കെനിയയിലെ നെയ്‌റോബിയില്‍ 2020 ല്‍ നടന്ന അണ്ടര്‍ 20 ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ ലോങ്ജംപില്‍ പങ്കെടുക്കാന്‍ വേണ്ടിയിരുന്ന യോഗ്യത 6.15 മീറ്റര്‍ ആയിരുന്നു. 2019 ല്‍ കണ്ണൂരില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ആന്‍സി സോജന്‍ ചാടിയത് 6.24 മീറ്റര്‍. യോഗ്യതാമാര്‍ക്കിനേക്കാള്‍ ഒന്‍പതു സെന്റീമീറ്റര്‍ കൂടുതല്‍ ചാടിയിട്ടും ദേശീയ യൂത്ത് അത്‌ലറ്റിക് ക്യാംപില്‍ പങ്കെടുത്തില്ല എന്ന കാരണത്താല്‍ ആന്‍സിക്ക് അവസരം നിഷേധിച്ചു. 2018 ല്‍ ബ്യൂനസ് ഐറിസിലെ യൂത്ത് ഒളിംപിക്‌സില്‍ പങ്കെടുക്കാന്‍ സാധ്യതയേറെ ഉണ്ടായിട്ടും അപര്‍ണ റോയ് അതിനു ശ്രമിക്കാതെ സംസ്ഥാനസ്‌കൂള്‍ അത്‌ലറ്റിക്‌സില്‍ മത്സരിച്ചു. സ്പ്രിന്റിലും ഹര്‍ഡില്‍സിലും മികവു കാട്ടിയ അപര്‍ണയും ലോങ് ജംപിലും സ്പ്രിന്റിലും തിളങ്ങിയ ആന്‍സിയും ഇന്ന് സീനിയര്‍ താരങ്ങളാണ്; ഇന്ത്യയുടെ ഭാവിവാഗ്ദാനങ്ങള്‍. ഇതൊരു ആന്‍സിയുടെയും അപര്‍ണയുടെയും മാത്രം കഥയല്ല. കേരളത്തിലെ ഒട്ടേറെ ജൂനിയര്‍താരങ്ങള്‍ സ്‌കൂള്‍ കായികമേളയ്ക്ക് അത്രയേറെ പ്രാധാന്യം നല്‍കുന്നു എന്നതിന്റെ ഏതാനും ഉദാഹരണങ്ങള്‍ മാത്രം.
രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം 2022 ഡിസംബറില്‍ തിരുവനന്തപുരത്ത് അറുപത്തിനാലാമത് സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക്‌സ് നടന്നപ്പോള്‍ സ്‌കൂള്‍ കായികരംഗം വീണ്ടും ഉണര്‍ന്നതാണ്. 2020 ല്‍ കൊവിഡ് മഹാമാരിമൂലം ഒളിംപിക്‌സ്‌പോലും മാറ്റിവയ്ക്കപ്പെട്ടു. 2021 ല്‍ ലോകമെങ്ങും കായികവേദികള്‍ നിയന്ത്രണങ്ങളോടെ സജീവമായെങ്കിലും സംസ്ഥാനസ്‌കൂള്‍ മീറ്റ് നടന്നില്ല. രണ്ടുവര്‍ഷത്തെ ആലസ്യവും കൊവിഡിന്റെ തുടര്‍ച്ചയായി ഉടലെടുത്ത സാമ്പത്തികമാന്ദ്യവും സ്വകാര്യസ്‌കൂളുകളിലെ പരിശീലനങ്ങളെ ബാധിച്ചതും കഴിഞ്ഞ ഡിസംബറില്‍ തിരുവനന്തപുരത്തു നടന്ന കായികമേളയില്‍ താരങ്ങളുടെ പ്രകടനത്തെ ബാധിച്ചിരുന്നു.
