യുക്രെയ്ന്‍ അധിനിവേശത്തിന്റെ ഒന്നാം വാര്‍ഷികദിനത്തില്‍ റഷ്യയുടെ ഭാഗത്തുനിന്നു കൂടുതല്‍ ആക്രമണങ്ങള്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും പതിവുരീതിയിലുള്ള ഏറ്റുമുട്ടലുകളില്‍ ഒതുങ്ങിയത് ലോകരാജ്യങ്ങള്‍ ആശ്വാസത്തോടെയാണ് ഉള്‍ക്കൊണ്ടത്. ശത്രുവിന്റെ ബോംബാക്രമണങ്ങളില്‍ രാജ്യം മുഴുവന്‍ നാമാവശേഷമാകുകയും ദശലക്ഷങ്ങള്‍ അഭയാര്‍ഥികളാകുകയും പതിനായിരങ്ങള്‍ക്കു ജീവന്‍ നഷ്ടമാകുകയും ചെയ്തിട്ടും ആവേശവും ധൈര്യവും കൈവിടാത്ത യുക്രെയ്ന്‍ജനത, രാജ്യത്തിനുവേണ്ടി വീരമൃത്യു വരിച്ച പ്രിയപ്പെട്ടവര്‍ക്ക് ആദരാഞ്ജലികളര്‍പ്പിച്ചുകൊണ്ടാണ് അധിനിവേശത്തിന്റെ ഒന്നാംവാര്‍ഷികം ആഘോഷിച്ചത്.
യുദ്ധവാര്‍ഷികദിനത്തില്‍ ജനങ്ങള്‍ക്കു നല്കിയ സന്ദേശത്തില്‍ യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി ഇപ്രകാരമാണ് ഉദ്‌ബോധിപ്പിച്ചത്: ''നാം ഒരു കുടുംബമാണ്. എല്ലാ ഭീഷണികളെയും നാം ഒരുമിച്ചു നേരിടും. പരാജയപ്പെടാന്‍ നാം അനുവദിക്കുകയില്ല. ഈ വര്‍ഷം തന്നെ ശത്രുവിന്റെമേല്‍ വിജയം വരിക്കാന്‍ നമുക്കു കഴിയും.'' രാജ്യതലസ്ഥാനമായ കീവിലെ സെന്റ് സോഫിയ ചത്വരത്തില്‍ സൈനികരെ അഭിസംബോധന ചെയ്ത സെലെന്‍സ്‌കി, രാജ്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച സൈനികരുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും മെഡലുകള്‍ നല്കി ആദരിക്കുകയും ചെയ്തു.
യുക്രെയ്ന്‍ ജനതയുടെ പോരാട്ടത്തിന് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ട് ലോകത്തിന്റെ പല ഭാഗങ്ങളിലും യുക്രെയ്ന്‍ പതാകകള്‍ ഉയര്‍ത്തുകയുണ്ടായി. ലണ്ടനിലെ റഷ്യന്‍ എംബസിക്കുമുമ്പിലുള്ള പൊതുനിരത്തില്‍ നീലയും മഞ്ഞയും നിറഞ്ഞു. പാരീസിലെ ഈഫല്‍ ടവറില്‍ യുക്രെയ്ന്‍ പതാകയുടെ നിറങ്ങള്‍ തെളിച്ചു.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 24 നു തുടങ്ങിവച്ച 'പ്രത്യേകസൈനികനടപടി'ക്കുമുമ്പ് യുക്രെയ്ന്‍ അതിര്‍ത്തികളില്‍ വിന്യസിച്ച സേനാവ്യൂഹത്തിന്റെ ഇരട്ടിയിലധികം സൈനികര്‍ (ഏകദേശം 5 ലക്ഷം പേര്‍) തങ്ങളുടെ രാജ്യം വളഞ്ഞിരിക്കുന്നതായി യുക്രെയ്ന്‍ വിദേശകാര്യവക്താവ് അറിയിച്ചിരുന്നു. ഇപ്പോഴത്തെ ശൈത്യകാലത്തിനു പിന്നാലെ വേനല്‍ക്കാലം എത്തുമ്പോള്‍ ശത്രുസൈന്യം പൂര്‍വാധികം ശക്തിയോടെ തങ്ങളുടെ രാജ്യത്തേക്ക് ഇരച്ചുകയറാന്‍ കാത്തിരിക്കുകയാണെന്നും അവര്‍ ഭയപ്പെടുന്നു. അത്തരം ആക്രമണം അഴിച്ചുവിടുംമുമ്പ് വെടിക്കോപ്പുകളും ടാങ്കുകളും മിസൈലുകളും പേട്രിയറ്റ് മിസൈല്‍ പ്രതിരോധസംവിധാനങ്ങളുമെല്ലാം യുദ്ധമേഖലയിലെത്തിക്കാനുള്ള തിരക്കിട്ട നീക്കങ്ങള്‍ പാശ്ചാത്യരാജ്യങ്ങള്‍ നടത്തുകയും ചെയ്യുന്നു. ഈ തിരക്കിനിടയിലും കീവില്‍ അപ്രതീക്ഷിതസന്ദര്‍ശനം നടത്തിയ യു എസ് പ്രസിഡന്റ് ജോ ബൈഡന്‍ യുക്രെയ്‌നുള്ള പിന്തുണ എക്കാലവും ഉണ്ടാകുമെന്ന് ഉറപ്പുനല്‍കി. പോളണ്ടിന്റെ തലസ്ഥാനമായ വാഴ്‌സോയില്‍വച്ച് ഒമ്പതു കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാരുമായി കൂടിക്കാഴ്ച നടത്തിയ ബൈഡന്‍, നാറ്റോ അംഗരാജ്യങ്ങളുടെ ഓരോ ഇഞ്ചു ഭൂമിയും സംരക്ഷിക്കുമെന്ന വാഗ്ദാനം നല്കി ഇപ്രകാരം പറഞ്ഞു: ''നാറ്റോയുടെ കിഴക്കന്‍ അതിര്‍ത്തിരാജ്യങ്ങള്‍ എന്ന നിലയില്‍ ശത്രുവിന്റെ കുടിലനീക്കങ്ങള്‍ക്കെതിരേ ഒന്നിച്ചുനിന്നു പോരാടിയേ മതിയാകൂ. ഇക്കാര്യത്തെക്കുറിച്ച് മറ്റുള്ളവരേക്കാള്‍ ബോധ്യം നിങ്ങള്‍ക്കുണ്ടെന്നു ഞാന്‍ മനസ്സിലാക്കുന്നു. യുക്രെയ്‌നില്‍ മാത്രമല്ല, ലോകമെമ്പാടുമുള്ള ജനാധിപത്യരാജ്യങ്ങളിലെ സമാധാനവും സ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം.'' കീവിലെ സന്ദര്‍ശനത്തിനിടെ 240 കോടി യു എസ് ഡോളറിന്റെ സൈനികസഹായംകൂടി യുക്രെയ്‌നു നല്കാന്‍ ബൈഡന്‍ ഉത്തരവിട്ടു (ഏകദേശം 19,200 കോടി രൂപ). വെടിക്കോപ്പുകളും ലേസര്‍നിര്‍മിത റോക്കറ്റുകളും റഷ്യന്‍ മിസൈലുകളെ പ്രതിരോധിക്കാനുതകുന്ന ആളില്ലാഡ്രോണുകളും മറ്റു യുദ്ധസാമഗ്രികളും വാങ്ങാന്‍ ഈ തുക വിനിയോഗിക്കും. യുദ്ധം തുടങ്ങിയശേഷം അമേരിക്കയില്‍നിന്നു നല്കിയ 3,200 കോടി യു എസ് ഡോളറിനു പുറമേയാണിത്. (ഏകദേശം 2,56,000 കോടി രൂപ)
യുദ്ധം പുതിയ
വഴിത്തിരിവില്‍
അതേസമയം യുക്രെയ്ന്‍ അധിനിവേശത്തിന്റെ ഒന്നാം വാര്‍ഷികദിനമായ ഫെബ്രുവരി 24 ന് പൊതു അവധി നല്കുകയും 'പിതൃഭൂമിയുടെ സംരക്ഷകന്‍' എന്നു സ്വയം വിശേഷിപ്പിക്കുകയും ചെയ്ത വ്‌ളാഡിമിര്‍ പുടിന്‍ രാജ്യത്തെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തില്‍ ഇപ്രകാരം പ്രഖ്യാപിച്ചു: ''ഇപ്പോള്‍ നമ്മുടെ കൈവശമുള്ള ആണവായുധങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള ഒരു തീരുമാനമെടുക്കുകയാണ്. ഇതിനു