•  27 Mar 2025
  •  ദീപം 58
  •  നാളം 4
ലേഖനം

ചെറിയാന്‍ ജെ. കാപ്പന്‍ നിര്‍ഭയനായ നേതാവ്

പാലായിലെ പാരമ്പര്യപ്രശസ്തമായ ഒരു കത്തോലിക്കാക്കുടുംബത്തില്‍ ജനനം. പാലായിലെതന്നെ സെന്റ് തോമസ് ഹൈസ്‌കൂളിലും പിന്നീട് തൃശൂര്‍ സെന്റ് തോമസ് കോളജിലും വിദ്യാഭ്യാസം. പാലാ സ്‌കൂളില്‍ ആര്‍.വി. തോമസിന്റെയും തൃശൂര്‍ കോളജില്‍ പ്രഫ. ജോസഫ് മുണ്ടശേരിയുടെയും ഇഷ്ടശിഷ്യന്‍. തിരുവനന്തപുരം ലോ കോളജില്‍നിന്നു നിയമബിരുദമെടുത്തശേഷം കോട്ടയത്തും തുടര്‍ന്ന് പാലായിലെ കോടതികളിലും വക്കീലായി പ്രാക്ടീസാരംഭിച്ചു. പി.ടി. ചാക്കോയുടെകൂടെ ജോയിന്റായിട്ടായിരുന്നു ആദ്യം. പെട്ടെന്നുതന്നെ ഒന്നാന്തരം അഭിഭാഷകനെന്നു പേരെടുക്കുകയും ചെയ്തു.
സാമുദായിക-സാമൂഹികരംഗങ്ങളില്‍ മാത്രമായിരുന്നു ആദ്യമൊക്കെ കാപ്പന്റെ പൊതുപ്രവര്‍ത്തനം. പക്ഷേ, താമസിയാതെതന്നെ സര്‍ സി.പി. യുടെ വിദ്യാഭ്യാസനയങ്ങള്‍ക്കെതിരായ പ്രക്ഷോഭണത്തില്‍ മുന്‍നിരയില്‍നിന്നു നേതൃത്വം നല്‍കിയതോടെ അദ്ദേഹത്തിനു വ്യാപകമായ ജനശ്രദ്ധ ലഭിച്ചു. തുടര്‍ന്ന്, സ്റ്റേറ്റ് കോണ്‍ഗ്രസ് സമരത്തിലും സജീവമായി. പല തവണ അറസ്റ്റും ജയില്‍വാസവുമുണ്ടായി. പാലാ രാഷ്ട്രീയത്തിലും ആര്‍.വി. തോമസിന്റെ ശിഷ്യനായിട്ടാണ് കാപ്പന്‍ പ്രവര്‍ത്തനം ആരംഭിച്ചത്. പി.ടി. ചാക്കോ, പ്രഫ. കെ.എം. ചാണ്ടി തുടങ്ങിയവരുടെ സഹപ്രവര്‍ത്തകന്‍ എന്ന നിലയിലും കാപ്പന്‍ പ്രശസ്തനായി. ദിവാന്‍ സര്‍ സിപി യുടെ 'സ്വതന്ത്രതിരുവിതാംകൂര്‍' എന്ന പുതിയ വാദത്തിനെതിരായും കാപ്പന്‍ ശക്തമായ പ്രസംഗങ്ങള്‍ നടത്തി. ദിവാന്റെ അപ്രീതി സമ്പാദിച്ചതോടെ കാപ്പനും ജയില്‍വാസയോഗമായി. 
