ജസിന്‍ഡ ആര്‍ഡേണ്‍ സ്ഥാനമൊഴിഞ്ഞു ക്രിസ് ഹിപ്കിന്‍സ് ന്യൂസിലന്‍ഡിന്റെ പുതിയ പ്രധാനമന്ത്രി
ലോകത്തെ ഏറ്റവും മനോഹരമായ ദ്വീപസമൂഹങ്ങളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്ന ന്യൂസിലന്‍ഡില്‍ 2017 മുതല്‍ അഞ്ചരവര്‍ഷക്കാലം പ്രധാനമന്ത്രിയായിരുന്ന ജസിന്‍ഡ ആര്‍ഡേണിന്റെ രാജി കഴിഞ്ഞയാഴ്ചയിലെ പ്രധാന വാര്‍ത്തയായിരുന്നു.
പ്രകൃതിക്ഷോഭങ്ങളെയും മഹാമാരികളെയും മാത്രമല്ല, രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണത്തെയും സധൈര്യം മറികടന്നാണ് ജസിന്‍ഡ ആര്‍ഡേണ്‍ പ്രധാനമന്ത്രിപദത്തിലിരുന്നത്. രാജിവയ്ക്കാനുള്ള തീരുമാനം നിറകണ്ണുകളോടെ ലോകത്തെ അറിയിച്ചുകൊണ്ടുള്ള വാര്‍ത്താസമ്മേളനത്തില്‍ ജസിന്‍ഡ ഇപ്രകാരമാണ് പറഞ്ഞത്: ''പ്രധാനമന്ത്രിയായി തുടരാനുള്ള ഊര്‍ജം ഇനി ബാക്കിയില്ല. ഏതൊരു വ്യക്തിക്കും എത്തിപ്പെടാന്‍ കഴിയുന്ന ഏറ്റവും ഉന്നതമായ സ്ഥാനത്തുനിന്നാണ് ഞാന്‍ പടിയിറങ്ങുന്നത്. ഇതില്‍ എനിക്ക് തെല്ലും ദുഃഖമില്ല. പ്രധാനമന്ത്രിസ്ഥാനമൊഴിയുന്ന തീരുമാനം എടുത്ത ശേഷം ഇന്നലെ സുഖമായി ഉറങ്ങി. രാജ്യത്തിനു നല്കാന്‍ കഴിയുന്നതിന്റെ പരമാവധി കൊടുക്കാന്‍ സാധിച്ചിട്ടുണ്ടെന്നാണ് എന്റെ ഉത്തമവിശ്വാസം. ഞങ്ങള്‍ രാഷ്ട്രീയക്കാരും മനുഷ്യര്‍തന്നെയാണ്. രാജ്യംപോലെതന്നെ കുടുംബവും ഞങ്ങള്‍ക്കു വിലപ്പെട്ടതാണ്. ശിഷ്ടകാലം ഭര്‍ത്താവിനോടും മകളോടുമൊപ്പം സമാധാനത്തോടെ ജീവിക്കും.''
