•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ദൈവവിളി-ദാനവും ദൗത്യവും

തീരദേശങ്ങളേ, വിദൂരജനതകളേ, എന്റെ വാക്കു കേള്‍ക്കുവിന്‍: ഗര്‍ഭത്തില്‍ത്തന്നെ എന്നെ കര്‍ത്താവു വിളിച്ചു. അമ്മയുടെ ഉദരത്തില്‍വച്ചുതന്നെ അവിടുന്ന് എന്നെ നാമകരണം ചെയ്തു (ഏശ. 49,1). മാതൃഗര്‍ഭത്തില്‍ ഉരുവാകുംമുമ്പേ ഓരോ സൃഷ്ടിയെയും സംബന്ധിച്ച് ദൈവമൊരുക്കുന്ന ക്ഷേമത്തിന്റെ പദ്ധതിയാണ് ഓരോരുത്തരുടെയും ദൈവവിളി. ദൈവത്തിന്റെ സൃഷ്ടികര്‍മ്മത്തില്‍ ഭാഗഭാക്കാകുവാന്‍ ദൈവം മനുഷ്യനു കനിഞ്ഞു നല്‍കിയ അനുഗ്രഹത്തിന്റെ വിളിയാണ് വിവാഹജീവിതത്തിലേക്കുള്ള വിളി. സ്‌നേഹത്തിന്റെ സമ്പൂര്‍ണ്ണതയില്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ ജീവിക്കുമ്പോഴും, അവരുടെ ദാമ്പത്യജീവിതത്തിന്റെ പൂര്‍ണ്ണതയില്‍നിന്നു കുഞ്ഞുങ്ങള്‍ക്കു ജന്മം നല്‍കുമ്പോഴും, ഉത്തരവാദിത്വമുള്ള മാതാപിതാക്കളായി അവരെ ദൈവഹിതപ്രകാരം വളര്‍ത്തുമ്പോഴും കുടുംബജീവിതത്തിലേക്കു വിളിക്കപ്പെടുന്നവര്‍ അവരുടെ വിളി പൂര്‍ത്തിയാക്കുന്നു.
വി.ഗ്രന്ഥത്തിന്റെ ചരിത്രത്താളുകളിലൂടെ പിന്നോട്ടു കണ്ണു പായിക്കുമ്പോള്‍ മനുഷ്യസഹജമായ ഈ സ്വാഭാവികവിളി കൂടാതെ, ചില വ്യക്തികളെ, സമൂഹങ്ങളെ, ചില പ്രത്യേക ദൗത്യത്തിനായി മാറ്റിനിര്‍ത്തുന്നതും അവരിലൂടെ ലോകത്തില്‍ പൂര്‍ത്തിയാകേണ്ട ദൈവികരഹസ്യങ്ങളുടെ ചുരുളഴിയുന്നതും നാം കാണുന്നുണ്ട്. ദൈവവിളി ഒരു ദാനമാണ്. ആഗ്രഹിക്കുന്നവര്‍ക്കല്ല, താന്‍ ഇഷ്ടപ്പെടുന്ന ചില മനുഷ്യര്‍ക്കു ദൈവം നല്‍കുന്ന ദാനം. കഴിവും യോഗ്യതയും പണവും പ്രശസ്തിയും ദൈവവിളിക്കു കാരണങ്ങളല്ല. കാരണം, ഇസ്രായേല്‍ ജനത്തെ മോചിപ്പിക്കുവാന്‍ നിയോഗം ലഭിച്ചതു വിക്കനായ മോശയ്ക്ക്. രക്ഷകനായ ദൈവപുത്രന്‍ പിറന്നു വീണത് കാലിത്തൊഴുത്തില്‍. ശിഷ്യരാകുവാനും സഭയുടെ അടിത്തറ പണിയുവാനും തിരഞ്ഞെടുത്തത് സാധാരണക്കാരായ മനുഷ്യരെ. പൗരോഹിത്യ-സന്ന്യാസജീവിതത്തിലേക്കുള്ള ദൈവവിളികള്‍ വിമര്‍ശനത്തിന് വിധേയമാക്കുന്ന ആധുനിക തലമുറയ്ക്ക് ഈ വിളിക്കു പിന്നിലെ മാനദണ്ഡങ്ങളെ വിവേചിച്ചറിയുവാന്‍ സാധിച്ചിട്ടില്ല എന്നതു പരമാര്‍ത്ഥം. ദൈവവിളി ഒരു ദാനവും രഹസ്യവുമാണ്. അതിന്റെ കാരണവും കാരണക്കാരനും ദൈവം തന്നെ.
