ബൈബിള്‍ ജീവന്റെ പുസ്തകമാണ്. മരണത്തില്‍നിന്നു ജീവനിലേക്കുള്ള ഉണര്‍വാണ് ബൈബിള്‍ അടയാളപ്പെടുത്തുന്നത്. അഥവാ, മരണത്തെ ജയിച്ച മനുഷ്യപുത്രന്റെ ഉയിര്‍ത്തെഴുന്നേല്പാണ്. പാപംമൂലം മനുഷ്യന്‍ മരണം വരിച്ചു. ക്രൈസ്തവവിശ്വാസമനുസരിച്ച് പാപംതന്നെയാണു മരണം. മരണത്തില്‍നിന്ന് ഉയിര്‍ക്കുകയെന്നത് വിശാലമായ അര്‍ഥത്തില്‍ മരണത്തെ അതിജീവിക്കുകയെന്നാണ്, പാപം ഉപേക്ഷിക്കുകയാണ്. പാപികളായ മനുഷ്യരെ മരണത്തില്‍നിന്നു വീണ്ടെടുക്കാന്‍, പാപങ്ങളില്‍നിന്നു പൂര്‍ണമായി മോചിപ്പിച്ചു ജീവിതശാന്തി നല്കുന്നതിന് ഒരിക്കലും പാപക്കറ തീണ്ടിയിട്ടില്ലാത്ത ദൈവത്തിന്റെ തിരുക്കുമാരന്‍തന്നെ സ്വയം മരണത്തിനു വിട്ടുകൊടുത്തു. പാപികള്‍ക്കൊപ്പം ഏറ്റവും നിന്ദ്യമായി കരുതപ്പെട്ടിരുന്ന കുരിശുമരണം വരിച്ചു. കുരിശില്‍ തന്നോടൊപ്പം മരണശിക്ഷയ്ക്കു വിധിക്കപ്പെട്ട അനുതപിച്ച കള്ളന് അവിടുന്നു നിത്യരക്ഷ വാഗ്ദാനം ചെയ്തു. അത് ഒരു വലിയ ദര്‍ശനമാണ്. പാപത്തില്‍ മരണത്തിനു വിധിക്കപ്പെടുന്നവനും അനുതപിച്ചാല്‍ നിത്യരക്ഷ സ്വന്തമാക്കുന്നതിന് അവസാനനിമിഷത്തിലും സാധ്യമാകുമെന്ന രക്ഷയുടെ വാഗ്ദാനമാണ് അതിന്റെ രഹസ്യം.
യേശുവിന്റെ ജീവിതം എല്ലാ മനുഷ്യര്‍ക്കും നല്കപ്പെട്ട രക്ഷയുടെ വാഗ്ദാനമാണെന്ന് തിരുപ്പിറവിയുടെ സന്ദേശത്തില്‍നിന്നു നാം ഗ്രഹിക്കുന്നു. ഭൂമിയില്‍ സന്മനസ്സുള്ള സകലമനുഷ്യര്‍ക്കും നല്കപ്പെട്ട രക്ഷയുടെ വാഗ്ദാനം. 33 സംവത്സരം ദൈവപുത്രന്‍ ഈ ഭൂമിയില്‍ സാധാരണ മനുഷ്യനായി ജീവിച്ചു. നന്മയുടെ നല്‍വരങ്ങള്‍ എല്ലാവര്‍ക്കും ഒരുപോലെ നല്‍കിയനുഗ്രഹിച്ചു. ആരെയും അവന്‍ അകറ്റിനിര്‍ത്തിയില്ല. സ്വജാതീയര്‍ക്കും വിജാതീയര്‍ക്കും ഒരുപോലെ രക്ഷ പ്രദാനം ചെയ്യുന്നതിനു സന്നദ്ധനായി. അക്കാലത്തെ, നിയമവ്യവസ്ഥകള്‍ കേവലം ചടങ്ങ് എന്നപോലെ, നിയമാവര്‍ത്തനം എന്നപോലെ പിന്തുടരുന്ന ആളുകളില്‍നിന്ന് യേശു വ്യത്യസ്തനായിരുന്നു. അവന്‍ സാബത്ത് ആചരിച്ചില്ല. നഷ്ടപ്പെട്ടുപോയ ആടിനെത്തേടി അലഞ്ഞു. ദൈവാലയത്തിന്റെ ഭണ്ഡാരത്തില്‍ നിക്ഷേപിക്കപ്പെടുന്ന പണക്കാരന്റെ സ്വര്‍ണനാണയങ്ങളെക്കാള്‍ വിധവയുടെ കൊച്ചുകാശിനു വില കല്പിച്ചു. പാപികളോടൊത്തു ഭക്ഷണം കഴിച്ചു. തന്റെ വചനം കേള്‍ക്കാന്‍ ഒത്തുകൂടിയവരെയൊക്കെ വിശപ്പകറ്റി തൃപ്തരാക്കി. സാധാരണമനുഷ്യരുടെ ആവശ്യങ്ങള്‍പോലും അറിഞ്ഞ് യഥാവിധി അവരെ അനുഗ്രഹിച്ചു.
