•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

കൊവിഡ് മഹാമാരിയില്‍ വിറങ്ങലിച്ച് ചൈന

''ഞങ്ങളുടെ രാജ്യത്ത് കൊവിഡ് ബാധിച്ചു മരിക്കുന്നവരുടെ മൃതശരീരങ്ങള്‍ മറവു ചെയ്യാന്‍ മാര്‍ഗമില്ലാതെ ഞങ്ങള്‍ ഏറെ ബുദ്ധിമുട്ടുകയാണ്. ഓരോ ദിവസത്തെയും മരണസംഖ്യ തൊട്ടുമുമ്പുള്ളതിനെക്കാള്‍ പതിന്മടങ്ങാണ്. ആശുപത്രികള്‍ രോഗികളെക്കൊണ്ടു നിറഞ്ഞിരിക്കുന്നു, മരുന്നുകള്‍ കിട്ടാനുമില്ല.'' മൂന്നു കോടി ജനസംഖ്യയുള്ള ചൈനയിലെ ചോംഗ്ക്വിംഗ് നഗരത്തിലുള്ള പൊതുശ്മശാനത്തിലെ ഒരു ജീവനക്കാരന്റെ പരിദേവനമാണിത്.
''കുറഞ്ഞത് മുപ്പതു മൃതശരീരങ്ങളെങ്കിലും ഒരു ദിവസം ഞാന്‍ ദഹിപ്പിക്കുന്നുണ്ട്. മരണപ്പെടുന്നവരെ സംസ്‌കരിക്കാന്‍ സ്ഥലം തികയാതെ വരുന്നതിനാല്‍ മൃതശരീരങ്ങള്‍ അഞ്ചു ദിവസംവരെ സൂക്ഷിക്കേണ്ടിയും വരുന്നു.'' ഗുവാംഗ്ഷൗ നഗരപ്രാന്തത്തില്‍ മരണാനന്തരചടങ്ങുകള്‍ നടത്തിക്കൊടുക്കുന്ന സ്ഥാപനത്തിലെ തൊഴിലാളിയായ ഷെന്‍യാംഗ് പ്രതികരിച്ചു.
മഹാമാരിക്കാലം കഴിഞ്ഞുവെന്ന് ലോകം മുഴുവന്‍ ആശ്വസിച്ചിരിക്കുമ്പോഴാണ് നിനച്ചിരിക്കാതെ ചൈനയിലെ രോഗവ്യാപനം വാര്‍ത്തകളില്‍ നിറയുന്നത്. മാസങ്ങള്‍ നീണ്ട 'സീറോ കൊവിഡ്‌നയം' ശക്തമായി നടപ്പാക്കുകയും കൊവിഡിനെ ഫലപ്രദമായി പ്രതിരോധിക്കുകയും ചെയ്ത ഷി ജിന്‍പിംഗിനു കിട്ടിയ ഏറ്റവും വലിയ പ്രഹരമാണ് ഇപ്പോഴത്തെ രോഗവ്യാപനം. അധികാരത്തിന്റെ മൂന്നാം ഊഴം വിജയകരമായി പൂര്‍ത്തിയാക്കുക എളുപ്പമല്ലെന്ന് ഷിയ്ക്കു തോന്നിത്തുടങ്ങിയിരിക്കുന്നു. തെക്കുപടിഞ്ഞാറന്‍ സിന്‍ജിയാംഗ്പ്രവിശ്യയുടെ തലസ്ഥാനമായ ഉറുംക്വി പട്ടണത്തിലെ ഒരു ബഹുനില പാര്‍പ്പിടസമുച്ചയത്തില്‍ ഇക്കഴിഞ്ഞ നവംബര്‍ 24 നുണ്ടായ അഗ്നിബാധയില്‍ പത്തു പേര്‍ മരിക്കാനിടയായത് സീറോ - കൊവിഡ് നയത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത നടപടികള്‍ മൂലമാണെന്ന പരാതിയാണ് ഇപ്പോഴത്തെ സങ്കീര്‍ണമായ പ്രശ്‌നങ്ങളുടെ തുടക്കം. തീപ്പിടിത്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലികളര്‍പ്പിക്കാന്‍ ഉറുംക്വിയില്‍നിന്ന് 4,000 കിലോമീറ്റര്‍ അകലെയുള്ള ഷാംഗ്ഹായ് നഗരത്തില്‍ സംഘടിപ്പിച്ച മെഴുകുതിരിപ്രദക്ഷിണത്തില്‍നിന്നാണ് സര്‍ക്കാരിനെതിരേയുള്ള പ്രതിഷേധാഗ്നി കത്തിപ്പടര്‍ന്നത്. സീറോ-കൊവിഡ് നയത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നൂറു ദിന ലോക്ഡൗണ്‍മൂലം വീടിനു വെളിയിലിറങ്ങാനാകാതെ ജനം