മുന്നൊരുക്കമായി യു എസുമായുള്ള 'സ്റ്റാര്‍ട്ട് 1 ഉം 2 ഉം ഉടമ്പടികളില്‍നിന്നു നാം പിന്മാറുകയും ചെയ്യുന്നു. കടലില്‍നിന്നു ശത്രുവിനുനേരേ വിക്ഷേപിക്കാവുന്ന 'സിര്‍ക്കോണ്‍' മിസൈലുകള്‍ യുദ്ധമേഖലകളിലെത്തിക്കും.'' പുടിന്റെ അപ്രതീക്ഷിതമായ ഈ പ്രഖ്യാപനത്തിനുപിന്നാലെ ചൈനയുമായി ചേര്‍ന്നുനടത്തുന്ന സൈനികാഭ്യാസത്തില്‍ പങ്കെടുക്കുന്നതിനായി ഹൈപ്പര്‍സോണിക് മിസൈലുകള്‍ വഹിക്കുന്ന ഒരു യുദ്ധക്കപ്പല്‍ സൗത്താഫ്രിക്കന്‍ തീരങ്ങളിലേക്കയച്ചതായി റഷ്യന്‍ പ്രതിരോധവൃത്തങ്ങളും അറിയിച്ചു. സൗത്താഫ്രിക്കയും സംയുക്തസൈനികാഭ്യാസത്തില്‍ പങ്കാളിയാകും.
'സ്റ്റാര്‍ട്ട്' ആണവനിര്‍വ്യാപനക്കരാറില്‍നിന്നുള്ള പുടിന്റെ ഏകപക്ഷീയമായ പിന്മാറ്റം ബൈഡന്റെ യുക്രെയ്ന്‍ സന്ദര്‍ശനത്തിനുള്ള തിരിച്ചടിയായി വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. യഥാക്രമം 1991 ജൂലൈ 31 നും 1993 ജനുവരി 3 നും യു എസുമായി ഏര്‍പ്പെട്ട രണ്ടു കരാറുകളില്‍നിന്നു പിന്മാറ്റംവഴി ആണവായുധങ്ങളുടെ എണ്ണം യഥേഷ്ടം വര്‍ധിപ്പിക്കാന്‍ റഷ്യയ്ക്കാകും. അണുബോംബുകള്‍ കൈവശമുള്ള 9 രാജ്യങ്ങളില്‍ ഒന്നാം സ്ഥാനവും റഷ്യയ്ക്കാണ്. 6,255 എണ്ണം. യു എസിന്റെ കൈവശമുള്ളത് 5,550. ഇവയില്‍ ചിലതാകട്ടെ, ഹിരോഷിമയിലും നാഗസാക്കിയിലും വര്‍ഷിച്ച ആറ്റംബോംബുകളെക്കാള്‍ പതിന്മടങ്ങ് ശക്തിയേറിയവയുമാണ്, ഒരുപക്ഷേ, ഭൂമിയെ പലവട്ടം ഭസ്മമാക്കാന്‍ ശേഷിയുള്ളവ. വിനാശകാരികളായ അണ്വായുധങ്ങളുടെ നിര്‍മാണവും സംഭരണവും വിതരണവും നിര്‍ത്തിവയ്ക്കുകമാത്രമല്ല, നിലവിലുള്ളവ ഗണ്യമായി കുറയ്ക്കാനും കരാറില്‍ വ്യവസ്ഥയുണ്ടായിരുന്നെങ്കിലും ഫലം കണ്ടില്ല. 1,600 ഭൂഖണ്ഡാന്തരബാലിസ്റ്റിക് മിസൈലുകളുള്‍പ്പെടെ ആണവായുധങ്ങളുടെ ആകെ എണ്ണം 6,000 ല്‍ കൂടരുതെന്ന നിബന്ധന ആദ്യം ലംഘിച്ചത് റഷ്യതന്നെയായിരുന്നു. ന്യൂക്ലിയര്‍ ബോംബുകളുടെ എണ്ണവും ശേഷിയും വര്‍ധിപ്പിക്കുമെന്ന പുടിന്റെ പ്രഖ്യാപനം കൂടുതല്‍ അണ്വായുധങ്ങള്‍ നിര്‍മിക്കാന്‍ ആണവരാഷ്ട്രങ്ങളെ പ്രേരിപ്പിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. റഷ്യയുടെ തീരുമാനം നിരുത്തരവാദിത്വപരമാണെന്നും അവരുടെ നീക്കങ്ങള്‍ ശ്രദ്ധാപൂര്‍വം വീക്ഷിക്കുകയാണെന്നും യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പ്രതികരിച്ചു.
