മാര്‍ച്ച് 4 ശനിയാഴ്ച രാവിലെ പട്ടാമ്പിയില്‍നിന്ന് എറണാകുളം ജങ്ഷനില്‍ തീവണ്ടിയിറങ്ങിയപ്പോള്‍ കണ്ട പുകപടലം ആദ്യം അത്ര അസാധാരണമായി തോന്നിയില്ല. എന്നാല്‍, പശ്ചിമകൊച്ചിയിലേക്കുള്ള ബസ്‌യാത്രയില്‍ തേവര പാലത്തിലെത്തിയപ്പോള്‍ അന്തരീക്ഷമാകെ മാറി. തൊട്ടരികിലെ കപ്പല്‍ശാഖയുടെ പുറത്തുകിടക്കുന്ന കപ്പലുകള്‍ വല്ലാതെ മങ്ങിക്കാണുന്നു. മറുകരയിലെ നാവികസേനയുടെ യാനങ്ങള്‍ കാണുന്നതേയില്ല! ശ്വാസകോശപ്രശ്‌നങ്ങള്‍ ഇല്ലാത്ത എനിക്ക്, പ്രാണവായുവിന്റെ കുറവ് അനുഭവപ്പെട്ടു. പക്ഷേ, പതിവ് ക്ലോറിന്‍, സള്‍ഫര്‍ ഡയോക്‌സൈഡ് ഗന്ധങ്ങള്‍ ഇല്ല. കണ്ടക്ടറോടു ചോദിച്ചപ്പോഴാണറിയുന്നത്, എവിടെയോ രണ്ടു ദിവസമായി ചപ്പുചവറുകളുടെ കൂനകള്‍ കത്തിക്കൊണ്ടിരിക്കുന്നു; അതിന്റെ പുകയാണ്.
എണ്‍പതുകളുടെ മധ്യത്തില്‍ വിദ്യാര്‍ഥിയായിരിക്കേ ഈ പാലത്തിലൂടെ അതിരാവിലെ എറണാകുളത്തേക്കു വരുമ്പോള്‍ കിഴക്കന്‍മലകള്‍ സാമാന്യം വ്യക്തമായി കാണാമായിരുന്നു. 1989 ല്‍ കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ അന്തരീക്ഷശാസ്ത്രം ഐച്ഛികമായി
പഠിക്കുമ്പോള്‍ നഗരത്തിലെ കാഴ്ചപരിധികളെക്കുറിച്ച് ആധികാരികമായ കണക്കുകള്‍ ശേഖരിച്ചിരുന്നു. അവ ഓര്‍മയിലേക്കു വന്നപ്പോഴാണ് പ്രശ്‌നത്തിന്റെ ഗുരുതരാവസ്ഥ തിരിച്ചറിഞ്ഞതും കൊച്ചിയിലെ പത്രങ്ങള്‍ പരതിയതും. പാലക്കാട് പത്രങ്ങള്‍ ഈ വിഷയം റിപ്പോര്‍ട്ടു ചെയ്തുതുടങ്ങിയത് മാര്‍ച്ച് അഞ്ചു മുതലായിരുന്നു.
കൊച്ചിനഗരത്തിന് ഏകദേശം പത്തു കിലോമീറ്റര്‍ കിഴക്കായി ബ്രഹ്‌മപുരത്ത് 40 ഏക്കറില്‍ ജൈവമാലിന്യസംസ്‌കരണശാല തുടങ്ങിയത് 2008 ലാണ്. പ്രതിദിനം 100 ടണ്‍ താഴെ മാത്രമേ സംസ്‌കരണശേഷി ഉള്ളൂവെങ്കിലും നിലവില്‍ പ്രതിദിനം 600 ടണ്ണിനടുത്ത് മാലിന്യങ്ങളാണ് ഇവിടെ കൊണ്ടുവന്ന് കുന്നുകൂട്ടുന്നത്. ഇതില്‍ അജൈവമാലിന്യങ്ങള്‍ - പ്ലാസ്റ്റിക്കാണ് ഇതില്‍ ഭൂരിഭാഗവും - ഉള്‍പ്പെടും. കൊച്ചി നഗരത്തിലെയും പരിസരത്തുള്ള മുനിസിപ്പാലിറ്റികള്‍, പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലെയും വീടുകളില്‍നിന്നും ചന്തകളില്‍നിന്നും അറവുശാലകളില്‍നിന്നും പുറന്തള്ളുന്ന മാലിന്യങ്ങളാണ് കൊച്ചി കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമുള്ള ബ്രഹ്‌മപുരം പ്ലാന്റിലേക്ക് എത്തുന്നത്.
