•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ടെസ്റ്റ് ക്രിക്കറ്റിന് തിളക്കം നഷ്ടപ്പെടുന്നു

നാല് ലോകോത്തര സ്പിന്നര്‍മാര്‍ - ചന്ദ്രശേഖര്‍, പ്രസന്ന, ബേദി, വെങ്കട്ടരാഘവന്‍. 1970 കളില്‍ ഇവര്‍ എതിര്‍ടീമുകള്‍ക്കു പേടിസ്വപ്നമായിരുന്നു. പക്ഷേ, അവര്‍ മാത്രമല്ല, ഇന്ത്യയ്ക്കു ടെസ്റ്റ് വിജയം ഒരുക്കിയത്. സ്പിന്‍ബൗളിങ്ങിനെ തുണയ്ക്കുന്ന പിച്ചുകളില്‍ സ്പിന്‍ത്രയം (നാലുപേരും ഒരുമിച്ചു കളിച്ചത് അപൂര്‍വം) എതിരാളികളെ വീഴ്ത്തുമ്പോള്‍ ഇന്ത്യയുടെ ഇന്നിങ്‌സ് കെട്ടിപ്പടുക്കാന്‍പോന്ന ബാറ്റര്‍മാരുമുണ്ടായിരുന്നു. ദിലീപ് സാര്‍ദേശായ്, സുനില്‍ ഗാവസ്‌കര്‍, ഗുണ്ടപ്പ വിശ്വനാഥ്. ഗാവസ്‌കര്‍ ഓപ്പണര്‍ ആണെങ്കിലും സ്പിന്‍ ബൗളിങ് ഭംഗിയായി നേരിട്ടിരുന്നു. കാലം മാറി. വിദേശ സ്പിന്‍ബൗളര്‍മാര്‍ക്കു മുന്നില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ പതറുന്നു. ഇന്ത്യയ്ക്കു ജയിക്കാന്‍വേണ്ടി ഒരുക്കിയ പിച്ചില്‍ ഇന്ത്യ പരാജയപ്പെടുന്നു. അതും ദയനീയമായി.
ഇന്‍ഡോറിലെ ഹോക്കര്‍  സ്റ്റേഡിയത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ പരാജയം ഒമ്പതു വിക്കറ്റിന്. മൂന്നാംദിവസം ഉച്ചഭക്ഷണത്തിന് 45 മിനിറ്റുമുമ്പ് ടെസ്റ്റ് അവസാനിച്ചു. ഇത്രയും മോശമായ പിച്ചിന് ഐ.സി.സി. മാച്ച് റഫറി ക്രിസ് ബ്രോഡ് മൂന്ന് ഡീമെറിറ്റ് പോയിന്റ് വിധിച്ചു. ഈ പെനാല്‍റ്റി അഞ്ചു വര്‍ഷത്തേക്കാണ്. അഞ്ചു ഡീമെറിറ്റ് പോയിന്റ് ആയാല്‍ ഈ വേദിയില്‍ ഒരു വര്‍ഷത്തേക്ക് രാജ്യാന്തരക്രിക്കറ്റ് മത്സരങ്ങള്‍ അനുവദിക്കില്ല.
ആദ്യ രണ്ടു ടെസ്റ്റുകള്‍ ഇന്ത്യ വിജയിച്ചിരുന്നു. ഓസ്‌ട്രേലിയയ്ക്ക് മൂന്നാം ടെസ്റ്റിലെ വിജയം പക്ഷേ, ഇരട്ടനേട്ടമായി. പരമ്പരയില്‍ മടങ്ങിവരവിനു വഴി തുറന്നു. അതിലുപരി ഇംഗ്ലണ്ടില്‍ ജൂണില്‍ നടക്കുന്ന ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഓസ്‌ട്രേലിയ യോഗ്യത നേടി. അഹമ്മദാബാദിലെ നാലാം ടെസ്റ്റില്‍ ജയിച്ചാല്‍ ഇന്ത്യയ്ക്കും ഫൈനല്‍ കളിക്കാം. ഇംഗ്ലണ്ടില്‍ പ്രതലം വ്യത്യസ്തമാണ്. ഒരിക്കല്‍ ഫൈനലില്‍ ഇന്ത്യ ന്യൂസിലന്‍ഡിനോടു തോറ്റതാണ്. അതും ഇംഗ്ലണ്ടിലായിരുന്നു.
