അന്തരീക്ഷത്തില്‍ എവിടെയോ നിന്ന് എന്തെങ്കിലുമൊക്കെ വലിച്ചെടുത്തു സ്വന്തം ഭാവന ഉപയോഗിച്ച് കുറെ നുണകള്‍ സൃഷ്ടിക്കുകയും അതിനെ വീണ്ടും വീണ്ടും പ്രയോഗിക്കുകയും ചെയ്യുന്നുവെന്നു വിചാരിക്കുക. കുറേക്കഴിയുമ്പോള്‍ നാം തനിയെ ആ നുണകളെല്ലാം വിശ്വസിക്കാന്‍ തുടങ്ങും. നിങ്ങളുടെ നുണക്കഥകള്‍ ചിലപ്പോള്‍ വലിയ കൈയടികള്‍ നേടുന്നുണ്ടാകാം. ഒരുകൊച്ചു കഥ പറയാം. ഒരു പട്ടാളക്കാരന്‍ ജോലിയില്‍നിന്നു വിരമിച്ചു നാട്ടില്‍ എത്തിയതായിരുന്നു. 'ലേ'യിലും മറ്റു ബോര്‍ഡറുകളിലും എങ്ങനെ ചീറിപ്പാഞ്ഞുവരുന്ന വെടിയുണ്ടകള്‍ക്കിടയിലൂടെ പാഞ്ഞുചെന്ന് ശത്രുവിനെ സംഹരിച്ചു എന്നൊക്കെയുള്ള വീരകഥകള്‍ അയാള്‍ വാതോരാതെ മൊഴിഞ്ഞുകൊണ്ടിരുന്നു. കഥകള്‍ പല പ്രാവശ്യം പറഞ്ഞുപറഞ്ഞ് അയാള്‍ അതു സ്വയം വിശ്വസിക്കാന്‍ തുടങ്ങി. എന്നാല്‍, സത്യം മറ്റൊന്നായിരുന്നു: അയാള്‍ ആര്‍മി മെസ്സിലെ ഒരു പാചകക്കാരനായിരുന്നു. തോമസ് ജെഫേഴ്‌സണ്‍ ഒരിക്കല്‍ പറഞ്ഞു: ''ഒരിക്കല്‍ ഒരു നുണ പറയാന്‍ സ്വയം അനുവദിക്കുന്നവന്‍ അത് രണ്ടാം പ്രാവശ്യം എളുപ്പത്തില്‍ പറയും. പിന്നീടത് അതിവേഗം മൂന്നാം പ്രാവശ്യം - ഒടുവില്‍ അതൊരു തഴക്കമാകും.'' ഇനി മറ്റൊരു ഉദാഹരണം പറയാം. ഒരിടത്ത് ഒരു വയോവൃദ്ധനുണ്ടായിരുന്നു. ബാല്യത്തില്‍ അയാള്‍ മഹാത്മാഗാന്ധിയോടൊപ്പം അഹമ്മദാബാദില്‍ ഉണ്ടായിരുന്നുവെന്നും ദണ്ഡിമാര്‍ച്ചില്‍ പങ്കെടുക്കാന്‍ പോയിട്ടുണ്ടെന്നുമൊക്കെ വളരെ ആകര്‍ഷകമായി കഥകള്‍ മെനയുമായിരുന്നു അദ്ദേഹം. സത്യത്തില്‍ അദ്ദേഹത്തിന് സ്വാതന്ത്ര്യസമരവുമായി യാതൊരു ബന്ധവുമില്ലായിരുന്നു. ആള്‍ അവിടെ ഒരു കണക്കപ്പിള്ളയായിരുന്നു. ജയിലില്‍ കിടന്നുവെന്നത് ശരിയാണ്. അത് കണക്കില്‍ കാണിച്ച കൃത്രിമത്വത്തിനായിരുന്നു എന്നു മാത്രം.