ജനസാന്ദ്രത വളരെ കൂടുതലും സമുദ്രനിരപ്പിനോട് ഏതാണ്ട് ചേര്‍ന്നുകിടക്കുന്നതുമായ കൊച്ചിയില്‍ മാലിന്യംനീക്കല്‍ അടുത്തകാലത്തൊന്നും ശരിയായ രീതിയില്‍ നടന്നിട്ടില്ല. തോടുകളും കാനകളും മഴക്കാലത്തിനുമുമ്പ് വൃത്തിയാക്കുക എന്ന പ്രാഥമികനടപടിപോലും അഴിമതിക്കുള്ള അവസരമാക്കിയ ചരിത്രമാണ് കോര്‍പ്പറേഷന്‍ ഭരണാധികാരികള്‍ക്കുള്ളത്. ജനപ്രതിനിധികളായാലും ഉദ്യോഗസ്ഥരായാലും ഇതുതന്നെ സ്ഥിതി. മഴ തുടങ്ങുമ്പോള്‍ കാനകോരുക, അഴുക്കെല്ലാം തിരികെ ഇറങ്ങുക: ഇതാണു പതിവ്. കൊടിയ അഴിമതിയായിരുന്നു ഇതിനു പിന്നില്‍. ചെയ്യാത്ത പണിക്കാണ് കൂടുതലും കാശു വാങ്ങുക. കോര്‍പ്പറേഷന്‍ ഭരണസമിതി ഇല്ലാതായ എണ്‍പതുകളില്‍ കളക്ടര്‍ എം.പി. ജോസഫിന് മേയറുടെ ചുമതല കിട്ടിയതും അദ്ദേഹം കൊച്ചിയുടെ മുഖംതന്നെ മാറ്റിയതും പിന്നീട് ഭരണസമിതി വന്നപ്പോള്‍ കാര്യങ്ങള്‍ പഴയപടിയായതും ചരിത്രം.
കോര്‍പ്പറേഷന്‍ ആസ്ഥാനത്തിന് ഒരു വിളിപ്പാടകലെ നഗരമധ്യത്തിലായിരുന്നു അക്കാലത്ത് മാലിന്യങ്ങള്‍ കൂനകൂട്ടിയിരുന്നത്. ആലുവയില്‍നിന്ന് നഗരത്തിലേക്കുള്ള ശുദ്ധജലക്കുഴലുകള്‍ കടന്നുപോയിരുന്നതും അതിലൂടെത്തന്നെ. അഴുകിയ മാലിന്യങ്ങള്‍ കുഴലില്‍ കയറി കടുത്ത ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുക പതിവായിരുന്നു. ഏറെക്കാലത്തെ പരിശ്രമങ്ങള്‍ക്കുശേഷമാണ് ബ്രഹ്‌മപുരത്ത് വിശാലമായ സ്ഥലം ഇതിനായി ഏറ്റെടുത്തത്. പക്ഷേ, അഴിമതിയും വെട്ടിപ്പും കൂടുതല്‍ വിശാലമായി എന്നതല്ലാതെ കാര്യമായ മാറ്റങ്ങളൊന്നും വന്നില്ല. പുതുതായി പ്ലാസ്റ്റിക് മാലിന്യം എന്ന കൊടുംഭീകരനും വന്നുചേര്‍ന്നു എന്നുമാത്രം. ജൈവമാലിന്യങ്ങള്‍ വീടുകളില്‍നിന്നും ചന്തകളില്‍നിന്നും പ്ലാസ്റ്റിക് കൂടില്‍ ഭദ്രമായി കെട്ടി വലിച്ചെറിയുന്നതാണ് പ്രധാനമായും പ്രശ്‌നമാകുന്നത്. ഇതില്‍ പൊതുജനം കുറ്റക്കാര്‍തന്നെ.
