കര്‍ദിനാള്‍ റോബര്‍ട്ട് സറാ രചിച്ച ''ആദ്ധ്യാത്മികജീവിതത്തിന്റെ മതബോധനം'' എന്ന ഗ്രന്ഥത്തെക്കുറിച്ച് ഒരു പഠനം.
ഏഴുകൂദാശകളെയും കുറിച്ചു പ്രതിപാദിച്ചശേഷം കര്‍ദിനാള്‍ റോബര്‍ട്ട് സറാ ആധുനികലോകത്തില്‍ സഭയുടെ ദുഷ്‌കരമായ ദൗത്യത്തെക്കുറിച്ചാണ് നമ്മോടു സംസാരിക്കുന്നത്.
പാശ്ചാത്യലോകത്ത് ഇന്ന് കൊടികുത്തിവാഴുന്ന ഭൗതികവാദത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ വിചിന്തനങ്ങള്‍ ഉരുത്തിരിയുന്നത്. ഭൗതികവാദവും നിര്‍മതത്വവുമൊന്നും ഏതെങ്കിലും അതിര്‍ത്തികള്‍ക്കുള്ളില്‍ ഒതുങ്ങിനില്ക്കില്ല.
വസ്തുവകകള്‍ സമ്പാദിക്കാനും പരമാവധി സുഖസൗകര്യങ്ങള്‍ അനുഭവിക്കാനുമുള്ള ആര്‍ത്തിയാണ് മിക്കവരുടെയും ജീവിതത്തെ നിര്‍വചിക്കുന്നത്. ഇതിനൊക്കെ ഉപരിയായ ഒരസ്തിത്വത്തിന് ഉടമയായിരിക്കുന്നതിനു പ്രാധാന്യം നല്കുന്നവര്‍ നന്നേ ചുരുക്കമാണെന്ന് കര്‍ദിനാള്‍ സറാ നിരീക്ഷിക്കുന്നു.
2003 ല്‍ 'സഭ യൂറോപ്പില്‍' എന്ന തിരുവെഴുത്തില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ പ്രസ്താവിച്ചു: ''ദൈവം ഇല്ലായെന്നപോലെ ജീവിക്കുന്ന 'സര്‍വതും തികഞ്ഞ' മനുഷ്യന്റെ ഭാഗത്തുനിന്ന് ഒരു നിശ്ശബ്ദമതത്യാഗത്തിന്റെ സംസ്‌കാരമാണ് യൂറോപ്പില്‍ അരങ്ങേറുന്നത്.''
ധാര്‍മികതയുടെ അഭാവവും ദാമ്പത്യജീവിതത്തിന്റെയും കുടുംബജീവിതത്തിന്റെയും തകര്‍ച്ചയും ഇതിന്റെ പരിണതഫലങ്ങളാണ്.
സഭയ്ക്കുള്ളിലെ ഭിന്നതകളും നമ്മുടെ പരസ്പരവിരോധവും വിദ്വേഷവും കുറ്റാരോപണങ്ങളും ആധുനികലോകത്തില്‍ ദൈവത്തെ തിരികെക്കൊണ്ടുവരിക എന്ന ദൗത്യം ഏറ്റെടുക്കാന്‍ തടസ്സം സൃഷ്ടിക്കുന്നുവെന്ന് കര്‍ദിനാള്‍ സറാ നിരീക്ഷിക്കുന്നു.
മനുഷ്യാവകാശങ്ങളുടെ പേരുപറഞ്ഞ് ദൈവമില്ലാത്ത ഒരു ലോകക്രമം നടപ്പാക്കാനാണ് പല ആഗോളസംഘടനകളും ശ്രമിക്കുന്നതെന്നും കര്‍ദിനാള്‍ സറാ കരുതുന്നു.
പ്രേഷിതതീക്ഷ്ണത കൈമോശം വന്ന ഒരു സഭയെയാണ് ഇന്നു നാം കാണുന്നത്. പല മതങ്ങളില്‍ ഒരു മതം എന്ന സ്ഥാനംകൊണ്ട് തൃപ്തിപ്പെടുകയാണ് അവള്‍. 'വഴിയും സത്യവും ജീവനുമായ' മിശിഹായെ പ്രഘോഷിക്കുന്നതിനുപകരം ചില സാമൂഹികപ്രവര്‍ത്തനങ്ങള്‍കൊണ്ട് സഭ തൃപ്തിയടയുന്നു.
