•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

കായികാചാര്യന്‍ പടിയിറങ്ങുമ്പോള്‍

കായികകേരളത്തിന്റെ ഈറ്റില്ലമാണ് മീനച്ചില്‍ - പാലാ പ്രദേശങ്ങള്‍. മറ്റ് ഒട്ടേറെ മേഖലകളില്‍ എന്നപോലെ കായികരംഗത്തും പാലായ്ക്ക് പതിറ്റാണ്ടുകളുടെ വിജയചരിത്രവും പറയാനുണ്ട്. ജിമ്മി ജോര്‍ജ്ജിനെപ്പോലെ ദേശീയ, അന്തര്‍ദേശീയതലത്തില്‍ പ്രസിദ്ധരായ നിരവധി കായികതാരങ്ങളുടെ വിയര്‍പ്പുതുള്ളികള്‍ വീണ മണ്ണാണിത്. അവരെയൊക്കെ പ്രതിഭകളാക്കി കരുപ്പിടിപ്പിച്ചതിന്റെ പിന്നില്‍ ചില കായികഗുരുക്കളുടെ അക്ഷീണപരിശ്രമവും നിതാന്തജാഗ്രതയുമുണ്ട്. ഇത്തരുണത്തില്‍ പാലാക്കാരെ സംബന്ധിച്ച് എടുത്തപറയത്തക്ക ഒരു പ്രമുഖ വ്യക്തിത്വമാണ് അല്‍ഫോന്‍സാ കോളജിന്റെ കോച്ചും കായികവിഭാഗം മേധാവിയുമായ ഡോ. തങ്കച്ചന്‍ മാത്യു പെരുമ്പള്ളില്‍. കായികപരിശീലനരംഗത്ത് ഇന്ത്യയിലെ ഒന്നാംനിരയില്‍പ്പെട്ട ഡോ. തങ്കച്ചന്‍ മാത്യു കഴിഞ്ഞ കാല്‍നൂറ്റാണ്ടുകാലത്തെ വിശിഷ്ട സേവനത്തിനുശേഷം ഈ ഏപ്രില്‍ 30 ന് അധ്യാപകവൃത്തിയില്‍നിന്ന് പടിയിറങ്ങുകയാണ്. 
പ്ലാശനാലിലെ പുരാതന ക്രിസ്ത്യന്‍ കുടുംബമായ പെരുമ്പള്ളില്‍ വീട്ടില്‍ മാത്യു - മറിയം ദമ്പതികളുടെ ഏഴു മക്കളില്‍ ഇളയ മകനായി ജനിച്ച ഡോ. തങ്കച്ചന്‍ സ്‌കൂള്‍ വിദ്യാഭ്യാസം പ്ലാശനാല്‍ സെന്റ് ആന്റണീസിലും പ്രീഡിഗ്രി അരുവിത്തുറ സെന്റ് ജോര്‍ജ് കോളജിലും പൂര്‍ത്തിയാക്കിയശേഷം തിരുവനന്തപുരം ലക്ഷ്മിഭായ് കോളജില്‍നിന്ന് ഫിസിക്കല്‍ എജ്യുക്കേഷനില്‍ ഡിഗ്രിയും കരസ്ഥമാക്കി. തുടര്‍ന്ന് ഗ്വാളിയാര്‍ ലക്ഷ്മിഭായ് കോളജില്‍നിന്ന് മാസ്റ്റര്‍ ബിരുദവും എം.ഫില്ലും നേടി. ബാംഗ്ലൂരില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് സ്‌പോര്‍ട്‌സ് കോച്ചിങ്ങില്‍ ഫസ്റ്റ് റാങ്കിനും അര്‍ഹനായി.  പിന്നീട് മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയില്‍നിന്നു ഫിസിക്കല്‍ എജ്യുക്കേഷനില്‍ ഡോക്ടറേറ്റും ലഭിച്ചു. 
