•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

പുകഞ്ഞുനീറുന്ന 'ചാര' ബലൂണുകള്‍

തിവീര്‍പ്പിച്ച ബലൂണുകള്‍ മുകളിലേക്കിട്ടു തട്ടിക്കളിക്കുന്നത് കൊച്ചുകുട്ടികള്‍ക്ക്  ഇഷ്ടപ്പെട്ട വിനോദങ്ങളിലൊന്നാണ്. കളിക്കുന്നതിനിടെ തറയില്‍വീണ് ബലൂണുകള്‍ പൊട്ടുമ്പോഴുണ്ടാകുന്ന ഉഗ്രന്‍ശബ്ദം  പേടിപ്പെടുത്തുമെങ്കിലും അതിലും ഒരു പ്രത്യേകരസം കുട്ടികള്‍ കണ്ടെത്തുന്നുണ്ട്. എന്നാല്‍, ഏറ്റവും അപകടകാരിയായ കളിക്കോപ്പായി ബലൂണുകള്‍ മാറുന്ന സാഹചര്യങ്ങളും വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുള്ളത് ഓര്‍മിക്കുന്നു. പൊട്ടിച്ചിതറിയ ബലൂണുകളുടെ കഷണങ്ങള്‍ ഊതിവീര്‍പ്പിക്കുമ്പോഴോ, വായിലിട്ടു ചവയ്ക്കുമ്പോഴോ തൊണ്ടയില്‍ കുരുങ്ങി കുട്ടികള്‍ മരണത്തിനു കീഴടങ്ങേണ്ടിവന്ന സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്.
ഇപ്പോഴിതാ പുതിയൊരു ബലൂണ്‍കഥ വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്നു. ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കിയേക്കാവുന്ന ഈ കഥയിലെ പ്രധാന കഥാപാത്രങ്ങള്‍ കൊച്ചുകുട്ടികളല്ല, പിന്നെയോ ലോകത്തിലെ ഏറ്റവും ശക്തവും സമ്പന്നവുമായ രണ്ടു രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാരാണെന്ന വ്യത്യാസമുണ്ട്. ഏതാനും ദിവസങ്ങളായി വടക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തിനു മുകളിലൂടെ അങ്ങുമിങ്ങും പറന്നുനടന്ന ഒരജ്ഞാതബലൂണിനെച്ചൊല്ലിയായിരുന്നു അവരുടെ വാഗ്വാദം. അതു ശത്രുരാജ്യമായ ചൈനയുടെ ചാരബലൂണാണെന്നു സൂക്ഷ്മനിരീക്ഷണത്തിലൂടെ തിരിച്ചറിഞ്ഞ യു എസ് പ്രസിഡന്റ് ജോ ബൈഡന്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനെ പേരെടുത്തു പറഞ്ഞാണ് പ്രതിഷേധമറിയിച്ചത്: ''ചൈനയുടെ ഈ നടപടി ഞങ്ങളുടെ രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണ്. ഈ സാഹചര്യത്തിലും ലോകനന്മയെക്കരുതി ചൈനയോടൊപ്പം സഹകരിക്കാന്‍ ഞങ്ങള്‍ ഒരുക്കമാണ്. മത്സരം നല്ലതുതന്നെ, എന്നാല്‍, ഏറ്റുമുട്ടല്‍ ഞങ്ങളുടെ നയത്തിന്റെ ഭാഗമല്ല.''
ബലൂണിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ ലോകമെങ്ങും പ്രചരിക്കുമ്പോഴും മൗനം ദീക്ഷിച്ച ചൈനയുടെ വിദേശമന്ത്രാലയം ഒടുവില്‍ അതിന്റെ ഉടമസ്ഥാവകാശം സ്ഥിരീകരിച്ചുകൊണ്ട് ഇപ്രകാരമാണ് പ്രതികരിച്ചത്: ''ഒരു രാജ്യത്തിന്റെയും പരമാധികാരത്തെയോ അന്താരാഷ്ട്രനിയമങ്ങളെയോ ഞങ്ങള്‍ ചോദ്യം ചെയ്തിട്ടില്ല. കാലാവസ്ഥാനിരീക്ഷണത്തിനായി ഞങ്ങളുടെ  രാജ്യത്തുനിന്നു പറത്തിവിട്ട ബലൂണ്‍ നിശ്ചിതദിശയില്‍നിന്നു വഴിതെറ്റി അമേരിക്കന്‍ ഭൂഖണ്ഡത്തില്‍  എത്തിയതാകാം. പരിമിതമായ നിയന്ത്രണസംവിധാനങ്ങളും പ്രതികൂല കാലാവസ്ഥയും മൂലം ബലൂണ്‍ അകലങ്ങളിലേക്കു പറന്നുപോവുകയായിരുന്നു. അപ്രതീക്ഷിതവും യാദൃച്ഛികവുമായ ഈ സംഭവത്തില്‍ ഞങ്ങള്‍ ഖേദിക്കുന്നു.''
