ആറാം വയസ്സില്‍ ടെന്നീസ് റാക്കറ്റ് കൈയിലെടുത്ത സാനിയ മിര്‍സ മുപ്പത്തേഴാം വയസ്സില്‍ റാക്കറ്റ് താഴെ വയ്ക്കുമ്പോള്‍ ഇന്ത്യന്‍ വനിതാ ടെന്നീസില്‍ ഒരു യുഗസമാപ്തിയാണ് ദൃശ്യമാകുന്നത്. പോയവര്‍ഷം വിടവാങ്ങല്‍ പ്രഖ്യാപിച്ച സാനിയയ്ക്ക് പരിക്കുമൂലം യു.എസ്. ഓപ്പണ്‍ കളിക്കാനായില്ല. അതിനാല്‍ മടങ്ങിയെത്തി, ജനുവരി 16 നു തുടങ്ങിയ ഓസ്‌ട്രേലിയന്‍ ഓപ്പണിലും അടുത്ത മാസം 19 നു തുടങ്ങുന്ന ദുബായ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പിലും മത്സരിച്ച് രംഗം വിടുകയാണ്.
ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ രോഹന്‍ ബോപ്പണ്ണയുമൊത്ത് മിക്‌സ്ഡ് ഡബിള്‍സില്‍ മത്സരിക്കുന്ന സാനിയയ്ക്ക് ഗ്രാന്‍ഡ് സ്ലാമുകളില്‍നിന്നുള്ള വൈകാരികമായ വിടവാങ്ങലാകുമത്. 2005 ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണിലൂടെയായിരുന്നു സാനിയയുടെ ഗ്രാന്‍ഡ്സ്ലാം അരങ്ങേറ്റം. മെല്‍ബണ്‍ പാര്‍ക്കിലെ സ്‌പോര്‍ട്‌സ് കോംപ്ലെക്‌സില്‍ ഇത്തവണത്തെ ടൂര്‍ണമെന്റില്‍ കളിക്കുമ്പോള്‍ സാനിയയ്ക്ക് പിന്നിട്ട നാളുകളിലേക്ക് ഒരു തിരിഞ്ഞുനോട്ടവുമാകും, അഭിമാനപൂര്‍വകമായ തിരിഞ്ഞുനോട്ടം.
നാല് ഒളിംപിക്‌സ്, ഡബിള്‍സിലും മിക്‌സ്ഡ് ഡബിള്‍സിലുമായി ആറു ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍. വനിതാ ടെന്നീസ് അസോസിയേഷന്‍ (ഡബ്ലിയു.ടി.എ.) ടൂര്‍ണമെന്റുകളില്‍ 42 കിരീടങ്ങള്‍. ലോകറാങ്കിങ്ങില്‍ 30 നുള്ളില്‍ സ്ഥാനം നേടിയ (2007 ഓഗസ്റ്റ് 27 ന് ഇരുപത്തേഴാം റാങ്ക്) താരം. വനിതാ ഡബിള്‍സില്‍ ലോക ഒന്നാം നമ്പര്‍ കളിക്കാരി. ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും മെഡല്‍നേട്ടം. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച വനിതാ ടെന്നീസ് താരമെന്ന ലേബല്‍ സാനിയയ്ക്ക് അവകാശപ്പെട്ടത്.
നിരുപമ മേങ്കാദും കിരണ്‍ ബേദിയും നിരുപമ വൈദ്യനാഥനുമൊക്കെ തുടക്കമിട്ട ഇന്ത്യയുടെ ടെന്നീസ് മികവ് സാനിയയിലൂടെ പൂര്‍ണതയില്‍ എത്തുകയായിരുന്നു. ഇമ്രാന്‍ മിര്‍സയുടെയും നസീമയുടെയും മകളായി 1986 നവംബര്‍ 15 നു മുംബൈയില്‍ ജനിച്ച സാനിയ മിര്‍സയുടെ കുടുംബം ഹൈദരാബാദിലേക്കു മാറിയശേഷമാണ് സാനിയയിലെ ടെന്നീസ് താരം ശ്രദ്ധിക്കപ്പെട്ടത്. ഹൈദരാബാദ് സെന്റ് മേരീസ് കോളജില്‍നിന്നു ബിരുദം നേടുമ്പോള്‍ സാനിയ മിര്‍സ ഇന്ത്യയുടെ ഒന്നാംനമ്പര്‍ വനിതാതാരമായി മാറിക്കഴിഞ്ഞിരുന്നു.