ചെറിയാന്‍ കാപ്പന്‍ ഒന്നാന്തരം സംഘാടകനും ഉജ്ജ്വലജനപ്രിയപ്രഭാഷകനുമായിരുന്നു. സ്വാതന്ത്ര്യലബ്ധിയെത്തുടര്‍ന്നുണ്ടായ ആദ്യനിയമസഭാതിരഞ്ഞെടുപ്പില്‍ കാപ്പനും എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. നിയമസഭയിലും കാപ്പന്‍ നന്നായി തിളങ്ങി. 1954 ല്‍ പാര്‍ട്ടിയിലെ വിഭാഗീയതയുടെ ഇരയായിത്തീര്‍ന്ന കാപ്പനു സ്‌കൂളില്‍ തന്റെ ഗുരുവായിരുന്ന കെ.സി. സെബാസ്റ്റ്യനുവേണ്ടി അന്നത്തെ രാമപുരം സീറ്റു മാറിക്കൊടുക്കേണ്ടിവരുകയാണുണ്ടായത്. പ്രസ്തുത സീറ്റില്‍ കോണ്‍ഗ്രസ് അന്നു ജയിച്ചതുമില്ല. സ്വതന്ത്രനായി മത്സരിച്ച ജോസഫ് ചാഴികാടന്‍ വളരെ നേരിയ ഭൂരിപക്ഷത്തിനാണു ജയിച്ചത്. രാഷ്ട്രീയംകൊണ്ടു സമ്പാദിക്കുന്ന രീതി അന്നത്തെ നേതാക്കള്‍ക്കൊന്നും ഒട്ടും ഉണ്ടായിരുന്നില്ലല്ലോ. കാപ്പനും കടുത്ത സാമ്പത്തികക്ലേശത്തിലായിരുന്നു. ഡിസിസി പ്രസിഡന്റായിരുന്ന വകയിലും കാപ്പന്‍സാറിനു കടം കൂടിയതേയുള്ളൂ. ഇന്ത്യയിലാദ്യമായി കോണ്‍ഗ്രസില്‍ ഒരു പ്രത്യേക വനിതാവിഭാഗം രൂപീകരിക്കുവാന്‍ മുന്‍കൈയെടുത്തതും അങ്ങനെ ഒരാശയം ആദ്യമായി മുന്നോട്ടുവച്ചതും ചെറിയാന്‍ കാപ്പന്‍ സാറായിരുന്നു. എന്റെ അമ്മയോട് (മിസ്സിസ് ആര്‍.വി.) അതിന്റെ നേതൃത്വം വഹിക്കണമെന്നു നിര്‍ബന്ധമായി പറഞ്ഞതും അദ്ദേഹമായിരുന്നു. കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ അതൊരു പുതിയ അധ്യായം എഴുതിച്ചേര്‍ക്കുകയും ചെയ്തു. ഇന്ദിരാഗാന്ധി 1954 ല്‍ ആദ്യമായി പാലായില്‍ വന്നതു വനിതാകോണ്‍ഗ്രസിന്റെ ഉദ്ഘാടനത്തിനായിരുന്നു.
എന്നാല്‍, കടുത്ത സാമ്പത്തികസമ്മര്‍ദ്ദം കൊണ്ടാവണം കാപ്പന്‍സാര്‍ താമസിയാതെ തന്റെ വക്കീല്‍ പ്രാക്ടീസ് കോഴിക്കോട്ടേക്കു മാറ്റുകയാണുണ്ടായത്. അവിടെ അദ്ദേഹത്തിന്റെ ജൂനിയര്‍ വക്കീലന്മാരായിരുന്നു പില്‍ക്കാലത്തു മന്ത്രിയായ കെ.എം. മാണിയും മുനിസിപ്പാലിറ്റീസ് ഡയറക്ടറായിരുന്ന വി.എം. അഗസ്റ്റിനും. അവര്‍ രണ്ടുപേരും കോണ്‍ഗ്രസിലും കാപ്പന്‍സാറിന്റെ രാഷ്ട്രീയശിഷ്യന്മാരായിരുന്നല്ലോ. കുടുംബസാഹചര്യസമ്മര്‍ദ്ദത്തില്‍ കാപ്പനും വക്കീല്‍ ശിഷ്യന്മാരും പാലായിലേക്കു താമസിയാതെതന്നെ തിരിയെപ്പോരുകയും ചെയ്തു. 1956 ലെ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ചെറിയാന്‍ കാപ്പന്‍ മത്സരിക്കണമെന്നു നിര്‍ബന്ധിച്ചത് അന്ന് എം.പി. യായിരുന്ന ജോര്‍ജ് തോമസ് കൊട്ടുകാപ്പള്ളിയായിരുന്നു. കൊട്ടുകാപ്പള്ളിയുടെ വാര്‍ഡില്‍നിന്നുതന്നെ മത്സരിക്കാനും ആവശ്യപ്പെട്ടു. ഇലക്ഷന്‍ ജയിച്ച ചെറിയാന്‍ ജെ. കാപ്പന്‍ എതിരില്ലാതെ തന്നെ മുനിസിപ്പല്‍ ചെയര്‍മാനായി.
