മിതാലിരാജും ജൂലന്‍ ഗോസ്വാമിയും വിടവാങ്ങിയിട്ട് മാസങ്ങള്‍ കഴിഞ്ഞു. സ്മൃതി മന്ഥാനയും ഹര്‍മന്‍ പ്രീതും ഇന്ത്യന്‍ വനിതാക്രിക്കറ്റ് ടീമിന്റെ മികവു ചോരാതെ കാക്കുന്നു. പക്ഷേ, ഇവര്‍ക്കാര്‍ക്കും ഒരു ലോകകിരീടവിജയം സാധ്യമായില്ല. ആ ചരിത്രമാണ് ഇന്ത്യയുടെ കൗമാരതാരങ്ങള്‍ തിരുത്തിയെഴുതിയത്. ദക്ഷിണാഫ്രിക്കയിലെ പൊച്ചെഫ്‌സ്ട്രൂമില്‍ നടന്ന പ്രഥമ അണ്ടര്‍ 19 വനിതാ ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ ചാമ്പ്യന്മാര്‍. ഷെഫാലി വര്‍മ നയിച്ച ഇന്ത്യന്‍ ടീം ഫൈനലില്‍ ഇംഗ്ലണ്ടിനെ തോല്പിച്ചത് എഴു വിക്കറ്റിന്.
അണ്ടര്‍ 15, 19 സീനിയര്‍ വിഭാഗങ്ങളിലായി 1983 ലും 2011 ലൂം നേടിയ ഏകദിന ലോകകപ്പ് വിജയങ്ങള്‍ ഉള്‍പ്പെടെ ഒന്‍പത് ലോകകപ്പ് വിജയങ്ങള്‍ ഇന്ത്യന്‍ പുരുഷടീമിന് അവകാശപ്പെടാനുണ്ട്. എന്നാല്‍, വനിതകള്‍ക്ക് ഇത് പ്രഥമ ലോകകിരീടം. 2005 ലും 2017 ലും മിതാലിരാജിന്റെ ടീം ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ കടന്നിരുന്നു. 2020 ല്‍ ട്വന്റി 20 ലോകകപ്പിലും വനിതകള്‍ ഫൈനലില്‍ തോറ്റു. കിരീടം തെന്നിമാറി. മിതാലിയുഗവും മിതാലിക്കുശേഷവും എന്ന രണ്ടായി ഇന്ത്യന്‍ വനിതാക്രിക്കറ്റ് ചരിത്രം വേര്‍തിരിക്കുമ്പോള്‍ ഭാവി ശോഭനമെന്നുതന്നെ പറയാം.
2020 ല്‍ ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയോടു തോറ്റ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു ഇപ്പോഴത്തെ നായിക ഷഫാലി വര്‍മ. സീനിയര്‍ ടീമില്‍നിന്ന് അണ്ടര്‍ 19 ടീമില്‍ ഇടംപിടിച്ചത് ഷഫാലിക്കു പുറമേ റിച്ച ഘോഷ് മാത്രമാണ്. ലോകകിരീടം ചൂടിയ ടീമിനെ പരിശീലിപ്പിച്ച നൂഷിന്‍ അല്‍ ഖദീര്‍ ആകട്ടെ 2005 ല്‍ ഏകദിന ലോകകപ്പ് ഫൈനലില്‍ പരാജയപ്പെട്ട ഇന്ത്യന്‍ ടീമില്‍ അംഗവുമായിരുന്നു. ഷഫാലിക്ക് പത്തൊന്‍പതാം ജന്മദിനസമ്മാനവുമായി ലോകകപ്പ് വിജയം.
