''മീനച്ചിലാറും ഓര്‍മകളും'' വായിച്ചപ്പോള്‍ ചിലയിടങ്ങളില്‍വച്ചു ഞാന്‍ വായന നിര്‍ത്തി. കണ്ണീര്‍ വരുമ്പോള്‍ അക്ഷരങ്ങളുടെ വെളിച്ചം നഷ്ടപ്പെടുമല്ലോ. അങ്ങനെ പല പ്രാവശ്യം എന്റെ അക്ഷരവെളിച്ചം കെടുത്തിയ ഒരു പുസ്തകത്തെപ്പറ്റിയാണ് ഞാന്‍ എഴുതുന്നത്. അത് എഴുതാനുള്ള ധാര്‍മികാവകാശം എനിക്കില്ലെന്നറിയാം. എങ്കിലും, എന്റെ വായനാനുഭവം കുറിക്കുകയാണ് ഇവിടെ. ഈ പുസ്തകത്തിലെ ഓരോ സംഭവവും ധ്യാനവിഷയമായിരുന്നു എനിക്ക്. ഓരോ അധ്യായത്തിനുശേഷവും ഉള്ളംകൈയില്‍ മുഖം അപ്പാടെ ഒളിപ്പിച്ചുവയ്ക്കുകയായിരുന്നു ഞാന്‍. എന്തോ ആഴമായ ഒരു വേദന എന്നെ അങ്ങനെ ചെയ്യാന്‍ പ്രേരിപ്പിക്കുന്നുണ്ടായിരുന്നു. എന്തായാലും സ്വസ്ഥത കെടുത്തിയൊരു തീപോലുള്ള പുസ്തകമാണിത്.
ജോളിയും നിമ്മിയും എന്ന ഈ രണ്ടു മനുഷ്യര്‍ക്ക് അഞ്ഞൂറു പേജില്‍ എഴുതിവച്ചിരിക്കുന്ന ഈ തീക്കട്ട ഇപ്പോഴും സന്തോഷം കൊടുത്തില്ലെങ്കിലേ അദ്ഭുതമുള്ളൂ. പുസ്തകത്തില്‍ പറഞ്ഞിട്ടുള്ളതും അതിനേക്കാള്‍ അനേകം ഇരട്ടിയും കൊച്ചുമനുഷ്യര്‍ക്കുവേണ്ടി ജീവിച്ച ഇവര്‍ ഈ ചെറിയ ജീവിതത്തില്‍ മറ്റെന്തെങ്കിലും ചിന്തിച്ചിട്ടുണ്ടാവുമോ, ഈ പാവം മനുഷ്യരെപ്പറ്റിയല്ലാതെ? ചിന്തിച്ചിരുന്നെങ്കില്‍ ഇത്രയും മനുഷ്യര്‍ക്ക് ജീവന്‍ കൊടുക്കാന്‍ ഇവര്‍ക്കു കഴിയുമായിരുന്നില്ല.
കഥയെഴുതാന്‍ എളുപ്പമാണ്. ജീവിതം എഴുതാന്‍ ജീവന്‍ കൊടുക്കണം. ഈ പുസ്തകം ജീവിതം കൊടുത്തവരുടെ കഥയാണ്. പക്ഷേ, ഈ കഥയ്ക്കു രക്തവും മാംസവുമുണ്ടെന്നുമാത്രം. ഓരോ ദിവസവും സൂര്യോദയത്തില്‍ എത്രമാത്രം പേരായിരിക്കും ഇവരുടെ മുഖം മനസ്സില്‍ കണ്ടുണരുന്നത്? ഇവരുടെ പേരുകള്‍ അവനവന്‍ വിശ്വസിക്കുന്ന ദൈവരൂപങ്ങളില്‍ നോക്കി ഉരുവിടുന്നത്? ഇതില്‍ കൂടുതല്‍ എന്തുവേണം ഇവര്‍ക്ക് ഹൃദയം നിറഞ്ഞു സന്തോഷിക്കാന്‍? ശേഖറിന്റെ ക്രിസ്മസ്‌കാര്‍ഡിനെപ്പറ്റി ഇരുപത്തൊന്നാം അധ്യായത്തില്‍ പറഞ്ഞിട്ടുണ്ട്. അവര്‍ക്ക് കിട്ടിയ ഏറ്റവും വലിയ അവാര്‍ഡ് ആണെന്ന്. അതിനു നൊബേല്‍ സമ്മാനത്തെക്കാള്‍ വിലയുണ്ടെന്നു തോന്നും ഈ പുസ്തകം വായിച്ചുകഴിയുമ്പോള്‍.
കാഴ്ചപ്പാടിനെ മാറ്റാന്‍ പറ്റുന്ന ഒരു ഗ്രന്ഥമാണ് ഇതെന്ന തോന്നലാണ് എനിക്കുള്ളത്. കാഴ്ചപ്പാട് എന്നു പറഞ്ഞാല്‍ ജീവിതത്തില്‍ മാറ്റം സംഭവിക്കാന്‍ തുടക്കമിടുന്നത് എന്നാണ് അതിന്റെ ആദ്യത്തെ അര്‍ഥം. മാറ്റത്തിന് എവിടെയെങ്കിലും ഒരു തുടക്കമിടണമല്ലോ? 'മീനച്ചിലാറും ഓര്‍മകളും' അതിനു സഹായകരമായ ഒന്നാണ്. ഇതില്‍ പറഞ്ഞിരിക്കുന്ന ഓരോ സംഭവങ്ങളും ഓരോ ജീവിതമാണ്, ഓരോ ആയുസ്സാണ്. ഇതുപോലുള്ള ഒന്നോ രണ്ടോ കാര്യങ്ങള്‍ നമ്മള്‍ തൊണ്ണൂറ്റിയൊന്‍പതു ശതമാനം പേരും കണ്ടിട്ടുണ്ടാകും, അനുഭവിച്ചിട്ടുണ്ടാവില്ല. അതില്‍ ചിലത് അവരെ മാറ്റത്തിനു സഹായിച്ചിട്ടുണ്ടാകാം. പക്ഷേ, അഞ്ഞൂറുപേജില്‍പ്പോലും കൊള്ളാത്തത്ര അനുഭവങ്ങളുടെ, ജീവിതങ്ങളുടെ, വേദനകളുടെ, സന്തോഷങ്ങളുടെ ഈ ഓര്‍മച്ചെപ്പ് അസാധാരണമായ ഒന്നായി എനിക്കു തോന്നുന്നു. അതികഠിനചൂടില്‍ കാലം തെറ്റി വരുന്ന ചില മനുഷ്യരാണ് കാലത്തിനൊപ്പം ഓടുന്ന നമ്മളെ ഇതുപോലെയും ചില മനുഷ്യര്‍ നമുക്കു ചുറ്റുമുണ്ടെന്ന് ഓര്‍മിപ്പിക്കുന്നത്.
ജീവിതത്തില്‍ ചില ഇടവേളകള്‍ എല്ലാവര്‍ക്കും വേണം. ആ ഇടവേളകളില്‍ ബോറടി മാറ്റാന്‍ അനുഭവങ്ങള്‍തേടി വഴിയോരങ്ങളിലും റെയില്‍വേ സ്റ്റേഷനുകളിലും ആദിവാസിയിടങ്ങളിലും തഴയപ്പെട്ട മനുഷ്യരുടെ തഴച്ചിലിടങ്ങളായ ചേരികളിലും മൂക്കുപൊത്തി പോകുന്നവരെ ഞാന്‍ കണ്ടിട്ടുണ്ട്. ഞാനും അങ്ങനെ പോയിട്ടുണ്ട്. അത് അവനവന്റെ സംതൃപ്തിക്കുവേണ്ടിയാണ്. ജോളിയും നിമ്മിയും പിന്നെ ഇതുപോലെയുള്ള ചില ലക്ഷ്യബോധമില്ലാത്ത മനുഷ്യരും തങ്ങള്‍ക്കു കിട്ടുന്ന സന്തോഷത്തെപ്രതിയല്ല, ഒന്നുമില്ലാതെ കിടന്നുറങ്ങുന്നവര്‍ക്ക് എന്തോ കൊടുത്തു താരാട്ടി ഉറക്കാന്‍പോകുന്നവരാണ്. അവിടെ അവര്‍ അവരുടെ സുഖമോ കുടുംബമോ സ്വത്തോ ഒന്നും കാണുന്നില്ല. വേദനിക്കുന്നവരുടെ വേദന മാത്രമേ കാണുന്നുള്ളൂ. അതിന്റെ നിറക്കൂട്ടിടാത്ത ചരിത്രമാണ് ഈ പുസ്തകം.