ദൈവവിളിയുടെ കാരണം ചികയുന്നവര്‍ക്കു മുമ്പില്‍ ഉത്തരം ഒന്നേയുള്ളു. ഓരോ കാലഘട്ടത്തിലും മനുഷ്യനുയര്‍ത്തുന്ന നിലവിളിക്കുള്ള ഉത്തരമാണ് ഓരോ ദൈവവിളിയും. ഇസ്രായേലിന്റെ ഈജിപ്തിലെ അടിമത്തത്തില്‍നിന്ന് ഉയര്‍ന്ന നിലവിളിക്ക് ഉത്തരമാണ് മോശയുടെയും അഹറോന്റെയും ജോഷ്വായുടെയുമെല്ലാം വിളി. ദൈവജനത്തിന്റെ കാലഘട്ടത്തിന്റെ നിലവിളിക്കുത്തരം നല്‍കാന്‍ നിയോഗിക്കപ്പെട്ടവരാണ് പ്രവാചകര്‍. മാനവകുലം പാപത്തിന്റെ അടിമത്തത്തില്‍ കിടന്നു വലഞ്ഞപ്പോള്‍ ഉയര്‍ത്തപ്പെട്ട നിലവിളിയുടെ ഉത്തരമാണ് രക്ഷകനായ മിശിഹാ. നാം വണങ്ങുകയും മാധ്യസ്ഥ്യം തേടുകയും ചെയ്യുന്ന വിശുദ്ധരെല്ലാം ഓരോ കാലഘട്ടത്തിലും മനുഷ്യന്റെ ആവശ്യങ്ങള്‍ക്കു മുമ്പില്‍, നിലവിളിക്കു മുമ്പില്‍ ദൈവം നല്‍കിയ പ്രത്യുത്തരങ്ങളാണ്. ഇന്നും സഭയുടെ പ്രതിസന്ധികള്‍ക്കുള്ള ഉത്തരങ്ങളാണ് പൗരോഹിത്യ-സന്ന്യാസദൈവവിളികള്‍.
ബഹളം നിറഞ്ഞ ഒരു പട്ടണത്തിനു നടുവില്‍ മൈക്കുപോലുമില്ലാതെ ശാന്തമായി നിന്ന് ഒരുവന്‍ ഹൃദയസ്പര്‍ശിയായ പ്രസംഗം നടത്തുന്നു എന്നു വിചാരിക്കുക. തൊട്ടടുത്തുകൂടി നടക്കുന്നവന്‍പോലും ആ സ്വരം ശ്രദ്ധിക്കണമെന്നില്ല. അകത്തളങ്ങളില്‍ മുഴങ്ങിക്കേള്‍ക്കുന്ന ദൈവസ്വരത്തിനു പ്രത്യുത്തരം നല്‍കാന്‍ ഒരു വ്യക്തിയെ പ്രാപ്തനാക്കുന്നത് അവന്‍ ജീവിക്കുന്ന സാഹചര്യങ്ങള്‍തന്നെയാണ്. ദൈവസ്വരം കേള്‍ക്കുവാന്‍ പര്യാപ്തമായ ഒരു അന്തരീക്ഷം ഇന്ന് നമ്മുടെ കുടുംബങ്ങളില്‍നിന്നു പടിയിറങ്ങി എന്നതുതന്നെയാണ് ദൈവവിളി അല്പമെങ്കിലും കുറഞ്ഞിട്ടുണെ്ടങ്കില്‍ അതിനു കാരണം. സന്ധ്യാപ്രാര്‍ത്ഥനയും സ്‌നേഹാന്തരീക്ഷവും പങ്കുവയ്ക്കലും സംഭാഷണങ്ങളും പടിയിറങ്ങി, ജോലിയും