മുനിസിപ്പല്‍ ചെയര്‍മാന്‍ എന്ന നിലയില്‍ കാപ്പന്‍സാര്‍ പാലായ്ക്ക് ഒട്ടേറെ കാര്യങ്ങള്‍ ചെയ്തു. റോഡുകളിലെല്ലാം വഴിവിളക്കുകള്‍ സ്ഥാപിച്ചു. നഗരത്തിലെ പ്രധാന വഴികളെല്ലാം തൂത്തു വൃത്തിയാക്കാന്‍ തൂപ്പുകാരെ നിയമിച്ചു. മുനിസിപ്പല്‍ ലൈബ്രറിക്കു കെട്ടിടമുണ്ടാക്കി. മുനിസിപ്പല്‍ ബസ്സ്റ്റാന്റ് പണിയിച്ചു. പൗരപ്രമുഖനായിരുന്ന തന്റെ അയല്‍വാസിയും ആത്മസുഹൃത്തുമായിരുന്ന കട്ടക്കയം ദേവസ്യാക്കുഞ്ഞുചേട്ടനുമായി സംസാരിച്ച് അദ്ദേഹത്തെക്കൊണ്ടു സെന്റിന് ഒരു രൂപ മാത്രം വിലവച്ചാണ് മുനിസിപ്പല്‍ മാര്‍ക്കറ്റിനു സ്ഥലം വാങ്ങിച്ചത്! 
പറഞ്ഞുവന്നത്, ചെറിയാന്‍ കാപ്പന്‍സാര്‍ ചെയര്‍മാനായിരുന്ന പാലാ മുനിസിപ്പാലിറ്റിയുടെ താരതമ്യമില്ലാത്ത ആ നല്ല കാലത്തെക്കുറിച്ചാണ്. ആദ്യത്തെ ചെയര്‍മാനും സ്വന്തം രാഷ്ട്രീയഗുരുവും മീനച്ചില്‍ താലൂക്കിന്റെ രാഷ്ട്രീയാചാര്യനുമായിരുന്ന ആര്‍.വി. തോമസിന്റെ സ്മരണയ്ക്ക് മുനിസിപ്പല്‍ ആര്‍.വി. പാര്‍ക്കുണ്ടാക്കിയതും ചെറിയാന്‍ കാപ്പന്‍സാറായിരുന്നു. ഉചിതമായ ഗുരുസ്മരണ. പാലാ നഗരസഭയുടെ ഒരു സുവര്‍ണകാലമായിരുന്നു ചെറിയാന്‍ കാപ്പന്റെ ഭരണകാലം. സമാനതകളില്ലാത്തതായിരുന്നു കാപ്പന്‍സാറിന്റെ ഭരണനൈപുണ്യം. ഒരാരോപണവും കേള്‍ക്കാത്ത ഒരു കാലവും! 1962 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മൂവാറ്റുപുഴ മണ്ഡലത്തില്‍നിന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു ജയിച്ചതും കാപ്പന്‍സാറാണ്. കാപ്പന്റെ പാര്‍ലമെന്റ് പ്രസംഗങ്ങള്‍ അന്നു പ്രധാനമന്ത്രിയായിരുന്ന നെഹൃവിന്റെയും പിന്നീടുവന്ന ശാസ്ത്രിയുടെയും ഇന്ദിരാജിയുടെയും ഒക്കെ പ്രശംസ നേടിയിരുന്നു. ഒന്നാന്തരം പാര്‍ലമെന്റേറിയനുമായിരുന്നു ചെറിയാന്‍ ജെ. കാപ്പന്‍. 
