•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

പുതുജീവിതത്തിന്റെ ഉത്ഥാനഗീതങ്ങള്‍

രിക്കല്‍ക്കൂടി ഈസ്റ്റര്‍ വന്നണയുകയാണ്. ''കൂടെ വസിക്കാനുള്ള'' അനുഭവത്തിന്റെ  നാളുകളെ അനുസ്മരിക്കുന്ന നോമ്പിന്റെയും ഉപവാസത്തിന്റെയും ദിവസങ്ങള്‍ കഴിഞ്ഞെത്തുന്ന ഈസ്റ്റര്‍ ക്രൈസ്തവസമൂഹത്തെ സംബന്ധിച്ചിടത്തോളം പുതിയൊരു ജീവിതത്തിന്റെ ഉദയമാണ് ഉദ്‌ഘോഷിക്കുന്നത്.  യേശുവിന്റെ പുനരുത്ഥാനമാണ് നമ്മള്‍ ആഘോഷിക്കുന്നതെങ്കിലും നമ്മള്‍ യഥാര്‍ഥത്തില്‍ ആഘോഷിക്കാതെപോകുന്നതു നമ്മുടെ പുനരുത്ഥാനമാണ്. ഈസ്റ്റര്‍ നമുക്കു നല്‍കുന്ന സന്ദേശം യേശുവിന്റെ പുനരുത്ഥാനമല്ല, മനുഷ്യവര്‍ഗത്തിന്റെ പുനരുത്ഥാനമാണ്.
ക്രൈസ്തവസമൂഹത്തിനു മാത്രമല്ല, മനുഷ്യസമൂഹത്തിനൊട്ടാകെ പുനരുത്ഥാനം അവശ്യമായിരിക്കുന്ന സമകാലത്തു നമ്മള്‍ ആവര്‍ത്തിച്ചുവായിക്കേണ്ട സുവിശേഷവചനങ്ങളാണ് പുതിയനിയമത്തിലെ വിശുദ്ധ യോഹന്നാന്റെ സുവിശേഷം ഇരുപതാം അധ്യായം 19 മുതല്‍ 21 വരെയുള്ള വാക്യങ്ങള്‍. പുനരുത്ഥാനം മനുഷ്യവര്‍ഗത്തിനു സമാധാനം മാത്രമല്ല, മോചനവും പ്രദാനം ചെയ്യുന്നുവെന്നു തുടര്‍ന്നുള്ള വാക്യങ്ങളില്‍നിന്നു വെളിവാകുകയും ചെയ്യുന്നുണ്ട്. 
യോഹന്നാന്റെ സുവിശേഷത്തില്‍ പറയുന്നത് ശിഷ്യന്മാര്‍ ഇരുന്ന സ്ഥലത്തേക്ക് യേശു വന്നിട്ട് അവര്‍ക്കു സമാധാനം നല്‍കിയ കാര്യമാണ്. യേശുവിനെ ക്രൂശില്‍ തറച്ചുകൊന്നതിനുശേഷം മൃതശരീരം ഒരു ശീലയില്‍ പൊതിഞ്ഞുകെട്ടി കല്ലറയില്‍ അടക്കം ചെയ്ത കാര്യവും അതിനുമുമ്പു വിവരിക്കുന്നുണ്ട്. ആഴ്ചവട്ടത്തിന്റെ ഒന്നാംനാള്‍ യേശു കല്ലറയില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റ സദ്വാര്‍ത്ത തുടര്‍ന്നു വായിക്കുന്നു. പിന്നീട്, മഗ്ദലനക്കാരി മറിയം യേശുവിനെ കാണുകയും അക്കാര്യം അവള്‍ യേശുവിന്റെ ശിഷ്യന്മാരെ അറിയിക്കുകയും ചെയ്തു. യേശു