•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

പശ്ചാത്താപത്തിന്റെ കൂദാശ

  ''ആദ്ധ്യാത്മികജീവിതത്തിന്റെ മതബോധനം'' എന്ന ഗ്രന്ഥത്തെക്കുറിച്ച് ഒരു പഠനം. കരുണാനിധിയായ ഈശോയില്‍ ആശ്രയിച്ചുകൊണ്ട് അവിടുത്തെ ശക്തിയുടെ സഹായത്താല്‍ ആജീവനാന്തം പാപത്തിനെതിരേയുള്ള പോരാട്ടം നയിക്കാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്. കാരണം, നമ്മുടെ ജീവിതത്തില്‍ വീഴ്ചകള്‍ ഉണ്ടായിട്ടുണ്ട്; ഇനിയും ഉണ്ടാവുകയും ചെയ്യും.

പിതാവിന്റെ പക്കലേക്ക് ആരോഹണം ചെയ്യുന്നതിനുമുമ്പായി ഉത്ഥിതനായ മിശിഹാ തന്റെ നാമത്തില്‍ പാപങ്ങള്‍ മോചിക്കാനുള്ള അധികാരവും ദൗത്യവും സഭയെ ഭരമേല്പിക്കുകയുണ്ടായി.
പാപംവഴി നമ്മിലെ ദൈവിക ജീവന്‍ നഷ്ടമാകുന്നു. നഷ്ടപ്പെട്ട ദൈവികസാന്നിധ്യം കുമ്പസാരംവഴി വീണ്ടെടുക്കാന്‍ സാധിക്കുന്നു. അതുകൊണ്ടാണ് ഈ ദിവ്യകൂദാശ പശ്ചാത്താപത്തിന്റെയും ഏറ്റുപറച്ചിലിന്റെയും പ്രായശ്ചിത്തത്തിന്റെയും പാപമോചനത്തിന്റെയും പാപപ്പരിഹാരത്തിന്റെയും കൂദാശ എന്നു വിളിക്കപ്പെടുന്നത്.
അനുരഞ്ജനകൂദാശയെക്കുറിച്ച് ഇപ്രകാരമുള്ള ചിന്തകള്‍ പങ്കുവയ്ക്കുന്ന കര്‍ദിനാള്‍ സറാ പാപത്തെക്കുറിച്ചും പാപബോധത്തെ സംബന്ധിച്ചുമാണു തുടര്‍ന്നു പ്രതിപാദിക്കുന്നത്.
പാപം
പാപത്തെ ദൈവകല്പനകളുടെ ലംഘനമായി മാത്രം കണ്ടാല്‍ പോരാ. നമ്മള്‍ എല്ലാറ്റിനും കടപ്പെട്ടിരിക്കുന്ന ദൈവത്തോടുള്ള ആത്മബന്ധമാണ് പാപംവഴി അറ്റുപോകുന്നത്. ദൈവം മനുഷ്യനു ദാനമായി നല്കുന്ന ദൈവികജീവനെയാണ് പാപം വഴി തള്ളിക്കളയുന്നത്. നമ്മുടെ പാപങ്ങള്‍ നമ്മളെ വിശുദ്ധിയിലേക്കു വിളിക്കുന്ന ദൈവത്തിന്റെ ദൃഷ്ടിയില്‍ എന്താണെന്നാണ് നമ്മള്‍ ഗ്രഹിക്കേണ്ടത്.
മാനസാന്തരത്തിന്റെ വരത്തിനായി നാം ദൈവത്തോടു നിരന്തരം യാചിക്കണം. മാനസാന്തരം പരിശുദ്ധാത്മാവിന്റെ പ്രചോദനത്താല്‍ നമ്മുടെ ഹൃദയത്തില്‍ മുളയെടുത്തു പാപമോചനത്തില്‍ പൂര്‍ത്തിയാകുന്ന ഒരു പ്രവര്‍ത്തനമാണ്. അതുവഴി നമ്മുടെ വ്യക്തിപരമായ ജീവിതം ദൈവസ്തുതിയും പരിശുദ്ധ റൂഹായുടെ വാസസ്ഥലവും ദിവ്യകാരുണ്യ ഈശോയുടെ ജീവിക്കുന്ന സക്രാരിയുമായി രൂപാന്തരപ്പെടുന്നു. പാപമോചനകൂദാശയുടെ പ്രാധാന്യം വ്യക്തമാക്കിക്കൊണ്ട് കര്‍ദിനാള്‍ സറാ എഴുതുന്നു: ''മിശിഹായെക്കൂടാതെ സഭയ്ക്ക് ഒന്നും മോചിക്കാന്‍ സാധിക്കുകയില്ല; സഭയെക്കൂടാതെ ഒന്നും മോചിക്കാന്‍ മിശിഹായും ആഗ്രഹിക്കുന്നില്ല. മാനസാന്തരപ്പെട്ടവന് അതായത്, മിശിഹായുടെ ദിവ്യസ്പര്‍ശനം അനുഭവിച്ചവനു മാത്രമേ സഭയ്ക്കു പാപമോചനം നല്കാന്‍ സാധിക്കൂ.'' (പേജ് 151).