ഡോ. തങ്കച്ചന്‍ മാത്യു 1995 ല്‍ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളജില്‍ കായികാധ്യാപകനായി ജോലി ആരംഭിച്ചു. അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്ന രണ്ടു വര്‍ഷവും  മഹാത്മാഗാന്ധി സര്‍വകലാശാല അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സെന്റ് ഡൊമിനിക്‌സ് കോളജ് പുരുഷകിരീടം നേടി. പിന്നീട് 1997 ല്‍ അല്‍ഫോന്‍സാകോളജിലെ കായികാധ്യാപകപദവി അദ്ദേഹം ഏറ്റെടുത്തു. ഒളിമ്പ്യന്‍ താരങ്ങളായ പ്രീജാ ശ്രീധരന്‍, സിനി ജോസ്,  കെ.ജെ. മനോജ്‌ലാല്‍ എന്നിവരും അന്താരാഷ്ട്രതാരങ്ങളായ സജീവ് ജോസഫ്, രശ്മി ജോസ്, ബിന്ദു എസ്.ആര്‍, അനീഷ് കെ.വിജയന്‍, അഞ്ചു അലക്‌സ് തുടങ്ങിയ ദേശീയ അന്തര്‍ദേശീയ പ്രശസ്തരും തങ്കച്ചന്‍സാറിന്റെ ശിഷ്യഗണത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു. അല്‍ഫോന്‍സാ കോളജിന് സംസ്ഥാന ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ നിരവധി ഉന്നത വിജയങ്ങള്‍ തങ്കച്ചന്‍സാറിന്റെ പരിശീലനഫലമായി ലഭിച്ചു. ഈ വര്‍ഷത്തെ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ കായികകിരീടം നേടിയത് സാറിന്റെ നേട്ടങ്ങളുടെ അവസാനപട്ടികയില്‍പ്പെടുന്നു. 
1993 ല്‍ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയില്‍ പരിശീലകനായി ഡോ. തങ്കച്ചന്‍  സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2002 ല്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ജക്കാര്‍ത്തയില്‍ വച്ചു നടത്തിയ ലെവല്‍ 2 കോച്ചിങ് കോഴ്‌സ് പാസ്സായി.  2004 ല്‍ ടെഹ്‌റാനില്‍  നടന്ന ഫസ്റ്റ് ഏഷ്യന്‍ - ഇന്‍ഡോര്‍ അത്‌ലറ്റിക് ടീമിന്റെ കോച്ചായി ഇന്ത്യയെ പ്രതിനിധീകരിച്ചു. 2007 ല്‍ ബാങ്കോക്ക് ആതിഥേയത്വം വഹിച്ച ലോക യൂണിവേഴ്‌സിറ്റി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ യൂണിവേഴ്‌സിറ്റി ടീമിന്റെ പരിശീലകനായി പങ്കെടുത്തു. ഏഷ്യന്‍ - ഇന്‍ഡോര്‍ ചാമ്പ്യന്‍ഷിപ്പിലും ലോക യൂണിവേഴ്‌സിറ്റി ഗെയിംസിലും അദ്ദേഹം ഇന്ത്യയെ പ്രതിനിധീകരിച്ചു. 2009 ലെ കേരള സംസ്ഥാനത്തിന്റെ ബെസ്റ്റ് കോച്ച് അവാര്‍ഡായ കായികാചാര്യ അവാര്‍ഡും നേടുകയുണ്ടായി. 2014 ലെ സംസ്ഥാന ഗവണ്‍മെന്റിന്റെ ബെസ്റ്റ് ഫിസിക്കല്‍ എജ്യുക്കേഷന്‍ അവാര്‍ഡും ലഭിച്ചു. 2015 ല്‍ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ മികച്ച അധ്യാപകനായി തിരഞ്ഞെടുത്തു. 2016 ല്‍ ഫിസിക്കല്‍ എജ്യൂക്കേഷന്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്‍ഡ്യ ഏര്‍പ്പെടുത്തിയ ബെസ്റ്റ് ഫിസിക്കല്‍ എജ്യുക്കേഷന്‍ ടീച്ചര്‍ അവാര്‍ഡും കരസ്ഥമാക്കി.
പാലായില്‍ സ്ഥിരതാമസമാക്കിയിട്ടുള്ള തങ്കച്ചന്‍സാര്‍ സമീപത്തെ വിവിധ കോളജുകളിലെയും സ്‌കൂളുകളിലെയും കായികകലയോട് അഭിരുചിയുള്ള സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കായി സൗജന്യപരിശീലനം നല്‍കാന്‍ ലക്ഷ്യമിട്ട് അല്‍ഫോന്‍സാ അത്‌ലറ്റിക് അക്കാദമി എന്ന സ്ഥാപനം ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. 
തങ്കച്ചന്‍സാറിന്റെ ഭാര്യ ലൈജി മണിമലക്കുന്ന് റ്റി.എം. ജേക്കബ് മെമ്മോറിയല്‍ കോളജ് അസിസ്റ്റന്റ് പ്രൊഫസറാണ്. പാലാ ചാവറ സി.എം.ഐ. പബ്ലിക് സ്‌കൂള്‍ 9-ാം ക്ലാസ്സ് വിദ്യാര്‍ഥിനി അല്‍ഫോന്‍സയും 4-ാം ക്ലാസ്സ് വിദ്യാര്‍ഥിനി എലിസബത്തും മക്കളാണ്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)