ഉയിര്‍ത്തെഴുന്നേറ്റ വിവരമറിഞ്ഞു ശിഷ്യന്മാര്‍ ഒന്നിച്ചുകൂടിയ ഇടത്തിലേക്കാണ് യേശു കടന്നുവരുന്നത്. യഹൂദന്മാരെ ഭയന്ന് അവര്‍ വാതിലടച്ച് ഇരിക്കുകയായിരുന്നു. അവര്‍ക്കു സമാധാനം പറഞ്ഞിട്ട് യേശു കൈയും വിലാപ്പുറവും അവരെ കാണിച്ചു. യേശു പിന്നെയും അവര്‍ക്കു സമാധാനം കല്പിച്ചു. പിതാവ് തന്നെ അയച്ചതുപോലെ താനും അവരെ അയയ്ക്കുന്നു എന്നു പറഞ്ഞശേഷം അവരുടെമേല്‍ ഊതി പരിശുദ്ധാത്മാവിനെ കൈക്കൊള്ളാന്‍ ശിഷ്യന്മാരോടു കല്പിച്ചു. 'ആരുടെ  പാപങ്ങള്‍ നിങ്ങള്‍ മോചിക്കുന്നുവോ അവര്‍ മോചിക്കപ്പെട്ടിരിക്കുന്നു' എന്നും യേശു പറഞ്ഞതായി യോഹന്നാന്റെ സുവിശേഷഭാഗത്ത് എഴുതിയിരിക്കുന്നു.
യേശുവിന്റെ പുനരുത്ഥാനത്തെ നമ്മള്‍ എങ്ങനെയാണു വീക്ഷിക്കേണ്ടത്? യേശു ശിഷ്യന്മാരുടെ നടുവിലേക്കു വന്നപ്പോള്‍ എല്ലാം രൂപാന്തരപ്പെടുന്ന ഒരു പ്രക്രിയ സംഭവിച്ചതായി അനുഭവപ്പെടുന്നു. ദൈവികപ്രത്യക്ഷതയില്‍ പുനരുത്ഥാനത്തെ വീക്ഷിക്കുമ്പോള്‍, യേശുവിന്റെ സാന്നിധ്യവും അനുഭവവും രൂപാന്തരീകരണത്തിന് ഉതകുന്നതാണെന്നു ബോധ്യപ്പെടുന്നു. 
ഈസ്റ്റര്‍ നമുക്കു തരുന്ന സന്ദേശവും അതുതന്നെയാണ്. പുനരുത്ഥാനം ചെയ്ത യേശു എല്ലാം രൂപാന്തരപ്പെടുത്തുന്ന ഒരു ദൈവികപ്രത്യക്ഷതയാണ്. ഭയപ്പെട്ടു മുറിയില്‍ അടച്ചിരുന്ന ശിഷ്യന്മാരുടെ നടുവില്‍ യേശു പ്രത്യക്ഷപ്പെട്ടപ്പോള്‍ അവര്‍ക്കു പുതിയൊരു ജീവന്‍ ലഭിച്ചു.
എന്താണ് ഈ പുതിയ ജീവന്‍? പുതിയ ജീവന്‍ പുതിയ വ്യക്തിത്വമാണ്. ശിഷ്യന്മാര്‍ക്കു രൂപാന്തരം വന്നപ്പോഴാണ് അവര്‍ പുതിയ വ്യക്തികളായിമാറിയത്. അവര്‍ ഭയമില്ലാത്ത വ്യക്തികളായിമാറി. 
സമകാലത്തു മനുഷ്യസമൂഹം ഭയചകിതരാണ്. വ്യക്തിജീവിതത്തിലും രാഷ്ട്രീയജീവിതത്തിലും സാമൂഹികജീവിതത്തിലും നമ്മള്‍ ഭയത്തിന് അടിമപ്പെട്ടു ജീവിക്കുകയാണ്. അതിനാല്‍ നമുക്കൊരു പുനരുത്ഥാനം ആവശ്യമാണ്. 