വീര്‍പ്പുമുട്ടുകയായിരുന്നു. രാജ്യത്തെ 27 നഗരങ്ങളില്‍ വമ്പിച്ച പ്രതിഷേധറാലികള്‍ നടന്നു. ഷെംഗ്‌സുനഗരത്തില്‍ പ്രതിഷേധക്കാര്‍ കലാപനിയന്ത്രണസേനയുമായി ഏറ്റുമുട്ടി. ഒട്ടേറെ പ്പേര്‍ക്കു പരിക്കേറ്റു. ആയിരങ്ങള്‍ ജയിലിലുമായി. ജനകീയപ്രക്ഷോഭം ഗ്രാമപ്രദേശങ്ങളിലേക്കുകൂടി വ്യാപിച്ചതോടെ കൊവിഡ്‌നിയമങ്ങളില്‍ അയവുവരുത്താന്‍ ഷി നിര്‍ബന്ധിതനാകുകയായിരുന്നു. ഇളവുകള്‍ പ്രഖ്യാപിച്ചുകൊണ്ട് ഷി ജിന്‍പിംഗ് ഇപ്രകാരം പറഞ്ഞു: ''സീറോ കൊവിഡ്‌നിയമങ്ങള്‍ പിന്‍വലിച്ചതുവഴി കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നിരിക്കുന്നു. ഈ വെല്ലുവിളി നാം സധൈര്യം ഏറ്റെടുക്കുന്നു. ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാന്‍ കൂടുതല്‍ കൃത്യതയോടെയുള്ള ദേശസ്‌നേഹപരമായ ആരോഗ്യപ്രചാരണം അനിവാര്യമാണ്.''
കൊവിഡ്‌വ്യാപനം തടയാന്‍, മുതിര്‍ന്ന പൗരന്മാര്‍ക്ക് വാക്‌സിനേഷന്‍ നല്കുന്നതിന് ചൈനീസ് ആരോഗ്യമന്ത്രാലയം നടപടികള്‍ തുടങ്ങി. 60 വയസു കഴിഞ്ഞ രണ്ടരക്കോടി പേര്‍ക്കും 80 തികഞ്ഞ ഒരുകോടി വയോജനങ്ങള്‍ക്കും വാക്‌സിന്‍ നല്കിയിരുന്നില്ല. മരണനിരക്ക് ഏറ്റവും കൂടുതല്‍ കണ്ടതും 80 വയസ്സു കഴിഞ്ഞവര്‍ക്കാണെന്നും കണ്ടെത്തി.
കൊവിഡ് 19 ന്റെ പുതിയ വകഭേദം ബി എഫ് 7
ചൈനയില്‍ വ്യാപിക്കുന്നത് കൊവിഡ് 19 ന്റെ പുതിയ വകഭേദമായ ബി എഫ് 7 പതിപ്പാണെന്നു വ്യക്തമായിട്ടുണ്ട്. മനുഷ്യശരീരത്തിന്റെ പ്രതിരോധശേഷിയെ മറികടക്കാന്‍ കെല്പുള്ള വൈറസുകളില്‍ ഒന്നാംസ്ഥാനം ബി എഫ് 7 വകഭേദത്തിനാണ്. ഈ വൈറസിനു കൂടുതല്‍ വ്യാപപനശേഷിയും കുറഞ്ഞ ഇന്‍കുബേഷന്‍ പീരിയഡും ഉള്ളതിനാല്‍ ഒരു വ്യക്തിയില്‍നിന്ന് മറ്റൊരാളിലേക്കു വളരെപ്പെട്ടെന്ന് പടരാനാകും. വാക്‌സിന്‍ എടുത്തവര്‍ക്കും കൊവിഡ് ബാധിച്ച് സ്വാഭാവികപ്രതിരോധശേഷി നേടിയവര്‍ക്കും ബി എഫ് 7 പിടിപെടുന്നതായി തെളിഞ്ഞിട്ടുണ്ട്. വാക്‌സിന്‍ എടുത്തവര്‍ക്ക് വീണ്ടും രോഗം ആവര്‍ത്തിക്കുന്നത് പുതിയ വകഭേദത്തിന്റെ ശേഷിക്കൂടുതലിനു തെളിവാണെന്നു പഠനങ്ങളിലൂടെ കണ്ടെത്തിക്കഴിഞ്ഞു. എന്നാല്‍, ശരീരത്തിനുള്ളില്‍ കടന്നുകഴിഞ്ഞാല്‍ ഗുരുതരാവസ്ഥ താരതമ്യേന കുറവായിരിക്കും. കടുത്ത പനിയും തൊണ്ടവേദനയും മൂക്കൊലിപ്പും ശരീരവേദനയുമാണ് പ്രധാന രോഗലക്ഷണങ്ങള്‍. ഹൃദ്രോഗം, പ്രമേഹം, ശ്വാസകോശരോഗങ്ങള്‍ തുടങ്ങിയവയുള്ളവരും പ്രായമേറിയവരും കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പുമുണ്ട്.
