ന്യൂയോര്‍ക്ക് ടൈംസ് ബുക്‌റിവ്യൂവിന്റെ എഡിറ്ററും അമേരിക്കയിലെ അറിയപ്പെടുന്ന കോളമിസ്റ്റുമായ പമേല പോള്‍ 2021 ല്‍ ''100 THINGS WE HAVE LOST TO THE INTERNET ''എന്നൊരു പുസ്തകമെഴുതി. ഇന്റര്‍നെറ്റിന്റെ കടന്നുവരവോടെ നമുക്കു നഷ്ടമായ നൂറു കാര്യങ്ങളാണ് പുസ്തകത്തിന്റെ പ്രമേയം. നൂറു നഷ്ടങ്ങളില്‍ ഒന്നാമതായി ഗ്രന്ഥകാരി പറയുന്നത് വിരസതയുടെ (Boredom) നഷ്ടത്തെക്കുറിച്ചാണ്. ഇതെന്തു നഷ്ടമെന്ന് ഒരുവേള നമ്മള്‍ അദ്ഭുതപ്പെട്ടേക്കാം. ബോറടിച്ചിരിക്കാന്‍ ആര്‍ക്കാണിഷ്ടം? എന്നാല്‍, ബോറടി അഥവാ വിരസത എപ്രകാരമാണ് സര്‍ഗാത്മകതയ്ക്കുള്ള ഇന്ധനമായിത്തീരുന്നതെന്ന് പമേല വിശദമാക്കുന്നു. വിരസതയാണ് മനുഷ്യരുടെ മനസ്സില്‍ ശൂന്യത നിറയ്ക്കുക. ഈ ശൂന്യത പുതുതായി എന്തെങ്കിലുമൊന്നു സൃഷ്ടിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കും. ഒരു കഥയുടെ വിത്തോ ഒരു കവിതയുടെ നാലു വരികളോ ആ നേരം നിങ്ങള്‍ക്കുള്ളില്‍ നാമ്പെടുത്തേക്കാം. സര്‍ഗാത്മകമായിത്തീരാവുന്ന ആ വിരസനിമിഷങ്ങളാണ് ഇന്റര്‍നെറ്റിന്റെ കടന്നുവരവോടെ ഇല്ലാതായത്. സുഹൃത്തിനെക്കാത്ത് റെയില്‍വേസ്റ്റേഷനില്‍ നില്‍ക്കുമ്പോഴോ ഡോക്ടറെ കാണാന്‍ ആശുപത്രിവരാന്തയിലിരിക്കുമ്പോഴോ ഏറെനേരം ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങുമ്പോഴോ ഒന്നും ബോറടിക്കാന്‍ കൈയിലിരിക്കുന്ന മൊബൈല്‍ ഫോണ്‍ നിങ്ങളെ അനുവദിക്കുന്നില്ല. ആ നേരമത്രയും പരിചിതരോ അപരിചിതരോ ആയ അനേകരുമായി നിങ്ങള്‍ക്ക് കുശലാന്വേഷണത്തില്‍ മുഴുകാം. സോഷ്യല്‍മീഡിയകളിലെ ഒരിക്കലും തീരാത്ത ന്യൂസ് ഫീഡുകളില്‍ അലസമായി വിരലോടിക്കാം. നെറ്റ് ഫ്‌ളിക്‌സിലോ ഹോട്ട്സ്റ്റാറിലോ ആമസോണ്‍ പ്രൈമിലോ പുതിയൊരു സീരീസ് കണ്ടുതുടങ്ങാം. അതുമല്ലെങ്കില്‍ ആളെ വെടിവച്ചുകൊല്ലുന്നതോ ബലൂണ്‍ കുത്തിപ്പൊട്ടിക്കുന്നതോ മോട്ടുമുയലിനു വഴികാണിക്കുന്നതോ എന്നിങ്ങനെ അന്തമില്ലാത്ത മൊബൈല്‍ ഗെയിമുകളുടെ ഭാഗമാകാം. ഇന്റര്‍നെറ്റ് 24ത7 എന്ന കണക്കില്‍ നമ്മിലേക്കെത്തിച്ചുകൊണ്ടേയിരിക്കുന്ന വിവരവിജ്ഞാനവിനോദപ്രവാഹത്തിനിടയില്‍ ഒരു വേളപോലും നമ്മുടെ മനസ്സ് ശൂന്യമാകുന്നില്ല. അതുകൊണ്ടുതന്നെ കാമ്പുള്ളതൊന്നും പുതുതായി ഉത്പാദിപ്പിക്കാനും നമുക്കു കഴിയാതെപോകുന്നു. പമേലയുടെതന്നെ വാക്കുകളില്‍ പറഞ്ഞാല്‍," You have to turn off the input in order to generate output. But the input never stops.''