ഒരു ചെറിയ പ്രശ്‌നം ഉണ്ടാകുമ്പോള്‍ നമുക്കെല്ലാം അത് ലോകത്തിലെ ഏറ്റവും വലിയ പ്രശ്‌നങ്ങളില്‍ ഒന്നായിട്ടാണ് തോന്നാറുള്ളത്. ഈ പുസ്തകം വായിച്ചു മുന്നേറുമ്പോള്‍ നമുക്കു മനസ്സിലാകും, പ്രശ്‌നങ്ങള്‍ അത്ര ഒന്നുമല്ലെന്ന്. സുഖജീവിതം നയിക്കുന്നവര്‍ എന്നു നമുക്കു തോന്നുന്നവരെല്ലാം അങ്ങനെയൊന്നുമല്ലായെന്നു നമുക്ക് ഈ പുസ്തകം പറഞ്ഞുതരുന്നു. സുഖം നമ്മള്‍തന്നെ ഉണ്ടാക്കുന്നു, നമുക്കേ അതുണ്ടാക്കാന്‍ കഴിയൂ.
ചില കാര്യങ്ങള്‍ നമ്മെ ഓര്‍മിപ്പിക്കുന്നു 'മീനച്ചിലാറും ഓര്‍മകളും'. ദൈവത്തോട് എല്ലാറ്റിലുമുപരി നന്ദിയുള്ളവരാകുക, ഇല്ലായ്മയില്‍ ജീവിക്കുന്നവരിലേക്കു നോക്കുമ്പോള്‍ എങ്ങനെയാണ് നമുക്കുള്ളതിനെപ്പറ്റി തൃപ്തി വരാതിരിക്കുന്നത്? ഈ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നവരിലേറെയും കിട്ടുന്നതുകൊണ്ടു സംതൃപ്തരും ഉള്ളതില്‍നിന്നുപോലും ഇല്ലാത്തവര്‍ക്കു കൊടുക്കുന്നവരുമാണ്. തൃപ്തി നമ്മള്‍ ഉണ്ടാക്കുന്നവരാണ്. ഉള്ളതൊന്നും നമ്മളെ തൃപ്തരും സന്തോഷമുള്ളവരും ആക്കണമെന്നില്ല. സ്വത്തിനുവേണ്ടി സകലമാന കള്ളത്തരവും കാണിച്ച് ഇട്ടുമൂടാന്‍ സ്വത്തുണ്ടാക്കുന്ന അനേകരെ നമുക്കറിയാം. ഇന്നു നമുക്കു ചുറ്റും പല കാരണങ്ങളാല്‍ വേദനയനുഭവിക്കുന്ന പലരും ഇത്തരക്കാരുടെ സൃഷ്ടിയാണ് എന്ന കാര്യം മറക്കരുത്. ഉറക്കഗുളിക കഴിച്ച് ഉറങ്ങുന്ന പാഴ്ജന്മങ്ങളാണ് ഇവരില്‍ പലരും. എന്നാല്‍, ഈ പുസ്തകത്തിലെ മനുഷ്യന്‍ എത്ര സന്തോഷത്തോടെ ജീവിക്കുന്നു. ഇത് ഒരു ഓര്‍മപ്പെടുത്തലാണ്; ഞാന്‍ ഉണ്ടാക്കുന്ന സന്തോഷമേ എനിക്കു ബാക്കിയുള്ളൂ.
