വൃക്കരോഗത്തെക്കുറിച്ചും വൃക്കകളുടെ ആരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അവബോധം വളര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള ആഗോളപ്രചാരണത്തിന്റെ ഭാഗമായാണ് എല്ലാവര്‍ഷവും മാര്‍ച്ചിലെ രണ്ടാം വ്യാഴാഴ്ച ലോകവൃക്കദിനമായി ആഘോഷിക്കുന്നത്. 2006 മുതലാണ് ഇന്റര്‍നാഷണല്‍ സൊസൈറ്റി ഓഫ് നെഫ്രോളജിയും ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് കിഡ്‌നി ഫൗണ്ടേഷനും സംയുക്തമായി ഈ ദിനാചരണം ആരംഭിക്കുന്നത്. ഇപ്പോള്‍ ഏകദേശം നൂറോളം രാജ്യങ്ങള്‍ ഈ ദിനം ലോകവൃക്കദിനമായി ആഘോഷിക്കുന്നു. ഓരോ വര്‍ഷവും വൃക്കദിനത്തോടനുബന്ധിച്ച് വ്യത്യസ്തവിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഈ വര്‍ഷം ചര്‍ച്ച ചെയ്യുന്ന വിഷയം 'കിഡ്‌നി ഹെല്‍ത്ത് ഫോര്‍ ഓള്‍ - പ്രിപ്പയറിങ് ദി അണ്‍എക്‌സ്‌പെക്റ്റഡ്, സപ്പോര്‍ട്ടിങ് ദി വള്‍ണറബിള്‍' - അതായത്, എല്ലാവര്‍ക്കും വൃക്ക ആരോഗ്യം - അപ്രതീക്ഷിതമായ കാര്യങ്ങള്‍ക്കായി തയ്യാറെടുക്കുന്നു, ദുര്‍ബലരെ പിന്തുണയ്ക്കുന്നു എന്നതാണ്.
ജനസംഖ്യയില്‍ ഏകദേശം പത്തുശതമാനം ആളുകളില്‍ ഏതെങ്കിലും തരത്തിലുള്ള വൃക്കരോഗം ഉണ്ടെന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്; അതായത്, ഏകദേശം 840 ദശലക്ഷത്തിലധികം വൃക്കരോഗികള്‍. എന്നാല്‍, ഇന്ത്യയില്‍ ഇത് 13-17% വരെയാണ്. ഏതെങ്കിലും 80-90% വൃക്കരോഗികളും ഇന്ത്യയില്‍ ശരിയായ ചികിത്സാപരിചരണങ്ങള്‍ താങ്ങാനാവാതെ മരണപ്പെടുന്നു. ഡയാലിസിസ് ആരംഭിക്കുന്നവരില്‍, അറുപതുശതമാനത്തിലേറെ രോഗികള്‍ സാമ്പത്തികകാരണങ്ങളാല്‍ പിന്നീട് ഡയാലിസിസ് നിര്‍ത്തുന്നു. 2018 ലെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 1,75,000 ഡയാലിസിസ് രോഗികളാണുള്ളത്. ഇതില്‍ അറുപതു ശതമാനത്തിലേറെ രോഗികള്‍ 50 കിലോമീറ്റര്‍ ദൂരം താണ്ടിയാണ് ഡയാലിസിസ് ചെയ്യുന്നത്. 50% ലേറെ രോഗികള്‍ വൃക്കരോഗം മൂര്‍ച്ഛിച്ചതിനുശേഷമാണ് ഡോക്ടറെ പ്രാഥമികമായി കാണുന്നത്. കാരണം, വൃക്കരോഗത്തിന്റെ ആദ്യകാലലക്ഷണങ്ങള്‍ പലപ്പോഴും ഇവരില്‍ പ്രകടമല്ല. ലോകമെമ്പാടുമുള്ള വൃക്കരോഗങ്ങളുടെ വ്യാപനത്തില്‍ പുരുഷന്മാരില്‍ 10.4%, സ്ത്രീകളില്‍ 11.8% എന്നതാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
വൃക്കരോഗലക്ഷണങ്ങള്‍?
