ആ സംഗീതം എണ്‍പത്തിരണ്ടാം വയസ്സില്‍ നിലച്ചു. ഇനി പെലെയില്ലാത്ത ഫുട്‌ബോള്‍ ലോകം.
ഇരുപതാം നൂറ്റാണ്ടിലെ മികച്ച ഫുട്‌ബോള്‍ കളിക്കാരനായി ലോകത്തിലെ ദേശീയ ഒളിംപിക് സംഘടനകള്‍ നിര്‍ദേശിച്ചതനുസരിച്ച് രാജ്യാന്തര ഒളിംപിക് കമ്മിറ്റിയും അതുപോലെ ഫിഫയുടെ വിദഗ്ദ്ധപാനലും തിരഞ്ഞെടുത്തത് ഒരാളെ ത്തന്നെ. എഡ്‌സന്‍ അരാന്റസ് ഡോ നാസി മെന്റോ എന്ന പെലെയെ. ചാരുതയേറിയ ഗോളുകളിലൂടെ വര്‍ണവിവേചനത്തിന്റെ വേലികള്‍ പൊളിച്ച് ലോകത്തെ ഒരു പന്തിലേക്ക് ആകര്‍ഷിച്ച ഇതിഹാസതാരത്തിന് ലഭിച്ച അര്‍ഹമായ അംഗീകാരം. 92 രാജ്യാന്തരമത്സരങ്ങളില്‍ പെലെ 77 ഗോള്‍ നേടി. അതിനിടയ്ക്ക് 1958 ലും 62 ലും 70 ലും ബ്രസീല്‍ ലോകകപ്പ് നേടി.
ഡീക്കോയെന്ന് വീട്ടുകാര്‍ വിളിച്ച ഫുട്‌ബോള്‍താരത്തിന് പെലെയെന്നു പേരിട്ടത് സ്‌കൂളിലെ സഹപാഠികളാണ്. കറുപ്പിന്റെ മാനവസംഗീതമായി ആ പേരു മാറിയത് വളരെപ്പെട്ടെന്നാണ്.
ബ്രസീലിലെ സാവോ പോളോ സംസ്ഥാനത്തെ കൊറോക്കോ എന്ന കൊച്ചുഗ്രാമത്തില്‍ ഒരു പാവപ്പെട്ട കുടുംബത്തില്‍ 1940 ഒക്ടോബര്‍ 23 നാണ് പെലെ ജനിച്ചത്. അച്ഛന്‍ ഡോണ്‍ഡീന്യോ ഫുട്‌ബോള്‍ കളിക്കാരനായിരുന്നു.
പെലെയുടെ അതുല്യ പന്തടക്കം സാന്റോസ് ക്ലബിന്റെ കോച്ച് ഡോ. വി. ബ്രിട്ടോയെ ആകര്‍ഷിച്ചു. 1956 ല്‍ പതിനാറാം വയസ്സില്‍ സാന്റോസിന്റെ ആദ്യ ഇലവനില്‍ കളിച്ചു. 58 ല്‍ ലോകകപ്പ് കളിക്കുമ്പോള്‍ പതിനേഴ് വയസ്. പിന്നീടുള്ള ലോകഫുട്‌ബോള്‍ ചരിത്രം പെലെയുടേതുകൂടിയാണ്
താന്‍ രാജാവാണെന്ന് പെലെ ഒരിക്കലും പറഞ്ഞിട്ടില്ല. അത് ഫുട്‌ബോള്‍ ലോകം ഹൃദയപൂര്‍വം സമ്മാനിച്ച കിരീടമാണ്. ഡിസംബര്‍ 30 നു പുലര്‍ച്ചെ വിടവാങ്ങുംവരെ ഫുട്‌ബോളിലെ രാജകിരീടം പെലെയുടെ ശിരസ്സില്‍ത്തന്നെയായിരുന്നു. 1970 ല്‍ ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബാള്‍ കളിക്കാരനായി ബെക്കന്‍ ബോവറെയും അടുത്ത സ്ഥാനങ്ങളില്‍ ബോബി ചാള്‍ട്ടനെയും ലൂയിജി റിവയെയും ജോര്‍ജ് ബെസ്റ്റിനെയും യോഹന്‍ ക്രൈഫിനെയും ഉയര്‍ത്തിക്കാട്ടിയ പെലെ താന്‍ ഒരു സാധാരണ കളിക്കാരന്‍ മാത്രമെന്നു പറഞ്ഞു.
എന്നാല്‍, പെലെയെക്കാള്‍ മികച്ച കളിക്കാരനെന്ന് പലയിടങ്ങളിലും ചര്‍ച്ച ചെയ്യപ്പെട്ട പോര്‍ച്ചുഗല്‍ താരം യുസേബിയോയെ അദ്ദേഹം ആ ഗണത്തില്‍ പെടുത്തിയില്ല എന്നതും ശ്രദ്ധേയമാണ്.
ആഫ്രിക്കയില്‍നിന്നുള്ള എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ താരം യുസേബിയോ 1960 കളില്‍ പെലെയെക്കാള്‍ പ്രതിഭ കാട്ടിയെന്നു വാദിക്കുന്നവരുണ്ട്. മൊസാംബിക്കില്‍നിന്ന് പോര്‍ച്ചുഗല്‍ സ്വന്തമാക്കിയ കരിമ്പുലി ഗോള്‍ നേട്ടത്തില്‍ കറുത്ത മുത്തിനെക്കാള്‍ മുന്നിലായിരുന്നു. 1966 ലെ ലോകകപ്പില്‍ ആറു കളികളില്‍നിന്ന് ഒന്‍പതു ഗോളുമായി യുസേബിയോ സ്വര്‍ണബൂട്ട് കരസ്ഥമാക്കിയിരുന്നു. അന്നു പോര്‍ച്ചുഗല്‍ മൂന്നാം സ്ഥാനം നേടി.
