ലോകത്തിന്റെ കുതിപ്പും വളര്‍ച്ചയും ഇന്ത്യയുടെ കൈകളിലേക്ക് എത്തിച്ചേരുന്ന അപൂര്‍വനിമിഷങ്ങള്‍ക്കാണ് 2023 സാക്ഷ്യം വഹിക്കുന്നത്. ലോകത്തിലെ 19 പ്രമുഖ രാഷ്ട്രത്തലവന്മാരും യൂറോപ്യന്‍ യൂണിയനും ഒന്നിച്ചണിനിരക്കുന്ന ജി 20 ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നു. ജി 20 യുടെ ചരിത്രത്തിലാദ്യമായാണ് ഇന്ത്യയില്‍ ഉച്ചകോടി നടക്കുന്നത്. 2023 സെപ്തംബര്‍ 9,10 തീയതികളില്‍ ഡല്‍ഹി പ്രഗതി മൈതാനിലെ ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന രാജ്യാന്തരസമ്മേളനത്തിന്റെ മുന്നൊരുക്കങ്ങള്‍ 2022 ഡിസംബര്‍ 4 മുതല്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഇന്ത്യയുടെ വിവിധ കേന്ദ്രങ്ങളിലായി 249 രാജ്യാന്തരസമ്മേളനങ്ങളാണ് നിലവിലുള്ള ഷെഡ്യൂളുകളിലുള്ളത്.
കേരളത്തിന് അഭിമാനനിമിഷങ്ങള്‍ജി 20 ഉച്ചകോടി നടത്തിപ്പില്‍ കേരളത്തിനും അഭിമാനിക്കാം. 20 അംഗരാജ്യങ്ങളുടെയും നിര്‍ണായക ഷെര്‍പ്പ അഥവാ ഉദ്യോഗസ്ഥസമ്മേളനത്തിനും വര്‍ക്കിങ് ഗ്രൂപ്പിനും കേരളത്തിന്റെ ടൂറിസ്റ്റുകേന്ദ്രമായ കുമരകം വേദിയായി. രാജ്യാന്തരടൂറിസംഭൂപടത്തില്‍ കേരളത്തിന്റെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാനുള്ള സുവര്‍
ണാവസരമാണ് ജി 20 ഒരുക്കിയത്. അംഗരാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാരുടെ പ്രതിനിധികളാണ് കുമരകത്ത് 2023 മാര്‍ച്ച് 30 മുതല്‍ നടക്കുന്ന ഷെര്‍പ്പ സമ്മേളന
ത്തില്‍ എത്തിച്ചേര്‍ന്നത്. വെറും പ്രതിനിധികളായല്ല, മറിച്ച് ഇവരുടെ ചര്‍ച്ചയും നിര്‍ദേശങ്ങളുമായിരിക്കും ഉച്ചകോടി പ്രഖ്യാപനങ്ങളുടെ കാതല്‍. രാജ്യാ
ന്തരനയതന്ത്രപ്രതിനിധികളെ സ്വീകരിക്കാന്‍ കുമരകം കേരളത്തനിമയില്‍ ഒരുങ്ങിയപ്പോള്‍ ലോകത്തിന് ദൈവത്തിന്റെ സ്വന്തം നാടിന്റെ പ്രകൃതിഭംഗിയുടെ ടൂറിസവും പങ്കുവെയ്ക്കപ്പെട്ടു.
''ഷെര്‍പ്പ''വേദിയൊരുക്കി കുമരകംരാജ്യാന്തര ഉച്ചകോടിയില്‍ അംഗ രാജ്യത്തലവന്മാരുടെ ഔദ്യോഗികപ്രതിനിധിയാണ് ഷെര്‍പ്പ. ദൂതനെന്നും വഴികാട്ടിയെന്നും ഷെര്‍പ്പ
അര്‍ഥമാക്കുന്നു. ഉച്ചകോടിയുടെ ആസൂത്രണം, ചര്‍ച്ചകള്‍, നടപ്പാക്കല്‍ എന്നീ ഉത്തരവാദിത്വങ്ങളോടൊപ്പം വിവിധ രാജ്യങ്ങള്‍ നിര്‍ദേശിക്കുന്ന അജണ്ടകളെ ഏകോപിപ്പിച്ച് രാഷ്ട്രങ്ങള്‍ തമ്മിലുള്ള വ്യത്യസ്തവിഷയങ്ങളില്‍ സമവായം കണ്ടെത്തുന്നതും ഉച്ചകോടിക്കുമുമ്പുള്ള കൂടിയാലോചനകള്‍ നടത്തുന്നതും ഷെര്‍പ്പയാണ്.