എത്രകണ്ട് ഉജ്ജ്വലങ്ങളായ സജീവചിത്രങ്ങള്‍കൊണ്ട്, വൈകാരികത സൃഷ്ടിക്കുമാറ്, സത്യമെന്നു തോന്നിപ്പിക്കുന്ന ചിത്രങ്ങള്‍ വരയ്ക്കാനും കേള്‍വിക്കാരെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താനുമാകും എന്നതാണു ചോദ്യം. എവിടെയൊക്കെയോ കേട്ട കഥകള്‍ തന്മയത്വത്തോടെ അവതരിപ്പിച്ച് എങ്ങനെ മനുഷ്യരെ പുളകമണിയിക്കാം എന്നതിലാണ് കാര്യം. ചില ഡോക്ടര്‍മാര്‍ അവര്‍ നടത്തിയ എണ്ണമറ്റ ശസ്ത്രക്രിയകളുടെ വിജയഗാഥകള്‍ പാടും. രാഷ്ട്രീയനേതാക്കന്മാര്‍ അവര്‍ സൃഷ്ടിച്ച നേട്ടങ്ങളുടെ കഥകള്‍ വാതോരാതെ പറയും. കോര്‍പ്പറേറ്റുകളുടെ ലോകത്തും അസംഖ്യം നേട്ടങ്ങളുടെ കഥകള്‍ നമ്മെ അദ്ഭുതപ്പെടുത്തുന്ന മാത്രയില്‍ പ്രചരിപ്പിക്കാറുണ്ട്. മതസംഘടനകള്‍പോലും അവരുടെ നാടൊട്ടുക്കുമുള്ള പ്രചാരത്തെപ്പറ്റിയും അവരുടെ സാമൂഹികപ്രവര്‍ത്തനങ്ങളെക്കുറിച്ചുമെല്ലാം കഥകള്‍ മെനയാറുണ്ട്. എന്തിനേറെ, ആത്മകഥകള്‍പോലും കള്ളങ്ങള്‍ ഏച്ചുകെട്ടി, ചമയ്ക്കുന്നവരുണ്ട്. ഗ്രന്ഥകര്‍ത്താവ് ഇത് പലപ്രാവശ്യം വായിക്കുമ്പോള്‍ വ്യാജം സത്യമാണെന്നു വിശ്വസിക്കാന്‍ തുടങ്ങും.
മനഃശാസ്ത്രപരമായ ഒരു വിശകലനം നടത്തിയാല്‍ നമുക്കു മനസ്സിലാകും, അവര്‍ക്കു സത്യമേത് അസത്യമേത് എന്നു നിര്‍ണയിക്കാനാവാത്ത അവസ്ഥ യാണെന്ന്. ഫിയോദോര്‍ ഡോസ്റ്റോവ്‌സ്‌കി നമ്മെ ഓര്‍മിപ്പിക്കുന്നു: 'സര്‍വോപരി നാം നമ്മോടുതന്നെ നുണ പറയാതിരിക്കണം. സ്വന്തം നുണകള്‍ ശ്രവിക്കുന്ന ഒരുവന്‍ തനിക്കുള്ളിലും ചുറ്റുപാടിലുമുള്ള സത്യങ്ങളെ വിവേചിച്ചറിയാനുള്ള ശക്തിയെ നഷ്ടമാക്കുന്നു. മാത്രമല്ല, തനിക്കു തന്നോടുതന്നെയുള്ള മതിപ്പും മറ്റുള്ളവരോടുള്ള ആദരവും അതോടെ നഷ്ടമാകുന്നു. സ്‌നേഹിക്കാനുള്ള കഴിവും അന്യമാകുന്നു.