ഇപ്പോള്‍ അടുത്ത തിരിച്ചടി ഉണ്ടാകുമോയെന്ന ആശങ്കയിലാണ് കേരളത്തിലെ സ്‌കൂള്‍ കായികരംഗം. ദേശീയ സ്‌കൂള്‍ കായികമേള ഈ അധ്യയന വര്‍ഷം നടക്കില്ല എന്ന സൂചനകളാണു ലഭിക്കുന്നത്. സംസ്ഥാനമീറ്റില്‍ മെഡല്‍ നേടിയവര്‍ക്കായി ക്യാംപ് സംഘടിപ്പിച്ച് തയ്യാറെടുപ്പ് പൂര്‍ത്തിയാകാറായ വേളയിലാണ് ദേശീയമീറ്റ് മുടങ്ങുമെന്ന ഭീഷണി ഉയരുന്നത്. 'സ്‌കൂള്‍ ഗെയിംസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ' എന്ന സംഘടനയിലെ പ്രശ്‌നങ്ങളാണ് കായികതാരങ്ങളുടെ അവസരം നഷ്ടപ്പെടുത്തുന്ന തലത്തിലെത്തി നില്‍ക്കുന്നത്. സ്‌കൂള്‍ ഗെയിംസ് ഫെഡറേഷന്‍ തിരഞ്ഞെടുപ്പ് ജനുവരി 17 നു നടന്നിരുന്നു. എന്നാല്‍, യോഗ്യതയില്ലാത്ത ചിലര്‍ ഭാരവാഹികളായെന്ന ആക്ഷേപം ഉയര്‍ന്നു. കേസുമായി. മാര്‍ച്ചില്‍ വാര്‍ഷികപ്പരീക്ഷകളാകും. പ്രശ്‌നം എല്ലാ സംസ്ഥാനങ്ങളെയും ബാധിക്കും. പക്ഷേ, സ്‌കൂള്‍ സ്‌പോര്‍ട്‌സിന് കേരളത്തില്‍ പ്രത്യേക സ്ഥാനമുണ്ട്. കായികതാരങ്ങള്‍ക്ക് ഗ്രേസ് മാര്‍ക്ക് നഷ്ടപ്പെടുന്നു എന്നതു മാത്രമല്ല, ദേശീയതലത്തില്‍ മത്സരത്തിനുള്ള അവസരവുമാണു നഷ്ടപ്പെടുന്നത്. പല ഇനങ്ങളിലും സംസ്ഥാനമീറ്റിലെക്കാള്‍ മോശം പ്രകടനം ദേശീയമീറ്റില്‍ കാണാറുണ്ട്. പക്ഷേ, ഇതരസംസ്ഥാന താരങ്ങളുമായുള്ള മത്സരം മറ്റൊരു തലത്തിലാണ്. ആ മത്സരപരിചയം വിലപ്പെട്ടതാണ്.
ദേശീയ സ്‌കൂള്‍ അത്‌ലറ്റിക്‌സില്‍ കേരളം തുടരെ ചാംപ്യന്‍മാരായിരുന്നു. 2016 ഫെബ്രുവരിയില്‍ കോഴിക്കോട്ടു നടന്ന ദേശീയ സ്‌കൂള്‍ കായികമേളയില്‍ കേരളം നേടിയത് തുടര്‍ച്ചയായ പത്തൊന്‍പതാം ഓവറോള്‍ ചാംപ്യന്‍ഷിപ് ആയിരുന്നു. അറുപത്തൊന്നാം ദേശീയ മീറ്റ് ആയിരുന്നത്. 2017 മുതല്‍ ദേശീയ മീറ്റ് സീനിയര്‍, ജൂനിയര്‍, സബ്ജൂനിയര്‍ വിഭാഗങ്ങളിലായി വേര്‍പെടുത്തി. ഇത് മേളയുടെ ഗാംഭീര്യം കുറച്ചു. 2017 ലും 18 ലും കേരളം ദേശീയ സീനിയര്‍, ജൂനിയര്‍ ചാംപ്യന്‍ഷിപ്പ് നേടി തൃപ്തിപ്പെട്ടു. കേരളത്തിന്റെ സര്‍വാധിപത്യം തകര്‍ക്കാനാണ് ദേശീയ മീറ്റ് മൂന്നായി തിരിച്ചതെന്ന പരാതി ഉയര്‍ന്നിരുന്നു. അതെന്തെങ്കിലുമാകട്ടെ. മത്സരത്തിന് അവസരംതന്നെ ഇല്ലാതായാലോ?
