•  10 Apr 2025
  •  ദീപം 58
  •  നാളം 6
ലേഖനം

കാര്‍ഷികരംഗത്തെ നാനോവിപ്ലവം

ര്‍ഷകരെ കേന്ദ്രീകരിച്ച് സ്വയംപര്യാപ്തതയിലേക്കുള്ള രാജ്യത്തിന്റെ പ്രയാണത്തിന്റെ പ്രഭവകേന്ദ്രമായി കൃഷിയെ പ്രതിഷ്ഠിച്ചുകൊണ്ട്, കര്‍ഷകരുടെ സുസ്ഥിരതയ്ക്കും ഉന്നമനത്തിനും സമഗ്രമായ രീതിയില്‍ ഇന്ത്യ സുപ്രധാനനടപടികള്‍ കൈക്കൊള്ളേണ്ടത് അത്യന്താപേക്ഷിതമായിരിക്കുന്നു. ഈ സാഹചര്യത്തില്‍, മണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഉത്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനുമായി സംയോജിത പോഷകപരിപാലനം പ്രോത്സാഹിപ്പിച്ച് സമീപവര്‍ഷങ്ങളില്‍ നാനോവളങ്ങള്‍ വിപണിയില്‍ അവതരിപ്പിക്കപ്പെട്ടു. വര്‍ധിച്ച പോഷകാഗിരണം, പോഷകങ്ങളുടെ നിയന്ത്രിതപ്രകാശനം, കുറഞ്ഞ പാരിസ്ഥിതികാഘാതം, പരമ്പരാഗത വളങ്ങളെക്കാള്‍ ലാഭകരം എന്നീ കാരണങ്ങളാല്‍ നാനോ വളങ്ങള്‍ കാര്‍ഷികമേഖലയുടെ നൂതനവാഗ്ദാനമായി നിലകൊള്ളുന്നതായി ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് വെളിപ്പെടുത്തുന്നു. കാര്‍ഷികരംഗത്തു വിപ്ലവം സൃഷ്ടിച്ച നാനോ ദ്രവ യൂറിയയ്ക്കുശേഷം നാനോ ദ്രവ ഡൈ അമോണിയം ഫോസ്‌ഫേറ്റും വാണിജ്യാടിസ്ഥാനത്തില്‍ പുറത്തിറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്കിയതായി രാസവളം മന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യ മാര്‍ച്ച് 4 ന് പ്രഖ്യാപിക്കുകയുണ്ടായി. ഈ സുപ്രധാനചുവടുവയ്പ്പ് കര്‍ഷകസഹോദരങ്ങളുടെ ജീവിതം സുഗമമാക്കുന്നതോടൊപ്പം ഇന്ത്യന്‍ കാര്‍ഷികമേഖലയിലും, സമ്പദ്‌വ്യവസ്ഥയിലും മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ പര്യാപ്തമായതാണെന്നു കരുതപ്പെടുന്നു. പുതുതായി വികസിപ്പിച്ച ഇഫ്‌കോയുടെ 90% വരെ ഫലശേഷിയുള്ള നാനോ ദ്രവ ഡൈ അമോണിയം ഫോസ്‌ഫേറ്റ് (NDAP) 25% മാത്രം ഫലശേഷിയുള്ള പരമ്പരാഗത ഡിഎപിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ചെലവു കുറയ്ക്കുമെന്നും സബ്‌സിഡി വെട്ടിക്കുറയ്ക്കുമെന്നും പ്രതീക്ഷിക്കുന്നു. ഒരേക്കര്‍ കൃഷിഭൂമിക്കാവശ്യമായ 500 മില്ലി നാനോ ഡി എപിക്ക് 600 രൂപയാണ് വില. നിലവില്‍ 1350 രൂപയുടെ 50 കി.ഗ്രാം പരമ്പരാഗത ഡിഎപി വളം അരയേക്കര്‍ കൃഷിഭൂമിയില്‍മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന അവസ്ഥയിലാണ് നമ്മുടെ കര്‍ഷകര്‍. എന്‍.ഡി.എ.പി. യുടെ പ്രാദേശിക ഉത്പാദനം ലക്ഷ്യമിടുന്നതിനാല്‍ ഇറക്കുമതി രാസവളങ്ങളെ ആശ്രയിക്കാതിരിക്കാമെന്നതും ശ്രദ്ധേയമാണ്. നാനോ ഡിഎപിയുടെ അംഗീകാരം രാജ്യത്തെ കര്‍ഷകരുടെ ജീവിതത്തില്‍ ആകര്‍ഷകമായ മാറ്റമുണ്ടാക്കുമെന്ന് കേന്ദ്ര കെമിക്കല്‍സ് ആന്‍സ് ഫെര്‍ട്ടിലൈസേഴ്‌സ് മന്ത്രി അഭിപ്രായപ്പെടുകയുണ്ടായി.