2005 മുതല്‍ 2009 വരെ ന്യൂസിലന്‍ഡില്‍ പോലീസ് കമ്മീഷണറും, 2014 മുതല്‍ പസഫിക് സമുദ്രത്തിലെ സ്വയംഭരണപ്രദേശമായ നിയുവില്‍ ഹൈക്കമ്മീഷണറുമായി സേവനം ചെയ്യുന്ന ഡേവിഡ് റോസ് ആര്‍ഡേണിന്റെയും ലോറെലിന്റെയും രണ്ടാമത്തെ മകളായി 1980 ജൂലൈ 26-ാം തീയതി ന്യൂസിലന്‍ഡിലെ ഹാമില്‍ടണിലായിരുന്നു ജസിന്‍ഡയുടെ ജനനം. വിദ്യാഭ്യാസകാലത്ത് 17-ാം വയസില്‍ ലേബര്‍ പാര്‍ട്ടിയില്‍ അംഗത്വം നേടിയ ജസിന്‍ഡ രാഷ്ട്രീയത്തില്‍ സജീവമായി. 2001 ല്‍ വയ്ക്കാറ്റോ സര്‍വകലാശാലയില്‍നിന്ന് പൊളിറ്റ്ക്‌സിലും പബ്ലിക് റിലേഷന്‍സിലും ബിരുദം സമ്പാദിച്ചു. സോഷ്യലിസ്റ്റ് യുവജനസംഘടനയുടെ അന്താരാഷ്ട്രപ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട 2008 ല്‍ത്തന്നെ മൗണ്ട് ആല്‍ബര്‍ട്‌സില്‍നിന്നു പാര്‍ലമെന്റിലേക്കു മത്സരിച്ചു ജയിച്ചു. ദുര്‍ബലമായിക്കഴിഞ്ഞിരുന്ന ലേബര്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ട ജസിന്‍ഡ 2017 ലെ പൊതുതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ഉജ്ജ്വലവിജയത്തിലേക്കു നയിക്കുകയും പ്രധാനമന്ത്രിസ്ഥാനത്തേക്ക് അവരോധിക്കപ്പെടുകയും ചെയ്തു. ദരിദ്രകുടുംബങ്ങളിലെ കുട്ടികള്‍ക്കു പോഷകാഹാരം സൗജന്യമായി നല്കിയതും ഭവനരഹിതര്‍ക്കു വീടുകള്‍ നിര്‍മിച്ചുകൊടുത്തതും ജസിന്‍ഡയുടെ ജനപ്രീതി വര്‍ദ്ധിപ്പിച്ച പദ്ധതികളാണ്. മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും കുട്ടികളുടെ സമഗ്രമായ വളര്‍ച്ചയ്ക്കു സാഹചര്യങ്ങളൊരുക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളിലും സജീവപങ്കാളിത്തം വഹിച്ചു. വിലക്കയറ്റം നിയന്ത്രിക്കാനും തൊഴിലില്ലായ്മ പരിഹരിക്കാനും ശക്തമായ നടപടികള്‍ സ്വീകരിച്ചു. അടഞ്ഞുകിടന്ന വ്യവസായശാലകള്‍ തുറന്നുപ്രവര്‍ത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതോടെ വ്യാവസായികരംഗവും സജീവമായി. അബലകളെന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന സ്ത്രീകളുടെ ശക്തീകരണത്തിനും ഉന്നമനത്തിനുമായി പദ്ധതികളാവിഷ്‌കരിച്ചു നടപ്പാക്കിയതുവഴി ജസിന്‍ഡ സ്ത്രീകളുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടി. ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടിയിലെ അന്തശ്ഛിദ്രങ്ങള്‍ ഒഴിവാക്കാനും ഭിന്നാഭിപ്രായക്കാരെ ഒന്നിച്ചുനിര്‍ത്താനും അവര്‍ക്കു കഴിഞ്ഞു. സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങളില്‍ അടിയുറച്ചുനിന്നുകൊണ്ട് അസാധാരണധീരതയോടെയാണ് അവര്‍ രാജ്യത്തെ നയിച്ചത്. കൊവിഡ് 19 മഹാമാരി വ്യാപകമായി പടര്‍ന്നുപിടിക്കുംമുമ്പുതന്നെ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങള്‍വഴി മരണസംഖ്യ 2,500 ല്‍ ഒതുക്കിനിര്‍ത്താനായതും ജസിന്‍ഡയുടെ നേട്ടങ്ങളില്‍ പ്രധാനപ്പെട്ടതാണ്.