നുണയന്മാരുടെ മസ്തിഷ്‌കം
തുടര്‍ച്ചയായി നുണപറയുന്നവരുടെ മസ്തിഷ്‌ക്കത്തില്‍ എന്തെങ്കിലും പ്രത്യേകതകള്‍ കാണാനുണ്ടോ? 'യാലിങ് യാങ്' എന്നൊരു മനഃശാസ്ത്രജ്ഞന്‍ നുണ പതിവാക്കിയ കുറേപ്പേരുടെ ബ്രെയിന്‍ സ്‌കാന്‍ മറ്റുള്ളവരുടേതുമായി ഒന്നു തട്ടിച്ചുനോക്കി. മസ്തിഷ്‌കത്തിന്റെ മുന്‍ഭാഗത്തിനു തൊട്ടുപിമ്പിലുള്ള ഭാഗത്ത് 20 ശതമാനം കൂടുതല്‍ നാഡിഞരമ്പുകള്‍ നുണയന്മാരുടെ തലയില്‍ കണ്ടെത്തി. ഇതില്‍നിന്ന് അര്‍ഥമാകുന്നത് ഈ പതിവുകാര്‍ക്കു ബ്രെയിനിനുള്ളില്‍ കൂടുതല്‍ സംയോജനം (രീിിലരശേ്ശ്യേ) ഉണ്ടെന്നാണ്. ഇതിനു കാരണം തുടര്‍ച്ചയായി മൊഴിയുന്ന നുണകള്‍ തന്നെ. അതായത്, നുണകളുടെ നൂലാമാലകള്‍ സൃഷ്ടിക്കാന്‍ അവര്‍ക്കു ഞൊടിയിടയില്‍ സാധിക്കും എന്നു സാരം. മനുഷ്യര്‍ തുടര്‍ച്ചയായി നുണകള്‍ പറയുമ്പോള്‍ മസ്തിഷ്‌കത്തിന്റെ അമിഗ്ദല എന്നഭാഗത്തു പ്രവര്‍ത്തനം ഊര്‍ജസ്വലമാകുന്നു. നുണ പറയുമ്പോള്‍ നമുക്കുണ്ടാകുന്ന ഭയാശങ്കകളെയും അസ്വാസ്ഥ്യങ്ങളെയും അമിഗ്ദല വര്‍ദ്ധിപ്പിക്കുന്നു.
കള്ളസാക്ഷ്യങ്ങള്‍
കോടതികളില്‍ പലപ്പോഴും ഉയര്‍ന്നുകേള്‍ക്കുന്ന അസത്യങ്ങളുണ്ട്. കുറ്റകൃത്യത്തിനു ദൃക്സാക്ഷികളായവര്‍ ആണയിട്ടുപറയും ഞാന്‍ ആ പ്രദേശത്തെങ്ങും ഇല്ലായിരുന്നു, ഞാനൊന്നും കണ്ടില്ല കേട്ടില്ല എന്ന്. ചിലപ്പോള്‍ ഇയാള്‍തന്നെ കൂട്ടുപ്രതിയാകാനും മതി. അവര്‍ എല്ലാം നിരസിക്കും. ചിലപ്പോള്‍ മറ്റേതെങ്കിലും നാട്ടിലായിരുന്നുവെന്ന് സ്ഥാപിക്കും. ഇതു ചിലപ്പോള്‍ സ്വന്തം കുറ്റകൃത്യത്തിലെ പങ്കിനു മൂടുപടം അണിയിക്കാനാകാം. എന്തിനു ബലാത്സംഗത്തിനും മറ്റും ഇരയായവര്‍പോലും ചിലപ്പോള്‍ പ്രത്യാഘാതങ്ങളെ ഭയന്ന് അസത്യം പറയും.
എന്തുകൊണ്ടാണ് നുണപറയുന്നത്?
നിയമനടപടികളെ ഒഴിവാക്കാനും ചിലപ്പോള്‍ വെറും ഭീതി കാരണവും മനുഷ്യന്‍ നുണപറയാന്‍ നിര്‍ബന്ധിതനാകുന്നു. ചിലപ്പോള്‍ ഈ നുണപറച്ചില്‍ എന്തെങ്കിലും സ്വാര്‍ഥതാത്പര്യം സംരക്ഷിക്കാനോ പണം നേടാനോ ആയിരിക്കാം. വേണ്ടവിധം കൈമടക്കു കൊടുത്താല്‍ കുറ്റം ചെയ്തവനനുകൂലമായി എത്ര നുണകള്‍ വേണമെങ്കിലും പറയുന്നവരുണ്ട്. ജോലി സമ്പാദിക്കാന്‍ അല്ലെങ്കില്‍ ചിട്ടിക്കമ്പനിപോലത്തെ വലിയ തട്ടിപ്പുകള്‍ നടത്തി കോടികള്‍ കൈക്കലാക്കാന്‍ ഒക്കെ ആളുകള്‍ നുണകള്‍ പറയും. മറ്റു ചിലര്‍ സമൂഹത്തില്‍ മാന്യന്മാരായി സ്വയം അവതരിപ്പിക്കാനായി നുണക്കഥകള്‍ പ്രചരിപ്പിക്കും. ചുരുക്കം ചില കേസുകളില്‍ ആന്തരോദ്ദേശ്യം എന്താണെന്ന് അവനവനുപോലും അറിയാതെ ചിലര്‍ അകാരണമായി ഒരു സങ്കോചവുംകൂടാതെ സമര്‍ഥമായ നുണച്ചീട്ടുകള്‍ ഇറക്കും.
