ഇരുത്തം വന്ന അഭിനയമികവില്‍ ഹാസ്യഭാവപ്രകടനങ്ങളുടെ ചേരുവകളെല്ലാം ചേര്‍ത്ത് മലയാളിയെ നിറുത്താതെ ചിരിപ്പിച്ച മഹാനടനു പ്രണാമം! ഇന്നസെന്റ് എന്ന പേരുതന്നെ മതിയായിരുന്നു മലയാളിയെ പൊട്ടിച്ചിരിപ്പിക്കാന്‍. മലയാളസിനിമയ്ക്ക് ''ഇന്നസെന്റായ'' ഒരു ശൈലി സമ്മാനിച്ചാണ് അദ്ദേഹം വെള്ളിത്തിരയില്‍നിന്നു പടിയിറങ്ങുന്നത്. എങ്കിലും മലയാളിയുടെ ഹൃദയത്തിന്റെ തിരശ്ശീലയില്‍ അദ്ദേഹം പൊട്ടിച്ചിരിച്ചുകൊണ്ടുതന്നെ എന്നും നിലനില്‍ക്കും.
മലയാളിയുടെ ജീവിതവുമായി എപ്പോഴും ചേര്‍ന്നുനിന്നതായിരുന്നു ഇന്നസെന്റിന്റെ കഥാപാത്രങ്ങള്‍. കല്യാണവീടുകളില്‍ പലപ്പോഴും കല്യാണരാമനിലെ മിസ്റ്റര്‍ പോഞ്ഞിക്കരയുടെ 'അല്പം ചോറിടട്ടേ' എന്ന ചോദ്യം മുഴങ്ങുന്നുണ്ടാവും. മണിച്ചിത്രത്താഴിലെ 'രാഘവോ' വിളിയും വിയറ്റ്‌നാം കോളനിയിലെ 'ഇതല്ല ഇതിനപ്പുറം ചാടിക്കടന്നവനാണീ കെ.കെ ജോസഫ്' എന്ന ഡയലോഗും മലയാളസിനിമാ സ്വാദകര്‍ വളരെയധികം ആവേശത്തോടെയാണ് ഏറ്റെടുത്തത്. 'മോന്തയ്‌ക്കൊന്നു കൊടുത്തിട്ട് കണ്ണാടി എടുത്തു കാണിച്ചു കൊടുക്കടാ, അപ്പോ കാണും മാര്‍ക്ക്' എന്നു പറയുന്ന മിഥുനത്തിലെ കെ.ടി. കുറുപ്പും ആസ്വാദകരെ ത്രസിപ്പിക്കുന്നതായിരുന്നു.
സന്തോഷം താങ്ങാനാവാതെ വെട്ടിയിട്ട വാഴ പോലെ വീഴുന്ന, ജഡ്ജി ഏമാനില്‍നിന്ന് ഒരായുഷ്‌കാലം അനുഭവിച്ച പീഡനങ്ങള്‍ക്കെല്ലാം പകരമായി, മുതലാളിയെ മത്തങ്ങാത്തലയാ എന്നു വിളിച്ച് അന്തസ്സായി ഇറങ്ങിപ്പോവുന്ന കിട്ടുണ്ണി പക്കാ ക്ലാസ്സ് ക്യാരക്ടറാണ്.
വീണുപോയിട്ടും വിട്ടുപോവാതെ നീലകണ്ഠനെ പൊതിഞ്ഞ സ്‌നേഹത്തിന്റെ പേരാണ് വാര്യര്‍. അത്ര എളുപ്പമല്ല വാര്യരാവാന്‍. എളുപ്പമാണെന്നു തോന്നുന്നത്, ആ കഥാപാത്രത്തെ അവതരിപ്പിച്ചത് ഇന്നസെന്റ് ആയതുകൊണ്ടാണ്.