തുടക്കത്തില്‍ പിതാവായിരുന്നു പരിശീലകന്‍. പിന്നീട് റോജര്‍ ആന്‍ഡേഴ്‌സിന്റെ ശിക്ഷണം ലഭിച്ചു. കരുത്തേറിയ ഫോര്‍ഹാന്‍ഡ് ഷോട്ടുകളും ഇരുകരങ്ങളും ഉപയോഗിച്ചുള്ള ബാക്ക് ഹാന്‍ഡ് ശൈലിയുമായി സാനിയ ടെന്നീസ് കോര്‍ട്ടുകള്‍ കീഴടക്കി. 2003 ഫെബ്രുവരിയിലായിരുന്നു പ്രഫഷണല്‍രംഗത്തെ അരങ്ങേറ്റം. 2013 വരെ മാത്രമാണു സിംഗിള്‍സില്‍ ശ്രദ്ധയൂന്നിയത്. പിന്നീട് ഡബിള്‍സ് ആയി ഇഷ്ടയിനം.
2010 ല്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ശുഹെബ് മാലിക്കിനെ വിവാഹം കഴിച്ച സാനിയയെ പിന്നീട് പാക്കിസ്ഥാന്‍കാരിയായി കാണാന്‍ ചിലര്‍ ശ്രമിച്ചു. മറുവശത്ത് സാനിയയുടെ വസ്ത്രധാരണത്തെ ചിലര്‍ മതവിരുദ്ധതയായി കാണാനും ഒരുങ്ങി. പക്ഷേ, സാനിയ എന്നും ഇന്ത്യക്കാരിയായി ജീവിച്ചു. രാജ്യത്തിനായി കളിച്ചു. ഫോണ്‍ നമ്പര്‍ എഴുതിക്കൊടുത്തിട്ട് എന്ത് ആവശ്യമുണ്ടെങ്കിലും തന്നെ വിളിക്കാന്‍ മറക്കണ്ട എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത് സാനിയയുടെ രാജ്യസ്‌നേഹത്തിന് അടിവരയിട്ടുകൊണ്ടാണ്.
പ്രസവത്തിനായി 2018 ല്‍ മത്സരരംഗംവിട്ട സാനിയ ഇസ്ഹാന്‍മിര്‍സ മാലിക്കിന്റെ അമ്മയായി 2020 ല്‍ തിരിച്ചുവന്നു. ''സത്യം പറഞ്ഞാല്‍, എന്റെ ഇഷ്ടത്തിനു കാര്യങ്ങള്‍ തീരുമാനിക്കുന്ന സ്വഭാവക്കാരിയാണു ഞാന്‍. അതുകൊണ്ടാണ് പരുക്കുമൂലം വിടവാങ്ങല്‍ നേരത്തേ യാക്കേണ്ടെന്നു തീരുമാനിച്ചതും.'' കഴിഞ്ഞവര്‍ഷം വിരമിക്കാനുള്ള തീരുമാനം മാറ്റിയതിനെക്കുറിച്ച് സാനിയ പ്രതികരിച്ചു. 2022 ലെ ഡബ്ലിയു ടി.എ. ഫൈനല്‍സോടെ വിരമിക്കാനായിരുന്നു ആദ്യതീരുമാനം. അപ്പോഴാണ് കൈമുട്ടിനു പരുക്കേറ്റത്.