ബ്രഹ്‌മപുരത്തേത് ജൈവമാലിന്യസംസ്‌കരണശാലയാണ്. അവിടെ വന്‍തോതില്‍ പ്ലാസ്റ്റിക് കൊണ്ടുപോയി തള്ളുന്നു എന്നതാണ് ഭീകരം. തീപ്പിടിത്തസാധ്യത പതിന്മടങ്ങ് വര്‍ധിക്കുന്നു എന്നതിനു പുറമേ തീപിടിക്കുമ്പോള്‍ മാരകമായ വിഷവാതകങ്ങള്‍ പുറത്തുവരികയും ചെയ്യുന്നു. പോളി എഥിലീന്‍, പോളി സ്റ്റൈറീന്‍, പോളി വിനൈല്‍ ക്ലോറൈഡ് തുടങ്ങിയവയാണ് പ്ലാസ്റ്റിക്കുകളില്‍ ഏറെയും; ഒപ്പം, മോള്‍ഡിങ്ങില്‍ ഉപയോഗിക്കുന്ന നിരവധി രാസവസ്തുക്കളും. ഇവയും ജൈവമാലിന്യങ്ങളും ചേര്‍ന്നു കത്തുമ്പോഴാണ് ടെട്രാക്ലോറോഡൈബെന്‍സോ ഡയോക്ലിന്‍ അഥവാ ഡയോക്‌സിന്‍ എന്ന മാരകവിഷവാതകം പുറത്തുവരുന്നത്. ഇത് ഏറെക്കാലം പരിസ്ഥിതിയില്‍ നിലനില്‍ക്കുകയും മനുഷ്യനടക്കം ജീവജാലങ്ങളില്‍ സ്ഥായിയായ മാറ്റങ്ങള്‍ വരുത്തുകയും ചെയ്യും എന്നതാണ് ഇന്നത്തെ ഏറ്റവും വലിയ പ്രശ്‌നം.
നാല്പതേക്കല്‍ വരുന്ന, പ്രതിദിനം 600 നടുത്ത് ടണ്‍ മാലിന്യം വന്നുചേരുന്ന, വേനല്‍ക്കാലത്ത് കൊടുംചൂട് അനുഭവപ്പെടുന്ന ഒരു പ്ലാന്റിലേക്ക് അഗ്നിശമനസേനാവാഹനങ്ങള്‍ക്ക് എത്തിച്ചേരാന്‍ സൗകര്യപ്രദമായ പാതകളില്ല എന്നത് ക്ഷമിക്കാനാവാത്ത തെറ്റാണ്. സാധാരണക്കാരന്റെ കെട്ടിടനിര്‍മാണത്തിലും പെട്ടിക്കടവച്ചു ജീവിതമാര്‍ഗം തേടുന്നതിലും ചട്ടങ്ങളുടെയും നിയമങ്ങളുടെയും ചക്രവ്യൂഹം തീര്‍ക്കുന്ന കോര്‍പ്പറേഷന്‍ അധികൃതര്‍ എന്തുകൊണ്ട് ഇതു ചെയ്തു?
