•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ഓസ്‌കറില്‍ ഇന്ത്യയ്ക്ക് ഇരട്ടത്തിളക്കം

ഹൃദയമുള്ള ചടുലതയുടെ വിജയം

ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള നാമനിര്‍ദേശം പുറത്തിറങ്ങിയനാള്‍ മുതല്‍ ആര്‍ആര്‍ആറിലുള്ള പ്രതീക്ഷയിലായിരുന്നു ആസ്വാദകര്‍. മികച്ച ഗാനത്തിനുള്ള പുരസ്‌കാരമാണ് നാട്ടു നാട്ടു ഗാനം സ്വന്തമാക്കിയിരിക്കുന്നത്. എം. എം. കീരവാണിയുടെ സംഗീതത്തിന് ചന്ദ്രബോസിന്റെ  വരികള്‍ താളംപിടിച്ചപ്പോള്‍ നമുക്കു ലഭിച്ചത് ആഗോള അംഗീകാരമാണ്.
  ബെസ്റ്റ് ഒറിജിനല്‍ സോങ് കാറ്റഗറിയിലാണു പുരസ്‌കാരലബ്ധി.  എം.എം. കീരവാണിയും ചന്ദ്രബോസും ചേര്‍ന്നു പുരസ്‌കാരം ഏറ്റുവാങ്ങിയപ്പോള്‍ സാക്ഷികളായി ജൂനിയര്‍ എന്‍ടിആറും രാംചരണും സംവിധായകന്‍ എസ്. എസ്. രാജമൗലിയും ഡോള്‍ബി തിയേറ്ററിലുണ്ടായിരുന്നു.
ഇന്ത്യന്‍സംഗീതത്തെ വാനോളമുയര്‍ത്തിയാണു നാട്ടു നാട്ടു നോമിനേഷനില്‍ എത്തിയത്. നേരത്തേ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം ഇതേ ഗാനത്തിനു ലഭിച്ചിരുന്നു. എസ് എസ് രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിലെ നാട്ടു നാട്ടു ഗാനം വളരെ വേഗത്തില്‍ത്തന്നെ ആസ്വാദകര്‍ക്കിടയില്‍ ഇടം പിടിച്ചിരുന്നു. സംഗീതമികവും ആലാപനത്തിലെ വശ്യതയും ചിത്രീകരണത്തിലെ ചടുലതയും സഹൃദയര്‍ക്ക് നവ്യാനുഭവമാണു പകര്‍ന്നത്. 
അഞ്ചു ഭാഷകളിലായാണു ആര്‍ആര്‍ആര്‍ പുറത്തിറങ്ങിയത്. നാട്ടു നാട്ടു ഗാനം റിലീസ് ചെയ്ത് ഒരു ദിവസത്തിനുള്ളില്‍ 17 ദശലക്ഷം പേരാണു ഗാനം ആസ്വദിച്ചത്. ഒരു വിരുന്നുചടങ്ങില്‍, നൃത്തം ചെയ്യാനറിയില്ലെന്നതിന്റെ പേരില്‍ പരിഹസിക്കപ്പെടുന്ന ഗോണ്ട് യുവാക്കള്‍  നാടന്‍നൃത്തം അവതരിപ്പിക്കുന്നതാണ് ഗാനരംഗം. 'നിങ്ങള്‍ക്ക് നാടന്‍ നൃത്തം അറിയാമോ' എന്ന് ബ്രിട്ടീഷുകാരനോട് പ്രധാന കഥാപാത്രങ്ങളും യുദ്ധവീരന്മാരുമായ ഗോണ്ട് യുവാക്കള്‍ തിരിച്ചുചോദിക്കുന്നിടത്തുനിന്നാണ് ഈ ഗാനം തുടങ്ങുന്നത്. 'നാടന്‍ നൃത്തമോ, അതെന്താണ്?' എന്ന ബ്രിട്ടീഷുകാരന്റെ ചോദ്യത്തിനുത്തരമായി ചടുലതാളത്തില്‍ അവര്‍ നൃത്തം തുടങ്ങുന്നു. ആ താളമാണ് ഇന്ന്  ഓസ്‌കാര്‍ സുവര്‍ണപ്രഭയോളം ഉയര്‍ന്നുനില്‍ക്കുന്നത്.

