''ഒളിമ്പിക് ഫുട്‌ബോളില്‍ ഹാട്രിക് നേടിയ ഇന്ത്യക്കാരന്‍ ആരാണ്?'' നാല് ഉത്തരങ്ങള്‍ കമ്പ്യൂട്ടറില്‍ തെളിഞ്ഞു: നെവില്‍ ഡിസൂസ, പി.കെ. ബാനര്‍ജി, ഷബീര്‍ അലി, ശൈലന്‍ മന്ന. ''കോന്‍ ബനേഗ കരോര്‍പതി'' എന്ന ടെലിവിഷന്‍ ക്വിസ് പരിപാടിയില്‍ മത്സരിച്ച രമേശ് ദുബേയോട് അമിതാഭ് ബച്ചന്‍ ചോദിച്ചു. കൊല്‍ക്കത്തയില്‍ വ്യാപാരിയായ ദുബേ അതുവരെയുള്ള ചോദ്യങ്ങള്‍ക്കെല്ലാം കൃത്യമായി മറുപടി പറഞ്ഞ് 50 ലക്ഷം രൂപയ്ക്ക് അര്‍ഹനായിരുന്നു. അവസാനചോദ്യമാണ് മേല്പറഞ്ഞത്. അതിനു ശരിയായ ഉത്തരം നല്‍കിയാല്‍ രമേശ് ദുബേയ്ക്ക് ഒരു കോടി ലഭിക്കും. തെറ്റിയാല്‍ നേടിയ 50 ലക്ഷം നഷ്ടപ്പെടും.
ചോദ്യം കേട്ട് ദുബേ മാത്രമല്ല, ലക്ഷക്കണക്കിനു പ്രേക്ഷകരും അമ്പരന്നു. അതിന് ഇന്ത്യ ഒളിമ്പിക് ഫുട്‌ബോളില്‍ പങ്കെടുത്തിട്ടുണ്ടോ? തികഞ്ഞ ഫുട്‌ബോള്‍ പ്രേമികള്‍പോലും ചോദിച്ചു. ശരിയുത്തരം നല്‍കിയാല്‍ സ്റ്റാര്‍ ടി.വിയുടെ ഈ പരിപാടിയിലെ ആദ്യ കരോര്‍പതി (കോടീശ്വരന്‍) ആകും, ദുബേ. ആരെയെങ്കിലും ഒരാളെ വിളിച്ച് സംശയം ചോദിക്കാന്‍ അവസരമുണ്ട്. പക്ഷേ, അതിനു തുനിയാതെ, അഥവാ സാഹസത്തിനു മുതിരാതെ ദുബേ 50 ലക്ഷവുമായി പിന്‍വാങ്ങി. രണ്ടായിരമാണ്ടിലായിരുന്നു സംഭവം. 23 വര്‍ഷം പിന്നിടുന്നു. ഇന്ത്യന്‍ ഫുട്‌ബോളില്‍ ഇങ്ങനെയൊരു കാലമുണ്ടായിരുന്നെന്ന് അന്നും ഇന്നും എത്രപേര്‍ ഓര്‍ക്കും?
1956 ലെ മെല്‍ബന്‍ ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം സെമിയില്‍ കടന്നിരുന്നു. ഈ നേട്ടം കൈവരിച്ച ആദ്യ ഏഷ്യന്‍ രാജ്യം. ആതിഥേയരായ ഓസ്‌ട്രേലിയയെ ഇന്ത്യ 4-2 ന് പരാജയപ്പെടുത്തിയപ്പോഴാണ് ഹാട്രിക് പിറന്നത്. മഹാരാഷ്ട്രയുടെ നെവില്‍ ഡിസൂസയാണ് ഹാട്രിക് നേടിയത്. ആ പേരിന്റെ വില 50 ലക്ഷം രൂപ. നെവിലിന്റെ സഹോദരന്‍ ഡെറിക് ഡിസൂസയെ 1987 - 88 മുതല്‍ പരിചയമുണ്ട്. കൊല്ലത്ത് സന്തോഷ് ട്രോഫിയില്‍ പങ്കെടുത്ത മഹാരാഷ്ട്ര ടീമിന്റെ പരിശീലകനായിരുന്നു ഡെറിക്. അന്നു പരിചയപ്പെട്ടതാണ്. 1990 കളില്‍ അദ്ദേഹം ഇന്ത്യന്‍ കോച്ചായി. നെവിലിന്റെ പേരിന് 50 ലക്ഷം രൂപ വിലയുള്ള കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍, അകാലത്തില്‍ പൊലിഞ്ഞ സഹോദരനെക്കുറിച്ച് ഡെറിക് പറഞ്ഞു: ''മരിക്കുമ്പോള്‍, ഇന്ത്യന്‍ ഫുട്‌ബോള്‍ താരമെന്ന നിലയില്‍ നെവിലിന് കിട്ടിയിരുന്ന പ്രതിമാസപെന്‍ഷന്‍ 400 രൂപയായിരുന്നു.''