ദിവ്യാനുഭൂതി നഷ്ടമായാല്‍ സഭയ്ക്ക് ലോകത്തിന് ഒന്നും നല്കാനില്ല.
ഈ അപകടങ്ങളെല്ലാം മുന്നില്‍ക്കണ്ടുകൊണ്ട് 1969 ല്‍ പ്രഫസര്‍ ജോസഫ് റാറ്റ്‌സിങ്ങര്‍ ഒരു റേഡിയോ പ്രഭാഷണത്തില്‍ പറഞ്ഞ കാര്യങ്ങള്‍ പൂര്‍ണമായി ഗ്രന്ഥകാരന്‍ ഇവിടെ ഉദ്ധരിക്കുന്നുണ്ട്: ''എല്ലാം നഷ്ടമായി എന്നു കരുതുമ്പോള്‍ സഭ പുനര്‍ജനിക്കും. ലോകത്തെ പ്രീതിപ്പെടുത്തുക ആയിരിക്കില്ല അതിനു നേതൃത്വം കൊടുക്കുന്ന ചെറിയ ഗണത്തിന്റെ ലക്ഷ്യം. അവര്‍ ദൈവത്തിനും ദൈവകല്പനകള്‍ക്കും പ്രഥമസ്ഥാനം നല്‍കും.'' എല്ലാ ലൗകികാധികാരങ്ങളും നഷ്ടപ്പെട്ട് വിശ്വാസത്തില്‍ അടിയുറച്ചു നില്ക്കുന്ന സഭ, പ്രതിസന്ധികളെ നേരിടാനുള്ള വിശുദ്ധി കൈമുതലായുള്ള സഭ, നിത്യജീവനിലുള്ള പ്രത്യാശയോടെ ഈ ലോകത്തില്‍ വ്യാപരിക്കും.'' ഇപ്രകാരം, പ്രത്യാശ പകരുന്ന വാക്കുകളാണ് അന്ന് ജോസഫ് റാറ്റ്‌സിങ്ങര്‍ പറഞ്ഞത്. ഇന്നും അവ പ്രസക്തമാണ്.
അതിനും ഒരു നൂറ്റാണ്ടുമുമ്പ് വ്‌ളാഡിമീര്‍ സൊളൊവിയേവ് (1853-1900) എന്ന റഷ്യന്‍ചിന്തകന്‍ പറഞ്ഞ കാര്യങ്ങളും കര്‍ദിനാള്‍ സറാ ഇവിടെ ഉദ്ധരിക്കുന്നുണ്ട്. സഭയുടെ രക്ഷാകരദൗത്യം പ്രഘോഷിക്കുന്നതിനുപകരം എളുപ്പമുള്ള ഏതാനും പൊതുവായ മൂല്യങ്ങള്‍ക്കായി സഭ നിലകൊള്ളുന്ന കാലം വരുമെന്നാണ് സൊളൊവിയേവ് മുന്‍കൂട്ടി പറഞ്ഞത്. ലോകസമാധാനം, പരിസ്ഥിതിസംരക്ഷണം മുതലായ മൂല്യങ്ങള്‍മാത്രമാണ് സഭയുടെ ദൗത്യമെന്ന് കുരിശില്‍ മരിച്ച് ഉത്ഥാനം ചെയ്ത മിശിഹായില്‍ വിശ്വസിക്കുന്നവര്‍ക്ക് എങ്ങനെ ചിന്തിക്കാന്‍ കഴിയുമെന്ന് കര്‍ദിനാള്‍ സറാ ചോദിക്കുന്നു.
ആപേക്ഷികതയുടെ സ്വാധീനവലയത്തില്‍ അകപ്പെട്ട് അധഃപതിച്ചുകൊണ്ടിരിക്കുന്ന ലോകത്തിനു സ്വീകാര്യമാകുന്നതിനുവേണ്ടി സഭാപ്രബോധനങ്ങളില്‍ മായം ചേര്‍ക്കാനുള്ള പ്രവണതയെ കര്‍ദിനാള്‍ സറാ ശക്തിയായി അപലപിക്കുന്നുണ്ട്.