മേല്പറഞ്ഞതുപോലെ ആദ്യകാലലക്ഷണങ്ങള്‍ ചിലപ്പോള്‍ നിശ്ശബ്ദമായേക്കാം. പ്രധാനലക്ഷണങ്ങള്‍ താഴെ പറയുന്നവയാണ്: ശരീരത്തില്‍ നീരുവരിക, മൂത്രത്തില്‍ പത കാണുക, മൂത്രത്തില്‍ രക്തം കാണുക, അമിതമായ ക്ഷീണം, വിശപ്പില്ലായ്മ, നിരന്തരമായ ചര്‍ദി, ഉയര്‍ന്ന രക്തസമ്മര്‍ദം.
മേല്പറഞ്ഞ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ രക്തം, മൂത്രം എന്നിവയുടെ പരിശോധനയും വൃക്കകളുടെ സ്‌കാനിങ്ങും രോഗനിര്‍ണയത്തിന് ആവശ്യമായി വരുന്നു.
വൃക്കരോഗത്തിന്റെ കാരണങ്ങള്‍:
1. ഏറ്റവും സാധാരണയായി കണ്ടുവരുന്നത് പ്രമേഹംമൂലമുള്ള വൃക്കത്തകരാണ്.
പ്രമേഹം ഉള്ളവരില്‍ മൂന്നില്‍ ഒരാള്‍ക്ക് വൃക്കരോഗമുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. മൂത്രത്തില്‍ ആല്‍ബുമിന്‍ എന്ന പ്രോട്ടീന്‍ നഷ്ടപ്പെടുന്നതാണ് ആദ്യസൂചന. അതിനാല്‍, പ്രമേഹം കണ്ടുപിടിക്കുന്നതോടൊപ്പം വൃക്കകളുടെ പ്രവര്‍ത്തനം അറിയുന്നതിനായി രക്തവും മൂത്രവും പരിശോധിക്കേണ്ടതുണ്ട്.
2. ഉയര്‍ന്ന രക്തസമ്മര്‍ദം
അനിയന്ത്രിതമായ ഉയര്‍ന്ന രക്തസമ്മര്‍ദം വൃക്കത്തകരാറിനു കാരണമായേക്കാം. ചില സന്ദര്‍ഭങ്ങളില്‍ ഉയര്‍ന്ന രക്തസമ്മര്‍ദം വൃക്കത്തരാറിന്റെ പ്രഥമലക്ഷണമായും കാണാറുണ്ട്.
3. ഗ്ലോമെരുലാര്‍ അസുഖങ്ങള്‍
രക്തത്തില്‍നിന്ന് മൂത്രത്തിലൂടെ അമിതമായി പ്രോട്ടീന്‍ നഷ്ടപ്പെടുകയും തല്‍ഫലമായി ശരീരമൊട്ടൊകെ നീരുവയ്ക്കുകയും ശരീരത്തിലുള്ള കൊളസ്‌ട്രോള്‍ വര്‍ധിപ്പിക്കുകയും ചെയ്യുന്ന രോഗാവസ്ഥയാണ് ഇത്.
4. ഇന്റര്‍സ്റ്റീഷ്യല്‍ നെഫ്രൈറ്റിസ്
ഇപ്പോള്‍ കൂടുതലായും കണ്ടുവരുന്ന ഒരുതരം വൃക്കരോഗമാണിത്. ഈ രോഗാവസ്ഥയില്‍, ചിലപ്പോള്‍ രോഗലക്ഷണങ്ങള്‍ പ്രാരംഭഘട്ടത്തില്‍ ഉണ്ടാവാറില്ല.
ഈ വര്‍ഷത്തെ ലോകവൃക്കദിനത്തോടനുബന്ധിച്ച് ചില സുപ്രധാനവിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്.