ചൈനയുടെ അവകാശവാദങ്ങളും ക്ഷമാപണവും പുച്ഛിച്ചുതള്ളിയ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ 60,000 അടി ഉയരത്തില്‍ പറന്നുനീങ്ങിയ ബലൂണിനെ മിസൈലയച്ചു തകര്‍ത്തുകളയാന്‍ പ്രസിഡന്റ് ജോ ബൈഡന്റെ അനുമതി തേടി. വിശാലമായ പസിഫിക് സമുദ്രത്തിലൂടെ വടക്കുകിഴക്കായി 15,500 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് അലാസ്‌കയ്ക്കും കാനഡയ്ക്കും മുകളിലൂടെ തെക്കോട്ടു നീങ്ങി യു എസ് സംസ്ഥാനമായ മൊണ്ടാനയുടെ അറ്റ്‌ലാന്റിക് സമുദ്രതീരത്തെത്തിയ ബലൂണിനെ മിസൈലയച്ചു വീഴ്ത്താന്‍ ബൈഡനു രണ്ടുവട്ടം ചിന്തിക്കേണ്ടിവന്നു. ഒന്ന്, തന്റെ തീരുമാനം ഷി ജിന്‍പിങ്ങിനെ പ്രകോപിതനാക്കിയേക്കും. രണ്ട്, തകര്‍ന്നുവീഴുന്ന ബലൂണിന്റെ അവശിഷ്ടങ്ങള്‍ ജനവാസമേഖലയില്‍ പതിച്ച് ആള്‍നാശം സംഭവിച്ചുകൂടാ. ഒടുവില്‍, ചൈനയുടെ നടപടിയില്‍ കടുത്ത അമര്‍ഷം രേഖപ്പെടുത്തിയ സെനറ്റര്‍മാരുടെയും ജനപ്രതിനിധികളുടെയും സമര്‍ദ്ദത്തിനു വഴങ്ങിയ ജോ ബൈഡന്‍ ബലൂണിനു നേര്‍ക്ക് മിസൈലയയ്ക്കാന്‍ ഉത്തരവിടുകയായിരുന്നു. ഇതിനിടയില്‍ സൗത്ത് കരോലിന സംസ്ഥാനത്തിന്റെ കിഴക്കുള്ള അറ്റ്‌ലാന്റിക് സമുദ്രത്തിനു മുകളിലെത്തിയ ബലൂണിനുനേരേ എഫ് 22 ഫൈറ്റര്‍ ജെറ്റില്‍നിന്ന് ഫെബ്രുവരി 4-ാം തീയതി പ്രാദേശികസമയം ഉച്ചകഴിഞ്ഞ് 2.39 ന് എയിം 9 എക്‌സ് സൈഡ് വൈന്‍ഡര്‍ മിസൈല്‍ അയയ്ക്കുകയായിരുന്നു. യു എസിന്റെ ഏറ്റവും ആധുനിക ഫൈറ്റര്‍ ജെറ്റായ എഫ് 22,58,000 അടി ഉയരത്തില്‍ പറന്നെത്തിയാണു ലക്ഷ്യം കണ്ടത്.
സമുദ്രത്തിലേക്കു വീണ ബലൂണിന്റെ അവശിഷ്ടങ്ങള്‍ പരിശോധിച്ചപ്പോള്‍ ക്യാമറകളും ഇലക്‌ട്രോണിക് ഉപകരണങ്ങളും സോളാര്‍ പാനലുകളും കണ്ടെത്തി. സന്ദേശങ്ങള്‍ സ്വീകരിക്കാനുതകുന്ന അനേകം ആന്റിനകള്‍ ബലൂണ്‍ ഉറപ്പിച്ചിരുന്ന തറയില്‍നിന്നു പുറത്തേക്കു നീണ്ടുനില്ക്കുന്നുണ്ടായിരുന്നു. കരയിലെത്തിച്ച ബലൂണിന്റെ വലുപ്പം അളന്നുതിട്ടപ്പെടുത്തിയ സൈനികമേധാവികള്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടിയെന്നതാണ് യാഥാര്‍ഥ്യം. ഒരു ജെറ്റുവിമാനം വഹിക്കുന്നത്ര ഭാരം കയറ്റാവുന്ന വലുപ്പം! വായുവില്‍ നിവര്‍ന്നുനില്ക്കുമ്പോള്‍ 200 അടി ഉയരം! (യു എസിലെ സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയെക്കാള്‍ അധികം ഉയരം). അവശിഷ്ടങ്ങളുടെ വിശദമായ പരിശോധന വെര്‍ജീനിയയിലെ എഫ് ബി ഐ ആസ്ഥാനത്തുള്ള ലബോറട്ടറിയില്‍ നടന്നുവരുന്നു.