പക്ഷേ,  ചോദ്യമതല്ല. അഞ്ചുദിവസത്തെ കളി രണ്ടര ദിവസംപോലും ദീര്‍ഘിക്കുന്നില്ലെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റിന് എന്ത് അര്‍ഥമാണുള്ളത്? ഓസ്‌ട്രേലിയയ്‌ക്കെതിരെ ഈ  പരമ്പരയില്‍ ഇന്ത്യ ജയിച്ച ആദ്യരണ്ടുടെസ്റ്റുകളും മൂന്നുദിവസത്തിനുള്ളില്‍ ഫലം കണ്ടതാണ്. അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ അഞ്ചാംടെസ്റ്റു മാത്രം ആറു ദിവസമാക്കിയിരുന്ന കാലമുണ്ടായിരുന്നു. നാലു ടെസ്റ്റുകള്‍ കഴിയുമ്പോള്‍ പലപ്പോഴും പരമ്പര തുല്യതയില്‍ നില്‍ക്കും. അഞ്ചാം ടെസ്റ്റ് സമനിലയില്‍ കലാശിക്കാതിരിക്കാനാണ് ആറുദിനമാക്കിയിരുന്നത്. കാരണം, അഞ്ചുദിവസം കൊണ്ട് ടെസ്റ്റുകള്‍ ഫലം കാണാതെ സമനിലയാകുക അക്കാലങ്ങളില്‍ പതിവായിരുന്നു.
ടൈഗര്‍ പട്ടൗഡി നയിച്ച ഇന്ത്യയും ക്ലൈവ് ലോയിഡിന്റെ വെസ്റ്റ് ഇന്‍ഡീസും തമ്മില്‍ 1975 ല്‍ ഇന്ത്യയില്‍ നടന്ന പരമ്പരയാണ് ഏറ്റവും നല്ല ഉദാഹരണം. കൊല്‍ക്കത്ത, ചെന്നൈ ടെസ്റ്റുകള്‍ ജയിച്ച് ഇന്ത്യ പരമ്പര തുല്യമാക്കി (2-2). അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് മുംബൈയില്‍ ആറു ദിവസമാക്കിയിരുന്നു. ഈ ടെസ്റ്റ് ജയിച്ച് വെസ്റ്റ് ഇന്‍ഡീസ് പരമ്പര നേടി. നേരത്തേ പറഞ്ഞ  സ്പിന്നര്‍മാരുടെയും ബാറ്റര്‍മാരുടെയും കാലമായിരുന്നു അത്. പിന്നീട് 1990 കളില്‍ അനില്‍ കുംബ്ലെയെയും വെങ്കടപതി രാജുവിനെയുംപോലെയുള്ള സ്പിന്നര്‍മാര്‍ക്കൊപ്പം എതിരാളികളുടെ സ്പിന്‍ ആക്രമണത്തെ ഫലപ്രദമായി നേരിടുന്ന സച്ചിനും ദ്രാവിഡും ലക്ഷ്മണനുമൊക്കെ ഇന്ത്യന്‍നിരയില്‍ ഉണ്ടായിരുന്നു.