വിവരങ്ങള്‍ (Information) ഞൊടിയിടയില്‍ മുന്നിലെത്തുന്നു എന്നതാണ് അഥവാ സകലതും തീര്‍ത്തും അനായാസമായി അറിയാനാവുന്നു എന്നതാണ് (THE KNOW-IT-ALL) ഇന്റര്‍നെറ്റിന്റെ മറ്റൊരു പ്രധാന ദോഷമായി ഗ്രന്ഥകാരി ചൂണ്ടിക്കാണിക്കുന്നത്. വിശാലമായ അന്വേഷണത്തിന്റെ ഭൂമികയില്‍നിന്ന് അഥവാ അലച്ചിലുകള്‍ സമ്മാനിക്കുന്ന ആനന്ദത്തില്‍നിന്ന് ഈ എളുപ്പവഴിയിലുള്ള ഗൂഗിള്‍ക്രിയ നമ്മെ തടയുന്നു. എല്ലാം ഇന്റര്‍നെറ്റില്‍ ലഭ്യമായതുകൊണ്ട് ഒരു സേര്‍ച്ചിനപ്പുറം ഒക്കെയും കണ്‍മുന്നിലെത്തുന്നതുകൊണ്ട് നമുക്കൊന്നും ഓര്‍ത്തുവയ്‌ക്കേണ്ട ആവശ്യമില്ലാതാകുന്നു. ഏറെനേരം ചിന്തിച്ച് ഒടുവില്‍ ഓര്‍ത്തെടുക്കുമ്പോഴുള്ള അഭിമാനം, 'ഹാ കിട്ടിപ്പോയി' എന്ന ഉള്‍പ്പുളകം ഇന്നു പരിഹാസ്യമായൊരു ഓര്‍മ മാത്രമാകുന്നു.
നിങ്ങളുടെ സാമൂഹികമായ ബന്ധങ്ങളെ, മനുഷ്യരോടുള്ള സംസാരങ്ങളെ ഒക്കെ ഇല്ലാതാക്കുന്നതിലും ഇന്റര്‍നെറ്റിനു സുപ്രധാന പങ്കുള്ളതായി പമേല നിരീക്ഷിക്കുന്നുണ്ട്. നിങ്ങള്‍ക്കു തീര്‍ത്തും അപരിചിതമായൊരു നഗരത്തിലെ ഒരു കലാലയമോ ഷോപ്പിങ് മാളോ പള്ളിയോ അമ്പലമോ ഒന്നും കണ്ടെത്താന്‍ ഒരാളോടും സഹായം ചോദിക്കേണ്ടതില്ല. ഗൂഗിള്‍മാപ്പ് നിങ്ങള്‍ക്കു വഴികാണിക്കും. നിങ്ങള്‍ക്കു നാളെ എയര്‍പോര്‍ട്ടിലേക്കു പോകാന്‍ അടുത്തുള്ള ടാക്‌സിക്കാരനെ പരിചയപ്പെടേണ്ട, ഓണ്‍ലൈന്‍ടാക്‌സി ബുക്ക് ചെയ്യാം. എന്തിനധികം പറയുന്നു, ഒരു വീടിനുള്ളില്‍ കുടുംബാംഗങ്ങള്‍ തമ്മിലുള്ള സംസാരത്തെപ്പോലും ഇന്റര്‍നെറ്റ് എപ്രകാരമാണ് ചുരുക്കിക്കളഞ്ഞതെന്നു ചിന്തിച്ചാല്‍ മനസ്സിലാക്കാം. ഓരോരുത്തരും അവരവരുടെ ഇ-ലോകങ്ങളിലാണ്. അതില്‍നിന്നു പുറത്തുവന്നൊരു ഓഫ് ലൈന്‍ ജീവിതത്തിന് ഒരാള്‍ക്കും സമയമില്ലാതാകുന്നു. നമ്മള്‍ എപ്പോള്‍ ഉറങ്ങണമെന്നും ഉണരണമെന്നുംവരെ ഇന്റര്‍നെറ്റ് തീരുമാനിക്കുന്ന അവസ്ഥ. തങ്ങള്‍ മത്സരിക്കുന്നത് മനുഷ്യന്റെ ഉറക്കവുമായിട്ടുകൂടിയാണ് എന്നുപറഞ്ഞ നെറ്റ്ഫ്‌ളിക്‌സിന്റെ മുന്‍ സിഇഒ റീഡ് ഹേസ്ടിംഗ്‌സിന്റെ വാക്കുകളും ഇവിടെ ചേര്‍ത്തുവായിക്കണം.