ജസിന്‍ഡയുടെ നേതൃപാടവവും അസാമാന്യവ്യക്തിത്വവും ആരെയും ആകര്‍ഷിക്കുന്നതായിരുന്നു. പ്രതിപക്ഷകക്ഷികളിലെ നേതാക്കള്‍ നിശിതമായി വിമര്‍ശിക്കുമ്പോഴും മോശമായ രീതിയില്‍ പെരുമാറുമ്പോഴും നിറപുഞ്ചിരിയോടെ അവരെയെല്ലാം അഭിമുഖീകരിക്കാനും തന്റെ വാദഗതികളോടു സമന്വയിപ്പിക്കാനുമുള്ള അവരുടെ കഴിവും പരക്കെ പ്രകീര്‍ത്തിക്കപ്പെട്ടിരുന്നു. സഹജീവികളെ ദയാവായ്‌പോടെ കാണുന്നതും സഹായിക്കുന്നതും ഏറ്റവും വലിയ പുണ്യമായി കരുതിയ ജസിന്‍ഡ, 2019 മാര്‍ച്ച് 15 ന് ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ടു മോസ്‌കുകളില്‍ നടന്ന ഭീകരാക്രമണങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ട 51 പേരുടെയും ബന്ധുക്കളെ ആശ്വസിപ്പിക്കാനെത്തിയത് ലോകശ്രദ്ധ പിടിച്ചുപറ്റിയ സംഭവമാണ്. പര്‍ദ്ദയണിഞ്ഞ് അവരുടെ മധ്യത്തിലെത്തി ഓരോരുത്തരെയും നെഞ്ചോടു ചേര്‍ത്തുനിര്‍ത്തി കണ്ണീരൊഴുക്കിയ മറ്റൊരു പ്രധാനമന്ത്രി ലോകചരിത്രത്തില്‍ വേറേയുണ്ടാകില്ല. ദുരന്തവാര്‍ത്തയറിഞ്ഞു സഹായവാഗ്ദാനം നടത്തിയ അന്നത്തെ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ജസിന്‍ഡ നല്‍കിയ മറുപടി ശ്രദ്ധേയമാണ്: ''എല്ലാ മുസ്ലീംകളും നമ്മുടെ സഹോദരികളും സഹോദരന്മാരും മാതാക്കളും മക്കളുമാണ്. അവരോട് അനുകമ്പയും സ്‌നേഹവും കാണിക്കണം.'' ന്യൂസിലന്‍ഡിന്റെ വടക്കുപടിഞ്ഞാറായി പസഫിക് സമുദ്രത്തില്‍ സ്ഥിതിചെയ്യുന്ന 800 ഏക്കര്‍ വിസ്തൃതിയുള്ള 'വൈറ്റ് ഐലന്‍ഡ്' വിനോദസഞ്ചാരകേന്ദ്രത്തില്‍ 2019 ഡിസംബര്‍ 9 നുണ്ടായ അഗ്നിപര്‍വതസ്‌ഫോടനത്തില്‍ സ്വീകരിച്ച ധീരമായ നടപടികളും ജസിന്‍ഡയുടെ ഖ്യാതി വാനോളം ഉയര്‍ത്തി. ദ്വീപിലുണ്ടായിരുന്ന 47 പേരില്‍ 23 പേരെ രക്ഷിക്കാന്‍ ജസിന്‍ഡയുടെ സമയോചിതമായ ഇടപെടലുകളാണ് കാരണമായത്. ഭാവിയില്‍ എങ്ങനെ അറിയപ്പെടാനാണ് ആഗ്രഹിക്കുന്നതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, 'ദയാവായ്‌പോടെ പെരുമാറാന്‍ ശ്രമിച്ചയാള്‍' എന്നായിരുന്നു ജസിന്‍ഡയുടെ മറുപടി. നിലപാടുകളില്‍ ഉറച്ചുനിന്നുകൊണ്ട് രാജ്യത്തെ നയിച്ച ഊര്‍ജസ്വലയായ വനിതാപ്രധാനമന്ത്രി എന്ന നിലയിലാകും ജസിന്‍ഡ ആര്‍ഡേണ്‍ ഭാവിയില്‍ അറിയപ്പെടുക.