ദേശീയ സ്‌കൂള്‍ മീറ്റില്‍ മെഡല്‍ നേടിയാല്‍ പതിനഞ്ചു ശതമാനംവരെ ഗ്രേസ് മാര്‍ക്കിനു സാധ്യതയുണ്ട്. പ്രാതിനിധ്യത്തിന് പത്തുശതമാനം കിട്ടേണ്ടതാണ്. മേള നടക്കാതെ പോയാലും സംസ്ഥാനടീമില്‍ കയറാന്‍ യോഗ്യത നേടിയവര്‍ക്ക് പ്രാതിനിധ്യത്തിനുള്ള ഗ്രേസ് മാര്‍ക്ക് നല്‍കാന്‍ സാധിച്ചേക്കും. സര്‍വകലാശാലകളുടെ മാതൃക ഇക്കാര്യത്തില്‍ പ്രയോജനപ്പെടുത്തണം. പക്ഷേ, ഗ്രേസ് മാര്‍ക്ക് മാത്രമല്ലല്ലോ പ്രശ്‌നം. കായികസംഘടനകളിലെ പ്രശ്‌നങ്ങള്‍ ഇന്ത്യയില്‍ കായികതാരങ്ങളെ ബാധിക്കുന്നത് സ്ഥിരം സംഭവമായി മാറുമ്പോള്‍ ശാശ്വതമായ പരിഹാരം ആവശ്യമാണ്. കേസു കൊടുത്ത് സംഘടനകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലാക്കുന്നത് വിനോദമായി എടുത്തിട്ടുള്ളവര്‍ കേരളത്തില്‍പ്പോലുമുണ്ട്.
സംസ്ഥാന സ്‌കൂള്‍ കായികമേള 1957 ലാണ് കേരളത്തില്‍ തുടങ്ങിയത്. ഏറ്റവും ഒടുവില്‍ കഴിഞ്ഞ ഡിസംബറില്‍ നടന്ന സംസ്ഥാന മീറ്റില്‍ 14 ജില്ലകളില്‍നിന്ന് 2737 അത്‌ലറ്റുകള്‍ 98 ഇനങ്ങളില്‍ മത്സരിച്ചു. ഓരോ ജില്ലയിലും ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടിയവര്‍ക്ക് അവസരം നല്‍കിയിരുന്ന രീതി ഇത്തവണ പുനഃസ്ഥാപിച്ചത് സ്വാഗതം ചെയ്യപ്പെട്ടിരുന്നു. അത്‌ലറ്റിക്‌സില്‍ മാത്രമല്ല, ഗെയിംസ് ഇനങ്ങളിലും ദേശീയ സ്‌കൂള്‍സ് മത്സരങ്ങള്‍ ഒഴിവാക്കപ്പെടുന്നത് താരങ്ങള്‍ക്കു തിരിച്ചടിയാകും.
സ്‌പോര്‍ട്‌സ് സ്‌കൂളും ഡിവിഷനുമൊക്കെ തുടങ്ങി കായികരംഗത്തേക്ക് 1970 കളില്‍ കേരളം തുടങ്ങിയത് കായികവിപ്ലവം തന്നെയായിരുന്നു. അതിന്റെ ഫലങ്ങള്‍ കണ്ടു. അത്‌ലറ്റിക്‌സില്‍ കേരളം അക്ഷയഖനിയായി മാറി. വോളിബോളിലും ഫുട്‌ബോളിലുമൊക്കെ പുതിയ താരനിരയുണ്ടായി. പി.ടി. ഉഷയും എം.ഡി. വത്സമ്മയും മേഴ്‌സിക്കുട്ടനും ഷൈനി വില്‍സണും കെ.എം. ബീനാമോളും അഞ്ജു ബോബിജോര്‍ജുമെല്ലാം ഇത്തരത്തില്‍ വളര്‍ന്നവരാണ്. ടോക്കിയോ ഒളിംപിക്‌സില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍ കീപ്പര്‍ പി.ആര്‍. ശ്രീജേഷ് മികവിനു തുടക്കമിട്ടത് ജി.വി. രാജാ സ്‌പോര്‍ട്‌സ് സ്‌കൂളിലാണ്. അങ്ങനെ എത്രയോ താരങ്ങള്‍!