തീ അണയ്ക്കാനാകാതെ, തീ അണച്ചിട്ടും പുക നിറുത്താനാകാതെ ഉത്തരവാദപ്പെട്ടവര്‍ വലഞ്ഞപ്പോള്‍ പുറത്തുവന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നവയായിരുന്നു. മാലിന്യസംസ്‌കരണം നടത്താന്‍ കരാറും ഉപകരാറും എടുത്ത സ്ഥാപനങ്ങള്‍ ശരിക്കും ചെയ്തിരുന്നത് അട്ടിമറിയായിരുന്നു എന്ന ബലവത്തായ സംശയം. ബയോമൈനിങ് എന്ന സംസ്‌കരണപ്രക്രിയ യഥാസമയം ചെയ്യാതെ, വേനല്‍ക്കാലമാകുന്നതു കാത്തിരുന്ന് സൂത്രത്തില്‍ തീയിടുക! നാലു സ്ഥലങ്ങളില്‍ ഒരേസമയം തീപിടിച്ചതിനു കാരണം മറ്റൊന്നുമല്ലെന്ന് പ്ലാന്റിന്റെ പരിസരത്തുള്ള രണ്ടു പഞ്ചായത്ത് വാര്‍ഡുകളുടെ പ്രതിനിധികള്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. മാത്രമല്ല, എല്ലാ വര്‍ഷവും തീപ്പിടിത്തം നടക്കാറുണ്ടെന്നും ഈ വര്‍ഷം അത് രൂക്ഷമായി കൈവിട്ടുപോയി എന്നും ഉത്തരവാദപ്പെട്ട ആ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടുന്നു. ഇതു ശരിയാണെങ്കില്‍ വ്യക്തമായ ക്രിമിനല്‍ക്കുറ്റമാണ് ബന്ധപ്പെട്ടവര്‍ ചെയ്തിരിക്കുന്നത്. പക്ഷേ, നടപടിയില്ല.
എന്തുകൊണ്ട് നടപടിയില്ല എന്ന ചോദ്യം വിരല്‍ ചൂണ്ടിയത് ഭയാനകമായ അഴിമതികളിലേക്കാണ്. ബയോ മൈനിങ്ങിന് കരാറെടുത്തവര്‍ സംസ്ഥാനഭരണകൂടത്തിന്റെ സ്വന്തക്കാര്‍; ഉപകരാറെടുത്തവര്‍ പ്രതിപക്ഷത്തിന്റെ ഉറ്റബന്ധുക്കള്‍! അലസമായി ആരോപണം നിഷേധിച്ചുവെന്നല്ലാതെ സമുന്നതരായ ഈ നേതാക്കള്‍ സ്വന്തം സംശുദ്ധി ഇതുവരെ തെളിയിച്ചിട്ടില്ല. ജില്ലയില്‍നിന്നുള്ള വ്യവസായ, നിയമവകുപ്പുകളുടെ മന്ത്രി തികഞ്ഞ ലാഘവബുദ്ധിയോടെയാണ് തീപ്പിടിത്തത്തോടും അഴിമതിയാരോപണങ്ങളോടും പ്രതികരിച്ചത്.
ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷയേകാന്‍ ഉത്തരവാദപ്പെട്ട പൊലീസ് ചെറുവിരല്‍ അനക്കിയിട്ടില്ല. ലക്ഷക്കണക്കിനു മനുഷ്യര്‍ക്കു ഭയാനകമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന ഈ ദുരന്തം കണ്ടതായിപ്പോലും അവര്‍ ഭാവിച്ചില്ല. കരാറുകാരെയോ ഉദ്യോഗസ്ഥരെയോ ഭരണസമിതിക്കാരെയോ ചോദ്യം ചെയ്യാന്‍ പൊലീസ് ഭയക്കുന്നത് എന്തുകൊണ്ടാണ്? വിഷയം അന്താരാഷ്ട്രമാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ ഹൈക്കോടതി ഇടപെട്ടു. നഗരമധ്യത്തില്‍ താമസിക്കുന്ന ന്യായാധിപര്‍ക്ക് പ്രശ്‌നം നേരിട്ട് അനുഭവപ്പെട്ടതും കാരണമായി. എന്നിട്ടും ഇതെഴുതുംവരെ കുറ്റക്കാരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടങ്ങിയതായി അറിവില്ല.