ഇന്ന് സ്പിന്നര്‍മാരെ സഹായിക്കുന്ന പിച്ച് ഒരുക്കി ഇന്ത്യ സ്വയം കുഴി തോണ്ടുന്നു. കപില്‍ദേവിന്റെ യുഗം തുടങ്ങുംവരെ ഇന്ത്യ സ്പിന്നര്‍മാരെ ഏറെ ആശ്രയിച്ചിരുന്നു. ഇന്ന് അതിന്റെ ആവശ്യമില്ല. ലോകത്തിലെതന്നെ മികച്ച ഫാസ്റ്റ് ബൗളര്‍മാരാണ് ഇന്ത്യന്‍ ടീമിലും ഉള്ളത്. എന്നിട്ടും പഴയ ഓര്‍മകള്‍ വച്ച് സ്പിന്നിനെ തുണയ്ക്കുന്ന പിച്ച് ഒരുക്കി പരാജയം ഏറ്റുവാങ്ങുന്നു. ആദ്യ രണ്ടു ടെസ്റ്റുകള്‍ ഇന്ത്യ ജയിച്ചെങ്കിലും ആ പിച്ചുകളും സ്‌പോട്ടിങ് ആയിരുന്നു എന്നു പറയാന്‍ സാധിക്കില്ല. ബൗണ്‍സ് കുറഞ്ഞ പിച്ചുകള്‍ ബാറ്റര്‍മാര്‍ക്കു ശവപ്പറമ്പാകുന്നു. ടെസ്റ്റ് ക്രിക്കറ്റിന്റെ ചാരുതതന്നെ നഷ്ടപ്പെടുന്നു.
1950 കളുടെ അവസാനവും 1960 കളുടെ തുടക്കത്തിലും ഇംഗ്ലണ്ടിലെ പല പ്രധാന ക്രിക്കറ്റ് ഗ്രൗണ്ടുകളിലും കാണികള്‍ കുറയുകയും ക്ലബുകള്‍ സാമ്പത്തികപ്രതിസന്ധി നേരിടുകയും ചെയ്തപ്പോഴാണ് ഏകദിന ക്രിക്കറ്റ് എന്ന ആശയം ഉടലെടുത്തത്. 1963 ല്‍ ഇംഗ്ലണ്ടില്‍ ഗില്ലറ്റ് കപ്പ് (ഗില്ലറ്റ് സേഫ്റ്റി റേസര്‍ കമ്പനിയായിരുന്നു പ്രായോജകര്‍) എന്ന പേരില്‍ ലോകത്തിലെ ആദ്യത്തെ ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റ് തുടങ്ങി. ഗില്ലറ്റ് കപ്പ് വന്‍വിജയമായതോടെ റോത്ത്മാന്‍സ് കപ്പും ജോണ്‍പ്ലെയര്‍ ലീഗുമൊക്കെ തുടങ്ങി. 1971 ജനുവരി അഞ്ചിന് ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മില്‍ പ്രഥമ രാജ്യാന്തര ഏകദിന ക്രിക്കറ്റ് മത്സരവും നടന്നു. കാലമേറെക്കഴിഞ്ഞാണ് ട്വന്റി 20 ക്രിക്കറ്റിന്റെ വരവ്. 
ഒരു മത്സരപര്യടനത്തില്‍ ഇന്ന് പലപ്പോഴും മൂന്നു ശൈലികളിലുള്ള ക്രിക്കറ്റ് മത്സരങ്ങളും ഉള്‍പ്പെടുത്തുന്നു. മുമ്പൊക്കെ ടെസ്റ്റ് പരമ്പരയ്‌ക്കൊപ്പം പ്രാദേശികടീമുകളുമായി ഏതാനും ത്രിദിന പ്രദര്‍ശനമത്സരങ്ങള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇത് പരിശീലനമത്സരങ്ങള്‍ എന്നതിനപ്പുറം പുതിയ താരങ്ങള്‍ക്കു മികവു കാട്ടാനുള്ള അവസരങ്ങളുമായിരുന്നു. ഏതൊക്കെ മത്സരങ്ങളില്‍ പങ്കെടുത്താലും അന്നും ഇന്നും ഒരു ക്രിക്കറ്റ് കളിക്കാരന്റെ പൂര്‍ണത ടെസ്റ്റ് ക്യാപ് അണിയുന്നതുതന്നെ. ഓസ്‌ട്രേലിയാക്കാര്‍ക്കാണെങ്കില്‍ 'ബാഗിഗ്രീന്‍' (അവരുടെ ടെസ്റ്റ് ക്യാമ്പ്) രാജ്യസ്‌നേഹത്തിന്റെയും അഭിമാനത്തിന്റെയും ചിഹ്നംകൂടിയാണ്. ഒരു പുതിയ താരം ആദ്യമായി ടെസ്റ്റ് കളിക്കുമ്പോള്‍ മുന്‍ ഇതിഹാസതാരമായിരിക്കും മിക്കവാറും ആ ക്യാപ് അദ്ദേഹത്തിനു സമ്മാനിക്കുക. 