കൗമാരടീമില്‍ ഷഫാലിക്കും റിച്ചയ്ക്കും പുറമേ ടിറ്റാസ് സദുവിനും 19 വയസ് തികയുമ്പോള്‍ ശബ്‌നവും സോനവും പതിനഞ്ചുകാരികള്‍. ഹര്‍ലിഗാലയ്ക്ക് പതിനാറുവയസ്സും. ആദ്യമൂന്നുപേര്‍ക്കും ഇത് അവസാന ഊഴമായപ്പോള്‍ അടുത്ത നിര പ്രതീക്ഷ ഉയര്‍ത്തുന്നു. റിസര്‍വ് സംഘത്തില്‍ മലപ്പുറം തിരൂര്‍ സ്വദേശി സി.എം.സി. നജ്‌ലയും ഉണ്ടായിരുന്നു. കേരള വനിതാക്രിക്കറ്റിനും ഇത് ഉണര്‍വാകും.
ടീമിന് അഞ്ചുകോടി രൂപ ബി.സി.സി.ഐ. സമ്മാനം പ്രഖ്യാപിച്ചപ്പോള്‍ ഈ കിരീടനേട്ടത്തിന് ഇന്ത്യന്‍ ക്രിക്കറ്റ് നല്‍കുന്ന പ്രാധാന്യം വ്യക്തമാണ്. വനിതകളുടെ ക്രിക്കറ്റിന്റെ സ്വീകാര്യത വര്‍ധിക്കുമെന്ന കാര്യത്തിലും സംശയം വേണ്ട. മിതാലി രാജ് പിന്നിട്ട രണ്ടു കാലഘട്ടങ്ങള്‍ ഈ അംഗീകാരം ഓര്‍മിപ്പിക്കുന്നു.
2017 ല്‍ ഇംഗ്ലണ്ടില്‍ ഏകദിനലോകകപ്പ് ഫൈനലില്‍ പൊരുതിത്തോറ്റ ഇന്ത്യന്‍ വനിതാ ടീം മടങ്ങിയെത്തിയപ്പോള്‍ മുംബൈ വിമാനത്താവളത്തില്‍ ആരാധകരുടെ തിരക്കായിരുന്നു. പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരെ മിതാലി ഓര്‍മിപ്പിച്ചു: ''2005 ലും ഇന്ത്യ ഫൈനലില്‍ കടന്നിരുന്നു.'' അന്നും മിതാലിതന്നെയായിരുന്നു നായിക. ആരും ശ്രദ്ധിക്കാത്ത 2005 ല്‍ നിന്ന് എല്ലാവരും ശ്രദ്ധിച്ച 2017 ലേക്ക് ഇന്ത്യന്‍ വനിതാക്രിക്കറ്റിനെ എത്തിച്ച മിതാലിക്ക് ആശ്വസിക്കാം. താന്‍ കൈമാറിയ ദീപം കെടില്ല. ജമന്‍ ഗോസ്വാമിക്കും പിന്‍ഗാമികളായി.
റിസര്‍വേഷന്‍ ഇല്ലാതെ ട്രെയിനില്‍ യാത്ര ചെയ്ത, 1970 കളിലെ ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് താരങ്ങളില്‍നിന്നു വ്യത്യസ്തരല്ലായിരുന്നു 1990 കളിലും പുതിയ നൂറ്റാണ്ടിന്റെ തുടക്കത്തിലും ഇന്ത്യന്‍ വനിതാക്രിക്കറ്റ് താരങ്ങള്‍. 2000 ത്തില്‍ ഇന്ത്യ ലോകകപ്പ് സെമിയില്‍ കടന്നതും 2005 ല്‍ ഫൈനലില്‍ എത്തിയതും വനിതാക്രിക്കറ്റിന് ആരാധകരെ സൃഷ്ടിച്ചില്ല. മാത്രമല്ല, 2012 ല്‍ ശ്രീലങ്കയില്‍ ട്വന്റി 20 ലോകകപ്പിനുപോകുംമുമ്പ് ബംഗളുരുവില്‍ പത്രസമ്മേളനത്തിനെത്തിയ ഇന്ത്യന്‍ നായിക മിതാലി രാജ് പത്തുമിനിറ്റ് കാത്തിരുന്നിട്ടും ഒരു മാധ്യമപ്രവര്‍ത്തകനും തിരിഞ്ഞുനോക്കിയില്ല. ആര്‍ക്കും താത്പര്യമില്ലാത്തതിനാല്‍ പത്രസമ്മേളനം റദ്ദാക്കിയെന്ന് ടീം മാനേജര്‍ ഫോണില്‍ അറിയിച്ചപ്പോള്‍ ഏകയായി കാത്തിരുന്ന മിതാലിയുടെ മാനസികാവസ്ഥ എന്തായിരുന്നുവെന്ന് ഊഹിക്കാം. എന്തായാലും ഇപ്പോഴത്തെ ജൂനിയര്‍ താരങ്ങള്‍ അത്തരമൊരു സ്ഥിതിവിശേഷത്തെക്കുറിച്ചു ചിന്തിക്കേണ്ടതില്ല.
