•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

സ്ലീവായുടെ ദിവ്യരഹസ്യം

കര്‍ദിനാള്‍ റോബര്‍ട്ട് സറാ രചിച്ച  ''ആദ്ധ്യാത്മികജീവിതത്തിന്റെ മതബോധനം'' എന്ന ഗ്രന്ഥത്തെക്കുറിച്ച് ഒരു പഠനം.

സ്ലീവായാണ് മിശിഹായുടെ അനുയായിയുടെ മുഖമുദ്ര. മറ്റുള്ളവരെ ദൈവം സ്‌നേഹിക്കുന്നതുപോലെ സ്‌നേഹിക്കാനും അവരോട് ദൈവം ക്ഷമിക്കുന്നതുപോലെ ക്ഷമിക്കാനും ആഹ്വാനം ചെയ്യുന്ന സ്ലീവായാണ് ചരിത്രത്തിന്റെ കേന്ദ്രബിന്ദു.

നമ്മുടെ കര്‍ത്താവീശോമിശിഹായുടെ സഹനത്തെയും കുരിശുമരണത്തെയും സംബന്ധിച്ച ദിവ്യരഹസ്യങ്ങളെക്കുറിച്ചു ദീര്‍ഘമായി പ്രതിപാദിച്ചുകൊണ്ടാണ് കര്‍ദിനാള്‍ സറാ ഈ അധ്യായം ആരംഭിക്കുന്നത്. 
സ്ലീവായുടെ ദിവ്യരഹസ്യം
ദൈവം മനുഷ്യനായത് നമുക്കും നമ്മുടെ രക്ഷയ്ക്കുംവേണ്ടിയാണ്. ദൈവത്തിന് അര്‍ഹമായ മഹത്ത്വമോ പ്രതാപമോ മനുഷ്യത്വം സ്വീകരിച്ച ദൈവപുത്രന്‍ നിലനിറുത്തിയില്ല; മറിച്ച്, സ്വയം ശൂന്യവത്കരിച്ച് വിനയത്തിന്റെയും പീഡകളുടെയും പാതയാണ് അവിടുന്ന് ഏറ്റെടുത്തത്. പിതാവായ ദൈവത്തോടുള്ള സ്‌നേഹവും മനുഷ്യരാശിയോടുള്ള സ്‌നേഹവും പ്രകടമാക്കാന്‍ ഈശോമിശിഹാ പീഡകള്‍ സഹിക്കുകയും കുരിശില്‍ മരിക്കുകയും ഉത്ഥാനം ചെയ്യുകയും ചെയ്തു. ''ഒരുവന്‍ തന്റെ സ്‌നേഹിതര്‍ക്കുവേണ്ടി ജീവന്‍ ത്യജിക്കുന്നതിനേക്കാള്‍ വലിയ സ്‌നേഹമില്ല'' (വി. യോഹ. 15: 13).
''നിങ്ങള്‍ രക്ഷിക്കപ്പെട്ടത് നശ്വരമായ പൊന്നോ വെള്ളിയോ കൊണ്ടല്ല. കറയും കളങ്കവുമില്ലാത്ത മിശിഹായുടെ അമൂല്യരക്തം കൊണ്ടാണെന്നു നിങ്ങള്‍ക്ക് അറിയാമല്ലോ'' (1 പത്രോ. 1: 19).
ഈശോയെ മരണത്തിനു വിധിക്കണമെന്നു മുറവിളികൂട്ടിയവരോട്, 'ഈ നീതിമാന്റെ രക്തത്തില്‍ എനിക്കു പങ്കില്ല' എന്നു പറഞ്ഞുകൊണ്ട് കൈകഴുകിയ പീലാത്തോസിനോട് ജനം ഒന്നടങ്കം വിളിച്ചുപറഞ്ഞു: ''അവന്റെ രക്തം ഞങ്ങളുടെമേലും ഞങ്ങളുടെ സന്താനങ്ങളുടെമേലും ആയിരിക്കട്ടെ'' (മത്താ. 27:25). യഹൂദരുടെ ഈ ശാപവാക്കുകളെ പന്തക്കുസ്താദിനത്തില്‍ കര്‍ത്താവ് അനുഗ്രഹവചസ്സുകളായി പരിണമിപ്പിച്ചു എന്ന് വിശുദ്ധ ആഗസ്തീനോസ് പറയുന്നു. ഒറ്റദിവസംകൊണ്ട് അവരും അവരുടെ സന്തതികളുമായ മൂവായിരം പേരാണ് ഈശോയുടെ തിരുരക്തത്താല്‍ രക്ഷിക്കപ്പെട്ടത്. വിശുദ്ധ ആഗസ്തീനോസിന്റെ അതേ രീതിയില്‍ ഭാഗ്യസ്മരണാര്‍ഹനായ ബനഡിക്ട് പതിനാറാമന്‍ പാപ്പാ ഇതേവാക്യം (മത്താ. 27: 25) വ്യാഖ്യാനിക്കുന്നുണ്ട്. മിശിഹായുടെ രക്തം പ്രതികാരമോ ശിക്ഷയോ ആവശ്യപ്പെടുന്നില്ലായെന്നും അത് എല്ലാവരുടെയും രക്ഷയ്ക്കായി ചിന്തിയ അനുരഞ്ജനത്തിന്റെ തിരുരക്തമാണെന്നും അദ്ദേഹം എഴുതുന്നു. ദൈവസ്‌നേഹത്തിന്റെ പാരമ്യമായ ഈ രക്ഷാകരബലിയുടെ മുമ്പില്‍ ദൈവത്തെ ആരാധിക്കാനും സ്തുതിക്കാനും മഹത്ത്വപ്പെടുത്താനും കൃതജ്ഞത അര്‍പ്പിക്കാനും എളിയവരും ബലഹീനരുമായ നമുക്കു കഴിയണം എന്ന് കര്‍ദിനാള്‍ സറാ നിരീക്ഷിക്കുന്നു.
എന്തുകൊണ്ട് ഇത്രയും വേദനനിറഞ്ഞ പീഡാസഹനം?
ശിഷ്യപ്രമുഖനായ വി. പത്രോസ്ശ്ലീഹായ്ക്ക് മിശിഹായുടെ സഹനത്തെക്കുറിച്ചുള്ള മുന്നറിയിപ്പു മനസ്സിലാക്കാന്‍ സാധിച്ചില്ല. ഈശോയോടു പത്രോസ് പറഞ്ഞു: ''ഇതു സംഭവിക്കാതിരിക്കട്ടെ (വി. മത്താ. 16: 20). ഈശോയുടെ കുരിശുമരണത്തിനുശേഷം എമ്മാവൂസിലേക്കു പോയ രണ്ടുശിഷ്യന്മാരുടെയും ചര്‍ച്ചാവിഷയം കുരിശുമരണംതന്നെയായിരുന്നു. ഈശോ ഒരപരിചിതനെപ്പോലെ അവരോടൊപ്പം നടക്കുകയും അവരെ ശാസിക്കുകയും പീഡാസഹനവും കുരിശുമരണവും ഉത്ഥാനവും ആവശ്യമാണെന്ന് അവര്‍ക്കു ബോധ്യപ്പെടുത്തിക്കൊടുക്കുകയും ചെയ്തു (വി. ലൂക്കാ. 24: 17-22).
ദൈവം സ്‌നേഹമാകുന്നു        (1 യോഹ. 4 : 8). ദൈവപുത്രനായ മിശിഹായുടെ സഹനവും മരണവുമാണ് സ്‌നേഹത്തിന്റെ ഏറ്റവും ഉദാത്തമായ പ്രകാശനം. ഈശോയെ കാണാന്‍ സക്കേവൂസിന് ഒരു വൃക്ഷത്തിന്റെ ഉച്ചിയില്‍ കയറേണ്ടിവന്നു. രക്ഷയുടെ വൃക്ഷമായ സ്ലീവായുടെ ഉച്ചിയില്‍നിന്നു വീക്ഷിച്ചാലേ ദൈവസ്‌നേഹത്തിന്റെ പാരമ്യം ദര്‍ശിക്കാന്‍ നമുക്കു സാധ്യമാകൂ എന്ന് കര്‍ദിനാള്‍ സറാ നിരീക്ഷിക്കുന്നു.
സ്ലീവായാണ്  ചരിത്രത്തിന്റെ കേന്ദ്രബിന്ദു
സ്ലീവായ്ക്കു ചുറ്റുമാണ് പ്രപഞ്ചം മുഴുവനും കറങ്ങുന്നതെന്ന ഒരു ലത്തീന്‍ ചൊല്ലിനെയാണ് ഗ്രന്ഥകാരന്‍ ഇവിടെ അനുസ്മരിക്കുന്നത്. മറ്റു മതങ്ങളില്‍നിന്നു ക്രിസ്തുമതത്തെ വ്യത്യസ്തമാക്കുന്നത് പീഡകള്‍ സഹിക്കുകയും കുരിശില്‍ മരിക്കുകയും ചെയ്യുന്ന ദൈവപുത്രന്റെ ദിവ്യരഹസ്യമാണ്. ഈ വ്യത്യാസത്തെ മറന്നുകൊണ്ട് മതങ്ങളെല്ലാം സമാനങ്ങളാണെന്ന കാഴ്ചപ്പാട് വച്ചുപുലര്‍ത്തുന്നതിനെ കര്‍ദിനാള്‍ സറാ ചോദ്യം ചെയ്യുന്നുണ്ട്.