കടമ്പയേതും ചാടിക്കടക്കുമ്പോള്‍ നമ്മള്‍ മറക്കാതെ വിയറ്റ്‌നാംകോളനിയിലെ കെ. കെ. ജോസഫിനെ ഓര്‍ക്കും. എത്ര ലേറ്റ് ആയാലും അര മണിക്കൂര്‍ മുമ്പു പുറപ്പെടാമെന്നു പറഞ്ഞത് മത്തായിച്ചനാണ്. ജീവിതത്തില്‍ ഒരിക്കലെങ്കിലും മാന്നാര്‍ മത്തായിയിലെ മത്തായിച്ചന്റെ ആ നമ്പര്‍ എടുത്തു പ്രയോഗിക്കാത്തവര്‍ ഉണ്ടാവുമോ? 'മത്തായിച്ചന്‍ ഉണ്ടോ?' എന്നു ചോദ്യത്തിന് 'ഇല്ല, ഉണ്ടില്ല' എന്നും ഇരുട്ടില്‍ പേടിപ്പെടുത്തുന്ന വാഴയെ നോക്കി, 'വാഴ ആണെങ്കിലും വാ തുറന്നു പറഞ്ഞുകൂടേ?' എന്നൊക്കെ ഉരുളയ്ക്ക് ഉപ്പേരിപോലെയുള്ള മറുപടികള്‍ എക്കാലത്തും മാസാണ്.
ക്യാമറയ്ക്കു മുന്നിലെത്തി 'ബബ്ബ ബബ്ബ ബ്ബ' അടിക്കേണ്ടിവരുന്ന ഓരോ സന്ദര്‍ഭത്തിലും അഴകിയ രാവണനിലെ കരയോഗം പ്രസിഡന്റിനെ ഓര്‍ക്കും, 'തോന്നയ്ക്കല്‍ പഞ്ചായത്തിലെ അരിമണികള്‍' പെറുക്കിപ്പെറുക്കി ക്ഷീണിച്ച അഭിനയമോഹിയെ ഓര്‍ക്കും.
പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയ്ന്റില്‍, പദ്മശ്രീ അല്ല, ഷെവലിയാര്‍വരെ മേടിച്ചുകൊടുക്കാന്‍ തയ്യാറായി ചൂട്ടും കത്തിച്ച് അരിപ്രാഞ്ചിക്കു മുന്നില്‍ നടക്കുന്നത് മേനോനാണ്. പ്രാഞ്ചിയുടെ കൈയില്‍നിന്ന് അടിയും വാങ്ങി തിരിച്ചിറങ്ങുമ്പോഴുള്ള സങ്കടവും ദേഷ്യവും കലര്‍ന്ന ആ മുഖഭാവവും നടപ്പുമൊക്കെ കരിങ്കല്ലിനെയും ചിരിപ്പിക്കാന്‍ പര്യാപ്തമാണ്.
കല്യാണരാമനിലെ മിസ്റ്റര്‍ പോഞ്ഞിക്കരയുടെ 'മ്യൂസിക് വിത്ത് ബോഡി മസില്‍ ഷോ' എങ്ങനെ മറക്കാനാണ്! 'അതെന്താ നിനക്കു ചോറു വേണ്ടാത്തത്, അവന്റെ അമ്മേടെ വീടിനടുത്താ എന്റെ വീട് എന്നിട്ടാ അവനെന്നോടിങ്ങനെ' തുടങ്ങിയ ഡയലോഗുകളിലൂടെ ചിരിയുടെ മേളംതന്നെയാണ് തീര്‍ക്കുന്നത്.
മണിച്ചിത്രത്താഴിലെ ഉണ്ണിത്താന്‍ ഒരു കാര്‍ട്ടൂണ്‍ കഥാപാത്രംപോലെ മലയാളിയെ കുടുകുടാ ചിരിപ്പിച്ച ഒരാളാണ്. 'അമ്മാവനോ, ആരുടെ അമ്മാവന്‍, എവിടുത്തെ അമ്മാവന്‍... അടുക്കരുത് അടുക്കക്കൂടാത്'- കാലന്‍കുടയും ചൂണ്ടിപ്പിടിച്ച് സ്ഥലം കാലിയാക്കാന്‍ ധൃതിവയ്ക്കുന്ന ആ ശരീരഭാഷയില്‍പ്പോലും ഒരഴകും ഒഴുക്കുമുണ്ട്.
മദ്യപിച്ച്, കൈയിലൊരു കോഴിയുമായി വന്നിരുന്ന് നിഷ്‌കളങ്കമായ ചോദ്യങ്ങള്‍ ചോദിച്ച് പ്രസംഗവേദിയെ അലങ്കോലമാക്കുന്ന ചാക്കോമാപ്പിള (മനസ്സിനക്കരെ) മറക്കാനാവാത്ത കഥാപാത്രമാണ്. മോഹന്‍ദാസ് കരംചന്ദ് ഗാന്ധി കിനാശ്ശേരിക്കാരനാണോ എന്ന ചാക്കോ മാപ്പിളയുടെ ചോദ്യമൊക്കെ നമ്മള്‍ എങ്ങനെ മറക്കാനാണ്!