ഫോസ്ഫറസ് (പി) അതിന്റെ അജൈവരൂപത്തിന്റെ ജൈവലഭ്യതയെ അടിസ്ഥാനമാക്കി സസ്യവളര്‍ച്ചയെയും വികാസത്തെയും നിയന്ത്രിക്കുന്ന പരിമിതമായ ഒരു പോഷകപദാര്‍ഥമാണ്. പി വളങ്ങളുടെ ബാഹ്യപ്രയോഗം ഉത്പന്നങ്ങളുടെ വിളവില്‍ ഇന്ന് വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ക്ക് അനിവാര്യമാണ്. സ്വാഭാവിക പി കരുതല്‍ ശേഖരത്തിന്റെ പുനരുത്പാദിപ്പിക്കാനാവാത്ത സ്വഭാവവും ദ്രുതഗതിയിലുള്ള ജനസംഖ്യാവളര്‍ച്ചയും ഭക്ഷ്യവിളകളുടെ ഉത്പാദനവര്‍ധനവിലേക്കും കുറഞ്ഞ പി വളം പ്രയോഗത്തിലേക്കും വിരല്‍ചൂണ്ടുന്നു. ആയതിനാല്‍ത്തന്നെ നാനോ വളങ്ങളുടെ വികസനവും ഫലപ്രാപ്തിയും നിര്‍ണായകമായി മാറുന്നു. കൂടുതല്‍ കാര്യക്ഷമമായതിനാല്‍ പരമ്പരാഗതവളങ്ങളുടെ അതേ ഫലങ്ങള്‍ കൈവരിക്കുന്നതിന് കുറച്ചു വളംമാത്രം ആവശ്യമായി വരുന്നു; ഇതുവഴി രാസവളങ്ങള്‍ ഒഴുകിപ്പോകുന്നതിനും ജലസ്രോതസ്സുകള്‍ മലിനമാകുന്നതിനുമുള്ള സാധ്യതകള്‍ കുറയുന്നു. വളത്തിലെ നാനോ കണികകള്‍ ആവരണമായി പ്രവര്‍ത്തിക്കുന്നതുമൂലം സാവധാനം പോഷണങ്ങള്‍ പുറത്തുവരുന്നതിനാല്‍ സസ്യങ്ങള്‍ക്ക് ദീര്‍ഘകാലത്തേക്ക് ഇവയുടെ സ്ഥിരമായ വിതരണം സാധ്യമാകുന്നു.
നൈട്രജനും ഫോസ്ഫറസും വളരെ സാന്ദ്രമായ രൂപത്തില്‍ അടങ്ങിയിരിക്കുന്ന നാനോ ഡൈ അമോണിയം ഫോസ്‌ഫേറ്റ് നാനോ ടെക്‌നോളജിയുടെ സഹായത്താല്‍ നിര്‍മിക്കപ്പെടുന്നതിനാല്‍ സസ്യങ്ങള്‍ അനായാസം ആഗിരണം ചെയ്യുന്ന ചെറിയ കണങ്ങളാക്കി വളത്തിന്റെ തന്മാത്രകളെ വിഘടിപ്പിക്കുന്നു. വിളകള്‍ മെച്ചപ്പെടുത്തുന്നതോടൊപ്പം എന്‍ ഡി എ പി മണ്ണിന്റെ ഫലഭൂയിഷ്ഠത വര്‍ധിപ്പിക്കുകയും മണ്ണിലെ സൂക്ഷ്മാണുക്കളുടെ വളര്‍ച്ചയെ പരിപോഷിപ്പിക്കുകയും മണ്ണിലൂടെ പകരുന്ന രോഗങ്ങളെ അടിച്ചമര്‍ത്തുകയും ചെയ്യുന്നു. ഭൂഗര്‍ഭജലത്തിലേക്കു കടക്കാനുള്ള സാധ്യത കുറവായതിനാല്‍ മലിനീകരണത്തിനും ആവാസവ്യവസ്ഥയുടെ നാശത്തിനും ഇതു കാരണമാകുന്നില്ല. മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും സുരക്ഷിതമായതിനാലും മണ്ണിനെയോ വെള്ളത്തെയോ മലിനമാക്കുന്ന ദോഷകരമായ രാസവസ്തുക്കളോ ഘനലോഹങ്ങളോ അടങ്ങിയിട്ടില്ലാത്തതിനാലും എന്‍ഡിഎപിയെ ഒരു പരിസ്ഥിതിസൗഹൃദവളമായി കണക്കാക്കാവുന്നതാണ്. അരി, ഗോതമ്പ്, ചോളം, പച്ചക്കറികള്‍ ഉള്‍പ്പെടെയുള്ള വൈവിധ്യമാര്‍ന്ന വിളകളിലും വിവിധതരം മണ്ണുകളിലും ഇത് ഉപയോഗിക്കാം. എന്‍ഡിഎപി ഒരു സ്ലോ റിലീസ് വളമായതിനാലും പോഷണങ്ങള്‍ കാലക്രമേണ പുറത്തുവിടുന്നതിനാലും നാനോ വലുപ്പത്തിലുള്ള കണങ്ങളെ വേരുകള്‍ വേഗത്തില്‍ വലിച്ചെടുക്കുന്നതിനാലും അമിതവളപ്രയോഗത്തിന്റെ അപകടസാധ്യതകള്‍ കുറച്ച് ആരോഗ്യവും മെച്ചപ്പെട്ട വിളവും ഗുണനിലവാരവുമുള്ള സസ്യങ്ങളെ സൃഷ്ടിച്ചെടുക്കാന്‍ കഴിയും. പരിസ്ഥിതി ആഘാതം കുറയ്ക്കുന്നതിനൊപ്പം വിളകളുടെ ഉത്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനാല്‍ എന്‍ഡിഎപി കര്‍ഷകരുടെ സ്വപ്നങ്ങള്‍ ചിറകുവിരിക്കാന്‍ സഹായകമാകുമെന്നു കരുതാം. ഈ ഘട്ടത്തിലും എന്‍ഡിഎപിയുടെ ഉയര്‍ന്ന ലായകത പോഷകങ്ങളുടെ ഒഴുക്കിനു കാരണമാകുന്നതിനാല്‍ ജല ആവാസവ്യവസ്ഥ ദോഷകരമായി ബാധിക്കപ്പെടുമോയെന്ന ആശങ്കയും നിലനില്ക്കുന്നുണ്ട്. എന്നിരുന്നാലും, മണ്ണിന്റെയും പരിതഃസ്ഥിതിയുടെയും ദീര്‍ഘകാല ആരോഗ്യം ഉറപ്പാക്കുന്നതിന് വിളഭ്രമണം, കവര്‍വിളകള്‍, മണ്ണുസംരക്ഷണം തുടങ്ങിയ മറ്റ് കാര്‍ഷികരീതികളുമായി സംയോജിപ്പിച്ച് എന്‍ഡിഎപി ഉപയോഗിക്കുന്നതു പ്രധാനമാണ്. 
ഇടത്തരക്കാരനെന്ന മേല്‍വിലാസത്തോടെ മുദ്രകുത്തപ്പെടുമ്പോഴും ചെറുകിട കര്‍ഷകന്‍ എന്നും പ്രാരബ്ധങ്ങള്‍ പേറുന്നവനാണ്. അവന്റെ കഠിനാധ്വാനവും കഷ്ടപ്പാടുകളും ആകാശത്തിന്റെ നിറംമാറ്റത്തെയും പ്രകൃതിയുടെ വികൃതികളെയും വിപണിയിലെ ഇന്ദ്രജാലങ്ങളെയും ആശ്രയിച്ചാണ് ഫലപ്രാപ്തിയില്‍ എത്തിച്ചേരേണ്ടത്. ഇത്തരത്തിലുള്ള കര്‍ഷകരുടെ കണ്ണീരിനും വിയര്‍പ്പിനും തണലാകാന്‍ എന്‍ഡിഎപിക്കു സാധിച്ചാല്‍ അത് ഇന്ത്യയെന്ന  കാര്‍ഷികരാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിലും ജീവിതനിലവാരത്തിലും വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിച്ചേക്കുമെന്നു നമുക്കു പ്രതീക്ഷിക്കാം.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)