ന്യൂസിലന്‍ഡിന്റെ 40 ാമത്തെ പ്രധാനമന്ത്രിയായി 2017 ല്‍ അധികാരമേല്ക്കുമ്പോള്‍ 37 വയസ്സു മാത്രമായിരുന്നു ജസിന്‍ഡയ്ക്ക് ഉണ്ടായിരുന്നത്. ന്യൂസിലന്‍ഡിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രിയും മൂന്നാമത്തെ വനിതാപ്രധാനമന്ത്രിയുമായിരുന്നു ജസിന്‍ഡ ആര്‍ഡേണ്‍. 2018 ജൂണിലാണ് ജസിന്‍ഡയ്ക്ക് ഒരു പെണ്‍കുഞ്ഞ് പിറക്കുന്നത്. (പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായിരിക്കെ ഒരു കുഞ്ഞിനു ജന്മം നല്‍കിയ ബേനസീര്‍ ഭൂട്ടോയാണ് മറ്റൊരാള്‍.) ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയില്‍ കൈക്കുഞ്ഞുമായെത്തിയ ജസിന്‍ഡ കുടുംബത്തെ തന്നോടു ചേര്‍ത്തുപിടിക്കുന്നുവെന്നു തെളിയിക്കുകയായിരുന്നു. ഏകമകളായ നെവ് ഈ വര്‍ഷം സ്‌കൂളില്‍ ചേരാനുള്ള തയ്യാറെടുപ്പിലാണ്. ടിവി അവതാരകനായ ക്‌ളാര്‍ക്ക് ഗേയ്‌ഫോര്‍ഡാണ് ജീവിതപങ്കാളി. അധികാരത്തിനുമപ്പുറം സ്വന്തം കുടുംബത്തെ ചേര്‍ത്തുപിടിച്ച വ്യതിരിക്തത ജസിന്‍ഡയുടെ തൊപ്പിയിലെ പൊന്‍തൂവലാകും.
മസില്‍പവര്‍ ഉപയോഗിച്ച് ഇല്ലായ്മ ചെയ്തും, കള്ളക്കഥകള്‍ മെനഞ്ഞ് അപകീര്‍ത്തിപ്പെടുത്തിയും, എതിര്‍കക്ഷികളിലുള്ളവരെ നിഷ്പ്രഭരാക്കുന്ന പതിവുരാഷ്ട്രീയശൈലിയില്‍നിന്നു വ്യത്യസ്തയായി ജസിന്‍ഡ ആര്‍ഡേണ്‍ ഉയര്‍ന്നുനില്ക്കുന്നു. ഈ വര്‍ഷം ഒക്‌ടോബര്‍വരെ പ്രധാനമന്ത്രിയായി തുടരാമായിരുന്നിട്ടും അധികാരമൊഴിയാനുള്ള സമയമായെന്നു തോന്നിയ നിമിഷം രാജ്യത്തെ പരമോന്നതപദവിയില്‍നിന്നു മാറിനില്ക്കാനുള്ള തീരുമാനം അധികാരത്തിനും പദവിക്കുംവേണ്ടി കടിപിടികൂടുന്ന രാഷ്ട്രീയക്കാര്‍ക്കുള്ള താക്കീതു കൂടിയാണ്. സ്വരം നന്നായിരുന്നപ്പോള്‍ അവര്‍ പാട്ടുനിര്‍ത്തി. ഒക്‌ടോബര്‍ 14-ാം തീയതി നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ താന്‍ സ്ഥാനാര്‍ത്ഥിയായിരിക്കില്ലെന്നും ജസിന്‍ഡ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, പരിഹരിക്കപ്പെടേണ്ട ഒത്തിരിയേറെ പ്രശ്‌നങ്ങള്‍ ബാക്കിവച്ചിട്ടാണ് പ്രധാനമന്ത്രിസ്ഥാനമൊഴിഞ്ഞതെന്ന് വിമര്‍ശനമുയര്‍ന്നുകഴിഞ്ഞു. രാജ്യം കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുകയാണ്. വിലക്കയറ്റം കഴിഞ്ഞ 30 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന തോതില്‍ എത്തിനില്ക്കുന്നു. ജീവിതച്ചെലവ് വര്‍ദ്ധിച്ചു. പാര്‍പ്പിടപ്രശ്‌നങ്ങള്‍ പൂര്‍ണമായും പരിഹരിക്കപ്പെട്ടിട്ടില്ല. രാജ്യം പ്രതിസന്ധികളെ നേരിടുമ്പോള്‍ പൊതുജീവിതത്തില്‍നിന്ന് ഒളിച്ചോടുന്നത് നല്ല മാതൃകയാണോ എന്നും നിരീക്ഷിക്കുന്നവരുണ്ട്. എന്നാല്‍, പുതിയ കാലത്തിന്റെ വെല്ലുവിളികളെ സധൈര്യം നേരിട്ടു പരാജയപ്പെടുത്തിയ ഒരു നേതാവിന്റെ സാന്നിധ്യമാണ് ലോകത്തിനു നഷ്ടമാകുന്നത്.