പോളിഗ്രാഫ്
വഞ്ചന ചെയ്യുന്നവന്‍ തന്റെ നേട്ടത്തിനായാണ് സത്യത്തിനു മറയിടാന്‍ നോക്കുക. നുണ രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന മാനസികവൈകല്യമുള്ളവര്‍ക്കു യാഥാര്‍ഥ്യങ്ങളെ ഉള്‍കൊള്ളാനാവില്ല. വികലമായിരിക്കും അവരുടെ ദൃഷ്ടികോണം. അതുകൊണ്ടുതന്നെ നാം കൊട്ടിഘോഷിക്കാറുള്ള നുണപരിശാധനാഫലങ്ങള്‍ പലപ്പോഴും വസ്തുനിഷ്ഠമാകണമെന്നില്ല; സംശയത്തിന് അതീതമാകണമെന്നില്ല. ഇത്തരം ടെസ്റ്റുകളുടെ ഫലസിദ്ധി അപൂര്‍ണതകളില്‍ തൊട്ടുനില്‍ക്കുന്നു. ആധുനിക പോളിഗ്രാഫ് ഉപകരണങ്ങള്‍ ചോദ്യം ചെയ്യുമ്പോഴുള്ള ഒരാളുടെ ഹൃദയസ്പന്ദനങ്ങള്‍, ബാഹ്യചേഷ്ടകള്‍ ദീര്‍ഘനിശ്വാസം, വിയര്‍പ്പൊഴുക്കുന്നതുപോലുള്ള പ്രത്യക്ഷശാരീരികവ്യതിയാനങ്ങള്‍ എന്നിവയാണ് രേഖപ്പെടുത്തുക. വ്യക്തതയോടെയുള്ള, കുറിക്കുകൊള്ളുന്ന ചോദ്യങ്ങള്‍ ചോദിച്ചാല്‍ മാത്രമാണു സത്യങ്ങള്‍ മറനീക്കിവരിക. ചോദ്യത്തില്‍ എന്തെങ്കിലും സങ്കീര്‍ണതയോ മനസ്സിലാക്കാനുള്ള വൈഷമ്യമോ വന്നാല്‍ ചോദ്യം ചെയ്യല്‍ അര്‍ഥശൂന്യമാകും. ചിലപ്പോള്‍ മനോസംഘര്‍ഷങ്ങള്‍ കാരണം വഴിതെറ്റിക്കുന്ന ഉത്തരങ്ങള്‍ വരും. മറ്റുചിലര്‍ അവര്‍ വിശ്വസിക്കുന്ന, നെഞ്ചോടുചേര്‍ക്കുന്ന മതവിശ്വാസത്തിന്റെ പേരിലും മറ്റും സത്യത്തിനു ശക്തമായ മറയിടും.