'മീനച്ചിലാറും ഓര്‍മകളും' നമ്മുടെ ജീവിതത്തില്‍ കണ്ടുമുട്ടുന്ന ചിലരെ വരച്ചുകാട്ടുന്നു. നമുക്കുചുറ്റും ഇങ്ങനെ ചിലരുണ്ട് എന്നു സമൂഹത്തിന്റെ മനഃസാക്ഷി നമ്മെ ഓര്‍മപ്പെടുത്തുന്നു. അതിനാല്‍, ഈ പുസ്തകത്തെ സമൂഹത്തിന്റെ നന്മയുടെ കണ്ണാടിയായിക്കരുതാം. നമ്മള്‍ ഓരോ ദിവസവും വലിച്ചെറിയുന്ന ഒരൊറ്റ ചോറുമണിയാണെങ്കില്‍പ്പോലും അതിനുള്ള അവകാശികള്‍ നമുക്കു ചുറ്റുമുണ്ട്. പ്രായമായവര്‍ മക്കളെ പഠിപ്പിക്കേണ്ട ഒരു പാഠമുണ്ട്. 'ചോറിനോരോന്നിനും കണ്ണീരിന്റെ രൂപമാണ് ദൈവം കൊടുത്തിരിക്കുന്നത്.' കൈയിലുള്ള പണം കൊടുത്ത് അരി വാങ്ങി ചോറാക്കി തിന്നുകയും പാത്രത്തിനു ചുറ്റും തൂവിക്കളഞ്ഞു നശിപ്പിക്കുകയും അനാവശ്യമായി കുപ്പക്കുഴിയില്‍ നിക്ഷേപിക്കുകയും ചെയ്യുമ്പോള്‍ ഒന്നോര്‍ക്കണം: അതു നിന്റെ ചോറല്ല, അവകാശി ദാ, ഈ പുസ്തകത്തിലെ ഓരോ താളിലും വിശന്നിരിപ്പുണ്ട്. നീ അവര്‍ക്ക് അവകാശപ്പെട്ട ചോറാണ് തട്ടിയെടുത്തു തിന്നത്, കളഞ്ഞത്, നശിപ്പിച്ചത്. അര്‍ഹതപ്പെട്ടവരുടെ കണ്ണീരാണ് നശിപ്പിക്കപ്പെടുന്ന ഓരോ അരിയും.
'മീനച്ചിലാറും ഓര്‍മകളും വായനക്കാര്‍ക്ക് നൊമ്പരങ്ങള്‍ ഉണ്ടാക്കട്ടെ - അതാണ് ഈ പുസ്തകത്തിന്റെ ലക്ഷ്യം. ആ നൊമ്പരം സ്‌നേഹവും കരുണയുമായി പുറത്തുവരട്ടെ. ഇവ രണ്ടും ഒരാളില്‍ വന്നാല്‍ തനിക്കായി മാത്രം ജീവിക്കാനാവില്ല. അയാള്‍ സമൂഹത്തിന്റെ പൊതുസ്വത്തായി മാറും. വിശുദ്ധ മദര്‍ തെരേസയെപ്പോലെ ജോളിയും നിമ്മിയും സമൂഹത്തിന്റെ പൊതുസ്വത്തായി മാറിയിരിക്കുന്നു. ഒരു സുപ്രഭാതത്തില്‍ സംഭവിച്ചതൊന്നുമല്ലത്. അവര്‍ ഇതെല്ലാം കണ്ട് നൊമ്പരപ്പെട്ട്, അടുത്ത്, എടുത്ത്, കൊടുത്ത് ജീവിച്ച് ഇങ്ങനെയായവരാണ്. അതിന്റെ ചരിത്രമാണ് 'മീനച്ചിലാറും ഓര്‍മകളും.' അവരുടെയും ഈ കൊച്ചുമനുഷ്യരുടെയും ജീവിതം ധന്യമാകട്ടെ; എല്ലാവര്‍ക്കും ഈ പുസ്തകം പ്രചോദനവുമാകട്ടെ.
ഗ്രന്ഥകര്‍ത്താക്കള്‍ : ജോളി-നിമ്മി
പ്രസാധനം: ഐറിന്‍ ബുക്‌സ്, കോഴിക്കോട്,
വിതരണം: സെന്റ് തോമസ് ബുക്സ്റ്റാള്‍, പാലാ
വില : 500