രാജ്യത്തെ മുതിര്‍ന്ന നയതന്ത്രജ്ഞരോ ഉദ്യോഗസ്ഥരോ ഷെര്‍പ്പകളായി പ്രവര്‍ത്തിക്കും. ഉച്ചകോടിയുടെ പ്രഖ്യാപനങ്ങള്‍ക്കു രൂപം നല്‍കുന്നത് ഷെര്‍പ്പകളും ഫിനാന്‍സ് ട്രാക്ക് പ്രതിനിധികളുമാണ്. അന്തിമപ്രഖ്യാപനം നടത്തുന്നത് രാഷ്ട്രത്തലവന്മാരാണെങ്കിലും അതിനുള്ള വഴിയൊരുക്കുന്നത് ഷെര്‍പ്പ സമ്മേളനങ്ങളാണ്. അതിനാല്‍ത്തന്നെ കുമരകത്തുചേര്‍ന്ന ഷെര്‍പ്പസമ്മേളനം ഒരു മിനി ഉച്ചകോടിയെന്നു വിശേഷിപ്പിക്കാം.
ജി 20 യ്ക്കു മുന്നോടിയായിട്ടുള്ള രണ്ടാമത് ഷെര്‍പ്പ സമ്മേളനത്തിനാണ് കുമരകം വേദിയായത്. 2022 ഡിസംബര്‍ 4 മുതല്‍ 7 വരെ ഉദയ്പൂരിലായിരുന്നു ആദ്യസമ്മേളനം. ഉച്ചകോടിയെ ഏറ്റവും സ്വാധീനിക്കുന്നത് ഷെര്‍പ്പകളുടെ നിലപാടുകളായതുകൊണ്ടുതന്നെ അവരുടെ നയതന്ത്രജ്ഞതയും കാഴ്ചപ്പാടുകളും തീരുമാനങ്ങളും ഉച്ചകോടിയുടെ വിജയത്തിന്റെ പ്രധാന കണ്ണിയാണ്. വികസന വര്‍ക്കിങ് ഗ്രൂപ്പും കുമരകത്തു സമ്മേളിച്ചു.
ജി 20 യുടെ ചരിത്രം
1997-98 കാലഘട്ടങ്ങളിലെ ഏഷ്യന്‍ രാജ്യങ്ങളിലെ അതിരൂക്ഷമായ സാമ്പത്തികപ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങളിലെ ധനമന്ത്രിമാരും ബാങ്ക് ഗവര്‍ണര്‍മാരും ഒരുമിച്ചുചേര്‍ന്ന് ജി 20 അഥവാ ഗ്രൂപ്പ് ഓഫ് 20 രാജ്യാന്തര സംയുക്തകൂട്ടായ്മയ്ക്ക് 1999 ല്‍ തുടക്കമിട്ടു. എന്നാല്‍ 2007 ല്‍ സാമ്പത്തികപ്രതിസന്ധി വീണ്ടും രൂക്ഷമായപ്പോള്‍ ഈ രാജ്യങ്ങളുടെ രാഷ്ട്രത്തലവന്മാര്‍ നേരിട്ട് ജി 20 യുടെ നേതൃത്വത്തില്‍ വരുകയും രാഷ്ട്രത്തലവന്മാരുടെ കൂട്ടായ്മയായി മാറുകയും ചെയ്തു. ലോകജനസംഖ്യയുടെ മൂന്നില്‍ രണ്ടും ലോകവ്യാപാരത്തിന്റെ 75 ശതമാനവും ജി.ഡി.പി.യുടെ 85 ശതമാനവും ജി 20 യില്‍ പെടുന്നു.
