വേഷം, ഭാഷ, സംസ്‌കാരം, ജീവിതശൈലി തുടങ്ങി നമ്മുടെ പൈതൃകമായ പലതും നാം മാറ്റിക്കൊണ്ടിരിക്കുന്നു. ഈ മാറ്റത്തില്‍ നമ്മുടെ ഭക്ഷണവും വന്നുപെട്ടിരിക്കുന്നു. നാടന്‍ഭക്ഷണങ്ങള്‍ തീന്‍മേശയില്‍നിന്നു പുറത്തായിരിക്കുന്നു. വിഭവവിവരപ്പട്ടിക വൈദേശികമായിരിക്കുന്നു. പരിചിതമല്ലാത്തതു ഭക്ഷിക്കുന്നതില്‍ ''അഭിമാനം'' കൊള്ളുന്നവരാണ് നാമെന്നുള്ള ഒരു തോന്നല്‍ പാചകക്കാര്‍ക്കും ഹോട്ടലുടമകള്‍ക്കും കേറ്ററിങ്ങുകാര്‍ക്കും ഉണ്ടെന്നു തോന്നുന്നു.
നാമൊക്കെ കൃഷിക്കാരാണെന്നുള്ള ഒരു കാഴ്ചപ്പാടുണ്ടെങ്കിലും ഭക്ഷ്യവിളകള്‍ ഉത്പാദിപ്പിക്കുന്നതില്‍ പഴയകാലത്തത്ര ശ്രദ്ധയും താത്പര്യവും ഇല്ലാതായി. ആര്‍ക്കുവേണം നാടിന്റെ വിളകള്‍ എന്നു പറയാതെ പറയുന്നു. 'ഡിജിറ്റലിസം' ഭക്ഷണക്രമത്തെയും ബാധിച്ചിരിക്കുന്നു. 'ഊരും പേരും' അറിയില്ലെങ്കിലും ഭക്ഷണശാലയിലെ ചില്ലലമാരയിലെ 'സുന്ദരന്മാരെ' നാം യാതൊരു വകതിരിവുമില്ലാതെ ഭക്ഷിക്കും. ഒരുപക്ഷേ, നാം ഭക്ഷിച്ച് അഭിപ്രായം പറഞ്ഞിട്ടായിരിക്കും അതിന്റെ 'നാമം' നിശ്ചയിക്കുക. എന്തുതന്നെയായാലും വെറൈറ്റി ആയിരിക്കണമെന്ന് നമുക്കു നിര്‍ബന്ധമുണ്ട്. വിരുന്നുകള്‍ മത്സരബുദ്ധ്യാതന്നെ അദ്ഭുതപ്പെടുത്തുന്ന 'വെറൈറ്റി സമ്മേളനം' ആകണമെന്നും നമുക്കു നിര്‍ബന്ധമുണ്ട്.
ഭക്ഷണമുണ്ടാക്കുന്ന സ്ഥലത്തിന്റെ ശുചിത്വമോ ഉണ്ടാക്കുന്നവരുടെ ആധികാരികപരിചയമോ ചേരുവകളുടെ നന്മയോ എന്നതിനെക്കാളും 'പരിഷ്‌കാരി'യാകണം തീന്‍മേശയെന്ന് നമുക്കിന്നു നിര്‍ബന്ധമാണ്. അതുകൊണ്ടുതന്നെ ഭക്ഷണത്തിലെ 'ഗുണം' നമ്മെ അലട്ടാറില്ല. രുചി പ്രധാനമാണുതാനും. നമ്മുടെ ശരീരത്തിന്റെ സന്തുലിതവും ആരോഗ്യപൂര്‍ണവുമായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഇന്നത്തെ അഭ്യസ്തവിദ്യര്‍ക്ക് അറിയാമെന്നാണു ധാരണ. പക്ഷേ, എല്ലാമറിയുമ്പോഴും ഭക്ഷണം എങ്ങനെ മോഡേണാക്കാമെന്നാണ് ചിന്തയത്രയും! മോഡേണെല്ലാം നമ്മെ രോഗികളാക്കുകയാണോ?
