''ഇന്ത്യയുടെ എക്കാലത്തെയും മികച്ച സ്‌പോര്‍ട്‌സ്മാന്‍ ഒരു സ്‌പോര്‍ട്‌സ് വുമന്‍ ആണ്.'' 2018 ല്‍ എം.സി. മേരി കോം ആറാം തവണ ലോക വനിതാ ബോക്‌സിങ് ചാമ്പ്യനായപ്പോള്‍ ''ടൈംസ് ഓഫ് ഇന്ത്യ'' പത്രം മുഖപ്രസംഗത്തില്‍ എഴുതി, ഹോക്കിയിലും ക്രിക്കറ്റിലുമൊക്കെ ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തിയ ഒട്ടേറെ പുരുഷ ഇതിഹാസതാരങ്ങളെ പിന്നിലാക്കിയ അംഗീകാരമായി ആ വിശേഷണം. ഇപ്പോള്‍ മേരി കോമിനുശേഷം രണ്ടാമതൊരു ഇന്ത്യക്കാരികൂടി ഒന്നിലധികം തവണ ലോകബോക്‌സിങ് കിരീടം ചൂടിയിരിക്കുന്നു. പോയവര്‍ഷം ഇസ്താബുളില്‍ 52 കിലോഗ്രാം വിഭാഗത്തില്‍ സ്വര്‍ണം നേടിയ നിഖാത് സരിന്‍ ന്യൂഡല്‍ഹിയില്‍ 50 കിലോയില്‍ കിരീടം ചൂടി.
മാത്രമല്ല, 2006 ല്‍ ന്യൂഡല്‍ഹിയിലെ ലോക ചാമ്പ്യന്‍ഷിപ്പിന്റെ ആവര്‍ത്തനമെന്നോണം നാല് ഇന്ത്യന്‍ വനിതകള്‍ റിങ്ങില്‍ സ്വര്‍ണമണിഞ്ഞു. 2006 ല്‍ എം.സി. മേരികോമും എല്‍. സരിതാദേവിയും ആര്‍.എല്‍. ജെന്നിയും മലയാളിതാരം കെ.സി. ലേഖയുമാണ് ലോക ചാമ്പ്യന്മാരായതെങ്കില്‍ ഇത്തവണ നിഖാത് സരിതും ലവ്‌ലീനാ ബോര്‍ഗോ ഹെയ്‌നും സ്വീറ്റി ബൂറയും നീതു ഗന്‍ഖാസുമാണ് ലോകകിരീടം ശിരസ്സിലേറ്റിയത്.
2002 ല്‍ തുര്‍ക്കിയിലെ അന്റാലിയയില്‍ 45 കിലോ വിഭാഗം ലോക ചാമ്പ്യന്‍ഷിപ് നേടിക്കൊണ്ട് എം.സി. മേരി കോം തുടക്കമിട്ട ജൈത്രയാത്ര തുടരുന്നു. ഒളിമ്പിക്‌സ് ബോക്‌സിങ്ങില്‍ പ്രായപരിധി 40 വയസ്സ് ആയതിനാല്‍ മേരി കോമിന് ഇനിയൊരു അവസരമില്ല. പക്ഷേ, 2024 ലെ പാരീസ് ഒളിമ്പിക്‌സിന് ഇന്ത്യയുടെ വനിതാ ബോക്‌സര്‍മാര്‍ക്ക് പ്രതീക്ഷയോടെ തയ്യാറെടുക്കാം. ഈ വര്‍ഷം ചൈനയില്‍ ഏഷ്യന്‍ ഗെയിംസ് നടക്കേണ്ടതുണ്ട്. അവിടെയും പ്രതീക്ഷ പുലര്‍ത്താം.