പക്ഷേ, പെലെ 1970 ല്‍ തന്റെ നാലാം ലോകകപ്പില്‍ ബ്രസീലിന് മൂന്നാം കിരീടവും യൂള്‍ റിമേ കപ്പും സ്വന്തമാക്കിക്കൊടുത്തപ്പോള്‍ ഫുട്‌ബോള്‍ രാജാവായി മാറുകയായിരുന്നു. 1958 ല്‍ ഫൈനലില്‍ സ്വീഡനെതിരേ നേടിയ ഗോള്‍. പിന്നെ, 1970 ല്‍ ലോകകപ്പ് ഫൈനലില്‍ ഇറ്റലിക്കെതിരേ ഗോള്‍ നേടാന്‍ കാര്‍ലോസ് ആല്‍ബര്‍ട്ടോയ്ക്ക് പന്ത് തത്തിച്ചുകൊടുത്ത ശൈലി. സ്വീഡിഷ് പ്രതിരോധതാരങ്ങള്‍ വളഞ്ഞപ്പോള്‍ തുടകൊണ്ട് പന്തുതട്ടി എതിരാളികളുടെ തലയ്ക്കു മുകളിലൂടെ അപ്പുറത്തെത്തിച്ചു. പിന്നെ, ഞൊടിയിടയില്‍ അവരെ ചുറ്റിച്ചുകൊണ്ടുവന്ന് പന്ത് വലയിലാക്കിയ പതിനേഴുകാരന്റെ പ്രതിഭ വരാനിരിക്കുന്നതിന്റെ സൂചനയായിരുന്നു. ആ പന്തടക്കം 1980 ല്‍ ന്യൂജഴ്‌സിയില്‍ ന്യൂയോര്‍ക്ക് കോസ്‌മോസിനുവേണ്ടി കളിച്ചപ്പോഴും ചോര്‍ന്നിരുന്നില്ല.
ഒരു ദുഃഖം മാത്രം ബാക്കിവച്ചാണ് പെലെ യാത്രയായത്. ഖത്തറില്‍ ബ്രസീല്‍ കിരീടം വീണ്ടെടുക്കുന്നത് കാണാന്‍ കഴിഞ്ഞില്ല. നെയ്മറുടെ ടീം വിജയിച്ചിരുന്നെങ്കില്‍ പെലെയ്ക്ക് രാജ്യം നല്‍കിയ ആദരണീയമായ യാത്രയയപ്പ് ആയേനെ. താന്‍ ഉള്‍പ്പെട്ട ടീം മൂന്നു തവണ ജയിച്ച് രാജ്യത്തിനു സ്വന്തമാക്കിയ കപ്പിനു പകരമുള്ള ഫിഫ ലോകകപ്പില്‍, അതിന്റെ മാതൃകയാണെങ്കില്‍ പോലും, രണ്ടാമതൊരിക്കല്‍കൂടി സ്പര്‍ശിക്കാന്‍ ഫുട്‌ബോള്‍ രാജാവിനു ഭാഗ്യമില്ലാതെ പോയി.
രാഷ്ട്രീയകാഴ്ചപ്പാടുകളില്‍ മറഡോണ ആരാധകരെ സൃഷ്ടിച്ചപ്പോള്‍ പെലെയുടെ അമേരിക്കന്‍ അനുകൂലനിലപാട് പരക്കെ വിമര്‍ശിക്കപ്പെട്ടു. അതു കീഴടങ്ങലിന്റേതായി ചിലപ്പോഴെങ്കിലും വ്യാഖാനിക്കപ്പെട്ടു. മറഡോണയെയോ മുഹമ്മദ് അലിയെയോപോലെ വിവാദങ്ങളിലൂടെയും വീമ്പുപറച്ചിലിലൂടെയും ആരാധകരെ സൃഷ്ടിക്കാന്‍ അദ്ദേഹം തയാറായില്ല എന്നു പറയാം.
പുതിയ തലമുറയ്ക്ക് പെലെയുടെ മാസ്മരികഫുട്‌ബോള്‍കളിയെക്കുറിച്ച് കേട്ടറിവേയുള്ളു. 1959 ല്‍ പെലെ നേടിയ അതിമനോഹരമായൊരു ഗോളിന്റെ ഓര്‍മയ്ക്കായി 2006 ല്‍ സാവോ പോളോയിലെ പ്രാദേശിക ക്ലബ് യുവന്റസ് പെലെയുടെ പ്രതിമ സ്ഥാപിച്ചു. 59 ലെ ഗോള്‍ കണ്ടവരില്‍നിന്നു വിവരം ശേഖരിച്ച് കംപ്യൂട്ടര്‍ സഹായത്തോടെ അത് പുനരാവിഷ്‌കരിച്ചു. സാന്റോസിനുവേണ്ടി യുവന്റസിനെതിരേ നേടിയ ഗോളിന് എതിരാളികളുടെ അംഗീകാരം.
ഫുട്‌ബോള്‍ മാന്ത്രികന്‍ വിടവാങ്ങി. പെലെയുടെ ഇതിഹാസജീവിതത്തിന് ഫൈനല്‍ വിസില്‍ മുഴങ്ങി. ആശുപത്രി ക്കിടക്കയില്‍ ക്രിസ്മസ് ആഘോഷിച്ച പെലെ പുതുവര്‍ഷപ്പിറവി കാണാതെ യാത്രയായി. ഇനി പെലെയില്ലാത്ത ഫുട്‌ബോള്‍ ലോകം. പക്ഷേ, തലമുറകളെ പ്രചോദിപ്പിക്കാന്‍ പെലെയെന്ന നാമത്തിനു കഴിയും.