വളരെക്കാലമായി എനിക്ക് ആ പെണ്‍കുട്ടിയെ ഇഷ്ടമാണ്. അവളെ അറിയുമ്പോള്‍ നിങ്ങളും അവളെ സ്‌നേഹിച്ചുതുടങ്ങും. വാക്കിന്റെ അഭാവംകൊണ്ട് ഉള്ളില്‍ നിറഞ്ഞുനില്‍ക്കുന്ന വരികള്‍ എഴുതാന്‍ എനിക്കു കഴിയുന്നില്ല. ആര്‍പ്പുവിളികളുടെയും മര്‍ദനങ്ങളുടെയും നടുവില്‍, അയാളെ കണ്ടുമുട്ടിയപ്പോള്‍ അവള്‍ക്കു സ്വയം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. പാരമ്പര്യവിചാരങ്ങളില്‍ അവള്‍ ''വേറോണിക്ക'' എന്നു വിളിക്കപ്പെടുന്നു. കൊലക്കളത്തിലേക്കു വലിച്ചിഴയ്ക്കപ്പെടുന്ന ഈശോയുടെ അടുക്കലേക്ക് മരിക്കാന്‍ തയ്യാറെടുത്തുകൊണ്ടുതന്നെയാണ് അവള്‍ ചെന്നതും ആ മുഖം തുടച്ചതും. ഒന്നിച്ചു വിരുന്നുത്സവങ്ങളില്‍ പങ്കെടുത്തവരും അപ്പം വര്‍ധിപ്പിച്ചപ്പോള്‍ കൂടെയുണ്ടായിരുന്നവരും കഴിച്ചവരും അവിടുന്നു നല്‍കിയ സൗഖ്യം അനുഭവിച്ചവരുമായ ആര്‍ക്കും തോന്നിയില്ലല്ലോ ഈശോയെ സഹായിക്കാനും കൂടെനില്‍ക്കാനും എതിരാളികളെ നേരിടാനും. 'വേറോണിക്ക' - അവള്‍ക്കു മാത്രമേ അതിനു കഴിഞ്ഞുള്ളൂ. അയാളുടെകൂടെ നിന്നാല്‍ ഒരുപക്ഷേ, താന്‍ എല്ലാവരാലും വെറുക്കപ്പെട്ടേക്കാം, അപമാനിതനായേക്കാം, സല്‍പ്പേരു നഷ്ടപ്പെട്ടേക്കാം, മരണംതന്നെ സംഭവിച്ചേക്കാം. ഇതൊക്കെയാകാം അവരെ നിരുത്സാഹപ്പെടുത്തിയ കാര്യങ്ങള്‍. ഇത്തരം വിചാരങ്ങളെ നമുക്ക് എങ്ങനെ 'സ്‌നേഹം' എന്നു വിളിക്കാനാകും?
കറപുരളാത്ത സീതയെ കളങ്കിത എന്നു സംശയിക്കുകയും അപവാദം ഭയന്ന് രാമന്‍ അവളെ കാട്ടില്‍ ഉപേക്ഷിക്കുകയും ചെയ്തത് രാമായണത്തില്‍ നാം കണ്ടെത്തുന്നു. കാലികലോകവും ഇങ്ങനെയൊക്കെത്തന്നെ. പലരും 'സ്‌നേഹി'ക്കുകയല്ല 'സ്‌നേഹം' അഭിനയിക്കുക മാത്രമാണു ചെയ്യുന്നത്. കൂടെക്കഴിയുന്നവന്റെ വേദനകളെ നാം വ്യാഖ്യാനിക്കുന്നത് സംശയത്തിന്റെ കണ്ണടവച്ചുതന്നെ.
1944 ലാണ് സംഭവം. ജര്‍മന്‍ഭടന്മാരെ റഷ്യന്‍പട്ടാളക്കാര്‍ റോഡിലൂടെ വലിച്ചിഴച്ചുകൊണ്ടുപോകുന്നു. 'ജര്‍മന്‍പട്ടികളേ' എന്നുവിളിച്ച് ആക്ഷേപിക്കുന്നു. പെട്ടെന്നാണ് അതു സംഭവിച്ചത് - നിരോധനാജ്ഞലംഘിച്ച്, കേവലം ഒമ്പതു വയസ്സുള്ള ഒരു കൊച്ചുപെണ്‍കുട്ടി മുന്നോട്ടുവന്ന് തന്റെ കൈയിലിരുന്ന റൊട്ടിക്കഷണം അവശനായ ഒരു ഭടന്റെ വായിലേക്കു വച്ചുകൊടുത്തു. കരളലിയിക്കുന്ന ആ രംഗം കണ്ടു പടയാളികള്‍പോലും അദ്ഭുതപ്പെട്ടു. ഓര്‍ക്കുക, സ്‌നേഹം പ്രതിബന്ധം അറിയുന്നില്ല. പാരമ്പര്യങ്ങളുടെ ഇടനാഴികളില്‍വച്ചു കണ്ടുമുട്ടിയ വേറോണിക്ക ഇവളല്ലേ? അപരന്റെ ചെളിപുരണ്ട കൈ തുടയ്ക്കാന്‍ തന്റെ വെള്ളയങ്കി നീട്ടിക്കൊടുക്കാനായാല്‍ അതാണു കരുണ.
