധിക്കുന്നുവോ അത്രകണ്ട് അവരെ നിങ്ങള്‍ കാര്യമാക്കുന്നു, വലുതായി കാണുന്നു എന്ന ബോധ്യം അവര്‍ക്ക് ഇരട്ടിയാകും' എന്നാണ് റോയി ബെന്നറ്റിന്റെ വാക്കുകള്‍.
കരുണാകരന്‍സാറിനെപ്പോലെയാകാന്‍ എളുപ്പമല്ല എന്ന് നമുക്കറിയാം. എന്നാല്‍, ഒരു കാര്യം തീര്‍ച്ച! പരിശ്രമിക്കാമെങ്കില്‍ നല്ലൊരു ശ്രവണകല വളര്‍ത്തിയെടുക്കാം. അതിന് ആദ്യം വേണ്ടുന്ന കാര്യം ചുറ്റിലും കാണുന്ന ജനസമ്മതരായ വ്യക്തികളെ നിരീക്ഷിക്കുക എന്നുള്ളതാണ്. പലരും വെറുക്കുന്ന വ്യക്തിത്വങ്ങളുണ്ട്. അവരെയും നോക്കണം. മറ്റുള്ളവരെ വെറുപ്പിക്കുന്ന അവരുടെ പ്രവണതകളുടെ ഒരു ലിസ്റ്റുണ്ടാക്കി അതൊക്കെ നമുക്ക് ഉപേക്ഷിക്കേണ്ടുന്ന കാര്യങ്ങളാണ് എന്നു പഠിക്കാം. നമുക്കപ്പോള്‍ ലഭ്യമാകുന്നത് ശ്രദ്ധിക്കാനുള്ള മികവാണ്; അത് ജീവിതകാലം മുഴുവന്‍ നമുക്ക് വിവേകവും ജ്ഞാനവും പകര്‍ന്നുതന്നുകൊണ്ടിരിക്കും. നാം ശ്രവിക്കാന്‍ തയ്യാറാകുമ്പോള്‍ മനസ്സിലാക്കുക, അത് അപരരോട് നമുക്കു നല്‍കാവുന്ന ഏറ്റവും വലിയ ആദരവാണെന്ന്.
ഡിയോഗെന്‍സ് പറയുന്നുണ്ട്, ''നമുക്കെന്തിനാണ് രണ്ടു കാതുകളും ഒരു നാവും - അത് കൂടുതല്‍ ശ്രവിക്കാനും കുറച്ചുമാത്രം സംസാരിക്കാനുമാണ്'' അഭിമുഖം നില്ക്കുന്ന ആളുടെ കണ്ണുകളിലേക്കു നോക്കാം, മറ്റെവിടെയും ശ്രദ്ധ പതറാതെ. വല്ലയിടത്തും നോക്കിയിരുന്നാല്‍ നമ്മുടെ താത്പര്യക്കുറവ് അവര്‍ക്ക് എളുപ്പം മനസ്സിലാകും. അതുപോലെ, വെറുതെ മരപ്പാവയാവാതെ ഇടയ്‌ക്കെല്ലാം നാം തലകുലുക്കുകയോ 'ശരി' എന്നു പറയുകയോ സഹഭാവം പ്രകടിപ്പിക്കുകയോ ചെയ്യാം. പറയുന്ന കാര്യത്തിലെ താത്പര്യം അങ്ങനെ പ്രകടമാക്കാം.