ഇന്ത്യന്‍വനിതകള്‍ വിദേ ശത്ത് ആദ്യമായൊരു ടെസ്റ്റ് ജയിച്ചത് 2002 ല്‍ ദക്ഷിണാഫ്രിക്കയിലാണ്. ആ പര്യടനത്തില്‍ ഏകദിന പരമ്പര തോല്‍ക്കുകയും ചെയ്തു. 1978 ല്‍ ഇന്ത്യ രണ്ടാം ഏകദിനവനിതാ ലോകകപ്പിന് ആതിഥേയത്വം വഹിച്ചപ്പോഴും നമ്മുടെ ടീം ശ്രദ്ധിക്കപ്പെട്ടില്ല. ഏറ്റവും പിന്നിലാണ് അവര്‍ എത്തിയത്. 1997 ല്‍ വീണ്ടും ലോകകപ്പ് മത്സരങ്ങള്‍ ഇന്ത്യയില്‍ നടന്നിട്ടും ആരവം ഉയര്‍ന്നില്ല. ഇന്ത്യന്‍ വനിതാ ടീമിനെ ഒരു എതിരാളിയായിപ്പോലും ആരും കരുതിയില്ല. ആ കാലഘട്ടത്തില്‍നിന്നാണ് നമ്മള്‍ ഇത്രത്തോളം എത്തിയത്.
ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും ഒരുപോലെ മികവുപുലര്‍ത്തിയാണ് ഇന്ത്യന്‍ കൗമാരനിര ഫൈനലില്‍ ഇംഗ്ലണ്ടിനെ 17.1 ഓവറില്‍ കേവലം 68 റണ്‍സിനു പുറത്താക്കിയത്. പെയ്‌സ് ബൗളര്‍ ടിറ്റാസ് സദ്ദുവും ലെഗ്‌സ്പിന്നര്‍ പര്‍ഷവി ചോപ്രയും ആണ് ഇംഗ്ലണ്ടിന്റെ ബാറ്റിങ്‌നിരയെ തകര്‍ത്തത്. ജൂലന്‍ ഗോസ്വാമി സൃഷ്ടിച്ച വിടവു നികത്താന്‍പോന്ന പ്രകടനമാണ് ടിറ്റാസ് കാഴ്ചവച്ചത്. ഷഫാലിക്കു പുറമേ ശ്വേതാ ഷെറാവത് ആണ് ടൂര്‍ണമെന്റില്‍ തിളങ്ങിയ ബാറ്റര്‍. ടീമിലെ മികച്ച ബാറ്ററും ശ്വേതയായിരുന്നു. പക്ഷേ, സൗമ്യ തിവാരിയും കൊംഗാഡിതൃഷയുമാണ് കലാശക്കളിയില്‍ മികച്ച ബാറ്റിങ് കാഴ്ചവച്ചത്. ടീം സന്തുലിതമായിരുന്നു എന്നു വ്യക്തം
ഇതൊരു ചെറിയ വിജയമല്ല. സെമിഫൈനലിലെങ്കിലും എത്തുമെന്ന പ്രതീക്ഷയോടെ സ്വന്തം നാട്ടില്‍ കളിക്കാനിറങ്ങി ക്വാര്‍ട്ടറില്‍ കടക്കാതെ ഇന്ത്യന്‍ പുരുഷ ഹോക്കി ടീം ലോകകപ്പില്‍നിന്നു പുറത്തായതിന്റെ ഞെട്ടലിലായിരുന്നു