ആ കാലഘട്ടത്തില്‍ത്തന്നെയാണ് കേരളത്തിലെ കോണ്‍ഗ്രസില്‍ കടുത്ത ഭിന്നതയുണ്ടായതും ഗ്രൂപ്പുതിരിവും വിഭാഗീയതയും വളരെ ശക്തമായതും. പി.ടി. ചാക്കോ മന്ത്രിസഭയില്‍ നിന്നു രാജിവച്ചു പുറത്തുപോകേണ്ട ഒരു സാഹചര്യവുംകൂടി സംഭവിച്ചതോടെ പാര്‍ട്ടിയിലെ ഉള്‍പ്പോരുകള്‍ വീണ്ടും വളരെ ശക്തമായി. കാപ്പന്‍സാര്‍ അന്ന് ചാക്കോപക്ഷത്തെ ഏറ്റവും ശക്തനായ നേതാവായിരുന്നു. ചാക്കോയുടെ അപ്രതീക്ഷിതമരണമാണ് അന്നത്തെ രാഷ്ട്രീയകാലാവസ്ഥ മാറ്റിമറിച്ചത്. അപ്പോഴും കാപ്പനായിരുന്നു ചാക്കോ ഗ്രൂപ്പിന്റെ നേതാവ്. ജനങ്ങളുടെ സഹതാപവും ചാക്കോ പക്ഷത്തോടാണെന്നു വന്നപ്പോഴാണ് നേരത്തേ പാര്‍ട്ടിയില്‍ ചാക്കോയുടെ എതിര്‍ചേരിയില്‍ നിന്നവരില്‍ ചിലര്‍കൂടി ചാക്കോ ഗ്രൂപ്പിലേക്കു പുതുതായി കടന്നുവന്നത്. ശങ്കര്‍മന്ത്രിസഭയെ മറിച്ചിടണമെന്നും പാര്‍ട്ടി പിളര്‍ത്തി റിബല്‍പാര്‍ട്ടി രൂപീകരിക്കണമെന്നും അവര്‍ വാദിച്ചു. കാപ്പന്‍ താന്‍ കോണ്‍ഗ്രസ് വിടാന്‍ തയ്യാറല്ലെന്നും പിടി ചാക്കോ തന്നെ അദ്ദേഹത്തിന്റെ മരണത്തിന്റെ തൊട്ടുമുമ്പും കോണ്‍ഗ്രസ് വിട്ടുള്ള ഒരു നീക്കവും പാടില്ലെന്നു വളരെ വ്യക്തമായി പറഞ്ഞിട്ടുള്ളതാണെന്നും പാര്‍ട്ടിയില്‍നിന്നുകൊണ്ടാണ് എതിര്‍പക്ഷത്തോടു യുദ്ധം ചെയ്യേണ്ടതെന്നും കാപ്പന്‍ ഉറച്ച നിലപാടെടുത്തു. ഡല്‍ഹിയില്‍പോയി കേന്ദ്രനേതാക്കളെക്കണ്ട് ചാക്കോവിഭാഗത്തിന് പാര്‍ട്ടിയില്‍ നീതി കിട്ടണമെന്നു വാദിച്ചു. കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന കാമരാജ് കേരളത്തില്‍വന്നു നേരിട്ടു പരാതികള്‍ കേള്‍ക്കാമെന്നു സമ്മതിക്കുകയും ചെയ്തു. പക്ഷേ, കാപ്പന്‍സാറിന്റെ അനുരഞ്ജന നീക്കങ്ങളെ അട്ടിമറിച്ചുകൊണ്ടാണ് ചാക്കോ ഗ്രൂപ്പിലെ തന്നെ ഒരു വിഭാഗം ശങ്കര്‍ മന്ത്രിസഭയെ അവിശ്വാസപ്രമേയത്തിലൂടെ മറിച്ചിടാനും റിബല്‍ എം.എല്‍.എ. മാര്‍ ചേര്‍ന്നു പുതിയ പാര്‍ട്ടി ഉണ്ടാക്കാനും തീരുമാനിച്ചത്. അതോടെ, കോണ്‍ഗ്രസിന്റെ എം.പി. യായിട്ടാണ് ജനങ്ങള്‍ തന്നെ തിരഞ്ഞെടുത്തതെന്നും താന്‍ പാര്‍ട്ടിയെ ഉപേക്ഷിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമുള്ള സ്വന്തം നിലപാട് പരസ്യമായി പ്രഖ്യാപിക്കുകയും കോണ്‍ഗ്രസില്‍ത്തന്നെ ഉറച്ചുനില്‍ക്കുകയും ചെയ്തു. വിമതഗ്രൂപ്പുമായി പിന്നിടദ്ദേഹം ഒരിക്കലും സഹകരിച്ചതുമില്ല.