അമേരിക്കയുടെ ആകാശാതിര്‍ത്തിയില്‍ ജനുവരി 28 നു പ്രവേശിച്ച ചാരബലൂണിനു പിന്നാലെയെത്തിയ മൂന്നെണ്ണംകൂടി അമേരിക്കയുടെ യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടു. അലാസ്‌കയുടെ മുകളിലൂടെ നീങ്ങിയ രണ്ടാമത്തെ ബലൂണിനെ ഫെബ്രുവരി 10 നും കനേഡിയന്‍ അതിര്‍ത്തിയിലെത്തിയ മൂന്നാമത്തെ ബലൂണിനെ ഫെബ്രുവരി 12 നും, നാലാമതെത്തിയ മറ്റൊന്നിനെ അതിനടുത്ത ദിവസവും വെടിവച്ചു വീഴ്ത്തി. ആദ്യത്തേതൊഴിച്ചുള്ള മൂന്നെണ്ണം ചാരബലൂണുകളാണോയെന്നു സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. താരതമ്യേന താഴ്ന്ന ഉയരത്തില്‍ നീങ്ങിയിരുന്നതിനാലാണ് മൂന്നെണ്ണത്തെയും തിടുക്കത്തില്‍ വീഴ്ത്തിയത്. യാത്രാവിമാനങ്ങളുടെ സഞ്ചാരപാതയില്‍ തടസ്സം സൃഷ്ടിക്കാതിരിക്കുകയായിരുന്നു ലക്ഷ്യം. യാത്രാവിമാനങ്ങള്‍ 30,000 - 40,000 അടി ഉയരത്തിലാണ് പറക്കുക. (ശരാശരി ഉയരം 36,000 അടി).
ഇതിനിടെ, കഴിഞ്ഞവര്‍ഷം ജനുവരി 22 നുശേഷം തങ്ങളുടെ ആകാശാതിര്‍ത്തിയിലേക്ക് 10 ലധികം ചാരബലൂണുകള്‍ യു എസ് അയച്ചതായി ചൈന കുറ്റപ്പെടുത്തി. അനുവാദമില്ലാതെ തങ്ങളുടെ രാജ്യത്തിനു മുകളിലൂടെ പറന്നുനടന്ന ബലൂണുകളെ നശിപ്പിക്കാതിരുന്നത് മര്യാദകൊണ്ടുമാത്രമാണെന്നും ചൈനീസ് വിദേശകാര്യവക്താവ് പറഞ്ഞു. തങ്ങളോടും ഇതേ സമീപനം സ്വീകരിക്കുമെന്ന വിശ്വാസമാണ് ബൈഡന്‍ ഭരണകൂടം അട്ടിമറിച്ചത്.
ചാരബലൂണുകള്‍ ആകാശത്തു പ്രത്യക്ഷപ്പെട്ടിട്ടുള്ള മുന്‍ അനുഭവങ്ങള്‍ അമേരിക്കന്‍ രഹസ്യാന്വേഷണോദ്യോഗസ്ഥര്‍ മാധ്യമപ്രവര്‍ത്തകരുമായി പങ്കുവച്ചു. ഇതില്‍ ഒരു സംഭവം മുന്‍ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകാലത്താണ് നടന്നിട്ടുള്ളത്. 2020 ലും 2021 ലും ജപ്പാന്റെ ആകാശാതിര്‍ത്തിയിലും, 2022 ല്‍ ഇന്ത്യന്‍ കേന്ദ്രഭരണപ്രദേശമായ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്കു മുകളിലും ബലൂണുകള്‍ എത്തിയിരുന്നു. എന്നാല്‍, ശൂന്യാകാശത്ത് ഭൂമിയെ വലംവയ്ക്കുന്ന സാറ്റലൈറ്റുകള്‍ ശേഖരിക്കുന്നത്ര കൃത്യതയുള്ള വിവരങ്ങള്‍ ബലൂണുകള്‍ക്കു കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ അവയെ നശിപ്പിക്കുന്നതില്‍ വലിയ അര്‍ഥമില്ലെന്ന ചിന്തയാണ് അവയെ വെറുതെ വിടാന്‍ മൂന്നു രാജ്യങ്ങളെയും പ്രേരിപ്പിച്ചത്. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാനിടയായാല്‍ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ ജപ്പാനും ഇന്ത്യയും അടക്കമുള്ള രാജ്യങ്ങള്‍ തുനിഞ്ഞേക്കുമെന്നു നിരീക്ഷിക്കുന്നവരുണ്ട്. ചൈനയുടെ ചാരബലൂണ്‍ അമേരിക്കയിലെത്തുംമുമ്പ് 40 രാജ്യങ്ങളുടെയെങ്കിലും രഹസ്യവിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടാകാമെന്നാണ് നിഗമനം.
ചാരബലൂണിനെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ മുറുകിയപ്പോള്‍ ഫെബ്രുവരി 6 മുതല്‍ നടത്താനിരുന്ന തന്റെ ചൈനാസന്ദര്‍ശനം റദ്ദാക്കിയ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍, ജര്‍മനിയിലെ മ്യൂനിക്കില്‍ വിളിച്ചുചേര്‍ത്ത 'മ്യൂനിക് സെക്യൂരിറ്റി കോണ്‍ഫറന്‍സി'ല്‍വച്ച് പോളിറ്റ് ബ്യൂറോ അംഗവും മുന്‍ ചൈനീസ് വിദേശകാര്യമന്ത്രിയുമായ വാംഗ് യിയുമായി കണ്ടുമുട്ടി. വഴിതെറ്റി പറന്നെത്തിയ തങ്ങളുടെ ബലൂണിനെ മിസൈലയച്ചു വീഴ്ത്തിയ യു എസ് നടപടിയില്‍ കുപിതനായിരുന്ന വാംഗ് യി ബ്ലിങ്കനോടായി ഇങ്ങനെ പറഞ്ഞു: ''മറ്റു രാജ്യങ്ങളുടെ ആഭ്യന്തരരഹസ്യങ്ങള്‍ ചോര്‍ത്തിയെടുക്കുന്നതില്‍ ഞങ്ങളേക്കാള്‍ മിടുക്കന്മാര്‍ നിങ്ങളാണ്. നിങ്ങളുടെ ബലൂണുകള്‍ ഞങ്ങളുടെ ആകാശാതിര്‍ത്തിയില്‍ എത്രയോ തവണ എത്തിയിട്ടുണ്ട്. രണ്ടു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ഉലച്ചില്‍ തട്ടാന്‍ നിങ്ങളുടെ പ്രവൃത്തികളാണ് കാരണം. ലോകത്തിനുമുമ്പില്‍ ഞങ്ങളെ നീചരും കുറ്റക്കാരുമായി ചിത്രീകരിക്കുന്ന നിങ്ങളുടെ രീതി ഇനിയെങ്കിലും അവസാനിപ്പിക്കണം.''
തന്റെ രാജ്യത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച വാംഗ് യിയ്ക്ക് ബ്ലിങ്കന്‍ നല്കിയ മറുപടി ഇപ്രകാരമായിരുന്നു: ''ഞങ്ങളുടെ രാജ്യത്തിന്റെ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ചാരബലൂണയച്ച നിങ്ങളുടെ പ്രവൃത്തി അന്താരാഷ്ട്രനിയമങ്ങളുടെ ലംഘനവും ഞങ്ങളുടെ രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതുമാണ്. നിങ്ങളുടെ രാജ്യവുമായി ഒരു ഏറ്റുമുട്ടലിനോ പുതിയ ഒരു ശീതയുദ്ധത്തിനോ ഞങ്ങള്‍ തയ്യാറുമല്ല.'' യുക്രെയ്‌നുമേല്‍ റഷ്യ നടത്തിയ അധിനിവേശത്തെ നാളിതുവരെ അപലപിക്കാത്ത ചൈനയുടെ ഇരട്ടത്താപ്പിനെ പരാമര്‍ശിച്ച ആന്റണി ബ്ലിങ്കന്‍, പരാജയഭീതിയിലായ റഷ്യയ്ക്ക് ആയുധങ്ങള്‍ നല്കി സഹായിക്കാനുള്ള ചൈനയുടെ രഹസ്യനീക്കത്തിനെതിരേ മുന്നറിയിപ്പു നല്കാനും മറന്നില്ല.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)