•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

പീഡാനുഭവവെള്ളിയിലെ പാട്ടുവഴികള്‍

''ഗാഗുല്‍ത്താമലയില്‍നിന്നും
വിലാപത്തിന്‍ മാറ്റൊലി കേള്‍പ്പൂ
ഏവമെന്നെ ക്രൂശിലേറ്റുവാന്‍
അപരാധമെന്തു ഞാന്‍ ചെയ്തൂ.''
ക്രിസ്തുവിന്റെ പീഡാനുഭവത്തെ ധ്യാനിക്കുന്ന ഏതൊരാളുടെയും ഉള്ളുലയ്ക്കുന്ന അനശ്വരഗാനത്തിന്റെ ആദ്യവരികളാണിത്. ഒമ്പതു ചരണങ്ങളിലൂടെ പൂര്‍ത്തിയാകുന്ന ഈ ഗാനം 1977 ലാണ് പിറവികൊണ്ടത്. ഫാദര്‍ ആബേല്‍ സിഎംഐ രചിച്ച്, ഒ.വി. റാഫേല്‍ സംഗീതം നല്‍കി, യേശുദാസ് ആലപിച്ച ഈ വരികള്‍ ദുഃഖവെള്ളിയുടെ മുഴുവന്‍ ഭാവതരംഗങ്ങളെയും ശ്രോതാക്കളിലേക്കു സന്നിവേശിപ്പിക്കാന്‍ പര്യാപ്തമാണ്. വിശുദ്ധകുരിശിനെ നമിച്ചുകൊണ്ടാണ് ഗാനമവസാനിക്കുന്നത്: 
വിജയപ്പൊന്‍കൊടി പാറുന്നു
വിശുദ്ധി തന്‍ വെണ്മ വീശുന്നു
കുരിശേ നിന്‍ ദിവ്യപാദങ്ങള്‍
നമിക്കുന്നു സാദരം ഞങ്ങള്‍.
ദുഃഖവെള്ളിയെന്നു വിശേഷിപ്പിക്കുന്ന പീഡാനുഭവവെള്ളിക്ക് ഇംഗ്ലീഷില്‍ 'ഗുഡ്‌ഫ്രൈഡേ' എന്നാണ് നാമധേയം. മനുഷ്യകുലത്തെ സംബന്ധിച്ച് ഇത്ര നല്ല വെള്ളി വേറേയില്ല. ലോകത്തിനു നിത്യരക്ഷ കൈവന്ന ദിവസത്തെ ഇങ്ങനെതന്നെയല്ലേ വിളിക്കേണ്ടത്? വെള്ളിയുടെ തിളക്കമല്ല, പൊന്നിന്റെ മാറ്റാണ് ദുഃഖവെള്ളിക്കുള്ളത്. ദൈവാലയങ്ങളില്‍ അന്നേദിനം നടത്തുന്ന തിരുക്കര്‍മങ്ങളിലെ ഈ ഗാനം എത്രയോ അര്‍ഥവത്താണ്! 
'കഴിയുമെങ്കിലീപ്പാനപാത്രമെന്‍
പ്രിയതാതാ, മാറ്റിത്തരണമേ'
താണു ദൈവത്തിന്‍ സൂനു ഭൂമിയില്‍
വീണു താതനോടര്‍ഥിച്ചു.
ജീവനേകാന്‍ വന്നവന്റെ ജീവനെടുത്ത ലോകഗതിയെ ഓര്‍മിക്കുന്ന മറ്റൊരു ഗാനമിങ്ങനെ തുടങ്ങുന്നു: 
സ്വന്തം ജനങ്ങള്‍ക്കു ജീവനേകാന്‍
സര്‍വേശനന്ദനന്‍ ഭൂവില്‍ വന്നു;
കുരിശാണാനാഥനായ് തീര്‍ത്തു ലോകം
വ്യഥയാണാനാഥനില്‍ ചേര്‍ത്തു ലോകം.