പരുക്കിനു കീഴടങ്ങാന്‍ തയ്യാറല്ലെന്നു വ്യക്തമാക്കിയ സാനിയ മത്സരിച്ചുതന്നെ കോര്‍ട്ട് വിടാന്‍ ആഗ്രഹിച്ചു. ഒരു കായികതാരത്തിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ ഉത്തമോദാഹരണം. പരുക്കുമൂലം മത്സരിക്കാതെ രംഗം വിട്ടാല്‍ അതൊരു കീഴടങ്ങലാകുമെന്ന് സാനിയയിലെ കരുത്തയായ വനിത ചിന്തിച്ചു. ഈ നിശ്ചയദാര്‍ഢ്യമാണ് മതവും രാജ്യവുമൊക്കെപ്പറഞ്ഞു വിമര്‍ശിക്കാന്‍ തുടങ്ങിയവരുടെ വായടപ്പിച്ചതും. കായികലോകം അവള്‍ക്കൊപ്പം നിന്നു. രാജ്യം സാനിയയ്ക്കുപിന്നില്‍ ഒറ്റക്കെട്ടായി. രാജ്യത്തിനുവേണ്ടി കളിക്കളത്തില്‍ സമര്‍പ്പിക്കപ്പെട്ട ജീവിതത്തിനു ലഭിച്ച അംഗീകാരമായിരുന്നു ആ ദൃഢമായ പിന്തുണ.
ബെയ്ജിങ് ഒളിംപിക്‌സില്‍ (2008) കളിച്ച സാനിയ 2021 ല്‍ ടോക്കിയോ ഒളിംപിക്‌സിലും മത്സരിച്ച് ഒളിംപിക് മത്സരവേദി വിട്ടപ്പോള്‍ ഒരു ദുഃഖം മാത്രം ബാക്കി. സാധ്യമാകുമായിരുന്നൊരു ഒളിംപിക് മെഡല്‍ വഴുതിമാറിയതിലെ ദുഃഖം. 1996 ല്‍ അറ്റ്‌ലാന്റയില്‍ ലിയാന്‍ഡര്‍ പെയ്‌സ് വെങ്കലം നേടിയശേഷം ടെന്നീസ്‌കോര്‍ട്ടില്‍നിന്നൊരു ഒളിംപിക്‌മെഡല്‍ സാനിയയിലൂടെ ഇന്ത്യ പ്രതീക്ഷിച്ചിരുന്നു. പക്ഷേ, 2016 ല്‍ റിയോയില്‍ സാനിയ - രോഹന്‍ ബോപ്പണ്ണ ടീം മിക്‌സ്ഡ് ഡബിള്‍സില്‍ നാലാം സ്ഥാനംകൊണ്ടു തൃപ്തിപ്പെട്ടു. സെമിഫൈനലില്‍ യു.എസിന്റെ വീനസ് വില്യംസ് - രാജീവ് റാം സഖ്യത്തോടായിരുന്നു തോല്‍വി (6-2, 2-6, 3-10). പൊരുതിത്തോറ്റുവെന്നുതന്ന പറയാം. വെങ്കലമെഡലിനായുള്ള മത്സരത്തിലാകട്ടെ ചെക്ക് താരങ്ങളായ റാദേക് സ്റ്റെഫാനെക്കു - ലൂസി ഹ്രദെകാ സഖ്യത്തോടായിരുന്നു തോല്‍വി (1-6, 6-7).