ഓരോരുത്തരും അവരവരുടെ സ്വന്തം കൈപ്പടയിലെഴുതിയിരുന്ന കത്തുകളാണ് ഇന്റര്‍നെറ്റ് ഇല്ലാതാക്കുന്ന മറ്റൊരു പ്രധാന ഘടകം. വാട്‌സാപ് ചാറ്റുകളോ ഫേസ്ബുക് മെസേജുകളോപോലെയുള്ള ഒന്നല്ല കത്തെഴുത്ത്. കത്തിനുള്ളില്‍ ഒരാത്മാവുണ്ട്. കത്തെഴുതാന്‍ ശാന്തമായൊരിടവും പ്രശാന്തമായൊരു മനസ്സും വേണം. കത്തില്‍ കേവലകുശലാന്വേഷണങ്ങള്‍ മാത്രമല്ല, സര്‍ഗാത്മകതയുടെ ചിത്രശലഭങ്ങളുമുണ്ട്. കത്തുകള്‍ക്കൊപ്പംതന്നെ ക്രിസ്മസ് കാര്‍ഡുകള്‍, ബര്‍ത്ത്‌ഡേ കാര്‍ഡുകള്‍ തുടങ്ങിയവയും ഇന്റര്‍നെറ്റിന്റെ സാമൂഹികവ്യാപനത്തോടെ ഏതാണ്ടില്ലാതായിക്കഴിഞ്ഞു.
രാത്രിവായന അഥവാ ബെഡ് ടൈം റീഡിങ്ങാണ് ഇന്റര്‍നെറ്റ് ഇല്ലാതാക്കിയ മറ്റൊരു ശീലം. ഉറങ്ങുന്നതിനുമുമ്പ് ബഹുവര്‍ണാലംകൃതമായ ചിത്ര പുസ്തകത്തിലെ കഥകള്‍ കുട്ടികള്‍ക്കു വായിച്ചുകൊടുക്കുന്ന മുതിര്‍ന്നവര്‍ ഇന്നു കഥകളില്‍ മാത്രമേയുള്ളൂ. ഉറക്കത്തിന്റെ അവസാനകണികയും തലച്ചോറിനെ കീഴടക്കുംവരെ മൊബൈലിന്റെ വെളിച്ചത്തിലായിരിക്കും നമ്മുടെ കണ്ണുകള്‍. രാവിലെ കണ്ണുതുറന്നാല്‍ നാം ആദ്യം തേടുന്നതും മൊബൈല്‍തന്നെ. ചുരുക്കത്തില്‍, നാം ഇന്റര്‍നെറ്റിനെയാണോ ഇന്റര്‍നെറ്റ് നമ്മളെയാണോ ഉപയോഗിക്കുന്നതെന്നു തിരിച്ചറിയാനാവാത്ത അവസ്ഥ. 'വസ്തുക്കള്‍ക്ക് മനുഷ്യന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്കു വിഘാതം വരുത്താനും തടസ്സപ്പെടുത്താനുമുള്ള കഴിവുകളുണ്ടെന്നും അവ അര്‍ദ്ധവിഷയികളോ ശക്തികളോ ആകാറുണ്ടെന്നും അവയ്ക്കു സ്വയമേവയുള്ള പ്രവണതകളും ചായ്‌വുകളും സഞ്ചാരപഥങ്ങളും ഉണ്ടാകാമെന്നു'മുള്ള ജയിന്‍ ബെന്നറ്റിന്റെ നിരീക്ഷണവും ഇവിടെ ശ്രദ്ധേയം.