1956 മുതല്‍ 1962 വരെയാണ് ഇന്ത്യന്‍ ഫുട്‌ബോളിന്റെ സുവര്‍ണകാലഘട്ടമായി രേഖപ്പെടുത്തിയിട്ടുള്ളത്. ഇക്കാലത്ത് ലോകം ശ്രദ്ധിച്ച ഇന്ത്യന്‍ടീമിലെ മുന്നേറ്റനിരയിലെ ത്രിമൂര്‍ത്തികളായിരുന്നു പി.കെ. ബാനര്‍ജിയും ചുനി ഗോസ്വാമിയും തുളസീദാസും ബലറാമും. പി.കെയും ബലറാമും നെവിലിന് ഒപ്പം കളിച്ചവരും ചുനി പിന്നാലെയെത്തിയയാളും. ബലറാം ഫെബ്രുവരി 16 ന് എണ്‍പത്താറാം വയസ്സില്‍ അന്തരിച്ചു. പി.കെ. ബാനര്‍ജി 2020 മാര്‍ച്ച് 20 നും ചുനി ഗോസ്വാമി 2020 ഏപ്രില്‍ 30 നും അന്തരിച്ചു. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ആ മുന്നേറ്റനിര ഇനി ഓര്‍മ മാത്രം.
മെല്‍ബന്‍ ഒളിമ്പ്ക്‌സില്‍ നെവില്‍ ഡിസൂസയ്‌ക്കൊപ്പം പി.കെ. ബാനര്‍ജിയും തുളസീദാസ് ബലറാമും ഇന്ത്യന്‍ടീമില്‍ ഉണ്ടായിരുന്നു. എന്നാല്‍, 1960 ലെ റോം ഒളിമ്പിക്‌സിലും തുടര്‍ന്ന് 1962 ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിലും നെവില്‍ ടീമില്‍ എത്തിയില്ല. ചുനി ഗോസ്വാമി ഇന്ത്യന്‍ മുന്നേറ്റനിരയിലെ മൂര്‍ച്ചയുള്ള പോരാളിയായി. തമിഴ്‌നാട്ടില്‍നിന്ന് ആന്ധ്രയിലേക്കു കുടിയേറിയ കുടുംബാംഗമാണ് ബലറാം. ജനിച്ചത് സെക്കന്തരാബാദില്‍. പി.കെ.യും ചുനിയും ബംഗാളില്‍ കളിച്ചു വളര്‍ന്നവരും. പി.കെ. റെയില്‍വേസ് താരമായാണ് തിളങ്ങിയത്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ പരിശീലകന്‍ എസ്.എ. റഹിമാണ് പി.കെ. ചുനി - ബലറാം ത്രയത്തെ വാര്‍ത്തെടുത്തത്. ആദ്യ രണ്ടുപേര്‍ ആക്രമണത്തില്‍ മാത്രം ശ്രദ്ധിച്ച ഫോര്‍വേഡുകളാണെങ്കില്‍ ബലറാം ഏതു പൊസിഷനിലും കളിക്കുമായിരുന്നു. 1962 ല്‍ ജര്‍നെയ്ല്‍സിങ്ങിനു പരിക്കേറ്റപ്പോള്‍ അദ്ദേഹത്തെ പ്രതിരോധനിരയില്‍നിന്നു മുന്നേറ്റനിരയിലേക്കു കൊണ്ടുവന്ന കോച്ച് റഹിം ബലറാമിനെ മധ്യനിരയിലേക്കു വലിച്ചത് ബലറാമിന്റെ ഓള്‍റൗണ്ട് മികവ് മനസ്സിലാക്കിത്തന്നെയാണ്.