ക്രിക്കറ്റ് കളിയുടെ പൂര്‍ണത ടെസ്റ്റ് മത്സരങ്ങള്‍തന്നെ. രാജ്യാന്തര ഏകദിന ട്വന്റി 20 മത്സരങ്ങളും ഐ.പി.എല്‍. പോലുള്ള  പ്രഫഷണല്‍ ലീഗുകളും സജീവമായതോടെ ബാറ്റര്‍മാരുടെ ശൈലി വ്യത്യസ്തമായി. 'കോപ്പി ബുക്ക് സ്റ്റൈല്‍' എന്ന പരമ്പരാഗത ശൈലി അന്യമായി. പുതിയ ഷോട്ടുകള്‍ പിറവിയെടുത്തപ്പോള്‍ പ്രതിരോധം പാളി. ലോകകപ്പില്‍ 60 ഓവറും ബാറ്റ് ചെയ്ത് പുറത്താകാതെ നിന്ന സുനില്‍ ഗവാസ്‌കര്‍മാര്‍ ഭൂതകാലത്തിന്റേതായി. ടെസ്റ്റ് സമനിലയില്‍ ആകാന്‍ ഓപ്പണര്‍ ജെഫ്‌റി ബോയ്‌ക്കോട്ടിനോട്, താങ്കള്‍ 50 റണ്‍സ് (അര്‍ധ സെഞ്ചുറി) അടിക്കണമെന്നു പറഞ്ഞ ഇംഗ്ലീഷ് നായകന്റെ കഥയ്ക്കും പ്രസക്തിയില്ല. ബോയ്‌ക്കോട്ട് 50 റണ്‍സ് എടുക്കാന്‍ മണിക്കൂറുകള്‍ എടുക്കുമെന്നതായിരുന്നു നായകന്റെ കണക്കുകൂട്ടല്‍. ബോയ്‌ക്കോട്ട് സെഞ്ചുറി അടിച്ചിട്ടും ഇംഗ്ലണ്ട് തോറ്റു എന്നതു ചരിത്രം.
പുതിയ ശൈലിക്കൊത്ത് അറിയാതെ മാറുന്നതിനാല്‍ പ്രതിരോധം തകരും. ഇന്നിങ്‌സ് പെട്ടെന്ന് അവസാനിക്കും. ഇതു സമീപകാലകാഴ്ചയാണ്. പക്ഷേ, 40 വിക്കറ്റ് രണ്ടരയോ മൂന്നോ ദിവസംകൊണ്ട് നിലംപൊത്തിയാല്‍ ടെസ്റ്റിന്റെ സ്ഥിതിയെന്താകും? ആക്രമിച്ചു കളിക്കുന്ന ബാറ്റര്‍മാര്‍ കൂടുമ്പോള്‍ ബൗണ്‍സ് ഇല്ലാത്ത പിച്ച് കൂടിയായാലോ? മനോഹരമായ ടെസ്റ്റ് ക്രിക്കറ്റ് അന്യംനിന്നു പോകാന്‍ ഇന്ത്യയിലെ പിച്ചുകള്‍ കാരണമാകരുത്. സ്‌പോര്‍ട്‌സ്മാന്‍ സ്പിരിട്ട് പിച്ചുനിര്‍മാണത്തിലും കാണിക്കണം.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)