കോടതിക്കഥകള്‍
കുറ്റാന്വേഷകര്‍ക്കു പലപ്പോഴും വലിയ തലവേദനയാണ് സാക്ഷികളെക്കൊണ്ടു സത്യം പറയിക്കുക എന്നത്. ചിലര്‍ പറയും എനിക്ക് ഒന്നും ഓര്‍മയില്ല. കൂട്ടത്തില്‍ പങ്കാളികളായവര്‍ ഓര്‍മ നഷ്ടപ്പെട്ട മനോരോഗികളായി ഭാവിക്കും. പലപ്പോഴും വക്കീലന്മാരുടെ നിര്‍ദേശപ്രകാരമായിരിക്കും ഈ അഭിനയം. മറ്റുചിലര്‍ സത്യത്തില്‍നിന്ന് ഏറെ അകലെനിന്നുകൊണ്ട് ചില ഇല്ലാക്കഥകള്‍ മെനയും. തന്മയത്വത്തോടെ അതൊക്കെ കോടതിയില്‍ അവതരിപ്പിക്കും. താന്‍ ഇതൊക്കെ നടക്കുമ്പോള്‍ ദൂരെ എവിടെയോ ആയിരുന്നു എന്നു സ്ഥാപിക്കുന്ന വ്യാജത്തെളിവുകള്‍ നിരത്തും. സത്യത്തില്‍ ഇതൊക്കെ നീതിന്യായവ്യവസ്ഥയ്ക്കു മുമ്പിലെ വലിയ വെല്ലുവിളികളാണ്. ഇനി സത്യം പറയുന്നവരാണെങ്കില്‍പ്പോലും വര്‍ഷങ്ങള്‍ക്കുശേഷം കാര്യങ്ങള്‍ വിവരിക്കുമ്പോള്‍ ഓര്‍മത്തകരാറുകള്‍ അവര്‍ക്കും വന്നുചേരാം. ഫോറന്‍സിക് വിദഗ്ധര്‍ക്കും ജഡ്ജിമാര്‍ക്കും വിഷമം പിടിച്ചകാര്യമാണ് സാക്ഷികളുടെ ഓര്‍മകളെ അടിസ്ഥാനമാക്കി കേസ് തെളിയിക്കാന്‍ പോന്ന റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയും നിഗമനങ്ങളില്‍ എത്തിച്ചേരുകയുമെന്നത്. ചോദ്യം ചെയ്യലിന്റെയും വിസ്താരത്തിന്റെയും ടെക്‌നിക്കുകള്‍ പഠിച്ചിട്ടുള്ള വിദഗ്ധര്‍ക്ക് ഒരു വലിയ പരിധിവരെ വിവരങ്ങള്‍ ശേഖരിച്ചെടുക്കാം എന്നിരുന്നാലും മുഴുവന്‍ സത്യങ്ങളും പലപ്പോഴും വെളിവായി എന്നുവരില്ല. കാരണം മനുഷ്യരുടെ ഓര്‍മകള്‍ക്കു വരുന്ന മങ്ങലും ഇടര്‍ച്ചയും തകരാറുംതന്നെ.
ടോമിന്റെ കഥ
മുംബൈയിലെ ഒരു പള്ളിയില്‍ അറുപതുകളില്‍ ഒരു യുവകോമളന്‍ എത്തിച്ചേര്‍ന്നു. പേര് ടോം. ആകര്‍ഷകമായ വിനയസമ്പന്നമായ പെരുമാറ്റത്തിലൂടെ, അവന്‍ ആ ഇടവകക്കാരുടെ മുഴുവന്‍ ശ്രദ്ധ ചുരുങ്ങിയകാലംകൊണ്ടു നേടിയെടുത്തു. യുവജനങ്ങളുടെ പരിപാടികളിലെല്ലാം അയാള്‍ വളരെ ഉത്സാഹത്തോടെ പങ്കുചേര്‍ന്നു. പലര്‍ക്കും ഒരു റോള്‍മോഡലായിരുന്നു അവന്‍. ഗവണ്‍മെന്റ് ഓഫീസുകള്‍ക്കുമുമ്പില്‍ പഴങ്ങള്‍ വില്‍ക്കുകയായിരുന്നു ഉപജീവനമാര്‍ഗം. എല്ലാവര്‍ക്കും അയാളെ ഇഷ്ടമായി. പെണ്‍കുട്ടികള്‍ ആളെ കണ്ടാല്‍ കുണുങ്ങിച്ചിരിക്കുമായിരുന്നു. ചില മാതാപിതാക്കന്മാര്‍ വിവാഹാലോചനകള്‍വരെ നടത്തി. അവന്‍ അവരെ സ്‌നേഹപൂര്‍വം മടക്കിയയച്ചു. ഒരിക്കല്‍ പാക്കിസ്ഥാനില്‍ ഉണ്ടായിരുന്ന ഒരാള്‍ വന്നപ്പോഴാണ് ടോമിനെക്കുറിച്ചുള്ള സത്യങ്ങള്‍ പുറത്തുവന്നത്. അയാള്‍ സത്യത്തില്‍ ക്രിസ്ത്യാനിവേഷമണിഞ്ഞ ഒരു പാക്കിസ്ഥാന്‍ ചാരനായിരുന്നു. താമസിയാതെ ആളെ പോലീസ് പിടികൂടി ജയിലിലടച്ചു.