തിരക്കും സാമൂഹികമാധ്യമങ്ങളും കുടുംബബന്ധങ്ങളില്‍ വിള്ളലുകള്‍ സൃഷ്ടിക്കാന്‍ തുടങ്ങിയപ്പോള്‍ ദൈവത്തിനോ ദൈവികമൂല്യങ്ങള്‍ക്കോ അവിടെ സ്ഥാനമില്ലാതായി, വിലയില്ലാതായി. വിശുദ്ധരുടെ ചരിത്രവും ദൈവവിളിയുടെ മൂല്യവുമൊക്കെ കൊച്ചുമക്കള്‍ക്കു പറഞ്ഞുകൊടുക്കുന്ന മുതിര്‍ന്ന തലമുറയ്ക്ക് കുടുംബത്തില്‍ സ്വരവും സ്ഥാനവുമില്ലാതായി. എല്ലാവരുടെയും ലോകം സ്വന്തം സ്മാര്‍ട്ട് ഫോണിന്റെ സ്‌ക്രീനിലേക്കു ചുരുങ്ങിയപ്പോള്‍ ഒരുമിച്ചിരുന്നു സന്ധ്യാപ്രാര്‍ത്ഥന ചൊല്ലുന്ന കുടുംബങ്ങളുടെ എണ്ണം കുറഞ്ഞു. പ്രാര്‍ത്ഥിക്കാത്ത അന്തരീക്ഷത്തില്‍ വളരുന്ന പുതിയ തലമുറയ്ക്ക് ദൈവസ്വരം കേള്‍ക്കാനാവുന്നില്ല എന്നതും നാം മനസ്സിലാക്കണം.
ദൈവവിളി ഒരു വ്യക്തിക്കായി നല്‍കപ്പെടുന്ന ദാനമല്ല; അത് ഒരു കുടുംബത്തിന്റെ അനുഗ്രഹമാണ്, നാടിന്റെ അനുഗ്രഹമാണ്, ലോകത്തിന്റെ അനുഗ്രഹമാണ്. വിശ്വാസികളുടെ പിതാവായ അബ്രാഹത്തെ വിളിക്കുമ്പോള്‍ ദൈവം പറയുന്നതിങ്ങനെയാണ്: നിന്നിലൂടെ ഭൂമുഖത്തെ വംശങ്ങളെല്ലാം അനുഗൃഹീതമാകും (ഉത്പ. 1:3). അനുഗ്രഹമാകാന്‍ വിളിക്കപ്പെട്ട ഏതാനും ചിലരുടെ അപചയങ്ങള്‍ ദൈവവിളിയുടെ മഹത്ത്വം കുറയ്ക്കുന്നില്ല, അനുഗ്രഹത്തിന്റെ മാറ്റു കുറയുന്നുമില്ല. കുടുംബത്തിനും സമൂഹത്തിനും ലോകത്തിന്റെ ആവശ്യങ്ങള്‍ക്കും മുമ്പില്‍ പ്രാര്‍ത്ഥനയുടെ കരമുയര്‍ത്തുന്നവരാണ് സമര്‍പ്പിതര്‍. ആരുമറിയാതെ അവര്‍ ചെയ്യുന്ന ത്യാഗങ്ങളും പ്രായശ്ചിത്തങ്ങളും നന്മപ്രവൃത്തികളുമാണ് ലോകത്തെ നിലനിര്‍ത്തുന്നത് എന്നു പറയുന്നതില്‍ അതിശയോക്തി തെല്ലുമില്ല. അനുഗ്രഹമാകാന്‍ വന്നിട്ട്, കുരിശുകളെ പീഡനമെന്നും സഹനങ്ങളെ ദുരിതങ്ങളെന്നും വിശേഷിപ്പിക്കുന്ന