റോം ഒളിമ്പിക്‌സും ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസുമാണ് പി.കെ. - ചുനി - ബലറാം ത്രയത്തിന്റെ മികവ് തെളിയിച്ചത്. ഇന്ത്യന്‍ ഫുട്‌ബോളിനെ ലോകം ശ്രദ്ധിച്ചൊരു കാലത്തെ സൂപ്പര്‍ത്രയം. ഫിഫ റാങ്കിങ് തുടങ്ങിയിട്ടില്ലായിരുന്നതിനാല്‍ 1960 ലെ റോം ഒളിമ്പിക്‌സില്‍ ഇന്ത്യ ചെന്നുപെട്ടത് അതിശക്തരായ ഹംഗറിയും ഫ്രാന്‍സും പെറുവും ഉള്‍പ്പെട്ട മരണഗ്രൂപ്പില്‍. ഹംഗറിക്കെതിരെ ബലറാമും (1-2) ഫ്രാന്‍സിനെതിരെ പി.കെ. ബാനര്‍ജിയും (1-1) ഗോള്‍ നേടി. പി.കെ. ഇന്ത്യന്‍ നായകനുമായിരുന്നു.
1962 ല്‍ ജക്കാര്‍ത്തയില്‍ ഇന്ത്യ ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോള്‍ സ്വര്‍ണം നേടിയപ്പോള്‍ ചുനി ഗോസ്വാമിയായിരുന്നു നായകന്‍. ആദ്യകളിയില്‍ ദക്ഷിണ കൊറിയയോടു പരാജയപ്പെട്ട ഇന്ത്യ രണ്ടാം മത്സരത്തില്‍ തായ്‌ലാന്‍ഡിനെ പരാജയപ്പെടുത്തി (4-1) മടങ്ങിവന്നു. പി.കെ. ബാനര്‍ജി രണ്ടുഗോളും ചുനിയും ബലറാമും ഓരോ ഗോളും നേടി. അടുത്ത കളിയില്‍ ഇന്ത്യ ജപ്പാനെ തോല്പിച്ചിപ്പോള്‍ (2-0) പി.കെയും ബലറാമും ലക്ഷ്യം കണ്ടു.
ദക്ഷിണ വിയറ്റ്‌നാമായിരുന്നു സെമിയില്‍ എതിരാളികള്‍. ഇന്ത്യ 3-2 നു വിജയിച്ചു. ചുനി ഗോസ്വാമി രണ്ടു ഗോള്‍ നേടി. മൂന്നാമത്തെ ഗോള്‍ ജര്‍നെയ്ല്‍സിങ്ങാണു സ്‌കോര്‍ ചെയ്തത്. പ്രാഥമികറൗണ്ടില്‍ ഇന്ത്യയെ തോല്പിച്ച ദക്ഷിണ കൊറിയയായിരുന്നു ഫൈനലിലെ എതിരാളികള്‍. അതിലേറെ, ഇന്തോനേഷ്യയിലെ കാണികള്‍ ഒന്നടങ്കം ഇന്ത്യയ്ക്ക് എതിരായിരുന്നു എന്നതാണ്. അവര്‍ കൂക്കു വിളിച്ചു. വിജയം മാത്രം ലക്ഷ്യമിട്ടുള്ള കുതിപ്പാണ് 'റഹിമിന്റെ കുട്ടികള്‍' തുടക്കംമുതല്‍ കാഴ്ചവച്ചത്. പതിനേഴാം മിനിറ്റില്‍ പി.കെ. ബാനര്‍ജി ഇന്ത്യയെ മുന്നില്‍ എത്തിച്ചു. കൊറിയന്‍ പ്രതിരോധതാരത്തില്‍നിന്ന് പന്ത് റാഞ്ചിയെടുത്ത ബലറാം അത് ചുനി ഗോസ്വാമിക്കു കൊടുത്തു. ചുനിയുടെ പാസ് പി.കെ. സ്വീകരിച്ചു ലക്ഷ്യത്തിലെത്തിച്ചു. ഒരു ഗോള്‍ കൊറിയ മടക്കിയെങ്കിലും ജര്‍നയ്ല്‍സിങ്ങിലൂടെ ഇന്ത്യ വിജയമുറപ്പിച്ചു(2-1). ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോളില്‍ ഇന്ത്യയുടെ രണ്ടാം സ്വര്‍ണം നേരത്തെ, 1951 ല്‍ ന്യൂഡല്‍ഹി ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയായിരുന്നു ഫുട്‌ബോള്‍ ചാമ്പ്യന്മാര്‍.