ഇങ്ങനെ ഒത്തിരിയേറെ അനുഭവങ്ങള്‍ യേശുവിന്റെ ജീവിതംവഴി വെളിപ്പെടുന്നുണ്ട്. അവന്റെ ജീവിതവും പ്രവൃത്തികളും എല്ലാവര്‍ക്കുംവേണ്ടിയായിരുന്നു. ദൈവത്തിന്റെ വരപ്രസാദം എല്ലാവര്‍ക്കും അനുഭവവേദ്യമാക്കുകയെന്നതായിരുന്നു ആ ജന്മരഹസ്യം. ചുങ്കക്കാരെന്നോ പാപികളെന്നോ ആരെയും അവന്‍ വിധിച്ചില്ല. വെറുത്തുപേക്ഷിച്ചില്ല. പുണ്യം ചെയ്തവര്‍ക്കും അനുതപിക്കുന്ന പാപികള്‍ക്കും ദൈവരാജ്യത്തില്‍ ഒരുപോലെ പ്രവേശനം. പശ്ചാത്താപം പ്രായശ്ചിത്തമാണ് എന്നു കരുതി സ്വര്‍ഗാനുഭവം ഉറപ്പുവരുത്തിയ ദൈവപുത്രന്‍.
ആ മഹാത്മാവിനെയാണ് ദുഷ്ടരായ മനുഷ്യര്‍ കുരിശില്‍ തറച്ചത് - പാപികളോടു പൊറുത്തതിന്, അശരണര്‍ക്ക് അഭയം നല്കിയതിന്, കാണാതായ കുഞ്ഞാടിനെ തേടിയിറങ്ങിയതിന്, സമൂഹത്തില്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവരെ, ഒഴിവാക്കപ്പെട്ടവരെ കൂടെനിര്‍ത്തിയതിന്. അത് ധാര്‍മികനീതി നഷ്ടപ്പെട്ട ലോകത്തിന്റെ ഗതിവിശേഷം. അത് തിരുത്തിക്കുറിക്കുക എന്ന ലക്ഷ്യത്തോടെയാണ് ദൈവപുത്രന്‍ അവതരിച്ചത്. അവന്റെ ശിഷ്യഗണങ്ങളില്‍ ചുങ്കക്കാരും പാപികളും ഉണ്ടായിരുന്നു. സമൂഹം പുറന്തള്ളിയ ശുദ്ധാത്മാക്കളുണ്ടായിരുന്നു. പാര്‍ശ്വവത്കരിക്കപ്പെട്ട സ്ത്രീജനങ്ങളുണ്ടായിരുന്നു. നല്ലവരെമാത്രം തിരഞ്ഞുപിടിച്ച് സ്വര്‍ഗത്തിന്റെ അനുഭവം അവകാശമാക്കി നല്കുകയല്ല; നഷ്ടപ്പെട്ട കുഞ്ഞാടിനെയും ചേര്‍ത്തുപിടിച്ച് ആലയില്‍ സുരക്ഷിതമാക്കുകയാണ് അവന്‍ ചെയ്തത്.