ഇന്റര്‍നെറ്റ് പ്രതിനായകനായി നില്‍ക്കുന്ന നഷ്ടങ്ങളുടെ കണക്കുപുസ്തകത്തില്‍ ഇനിയുമുണ്ടേറെ കാര്യങ്ങള്‍. എപ്പോഴും മൊബൈല്‍ സ്‌ക്രീനിലേക്കു മുഖംതാഴ്ത്തി ശീലിച്ചതുകൊണ്ട് മറ്റൊരാളുടെ കണ്ണില്‍നോക്കി സംസാരിക്കാന്‍ പലരും ഇന്നേറെ ബുദ്ധിമുട്ടുന്നു. അപ്പപ്പോള്‍ വേണ്ട അറിവുകള്‍ ഇന്‍സ്റ്റന്റായി ഇന്റര്‍നെറ്റ് സമ്മാനിക്കുമെന്നുള്ളതുകൊണ്ട് എന്‍സൈക്ലോപീഡിയകളും മറ്റും പാഴ്‌വസ്തുക്കളായി മാറുന്നു. ആട്ടോ കറക്ഷന്‍ അടക്കമുള്ള സൗകര്യങ്ങള്‍ ഇ-ലോകത്ത് ലഭ്യമായതിനാല്‍ ഒരു സ്‌പെല്ലിങ് മിസ്റ്റേക്കിനുള്ള അവസരംപോലും നമുക്കിന്നില്ല. തിരുത്തല്‍പ്രക്രിയ പൂര്‍ണമായും ഇന്റര്‍നെറ്റ് ഏറ്റെടുക്കുന്നു.
മൂന്നും നാലും വയസ്സുള്ള കുട്ടികള്‍മുതല്‍ മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും കൈപ്പിടിയിലൊതുക്കുന്നതോടെ മുമ്പേറെ പ്രിയങ്കരമായിരുന്ന കളിപ്പാട്ടങ്ങളും അവ സമ്മാനിക്കുന്ന രസങ്ങളും പടിക്കു പുറത്താകുന്നു.
ഒരു സിനിമാതിയേറ്ററില്‍ പൂര്‍ണമായും മുഴുകി ഒരു സിനിമ കാണാന്‍ നമുക്കാവില്ല എന്നതാണ് ഇന്റര്‍നെറ്റിന്റെ മറ്റൊരു പ്രശ്‌നമായി പമേല പറഞ്ഞു വയ്ക്കുന്നത്. ഒരു സിനിമയ്ക്കിടയില്‍ത്തന്നെ കുറഞ്ഞത് മൂന്നോ നാലോ തവണയെങ്കിലും നമുക്ക് മൊബൈല്‍ നോട്ടിഫിക്കേഷനുകള്‍ പരിശോധിക്കേണ്ടതായിവരുന്നു. ഇനി പൂര്‍ണമായ ആസ്വാദനത്തെ മുന്നില്‍ക്കണ്ട് നിങ്ങളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു എന്നിരിക്കട്ടെ, നിങ്ങള്‍ക്കടുത്തിരിക്കുന്ന ആളോ തൊട്ടുമുമ്പിലിരിക്കുന്ന ആളോ ആ നേരവും സോഷ്യല്‍മീഡിയയില്‍ പരതുന്നുണ്ടാകും. അയാളുടെ കൈയിലെ സ്‌ക്രീന്‍ വെളിച്ചം നിങ്ങളെയും മാടിവിളിക്കുമെന്നുറപ്പ്.
ക്ഷമ, സഹാനുഭൂതി തുടങ്ങിയ മാനുഷികവികാരങ്ങളെയും ഇന്റര്‍നെറ്റ് വളരെ പ്രതികൂലമായി ബാധിക്കുകയുണ്ടായെന്ന് ഗ്രന്ഥകാരി ചൂണ്ടിക്കാണിക്കുന്നുണ്ട്. ഗൂഗിളില്‍ തിരഞ്ഞതെത്താന്‍ രണ്ടു സെക്കന്റ് താമസിച്ചാല്‍, യൂട്യൂബില്‍ കണ്ടുകൊണ്ടിരിക്കുന്ന വീഡിയോ അല്പമാത്ര നിന്നുപോയാല്‍ അക്ഷമരായി അനേകര്‍ മാറുന്നു. ഇതിനിടയില്‍ ഏറെനേരം ഭാവനകളുടെ ലോകത്തു വിഹരിച്ച് പുതിയൊരു കഥയോ കവിതയോ നോവലോ എഴുതണമെങ്കില്‍ കൃത്യമായ അധ്വാനവും ഏകാഗ്രതയും കൂടിയേതീരൂ. എഴുത്തുകാരനുമാത്രമല്ല വായനക്കാരനും നല്ല മനോബലവും നിശ്ചയദാര്‍ഢ്യവും ഉണ്ടായാല്‍ മാത്രമേ ഇ-കാലത്ത് ഇന്റര്‍നെറ്റിന്റെ പ്രലോഭനങ്ങളെ അതിജീവിച്ചു മുന്നോട്ടു പോകാനാവൂ.
ലേഖനം
ഇ കാലത്തെ നഷ്ടവിചാരങ്ങള്‍