ആള്‍മാറാട്ടക്കാരും കപടവേഷക്കാരുമൊക്കെ നമുക്കു ചുറ്റിലുമുണ്ട്. ക്രിമിനല്‍കുറ്റങ്ങള്‍ ചെയ്തവര്‍ മാടപ്രാവിന്റെ വിശുദ്ധിയോടെ നമ്മുടെ മുമ്പില്‍ അവതരിക്കും. പത്താംക്ലാസുപോലും പാസാകാതെ വര്‍ഷങ്ങളോളം പ്രാക്ടീസ് ചെയ്ത വ്യാജഡോക്ടര്‍മാരെ നമുക്കറിയാം. ഈ വന്‍നുണയന്മാരെ പലപ്പോഴും തിരിച്ചറിയാതെപോകും. അവര്‍ സമൂഹത്തില്‍ സൃഷ്ടിക്കുന്ന വിപത്തുകള്‍ നമുക്കു സങ്കല്പിക്കാന്‍ പോലും പറ്റില്ല.
നുണ പറയാനുള്ള അനേകം കാരണങ്ങള്‍ നാം കണ്ടു. ചിലര്‍ക്ക് ഇത് വെറുമൊരു വിനോദമാണ്. മറ്റുള്ളവരെ വിഡ്ഢികളാക്കി അവരുടെമേല്‍ ഒരുതരം ആധിപത്യം സ്ഥാപിക്കുകയാണ് അവരുടെ ലക്ഷ്യം. മറ്റുചിലര്‍ക്ക് മറ്റുള്ളവരുടെമുമ്പില്‍ മോഹനത്വം വിളമ്പി ഇല്ലാത്ത മറ്റൊരു വ്യക്തിത്വം പൊലിപ്പിച്ചുകാട്ടി ആകര്‍ഷണവലയം തീര്‍ക്കാനായുള്ള ഒരു ഉപാധിയാണിത്. യാഥാര്‍ഥ്യങ്ങളുടെ ലോകത്ത് ഒരാള്‍ക്ക് ജനസമ്മിതി നേടാനും സ്വന്തം പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാനും ജീവിതത്തില്‍ മുന്നേറാനും സ്വന്തം ഊര്‍ജമാണ് വേണ്ടിവരിക. കള്ളനാണയങ്ങള്‍ ജനം തിരിച്ചറിയും.
നുണപറയാനുള്ള വാസന വ്യാപകമായിത്തന്നെ മനുഷ്യരിലുണ്ട്. മനഃശാസ്ത്രജ്ഞന്മാരും സാമൂഹിക ശാസ്ത്രജ്ഞന്മാരും മസ്തിഷ്‌കവിദഗ്ധരും ഈ വിഷയത്തെപ്പറ്റി വിശദമായി പഠിച്ച് അതിന്റെ മൂലകാരണങ്ങള്‍ അപഗ്രഥിക്കുന്നുണ്ട്. ഒരുവശത്തു ധാരാളമാളുകള്‍ മറ്റുള്ളവരെ കബളിപ്പിക്കാനും വന്‍ നുണകള്‍ വിളമ്പാനും ഒരുങ്ങിനില്‍ക്കുമ്പോള്‍ മറുവശത്ത് അതെല്ലാം അപ്പാടെ വിഴുങ്ങാന്‍ തയ്യാറായി മറ്റൊരു കൂട്ടര്‍. അപ്പോള്‍ നെല്ലും പതിരും വേര്‍തിരിച്ചു സത്യം കണ്ടെത്തുക അത്ര എളുപ്പമല്ല.