•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

മൂന്നാംപക്കം

''എന്റെ ദൈവമേ, എന്തിന് നീ എന്നെ കൈവിട്ടു?'' എന്ന നിലവിളിയില്‍ നിലച്ചുവെന്നു കരുതിയ സംഗീതം ഭൂമിക്കു തിരികെക്കിട്ടിയതിന്റെ ആഘോഷം. ഏതു  രാവും പുലരുമെന്നും ഏതു മഴയും തോരുമെന്നും ഉറപ്പേകുന്ന നാളെയുടെ പ്രത്യാശാഗീതം. 

ഒരു  മഴയും തോരാതിരുന്നിട്ടില്ല
ഒരു കാറ്റും അടങ്ങാതിരുന്നിട്ടില്ല
ഒരു രാവും പുലരാതിരുന്നിട്ടില്ല
ഒരു നോവും കുറയാതിരുന്നിട്ടില്ല

എന്ന പ്രസിദ്ധമായ വരികളുടെ  ഓര്‍മപ്പെടുത്തലാണ് ഈസ്റ്റര്‍.
ഒരു രാവിന് ഒരു പ്രഭാതമുണ്ട്. കുരിശുമരണമാകുന്ന 'തുരങ്കത്തിന്റെ ഇരുളടഞ്ഞ അറ്റത്തെ വെളിച്ചമാണ്' ഈസ്റ്റര്‍. പ്രത്യാശ എന്ന തുരുത്തിലാണ് ജീവന്റെ നിലനില്പ്. ഇരുട്ടില്‍നിന്നു വെളിച്ചത്തിലേക്കുള്ള ഒരു കിളിവാതില്‍ -  അതാണ് ഈസ്റ്റര്‍. ഒരു ഇരുളും ശാശ്വതമല്ല എന്നോര്‍മിപ്പിക്കുന്ന ഉയിര്‍പ്പ്. പ്രതീക്ഷയുടെ ഒലിവുമരം.
ഇത് ഏപ്രില്‍മാസം. മാസങ്ങളില്‍ ഏറ്റവും ക്രൂരമായ മാസം എന്ന് റ്റി.എസ്. എലിയറ്റ് വിശേഷിപ്പിച്ച മാസം. ദൈവപുത്രന്റെ കുരിശുമരണത്തിന്റെ മാസമാണ് ഏപ്രില്‍. പ്രക്ഷുബ്ധതകളിലെ പ്രത്യാശയുമാണ് ഏപ്രില്‍. ഒരു പുതിയ ആകാശവും പുതിയ ഭൂമിയും നമ്മെ കാത്തിരിക്കുന്നുവെന്ന് ഓര്‍മിപ്പിക്കുന്ന ഈസ്റ്ററിന്റെ മാസം.
'മനുഷ്യാ നീ മണ്ണാകുന്നു, മണ്ണിലേക്കുതന്നെ മടങ്ങുക' എന്ന തിരുവചനത്തിലൂടെ നമ്മുടെ സൃഷ്ടിയെയും അന്ത്യത്തെയും ഓര്‍മിപ്പിക്കുന്ന വിഭൂതിത്തിരുനാളോടെ ആരംഭിക്കുന്ന കഠിനമായ അമ്പതുനോമ്പ് വിശ്വാസികളെ സ്‌നേഹത്തിന്റെയും സഹനത്തിന്റെയും പ്രതീക്ഷയുടെയും നേര്‍സാക്ഷികളാകുന്നു. ത്യാഗവും സ്‌നേഹവുംകൊണ്ട് ദൈവത്തോടൊപ്പം വസിക്കാന്‍ ശ്രമിക്കുന്ന ഈ നോമ്പുകാലത്ത് കുരിശിന്റെ വഴിയിലൂടെ പീഡാനുഭവസ്മരണകഥ വേദനയോടെ അയവിറക്കി മുന്നോട്ടുപോകുന്നു, വിശ്വാസികള്‍. കുരുത്തോലപ്പെരുന്നാളോടെ തുടങ്ങുന്ന വിശുദ്ധവാരം ആത്മീയതയുടെ അന്തരീക്ഷം വീടുകളില്‍ സൃഷ്ടിക്കുന്നു. എളിമയുടെ നറുംതേന്‍ തുളുമ്പുന്ന കാല്‍കഴുകല്‍ശുശ്രൂഷയാണ് പെസഹാദിനാചരണത്തില്‍ പ്രധാനം. ശിഷ്യന്മാരുടെ കാല്‍കഴുകി ചുംബിക്കുന്ന യേശുദേവന്‍ പ്രസരിപ്പിച്ച എളിമയുടെ പാഠങ്ങള്‍ മാനവരാശിക്ക് എന്നും മുതല്‍ക്കൂട്ടാണ്. പുളിപ്പില്ലാത്ത അപ്പം മുറിച്ച് 'ഇതെന്റെ ശരീരമാകുന്നു' എന്നു പറഞ്ഞ് യേശു