പാപബോധമില്ലായ്മ
പശ്ചാത്താപത്തിന്റെ കൂദാശയായ കുമ്പസാരം ആധുനികലോകത്തു പലയിടങ്ങളിലും അന്യമായിത്തീര്‍ന്നിട്ടുണ്ട്. ആദ്യമേ, സത്യത്തോടുള്ള പ്രതിബദ്ധത നഷ്ടമാകുന്നു, തുടര്‍ന്ന് പാപബോധം നഷ്ടമാകുന്നു. 
1946 ല്‍ പന്ത്രണ്ടാം പീയൂസ്  മാര്‍പാപ്പാ പ്രസ്താവിച്ചു: ''പാപബോധം നഷ്ടപ്പെട്ടു എന്നതാണ് ഈ നൂറ്റാണ്ടിന്റെ പാപം.''
പാപബോധം നഷ്ടപ്പെട്ടതിനോടൊപ്പം ഇന്നലെവരെ കഠിനതിന്മയും കുറ്റകൃത്യവുമായി കണക്കാക്കപ്പെട്ടിരുന്ന ഗര്‍ഭച്ഛിദ്രവും ദയാവധവുമെല്ലാം മനുഷ്യന്റെ അടിസ്ഥാനാവകാശങ്ങളായി അവതരിപ്പിക്കപ്പെടുന്നു. എല്ലാവിധ ലൈംഗികവൈകൃതങ്ങളെയും ന്യായീകരിക്കുന്നു. ദൈവത്തെയും ധാര്‍മികബോധത്തെയും ബോധപൂര്‍വം മാറ്റിനിര്‍ത്തിക്കൊണ്ട് സുഖഭോഗങ്ങള്‍ മാത്രമാണ് ജീവിതലക്ഷ്യമെന്നു മനുഷ്യന്‍ സ്വയം നിര്‍ണയിക്കുന്ന ദൗര്‍ഭാഗ്യകരമായ നിലയിലെത്തിയിരിക്കുന്നതായി ഗ്രന്ഥകാരന്‍ ചൂണ്ടിക്കാണിക്കുന്നു.
വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ 1984 ല്‍ പ്രസിദ്ധം ചെയ്ത 'അനുരഞ്ജനവും പ്രായശ്ചിത്തവും' എന്ന അപ്പസ്‌തോലികപ്രബോധനത്തില്‍ ആധുനികമനുഷ്യന്‍ മനഃസാക്ഷിയെ മറച്ചുപിടിക്കുകയും മയക്കിക്കിടത്തുകയും ചെയ്യുന്നു വെന്നു നിരീക്ഷിക്കുന്നു. ദൈവമില്ലെങ്കില്‍ പാപവും അപ്രസക്തമാകുമെന്ന കണക്കുകൂട്ടലിലാണ് സര്‍വത്രസ്വതന്ത്രനാണെന്നു സ്വയം പ്രഖ്യാപിക്കുന്ന മനുഷ്യര്‍ ജീവിക്കുന്നത്.
''സമയം പൂര്‍ത്തിയായി. ദൈവരാജ്യം സമീപിച്ചിരിക്കുന്നു. മനസ്തപിച്ചു സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍'' (മര്‍ക്കോസ് 1, 15). 
ഈശോയുടെ ദൗത്യത്തിന്റെ സാരാംശം അവിടുന്ന് അരുള്‍ചെയ്ത ഈ ആദ്യവാക്യങ്ങളില്‍ത്തന്നെയുണ്ട്. മനസ്തപിക്കാനാണ് അവിടുന്ന് ആഹ്വാനം ചെയ്യുന്നതെന്ന് മറക്കാതിരിക്കാം.
