•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

സ്വര്‍ഗവും ഭൂമിയും ഒരുമിക്കുമ്പോള്‍

ബനഡിക്റ്റ് പതിനാറാമന്‍ പാപ്പായുടെ ആരാധനക്രമ ചൈതന്യം

ആമുഖം
ബനഡിക്റ്റ് പതിനാറാമന്‍ പാപ്പായുടെ ആരാധനക്രമചൈതന്യത്തിലേ ക്കുള്ള ഒരു യാത്രയാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം. പുരോഹിതന്‍, ദൈവശാസ്ത്രാധ്യാപകന്‍, മെത്രാന്‍, മാര്‍പാപ്പാ എന്നീ നിലകളില്‍ ബനഡിക്റ്റ് പാപ്പാ കത്തോലിക്കാസഭയ്ക്ക് അതുല്യമായ സംഭാവനകള്‍ നല്കി. സഭയുടെ ഹൃദയത്തോടു ലിറ്റര്‍ജിയെ ചേര്‍ത്തുനിര്‍ത്താനുള്ള പരിശ്രമമാണ് അദ്ദേഹം തന്റെ രചനകളിലൂടെയും ആധ്യാത്മികദര്‍ശനങ്ങളിലൂടെയും അജപാലകദൗത്യത്തിലൂടെയും ആരാധനക്രമദൈവശാസ്ത്രനവീകരണങ്ങളിലൂടെയും നടത്തിയത്. വിശുദ്ധഗ്രന്ഥം, ആരാധനക്രമം, സഭാപിതാക്കന്മാരുടെ പഠനങ്ങള്‍ എന്നീ ഉറവിടങ്ങളില്‍നിന്നാണ് ഈ ധിഷണാശാലി തന്റെ ദൈവശാസ്ത്രചിന്തകള്‍ രൂപപ്പെടുത്തിയെടുത്തത്.
തന്റെ ആത്മകഥയില്‍ പറയുന്നതുപോലെ, സഭയുടെ ആരാധനക്രമമാണ് ബാല്യംമുതല്‍ റാറ്റ്‌സിങ്ങറിന്റെ  വിശ്വാസവും ജീവിതവും രൂപീകരിച്ചത്. ആരാധനക്രമത്തോടുള്ള സ്‌നേഹം ജീവിതത്തിന്റെ എല്ലാഘട്ടങ്ങളിലും ഉണ്ടായിരുന്നതിനാല്‍ ലിറ്റര്‍ജിയെക്കുറിച്ചു സംസാരിക്കാനും എഴുതാനും പലപ്പോഴും അദ്ദേഹം നിര്‍ബന്ധിതനായി. 1918 ല്‍ ജര്‍മന്‍ഭാഷയില്‍ പ്രസിദ്ധീകരിച്ച റൊമാനോ ഗ്വാര്‍ദീനിയുടെ ''ആരാധനക്രമചൈതന്യം'' എന്ന ഗ്രന്ഥം വായിച്ചശേഷമാണ് ആരാധനക്രമത്തോട് അടങ്ങാത്ത അഭിനിവേശം റാറ്റ്‌സിങ്ങര്‍പിതാവില്‍ മുളയെടുത്തത്. അടയാളങ്ങള്‍ക്കും പ്രതീകങ്ങള്‍ക്കും ലിറ്റര്‍ജിയിലുള്ള അതുല്യസ്ഥാനം മനസ്സിലാക്കാന്‍ ഗ്വാര്‍ദീനിയുടെ പുസ്തകങ്ങള്‍ റാറ്റ്‌സിങ്ങറിനു വഴികാട്ടിയായി. കൂടാതെ, റാറ്റ്‌സിങ്ങറുടെ യൗവനകാലത്തു ജര്‍മനിയില്‍ പല ആരാധനക്രമനവീകരണപ്രസ്ഥാനങ്ങളും (Liturgical Movements)  സജീവമായിരുന്നു. അവയും അദ്ദേഹത്തില്‍ പ്രബലമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. 