ശിഷ്യന്മാര്‍ക്കു കൊടുത്ത അനുഭവം പങ്കുവയ്ക്കുന്നത് പെസഹാ അപ്പവും പാലും ഭക്ഷിച്ചുകൊണ്ടാണ്. വീട്ടിലെ കാരണവര്‍ ഭക്തിയോടെ പ്രാര്‍ഥിച്ചു മുറിച്ചു നല്‍കുന്ന അപ്പം വിശ്വാസികളുടെ മനസ്സില്‍ ഒരു ദിവ്യാനുഭവം ഒരുക്കുന്നു. ദുഃഖവെള്ളിയാഴ്ചദിനത്തില്‍, 2000 വര്‍ഷങ്ങള്‍ക്കുമുമ്പു നടന്ന കുരിശുമരണം അതിന്റെ എല്ലാ തീവ്രതയോടുംകൂടി തിരുക്കര്‍മങ്ങളിലൂടെ വീണ്ടും അനുഭവിക്കുന്നു. വിപുലമായ കുരിശിന്റെ വഴി, കയ്പുനീര്‍ കുടിക്കല്‍ എന്നിവ ഉള്‍പ്പെടുന്ന ശുശ്രൂഷകള്‍ കുരിശുമരണത്തിന്റെ ഓര്‍മയെ അര്‍ഥവത്താക്കുന്നു. പണ്ടുകാലങ്ങളില്‍ ക്രിസ്തീയകുടുംബങ്ങളില്‍നിന്ന് പകല്‍ മുഴുവന്‍ പുത്തന്‍പാന ഉയര്‍ന്നുകേട്ടിരുന്നു. യേശുക്രിസ്തുവിന്റെ പീഡാനുഭവവും കുരിശുമരണവും ഒരു പ്രത്യേക ഈണത്തില്‍ പാടി വായിച്ചിരുന്നു. മുതിര്‍ന്നവര്‍ കര്‍ശനമായി പാലിച്ചിരുന്ന ഒന്നാണ് അന്നേദിവസം ഒരുനേരംമാത്രം ആഹാരം എന്ന രീതി. ചമ്മട്ടികളാല്‍ അടിക്കപ്പെട്ട്, കുന്തത്താല്‍ കുത്തപ്പെട്ട്, ആണികളാല്‍ തറയ്ക്കപ്പെട്ട് മരക്കുരിശിലേറിയ മരണം. ഭൂമിയെ ആകെ അന്ധകാരത്തിലാക്കിയ മരണം. സൂര്യന്‍പോലും മുഖം മറച്ചു. പക്ഷേ, ഈ സൂര്യാസ്തമയത്തിലും പ്രതീക്ഷയുടെ ഒരു വിത്ത് മറഞ്ഞിരിപ്പുണ്ടെന്നു തെളിയിക്കുന്നതാണ് മൂന്നാംപക്കത്തെ ഉയിര്‍പ്പ്. മൂന്നാംനാള്‍ ഈ വിത്തില്‍നിന്നു പൊട്ടിമുളയ്ക്കുന്ന ഒരായിരം പുല്‍നാമ്പുകള്‍. ഈ വിത്ത് കൊയ്ത്തായി മാറുന്നതാണ് ഈസ്റ്റര്‍. 'എന്റെ ദൈവമേ, എന്തിന് നീ എന്നെ കൈവിട്ടു?' എന്ന നിലവിളിയില്‍ നിലച്ചുവെന്നു കരുതിയ സംഗീതം, ഭൂമിക്കു തിരികെക്കിട്ടിയതിന്റെ ആഘോഷം. ഏതു  രാവും പുലരുമെന്നും ഏതു മഴയും തോരുമെന്നും ഉറപ്പേകുന്ന നാളെയുടെ പ്രത്യാശാഗീതം. 
പീഡാനുഭവത്തിന്റെയും ത്യാഗത്തിന്റെയും കയ്പുനീര്‍ കുടിച്ച ദിനങ്ങളെ പ്രത്യാശയുടെ വെള്ളിക്കിരണങ്ങള്‍ കൊണ്ടുപൊതിഞ്ഞ് ഉയിര്‍പ്പെത്തുമ്പോള്‍ അത് ഒരു പൂര്‍ണമായ  ഉയിര്‍ത്തെഴുന്നേല്പാണ് - ആത്മീയമായും ഭൗതികമായും. വിഭവസമൃദ്ധമായ സദ്യയോടെ കുടുംബാംഗങ്ങളെല്ലാം സ്‌നേഹച്ചരടില്‍ കോര്‍ത്തൊരുക്കുന്ന സ്‌നേഹവിരുന്ന് ആഘോഷത്തിനു കൊഴുപ്പേകിയിരുന്നു. ദൈവത്തിനുവേണ്ടി സഹനവീഥിയിലൂടെ നടത്തിയ ആത്മീയയാത്രയുടെ അവസാനവെടി പൊട്ടിയിരുന്നത് കുടുംബക്കൂട്ടായ്മകളിലായിരുന്നു. അതാണ് എന്റെ ഓര്‍മയിലെ നിറമുള്ള ഈസ്റ്റര്‍.