''ദ് എലിഫന്റ് വിസ്പറേഴ്‌സ്'' സഹജീവനത്തിന്റെ ആഘോഷവും സംതൃപ്തിയും

മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്രവിഭാഗത്തില്‍        'ദ് എലിഫന്റ് വിസ്പറേഴ്‌സ്' പുരസ്‌കാരം നേടി. ഊട്ടി സ്വദേശിയായ കാര്‍ത്തികി ഗോണ്‍സാല്‍വസ് സംവിധാനം ചെയ്ത് ഗുണീത് മോംഗ നിര്‍മിച്ച ദ് എലിഫന്റ് വിസ്പറേഴ്‌സ് ഈ വിഭാഗത്തില്‍ ഇന്ത്യയില്‍നിന്ന് ഓസ്‌കാര്‍ നേടുന്ന ആദ്യചിത്രമാണ്. മുതുമല വന്യജീവി സങ്കേതത്തിന്റെ ഭാഗമായ തെപ്പക്കാട് ആനപരിശീലനകേന്ദ്രത്തിലെ പരിശീലകരായ ബൊമ്മന്‍, ബെല്ലി ദമ്പതിമാരുടെയും അവിടെ എത്തിപ്പെട്ട രഘു എന്ന കുട്ടിയാനയുടെയും ജീവിതമാണ് എലിഫന്റ് വിസ്പറേഴ്‌സ് പറയുന്നത്. ശരീരത്തിലാകെ പരിക്കേറ്റ് കാട്ടില്‍ ഒറ്റപ്പെട്ടുപോയ 11 മാസം പ്രായമുള്ള ആനക്കുട്ടിയെ വനപാലകര്‍ ആദിവാസിദമ്പതിമാരുടെ അടുത്തെത്തിക്കുന്നതുമുതലാണ് ചിത്രത്തില്‍ സങ്കീര്‍ണതകള്‍ ആരംഭിക്കുന്നത്. ബെല്ലിയും ബൊമ്മനും ഈ കുട്ടിയാനയും ചേര്‍ന്ന് ഒരു കുടുംബമായി ഒരുമിച്ച് ഒരു വീട്ടില്‍ ജീവിക്കുന്നത് അതീവഹൃദ്യമായാണ് സംവിധായകന്‍ അവതരിപ്പിച്ചിരിക്കുന്നത്.  പരിശീലനത്തിന്റെ ഒരു ഘട്ടമെത്തുമ്പോള്‍ രഘു അവരെ വിട്ട് ആനവളര്‍ത്തല്‍ കേന്ദ്രത്തിലേക്കു പോകുന്നു. പകരം, രഘുവിന്റെ സ്ഥാനത്ത് അമ്മു എന്ന കുട്ടിയാന വരുന്നു. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം ഇവിടെ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. 
 ആനക്കുട്ടിയുടെ വളര്‍ച്ചയുടെയും അവനു ചുറ്റിലുമുള്ള മനുഷ്യ - പ്രകൃതിജീവിതത്തിന്റെയും വിവിധ ഘട്ടങ്ങള്‍ വര്‍ഷങ്ങളെടുത്തു ചിത്രീകരിച്ചാണ് സംവിധായിക കാര്‍ത്തികി ഗോണ്‍സാല്‍വസ് സിനിമ പൂര്‍ത്തിയാക്കിയത്. മൂന്നുമാസംമാത്രം പ്രായമുള്ളപ്പോഴാണ് രഘുവിനെ താന്‍ കാണുന്നതെന്ന് കാര്‍ത്തികി ഗോണ്‍സാല്‍വസ് പറഞ്ഞിട്ടുണ്ട്. ഒന്നരവര്‍ഷത്തോളം അവനൊപ്പം ചെലവഴിച്ചതിനുശേഷമാണ് അവര്‍ ഡോക്യുമെന്ററി ആരംഭിച്ചത്. അതു പൂര്‍ത്തിയാക്കിയപ്പോഴേക്കും അഞ്ചുവര്‍ഷമെടുത്തു. ആനകള്‍ മാത്രമല്ല, മുതുമല വന്യജീവിസങ്കേതത്തിലെ നിരവധി മൃഗങ്ങളും പ്രകൃതിയുമെല്ലാം ചേരുന്ന ആവാസവ്യവസ്ഥയുടെ ചിത്രീകരണമായി ഈ ചിത്രം മാറുന്നത് അതുകൊണ്ടുകൂടിയാണ്.
കാടും മലകളും കാട്ടരുവികളും ചേര്‍ന്ന നീലഗിരിയുടെ മനോഹരമായ പ്രകൃതിയും ചിത്രത്തെ സുന്ദരമാക്കുന്നു. പ്രകൃതിയോടലിഞ്ഞുള്ള അവിടത്തെ ആദിവാസിജീവിതവും ആനകള്‍ അടക്കമുള്ള മൃഗങ്ങളോടുള്ള അവരുടെ സമീപനവും ചിത്രം രേഖപ്പെടുത്തുന്നുണ്ട്. മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള സഹവര്‍ത്തിത്വത്തിന്റെയും ആത്മബന്ധത്തിന്റെയും ചിത്രീകരണം എന്നതിലപ്പുറം ദക്ഷിണേന്ത്യയുടെ പാരിസ്ഥിതികാവബോധത്തിന്റെയും സഹജീവനത്തിന്റെയും സൂക്ഷ്മമായ ആവിഷ്‌കരണംകൂടിയാണ് ഈ കൊച്ചുസിനിമ.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)