അതിനിടെ, റഷ്യയുടെ സഖ്യകക്ഷികളിലൊന്നായ ബലാറൂസിലെ റഷ്യന്‍ സൈനികത്താവളത്തിനുനേരേ യുക്രെയ്ന്‍ അനുകൂലികള്‍ ഡ്രോണ്‍ ആക്രമണം നടത്തിയത് യുദ്ധം പുറത്തേക്കു വ്യാപിക്കുമെന്ന ആശങ്ക പരത്തിയിട്ടുണ്ട്. യുക്രെയ്‌നു പിന്തുണ നല്കുന്ന ബലാറൂസിലെ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭകരാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. റഡാര്‍ സംവിധാനങ്ങളോടുകൂടിയ അവാക്‌സ് ബെറിവ് എ 50 യു ഇനത്തില്‍പ്പെട്ട ഈ വിമാനത്തിന്റെ ചാരക്കണ്ണുകളാണ് യുക്രെയ്ന്‍സൈന്യത്തിന്റെ നീക്കങ്ങള്‍ റഷ്യന്‍ സൈനികനേതൃത്വത്തിനു കൈമാറിയിരുന്നത്. ഈ ചാരവിമാനത്തിന് 274 ദശലക്ഷം പൗണ്ട് (ഏകദേശം 2,700 കോടി രൂപ) വിലയുണ്ടെന്നു പറയപ്പെടുന്നു.
റഷ്യന്‍സൈന്യത്തോടൊപ്പം കൊടുംകുറ്റവാളികളും
ലോകചരിത്രത്തിലാദ്യമായി കേട്ടുകേള്‍വിപോലുമില്ലാത്ത ഒരു യുദ്ധതന്ത്രം റഷ്യ സ്വീകരിക്കുന്നതായി സ്ഥിരീകരിച്ച വാര്‍ത്തയുണ്ട്. 'വാഗ്‌നര്‍' എന്ന സ്വകാര്യമിലിറ്ററി ഏജന്‍സി റിക്രൂട്ട് ചെയ്ത് പരിശീലനം നല്‍കുന്ന 22 വയസ്സിനു മുകളില്‍ പ്രായമുള്ള ചെറുപ്പക്കാരെ യുക്രെയ്‌നിലേക്കു നിയോഗിക്കുന്നു. റഷ്യന്‍ സൈന്യത്തില്‍നിന്നു റിട്ടയര്‍ ചെയ്ത ലഫ് കേണല്‍ ദിമിത്രി ഉട്കിന്‍ സ്ഥാപിച്ച 'വാഗ്‌നര്‍' ഗ്രൂപ്പിന്റെ പ്രധാന സാമ്പത്തികസ്രോതസ്സ് പുടിന്റെ സന്തതസഹചാരിയായ യെവ്‌ജെനി പ്രിഗോഷിന്‍ എന്ന ലക്ഷപ്രഭുവും. മൂന്നു ലക്ഷത്തോളം യുവാക്കളെ സൈന്യത്തില്‍ ചേര്‍ക്കുന്നതിന് പുടിന്‍ ഉത്തരവിട്ടിരുന്നെങ്കിലും വിജയം കാണാതിരുന്ന പശ്ചാത്തലത്തിലാണ് 'വാഗ്‌നറി'ന്റെയും പ്രിഗോഷിന്റെയും രംഗപ്രവേശം. വിവിധ കുറ്റകൃത്യങ്ങള്‍ക്ക് ജയില്‍ശിക്ഷ അനുഭവിച്ചുവരുന്ന കുറ്റവാളികളെ മോചിപ്പിക്കാനും യുക്രെയ്‌നിലേക്ക് അയയ്ക്കാനുമുള്ള തന്ത്രം പ്രിഗോഷിന്റെ തലയില്‍ ഉദിച്ചതാണ്. ചാവേറുകളായി യുദ്ധമുഖത്തേക്ക് അയയ്ക്കപ്പെടുന്ന കൊടുംകുറ്റവാളികള്‍ യാതൊരു ദാക്ഷിണ്യവുമില്ലാതെ ശത്രുവിനെ കൊന്നൊടുക്കുമെന്നു പുടിനും പ്രിഗോഷിനും നന്നായറിയാം. ഏതുവിധേനയും ഈ യുദ്ധം ജയിച്ചേ മതിയാകൂ എന്ന് പുടിന്‍ നിശ്ചയിച്ചുറപ്പിച്ചിട്ടുള്ളതുമാണ്. ആറുമാസത്തെ സൈനികസേവനത്തിനുശേഷം സ്വതന്ത്രരാക്കാമെന്നും യുദ്ധത്തില്‍ മരിക്കുന്നപക്ഷം, ഒരു ഹീറോയ്ക്കു ചേര്‍ന്ന മൃതസംസ്‌കാരം ലഭിക്കുമെന്നുമാണ് പ്രിഗോഷിന്റെ വാഗ്ദാനം.