ജര്‍മനിയിലെ ബവേറിയായിലുള്ള മാര്‍ക്ക്റ്റല്‍ (Marktl) എന്ന ഗ്രാമത്തില്‍ 1927 ഏപ്രില്‍ 16 നു ജനിച്ച ജോസഫ് റാറ്റ്‌സിങ്ങര്‍ 1951 ല്‍ റേഗന്‍സ്ബുര്‍ഗ് രൂപതയ്ക്കുവേണ്ടി വൈദികനായി. 1953 ല്‍ മ്യൂണിക് സര്‍വകലാശാലയില്‍നിന്നു ദൈവജനത്തെക്കുറിച്ചുള്ള വിശുദ്ധ ആഗസ്തീനോസിന്റെ കാഴ്ചപ്പാടിനെക്കുറിച്ചു ദൈവശാസ്ത്രത്തില്‍ ഡോക്ടര്‍ബിരുദം നേടി. പതിമൂന്നാം നൂറ്റാണ്ടിലെ ഫ്രാന്‍സിസ്‌കന്‍ ദൈവശാസ്ത്രജ്ഞനായിരുന്ന വിശുദ്ധ ബൊനവെഞ്ചറിനെക്കുറിച്ച് റാറ്റ്‌സിങ്ങര്‍ ഉപരിപഠനവും നടത്തി. തുടര്‍ന്ന്, അദ്ദേഹം ബോണ്‍ (1959-63), മ്യൂണ്‍സ്റ്റര്‍ (1963-66), ട്യൂബിങ്ങന്‍ (1966-69), റേഗന്‍സ്ബുര്‍ഗ് (1966-77) എന്നീ സര്‍വകലാശാലകളില്‍ ദൈവശാസ്ത്രാധ്യാപകനായിരുന്നു. കൊളോണിലെ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ഫ്രിങ്‌സിന്റെ ദൈവശാസ്ത്ര ഉപദേഷ്ടാവായി രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ (1962-1965)പങ്കെടുത്തത് റാറ്റ്‌സിങ്ങറിന്റെ ജീവിതത്തില്‍ വഴിത്തിരിവായി. 1977 ല്‍ പോള്‍ ആറാമന്‍ പാപ്പാ റാറ്റ്‌സിങ്ങറെ മ്യൂണിക്കിലെ ആര്‍ച്ചുബിഷപ്പും കര്‍ദിനാളുമായി ഉയര്‍ത്തി. 1981 മുതല്‍ 2005 വരെ വിശ്വാസതിരുസംഘത്തിന്റെ തലവനായിരുന്ന റാറ്റ്‌സിങ്ങര്‍ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പായുടെ ഉത്തമസ്‌നേഹിതനും ദൈവശാസ്ത്രവിഷയങ്ങളില്‍ അദ്ദേഹത്തിന്റെ വഴികാട്ടിയുമായിരുന്നു. ദിവ്യകാരുണ്യവര്‍ഷമായി കത്തോലിക്കാസഭ ആഘോഷിച്ച 2005-ാമാണ്ട് ഏപ്രില്‍ 19 നാണ് ജോസഫ് റാറ്റ്‌സിങ്ങര്‍ മാര്‍പാപ്പായായി തിരഞ്ഞെടുക്കപ്പെട്ടത്. ദിവ്യകാരുണ്യത്തെക്കുറിച്ചുള്ള സിനഡിനുശേഷം 2007 ഫെബ്രുവരി 22 നു 'സ്‌നേഹത്തിന്റെ കൂദാശ' (Sacramentum Carit atis) എന്ന കുര്‍ബാനയെക്കുറിച്ചുള്ള അപ്പസ്‌തോലികപ്രബോധനം ബനഡിക്റ്റ് പതിനാറാമന്‍ പാപ്പാ പ്രസിദ്ധീകരിച്ചു. മൂന്നു ചാക്രികലേഖനങ്ങള്‍, നാല് അപ്പസ്‌തോലിക പ്രബോധനങ്ങള്‍, അറുപത്തിയാറു പുസ്തകങ്ങള്‍ എന്നിവ തന്റെ തൊണ്ണൂറ്റിയഞ്ചുവര്‍ഷക്കാലജീവിതത്തിനിടയില്‍ പാപ്പാ രചിച്ചു. വിശ്വാസത്തിന്റെ ആഘോഷം (ഠവല എലമേെ ീള എമശവേ  1981), ലിറ്റര്‍ജിയുടെ ചൈതന്യം (The Spirit of the Liturgy - 2000), നസ്രസിലെ ഈശോ (Jesus of Nazareth - 2013) ) തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാനകൃതികള്‍. ''കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം'' (Catechism of the Catholic Church) അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ചിട്ടപ്പെടുത്തിയതാണ്. ബനഡിക്റ്റ് പതിനാറാമന്‍ പാപ്പായുടെ രചനകളിലും പ്രസംഗങ്ങളിലും സ്ഫുരിക്കുന്ന ആരാധനക്രമദര്‍ശനങ്ങളിലേക്കു നമുക്കു കണ്ണോടിക്കാം.