പക്ഷേ, 2012 ല്‍ ലണ്ടന്‍ ഒളിംപിക്‌സില്‍ മിക്‌സ്ഡ് ഡബിള്‍സില്‍ തന്റെ മെഡല്‍സാധ്യത തകര്‍ത്തത് ടെന്നീസ് അസോസിയേഷനാണെന്ന് സാനിയ കുറ്റപ്പെടുത്തി. 'എയ്‌സ് എഗേന്‍സ്റ്റ് ഓഡ്‌സ്' (അരല മഴമശിേെ ഛററ)െഎന്ന ആത്മകഥയില്‍ ഇക്കാര്യം സാനിയ പരാമര്‍ശിച്ചിട്ടുണ്ട്. രോഹന്‍ ബോപ്പണ്ണയുമായി നല്ലതുപോലെ സെറ്റ് ആയിരുന്ന മിക്‌സ്ഡ് ഡബിള്‍സ് ടീം അഴിച്ചുപണിത് ലിയാന്‍ഡര്‍ പെയ്‌സിനെ പങ്കാളിയാക്കിയതോടെ താളംതെറ്റിയെന്നു സാനിയ വിശ്വസിക്കുന്നു. സാനിയയുടെ മിക്‌സഡ് ഡബിള്‍സ് പങ്കാളിയാകുന്നതിനെച്ചൊല്ലി ഉടലെടുത്ത തര്‍ക്കം മഹേഷ് ഭൂപതി - ലിയാന്‍ഡര്‍ പെയ്‌സ് സൗഹൃദവും തകര്‍ത്തു. ഈ സൗന്ദര്യപ്പിണക്കം ഡേവിസ് കപ്പില്‍ ഇന്ത്യയുടെ സാധ്യതകളും ഇല്ലാതാക്കി.
സ്വിറ്റ്‌സര്‍ലന്‍ഡിന്റെ മര്‍ട്ടീനാ ഹിംഗിസുമൊത്ത് മൂന്നുതവണ ഗ്രാന്‍ഡ്സ്ലാം ഡബിള്‍സില്‍ ജയിച്ച സാനിയ മിക്‌സ്ഡ് ഡബിള്‍സില്‍ രണ്ടു തവണ ഗ്രാന്‍ഡ്സ്ലാം വിജയിച്ചത് മഹേഷ് ഭൂപതിയുമൊത്തായിരുന്നു. 2014 ല്‍ യു.എസ്. ഓപ്പണ്‍ ജയിച്ചപ്പോള്‍ ബ്രസീല്‍ താരം ബ്രൂണോ സോറെസ് ആയിരുന്നു കൂട്ട്. മര്‍ട്ടീനയുമൊത്ത് തുടരെ മൂന്നു മേജര്‍ കിരീടങ്ങള്‍ ചൂടിയ സാനിയ 2016 ല്‍ ഡബിള്‍സില്‍ ലോക ഒന്നാം നമ്പരുമായി. ഈ കൂട്ടുകെട്ടിന് സാന്റിന എന്നു പേരും വീണു. ടെന്നീസ് ലോകം ആസ്വദിച്ചൊരു കൂട്ടുകെട്ടായിരുന്നത്.
മനസ്സ് ചിന്തിക്കുംപോലെ ശരീരം വഴങ്ങുന്നില്ല എന്നു തോന്നിയാല്‍ കളിക്കളം വിടാന്‍ താരങ്ങള്‍ തയ്യാറാകുക പതിവാണ്. സാനിയ മിര്‍സയും ഇപ്പോള്‍ അങ്ങനെ ചിന്തിക്കുന്നു. സാനിയയ്ക്കുശേഷം ആര് എന്ന ചോദ്യത്തിന് ഇന്ത്യ ഉത്തരം കണ്ടെത്തിയിട്ടില്ല എന്ന യാഥാര്‍ഥ്യം അവശേഷിക്കുന്നു. പരിശീലകയായി സജീവമായാല്‍ ഒരുപക്ഷേ, സാനിയതന്നെ പുത്തന്‍താരങ്ങളെ കണ്ടെത്തും. പക്ഷേ, ഇന്ത്യന്‍ വനിതാ ടെന്നീസില്‍ വലിയൊരു ശൂന്യത അവശേഷിപ്പിച്ചാണ് അടുത്ത മാസം സാനിയ മത്സരരംഗം വിടുന്നത്.