പശ്ചാത്താപത്തിന്റെ 
കൂദാശയോടുള്ള വിപ്രതിപത്തി
ഗ്രന്ഥകാരന്‍, പാശ്ചാത്യരാജ്യങ്ങളില്‍ ഇന്നു പടര്‍ന്നുപിടിക്കുന്ന പ്രായോഗികനിരീശ്വരത്വത്തെപ്പറ്റി പറയുന്നുണ്ട്. ഭൗതികമാത്രപ്രസക്തജീവിതവീക്ഷണത്തെയാണ് പ്രായോഗികനിരീശ്വരത്വം എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. വിശ്വാസം മന്ദീഭവിക്കുമ്പോള്‍ വിശ്വാസാനുസൃത ജീവിതം ഉപേക്ഷിക്കുന്നു. ഞായറാഴ്ചയ്ക്കുര്‍ബാനയും വിശുദ്ധകുര്‍ബാനസ്വീകരണവും വി. കുമ്പസാരവുമെല്ലാം ഇപ്രകാരം ഉപേക്ഷിക്കപ്പെടുന്ന ജീവിതക്രമങ്ങളാണ്.
കര്‍ദിനാളിന്റെ സുപ്രധാനമായ ഒരു നിരീക്ഷണം വിശുദ്ധകുര്‍ബാനസ്വീകരണത്തിനു മുമ്പുള്ള ഉപവാസത്തെക്കുറിച്ചാണ്.
ഇന്നിപ്പോള്‍ ആ ഉപവാസംതന്നെ ഇല്ലെന്നായി. കുര്‍ബാന സ്വീകരണത്തിനുള്ള ശാരീരികമായ ഒരു ഒരുക്കമായിരുന്നു ഈ ഉപവാസം. പാതിരാമുതല്‍ വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നതുവരെയായിരുന്നു ഈ ഉപവാസം. സാവധാനം ആത്മീയ ഒരുക്കവും അപ്രത്യക്ഷമായി. കുമ്പസാരവുമായി കുര്‍ബാനസ്വീകരണത്തിനുള്ള ബന്ധവും കണക്കിലെടുക്കാതായി. കര്‍ദിനാള്‍ സറാ എഴുതുന്നു: ''വളരെയധികം ക്രൈസ്തവര്‍ ഇന്ന് കുമ്പസാരം എന്ന കൂദാശയിലൂടെ പാപം മോചനംപ്രാപിക്കാതെ വിശുദ്ധകുര്‍ബാന സ്വീകരിക്കുന്നുണ്ട്'' (പേജ് 156). 
വിശുദ്ധ കുര്‍ബാനയെ സംബന്ധിച്ചു മതബോധനത്തിലും പ്രഘോഷണങ്ങളിലും ഗുരുതരമായ കൃത്യവിലോപം വരുത്തുന്നതുകൊണ്ട് വിശുദ്ധ കുര്‍ബാനയിലെ നമ്മുടെ കര്‍ത്താവിന്റെ യഥാര്‍ഥസാന്നിധ്യം അംഗീകരിക്കാത്തവരുടെ എണ്ണം വര്‍ധിച്ചു വരുന്നു! അവര്‍ക്കു കുര്‍ബാന എല്ലാവരും ഭാഗഭാക്കാകുന്ന ആഘോഷപൂര്‍വമായ വിരുന്നായി മാത്രം ചുരുങ്ങുന്നു. ഇപ്രകാരമുള്ള നിരീക്ഷണങ്ങള്‍ സമാപിപ്പിച്ചുകൊണ്ട് കര്‍ദിനാള്‍ സറാ പറയുന്നു: ''വചനശുശ്രൂഷയില്‍ കൊറീന്തോസിലെ സഭയ്ക്കുള്ള ഒന്നാം ലേഖനം പതിനൊന്നാം അധ്യായത്തില്‍ വിശുദ്ധ കുര്‍ബാന സ്ഥാപനവിവരണം വായിക്കുമ്പോള്‍ 27, 28, 29 വാക്യങ്ങള്‍ ചിലര്‍ മനഃപൂര്‍വം വിട്ടുകളയുന്നു.'' പൗലോസ് ശ്ലീഹായുടെ ഈ പഠനം വിട്ടുകളയാന്‍ പാടില്ല. അവ ചുവടെ ചേര്‍ക്കുന്നു:
''ആകയാല്‍, ആരെങ്കിലും അയോഗ്യതയോടെ കര്‍ത്താവിന്റെ അപ്പം ഭക്ഷിക്കുകയും അവന്റെ പാത്രത്തില്‍നിന്നു പാനം ചെയ്യുകയും ചെയ്യുന്നുവോ അവന്‍ കര്‍ത്താവിന്റെ ശരീരത്തിനും രക്തത്തിനുമെതിരേ അപരാധിയാകും. അതിനാല്‍, ഓരോരുത്തരും ആത്മപരിശോധന ചെയ്തശേഷം ഈ അപ്പം ഭക്ഷിക്കുകയും ഈ പാത്രം പാനം ചെയ്യുകയും ചെയ്യട്ടെ. എന്തുകൊണ്ടെന്നാല്‍, കര്‍ത്താവിന്റെ ശരീരത്തെ വിവേചിച്ചറിയാതെ അയോഗ്യമാംവിധം ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുന്നവന്‍ തനിക്കുതന്നെയുള്ള ശിക്ഷാവിധി ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുന്നു'' (1 കൊറി. 11, 27-29).