ഇപ്പോഴത്തെ ഭക്ഷണമേറെയും 'വിദേശടച്ചു'ള്ളതാണ്; നമ്മുടെയിഷ്ടവും അതിലേക്കാണെന്നത് യാഥാര്‍ഥ്യം! എന്നാല്‍, ഈ ഭക്ഷ്യവിഭവങ്ങളുടെ വിദേശപാചകം ഏറെ ശുചിത്വം നിറഞ്ഞതും തയ്യാറാക്കുന്നവര്‍ ഏറെ പരിചയസമ്പന്നരുമാണെന്നത് നാം തിരിച്ചറിയണം. വിദേശത്തെ പുകഴ്ത്തുന്ന നാം അവിടത്തെ ആരോഗ്യപരിരക്ഷയും ജീവനോടുള്ള കരുതലും തിരിച്ചറിയാതെപോകരുത്. ആയുസ്സിനെയും ആരോഗ്യത്തെയും തകരാറിലാക്കുന്ന ഒരു ഭക്ഷണവും വിദേശി പ്രോത്സാഹിപ്പിക്കില്ല; വിശ്വസിച്ചു ഭക്ഷിക്കാമെന്നു സാരം! നമ്മുടെ നാട്ടിലെ സ്ഥിതി സുരക്ഷിതമാണോ? ഭക്ഷണം ആരോഗ്യത്തിനുള്ളതാണെങ്കിലും ഇന്നത്തെ നമ്മുടെ ഭക്ഷണശീലം നമ്മെ രോഗാതുരവും മരണത്തിനുവരെ കാരണവുമാക്കുന്നതായി മാറിയിരിക്കുന്നു. അനുദിനവാര്‍ത്തകള്‍ ഇത്തരം യാഥാര്‍ഥ്യങ്ങള്‍ നമ്മെ ഓര്‍മപ്പെടുത്തുകയും ചെയ്യുന്നു.
'നമ്മുടെ ഭക്ഷണമാണ് നമ്മുടെ മരുന്നു'മെന്ന് ആധുനികശാസ്ത്രം ഉള്‍ക്കൊണ്ടു വര്‍ത്തിക്കണം. രുചിവൈവിധ്യം ഒരുക്കുന്ന മസാലക്കൂട്ടുകളും വിരുദ്ധാഹാരരീതികളും നാം മാറ്റണം. ഇന്നത്തെ ഭക്ഷണത്തിന്റെ രസതന്ത്രം മനുഷ്യന്റെ ജീവശാസ്ത്രപരമായ ശാരീരികപ്രവര്‍ത്തനത്തിന്റെ താളം തെറ്റിക്കുന്നത് നാം തിരിച്ചറിയാത്തതെന്ത്? ജീവിതശൈലീരോഗത്തിനൊപ്പം ആധുനികഭക്ഷണം ഒരുക്കുന്ന 'ദുര്‍മേദസു'കള്‍ നമ്മെ കൂടുതല്‍ രോഗികളാക്കുന്നു. കായികമായി അധ്വാനിക്കാതിരിക്കാനുള്ളതെല്ലാം അടുക്കളയിലും പുറത്തും സ്ഥാനം പിടിച്ചപ്പോള്‍ മനുഷ്യരുടെ ആരോഗ്യവും ആയുസ്സും അനുദിനം കുറയുകയാണ്. ശരീരത്തിന്റെ ശാസ്ത്രമോ ഭക്ഷണത്തിലടങ്ങിയിരിക്കുന്ന വൈറ്റമിനുകളുടെ ശതമാനമോ അറിയാതെ വീട്ടിലും പറമ്പിലും വിളഞ്ഞതെല്ലാം രുചിയോടെ കഴിച്ചിരുന്ന പഴമക്കാര്‍ക്ക് ഇന്നും ആരോഗ്യമുണ്ട്; ദന്തരോഗമില്ല, അസ്ഥിരോഗമില്ല, ആമാശയത്തിനും കുടലിനും പ്രശ്‌നമില്ല. മൂത്രാശയരോഗമില്ല, ഓര്‍മയ്ക്കും കാഴ്ചയ്ക്കും കുറവില്ല...?
പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാകുമ്പോഴാണ് നമ്മുടെ നിയമങ്ങള്‍ സടകുടഞ്ഞെഴുന്നേല്‍ക്കുന്നത്. നമ്മുടെ ശ്രദ്ധാകേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന 'ഫോറിനില്‍' പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാകാതിരക്കാനാണ് നിയമനിര്‍മാണം നടത്തിയിരിക്കുന്നത്. മനുഷ്യജീവന്‍ അവിടെ അമൂല്യമാണ്; ഭക്ഷ്യവിഷബാധയേറ്റുള്ള മരണംപോലുള്ള അസാധാരണത്വമൊന്നും അവിടെയില്ല. ജനം വിശ്വസ്തരാണ്; പൗരബോധമുള്ളവരാണ്; വിദ്യാഭ്യാസത്തിന്റെ സാരാംശം നഷ്ടപ്പെടാത്തവരാണ്; സ്വാര്‍ഥതയെന്നതിന് 'സ്വാശ്രയം' എന്നു വികലമായി എഴുതിച്ചേര്‍ക്കാത്ത ഹൃദയമുള്ളവരാണ്! ഓരോരുത്തരുടെയും കര്‍ത്തവ്യനിര്‍വഹണത്തിലെ 'സത്യം' മറ്റുള്ളവര്‍ക്കു വിശ്വാസ്യമായി മാറുമ്പോഴാണ് സമൂഹത്തിന്റെ ശക്തിയും ഊര്‍ജവും അരക്കിട്ടുറപ്പിക്കാനാകുക. എത്ര നിയമം ശക്തമാക്കിയാലും നമ്മുടെ ഹൃദയശുദ്ധി കാത്തുസൂക്ഷിക്കാത്തിടത്തോളം ഒന്നിലും സത്യമുണ്ടാകണമെന്നില്ല; നിയമപരമായ ലേബലുകള്‍ എല്ലാ ഭക്ഷണശാലകളിലും ഭക്ഷണപ്പൊതികളിലും ഉണ്ടായാലും ഉള്ളിലെ സത്യം സത്യമാകണമെങ്കില്‍ നമ്മുടെയൊക്കെ ഹൃദയത്തില്‍ സത്യമുണ്ടാകണം! നമ്മുടെ ഭക്ഷണശാലകളും ഭക്ഷണവുമൊക്കെ നമുക്കുവേണ്ടിയുള്ളതാണെന്നും അതു പരമാവധി ആരോഗ്യപരമായി തയ്യാറാക്കേണ്ടതാണെന്നും നിയമം പറഞ്ഞാലേ നമുക്ക് ഉള്‍ക്കൊള്ളാനാകുകയുള്ളോ? നല്ലതു ഭക്ഷിക്കാനും നല്ലതുമാത്രം വിതരണം ചെയ്യാനും മനഃസാക്ഷിയുണ്ടാകണം. ആത്യന്തികമായി ചിന്തിക്കുമ്പോള്‍ ഞാന്‍ നന്നാകാത്തതുതന്നെയാണ് സമൂഹത്തിലെ മൂല്യച്യുതിക്കു കാരണമെന്നു കാണാനാകും!
നല്ലതു കഴിക്കണമെന്നു നിര്‍ബന്ധബുദ്ധിയുണ്ടാകേണ്ടതും വ്യക്തിയുടെ തീരുമാനമാണ്. നമുക്കു ലഭിക്കുന്നത് വൃത്തിയുള്ളതും തികഞ്ഞ ശുചിത്വവും പോഷകസമ്പുഷ്ടവുമായിരിക്കണമെന്നുള്ളത് ആവശ്യക്കാരുടെ ആവശ്യവുമായിരിക്കണം. ആത്മസംത്യപ്തിയോടെ നമ്മുടെ നാടിന്റെ മികവിനെ തീന്‍മേശയിലും ആദരിക്കാന്‍ നാം പഠിക്കണം. നമ്മുടെ വിരുന്നുകളില്‍ എന്തു വിളമ്പണമെന്നു തീരുമാനിക്കുന്നത് ആതിഥേയനല്ലേ? അതിഥി ആവശ്യപ്പെട്ടിട്ടാണോ, 'ബുദ്ധിയും കാഴ്ചയും വിശപ്പും' ഞെട്ടുന്ന 'വിലയേറിയ' വിഭവങ്ങള്‍ വിളമ്പുന്നത്? രുചിയും ആവശ്യങ്ങളും നാം രൂപപ്പെടുത്തുന്നതാണ്. രോഗത്തിനുള്ള മരുന്ന് കൈവശം കരുതി 'രോഗാതുരമായ' ഭക്ഷണം മതിവരുവോളം കഴിക്കുന്നതിലെ സാംഗത്യം ചിന്തിക്കേണ്ടതല്ലേ?