എല്ലാ വര്‍ഷവും ജി 20 ഉച്ചകോടി ചേരുന്നുണ്ട്. 2009, 2010 വര്‍ഷങ്ങളില്‍ രണ്ടുതവണ വീതം ഉച്ചകോടി ചേര്‍ന്നു. മുന്‍ പ്രസിഡന്റ്, നിലവിലുള്ള പ്രസിഡന്റ്, വരാന്‍ പോകുന്ന പ്രസിഡന്റ് ഈ മൂന്നു രാഷ്ട്രങ്ങളും ചേര്‍ന്ന സമിതിയാണ് ഓരോ വര്‍ഷവും ഉച്ചകോടിക്കു നേതൃത്വം നല്‍കുന്ന കോര്‍കമ്മിറ്റി. ഇതനുസരിച്ച് 2022 ലെ ജി 20 യ്ക്ക് നേതൃത്വം നല്‍കിയ ഇന്തോനേഷ്യ, 2023 ല്‍ നേതൃത്വം നല്‍കുന്ന ഇന്ത്യ, അടുത്ത വര്‍ഷം ജി 20 യ്ക്ക് ആതിഥേയത്വം വഹിക്കുന്ന ബ്രസീല്‍ എന്നീ രാജ്യങ്ങളുടെ തലവന്മാരാണ് 2023 ലെ ഉച്ചകോടിയുടെ സംഘാടകനേതൃത്വം വഹിക്കുന്നത്.
2002 ല്‍ ജി 20 രാജ്യങ്ങളിലെ ധനകാര്യമന്ത്രിമാരുടെയും ബാങ്ക് ഗവര്‍ണര്‍മാരുടെയും സമ്മേളനത്തിന് ഇന്ത്യ ആതിഥേയത്വം വഹിച്ചിരുന്നു. ഇക്കാലത്ത് ജി 20 യില്‍ രാഷ്ട്രത്തലവന്മാര്‍ നേതൃത്വത്തിലില്ലായിരുന്നു. സാമ്പത്തിക കാര്യങ്ങള്‍ മാത്രമായിരുന്നു 2008 വരെ ചര്‍ച്ചാവിഷയങ്ങള്‍. 2008 ല്‍ രാഷ്ട്രത്തലവന്മാരുടെ ഉച്ചകോടിയായി ജി 20 മാറിയപ്പോള്‍ കൃഷി, ആരോഗ്യം, സമഗ്രവളര്‍ച്ച, വ്യാപാരം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം, അഴിമതിവിരുദ്ധത, ഡിജിറ്റലൈസേഷന്‍ തുടങ്ങി ആഗോളവളര്‍ച്ച ലക്ഷ്യംവയ്ക്കുന്ന വിവിധ വിഷയങ്ങള്‍ക്കു പ്രാമുഖ്യമേകി.
അംഗരാജ്യങ്ങളും ആതിഥേയരും
അര്‍ജന്റീന, ആസ്‌ത്രേലിയ, ബ്രസീല്‍, കാനഡ, ചൈന, ഫ്രാന്‍സ്, ജര്‍മനി, ഇന്ത്യ, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാന്‍, മെക്‌സിക്കോ, റഷ്യ, സൗദി അറേബ്യ, സൗത്ത് ആഫ്രിക്ക, സൗത്ത് കൊറിയ, തുര്‍ക്കി, യു.കെ., അമേരിക്ക എന്നീ പത്തൊമ്പത് രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും ഉള്‍ക്കൊള്ളുന്നതാണ് ജി 20 ഉച്ചകോടി. രാഷ്ട്രത്തലവന്മാര്‍ പ്രതിനിധീകരിക്കുന്ന ജി 20 യുടെ 18-ാമത് ഉച്ചകോടിക്കാണ് 2023 സെപ്തംബറില്‍ ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത്. ഇന്ത്യയാണ് 2022 ഡിസംബര്‍ 1 മുതല്‍ 2023 നവംബര്‍ 30 വരെ ഒരു വര്‍ഷത്തേക്ക് ജി 20 ഉച്ചകോടിയുടെ പ്രസിഡന്റ് പദവി അലങ്കരിക്കുന്നത്.