സീറോ-കൊവിഡ് നയം പൊളിച്ചെഴുതുന്നു
ഒരു നഗരത്തിലോ പ്രവിശ്യയിലോ ഒരു രോഗിയെങ്കിലുമുണ്ടെങ്കില്‍ ആ നഗരമോ പ്രവിശ്യയോ മുഴുവന്‍ കര്‍ശനമായ ലോക്ഡൗണിലാക്കുന്ന സീറോ-കൊവിഡ്‌നയത്തില്‍നിന്നു വ്യത്യസ്തമായി, ഒരു രോഗിയെ കണ്ടെത്തിയാല്‍ ആ വ്യക്തിയെയും അയാളുടെ വീടും ജോലി ചെയ്തിരുന്ന സ്ഥാപനവുംമാത്രം ഐസോലേഷനിലാക്കി മാറ്റിനിറുത്തുന്ന രീതിയില്‍ നിയമങ്ങളില്‍ അയവു വരുത്തി. തലസ്ഥാനമായ ബെയ്ജിംഗിലും മഹാനഗരങ്ങളായ ഷാംഗ്ഹായിയിലും ഗുവാംഗ്ഷൗവിലും ഈ പുതിയ രീതി നടപ്പാക്കിവരുന്നു. ലോകത്ത് മറ്റൊരിടത്തുമില്ലാത്തവിധം ചൈനയില്‍ രോഗവ്യാപനവും മരണവും സംഭവിച്ചേക്കാമെന്നാണ് ആരോഗ്യവിദഗ്ധര്‍ നല്കുന്ന മുന്നറിയിപ്പ്. അടുത്ത മൂന്നു മാസങ്ങളില്‍ ചൈനയിലെ പത്തു ലക്ഷം പേരുടെയെങ്കിലും ജീവന്‍ കൊവിഡ് മഹാമാരി കവര്‍ന്നെടുക്കുമെന്നാണ് അവരുടെ പ്രവചനം. പോയ വര്‍ഷത്തെക്കാള്‍ മൂന്നിരട്ടി രോഗികള്‍ അടുത്തവര്‍ഷം ഉണ്ടാകുമെന്നും  പ്രതിദിനരോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നേക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു. മൂന്നു മാസത്തിനുള്ളില്‍ ചൈനയിലെ ആകെ ജനസംഖ്യയില്‍ (140 കോടി) 60 ശതമാനംപേര്‍ക്കും (84 കോടി) രോഗം വ്യാപിച്ചേക്കാമെന്ന റിപ്പോര്‍ട്ടുകളാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്.