2012 ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ മേരി കോം ബോക്‌സിങ്ങില്‍ വെങ്കലമെഡല്‍ നേടിയപ്പോള്‍ ഇന്ത്യയുടെ ഒളിമ്പിക്‌സ് ചരിത്രത്തില്‍ പുതിയൊരു അധ്യായം രചിക്കപ്പെട്ടു. 2000 ത്തില്‍ സിഡ്‌നിയില്‍ ഭാരോദ്വഹനത്തില്‍ കര്‍ണം മല്ലേശ്വരി വെങ്കലം കരസ്ഥമാക്കിയപ്പോള്‍ വനിതകളിലൂടെ ഇന്ത്യയ്ക്ക് ആദ്യമായൊരു ഒളിമ്പിക്‌സ് മെഡല്‍ കൈവരിക്കുകയായിരുന്നു. ഇത് കായികരംഗത്ത് ഇന്ത്യന്‍ വനിതകള്‍ക്കാകെ ആവേശം പകര്‍ന്നു. 2016 ല്‍ റിയോ ഒളിമ്പിക്‌സില്‍ മേരി കോമിനു മത്സരിക്കാനായില്ലെങ്കിലും ബാഡ്മിന്റണില്‍ പി.വി. സിന്ധു വെള്ളിയും ഗുസ്തിയില്‍ സാക്ഷിമാലിക് വെങ്കലവും നേടി. ടോക്കിയോയില്‍ നടന്ന ഒളിംപിക്‌സില്‍ മേരി കോം വീണ്ടും റിങ്ങില്‍ ഇറങ്ങിയെങ്കിലും പ്രായത്തിന്റെ പരിമിതികള്‍ പ്രകടമായിരുന്നു. പക്ഷേ, ആ നഷ്ടം ലവ്‌ലീനാ ബോര്‍ ഗോഹെയ്ന്‍ വെങ്കലമെഡല്‍ നേട്ടത്തിലൂടെ നികത്തി. ലവ്‌ലീനയുടെ ഒളിമ്പിക് മെഡല്‍ നേട്ടത്തിന്റെ ആവേശം കെട്ടടങ്ങുംമുമ്പാണ് പോയവര്‍ഷം നിഖാത് സരിന്‍ ലോകചാമ്പ്യനായത്. വരാന്‍ പോകുന്നതിന്റെ സൂചനയായിരുന്നു നിഖാതിന്റെ കിരീടനേട്ടം.
ഹരിയാനയിലെ ഭിവാനി ബോക്‌സിങ് ക്ലബ് അഥവാ ബി.ബി.സിയാണ് ഇന്ത്യയില്‍ ബോക്‌സിങ് താരങ്ങളുടെ കളരി. ഒളിമ്പിക് മെഡല്‍ ജേതാവും ഇന്ത്യന്‍ പ്രഫഷണല്‍ താരവുമായ വിജേന്ദര്‍ സിങ് ഉള്‍പ്പെടെ ഒട്ടേറെ താരങ്ങളെ വളര്‍ത്തിയ കളരി നീതു ഗന്‍ഖാസ് ഈ കളരിയില്‍ വളര്‍ന്നതാണ്. സ്വീറ്റി ബൂറയും ഹരിയാനയുടെ താരമാണ്. ലവ്‌ലീന അസമില്‍നിന്നും നിഖാത് തെലങ്കാനയില്‍നിന്നും റിങ്ങില്‍ ഇറങ്ങിയവരാണ്.
സ്വീറ്റി ബൂറയ്ക്ക് 30 വയസ്സായി. നീതുവിന് 22 വയസ്സും. ലവ്‌ലീനയ്ക്ക് ഇരുപത്തഞ്ചും നിഖാതിന് ഇരുപത്തിയാറുമാണു പ്രായം. നേരത്തേ സൂചിപ്പിച്ചതുപോലെ 40 വയസ്സുവരെ ഒളിമ്പിക്‌സില്‍ മത്സരിക്കാം. വനിതാ ബോക്‌സിങ്ങില്‍ ഇന്ത്യയുടെ കുതിപ്പു തുടരുമെന്ന സൂചനകളാണ് ന്യൂഡല്‍ഹിയില്‍ സമാപിച്ച ലോകവനിതാ ബോക്‌സിങ് ചാമ്പ്യന്‍ഷിപ് നല്‍കുന്ന സൂചന.
ഇന്ത്യയുടെ ആദ്യ വനിതാ ഒളിമ്പ്യന്‍ ഒരു ടെന്നീസ് താരമായിരുന്നു. പിന്നീട് സാനിയ മിര്‍സയിലൂടെയാണ് ടെന്നീസില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ ഒളിമ്പിക് വേദിയില്‍ വീണ്ടും ഉണര്‍ന്നത്. ഏറെക്കാലം അത്‌ലറ്റിക്‌സില്‍മാത്രമായിരുന്നു ഇന്ത്യന്‍ വനിതകളുടെ ഒളിമ്പിക് സാധ്യതകള്‍ കണ്ടിരുന്നത്. പക്ഷേ, ഫലം കണ്ടില്ല. എന്നാല്‍, 2000 ത്തിലെ സിഡ്‌നി ഒളിമ്പിക്‌സോടെ കഥ മാറി. ഭാരോദ്വഹനത്തിലും തുടര്‍ന്നു ഷൂട്ടിങ്ങിലും പിന്നീട് ഗുസ്തിയിലും ആര്‍ച്ചറിയിലും ബാഡ്മിന്റണിലും ബോക്‌സിങ്ങിലുമൊക്കെ ഇന്ത്യന്‍ വനിതകള്‍ വലിയ കുതിപ്പു നടത്തി. മെഡലുകളും കൈവന്നു. ഏറ്റവും ഒടുവില്‍, ടോക്കിയോ ഒളിമ്പിക്‌സില്‍ അദിതി ആശോകിലൂടെ ഗോള്‍ഫിന്‍ ഇന്ത്യ നാലാം സ്ഥാനം നേടി.
ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് വനിതാവിഭാഗത്തില്‍ ഇന്ത്യ പിന്നാക്കം പോകുകയാണ്. പി.ടി. ഉഷയുടെയും അഞ്ജുബോബി ജോര്‍ജിന്റെയും നിലവാരത്തിലുള്ള അത്‌ലറ്റുകള്‍ ഇല്ല. അതുകൊണ്ടുതന്നെ ഇനിയുള്ള ഏതാനും വര്‍ഷങ്ങള്‍ എങ്കിലും ഇതര കായികയിനങ്ങളിലാകും ഇന്ത്യന്‍ വനിതകള്‍ ശ്രദ്ധിക്കപ്പെടുക. ഗുസ്തിയും ഷൂട്ടിങ്ങും ബോക്‌സിങ്ങും ബാഡ്മിന്റനും ടേബിള്‍ ടെന്നീസും ഭാരോദ്വഹനവും പുതിയ താരങ്ങളെക്കൊണ്ടു സമ്പന്നമാണ്. 2024 ലെ പാരീസ് ഒളിമ്പിക്‌സില്‍ ഉറപ്പായും മേല്‍പ്പറഞ്ഞ ഇനങ്ങളിലായിരിക്കും ഇന്ത്യന്‍ വനിതകള്‍ക്കു സാധ്യത. വനിതാ ഹോക്കിയില്‍ ടോക്കിയോയില്‍ നേടിയ നാലാം സ്ഥാനവും ശ്രദ്ധിക്കപ്പെടണം.
ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ റിലേയില്‍പ്പോലും വനിതാവിഭാഗത്തില്‍ ഇന്ത്യയുടെ സാധ്യതകള്‍ മങ്ങുകയാണ്. ഒരുപോലെ മികച്ച നാല് ഓട്ടക്കാരെ റിലേയില്‍ കണ്ടെത്താന്‍ സാധിക്കുന്നില്ല. ഈ വര്‍ഷം വിമന്‍സ് പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് തുടങ്ങിയത് കായികരംഗത്ത് വനിതകള്‍ക്കാകെ ഉണര്‍വേകിയെന്നാണ് കേന്ദ്ര സ്‌പോര്‍ട്‌സ് മന്ത്രി അനുരാഗ് ഠാക്കൂര്‍ ഈയിടെ സൂചിപ്പിച്ചത്. ഖേലേ ഇനങ്ങളില്‍ പത്തിനങ്ങളിലായി 1500 ല്‍ അധികം വനിതകള്‍ പങ്കെടുത്തു. ഡബ്ല്യൂ.പി.എലിന്റെ വിജയത്തോടെ കൂടുതല്‍ വനിതാ ലീഗുകള്‍ക്കും വഴി തെളിയുകയാണ്.
ഓരോ വിജയവും വരുംതലമുറയ്ക്കു പ്രചോദനമാണ്. മേരി കോമിന്റെ പ്രഥമ ലോകകിരീടവും സാനിയ മിര്‍സയുടെ പ്രഥമ ഗ്രാന്‍സ്‌ലാം ഡബിള്‍സ് വിജയവുമൊക്കെ ഒരു തലമുറയ്ക്കു തന്നെ പ്രോത്സാഹനമായി. ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ തലപ്പത്ത് പി.ടി. ഉഷയെത്തിയതും ഉണര്‍വേകണം. ന്യൂഡല്‍ഹിയില്‍ നമ്മുടെ വനിതാ ബോക്‌സിങ് താരങ്ങള്‍ സ്വന്തമാക്കിയ നാലു സ്വര്‍ണമെഡലുകള്‍ വനിതാതാരങ്ങള്‍ക്കു മുഴുവന്‍ പ്രചോദനമാകട്ടെ.