ജി 20 യിലെ പ്രത്യേക ക്ഷണിതാക്കള്‍
അംഗരാജ്യങ്ങള്‍ കൂടാതെ ബംഗ്ലാദേശ്, ഈജിപ്ത്, മൗറീഷ്യസ്, നെതര്‍ലാന്റ്, നൈജീരിയ, മ്യാന്‍മര്‍, സിങ്കപ്പൂര്‍, സ്‌പെയിന്‍, യുഎഇ എന്നീ 9 രാജ്യങ്ങളെ ഡല്‍ഹി ഉച്ചകോടിയില്‍ ഇന്ത്യ പ്രത്യേക താത്പര്യമെടുത്തു ക്ഷണിതാക്കളാക്കിയിട്ടുണ്ട്. ഈ 9 രാജ്യങ്ങളുടെ പ്രതിനിധികളും കുമരകത്തു നടന്ന ചര്‍ച്ചകളില്‍ പങ്കുചേര്‍ന്നു. രാജ്യാന്തരസംഘടനകളായ യുഎന്‍, ഐഎംഎഫ്, വേള്‍ഡ് ബാങ്ക്, ലോകാരോഗ്യസംഘടന, ലോകവ്യാപാരസംഘടന, ഐഎല്‍ഒ, എഫ്എസ്ബി, ഒഇസിഡി എന്നിവയ്ക്കു പുറമെ എഡിബി, ഐഎസ്എ, ഡിസിആര്‍ഐ എന്നീ രാജ്യാന്തര വ്യാപാര സാമ്പത്തിക സംഘടനകളെയും ആസിയാന്‍, ആഫ്രിക്കന്‍ യൂണിയന്‍ ഡവലപ്‌മെന്റ് ഏജന്‍സി തുടങ്ങിയ വിവിധ പ്രാദേശിക വ്യാപാരക്കൂട്ടായ്മകളും ഇന്ത്യയിലെ ജി 20 ഉച്ചകോടിയില്‍ പ്രത്യേക ക്ഷണിതാക്കളായി പങ്കുചേരുന്നു.
മുദ്രാവാക്യം -ചര്‍ച്ചാസമിതികള്‍
'ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി' എന്നതാണ് 2023 സെപ്തംബറിലെ ജി 20 യുടെ മുദ്രാവാക്യമായി ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. 2022 നവംബര്‍ 15 ന് ഇന്തോനേഷ്യയിലെ ബാലിയില്‍ ചേര്‍ന്ന 17-ാം ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുദ്രാവാക്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഉപനിഷത്തുകളില്‍ സൂചിപ്പിക്കുന്ന 'വസുധൈവ കുടുംബകം' എന്നതാണ് ഈ മുദ്രാവാക്യത്തിന്റെ അടിസ്ഥാനം. ഇതു ലക്ഷ്യം വയ്ക്കുന്നത് ലോകത്തെ മുഴുവന്‍ ഒരു കുടുംബമായിക്കാണാനുള്ള വിശാലചിന്തയും എല്ലാവരുടെയും നന്മ ആഗ്രഹിക്കുന്ന ശോഭനമായ ഭാവിയുമാണ്. മനുഷ്യനും മൃഗങ്ങളും സസ്യങ്ങളും സൂക്ഷ്മാണുക്കളും ഉള്‍പ്പെടെ എല്ലാ ജീവജാലങ്ങളുടെയും മൂല്യവും പ്രപഞ്ചത്തിലെ അവയുടെ പരസ്പരബന്ധവും സംരക്ഷണവും ഊട്ടിയുറപ്പിക്കുന്നതാണിത്. വികസിതസമൂഹത്തെ ലക്ഷ്യമാക്കി ഭാവി പടുത്തുയര്‍ത്തുന്നതിനുള്ള ആഹ്വാനവും ഇതില്‍ ഉള്‍ക്കൊള്ളുന്നു. നാനാത്വത്തോടുള്ള അതിരറ്റ ആദരവും സമത്വവും എല്ലാവര്‍ക്കും തുല്യാവസരവും സാമൂഹികനീതിയും ഉറപ്പാക്കണമെന്ന ഇന്ത്യയുടെ പ്രതീക്ഷാനിര്‍ഭരമായ ആഹ്വാനം അംഗരാജ്യങ്ങള്‍ ഹര്‍ഷാരവത്തോടെ അംഗീകരിച്ചു.