ഇന്നും ക്രിസ്തു വഴിയോരങ്ങളിലൂടെ വലിച്ചിഴയ്ക്കപ്പെടുന്നു, ക്രൂരമായി മര്‍ദിക്കപ്പെടുന്നു. എന്നാല്‍, ഇവിടെ പ്രതിബന്ധങ്ങളെ മറികടക്കാന്‍, നിരോധനാജ്ഞ ലംഘിക്കാന്‍, തന്റെ സല്‍പ്പേരിനെ മുറുകെപ്പിടിക്കാതെ അപമാനം സഹിക്കാന്‍, തയ്യാറായി ഇവിടെ വേറോണിക്കമാരില്ല എന്നത് കാലത്തിന്റെ സങ്കടം. തന്റെ മുന്നിലിഴയുന്ന ക്രിസ്തുവിന്റെ മുറിപ്പാടുകള്‍ വച്ചുകെട്ടാന്‍, ആ മുഖം തുടയ്ക്കാന്‍, തന്റെ സാഹചര്യങ്ങളും സാധ്യതകളും ഒളിപ്പിച്ചുവച്ച് വേറോണിക്കമാര്‍ ഇന്നും തടവില്‍ത്തന്നെ എന്നു പറയാതെ വയ്യ.
ഇനി ആലോചിക്കൂ, ആര്‍ക്കാണു 'സ്‌നേഹം?' ആരോടാണു 'സ്‌നേഹം?' അകലേക്കു മറയുന്നവരുടെ വിചാരങ്ങളില്‍ തങ്ങള്‍ ഉണ്ടാകുമോ എന്ന ഭയത്തില്‍ നിന്നാണല്ലോ സ്‌നേഹത്തിന്റെ എല്ലാ യാചനകളും മുളപൊട്ടുന്നത്. പിരിയുംനേരം ഹിഡുംബി ഭീമസേനനു സമ്മാനിക്കുന്ന വിചിത്രമായ ദര്‍പ്പണത്തിനു പിന്നിലെ വികാരം എന്തായിരിക്കാം? 'തന്നെ ഓര്‍മിക്കണം' എന്ന ഒരേയൊരു കാര്യംമാത്രമായിരിക്കില്ലേ? 'ഛായാമുഖി' എന്ന ആ കണ്ണാടിയുടെ ഉള്ളില്‍ തെളിയുന്നത് അതിനെ നോക്കുന്നയാളല്ല അയാളുടെ ഉള്ളില്‍ കൊണ്ടുനടക്കുന്ന ഏറ്റവും പ്രിയപ്പെട്ട ആളുടെ മുഖമാണ്. അതുകൊണ്ടാണ് ഹിഡുംബി അതു ഭീമനു സമ്മാനിച്ചത്. ആരും കാണാതെയല്ല സ്‌നേഹിക്കേണ്ടത്. എല്ലാവരും കാണ്‍കെ വേണം സ്‌നേഹിക്കാന്‍. പ്രിയപ്പെട്ടവര്‍ നിന്നുകത്തുമ്പോള്‍, അപവാദം സഹിക്കുമ്പോള്‍, സംശയിക്കപ്പെടുകയും കുറ്റപ്പെടുത്തുകയും ചെയ്യുമ്പോള്‍, തെറ്റിദ്ധരിക്കപ്പെടുകയും മാറ്റിനിര്‍ത്തപ്പെടുകയും ചെയ്യുമ്പോള്‍, അവര്‍ക്കുവേണ്ടി ഒരു വാക്കുപോലും പറയാത്ത എന്റെ സ്‌നേഹം അഴുകിയ സ്‌നേഹമാണെന്നു തിരിച്ചറിയാം. നമുക്കു സ്‌നേഹത്തെ അഴകുള്ളതാക്കാം.