ലോകമെമ്പാടും ആഗോളതാപനം ഉയരുന്നത് വൃക്കരോഗങ്ങളുടെ ഒരു കാരണമായി ചില പഠനങ്ങള്‍ കണക്കാക്കുന്നു. പ്രത്യേകിച്ചു വളരെയധികം ചൂടുതരംഗങ്ങളില്‍ ജോലി ചെയ്യുന്നവരില്‍ കാണുന്ന വൃക്കരോഗം. ഇതിന് ഹീറ്റ് സ്‌ട്രെസ് നെഫ്രൊപ്പതി എന്നു പറയുന്നു. പരിസ്ഥിതിമലിനീകരണം ഉണ്ടാക്കുന്ന പല കെമിക്കലുകള്‍ പ്രത്യേകിച്ച് ലെഡ്, മെര്‍ക്കുറി, ആര്‍സെനിക് എന്നിവയുടെ അമിതസമ്പര്‍ക്കംമൂലവും വൃക്കകളില്‍ പല പ്രത്യാഘാതങ്ങള്‍ ഉണ്ടാവുന്നു. വര്‍ധിച്ചുവരുന്ന കീടനാശിനികളുടെ ഉപയോഗം, കുടിവെള്ളത്തില്‍ അമിതമായി സിലിക്ക, ലെഡ് പോലെയുള്ള രാസവസ്തുക്കള്‍ കലരുന്നത് എല്ലാം വൃക്കസ്തംഭനത്തിനു കാരണമാവുന്നു. ദീര്‍ഘനാളുകളായി വായുമലിനീകരണത്തിന് ഇരയാകുന്നവരുടെ വൃക്കകള്‍ രോഗബാധിതമാകുന്നതായി ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു. വൃക്കരോഗികള്‍ പ്രകൃതിദുരന്തങ്ങളുടെയും മനുഷ്യനിര്‍മിതദുരന്തങ്ങളുടെയും ഇരകളാകുന്നു, പ്രത്യേകിച്ച് ഡയാലിസിസ് രോഗികള്‍. അങ്ങനെയുള്ള അവസരങ്ങളില്‍ ദുരന്തനിവാരണതയ്യാറെടുപ്പു മെച്ചപ്പെടുത്തുകയും വര്‍ധിപ്പിക്കുകയും വേണം. കടന്നുപോയ കൊവിഡ് മഹാമാരിയില്‍ വളരെയധികം വൃക്കരോഗികള്‍ മരണപ്പെട്ടു.
വൃക്കരോഗികളില്‍; പ്രത്യേകിച്ച്, ഡയാലിസിസ് രോഗികളില്‍ 60-80% വരെ പോഷകാഹാരക്കുറവ് കാണുന്നു. നമ്മള്‍ ഇപ്പോള്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം ഫുഡ് ഇന്‍സെക്യൂരിറ്റി അഥവാ ഭക്ഷ്യഅരക്ഷിതാവസ്ഥയാണ്. പോഷകസമൃദ്ധവും സുരക്ഷിതവുമായ ഭക്ഷണങ്ങള്‍ പരിമിതലഭ്യമായി വരുന്നു. ഇതിന്റെ ഫലമായി പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, ഹൃദയസ്തംഭനം, വൃക്കരോഗങ്ങള്‍ എന്നിവ വര്‍ധിച്ചുവരുന്നു.
വൃക്കകളെ സംരക്ഷിക്കാന്‍ നാം എട്ടു സുവര്‍ണനിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്.
1. ഫിറ്റ്‌നസ് നിലനിറുത്തുക
ആഴ്ചയില്‍ മിനിമം 150 മിനിറ്റെങ്കിലും മിതമായ തീവ്രതയില്‍ വ്യായാമം ചെയ്യുക. ഇത് വേഗത്തിലുള്ള നടത്തം, ജോഗിങ്ങ്, സൈക്ലിങ്, എയ്‌റോബിക് ആക്റ്റിവിറ്റി എന്നിവയാകാം. അതായത്, ദിവസം 30 മിനിറ്റുവച്ച് ആഴ്ചയില്‍ അഞ്ചുദിവസം ചെയ്യുക. ബാക്കിയുള്ള രണ്ടുദിവസം പേശികളുടെ ബലത്തിനായുള്ള വ്യായാമം ചെയ്യുക.