സാമ്പത്തിക - ബിസിനസ് തലങ്ങള്‍
ജി 20 ഫിനാന്‍സ് ട്രാക്ക് ആഗോള സാമ്പത്തികവിഷയങ്ങള്‍ ചര്‍ച്ചചെയ്യും.
കൂടുതല്‍ സുസ്ഥിരമായ ആഗോള സാമ്പത്തിക പരിഷ്‌കാരങ്ങള്‍, അന്താരാഷ്ട്ര നികുതിവ്യവസ്ഥകള്‍, സുസ്ഥിരധനകാര്യം, വിവിധ ധനസഹായങ്ങള്‍, അടിസ്ഥാനവികസന നിക്ഷേപമാനദണ്ഡങ്ങള്‍ എന്നിവയൊക്കെ ഫിനാന്‍സ് ട്രാക്കിന്റെ പഠനനിര്‍ദേശങ്ങളില്‍പ്പെടും.
ജി 20 രാജ്യങ്ങളിലെ ബിസിനസ്‌സമൂഹത്തെ പ്രതിനിധീകരിക്കുന്നതാണ് 2010 ല്‍ സ്ഥാപിതമായ ബി 20. അംഗരാജ്യങ്ങളിലെ പ്രമുഖ കമ്പനികളും ബിസിനസ്സ് സ്ഥാപനങ്ങളും സംഘടനകളും ഇതില്‍പ്പെടും. ഉദ്യോഗസ്ഥ പഠന നിര്‍ദേശങ്ങളോടൊപ്പം ബിസിനസ് ഗ്രൂപ്പുകളുടെ നിര്‍ദേശങ്ങളും ജി 20 ഉച്ചകോടിയില്‍ ഏറെ നിര്‍ണായകമാണ്. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി ജി 20 യില്‍ ഇന്ത്യയുടെ ബിസിനസ്സ് 20 സെക്രട്ടറിയായി പ്രവര്‍ത്തിച്ച് രാജ്യത്ത് വിവിധ കേന്ദ്രങ്ങളില്‍ ചര്‍ച്ചകളും സെമിനാറുകളും സംഘടിപ്പിച്ചുവരുന്നു. ആഗോള സാമ്പത്തിക വ്യാപാരതലങ്ങളില്‍ ബിസിനസ്സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ നിലപാടുകളും കാഴ്ചപ്പാടുകളുമാണ് ബിസിനസ്സ് 20 ലക്ഷ്യമിടുന്നത്.
റഷ്യയും ചൈനയും ഒരുമിക്കുമ്പോള്‍
റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങിന്റെയും മോസ്‌കോയിലെ ക്രെംലിനില്‍ 2023 മാര്‍ച്ച് 21 നു നടന്ന കൂടിക്കാഴ്ചയെത്തുടര്‍ന്നുള്ള സംയുക്തപ്രസ്താവന ജി 20 ഉച്ചകോടിയെ ഏറെ സ്വാധീനിക്കും. ജി 20 യില്‍ യുക്രെയ്ന്‍ പ്രതിസന്ധി ചര്‍ച്ചചെയ്യാന്‍ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണിവര്‍.