രാജ്യത്തെ മുതിര്‍ന്ന പൗരന്മാരില്‍ മൂന്നിലൊന്നുമാത്രമേ വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളുവെന്നതാണ് ആശങ്ക ജനിപ്പിക്കുന്നത്. മഹാമാരിയെക്കുറിച്ച് വയോജനങ്ങളെ ബോധവത്കരിക്കാതിരുന്നത് രോഗവ്യാപനത്തിനു കാരണമായി. ചൈന കൊവിഡിനെ നേരിട്ട രീതിയിലും വാക്‌സിനേഷന്റെ ഫലപ്രാപ്തിയിലും പല ആരോഗ്യവിദഗ്ധരും സംശയം പ്രകടിപ്പിക്കുന്നുണ്ട്. കൊവിഡിനെ ചെറുക്കാന്‍ ഉതകുന്ന വാക്‌സിനല്ല അവിടെ ഉപയോഗിച്ചതെന്ന വിമര്‍ശനമുണ്ട്. ചൈനയില്‍ത്തന്നെ നിര്‍മിച്ചെടുത്ത 'സിനോഫാം' , 'കൊറോണവാക്' എന്നീ വാക്‌സിനുകള്‍ക്ക് 76 ശതമാനം മാത്രമേ ഫലപ്രാപ്തിയുള്ളൂ എന്നു പരീക്ഷണങ്ങളിലൂടെ തെളിഞ്ഞതാണ്. പാശ്ചാത്യരാജ്യങ്ങളില്‍ ഉപയോഗത്തിലിരിക്കുന്ന  ഫൈസറിന്റെ 'പാക്‌സ്‌ലോവിഡ്' വാക്‌സിന്‍ 96 ശതമാനം രോഗപ്രതിരോധശേഷിയുള്ളതാണെന്നു കണ്ടെത്തിയിരുന്നു. രോഗം വരാതിരിക്കാന്‍ നോക്കിയതിലൂടെ കൊവിഡു വന്നുപോയവര്‍ക്കു ലഭിക്കുമായിരുന്ന പ്രതിരോധശേഷി പലര്‍ക്കും ഇല്ലാതെ പോയത് ഇപ്പോഴത്തെ വ്യാപനത്തിന്റെ ഒരു പ്രധാന കാരണമായി കരുതുന്നുണ്ട്. കൂടുതല്‍ പ്രതിരോധശേഷിയുള്ള 'കോവിഷീല്‍ഡ്' വാക്‌സിന്‍ സ്വീകരിച്ചതിലൂടെ ഇന്ത്യക്കാരെ സംബന്ധിച്ചു നിലവിലെ സാഹചര്യത്തില്‍ ഭയപ്പെടാനൊന്നുമില്ലെന്ന് ആരോഗ്യവിദഗ്ധര്‍ വിലയിരുത്തിയിട്ടുണ്ട്. എങ്കിലും, ഏതു സാഹചര്യത്തെയും നേരിടാന്‍ തയ്യാറായിരിക്കണമെന്ന നിര്‍ദേശമാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ജനങ്ങള്‍ക്കു നല്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി കൊവിഡ് പോസിറ്റീവ്  കേസുകളുടെ 'ജിനോം സ്വീക്വന്‍സിങ്' വര്‍ധിപ്പിക്കണമെന്ന നിര്‍ദേശം നല്കിയിട്ടുണ്ട്. വൈറസുകളുടെ സവിശേഷതകള്‍ തിരിച്ചറിയാന്‍ ജിനോം സ്വീക്വന്‍സിങ് സാങ്കേതികവിദ്യ ഉപകരിക്കും. എല്ലാ പോസിറ്റീവ് കേസുകളുടെയും സാമ്പിളുകള്‍ ലബോറട്ടറികളുടെ ശൃംഖലയായ 'ഇന്‍സാകോ'വിലേക്ക് അയയ്ക്കണം. സൂക്ഷ്മനിരീക്ഷണത്തിലൂടെ കൊവിഡിന്റെ പുതിയ വകഭേദങ്ങള്‍ രാജ്യത്ത് എത്തിയിട്ടുണ്ടെന്ന് കണ്ടെത്തുന്നതിന് ഈ പരിശോധന അത്യാവശ്യമാണ്. ചൈനയില്‍ വ്യാപനത്തിനു കാരണമായ ബി എഫ് 7 വകഭേദം ഇന്ത്യയിലും എത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതിനിടെ, കൊവിഡ് 19 മഹാമാരിക്കു കാരണമായ കൊറോണ വൈറസുകളുടെ അന്ത്യം കണ്ടുതുടങ്ങിയെന്ന് ലോകാരോഗ്യസംഘടനാതലവന്‍ ഡോ. ടെഡ്രോസ് അദാനോം ഗബ്രെയേസസ് അഭിപ്രായപ്പെട്ടത് ശുഭവാര്‍ത്തയാണ്. 2020 ല്‍ കൊവിഡ് 19 നെ മഹാമാരിയായി ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചശേഷം ആദ്യമായാണ് ഇത്തരം പ്രതീക്ഷാനിര്‍ഭരമായ വാക്കുകള്‍ പുറത്തുവരുന്നത്. എന്നാല്‍, ഒമിക്രോണ്‍ ബി എ 4, ബി എ 5 തുടങ്ങിയ വകഭേദങ്ങളുടെ വ്യാപനം യൂറോപ്യന്‍ രാജ്യങ്ങളില്‍ കണ്ടുതുടങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്. യൂറോപ്പിലെ വേനല്‍ക്കാലവ്യാപനത്തിന് ഈ വകഭേദങ്ങളാണു കാരണക്കാരെന്നും കൂടുതല്‍ വകഭേദങ്ങള്‍ പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുണ്ടെന്നും യൂറോപ്യന്‍ കമ്മീഷന്‍ വക്താക്കള്‍ മുന്നറിയിപ്പുതരുന്നു.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)