അതു കാലത്തിനു തിരിച്ചറിയാന്‍ കഴിയാത്ത ദൈവവിധിയുടെ ദര്‍ശനം. അങ്ങനെ ജീവിതം നഷ്ടപ്പെട്ടുപോയവര്‍ക്ക് അതു തിരിച്ചുപിടിക്കാന്‍ അവന്‍ നിമിത്തമായി. സ്വര്‍ഗരാജ്യം ധനാധിപത്യംകൊണ്ടും സമൂഹത്തിലെ സ്വാധീനംകൊണ്ടും തങ്ങള്‍ക്കുമാത്രം കൈയടക്കാമെന്നു വ്യാമോഹിച്ച വിഡ്ഢികള്‍ നിത്യസമാധാനത്തില്‍നിന്നു പുറന്തള്ളപ്പെട്ടു. യേശുവിനുമുമ്പ് ആരും ഇത്ര വിശാലമായ ഒരു മാര്‍ഗം അവലംബിച്ചിട്ടില്ല. പാപികള്‍ക്കു മോചനം നല്കാന്‍, കാണാതായ ജീവനെ കണ്ടെത്താന്‍, രക്ഷിക്കാന്‍ മെനക്കെട്ടിട്ടില്ല. അവന്‍ മരിച്ചവരെ ഉയിര്‍പ്പിച്ചു. തളര്‍വാതക്കാരനെ പരാശ്രയമില്ലാതെ ജീവന്റെ വഴിയിലൂടെ നടത്തി. പാപികള്‍ക്കു മോചനവും മരിച്ചവര്‍ക്കു ജീവന്റെ വെളിച്ചവും തിരികെനല്‍കി. നന്മയുടെ, ദൈവികതയുടെ മഹാസന്ദേശമായി രൂപാന്തരപ്പെട്ട ആ ദൈവപുത്രനെ കുരിശില്‍ തറച്ചുകൊന്ന, വിനോദിച്ച മഹാപുരോഹിതന്മാരും അവരുടെ അനുചരവൃന്ദവും ലജ്ജിച്ചു തലകുനിച്ച മഹാനിമിഷമാണ് ഉയിര്‍ത്തെഴുന്നേല്പിന്റെ ദിവ്യമുഹൂര്‍ത്തം. ദുഃഖവെള്ളിയാഴ്ച രാത്രി അടക്കം ചെയ്ത അവന്റെ ജഡം യഹൂദവിധിപ്രകാരം ആഴ്ചവട്ടത്തിന്റെ ഒന്നാംനാളില്‍ സുഗന്ധദ്രവ്യങ്ങള്‍ പൂശി വണങ്ങാന്‍ വന്നെത്തിയ പാവപ്പെട്ട സ്ത്രീജനങ്ങളോടു ദൈവദൂതന്‍ പറയുന്നത് ഇങ്ങനെ: ''ജീവിച്ചിരിക്കുന്നവനെ നിങ്ങള്‍ മരിച്ചവരുടെയിടയില്‍ അന്വേഷിക്കുന്നതെന്തിന്? അവന്‍ ഇവിടെയില്ല, ഉയിര്‍പ്പിക്കപ്പെട്ടു. മനുഷ്യപുത്രന്‍ പാപികളുടെ കൈയില്‍ ഏല്പിക്കപ്പെടുകയും മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേല്ക്കുകയും ചെയ്യേണ്ടിയിരിക്കുന്നുവെന്ന് അവന്‍ ഗലീലിയില്‍ ആയിരുന്നപ്പോള്‍ നിങ്ങളോടു പറഞ്ഞത് ഓര്‍മിക്കുവിന്‍.''
ആ സന്ദേശവും ഒരു അദ്ഭുതമാണ്. യഹൂദമതത്തില്‍ പാര്‍ശ്വവത്കരിക്കപ്പെട്ടിരുന്ന, വ്യക്തിത്വം അംഗീകരിച്ച് ആദരം നല്‍കുന്നതിനു വിസമ്മതിച്ചിരുന്ന സ്ത്രീജനങ്ങളോടുതന്നെയാണ് ഉത്ഥാനത്തിന്റെ രഹസ്യം വെളിപ്പെടുത്തുന്നത്. അവന്റെ ജനനവൃത്താന്തം ബേത്‌ലഹേം താഴ്‌വരയില്‍ ആടുമാടുകളെ മേച്ചുകഴിഞ്ഞിരുന്ന പാവപ്പെട്ട ഇടയന്മാര്‍ക്കാണു നല്കപ്പെട്ടതെന്ന് ഇവിടെ ഓര്‍മിക്കാം. അതുപോലെതന്നെ സാധാരണജനങ്ങളെ അവരുടെ നന്മ തിരിച്ചറിഞ്ഞ് ദൈവഹിതം വെളിപ്പെടുത്തുന്നതിനു തിരഞ്ഞെടുക്കുകയാണു ചെയ്യുന്നത്.