റഷ്യയ്‌ക്കെതിരേ കൂടുതല്‍ ഉപരോധങ്ങള്‍ ജി 20 യില്‍ ചര്‍ച്ചചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നുള്ള നിലപാടാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ജി 20 രാജ്യങ്ങളുടെ വളര്‍ച്ച ലക്ഷ്യമാക്കുന്ന സാമ്പത്തികഫോറമാണെന്നുള്ള ന്യായവാദവുമുണ്ട്. യുദ്ധവും അധിനിവേശവും അവസാനിപ്പിക്കാന്‍ സംഭാഷണത്തിനും നയതന്ത്രത്തിനുമുള്ള ആഹ്വാനമാണ് ഇന്ത്യയുടെ ഭാഗത്തുനിന്നുമുള്ളത്. ഭീകരതയ്‌ക്കെതിരേയുള്ള ഉറച്ചനിലപാടുകള്‍ ഉച്ചകോടിയില്‍ ഇന്ത്യ ആവര്‍ത്തിക്കുമെന്നുറപ്പായിട്ടുണ്ട്. അടുത്തനാളുകളില്‍ വിവിധ രാജ്യങ്ങളുമായി നടത്തിയ ഉഭയകക്ഷി ചര്‍ച്ചകളില്‍ ഭീകരവാദത്തിനെതിരേയുള്ള പോരാട്ടം ഇന്ത്യയുടെ മുഖ്യവിഷയമായിരുന്നു. പ്രത്യേകിച്ച് മാര്‍ച്ച് 11 ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസുമായി നടത്തിയ ഡല്‍ഹി ഉച്ചകോടിയുടെ പ്രഖ്യാപനം ഭീകരവാദത്തിനെതിരേയുള്ള സംയുക്ത നീക്കവുമായിരുന്നു.
ഡിജിറ്റല്‍ ലോകത്തിലേക്ക്
രാജ്യാന്തരതലത്തില്‍ ഡിജിറ്റല്‍ ഉപയോഗത്തിനു വേഗവും സുതാര്യതയും കൈവരുത്തി 'വികസനത്തിനായുള്ള ഡാറ്റ' എന്ന ആശയത്തിന് അംഗരാജ്യങ്ങളില്‍ ഏറെ സ്വീകാര്യത കൈവന്നിരിക്കുന്നു. അതേസമയം, കാലങ്ങളായിത്തുടരുന്ന പാരമ്പര്യങ്ങളും സംസ്‌കാരങ്ങളും നിലനിര്‍ത്തുകയും വേണം. ഡിജിറ്റല്‍ സാങ്കേതികവിദ്യകളുടെ ശരിയായ ഉപയോഗം ദാരിദ്ര്യത്തിനെതിരായ ആഗോളപോരാട്ടത്തിനു ശക്തിവര്‍ദ്ധിപ്പിക്കുമെന്ന ബാലി ഉച്ചകോടിയിലെ ഇന്ത്യയുടെ പ്രമേയത്തിന്റെ തുടര്‍ച്ചയും തുടര്‍നടപടികളും ഡല്‍ഹിയിലുമുണ്ടാകും. ജി 20 യ്ക്ക് മുന്നോടിയായി 2023 ഫെബ്രുവരി 24 ന് ബാംഗ്ലൂരില്‍ ചേര്‍ന്ന അംഗരാജ്യങ്ങളിലെ ധനകാര്യമന്ത്രിമാരുടെയും ബാങ്ക് ഗവര്‍ണര്‍മാരുടെയും സംയുക്ത സമ്മേളനവും ചര്‍ച്ചകള്‍ക്കായി വിഷയീഭവിപ്പിച്ചത് സുസ്ഥിരവികസനം, ബഹുമുഖവികസനബാങ്കുകളെ ശക്തിപ്പെടുത്തല്‍, സമ്പദ്‌വ്യവസ്ഥയുടെ ഡിജിറ്റലൈസേഷന്‍, പണപ്പെരുപ്പമുള്‍പ്പെടെയുള്ള ആഗോള മാക്രോ ഇക്കണോമിക് പ്രശ്‌നങ്ങള്‍ എന്നിവയായിരുന്നു. ക്രിപ്‌റ്റോ കറന്‍സിയും ചര്‍ച്ചയില്‍ വന്നെങ്കിലും അംഗരാജ്യങ്ങള്‍ യോജിപ്പിലെത്തിയില്ലെന്നാണറിയുന്നത്.