ഈസ്റ്റര്‍ നമുക്കു നല്‍കുന്ന മുഖ്യാഹ്വാനം പുനരുത്ഥാനം ചെയ്ത യേശുവിലൂടെ പുതിയ വ്യക്തിത്വം ആര്‍ജിക്കാനാണ്. ഈസ്റ്റര്‍ സമ്മാനിക്കുന്ന പ്രത്യാശ നമ്മെ നയിക്കുന്നത് ഈ ദൈവികവെളിപാടിലേക്കാണ്.
പുനരുത്ഥാനം ചെയ്ത യേശുവിന്റെ വെളിപാട് നമുക്കെങ്ങനെ ലഭ്യമാകും? അതു മനുഷ്യരാശിക്കു ലഭ്യമാകുന്നതു പുനരുത്ഥാനത്തിലൂടെ ലഭ്യമായ വിശ്വാസത്തില്‍ അധിഷ്ഠിതമായിട്ടാണ്. ആശങ്കകളും ആകുലതകളും ആകാംക്ഷകളും നിറഞ്ഞുനില്‍ക്കുന്ന മനുഷ്യജീവിതത്തെ ചൈതന്യവത്താക്കുന്നതു പുനരുത്ഥാനമാണ്. ശിഷ്യമാരുടെ 'നടുവില്‍' നില്ക്കുമ്പോഴാണ് യേശു രണ്ടു തവണ അവര്‍ക്കു സമാധാനം പറയുന്നത്. 
സമകാലത്തു നമ്മള്‍ ജീവിതയാഥാര്‍ഥ്യങ്ങളുടെ 'നടുവില്‍' നില്‍ക്കുകയാണ്. മതം, രാഷ്ട്രീയം, സമൂഹം, കുടുംബം എല്ലാം ജീവിതയാഥാര്‍ഥ്യങ്ങളാണ്. നമ്മുടെ മതങ്ങള്‍ എങ്ങോട്ടാണു പോകുന്നത്? ക്രൈസ്തവസഭകള്‍ എന്തെല്ലാം പ്രതിസന്ധികളെയാണു നേരിട്ടുകൊണ്ടിരിക്കുന്നത്. രാഷ്ട്രീയത്തില്‍നിന്നു ജനാധിപത്യസങ്കല്പം ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ഫാസിസത്തിന്റെ നാളുകള്‍ അധികം ദൂരെയല്ലാതായി മാറിയിരിക്കുന്നു. കുടുംബങ്ങളും കുടുംബബന്ധങ്ങളും ശിഥിലമായിക്കൊണ്ടിരിക്കുന്നു. 
ഇത്തരമൊരു സാഹചര്യത്തിലാണ് മനുഷ്യരാശിയുടെ 'നടുവില്‍'നിന്നു പുനരുത്ഥാനം ചെയ്ത യേശു 'സമാധാനം' എന്നു വിളിച്ചുപറയുന്നത്.
പുനരുത്ഥാനത്തിലൂടെ സമാധാനവും അതിലൂടെ മോചനവും ലഭിക്കുന്നുവെന്നതാണ് ഈസ്റ്റര്‍ നല്‍കുന്ന സന്ദേശം.  പാപമോചനമെന്നതുകൊണ്ട് മനുഷ്യന്റെ പാപം മാത്രമല്ല മോചിക്കപ്പെടുന്നത്. മനുഷ്യനോടുള്ള പാപവും മോചിക്കപ്പെടുന്നുണ്ട്. അതിനാല്‍, യേശുവിന്റെ പുനരുത്ഥാനം സ്വാതന്ത്ര്യത്തിന്റെ ഉദ്‌ഘോഷമാണ്. ക്രിസ്തീയജീവിതത്തില്‍ ഭയമില്ലാതെ ജീവിക്കണമെങ്കില്‍ പുനരുത്ഥാനത്തിന്റെ സന്ദേശം പ്രാപിക്കേണ്ടതുണ്ടെന്നും ഈസ്റ്റര്‍ നമ്മെ ഉണര്‍ത്തിക്കുന്നു. അതിനാല്‍, ദൈവികമായ വെളിപാടിനെ സ്വീകരിക്കാന്‍ നമ്മള്‍ ഒരു തരത്തിലുള്ള സങ്കോചവും കാണിക്കാന്‍ പാടില്ല എന്നാണ് ഈസ്റ്റര്‍ നല്‍കുന്ന സൂചന. പുനരുത്ഥാനം ദൈവികവെളിപാടിന്റെ പൂര്‍ണതയാണെന്നു നമ്മള്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു. 