മനുഷ്യാവതാരദിവ്യരഹസ്യത്തിലെ വീണ്ടെടുപ്പിന്റെ - നമുക്കുവേണ്ടിയും നമ്മുടെ രക്ഷയ്ക്കുവേണ്ടിയും - ചിന്തകള്‍ വിസ്മരിക്കരുതെന്നും ഗ്രന്ഥകര്‍ത്താവ് ഓര്‍മിപ്പിക്കുന്നു. ഉദ്ഭവപാപം, ചാവുദോഷം, പ്രലോഭനം, ശുദ്ധീകരണസ്ഥലം, നരകശിക്ഷ മുതലായ കാര്യങ്ങളെക്കുറിച്ചുള്ള ശരിയായ പഠനങ്ങള്‍, രക്ഷാകരദിവ്യരഹസ്യത്തിന്റെ ഭാഗമായി അവതരിപ്പിക്കാന്‍ അവസരോചിതമായി ശ്രമിക്കുവാന്‍ ആധ്യാത്മികഗുരുക്കന്മാരായ വൈദികര്‍ക്കു കടമയുണ്ട്.
ലോകത്തില്‍ നന്മയും തിന്മയും തമ്മിലുള്ള പോരാട്ടമുണ്ട്. അന്ധകാരവും പ്രകാശവും തമ്മിലുള്ള ഏറ്റുമുട്ടലുണ്ട്. വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തില്‍ ലോകത്തിലേക്കു വരുന്ന, എല്ലാവരെയും പ്രകാശിപ്പിക്കുന്ന യഥാര്‍ഥ വെളിച്ചം' എന്നാണ് ഈശോയെപ്പറ്റി പറയുന്നത് (യോഹ. 1, 9). ''വെളിച്ചം ലോകത്തിലേക്കു വന്നു. എന്നാല്‍, തങ്ങളുടെ പ്രവൃത്തികള്‍ ദുഷ്ടമായിരുന്നതിനാല്‍, മനുഷ്യര്‍ വെളിച്ചത്തെക്കാള്‍ അധികമായി ഇരുളിനെ സ്‌നേഹിച്ചു'' (യോഹ. 3,19) എന്നും എഴുതപ്പെട്ടിരിക്കുന്നു. വെളിപാടിന്റെ പുസ്തകത്തിലും ഈ യുദ്ധത്തെക്കുറിച്ചു പരാമര്‍ശിക്കുന്നുണ്ട് (12, 7-9).
ഇന്ന് ജീവിതത്തിലെ പരീക്ഷണങ്ങള്‍ക്കും സഹനങ്ങള്‍ക്കും പാപപ്പരിഹാരത്തിന്റെയും രക്ഷയുടെയും ഒരു മാനം നല്കുവാന്‍ സാധിക്കാതെപോകുന്നു.
രക്ഷ എന്ന ദിവ്യരഹസ്യം തന്നെ ഭൗതികമായ ജീവിതവിജയമായി പുനര്‍നിര്‍വചനം ചെയ്യപ്പെടുകയും നീതിക്കും സമാധാനത്തിനുംവേണ്ടിയുള്ള പ്രവര്‍ത്തനവും പാരിസ്ഥിതികസംരക്ഷണവും സാമൂഹികപ്രവര്‍ത്തനങ്ങളും മാത്രമാണ് സഭയുടെ ദൗത്യമെന്നു തെറ്റിദ്ധരിക്കാന്‍ ഇടയാകുകയും ചെയ്യുന്നു.
ഇതൊക്കെയാണെങ്കിലും ആധുനികമനുഷ്യന്‍ അസ്വസ്ഥനും നിരാശനുമാണ്.
നിത്യരക്ഷയുടെയും സ്വര്‍ഗീയസൗഭാഗ്യത്തിന്റെയും പ്രത്യാശ മാത്രമേ മനുഷ്യനെ തൃപ്തനാക്കുകയുള്ളൂ. 
ദൈവത്തില്‍നിന്ന് അകന്നുപോയവനു പാപബോധവും പശ്ചാത്താപവും മാനസാന്തരവും കണ്ടെത്താനുള്ള ഇടമാണ് സഭയുടെ കൗദാശികജീവിതം.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)