സഭ ലോകത്തിലെ തിന്മകളോടു സഹിഷ്ണുത കാണിക്കുകയല്ല അവയെ ഉന്മൂലനം ചെയ്യുകയാണു വേണ്ടത്. ഇതിന് ഉദാഹരണമായി ഗ്രന്ഥകാരന്‍ പരിശുദ്ധപിതാവ് ഫ്രാന്‍സീസ് മാര്‍പാപ്പാ ഗര്‍ഭച്ഛിദ്രത്തെപ്പറ്റി പറയുന്ന കാര്യങ്ങളാണു ചൂണ്ടിക്കാണിക്കുന്നത്. കൊല്ലരുത് എന്ന പ്രമാണം അലംഘ്യമാണ്. നിഷ്‌കളങ്കരായ ഗര്‍ഭസ്ഥശിശുക്കളെ കൊല്ലാന്‍ ആരാച്ചാരന്മാരെ ഏല്പിക്കുന്നതു നീതിയോ എന്നാണ് മാര്‍പാപ്പാ ചോദിക്കുന്നത്. ആധുനികമനുഷ്യന് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും സുവിശേഷം അതിന്റെ പരിശുദ്ധിയില്‍ പ്രഘോഷിക്കാന്‍ സഭയ്ക്കു കടമയുണ്ട്.
പുളിമാവ്
ലോകത്തില്‍ പുളിമാവായി വര്‍ത്തിക്കാനുള്ള ചുമതല അല്മായവിശ്വാസികള്‍ക്കുള്ളതാണ്. ക്രൈസ്തവവിശ്വാസികളിലൂടെ ദൈവരാജ്യം ഈ ലോകത്തില്‍ അദൃശ്യമായവിധം സന്നിഹിതമാണെന്ന് രണ്ടാം നൂറ്റാണ്ടില്‍ത്തന്നെ സഭാപിതാക്കന്മാര്‍ പ്രസ്താവിച്ചിട്ടുണ്ട്. ഇന്നും വിശ്വാസത്തോട് ശത്രുത വച്ചു പുലര്‍ത്തുന്ന ഒരു ലോകത്തില്‍ സുവിശേഷത്തോടു വിശ്വസ്തതപുലര്‍ത്തുന്നവരായി ക്രൈസ്തവര്‍ ജീവിക്കണം. രണ്ടാം വത്തിക്കാന്‍ സൂനഹദോസ് പഠിപ്പിക്കുന്നു: ''ഏതു ജീവിതസ്ഥിതിയിലും അന്തസ്സിലും ഉള്ളവരായാലും ക്രിസ്തീയവിശ്വാസികള്‍ ക്രിസ്തീയജീവിതത്തിന്റെ പൂര്‍ണതയിലേക്കും സ്‌നേഹത്തിന്റെ തികവിലേക്കും വിളിക്കപ്പെട്ടിരിക്കുന്നു. (ജനതകളുടെ പ്രകാശം നമ്പര്‍ 40). വിശുദ്ധി നേടുന്ന കാര്യത്തില്‍ പരിധി വയ്ക്കാന്‍ കഴിയുകയില്ല.
''സ്വര്‍ഗസ്ഥനായ പിതാവ് പരിപൂര്‍ണനായിരിക്കുന്നതുപോലെ നിങ്ങളും പൂര്‍ണരായിരിക്കുവിന്‍'' എന്നതാണ് മാനദണ്ഡം.
'നിങ്ങളുടെ വിശുദ്ധീകരണമാണ് ദൈവഹിതം' (1 തെസ. 4,3) എന്ന് വിശുദ്ധ പൗലോസ് ശ്ലീഹാ പറഞ്ഞതും ഇതേ അര്‍ഥത്തിലാണ്.
പ്രേഷിതപ്രവൃത്തിയുടെ സ്രോതസ്സ്
നവസുവിശേഷവത്കരണമാണ് ഇന്നിന്റെ ആവശ്യമെന്ന് വി. പോള്‍ ആറാമന്‍ പാപ്പായും വി. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായും പലതവണ പ്രസ്താവിച്ചിട്ടുണ്ട്. അതിന് സഭ കൂടുതല്‍ പ്രേഷിതയും ആരാധനക്രമകേന്ദ്രീകൃതമായ പ്രാര്‍ഥനയില്‍ ഉത്സുകയും ആയിത്തീരണം.