ഇന്ത്യന്‍ കായികരംഗം. ഹോക്കിയില്‍ ജയിച്ചാല്‍ ഓരോ കളിക്കാരനും ഒരു കോടി രൂപവീതമാണ് സമ്മാനമായി വാഗ്ദാനം ചെയ്തിരുന്നത്. പെണ്‍കുട്ടികളുടെ ക്രിക്കറ്റ് ടീമിന് അത്തരം വാഗ്ദാനങ്ങളൊന്നും നല്‍കിയിരുന്നതായി അറിവില്ല. എങ്കിലും വിജയിച്ചപ്പോള്‍ മാന്യമായ പരിഗണന നല്‍കി. വരുംതലമുറയ്ക്ക് ഇതു പ്രചോദനമാണ്. കൂടുതല്‍ പെണ്‍കുട്ടികള്‍ ക്രിക്കറ്റ് കളിക്കാന്‍ ഇറങ്ങും.
കേരളത്തിനു വനിതാ ക്രിക്കറ്റില്‍ ശ്രദ്ധേയനേട്ടങ്ങള്‍ അവകാശപ്പെടാനില്ല. ടെസ്റ്റ് താരങ്ങളായിരുന്ന സുധാഷായുടെയും സൂസന്‍ ഇട്ടിച്ചെറിയയുടെയും കേരളത്തിലെ വേരുകളാണ് നമ്മുടെ അടിത്തറ. ഏറെക്കാലം നമ്മള്‍ ഇവരുടെ കേരളബന്ധം ചൂണ്ടിക്കാട്ടി ആശ്വസിച്ചു. അതില്‍നിന്നൊക്കെ മലയാളി വനിതാക്രിക്കറ്റ് രംഗം പുരോഗമിച്ചു. ഇതുപറയുമ്പോള്‍, ഇന്ത്യയില്‍ ആദ്യമായി വനിതകള്‍ ക്രിക്കറ്റ് കളിച്ചുതുടങ്ങിയത് കോട്ടയത്തായിരുന്നു എന്നു കൂടി ഓര്‍ക്കണം. കോട്ടയം ബേക്കര്‍ മെമ്മോറിയല്‍ ഗേള്‍സ് സ്‌കൂളില്‍ അധ്യാപികയായിരുന്ന ഓസ്‌ട്രേലിയക്കാരി ജി.ജെ. മകല്ലവെയാണ് കോട്ടയത്ത് ക്രിക്കറ്റ് അവതരിപ്പിച്ചത്. ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ ആയിരുന്നത്.
ചരിത്രം ചികഞ്ഞിട്ടു കാര്യമില്ല. കോട്ടയത്ത് വനിതാക്രിക്കറ്റ് അത്ര സജീവമല്ല. പക്ഷേ, ഇന്ത്യന്‍ വിജയം കേരളത്തിലും പ്രതിഫലിക്കും. സ്‌കൂള്‍, കോളജ് തലങ്ങളില്‍ വനിതാ ക്രിക്കറ്റ് കൂടുതല്‍ സജീവമാകും. കേരളത്തില്‍നിന്നൊരു ഇന്ത്യന്‍ താരം ഉണ്ടാകട്ടെ. റിസര്‍വ് നിരയില്‍നിന്ന് പ്ലേയിങ് ടീമിലേക്ക് നജ്‌ല മുന്നേറട്ടെ.