1960 ല്‍ ഒളിംപിക്‌സ് കളിച്ച ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ ശരാശരി പ്രായം 22 വയസ്സായിരുന്നു. ആ നിരയെ ഒരു പതിറ്റാണെങ്കിലും മുന്നോട്ടുകൊണ്ടുപോകാന്‍ നമുക്കു കഴിഞ്ഞില്ല.
ആരോഗ്യപ്രശ്‌നങ്ങളും ഈസ്റ്റ് ബംഗാള്‍ ക്ലബ് അധികൃതരുമായുണ്ടായ അഭിപ്രായ വ്യത്യാസവും ബലറാമിന്റെ ഫുട്‌ബോള്‍ ജീവിതം അവസാനിപ്പിച്ചു. നെവിന്‍ ഡിസൂസയും 1963 ല്‍ ബൂട്ട് അഴിച്ചു. അതേവര്‍ഷം കോച്ച് റഹിം അര്‍ബുദരോഗത്തിനു കീഴടങ്ങി. ചുനിയും പി.കെയും ഏതാനും വര്‍ഷം തുടര്‍ന്നു. ഏഷ്യന്‍ ഗെയിംസിലെ ഒരു വെങ്കലവും ബര്‍ദേക്കയിലെയും ഏഷ്യാകപ്പിലെയും രണ്ടാം സ്ഥാനങ്ങളും മാത്രം ബാക്കി. 1970 കളില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ തകര്‍ച്ചയിലേക്കു ചുവടുവച്ചു. ഇപ്പോള്‍ ലോകറാങ്കിങ്ങില്‍ 100 നുള്ളില്‍ കടക്കുന്നതുതന്നെ അപൂര്‍വം.
ലോകകപ്പില്‍ 2026 ല്‍ 48 ടീമുകള്‍ മത്സരിക്കുമെങ്കിലും ഇന്ത്യയ്ക്കു സാധ്യതയില്ല. ഒളിംപിക് ബര്‍ത്തും വിദൂരം. ഏഷ്യന്‍ ഗെയിംസില്‍ത്തന്നെ നമുക്കു സാധ്യതയില്ല. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ക്കു ഗാലറികള്‍ നിറയും; ആരവം ഉയരും. പക്ഷേ, ഇന്ത്യന്‍ ഫുട്‌ബോള്‍ പിന്നോട്ടുതന്നെ. ഒരു ബൈച്ചുങ് ബൂട്ടിയയോ സുനില്‍ ഛേത്രിയോ മാത്രം തിളങ്ങിയതല്ലാതെ ഇന്ത്യന്‍ ഫുട്‌ബോള്‍ രക്ഷപ്പെടില്ല. ഇന്നു കളിക്കാരില്‍ പലരും ധനികരാണ്. പക്ഷേ, ഓര്‍ക്കണം, ഇതല്ലായിരുന്നു ഇന്ത്യന്‍ ഫുട്‌ബോളിന്റെ നിലവാരം. ടീമിനെ ഉണര്‍ത്താനെങ്കിലും പി.കെ. ബാനര്‍ജിയെയും ചുനി ഗോസ്വാമിയെയും ബലറാമിനെയുമൊക്കെ ഓര്‍ക്കണം.