ഈ പട്ടികയിലൊന്നും തീരുന്നില്ല ഇന്നസെന്റിന്റെ തനതുശൈലിയില്‍ പതിപ്പിച്ചുവച്ച കഥാപാത്രങ്ങള്‍. നന്ദനത്തിലെ കേശവന്‍നായര്‍, ചന്ദ്രലേഖയിലെ ഇരവിപിള്ള, വടക്കുനോക്കിയന്ത്രത്തിലെ ഉപദേശിയായ തലക്കുളം സര്‍, നാടോടിക്കാറ്റിലെ ബാലഗോപാലന്‍, സന്ദേശത്തിലെ യശ്വന്ത് സഹായി, തലയണമന്ത്രത്തിലെ ഡാനിയല്‍, ഗോഡ്ഫാദറിലെ സ്വാമിനാഥന്‍, മഴവില്‍ക്കാവടിയില്‍ ശങ്കരന്‍കുട്ടിമേനോന്‍, മിഥുനത്തിലെ ലൈന്‍മാന്‍ കെ.ടി. കുറുപ്പ്, കാബൂളിവാലയിലെ കന്നാസ്, ആറാം തമ്പുരാനിലെ എസ്‌ഐ ഭരതന്‍, കഥ പറയുമ്പോളിലെ ഈപ്പച്ചന്‍ മുതലാളി, നരനിലെ കേളപ്പേട്ടന്‍, രസതന്ത്രത്തിലെ മണികണ്ഠനാശാരി, ഇന്ത്യന്‍ പ്രണയകഥയിലെ ഉതുപ്പ് വള്ളിക്കാടന്‍, നമ്പര്‍ 20 മദ്രാസ് മെയിലിലെ ടി ടി കഥാപാത്രം തുടങ്ങി ആ നിര നീളുന്നു.
മലയാളസിനിമാസ്വാദകരുടെ മനസ്സില്‍നിന്ന് ഒരു മരണത്തിരയ്ക്കും മായ്ച്ചുകളയാനാവില്ല ഇന്നസെന്റ് എന്ന മനുഷ്യനെ. ഇടതുപക്ഷ ആശയങ്ങളോട് എന്നും അനുഭാവം പുലര്‍ത്തിയ ഇന്നസെന്റ് 2014 ലെ പതിനാറാം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സ്വതന്ത്രസ്ഥാനാര്‍ഥിയായി ചാലക്കുടി മണ്ഡലത്തില്‍നിന്നു വിജയിച്ചു. ഒരു ജനപ്രതിനിധി എന്ന നിലയില്‍ തന്റെ ഉത്തരവാദിത്വങ്ങള്‍ നൂറു ശതമാനം ആത്മാര്‍ഥതയോടെ ചെയ്തതിലുള്ള ചാരിതാര്‍ഥ്യം അദ്ദേഹം പലയിടങ്ങളിലും പ്രകടിപ്പിച്ചിട്ടുണ്ട്.
ആനച്ചന്തം ഗണപതി മേളച്ചന്തം... (ഗജകേസരിയോഗം), കണ്ടല്ലോ പൊന്‍കുരിശുള്ളൊരു... (സാന്ദ്രം) കുണുക്ക് പെണ്‍മണിയെ... (മിസ്റ്റര്‍ ബട്ട്‌ലര്‍) സുന്ദരകേരളം നമ്മള്‍ക്ക്... (ഡോക്ടര്‍ ഇന്നസെന്റാണ്) എന്നീ പാട്ടുകളിലൂടെ ഗാനാലാപനരംഗത്തും ഇന്നസെന്റ് ഇടം നേടിയിട്ടുണ്ട്.
മലയാളസിനിമാചരിത്രത്തിലെ ശുദ്ധഹാസ്യത്തിന്റെ ഒരു യുഗംതന്നെയാണ് അവസാനിച്ചിരിക്കുന്നത്. മലയാളവും മലയാളിയും ഉള്ളിടത്തോളം കാലം എന്നും ഓര്‍മിക്കപ്പെടുന്ന അതുല്യകലാകാരനു വിട!