ഇന്ത്യ വളര്‍ച്ചയുടെ പാതയില്‍
രാഷ്ട്രീയ വ്യാപാരമേഖലകളില്‍ പോരടിക്കുന്ന, യുദ്ധത്തിലൂടെ ഏറ്റുമുട്ടുന്ന, അതിര്‍ത്തിത്തര്‍ക്കത്തില്‍ അകല്‍ച്ചയുള്ള വിവിധ രാഷ്ട്രങ്ങള്‍ ഇന്ത്യയില്‍ ഒത്തുചേരുന്ന അപൂര്‍വനിമിഷങ്ങള്‍ ലോകം ഉറ്റുനോക്കുമ്പോള്‍ നിര്‍ണായകതീരുമാനങ്ങള്‍ക്കും പ്രഖ്യാപനങ്ങള്‍ക്കും ഇന്ത്യയുടെ നയതന്ത്രജ്ഞതയ്ക്ക് വലിയ സ്ഥാനമുണ്ട്.
വിവിധ അംഗരാജ്യങ്ങളിലെ അംഗീകാരമുള്ള പൊതുപ്രവര്‍ത്തകരുടെ പ്രതിനിധികള്‍, ജനപ്രതിനിധികളില്‍നിന്നു തിരഞ്ഞെടുക്കപ്പെട്ടവര്‍, തൊഴില്‍, ശാസ്ത്രസാങ്കേതികം, സ്ത്രീകള്‍, യുവജനം, ചിന്തകര്‍ എന്നിങ്ങനെ വിവിധ മേഖലകളിലുള്ളവരുടെ പ്രത്യേക പ്രാതിനിധ്യവും ജി 20 യെ കൂടുതല്‍ വിശാലമാക്കും.
അയല്‍രാജ്യങ്ങള്‍ സാമ്പത്തികപ്രതിസന്ധിയില്‍ തളര്‍ന്നു വീഴുമ്പോഴും പ്രതിബന്ധങ്ങളെ അതിജീവിച്ചു പ്രതീക്ഷകളുയര്‍ത്തിയുള്ള ഇന്ത്യയുടെ മുന്നേറ്റത്തിന് കൂടുതല്‍ ഊര്‍ജം പകരാന്‍ വരാന്‍ പോകുന്ന ജി 20 ഉച്ചകോടി സുവര്‍ണാവസരമാണ്.
ജി 20 രാജ്യാന്തര ഉച്ചകോടിയെ ഏറെ ഗൗരവത്തോടും അതിലേറെ പ്രതീക്ഷയോടുംകൂടിയാണ് ഇന്ത്യ കാണുന്നത്. വ്യത്യസ്താഭിപ്രായങ്ങളും നിലപാടുകളുമുള്ള രാഷ്ട്രങ്ങളെ ഒരുമിച്ചു നിര്‍ത്തുക നിസ്സാരകാര്യമല്ല. ഭീകരവാദത്തിനെതിരേയുള്ള കൂട്ടായ പ്രഖ്യാപനമുണ്ടാകുമെന്നുറപ്പാണ്. ലോകസാമ്പത്തികവ്യവസ്ഥിതിയെ തകിടം മറിക്കാതെ സംരക്ഷിക്കാനും, ലോകസുരക്ഷയോടൊപ്പം ഭക്ഷ്യസുരക്ഷ, ഊര്‍ജം, പരിസ്ഥിതി, ആരോഗ്യം തുടങ്ങി വിവിധങ്ങളായ മേഖലകളില്‍ സഹകരണവും കൂട്ടായ്മയും ഊട്ടിയുറപ്പിക്കാനുള്ള ശ്രമങ്ങളും പ്രഖ്യാപനങ്ങളും 2023 സെപ്തംബര്‍ 10 നു പ്രതീക്ഷിക്കാം.