യേശുവിന്റെ പുനരുത്ഥാനത്തിന്റെ സാക്ഷ്യത്തെ അടിസ്ഥാനമാക്കിയാണ് ശിഷ്യന്മാരുടെ കൂട്ടായ്മയുണ്ടായത്. ഭയന്നുവിറച്ചിരുന്ന ശിഷ്യന്മാരുടെ നടുവില്‍ യേശു പ്രത്യക്ഷപ്പെട്ടപ്പോള്‍ അവര്‍ സന്തോഷിക്കുകമാത്രമല്ല; വിശ്വസിക്കുകയും ചെയ്തു. ദൈവികവെളിപാടിന്റെ പൂര്‍ണത മനുഷ്യനു ബോധ്യപ്പെട്ടു എന്നതിന്റെ സാക്ഷ്യമാണ് ശിഷ്യന്മാര്‍ വിശ്വസിച്ചു എന്നു പറയുന്നത്. അതിനാല്‍, പുനരുത്ഥാനം നമുക്കു വിശ്വാസത്തിന്റെ ദൃഢതയാണു പ്രദാനം ചെയ്യുന്നത്. 
പുനരുത്ഥാനത്തിലൂടെ ദൈവികവെളിപാടിന്റെ പൂര്‍ണത മാത്രമല്ല കൗദാശികസാന്നിധ്യവും ദൈവികദൗത്യത്തിലുള്ള പങ്കാളിത്തവും മനുഷ്യരാശിക്കു ലഭ്യമാകുന്നു. കൂടിവന്നവരുടെ നടുവിലാണ് പുനരുത്ഥാനം ചെയ്ത യേശു പ്രത്യക്ഷപ്പെട്ടത്. ആരാണീ 'കൂടിവരുന്നവര്‍?' ദൈവാലയത്തില്‍ 'കൂടിനടന്നവര്‍' മാത്രമല്ല ക്രിസ്തീയകുടുംബത്തില്‍ വസിക്കുന്നവരും കൂടി വരുന്നവരാണ്. സമൂഹമായി നിലകൊള്ളുന്നവരും 'കൂടിവരുന്നവരാണ്.' 
ക്രൈസ്തവസമൂഹത്തെ സംബന്ധിച്ചിടത്തോളം, കൂടി വരുന്നവരുടെ നടുവില്‍ പ്രത്യക്ഷപ്പെടുന്ന യേശുവിന്റെ ദൗത്യം എന്താണെന്നു തിരിച്ചറിയേണ്ടതുണ്ട്. ദൈവികതയുടെ സൗന്ദര്യവും സൗരഭ്യവും ഉള്‍ക്കൊള്ളുന്ന അനുഭൂതി എങ്ങനെ സ്വീകരിക്കാന്‍ കഴിയും? യേശുവിന്റെ ദൗത്യത്തിന്റെ അംഗീകാരവും സാധുതയും കൗദാശികമാണ്. ശിഷ്യന്മാരുടെമേല്‍ ഊതിയ യേശു അവര്‍ക്കു പരിശുദ്ധാത്മാവിന്റെ നല്‍വരം സമ്മാനിക്കുകയാണ്. അതിലൂടെയാണ് മോചനത്തിന്റെ ദൗത്യം സംജാതമാകുന്നത്. അപ്രകാരം നോക്കുമ്പോള്‍ പുനരുത്ഥാനമെന്നത് കൗദാശികമായ അനുഗ്രഹമാണ്. ശിഷ്യന്മാര്‍ പരിശുദ്ധാത്മാവിനെ സ്വീകരിച്ചപ്പോള്‍ അവര്‍ പുതിയ വ്യക്തിത്വമായി; മാത്രമല്ല, പുതിയ മനുഷ്യരായും പുതിയ സമൂഹമായും രൂപാന്തരപ്പെട്ടു. അതിനാല്‍, പുനരുത്ഥാനം നമ്മെ യേശുവിന്റെ സഹവാസത്തിലേക്കു നയിക്കുന്ന പ്രക്രിയയാണ്. 
