•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

റായ്പൂര്‍ പ്രഖ്യാപനങ്ങളില്‍ കോണ്‍ഗ്രസിന്റെ രാശി തെളിയുമോ?

കോണ്‍ഗ്രസിന്റെ 85-ാമത് പ്ലീനറിസമ്മേളനത്തിനു റായ്പൂരില്‍ തിരശ്ശീല വീഴുമ്പോള്‍ പാര്‍ട്ടിയുടെ പരമോന്നതനയരൂപീകരണവേദിയായ പ്രവര്‍ത്തകസമിതിയിലെ അംഗങ്ങളെ നാമനിര്‍ദേശം ചെയ്യാന്‍ എഐസിസി പ്രസിഡന്റിനെ അധികാരപ്പെടുത്തുന്നതുമുതല്‍ 2024 ലെ തിരഞ്ഞെടുപ്പിലെ സഖ്യങ്ങളെക്കുറിച്ചുള്ള നിലപാടു വ്യക്തമാക്കുന്നതുവരെ സുപ്രധാനതീരുമാനങ്ങളാണുണ്ടായത്. 2024 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിനായി തയ്യാറെടുക്കുക എന്ന ആഹ്വാനത്തോടെയാണ് മൂന്നുദിവസം നീണ്ട പ്ലീനറിസമ്മേളനം അവസാനിച്ചത്.

ബിജെപിയുമായും ആര്‍എസ്എസുമായും ഒരിക്കലും വിട്ടുവീഴ്ച ചെയ്യാത്ത ഒരേയൊരു പാര്‍ട്ടി കോണ്‍ഗ്രസാണെന്നും ബിജെപിയുടെ സ്വേച്ഛാധിപത്യ, വര്‍ഗീയ, മുതലാളിത്ത ആക്രമണങ്ങള്‍ക്കെതിരെ രാഷ്ട്രീയമൂല്യങ്ങള്‍ സംരക്ഷിക്കാന്‍ എപ്പോഴും പോരാടുമെന്നും പ്ലീനറിസമ്മേളനം വ്യക്തമാക്കുന്നു.
ഭരണഘടനയെ സംരക്ഷിക്കുന്നതിനും രാജ്യം നേരിടുന്ന മൂന്നു പ്രധാന വെല്ലുവിളികളായ സാമ്പത്തിക അസമത്വം, സാമൂഹികധ്രുവീകരണം, രാഷ്ട്രീയ സ്വേച്ഛാധിപത്യം എന്നിവയെ അഭിമുഖീകരിക്കുന്നതിനുമായി സമാനചിന്താഗതിക്കാരായ പാര്‍ട്ടികളുമായി ഒരു പൊതു, ക്രിയാത്മകപദ്ധതിയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാനും തയ്യാറാണെന്നു റായ്പൂര്‍ പ്ലീനറിസമ്മേളനം പ്രഖ്യാപിച്ചു. പ്ലീനറിസമ്മേളനത്തിന്റെ തുടര്‍ച്ചയായി പാര്‍ട്ടിക്കകത്ത് കാതലായി മാറ്റങ്ങള്‍ക്കു വഴിതെളിച്ചുകൊണ്ട് കോണ്‍ഗ്രസ് ഇന്ത്യയില്‍ വീണ്ടും അധികാരത്തില്‍ തിരിച്ചുവരുമോ എന്നാണ് ഇനി കാണേണ്ടത്. 
ശ്രദ്ധേയമായ പ്രഖ്യാപനങ്ങള്‍ 
പാര്‍ട്ടിയുടെ നിലപാടുകളിലും കാഴ്ചപ്പാടുകളിലും വ്യക്തത വരുത്തിക്കൊണ്ട് രാഷ്ട്രീയം, സാമ്പത്തികം, അന്തര്‍ദേശീയം, സാമൂഹികനീതി തുടങ്ങിയ ആറു പ്രമേയങ്ങളും പ്ലീനറി അംഗീകരിക്കുകയുണ്ടായി.
പ്ലീനറി അംഗീകരിച്ച പ്രമേയങ്ങളില്‍ ഏറ്റവും പ്രധാനമായി മതന്യൂനപക്ഷങ്ങള്‍ക്കും പിന്നാക്കവിഭാഗങ്ങള്‍ക്കും സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും ഉള്‍പ്പെടെ പാര്‍ട്ടിഘടകങ്ങളില്‍ അമ്പതു ശതമാനം സംവരണം നല്‍കുന്നതിനായി ഭരണഘടനാഭേദഗതി, 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സമാനചിന്താഗതിക്കാരായ പാര്‍ട്ടികളുമായി ചേര്‍ന്ന് പ്രായോഗികമായ ബദല്‍ രൂപീകരിക്കാനുള്ള പ്രഖ്യാപനം എന്നിവ ഉള്‍പ്പെടുന്നു. 