1. ആരാധനക്രമം (Sacrosanctum Concilium)
രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ആദ്യത്തെ പ്രമാണരേഖ ലിറ്റര്‍ജിയെക്കുറിച്ചാണെന്നതുതന്നെ അതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. തന്മൂലം, തന്റെ പ്രസംഗങ്ങളിലും പ്രബോധനങ്ങളിലും വത്തിക്കാന്‍ കൗണ്‍സിലിന്റെ താത്പര്യങ്ങള്‍ക്കു ബനഡിക്റ്റ് പതിനാറാമന്‍ പാപ്പാ മുന്‍ഗണന നല്കി. ആരാധനക്രമപ്രമാണരേഖയുടെ പുനര്‍വായന കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം വാദിച്ചു. ലിറ്റര്‍ജിയുടെ സ്വഭാവത്തിന്റെയും ആഘോഷത്തിന്റെയും അടിസ്ഥാനതത്ത്വങ്ങള്‍ അനുസരിച്ചാണ് ആരാധനക്രമനവീകരണം ഉണ്ടാകേണ്ടത്. കൗണ്‍സിലിനുശേഷം നടന്ന പല ആരാധനക്രമനവീകരണചിന്താഗതികളെയും റാറ്റ്‌സിങ്ങര്‍ ചോദ്യംചെയ്തു. പുതുമ തേടിയുള്ള ആരാധനക്രമപരീക്ഷണങ്ങളെ അദ്ദേഹം എതിര്‍ത്തു. സഭയുടെ യാഥാര്‍ഥ നന്മയ്ക്കുതകുന്നതും ജീവാത്മകവളര്‍ച്ചയ്ക്കു സഹായിക്കുന്നതുമായ പുതുമകള്‍ മാത്രമേ ലിറ്റര്‍ജിയില്‍ കൊണ്ടുവരാവൂ. തെറ്റായ സര്‍ഗാത്മകത (false creativity) യ്ക്ക് അവിടെ സ്ഥാനമില്ല. കാരണം, അതു തുടര്‍ന്നുള്ള ആരാധനക്രമപരമായ പ്രാര്‍ഥനകള്‍ക്കു തടസ്സം സൃഷ്ടിക്കും. കര്‍മവിധികളെ അസ്ഥിരമാക്കും. തെറ്റായ സര്‍ഗാത്മകതവഴി ആരാധനക്രമ ഐക്യവും ലിറ്റര്‍ജിയുടെ സഭാത്മകതയും അപകടത്തിലാകും. ആധികാരികമായ ആരാധനക്രമനവീകരണമാണ് ആവശ്യമെന്നും അതിനു രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ചൈതന്യത്തിലേക്കു തിരിച്ചുനടക്കണമെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. ദൈവത്തെ പ്രഥമസ്ഥാനത്തു പ്രതിഷ്ഠിക്കുക. ദൈവത്തിനു പ്രഥമസ്ഥാനമില്ലെങ്കില്‍, ലിറ്റര്‍ജിയുടെ അര്‍ഥവും ആഭിമുഖ്യവും നഷ്ടപ്പെടുമെന്നു റാറ്റ്‌സിങ്ങര്‍ മുന്നറിയിപ്പു നല്കി. 