എന്നാല്‍ കുരിശ് ശിക്ഷയല്ല, രക്ഷയാണു നല്‍കുന്നത്. അതുകൊണ്ട് നാമിങ്ങനെ പാടുന്നു:
കുരിശിനാലേ ലോകമൊന്നായ് വീണ്ടെടുത്തവനേ,
താണു ഞങ്ങള്‍ വണങ്ങുന്നു ദിവ്യപാദങ്ങള്‍.
കുരിശില്‍ മരിച്ചവന്‍ കള്ളനോ കിരാതനോ അല്ല, മാനവന്റെ നിത്യകാലത്തേക്കുമുള്ള പ്രതീക്ഷയാണ്. അതറിയുന്നതുകൊണ്ടാണ് ഇപ്രകാരം നാം ആലപിക്കുന്നത്: 
ദൈവസൂനോ, ലോകനാഥാ, 
കുരിശിനാല്‍ മര്‍ത്ത്യനെ വീണ്ടെടുത്തു നീ.
നവ്യരാജ്യം ചേര്‍ന്നിടുമ്പോള്‍
കനിവിയന്നു ഞങ്ങളേയുമോര്‍ത്തിടേണമേ. 
രക്ഷയുടെ അടയാളമായ കുരിശ് മഹത്ത്വമണിഞ്ഞ ദിവസംകൂടിയാണീ വെള്ളിയാഴ്ച. വിശുദ്ധ കുരിശിനെ വന്ദിക്കുന്നതാണീ ഗീതം:
കുരിശിലെ ബലിയാല്‍ മനുജനു ജീവന്‍ നല്‍കിയ നാഥാ
വിനയമൊടങ്ങേ തൃപ്പാദങ്ങള്‍ വന്ദിക്കുന്നു
**** ****
നിത്യമഹത്ത്വം പുല്‍കിയ കുരിശേ, മോഹനകുരിശേ
നീ താനല്ലോ പരമയുഗത്തിന്‍ വിരികളുയര്‍ത്തി.
നോമ്പുകാലം മുഴുവന്‍ ആലപിച്ചുപോരുന്നവയാണല്ലോ കുരിശിന്റെ വഴിയിലെ ഗാനങ്ങള്‍. പ്രധാനമായും രണ്ടു കുരിശിന്റെ വഴികളാണ് മലയാളത്തില്‍ പ്രചാരത്തിലുള്ളത്. ആദ്യത്തേത് ഫാദര്‍ ജോസഫ് മാവുങ്കല്‍ രചനയും സംഗീതവും നിര്‍വഹിച്ചതാണ്. അതിലെ പ്രാരംഭഗീതമിങ്ങനെയാണ്:
ഈശോയേ, ക്രൂശും താങ്ങി
പോയ നിന്റെ അന്ത്യയാത്രയതില്‍
കന്നിമേരിയമ്മയോടും
ചേര്‍ന്നുനിന്നെയനുഗമിച്ചീടുന്നു ഞങ്ങള്‍.
സ്വര്‍ഗ്ഗീയമാര്‍ഗ്ഗമിതില്‍
നീ ചൊരിഞ്ഞ രക്തത്തുള്ളികളാം
രത്‌നങ്ങളെ ശേഖരിക്കാന്‍
നീ തുണയ്ക്ക, നിനക്കവ കാഴ്ചവച്ചീടാം.
പ്രാരംഭഗാനവും സമാപനഗാനവും പതിന്നാലു സ്ഥലങ്ങളിലെ ഗാനങ്ങളും ഉള്‍പ്പെടെ പതിനാറു ഗാനങ്ങളാണ് ഇതിലുള്ളത്. കുരിശിന്റെ വഴി ജനകീയമാക്കിയതില്‍ ഈ പാട്ടുകളുടെ സ്ഥാനം ചെറുതല്ല. ഇതിലെ അവസാനവരികള്‍ നോക്കൂ:
മാതാവേ, ഞങ്ങള്‍ ചെയ്ത
പുണ്യയാത്രയിതില്‍ വന്നുപോയ
തെറ്റുകളെ  നീക്കിയത്
നിന്റെ പുത്രനിഷ്ടമുള്ളതാക്കിത്തീര്‍ക്കണേ.