ഇങ്ങനെ ക്രിസ്തുവിന്റെ ജനനവും ഉയിര്‍ത്തെഴുന്നേല്പും അദ്ഭുതകരമായി വിശുദ്ധഗ്രന്ഥത്തില്‍ നാം വായിച്ചറിയുന്നു. തിരുപ്പിറവിപോലെ അദ്ഭുതകരവും ആനന്ദകരവുമാണ് ഉയിര്‍ത്തെഴുന്നേല്പിന്റെ അറിയിപ്പും. ഒരര്‍ഥത്തില്‍ ഈസ്റ്ററിനു മാധുര്യമേറും. എന്തുകൊണ്ടെന്നാല്‍, മരണത്തെ പരാജയപ്പെടുത്തിയ മനുഷ്യപുത്രന്റെ മഹത്ത്വമാണ് ഈസ്റ്റര്‍ വെളിപ്പെടുത്തുന്നത്. ദുഃഖവെള്ളിയാഴ്ച ആത്മദുഃഖംകൊണ്ട് വാടിത്തളര്‍ന്നവര്‍ക്ക് ഒരു പുതുജീവന്‍ ലഭ്യമാകുന്നു. അതാകട്ടെ, കാലങ്ങളോളം ദീപ്തി പരത്തി ലോകമാകെ സമാധാനത്തിന്റെയും സന്തോഷത്തിന്റെയും വിളംബരമായി നിലനില്ക്കുന്നതുമാണ്.
യേശു മരിക്കുകയും മരിച്ചവരില്‍നിന്ന് ഉയിര്‍ക്കുകയും ചെയ്തു. പാപത്തിന്റെ ബന്ധനങ്ങള്‍ പൂര്‍ണമായി അഴിച്ചുകളഞ്ഞു. യേശു മനുഷ്യാവതാരം ചെയ്തു എന്നതിനപ്പുറം മനുഷ്യനായി ജീവിച്ച്, പീഡകള്‍ സഹിച്ച്, കുരിശില്‍ മരിച്ച്, സാധാരണമായ വിധത്തില്‍ കല്ലറയില്‍ അടക്കപ്പെട്ട് ഒടുവില്‍ ഉയിര്‍ത്തെഴുന്നേറ്റു എന്നതാണ് മനുഷ്യരക്ഷയുടെ അടയാളം. ജീവിതത്തില്‍ പ്രത്യാശയുടെ വെളിച്ചമായി നിലനില്‍ക്കുന്നതും അതാണ്. കാലങ്ങളോളം ആ പ്രകാശം നിലനില്ക്കുന്നു, ജീവിതത്തില്‍ വഴികാട്ടുന്നു. കുരിശില്‍ തൂങ്ങിമരിച്ച മനുഷ്യനല്ല. കല്ലറയില്‍നിന്ന് ഉത്ഥാനം ചെയ്ത ദൈവപുത്രനാണ് നമ്മുടെ വിശ്വാസത്തിന്റെ കേന്ദ്രം, രക്ഷയുടെ കവചം. മുന്നോട്ടുള്ള ജീവിതത്തില്‍ കാലുകളിടറാതെ വെളിച്ചത്തിന്റെ താഴ്‌വരയിലൂടെ നമ്മെ നയിക്കുന്ന മഹാജ്യോതിസ്സും അവന്‍തന്നെ. സ്ത്രീകളില്‍നിന്നു ജനിച്ചവരില്‍ യേശുവിനെപ്പോലെ പൂര്‍ണനായവന്‍, മഹത്ത്വമുള്ളവന്‍ വേറേയില്ലായെന്ന് വേദപ്രമാണത്തെ ആധാരമാക്കി നാം ഗ്രഹിക്കുന്നു. അത് അദ്ഭുതകരമായ അറിവാണ്. ദൈവികമായ വെളിപാടാണ്. സമാനതകളില്ലാത്ത ദിവ്യാനുഗ്രഹമാണ്. എല്ലാവര്‍ക്കും ഉത്ഥാനത്തിന്റെ ഉത്സാഹവും സന്തോഷവും ഉള്‍ക്കൊള്ളാന്‍ കഴിയട്ടെ. ദൈവികമായ അനുഗ്രഹം സകലമനുഷ്യര്‍ക്കും ഒരുപോലെ നിത്യശാന്തി നല്‍കട്ടെ.