2. ആരോഗ്യപരമായ ഭക്ഷണം കഴിക്കുക
ഫാസ്റ്റ് ഫുഡ് സംസ്‌കാരവും കാര്‍ബണേറ്റഡ് പാനീയങ്ങളും ഒഴിവാക്കുക. സാധാരണ ആളുകള്‍ സമീകൃതാഹാരമാണു കഴിക്കേണ്ടത്. എന്നാല്‍, വൃക്കരോഗമുള്ളവര്‍ പൊട്ടാസ്യം, ഫോസ്ഫറസ് അടങ്ങിയ ഭക്ഷണം കുറയ്ക്കുക. പച്ചക്കറികള്‍ പാചകം ചെയ്യുന്നതിനുമുമ്പ് കുറഞ്ഞത് രണ്ടു മണിക്കൂറെങ്കിലും വെള്ളത്തില്‍ കുതിര്‍ത്ത് പൊട്ടാസ്യം ഭക്ഷണത്തില്‍നിന്നു വെള്ളത്തിലേക്കു കളയുന്ന പ്രക്രിയയാണ് ലീച്ചിങ്. വൃക്കരോഗികളില്‍ രണ്ടു ഗ്രാമില്‍ താഴെയാണ് ദിവസം ഉപ്പു നിര്‍ദേശിച്ചിട്ടുള്ളത്.
3. രക്തത്തിലുള്ള പഞ്ചസാര പരിശോധിക്കുകയും നിയന്ത്രിക്കുകയും ചെയ്യുക
പ്രമേഹമുള്ള പകുതിയിലേറെ ആളുകളില്‍ കാലക്രമേണ വൃക്കത്തകരാറ് സംഭവിക്കുന്നു. വൃക്കത്തകരാറിന്റെ പ്രാരംഭഘട്ടമായ മൈക്രോആര്‍ബുമിന്യൂറിയ സ്റ്റേജില്‍ കണ്ടുപിടിച്ചാല്‍, വൃക്കത്തകരാര്‍ പരിമിതപ്പെടുത്താം. അതിനാല്‍ രക്തത്തിന്റെയും മൂത്രത്തിന്റെയും പരിശോധനയിലൂടെ നിങ്ങളുടെ വൃക്കകളുടെ പ്രവര്‍ത്തനം പതിവായി പരിശോധിക്കുക.
4. രക്തസമ്മര്‍ദം പരിശോധിക്കുകയും നിയന്ത്രിക്കുകയും ചെയ്യുക
ഉയര്‍ന്ന രക്തസമ്മര്‍ദം വൃക്കകളെ തകരാറിലാക്കും. സാധാരണ രക്തസമ്മര്‍ദം 120/ 80 ആണ്. എന്നാല്‍, രണ്ടു വ്യത്യസ്ത ദിവസങ്ങളില്‍ രക്തസമ്മര്‍ദം 140/90 മുകളിലാണെങ്കില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ മായി നിര്‍ണയിക്കുന്നു. ഇങ്ങനെയുള്ളവര്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം ചികിത്സ ആരംഭിക്കേണ്ടതാണ്.
5. ഉചിതമായ അളവില്‍ വെള്ളം കുടിക്കുക
സാധാരണമായി സുഖപ്രദമായ കാലാവസ്ഥയില്‍ ആരോഗ്യമുള്ളവര്‍ ഏകദേശം രണ്ടുലിറ്റര്‍ വെള്ളം കുടിക്കണം.
എന്നാല്‍, വൃക്കത്തകരാര്‍, ഹാര്‍ട്ട് ഫെയ്‌ലിയര്‍, ലിവര്‍ സംബന്ധമായ അസുഖമുള്ളവര്‍ തുടങ്ങിയവര്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം വെള്ളം പരിമിതപ്പെടുത്തേണ്ടതുണ്ട്.
6. പുകവലി ഒഴിവാക്കുക
പുകവലി വൃക്കയിലേക്കുള്ള രക്തയോട്ടം കുറയ്ക്കുകയും തത്ഫലമായി വൃക്കയുടെ പ്രവര്‍ത്തനശേഷി കുറയ്ക്കുകയും ചെയ്യുന്നു. അതുപോലെതന്നെ വൃക്കകളോടൊപ്പം മറ്റു പല അവയവങ്ങളിലെ അര്‍ബുദത്തിനും കാരണമാകുന്നു.