വ്യക്തിപരമായി പല ഭക്ഷണങ്ങളും വിലക്കപ്പെട്ടതാണെങ്കിലും തിരക്കുള്ള വിരുന്നുശാലകളില്‍ ആര്‍ക്കും ഒന്നിനും വിലക്കില്ല. എല്ലാവര്‍ക്കും എല്ലാ ഭക്ഷണവും യോജിക്കണമെന്നില്ല. എന്നാല്‍, വിളമ്പുന്നവരെക്കാള്‍ ഭക്ഷിക്കുന്നവരല്ലേ ഇതിലെ ആവശ്യവും അനാവശ്യവും തിരിച്ചറിയേണ്ടത്? എന്തു വിളമ്പിയാലും കഴിക്കുന്നത് നമുക്കു നല്ലതാണോ? കാട്ടിലൂടെ മേഞ്ഞുനടക്കുന്ന മൃഗങ്ങള്‍ വിഷച്ചെടികള്‍ തിന്നാറുണ്ടോ? ആരാണ് അവയ്‌ക്കൊക്കെ 'അരുതു'കളുടെ 'ക്ലാസ്' എടുക്കുന്നത് എന്നു ചിന്തിക്കാറുണ്ടോ? പക്ഷിമൃഗാദികള്‍ക്കും വൃക്ഷലതാദികള്‍ക്കും ചിട്ടയായ ഭക്ഷണ'ക്രമം' ഉണ്ടെന്നിരിക്കെ വിവേകബുദ്ധിയുള്ള 'ഡിജിറ്റല്‍' മനുഷ്യരായ നമുക്കെന്തേ മരണമുഖത്തിരിക്കുന്ന ഭക്ഷണം തിരിച്ചറിയാനാകാത്തത്? കൊതിയും രുചിയും അനാരോഗ്യത്തെ 'ശക്തിപ്പെടുത്തുന്നു'വെന്നു തിരിച്ചറിയാന്‍ വൈകരുത്. ജനനവും മരണവും തമ്മില്‍ ദൈവം നിശ്ചയിച്ചുറപ്പിച്ച ഒരു 'അകല'മുണ്ട്. അതു തിന്നും കുടിച്ചും ചെറുതാക്കരുത്! ജീവിതം അമൂല്യമാണ്; ജീവിക്കുകയെന്നത് പ്രാര്‍ഥനയാകണം; ഭക്ഷണത്തിലെ മായവും വിഷവും അഴുക്കും നമ്മുടെ മനസ്സിന്റെ അഴുക്കിനെത്തന്നെയാണു സൂചിപ്പിക്കുന്നത്. വിഷം വില്‍ക്കുന്നവര്‍ക്കും വീടും കുടുംബവുമില്ലേ? അവരും ഭക്ഷണം കഴിക്കുന്നത് ആയുസ്സിനും ആരോഗ്യപോഷണത്തിനുമല്ലേ? മനുഷ്യനു ചുറ്റും സര്‍വതും വിശുദ്ധിയോടെ സൃഷ്ടിച്ച് മനുഷ്യരില്‍ വിശ്വാസമര്‍പ്പിച്ച് അവര്‍ക്കു സ്വാതന്ത്ര്യം നല്‍കിയ ദൈവത്തെ നാം മറക്കുകയാണോ? 'കോടീശ്വരനാകാനുള്ള തത്രപ്പാടില്‍ നമ്മെയൊക്കെ സാത്താന്‍ കൂട്ടിലടയ്ക്കുന്ന കാഴ്ചയാണോ ഇക്കാലത്തെ 'ഹൈലൈറ്റ്' എന്നു ചിന്തിക്കുന്നത് ഉചിതമാകും?
പരിസ്ഥിതിയെയും നമ്മുടെ പരിതഃസ്ഥിതിയെയും തിരിച്ചറിയണം. മലയാളിയുടെ ഭക്ഷണത്തനിമയെന്നുള്ളത് ലോകത്തിന്റെ മുമ്പില്‍ പൊലിമതന്നെയാണ്. ആദ്യം നമ്മിലെ നല്ലതു തിരിച്ചറിയാനാകണം. നമ്മുടെ ജീവിതചുറ്റുപാടുകളെ ജീവിതത്തിനനുയോജ്യമായി ക്രമീകരിക്കാനുള്ള ഇച്ഛാശക്തിയും ആത്മവിശ്വാസവും ആത്മസംതൃപ്തിയും നാം സ്വന്തമാക്കണം. നിയമങ്ങള്‍ ശക്തമാകുന്നതോടൊപ്പം നിയമങ്ങളെല്ലാം നമ്മുടെ തന്നെ സുരക്ഷിതത്വത്തിനുള്ളതാണെന്നു തിരിച്ചറിയാനും അനുസരിക്കാനും പഠിക്കണം. ഭക്ഷിക്കുന്നതെന്തോ അതാണ് മനുഷ്യര്‍ എന്നു പറയാറുണ്ട്; ഭക്ഷണരീതിയും സംസ്‌കാരവും സംസ്‌കൃതിയും പൈതൃകവുമായി ഇഴചേരുന്നുണ്ട്; മരുഭൂമിയിലെ സസ്യം മഞ്ഞുമലയില്‍ വളരില്ല; സാഹചര്യം പിടിച്ചുനില്പിന്റെ അടിസ്ഥാനമാണ്; ലഭിച്ച സാഹചര്യത്തെ അനുകൂലമാക്കാന്‍ കഴിയണം; അതും ആരോഗ്യത്തോടെയും ആയുസ്സോടെയും. മറക്കരുത്, മനുഷ്യന്‍ ഒരദ്ഭുതമാണ്; വിശദീകരിക്കാനാകാത്തവിധമുള്ള ദൈവത്തിന്റെ കരവേല! നല്ലതു ഭക്ഷിക്കാം; നല്ലതു വിതരണം ചെയ്യാം; നമുക്കൊന്നിച്ചു വളരാം, ജീവിക്കാം!