ചിലരുടെ പരാജയപ്പെട്ട ജീവിതത്തെ നോക്കി പൗരോഹിത്യവും സന്ന്യാസവും തോറ്റുപോയി എന്നു പറഞ്ഞു നാം വിലപിക്കേണ്ടതില്ല. വിദ്യാഭ്യാസ, സാമൂഹിക സാംസ്‌കാരിക, ആതുരശുശ്രൂഷാരംഗങ്ങളില്‍ ഇന്ന് നമ്മുടെ നാടു വളര്‍ന്നതിനുപിന്നിലെ കാരണക്കാര്‍ ഈ സമര്‍പ്പിതസമൂഹമാണെന്നതും സമ്മതിക്കാതിരിക്കാനാവില്ല. മാന്യതയുള്ളവരെയും മാന്യതനിറഞ്ഞ ജോലികളെയും തേടി ആധുനികലോകം വ്യഗ്രതപ്പെടുമ്പോള്‍ ആര്‍ക്കും വേണ്ടാത്ത അനാഥര്‍ക്കും അശരണര്‍ക്കും അത്താണിയാകുന്നതും അഭയം നല്‍കുന്നതും ഈ സമര്‍പ്പിതലോകം തന്നെ. കാരണം ഈ ദൈവവിളി മറ്റൊരു ക്രിസ്തുവാകുവാനുള്ള വിളിയാണ്.
ഒഴുക്കിനൊത്തു നീന്താന്‍ അധികം ബുദ്ധിമുട്ടില്ല. ഞീമറ ചീ േഠമസലി എന്ന കവിതയില്‍ റോബര്‍ട്ട് ഫ്രോസ്റ്റ് പറയുന്നതുപോലെ, അധികമാരും തിരഞ്ഞെടുക്കാത്ത ദൈവവിളിയുടെ വഴിയിലേക്കാണ് നിന്റെ ഉള്‍വിളിയെങ്കില്‍ അവിടെ തെളിയുന്ന ചോദ്യങ്ങള്‍ക്കുമുമ്പില്‍ ശങ്കിക്കേണ്ടതില്ല. കാരണം, ഈ വഴി വ്യത്യസ്തമാണ്, ഈ വഴിയും ലക്ഷ്യത്തിലേക്കാണ്. ദൈവവിളിയുടെ വില തിരിച്ചറിയാന്‍, ഈ വിളിയുടെ ദൗത്യത്തെ ഹൃദയത്തില്‍ ആഴപ്പെടുത്താന്‍, വെല്ലുവിളി നിറഞ്ഞ ഈ വഴിയിലേക്കു ചുവടുമാറ്റിച്ചവിട്ടാന്‍ പുതിയ തലമുറയിലെ യുവജനങ്ങള്‍ക്കു കഴിയട്ടെ. കാരണം, ഇത് എല്ലാവര്‍ക്കും നല്‍കപ്പെടുന്ന ദാനമല്ല, കൃപ സിദ്ധിച്ചവര്‍ക്കുള്ള പ്രത്യേക വിളിയാണ്. ദൈവവിളിയുടെ സ്വരം തിരിച്ചറിയാന്‍ സഹായിക്കുന്ന കുടുംബങ്ങളെ രൂപപ്പെടുത്താം. അനുഗ്രഹത്തിന്റെ ഒരു തെളിനീരുറവ ലോകത്തിനു നല്‍കാന്‍ കഴിഞ്ഞാല്‍ നമ്മുടെ കുടുംബം അനുഗ്രഹിക്കപ്പെട്ടതാകും.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)