സ്ലീവായാണ് മിശിഹായുടെ അനുയായിയുടെ മുഖമുദ്ര. മറ്റുള്ളവരെ ദൈവം സ്‌നേഹിക്കുന്നതുപോലെ സ്‌നേഹിക്കാനും അവരോട് ദൈവം ക്ഷമിക്കുന്നതുപോലെ ക്ഷമിക്കാനും ആഹ്വാനം ചെയ്യുന്നത് ഈ സ്ലീവായാണ്.
രോഗങ്ങള്‍
രോഗങ്ങളും അതുവഴിയുള്ള വേദനകളും മിശിഹായുടെ സഹനത്തോടു ചേര്‍ത്തു സഹിക്കാനാണ് ആധ്യാത്മികപിതാക്കന്മാര്‍ പഠിപ്പിക്കുന്നത്. രോഗങ്ങള്‍ക്കുള്ള ചികിത്സയും രോഗമുക്തിയും സുവിശേഷാനുസൃതമായ പ്രവൃത്തിയാണ്.
ശരീരത്തിന്റെ ആരോഗ്യത്തിനും രോഗമുക്തിക്കുമായുള്ള പ്രാര്‍ഥനകള്‍ സഭാപാരമ്പര്യത്തില്‍ ധാരാളമായുണ്ട്. ശരീരത്തിന്റെയും ആത്മാവിന്റെയും ആരോഗ്യത്തിനായിട്ടാണ് ഈ  പ്രാര്‍ഥനകള്‍  അര്‍പ്പിക്കുന്നത്. ഇപ്രകാരമുള്ള പ്രാര്‍ഥനകള്‍ ദൈവം സകലസൃഷ്ടികളുടെയും സ്രഷ്ടാവും പരിപാലകനുമാണെന്ന് അംഗീകരിക്കുന്നതിന്റെ തെളിവാണ്. പഞ്ഞം, പട, വസന്ത തുടങ്ങിയ ദുരന്തങ്ങളില്‍നിന്നു കാത്തുകൊള്ളണമേ എന്ന പഴയകാല പ്രാര്‍ഥനകള്‍ നിരര്‍ഥകമല്ലെന്ന് ഈ കൊവിഡുകാലം നമ്മെ പഠിപ്പിച്ചുവെന്ന് ഗ്രന്ഥകര്‍ത്താവ് നിരീക്ഷിക്കുന്നു.
രോഗമുക്തിയും കൂദാശകളുമായുള്ള ബന്ധം കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം വിശദമാക്കുന്നുണ്ട്: ''രോഗികളെ സുഖപ്പെടുത്തുവിന്‍. സഭ ഈ ദൗത്യം കര്‍ത്താവില്‍നിന്നു സ്വീകരിച്ചു. രോഗികളെ ശുശ്രൂഷിച്ചുകൊണ്ടും തന്റെ മധ്യസ്ഥപ്രാര്‍ഥനകളില്‍ അവരോടൊപ്പമായിരുന്നുകൊണ്ടും അതു നിര്‍വഹിക്കാന്‍ അവള്‍ പരിശ്രമിക്കുകയും ചെയ്യുന്നു. ആത്മാക്കളുടെയും ശരീരങ്ങളുടെയും വൈദ്യനായ യേശുവിന്റെ ജീവദായകമായ സാന്നിധ്യത്തില്‍ അവള്‍ വിശ്വസിക്കുന്നു. ഈ സാന്നിധ്യം കൂദാശകളിലൂടെ പ്രത്യേകമായവിധത്തില്‍ പ്രവര്‍ത്തനനിരതമാണ്. നിത്യജീവന്‍ നല്കുന്ന അപ്പമായ ദിവ്യകാരുണ്യത്തിലൂടെ അത് ഏറ്റവും സവിശേഷമാംവിധം പ്രവര്‍ത്തനനിരതമായിരിക്കുന്നു. അത് ശരീരത്തിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നു വിശുദ്ധ പൗലോസ് പ്രസ്താവിക്കുന്നുണ്ട്.'' (1509).
എല്ലാ ആരാധനക്രമത്തിലും കാര്‍മികന്‍ വിശുദ്ധകുര്‍ബാന സ്വീകരണത്തിനുമുമ്പ് ആത്മാവിനും ശരീരത്തിനുംവേണ്ടി പ്രാര്‍ഥിക്കുന്നുണ്ട്.