സ്വര്‍ഗ്ഗീയതാതാ നിന്റെ
ജാതന്‍ ക്രൂശില്‍ സ്വര്‍ഗ്ഗമേറിയപോല്‍
ഞങ്ങളുമീ ക്രൂശുവഴി
സ്വര്‍ഗ്ഗേ വാഴും നിന്‍ തൃപ്പാദം ചേരാന്‍ തുണയ്ക്കൂ.
പില്‍ക്കാലത്ത് ആബേലച്ചന്‍ എഴുതിയ പതിനാറു ഗാനങ്ങളോടുകൂടിയ പുതിയ കുരിശിന്റെ വഴി പ്രചാരത്തിലായി. 
കുരിശില്‍ മരിച്ചവനേ, കുരിശാലേ
വിജയം വരിച്ചവനേ,
മിഴിനീരൊഴുക്കിയങ്ങേ, കുരിശിന്റെ
വഴിയേവരുന്നു ഞങ്ങള്‍
ലോകൈകനാഥാ, നിന്‍
ശിഷ്യനായ്ത്തീരുവാ-
നാശിപ്പോനെന്നുമെന്നും
കുരിശുവഹിച്ചു നിന്‍
കാല്പാടു പിഞ്ചെല്ലാന്‍
കല്പിച്ച നായകാ.
നിന്‍ ദിവ്യരക്തത്താ-
ലെന്‍ പാപമാലിന്യം
കഴുകേണമേ, ലോകനാഥാ എന്ന വരികളിലാണ് തുടക്കം.
നിന്‍ പീഡയോര്‍ത്തോര്‍ത്തു 
കണ്ണീരൊഴുക്കുവാന്‍ 
നല്‍കേണമേ നിന്‍വരങ്ങള്‍ എന്ന് സമാപനഗാനം പൂര്‍ത്തിയാകുന്നു. പലതരത്തിലുമുള്ള കുരിശിന്റെ വഴികളിലൂടെ തുടരുന്ന ജീവിതയാത്രയിലായിരിക്കുന്ന  വിശ്വാസികള്‍ക്ക് ക്രിസ്തുവിന്റെ പീഡകളുമായി താദാത്മ്യപ്പെടാനും ആത്മീയബലം നേടാനുമൊക്കെ സഹായിക്കുന്നതാണ് കുരിശിന്റെ വഴിയിലെ ഇത്തരം പാട്ടുകള്‍. 
പീഡാനുഭവവാരത്തില്‍ സവിശേഷപ്രാധാന്യമര്‍ഹിക്കുന്ന ഒരു കാവ്യകൃതിയുണ്ട് - പുത്തന്‍പാന. യൂറോപ്പില്‍നിന്ന് കേരളത്തിലെത്തി, ഈശോസഭാവൈദികനായി സേവനം ചെയ്ത അര്‍ണോസ് പാതിരി(1681-1732)യാണ് ഈ കൃതിയുടെ കര്‍ത്താവ്. 'ജ്ഞാനപ്പാന'യുടെ രീതിയില്‍ അദ്ദേഹം ക്രിസ്തുവിന്റെ ജീവിതത്തെ ആസ്പദമാക്കി രചിച്ച 'കൂദാശപ്പാന' എന്ന കൃതി പുതിയ പാന എന്ന അര്‍ഥത്തില്‍  'പുത്തന്‍പാന' എന്നറിയപ്പെട്ടു. 1722ല്‍ രചിക്കപ്പെട്ട ഈ കൃതിയുടെ ചരിത്ര-സാഹിത്യമൂല്യവും വളരെ വലുതാണ്. പതിനാറാം നൂറ്റാണ്ടില്‍ മലയാളികളുടെ ആത്മീയോന്നമനത്തിനായി കാവ്യവഴികളില്‍ സഞ്ചരിച്ച അര്‍ണോസ് പാതിരി 'രണ്ടാം എഴുത്തച്ഛന്‍' എന്ന അപരനാമത്തിലും അറിയപ്പെടുന്നു. 