പരസ്‌നേഹപ്രവൃത്തികള്‍
ദരിദ്രരെ സഹായിക്കുക എന്നത് ക്രൈസ്തവസമൂഹത്തിന്റെ എക്കാലത്തെയും പ്രഥമപരിഗണനയാണ്. സഭാപിതാവായ ജോണ്‍ ക്രിസോസ്‌തോം പാവങ്ങളെ മറക്കുന്ന ധനികരെ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. ദരിദ്രരില്‍ മിശിഹായെത്തന്നെ ദര്‍ശിച്ചുകൊണ്ട് അദ്ദേഹം ചോദിക്കുന്നു: ''മിശിഹാ വിശപ്പുകൊണ്ടു മരിക്കുമ്പോള്‍ ബലിപീഠത്തില്‍ സ്വര്‍ണപ്പാത്രങ്ങള്‍ ഉപയോഗിച്ചതുകൊണ്ട് എന്തു മേന്മ? വിശക്കുന്നവര്‍ക്കു ഭക്ഷണം കൊടുത്തശേഷം മിച്ചമുള്ളതുകൊണ്ട് അള്‍ത്താര അലങ്കരിക്കുക.''
വിശ്വാസത്തിന്റെ നിധി ദരിദ്രരുമായി പങ്കുവയ്ക്കാനും വിശ്വാസി തയ്യാറാകണമെന്നു സഭാ പിതാക്കന്മാര്‍ നിഷ്‌കര്‍ഷിച്ചിരുന്നു. 'സ്‌നേഹത്തിലൂടെ കര്‍മനിരതമായ വിശ്വാസം' (ഗലാ. 5: 6) ആത്യന്തികമായി ഈശോമിശിഹായിലുള്ള വിശ്വാസത്തിന്റെ പ്രത്യക്ഷീകരണമാണെന്ന് കര്‍ദിനാള്‍ സറാ പ്രസ്താവിക്കുന്നു. അതോടൊപ്പം, ഏശയ്യാപ്രവാചകന്റെ വാക്കുകളും ഓര്‍മിപ്പിക്കുന്നു: ''ദുഷ്ടതയുടെ കെട്ടുകള്‍ പൊട്ടിക്കുകയും നുകത്തിന്റെ കയറുകള്‍ അഴിക്കുകയും മര്‍ദിതരെ സ്വതന്ത്രരാക്കുകയും എല്ലാ നുകങ്ങളും ഒടിക്കുകയും ചെയ്യുന്നതല്ലേ ഞാന്‍ ആഗ്രഹിക്കുന്ന ഉപവാസം?''(ഏശ. 58,6).
ഉപസംഹാരം
വിശ്വാസത്തോടെ തന്നെ സമീപിക്കുന്നവരെ ദൈവം സ്പര്‍ശിക്കുന്നത് കൂദാശകള്‍വഴിയാണ്. 'എന്നെ അനുഗമിക്കുക' എന്ന ആഹ്വാനം സ്വീകരിക്കാന്‍ നമുക്കു സാധിക്കണം. ഈശോമിശിഹാ എന്നെ സ്വന്തമാക്കിയിരിക്കുന്നു (ഫിലിപ്പി. 3: 12) എന്ന അനുഭവമാണ് വിശുദ്ധ കൂദാശകള്‍ നമ്മള്‍ക്കു നല്‍കുന്നത്. നിത്യരക്ഷയിലുള്ള പ്രത്യാശയും അതുവഴി ലഭിക്കുന്ന ആനന്ദവും ക്രൈസ്തവന്റെ മുഖമുദ്രയാണ്.
കര്‍ത്താവു തന്റെ മാതാവിനെ നമുക്ക് അമ്മയായി നല്കിയിരിക്കുന്നു. നമ്മുടെ ജീവിതയാത്രയില്‍ ഈ അമ്മ നമുക്ക് നിരന്തരം പ്രചോദനമാണെന്നും നമ്മളാരും ഒരിക്കലും അനാഥരല്ലെന്നുമുള്ള ആശ്വാസപ്രദമായ ചിന്ത പങ്കുവച്ചുകൊണ്ടാണ് കര്‍ദിനാള്‍ റോബര്‍ട്ട് സറാ ഈ ഗ്രന്ഥം ഉപസംഹരിക്കുന്നത്.
(അവസാനിച്ചു)