എല്ലാ രോഗങ്ങളും സുഖമാക്കപ്പെടുന്നില്ലെന്നും മരണം സംഭവ്യമാണെന്നുമുള്ള യാഥാര്‍ഥ്യബോധം രോഗികള്‍ക്ക് ഉണ്ടായിരിക്കേണ്ടതാണ്. ദിവ്യകാരുണ്യം തിരുപ്പാഥേയമായും നല്കുന്നുണ്ട് എന്നത്ഈ വസ്തുതയാണ് ഓര്‍മിപ്പിക്കുന്നത്.
രോഗീലേപനം
മരണത്തിന് അല്പംമുമ്പുമാത്രം പരികര്‍മം ചെയ്യേണ്ട കൂദാശയാണ് രോഗീലേപനം എന്ന മനോഭാവത്തിനു മാറ്റം വന്നിട്ടുണ്ടെന്നാണ് കര്‍ദിനാള്‍ സറാ എഴുതുന്നത്. ഒരു വിശ്വാസി സ്വീകരിക്കുന്ന കൗദാശികലേപനങ്ങളില്‍ അവസാനത്തേത് എന്ന നിലയില്‍ 'ഒടുവിലത്തെ ഒപ്രുശുമാ' എന്ന് ഈ കൂദാശയെ വിളിച്ചുപോന്നു.
രോഗികള്‍ക്ക് ആശ്വാസവും പാപമോചനവും നല്കുന്ന പ്രാര്‍ഥനകളാണ് ഈ കൂദാശയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. എന്നാല്‍, മരണം, വിധി തുടങ്ങിയ യുഗാന്ത്യചിന്തകള്‍ പൂര്‍ണമായും വിസ്മരിക്കപ്പെടുന്നതും ശരിയല്ല. ഇന്നത്തെ ഭൗതികമാത്ര ചിന്താഗതിയുടെ ഫലമാണത്. 
മരണത്തെപ്പറ്റിയും നിത്യവിധിയെക്കുറിച്ചും നിശ്ശബ്ദത പാലിക്കുകയല്ല വേണ്ടതെന്ന് വി. പോള്‍ ആറാമന്‍ മാര്‍പാപ്പാ 1971 ല്‍ ചെയ്ത ഒരു പ്രസംഗത്തില്‍ എടുത്തുപറയുകയുണ്ടായി. കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥത്തില്‍ പറയുന്നു: ''ഓരോ മനുഷ്യനും തന്റെ മരണത്തിന്റെ നിമിഷത്തില്‍ത്തന്നെ സ്വജീവിതത്തെ ക്രിസ്തുവിനോടു ബന്ധപ്പെടുത്തി തന്റെ അമര്‍ത്ത്യമായ ആത്മാവില്‍ തന്റെ ശാശ്വതപ്രതിഫലം സ്വീകരിക്കുന്നു. ഒരു ശുദ്ധീകരണപ്രക്രിയയിലൂടെയോ നേരിട്ടോ സൗഭാഗ്യത്തിലേക്കുള്ള പ്രവേശനം, അല്ലെങ്കില്‍ നേരിട്ടുള്ളതും ശാശ്വതവുമായ ശിക്ഷയിലേക്കുള്ള പ്രവേശനം'' (1022).
രോഗീലേപനംവഴി ഒരു വിശ്വാസി തന്റെ രോഗവും സഹനവും മിശിഹായുടെ സഹനത്തോടും കുരിശുമരണത്തോടും താദാത്മ്യപ്പെടുത്താന്‍ പ്രാപ്തനായിത്തീരുന്നു. മരണം പ്രത്യാശയാണ്. മരണം പരിശുദ്ധ ത്രിത്വത്തോടൊപ്പം ഉത്ഥാനംവഴി നിത്യസൗഭാഗ്യം അനുഭവിക്കാനുള്ള ഒരു കവാടമായി പരിണമിക്കുന്നു. ക്രൂരമൃഗങ്ങള്‍ക്ക് എറിഞ്ഞുകൊടുക്കപ്പെട്ട അന്ത്യോക്യയിലെ വിശുദ്ധ ഇഗ്നേഷ്യസ് പറഞ്ഞു: ''ലോകം മുഴുവന്‍ അടക്കിവാഴുന്നതിലും മനോഹരമായിട്ടുള്ളത് മിശിഹായോട് എന്നെ ഒന്നിപ്പിക്കുന്ന മരണമാണ്.''

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)