ന്യൂസിലന്‍ഡിനെ
ക്രിസ് ഹിപ്കിന്‍സ് നയിക്കും
ജസിന്‍ഡയുടെ പിന്‍ഗാമിയായി അവരുടെ മന്ത്രിസഭയില്‍ വിദ്യാഭ്യാസമന്ത്രിയായിരുന്ന ക്രിസ് ഹിപ്കിന്‍സിനെ തിരഞ്ഞെടുത്തതായി വാര്‍ത്തയുണ്ട്. ജസിന്‍ഡയുടെ വ്യക്തിപ്രഭാവത്തിന്റെ നിഴലിലായിരുന്നെങ്കിലും ആരോഗ്യമന്ത്രിയായിരിക്കേ കൊവിഡ് മഹാമാരിയെ ഫലപ്രദമായി നേരിട്ടുവെന്ന ഖ്യാതി പ്രധാനമന്ത്രിപദത്തിലെത്താന്‍ ഹിപ്കിന്‍സിനു വഴിയൊരുക്കി. എതിരാളികളില്ലാതെ ഹിപ്കിന്‍സ് പ്രധാനമന്ത്രിസ്ഥാനത്തേക്ക് അവരോധിക്കപ്പെട്ടത് ജസിന്‍ഡയുടെ പിന്മാറ്റം ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടിയില്‍ ഭിന്നതകള്‍ ഉണ്ടാക്കിയിട്ടില്ലെന്നു വ്യക്തമാക്കുന്നു. ഒക്‌ടോബര്‍ വരെയുള്ള എട്ടരമാസം മാത്രം അധികാരത്തിലിരിക്കുമ്പോള്‍ ജസിന്‍ഡ ആര്‍ഡേണ്‍ മന്ത്രിസഭയുടെ നയങ്ങളില്‍നിന്നു വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കേണ്ടെന്ന് ന്യൂസിലന്‍ഡിലെ 51 ലക്ഷം ജനങ്ങളോടും വാര്‍ത്താപ്രക്ഷേപണത്തിലൂടെ അദ്ദേഹം അറിയിച്ചു. വിദ്യാഭ്യാസത്തിനു പുറമേ പോലീസ് മന്ത്രിയായും സഭാനേതാവായും പ്രവര്‍ത്തിച്ചിട്ടുള്ള 44 കാരനായ ഹിപ്കിന്‍സിന്റെ വാക്ചാതുര്യം എതിരാളികളെ നിഷ്പ്രഭമാക്കിയിട്ടുണ്ടെന്നും രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നു. എന്നിരുന്നാലും, 2,68,021 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയില്‍ (കേരളത്തിന്റെ ഏഴിരട്ടി) പസഫിക് സമുദ്രത്തില്‍ ചിതറിക്കിടക്കുന്ന എഴുന്നൂറിലധികം ദ്വീപുകളുള്ള ഒരു രാജ്യത്തെ മുന്‍പോട്ടു നയിക്കുക എളുപ്പമുള്ള ജോലിയല്ലെന്ന് പുതിയ പ്രധാനമന്ത്രിക്കു ബോധ്യമുണ്ട്.