പുനരുത്ഥാനം ദൈവിക ദൗത്യപങ്കാളിത്തത്തിനുള്ള ആഹ്വാനമാണ് എന്നു പറയുന്നതില്‍ ഇക്കാലത്ത് പ്രസക്തി ഏറെയാണ്. അടിമത്തവും അരാജകത്വവും നിറഞ്ഞുനിന്നിരുന്ന ഒരു കാലത്താണ് പുനരുത്ഥാനത്തിന്റെ സന്ദേശം അലയടിച്ചത്. പുനരുത്ഥാനത്തിലൂടെ ഭയമകറ്റുന്ന വിശ്വാസം പ്രദാനം ചെയ്ത യേശു ജീവിതത്തെ രൂപാന്തരപ്പെടുത്തുകയും പുതിയ ജീവിതസമര്‍പ്പണത്തിലേക്കു ശിഷ്യസമൂഹത്തെയും മനുഷ്യരാശിയെയും അനുനയിക്കുകയും ചെയ്തു. അതിനാല്‍, മനുഷ്യനെ ദൈവശരീരമാക്കി രൂപാന്തരപ്പെടുത്തുന്ന കൗദാശികമായ അനുഭവത്തിലൂടെ ഈ പ്രപഞ്ചത്തെ ദൈവികഗേഹമാക്കുകയും മനുഷ്യരാശിക്കു മോചനം സമ്മാനിക്കുകയും ചെയ്യുന്ന ഒരു പ്രക്രിയ പുനരുത്ഥാനത്തില്‍ നാം ദര്‍ശിക്കുന്നു. 
ക്രിസ്തുശിഷ്യനായ തോമസ് പുനരുത്ഥാനം ചെയ്ത യേശുവിനെ കണ്ടപ്പോള്‍ 'എന്റെ കര്‍ത്താവും എന്റെ ദൈവവും' എന്നാണ് സാക്ഷിച്ചത്. ദൈവികദൗത്യപങ്കാളിത്തത്തെപ്പറ്റി ചിന്തിക്കുമ്പോള്‍ 'എന്റെ കര്‍ത്താവും എന്റെ ദൈവവും' എന്നു പ്രതികരിക്കാന്‍ കഴിയുന്ന ഒരു ക്രിസ്തീയസമൂഹത്തെ സൃഷ്ടിക്കാന്‍ പുനരുത്ഥാനസങ്കല്പത്തിനു കഴിയണം - അങ്ങനെയായാല്‍ പുതിയ ജീവിതം, പുതിയ വ്യക്തിത്വം, പുതിയ അനുഭവം എന്നിവ നമുക്കു ലഭ്യമാകും. നമ്മുടെ കുടുംബവും രാജ്യവും നേരിടുന്ന വെല്ലുവിളികളെയും നമ്മുടെ നാട് നേരിടുന്ന പ്രതിസന്ധികളെയും അതിജീവിക്കാന്‍ പുനരുത്ഥാനത്തിന്റെ സന്ദേശവും പ്രചോദനമാകേണ്ടതാണ്. 

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)