•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

പ്രകാശത്തിന്റെ ദൂതും ദൂതനും

''ദൈവം പ്രകാശമാണ്. ദൈവത്തില്‍ അന്ധകാരമില്ല''            (1 യോഹ. 1:5). സൃഷ്ടികര്‍മത്തിന്റെ സമയത്ത് അവിടുന്നു കല്പിച്ചു: ''വെളിച്ചമുണ്ടാകട്ടെ. വെളിച്ചമുണ്ടായി. വെളിച്ചം നല്ലതെന്നു  ദൈവം കണ്ടു'' (ഉത്പ. 1:3). സമയത്തിന്റെ പൂര്‍ത്തിയില്‍ ദൈവം എല്ലാ രാഷ്ട്രങ്ങളെയും ഒരു പുതിയ ജറുസലേമായി ഒരുമിച്ചുകൂട്ടും. ആ പട്ടണത്തിനു പ്രകാശം നല്‍കാന്‍ സൂര്യന്റെയോ ചന്ദ്രന്റെയോ ആവശ്യമുണ്ടായിരുന്നില്ല. ദൈവതേജസ്സ് അതിനെ പ്രകാശിപ്പിച്ചു. അതിന്റെ ദീപം കുഞ്ഞാടാണ് (വെളി. 21:22). ഈ നോമ്പുകാലം പ്രകാശത്തിന്റേതാണ്. അത്യുന്നതനായ ദൈവത്തിന്റെ പ്രകാശം നമ്മുടെ ജീവിതങ്ങളില്‍ ജ്വലിച്ചുനില്‍ക്കട്ടെ. ''നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പില്‍ പ്രകാശിക്കട്ടെ'' (മത്താ. 5:16).
ഈ നോമ്പുകാലം ഒരു ആത്മീയോത്സവമാണ്. ഇതു വിശ്വാസത്തിന്റെ ആഘോഷമാണ്. ലോകത്തിന്റെ പ്രകാശമായ ഈശോയിലെ ആനന്ദമാണ് (യോഹ. 8:12). ഈ കാലത്ത് നാം അനുഗ്രഹിക്കപ്പെടുന്നതായി വിശ്വസിക്കണം.
എല്ലാ മനുഷ്യരെയും പ്രകാശിപ്പിക്കുന്ന യഥാര്‍ഥവെളിച്ചമായി ലോകത്തിലേക്കു വന്ന ഈശോയെ നാം ധ്യാനിക്കുകയും ഹൃദയത്തില്‍ സ്വീകരിക്കുകയും വേണം (യോഹ. 1:8). ലൂക്കായുടെ സുവിശേഷത്തില്‍ ഈശോ തന്റെ ശുശ്രൂഷ ആരംഭിക്കുമ്പോള്‍ പറയുന്നു: ''കര്‍ത്താവിന്റെ ആത്മാവ് എന്റെമേലുണ്ട്. ദരിദ്രരെ സുവിശേഷം അറിയിക്കാന്‍ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു'' (ലൂക്കാ 4:18). 
പിതാവായ ദൈവം നമ്മെ സ്‌നേഹിക്കുന്നു. നമ്മുടെ ഹൃദയങ്ങളിലേക്കു പരിശുദ്ധാത്മാവിനെ വര്‍ഷിച്ചുകൊണ്ട് അവിടുന്നു നമ്മെ യേശുക്രിസ്തുവില്‍ തന്റെ സ്വന്തം മക്കളാക്കിയിരിക്കുന്നു (റോമാ. 8:14). അവിടുത്തെ അനുഗമിക്കുന്നവരാരും അന്ധകാരത്തില്‍ നടക്കുകയില്ലെന്ന് അവിടുന്ന് ഉറപ്പുതരുന്നു (യോഹ. 8:12). ''അന്ധകാരത്തില്‍നിന്നു പ്രകാശത്തിലേക്കു ഞങ്ങളെ നയിച്ചാലും'' (ബൃഹദാരണ്യകോപനിഷത് 1,3:28). അതിശയകരവും രഹസ്യാത്മകവുമായ വഴികളില്‍ ദൈവം നമ്മുടെ ഓരോരുത്തരുടെയും ഹൃദയങ്ങളില്‍ പ്രവര്‍ത്തിക്കുന്നു.
പരിശുദ്ധാത്മാവിന്റെ പ്രചോദനങ്ങള്‍ സ്വീകരിച്ച് സഭ ഇന്നും ഈശോയുടെ ദൗത്യം തുടരുന്നു. ഉത്ഥിതനായ കര്‍ത്താവു തന്റെ ശിഷ്യര്‍ക്കു ഭരമേല്പിച്ച ദൗത്യം ഇതുതന്നെയാണ്: ''നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍'' (മര്‍ക്കോ. 16:15). ശിഷ്യന്മാര്‍ തങ്ങളുടെ ജീവിതംകൊണ്ടു നിറവേറ്റിയതും അതുതന്നെ. ''അവര്‍ എല്ലായിടത്തും പോയി പ്രസംഗിച്ചു. കര്‍ത്താവ് അവരോടുകൂടെ പ്രവര്‍ത്തിക്കുകയും അടയാളങ്ങള്‍കൊണ്ടു വചനം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു'' (മര്‍ക്കോ. 16:20). മാര്‍ത്തോമ്മാശ്ലീഹാ ഈ സുവിശേഷം നമ്മുടെ ഭാരതമണ്ണില്‍ എത്തിക്കുകയും ചെയ്തു.
വചനത്തെ വൈവിധ്യമാര്‍ന്ന മാര്‍ഗങ്ങളിലൂടെ പ്രഘോഷിക്കുന്നതാണ് സുവിശേഷവത്കരണം. വി. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ ശക്തമായി ഇക്കാര്യം ഉറപ്പിച്ചുപറയുന്നു: ''ക്രിസ്തുവിന്റെ കല്പനയനുസരിച്ച് സഭ സുവിശേഷവത്കരണം നടത്തുന്നു. ദൈവം ഈശോയിലൂടെ തന്നെത്തന്നെ വെളിപ്പെടുത്തുന്നു. ദൈവത്തിന്റെ ഈ സുവിശേഷം ശ്രവിക്കാന്‍ എല്ലാവര്‍ക്കും അധികാരവും അവകാശവുമുണ്ട്.'' (എക്ലേസിയ ഇന്‍ ഏഷ്യ. 20).

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)