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം യൂറോപ്പു കണ്ട ഏറ്റവും വലിയ കരയുദ്ധം യുക്രെയ്‌നില്‍ തുടരുമ്പോള്‍ തെക്കുകിഴക്കന്‍ ഏഷ്യയിലും സംഘര്‍ഷം ഉരുണ്ടുകൂടുകയാണെന്ന പുതിയ വാര്‍ത്തയും വരുന്നു. ദേശീയ ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിക്കവേ പ്രതിരോധച്ചെലവ് 7.2 ശതമാനം വര്‍ധിപ്പിക്കുന്നതായി വെളിപ്പെടുത്തിയ ചൈനീസ് പ്രധാനമന്ത്രി ലി കെയാങ്, അതിര്‍ത്തിമേഖലകളില്‍ യുദ്ധസജ്ജരായിരിക്കാന്‍ സൈന്യത്തോട് ആഹ്വാനം ചെയ്തിരിക്കുന്നു. യുക്രെയ്ന്‍ യുദ്ധം സമാധാനപരമായി പരിഹരിക്കുന്നതിന് മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്നു നിര്‍ദേശിച്ച ഷി ജിന്‍പിംഗിന്റെ ഇരട്ടത്താപ്പു വ്യക്തമാക്കുന്നതാണ് പ്രധാനമന്ത്രിയുടെ പ്രസ്താവനയെന്നു വിലയിരുത്തുന്ന രാഷ്ട്രീയനിരീക്ഷകരുണ്ട്. തായ്‌വാന്‍ വിഷയവും ഇന്ത്യന്‍ അതിര്‍ത്തിയിലെ തര്‍ക്കങ്ങളും പരിഹാരം കാണാതെ നീറിപ്പുകയുന്ന വിഷയങ്ങളായി അവശേഷിക്കുന്നു. പാശ്ചാത്യസഖ്യത്തിനെതിരേ റഷ്യയും ചൈനയും ഇറാനും ഉത്തരകൊറിയയും ഒന്നിച്ചുചേരുമ്പോള്‍ ചരിത്രം ഒരു നിര്‍ണായകഘട്ടത്തിലേക്കു വഴിമാറും. ഒരു വര്‍ഷത്തെ യുദ്ധത്തിനിടയില്‍ ഒരു കോടിയോളം സാധാരണ ജനങ്ങള്‍ പലായനം ചെയ്യുകയും 8,000 ലധികം പേര്‍ക്കു ജീവന്‍ നഷ്ടമാകുകയും ചെയ്തു. രണ്ടു രാജ്യങ്ങളിലുമായി ഒരു ലക്ഷത്തോളം വീതം സൈനികരും മരിച്ചു. ഈ രക്തച്ചൊരിച്ചില്‍ അവസാനിപ്പിച്ചല്ലേ മതിയാകൂ? ഇനിയൊരു യുദ്ധത്തിന് ഒരു രാജ്യത്തെയും വിട്ടുകൊടുക്കാനും പാടില്ല എന്നും തീരുമാനിക്കണം.