2. ആരാധനക്രമം: നല്കപ്പെട്ട ദാനം 
ആരാധനക്രമമെന്നത് ദൈവദത്തമായി നല്കപ്പെട്ടതാണ്. ഇതു ദൈവത്തിന്റെ വെളിപാടും പ്രവൃത്തിയുമാണ്. ഇത് മനുഷ്യന്റെ രചനയല്ല. എന്നാല്‍ മനുഷ്യന്റെ ചിന്തകളും സംഭാവനകളും ആരാധനക്രമത്തിന്റെ ജീവാത്മകവളര്‍ച്ചയ്ക്ക് ആവശ്യമാണ്. വാസ്തവത്തില്‍, ലിറ്റര്‍ജിക്കു ദൈവമാണു മുന്‍കൈയെടുക്കുന്നത്. 'എന്നെ ആരാധിക്കാന്‍ എന്റെ ജനം പോകട്ടെ' എന്നാണ് ദൈവം ഫറവോയോടു കല്പിക്കുന്നത് (പുറ. 7:16). ലിറ്റര്‍ജിയെ സംബന്ധിച്ചു നിര്‍ദേശങ്ങളെക്കാളും നിയമമാണു അവര്‍ക്കു ലഭിച്ചത്. യഥാര്‍ഥ ആരാധനയില്‍നിന്നു വ്യതിചലിക്കുമ്പോള്‍ ഇസ്രായേല്‍ ജനതയ്ക്കു സ്വാതന്ത്ര്യം നഷ്ടപ്പെടുന്നു. 
എല്ലാ കൂദാശകളുടെയും മടിത്തട്ടായ ലിറ്റര്‍ജി മനുഷ്യജീവിതത്തെ ക്രമമുള്ളതാക്കുന്നു. മനുഷ്യര്‍ക്കു ദൈവവുമായുള്ള ബന്ധം ശരിയായാല്‍ മാത്രമേ മാനുഷികബന്ധങ്ങള്‍ നേരായ രീതിയിലാവുകയുള്ളൂ. ലിറ്റര്‍ജിയെന്നത് ഏതെങ്കിലും ഒരു പ്രത്യേകസമൂഹത്തിന്റെ വ്യക്തിപരമായ ഹോബിയല്ല; പ്രത്യുത, ഇതു സ്വര്‍ഗവും ഭൂമിയും തമ്മില്‍ ബന്ധിപ്പിക്കുന്ന കണ്ണിയാണ്. സൃഷ്ടിയെ സ്രഷ്ടാവിലേക്ക് ഉയര്‍ത്തുകയെന്നതാണ് ലിറ്റര്‍ജിയുടെ കടമ. മറ്റൊരുവാക്കില്‍, സ്വര്‍ഗവും ഭൂമിയും ഒന്നായിത്തീരുന്ന വേളയാണു ലിറ്റര്‍ജിയുടെ ആഘോഷസമയമെന്നു നമ്മള്‍ മനസ്സിലാക്കണം.  
ബനഡിക്റ്റ് പതിനാറാമന്‍ പാപ്പാ എപ്പോഴും ഓര്‍ത്തോഡോക്‌സിയെക്കുറിച്ചു (Orthodoxy) പറയുമായിരുന്നു. ഡോക്‌സ(doxa) എന്നാല്‍ ദൈവത്തെക്കുറിച്ചുള്ള ശരിയായ ആശയം എന്നല്ല; മറിച്ച്, ശരിയായ ദൈവാരാധനയാണ്. ഇതു നമുക്കു വിശ്വാസത്തിലൂടെ നല്കപ്പെടുന്ന ദാനമാണ്. പ്രാര്‍ഥനയുടെ നിയമം വിശ്വാസനിയമം (lex orandi, lex credendi) എന്ന തത്ത്വമാണ് ലിറ്റര്‍ജിയെ നയിക്കേണ്ടത്. സഭയുടെ പരസ്യാരാധന വിശ്വാസത്തിന്റെ നേര്‍സാക്ഷ്യമായിരിക്കണം. ആരാധനക്രമത്തില്‍ പാരമ്പര്യത്തിനു മങ്ങലേല്പിക്കാതെയുള്ള ജീവാത്മകവളര്‍ച്ചയാണ് ആവശ്യം. സഭയിലൂടെ നല്കപ്പെട്ടിരിക്കുന്ന ഈ അമൂല്യദാനത്തിന്റെ കാവല്ക്കാരാണു നമ്മള്‍ എന്ന യാഥാര്‍ഥ്യം അംഗീകരിച്ചുകൊണ്ട് ആരാധനക്രമത്തെ നമ്മള്‍ പരിപോഷിപ്പിക്കണമെന്നു പാപ്പാ പഠിപ്പിക്കുന്നു. 