കാലം മാറിയപ്പോള്‍ തടുക്കനാവാത്തവിധം മാറ്റങ്ങള്‍ പ്രത്യക്ഷപ്പെട്ടു. ലഘൂകരിക്കപ്പെട്ട ആചാരങ്ങളും നിറപ്പകിട്ടാര്‍ന്ന ആഘോഷങ്ങളുമാണല്ലോ കാലത്തിന്റെ കുത്തൊഴുക്കില്‍ വന്നുഭവിച്ചത്. തീവ്രമായ ആചാരങ്ങളോടുള്ള വിമുഖത, കായികാധ്വാനത്തോടുള്ള താത്പര്യക്കുറവ്, കുടുംബബന്ധങ്ങളുടെ ബലക്ഷയം തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ ഈസ്റ്ററിന്റെ ആത്മീയതയ്ക്കും ഭൗതികാഘോഷത്തിനും മങ്ങലേല്പിച്ചു. ആഘോഷങ്ങള്‍ വീടിന്റെ അകത്തളങ്ങളില്‍നിന്ന് ഹോട്ടലുകളുടെ തീന്‍മേശയിലേക്കു മാറി. പെസഹാഅപ്പം റൊട്ടിക്കു വഴിമാറിക്കൊടുത്തു. ആണ്ടിലൊരിക്കല്‍മാത്രം ലഭിക്കുന്ന പെസഹാ അപ്പത്തിനുവേണ്ടി കാത്തിരുന്ന ഞങ്ങളുടെ അടുത്ത തലമുറയ്ക്ക് അതിനോടു പ്രതിപത്തിയില്ലാതായി. ആചാരങ്ങളെ ആഘോഷങ്ങളാക്കിമാറ്റുന്ന ഇന്നിന്റെ രീതി പക്ഷേ, മറ്റൊന്നാണ്. വ്യക്തിഗത ആചാരങ്ങളില്‍നിന്ന് സമൂഹതലത്തിലുള്ള ആഘോഷങ്ങള്‍. ദൈവാലയം നിറയെ ആളുകള്‍, സമൂഹപെസഹാദിനാചരണങ്ങള്‍ ഇവ പുതിയ രീതികളാണ്. കുരിശിന്റെ വഴി പള്ളിയങ്കണം കടന്ന് പൊതുവഴിയിലേക്കിറങ്ങിക്കഴിഞ്ഞു. ഇത് ആത്മീയതയുടെ മുന്നേറ്റമാണോ അതോ മതാനുഷ്ഠാനങ്ങള്‍ ശക്തിപ്പെടുത്തലാണോ - തിരിച്ചറിയുക വിഷമകരം. ചുറ്റിലും അരങ്ങേറുന്ന മതതീവ്രതയ്‌ക്കൊപ്പം എത്താനുള്ള വെമ്പലാണോ? അറിയില്ല. ആഗ്രഹത്തിന്റെ അതിര്‍വരമ്പുകടന്ന് അത്യാഗ്രഹത്തിലെത്തി നില്‍ക്കുന്ന ഇന്നത്തെ ജീവിതങ്ങള്‍ക്ക് താങ്ങാനാവാത്ത ദുഃഖഭാരമാണോ നിറയുന്ന ദൈവാലയങ്ങള്‍ക്കു പിന്നില്‍? 
'ഇവിടെ അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല' എന്നെഴുതി വച്ചാല്‍ അവസാനിക്കും ഈ തിക്കും തിരക്കും എന്നു വായിച്ചതോര്‍മവരുന്നു. ഈ അനുഷ്ഠാനങ്ങള്‍ക്കപ്പുറം മനുഷ്യമനസ്സില്‍ ക്രൂശിതനായ യേശുവുണ്ടോ? മാറിവരുന്ന മഴയിലും വെയിലിലും ഗുരുവിനോടൊപ്പം ഇരിക്കാനാവുന്നുണ്ടോ ഇന്നത്തെ ശിഷ്യര്‍ക്ക് എന്നാണ് പ്രസക്തമായ ചോദ്യം.
എല്ലാ ചോദ്യങ്ങള്‍ക്കപ്പുറവും പക്ഷേ, ഉയര്‍ന്നുവരുന്ന പ്രത്യാശയുടെ ഒലിവുമരമാണ് ഈസ്റ്റര്‍. നാളെ എന്ന മോഹിപ്പിക്കുന്ന പദം. മൂന്നാംപക്കം.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)