പ്രതിപക്ഷ ഐക്യത്തിന് ആഹ്വാനം
രാജ്യത്തിന് സമര്‍ഥവും നിര്‍ണായകവുമായ നേതൃത്വം നല്‍കാന്‍ കഴിയുന്ന ഒരേയൊരു പാര്‍ട്ടി കോണ്‍ഗ്രസാണെന്നും ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയെ പരാജയപ്പെടുത്താന്‍ ത്യാഗങ്ങള്‍ സഹിക്കാന്‍ പാര്‍ട്ടി തയ്യാറാണെന്നും ഇതിനായി സമാനചിന്താഗതിക്കാരായ മതേതരശക്തികളെ അണിനിരത്താന്‍  എല്ലാ ശ്രമങ്ങളും നടത്തുമെന്നും പ്ലീനറി അംഗീകരിച്ച രാഷ്ട്രീയപ്രഖ്യാപനത്തില്‍ പറയുന്നു. ബിജെപിക്കെതിരായി പ്രതിപക്ഷ ഐക്യം രൂപീകരിക്കാനുള്ള കോണ്‍ഗ്രസിന്റെ ആഹ്വാനം ദേശീയതലത്തില്‍ തുടര്‍ചലനങ്ങള്‍ക്കു കാരണമാകും.
2003 ലെ സിംല ചിന്തന്‍ ശിബിരത്തില്‍ കോണ്‍ഗ്രസ് നല്‍കിയ സമാനമായ ആഹ്വാനമാണ് 2004 ലെ പൊതുതിരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തില്‍നിന്നു പുറത്താക്കി കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഇടതുപക്ഷപാര്‍ട്ടികള്‍ ഉള്‍പ്പെടെ പുറത്തുനിന്നു പിന്തുണച്ച ഐക്യപുരോഗമനസഖ്യസര്‍ക്കാരിനു വഴിതെളിച്ചത്. അതിനു സമാനമായ സാഹചര്യം ദേശീയതലത്തില്‍ രൂപപ്പെടുന്നുണ്ട് എന്നാണ് പ്ലീനറി സമ്മേളനത്തിന്റെ വിലയിരുത്തല്‍. രാജ്യത്തെ പ്രധാനപ്പെട്ട മതേതരസോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ ഒരുമിച്ചു നിന്നാല്‍ ഇപ്പോള്‍ ദുര്‍ബലമായ ദേശീയജനാധിപത്യ സഖ്യത്തെ അധികാരത്തില്‍നിന്നു പുറത്താക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ്‌നേതൃത്വം വിശ്വസിക്കുന്നത്. 
വിദ്വേഷരാഷ്ട്രീയത്തിനെതിരേ താക്കീത്
രാജ്യത്ത് ബിജെപി ഭരണത്തില്‍ 'വിദ്വേഷത്തിന്റെ തീ ആളിക്കത്തുകയാണ്' എന്ന പരാമര്‍ശവുമായി  മതന്യൂനപക്ഷങ്ങള്‍, സ്ത്രീകള്‍, ദളിതര്‍, ആദിവാസികള്‍ എന്നിവരെ ക്രൂരമായി ലക്ഷ്യംവയ്ക്കുന്നു എന്നാരോപിച്ച് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നടത്തിയ പ്രസംഗവും ശ്രദ്ധേയമായി. ഇതിന്റെ തുടര്‍ച്ചയായി കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്ത് വിദ്വേഷ കുറ്റകൃത്യങ്ങള്‍ക്കെതിരെ നിയമം കൊണ്ടുവരുമെന്ന പ്രഖ്യാപനവും പ്ലീനറി സമ്മേളനത്തില്‍ അംഗീകരിച്ച രാഷ്ട്രീയപ്രമേയത്തിലുണ്ട്. വരാനിരിക്കുന്ന സംസ്ഥാന, പൊതുതിരഞ്ഞെടുപ്പുകള്‍ക്കു മുമ്പായി ദരിദ്രരും പാര്‍ശ്വവത്കരിക്കപ്പെട്ടവരുമായ സമുദായങ്ങളിലേക്കെത്തിച്ചേരുന്നതിനു പ്രത്യേകശ്രദ്ധ കേന്ദ്രീകരിച്ച് ജനസമ്പര്‍ക്കപരിപാടികള്‍ തുടരാനും പാര്‍ട്ടി പദ്ധതിയിടുന്നു.