3. സമയവും കാലവും
സൃഷ്ടപ്രപഞ്ചം മുഴുവനെയും ഉള്‍ക്കൊള്ളുന്നതാണ് ക്രിസ്തീയലിറ്റര്‍ജി. യഥാര്‍ഥ ബലിയെന്നത് സൃഷ്ടിയുടെ ദൈവികവത്കരണമാണ്. നമ്മള്‍ ദൈവത്തിനു വിധേയപ്പെടുന്നതാണ്. ക്രിസ്തീയലിറ്റര്‍ജിയുടെ പ്രാപഞ്ചികമാനം വെളിപ്പെടുത്തുന്നത് സമയമാണ്. മിശിഹായുടെ ബലിയുടെ അനുസ്മരണമായ ലിറ്റര്‍ജി സമയത്തെയും കാലത്തെയും അതിശയിക്കുന്നു.
കുരിശുമരണത്തിനു പ്രാപഞ്ചികമാനമുണ്ടായിരുന്നു. മിശിഹായായിരുന്നു പ്രധാനപുരോഹിതന്‍. മാനവരക്ഷയ്ക്കായുള്ള ദൈവപുത്രന്റെ ഈ ആരാധനാവേളയില്‍ സൂര്യന്‍ അന്ധകാരപൂര്‍ണമാകുകയും ഭൂമി കുലുങ്ങുകയും ചെയ്തു. അപ്രകാരം, സൃഷ്ടിയുടെ ദൈവികവത്കരണം കുരിശുമരണം ത്വരിതപ്പെടുത്തി. കൂടാതെ, സഭയുടെ ആരാധനക്രമപ്രവൃത്തികളിലൂടെ ദൈവികവത്കരണപ്രക്രിയ ഇന്നും തുടരുന്നു. സമയമെന്നത് ദൈവത്തിന്റേതാണ്. സമയത്തെ നിയന്ത്രിക്കുന്നതും ക്രമീകരിക്കുന്നതും ദൈവമാണ് (ഉത്പ. 1:14 - 18). അത്യുന്നതന്റെ സൃഷ്ടി എത്ര വിസ്മയനീയമാണെന്ന് ഉദിച്ചുയരുന്ന സൂര്യന്‍ പ്രഘോഷിക്കുന്നു. കാലം നിര്‍ണയിക്കാനും ശാശ്വതമായ അടയാളമായിരിക്കാനും ചന്ദ്രനെ സൃഷ്ടിച്ചു. (പ്രഭാ. 43:2,6). ദൈവം സമയത്തിനു വിധേയമല്ല; ഉപരിയാണ്. രക്ഷാചരിത്രം കര്‍ത്താവിന്റെ സമയത്താലാണു നയിക്കപ്പെട്ടത്. 
രക്ഷാകരചരിത്രം ആരാധനക്രമവത്സരത്തിലൂടെ നമ്മള്‍ ആഘോഷിക്കുന്നു. മംഗളവാര്‍ത്താക്കാലംമുതല്‍ പള്ളിക്കൂദാശക്കാലംവരെയുള്ള ആരാധനക്രമകാലങ്ങളിലൂടെ മിശിഹായുടെ ജനനം, മരണം, ഉത്ഥാനം, രണ്ടാമത്തെ വരവ് എന്നിവ സമയബന്ധിതമായി നമ്മള്‍ അനുസ്മരിക്കുകയും സ്വര്‍ഗത്തെ ലക്ഷ്യമാക്കി യാത്ര തുടരുകയും ചെയ്യുന്നു.

(തുടരും) 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)