7. വേദനസംഹാരികള്‍ ഒഴിവാക്കുക
സ്ഥിരമായ വേദനസംഹാരികളുടെ ഉപയോഗം വൃക്കകളെ വളരെയധികം ദോഷകരമായി ബാധിക്കുകയും വൃക്കസ്തംഭനത്തിനു കാരണമാകുകയും ചെയ്യുന്നു.
8. താഴെപ്പറയുന്ന ഒന്നോ അതിലധികമോ ഉയര്‍ന്ന അപകടസാധ്യതയുള്ള ഘടകങ്ങള്‍ ഉണ്ടെങ്കില്‍ നിങ്ങളുടെ വൃക്കകളുടെ പ്രവര്‍ത്തനം പരിശോധിക്കുക
- നിങ്ങള്‍ക്കു പ്രമേഹമുണ്ടെങ്കില്‍
- നിങ്ങള്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദമുണ്ടെങ്കില്‍
- നിങ്ങള്‍ക്ക് പൊണ്ണത്തടിയുണ്ടെങ്കില്‍
- കുടുംബത്തില്‍ വൃക്കത്തകരാറുണ്ടെങ്കില്‍
സ്ഥായിയായ വൃക്കസ്തംഭനം മൂര്‍ച്ഛിച്ചാല്‍, ഒടുവില്‍ ഡയാലിസിസ് അല്ലെങ്കില്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ചെയ്യേണ്ടിവരും. ഡയാലിസിസ് ആഴ്ചയില്‍ രണ്ടോ മൂന്നോ വച്ച് ചെയ്യേണ്ടതാണ്. ഇന്നു വളരെയധികം ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും അതിന്റെ സാധ്യതകളും.
കണക്കുകള്‍ പ്രകാരം എല്ലാ വര്‍ഷവും ഇന്ത്യയില്‍ 1.5 മുതല്‍ 2 ലക്ഷംവരെ ആളുകള്‍ക്കാണ് വൃക്ക മാറ്റിവയ്ക്കല്‍ നടത്തേണ്ടത്. ഇതില്‍ പതിനായിരത്തില്‍ താഴെ വൃക്ക മാറ്റിവയ്ക്കലാണ് 2022 ല്‍ നടന്നത്. വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ ദാതാവ് ഒന്നുകില്‍ രക്തബന്ധം ഉള്ളയാളോ പരോപകാരദാതാവോ അതുമല്ലെങ്കില്‍ മസ്തിഷ്‌കമരണം സംഭവിച്ചവരില്‍നിന്നോ ആകാം.
എന്നാല്‍, കേരളത്തില്‍ മസ്തിഷ്‌കമരണം സംഭവിച്ചവര്‍ ദാതാവാകുന്നതില്‍ വളരെയധികം തെറ്റുധാരണ പൊതുജനങ്ങള്‍ക്കിടയില്‍ ഉണ്ട്. ഇതിനു കാരണം ഒരു പരിധിവരെ സാമൂഹികമാധ്യമപ്രചാരണങ്ങളാണ്. ഇന്ത്യയില്‍ മസ്തിഷ്‌കരമരണ ദാതാവു വഴിയുള്ള വൃക്കമാറ്റശസ്ത്രക്രിയ 837 (2013 ല്‍)നിന്ന് 2765 (2022 ല്‍). എന്നാല്‍, കേരളത്തില്‍ പല കാരണങ്ങളില്‍ ഇത് 132 (2015) ല്‍ നിന്ന് ഇപ്പോള്‍ 18 (2022) ആയി കുറഞ്ഞു. ഒരു മസ്തിഷ്‌കമരണം സംഭവിച്ചാല്‍, പ്രധാനമായും ഹൃദയം, ശ്വാസകോശം, കരള്‍, വൃക്ക, പാന്‍ക്രിയാസ്, കണ്ണ് എന്നീ അവയവങ്ങളാണ് ദാനം ചെയ്യാന്‍ സാധിക്കുക.
ആരോഗ്യകരവും സുഗമവുമായ ജീവിതം നയിക്കാന്‍ നമുക്കു വേണ്ടത് ആരോഗ്യമുള്ള വൃക്കകളാണ്. നമ്മുടെ വൃക്കകളെ നമ്മള്‍തന്നെ സംരക്ഷിക്കുക.