കര്‍ഷകരോടു കരുതല്‍
ആറു ലക്ഷം രൂപവരെയുള്ള കാര്‍ഷികവായ്പകള്‍ എഴുതിത്തള്ളുകയാണ് കാര്‍ഷികരംഗത്തെ രക്ഷിക്കാന്‍ ആദ്യം ചെയ്യേണ്ട കാര്യമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കുന്നു. പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ കര്‍ഷകരുടെ വസ്തുക്കള്‍ ജപ്തി ചെയ്യില്ല, താങ്ങുവില നിയമപരമായ അവകാശമാക്കുമെന്നും കാര്‍ഷികപ്രമേയം പറയുന്നു.
പ്ലീനറിസമ്മേളനം അവസാനിക്കുന്നതിനു തൊട്ടു മുമ്പു സംസാരിച്ച രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിയും അദാനിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ആവര്‍ത്തിച്ചു പരാമര്‍ശിക്കുകയുണ്ടായി. അദാനിയും മോദിയും ഒന്നാണ്, ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയെപ്പോലെ അദാനിക്കമ്പനി ഇന്ത്യയുടെ സമ്പത്ത് ഊറ്റിയെടുക്കുന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങള്‍ക്കു വലിയ മാധ്യമശ്രദ്ധയാണു കിട്ടിയത്.
കോണ്‍ഗ്രസ് പ്ലീനറിസമ്മേളനത്തിന്റെ മറ്റൊരു പ്രധാന തീരുമാനം ഭാരത്‌ജോഡോ യാത്രയുടെ ആവേശം നിലനിര്‍ത്താന്‍ രാജ്യത്തിന്റെ കിഴക്കുനിന്ന് പടിഞ്ഞാറോട്ട് രാഹുല്‍ ഗാന്ധി നയിക്കുന്ന മറ്റൊരു യാത്രയ്ക്കുള്ള പാര്‍ട്ടിയുടെ പദ്ധതിയാണ്. 
മുഖ്യലക്ഷ്യം തിരഞ്ഞടുപ്പുകള്‍
പ്ലീനറിവേദിയില്‍ അവതരിപ്പിച്ച രാഷ്ട്രീയപ്രമേയം ഒഴികെയുള്ള മറ്റ് അഞ്ചു പ്രമേയങ്ങള്‍ക്കും പൊതുതിരഞ്ഞെടുപ്പിനുമുമ്പായുള്ള പ്രകടനപത്രികയുടെ സ്വഭാവമായിരുന്നു. രാജ്യത്താകെ ജാതിസെന്‍സസ് നടത്തും, ഒബിസി ക്ഷേമത്തിനായി പ്രത്യേക മന്ത്രാലയം, എസ്‌സി, എസ്ടി വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസാവകാശവും അന്തസ്സും സംരക്ഷിക്കാന്‍ രോഹിത് വെമുല എന്ന പേരില്‍ നിയമം കൊണ്ടുവരും എന്നീ പ്രഖ്യാപനങ്ങളും ശ്രദ്ധേയമായി. 
വര്‍ത്തമാന ഇന്ത്യയുടെ രാഷ്ട്രീയസാമൂഹിക സാമ്പത്തികചലനങ്ങള്‍ പ്രതിഫലിപ്പിക്കുന്ന ചര്‍ച്ചകളും പ്രഖ്യാപനങ്ങളുമാണ് റായ്പൂര്‍ സമ്മേളനത്തിലുണ്ടായത്. രാജ്യം നേരിടുന്ന പ്രധാനപ്പെട്ട വെല്ലുവിളികളും വിഷയങ്ങളും കാലോചിതമായിത്തന്നെ ചര്‍ച്ച ചെയ്യുന്നതില്‍ കോണ്‍ഗ്രസ് റായ്പൂരില്‍ വിജയിച്ചിട്ടുണ്ട്. വലിയ മാധ്യമശ്രദ്ധയും റായ്പൂര്‍ സമ്മേളനത്തിനു ലഭിച്ചിട്ടുണ്ട്. ഇനി അറിയേണ്ട കാര്യം കോണ്‍ഗ്രസിന്റെ നിലപാടുകളും പ്രഖ്യാപനങ്ങളും എങ്ങനെ വോട്ടുകളായി മാറുമെന്നതാണ്. ഇത് അറിയുവാന്‍ ഹിന്ദിഹൃദയഭൂമിയില്‍ ഉള്‍പ്പെടെ നടക്കാനിരിക്കുന്ന നിയമസഭാതിരഞ്ഞെടുപ്പുകളും ആത്യന്തികമായി 2024 ലെ പൊതുതിരഞ്ഞെടുപ്പുവരെയും കാത്തിരിക്കണം.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)