പിന്നീട്, കെ.എം. ജോര്‍ജിന്റെ നേതൃത്വത്തില്‍ വിമതഗ്രൂപ്പ് ശങ്കര്‍മന്ത്രിസഭയ്‌ക്കെതിരേ അവിശ്വാസപ്രമേയത്തിന് അനുകൂലമായി നിയമസഭയില്‍ വോട്ടുചെയ്യുകയും തുടര്‍ന്നു പാര്‍ട്ടിയില്‍നിന്നുതന്നെ മാറി വേറേ പാര്‍ട്ടി രൂപീകരിക്കുകയുമായിരുന്നു. ചെറിയാന്‍ കാപ്പന്‍ തുടര്‍ന്നും കോണ്‍ഗ്രസിനോടൊപ്പം ഉറച്ചുനിന്നു. പിന്നീടുണ്ടായ 1965 ലെ തിരഞ്ഞെടുപ്പിലും കാപ്പന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കുവേണ്ടിത്തന്നെയാണ് പ്രചാരണത്തിനിറങ്ങിയത്. ചെറിയാന്‍ കാപ്പന്‍ ഒരു രാഷ്ട്രീയ അവസരവാദിയാണെന്ന് ഒരിക്കല്‍പ്പോലും അദ്ദേഹത്തിന്റെ എതിരാളികള്‍പോലും പറഞ്ഞില്ല. കടുത്ത കമ്യൂണിസ്റ്റുവിരോധിയായിരുന്നു കാപ്പന്‍. ഒരു യാഥാസ്ഥിതികനും പാരമ്പര്യവാദിയുമായിരുന്നു അദ്ദേഹമെന്നു വാദിച്ചവരുമുണ്ട്. പക്ഷേ, എല്ലാക്കാലത്തും കാപ്പന്‍സാറിന് കൃത്യമായതും വളരെ വ്യക്തമായതുമായ നിലപാടുകളുണ്ടായിരുന്നു. വിമോചനസമരത്തിന്റെ ഒരു മുന്നണിപ്പോരാളിയായിരുന്നു കാപ്പന്‍. ക്രിസ്റ്റഫര്‍ സന്നദ്ധസേന രൂപീകരിച്ചപ്പോള്‍ അതിന്റെ ക്യാപ്റ്റനായതും കാപ്പന്‍സാര്‍തന്നെ. ജനങ്ങളെ ഇളക്കിമറിക്കുന്നതായിരുന്നു ചെറിയാന്‍ കാപ്പന്റെ പ്രസംഗരീതി. നര്‍മ്മവും പരിഹാസവും കൊണ്ട് എതിര്‍പക്ഷത്തെ മുള്‍മുനയില്‍ നിര്‍ത്തുന്ന പ്രസംഗങ്ങളായിരുന്നു അവയെല്ലാം. രാഷ്ട്രീയപ്രസംഗങ്ങളില്‍ പ്രാഗല്ഭ്യം തെളിയിച്ചവരായിരുന്നു പി.ടി. ചാക്കോയും കെ.എം. ചാണ്ടിയും ചെറിയാന്‍ കാപ്പനും. 
വര്‍ത്തമാനകാലത്തിന്റെ ഒരു പ്രായോഗികപ്രയോജനം അതു നമ്മെ കഴിഞ്ഞ കാലത്തിന്റെ നന്മകളെക്കൂടി ഓര്‍മ്മിപ്പിക്കും എന്നതാണ്. പുതിയ കാലത്തെ പല നേതാക്കളും അവരുടെ തെറ്റായ മാതൃകകള്‍വഴി പഴയ കാലത്തെ നേതാക്കളുടെ മഹത്ത്വവും നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ചെറിയാന്‍ കാപ്പന്‍ ആ ഗണത്തില്‍പ്പെട്ട മഹാനായ ഒരു നേതാവായിരുന്നുവെന്നു നിസ്സംശയം പറയാന്‍ കഴിയും. പൊതുജീവിതത്തിലെ ഒരു മൂല്യപ്രതീകം. ഒരു നന്മമരം. സത്യവാദിയായ വക്കീല്‍. നേര്‍വാദിയായ നേതാവ്. ധീരനായ പോരാളി. പള്ളി മുടക്കാത്ത ഉത്തമവിശ്വാസി. പ്രാര്‍ത്ഥന മുടക്കാത്ത ഭക്തന്‍. ഏതു പ്രതിസന്ധിയിലും നിവര്‍ന്നുനിന്നിരുന്ന നിര്‍ഭയന്‍... കാപ്പന്‍സാറിന്റെ വിശേഷണങ്ങള്‍ ഒരിക്കലും അവസാനിക്കുന്നില്ല. 
ഇപ്പോള്‍ മകന്‍ മാണി സി. കാപ്പനാണ് പാലായില്‍ എംഎല്‍എ. മകന്റെ ജയം മക്കള്‍രാഷ്ട്രീയമെന്നു പറയാനും സാധ്യമല്ല. കാപ്പന്‍സാറിനു ശേഷം 60 വര്‍ഷം കഴിയുമ്പോഴാണല്ലോ മകന്‍ ആ പദവിയില്‍ വരുന്നത്. എന്നാല്‍, മകനും ഓര്‍ക്കേണ്ട ഒരു കാര്യമുണ്ട്: ഇന്നുവരെ പാലാ കണ്ട ഏറ്റവും മികച്ച ഈ നഗരപിതാവിന് ഇന്നും ഇവിടെ ഉചിതമായ ഒരു സ്മാരകം ഉണ്ടായിട്ടില്ല! കടന്നുപോയ മഹാനായ രാഷ്ട്രീയകര്‍മ്മയോഗിക്ക് ആദരപൂര്‍വ്വമായ സ്‌നേഹപ്രണാമം.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)