സ്‌കൂള്‍ മീറ്റിലെ പ്രകടനങ്ങളുടെ തുടര്‍ച്ചയായി സി.ആര്‍.പി. എഫിലും റയില്‍വേസിലും സര്‍വീസിലുമൊക്കെ ജോലി നേടി കൂടുതല്‍ ഉയരങ്ങളില്‍ എത്തിയവരും എത്രയോ ഉണ്ട്. കോരുത്തോട് സി.കെ.എം.എച്ച്.എസില്‍ കെ.പി. തോമസ് മാഷ് തുടക്കമിട്ടതുപോലെ ഇന്ന് സ്‌കൂളുകളില്‍ (ചിലത് അണ്‍ എയ്ഡഡ് ആണ്) കായികപരിശീലനം സജീവമായി നടക്കുന്നു. ഇവരില്‍ പലരും അക്കാദമികല്‍ മുന്നോട്ടു കൊണ്ടുപോകുവാന്‍ സാമ്പത്തികമായി ഏറെ വിഷമിക്കുകയാണ്. ചില കായികാധ്യാപകരുടെയും പരിശീലകരുടെയും സമര്‍പണവും രക്ഷിതാക്കളുടെ താത്പര്യവുമൊക്കെക്കൊണ്ടുമാത്രമാണ് പല അക്കാദമികളും മുന്നോട്ടുപോകുന്നത്.
നല്ല മത്സരഫലങ്ങള്‍ ഇല്ലെങ്കില്‍ താരങ്ങള്‍ മുന്നോട്ടുവരാന്‍ മടിക്കും. അവരെ വിടാന്‍ രക്ഷിതാക്കള്‍ക്കും വൈമനസ്യം ഉണ്ടാകും. പി.ടി. ഉഷ 1984 ലെ ലൊസാഞ്ചലസ് ഒളിംപിക്‌സിലും 1986 ലെ സോള്‍ ഏഷ്യന്‍ ഗെയിംസിലും കാഴ്ചവച്ച പ്രകടനം കേരളത്തില്‍ എത്രയോ പേര്‍ക്കു പ്രചോദനമായി. ഒരു തലമുറയെത്തെന്ന പ്രചോദിപ്പിക്കാന്‍ ഒറ്റവിജയത്തിനു സാധിക്കും. നീരജ് ചോപ്ര ടോക്കിയോ ഒളിംപിക്‌സില്‍ ജാവലില്‍ ത്രോയില്‍ സ്വര്‍ണം നേടിയതോടെ ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ എത്രത്തോളം ഉയര്‍ന്നു. 1996 നു ശേഷം ഒളിംപിക്‌സില്‍നിന്നു മെഡല്‍ ഇല്ലാതെ ഇന്ത്യ മടങ്ങിയിട്ടില്ല.
ദേശീയ സ്‌കൂള്‍ കായികമേളയിലെ ഒരു ചാട്ടമോ ഓട്ടമോ ഏറോ ആയിരിക്കാം ഒരു അത്‌ലറ്റിനെ നാളെയുടെ താരമാക്കുന്നത്. അവസരമാണ് ആവശ്യം. കൊവിഡ്കാലത്തെ മാന്ദ്യം ആഗോളപ്രതിഭാസമായിരുന്നു. അത് മനുഷ്യനു നിയന്ത്രിക്കാനാവില്ലായിരുന്നു. ഇവിടെ സ്ഥിതിയതല്ല. നമ്മള്‍ സൃഷ്ടിച്ചതാണു പ്രശ്‌നങ്ങള്‍. വളരുന്ന താരങ്ങളുടെ വഴി തടയരുത്.