പുത്തന്‍പാനയ്ക്ക് പതിന്നാലു പാദങ്ങള്‍ അഥവാ ഖണ്ഡങ്ങളാണുള്ളത്. അതിലെ പന്ത്രണ്ടാം പാദത്തില്‍ കന്യകാമാതാവിന്റെ വിലാപമാണ് അവതരിപ്പിക്കുന്നത്. ദൈവമാതാവിന്റെ വ്യാകുലപ്രലാപം എന്നു പ്രഖ്യാതമായ ഇതിലെ വരികള്‍ പീഡാനുഭവവെള്ളിയില്‍ പരമ്പരാഗതമായി ആലപിച്ചുപോരുന്നു.
അമ്മ കന്യാമണിതന്റെ നിര്‍മലദുഃഖങ്ങളിപ്പോള്‍
നന്മയാലേ മനസ്സുറ്റു കേട്ടുകൊണ്ടാലും
ദുഃഖമൊക്കെ പറവാനോ വാക്കുപോരാ മാനുഷര്‍ക്ക്
ഉള്‍ക്കനേ ചിന്തിച്ചുകൊള്‍വാന്‍ ബുദ്ധിയും            പോരാ
എന്‍ മനോവാക്കിന്‍ വശം പോല്‍ പറഞ്ഞാലൊക്കയുമില്ലാ
അമ്മകന്യേ തുണയെങ്കില്‍ പറയാമല്പം.
***** ****
പ്രാണനുള്ളോനെന്നു ചിത്തേ സ്മരിക്കാതെ വൈരമോടെ
തൂണുതന്നില്‍ കെട്ടി നിന്നെ അടിച്ചോ പുത്രാ
ആളുമാറി അടിച്ചയ്യോ ചൂളി നിന്റെ ദേഹമെല്ലാം
ചീളുപെട്ടു മുറിഞ്ഞു നീ വലഞ്ഞോ പുത്രാ
ഉള്ളിലുള്ള വൈര്യമോടെ യൂദര്‍ നിന്റെ തലയിന്മേല്‍
മുള്ളുകൊണ്ടു മുടിവെച്ചു തറച്ചോ പുത്രാ
തലയെല്ലാം മുറിഞ്ഞയ്യോ ഒലിക്കുന്ന ചോര കണ്ടാല്‍
അലസിയെന്‍ ഉള്ളിലെന്തു പറവൂ പുത്രാ
തലതൊട്ടങ്ങടിയോളം തൊലിയില്ലാ മുറിവയ്യോ
പുലിപോലെ നിന്റെ ദേഹം മുറിച്ചോ പുത്രാ
'നതോന്നത' വൃത്തത്തില്‍ രചിക്കപ്പെട്ട ഈ വരികള്‍ക്ക് തനതായ ഈണം നല്‍കിയാണ് വിശ്വാസികള്‍ പാടിപ്പോരുന്നത്. 'പാനവായന' എന്നത് പരിപാവനമായ ഒരു ഭക്ത്യാഭ്യാസം എന്ന നിലയില്‍ എക്കാലത്തും തുടരേണ്ടതാണ്. 
കാവ്യവും ഗാനവുമൊക്കെ മനുഷ്യമനസ്സിനെ ആകര്‍ഷിക്കാനും വിമലീകരിക്കാനും പര്യാപ്തമാണെന്നതിനാല്‍, പീഡാനുഭവവെള്ളിയുടെ രക്ഷാകരമൂല്യം പകരാന്‍ നമുക്കീ പാട്ടുകളെയും കൂട്ടുചേര്‍ക്കാം. 
Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)