1994 സെപ്റ്റംബറില്‍ റോമില്‍വച്ച് സേക്രഡ് ഓറിയന്റല്‍ കോണ്‍ഗ്രിഗേഷന്റെ പ്രീഫെക്ട് കര്‍ദിനാള്‍ ലൊറെന്‍സോ ബാന്‍ഡിസ്‌പേറിയെ സന്ദര്‍ശിക്കുന്നതിന് എനിക്കവസരം ലഭിക്കുകയുണ്ടായി. ചെറുപുഷ്പമിഷന്‍ ലീഗിന്റെ ദേശീയ ഡിറക്ടര്‍ എന്ന നിലയില്‍ സി.എം.എല്ലിനെപ്പറ്റി ചില കാര്യങ്ങള്‍ കര്‍ദിനാളിനെ ധരിപ്പിക്കുകയായിരുന്നു എന്റെ ലക്ഷ്യം. മിഷന്‍ ലീഗ് നിയമാവലിയുടെ ഒരു ഇംഗ്ലീഷ് കോപ്പി കര്‍ദിനാളിനു നല്‍കിക്കൊണ്ടായിരുന്നു സംഭാഷണത്തിനു തുടക്കമിട്ടത്.
വി. കൊച്ചുത്രേസ്യായ്ക്ക് നമ്മുടെ നാട്ടില്‍ ഇത്രയധികം പ്രചാരം ലഭിച്ചതെങ്ങനെയെന്ന് അദ്ദേഹം എന്നോട് ആരാഞ്ഞു. വിശുദ്ധയുടെ സ്വയംകൃതചരിത്രമായ നവമാലികയെപ്പറ്റിയാണ് പെട്ടെന്ന് ഞാന്‍ ഓര്‍ത്തത്. 1925 ലാണല്ലോ വിശുദ്ധ കൊച്ചുത്രേസ്യാ പുണ്യവതിയെന്നു പ്രഖ്യാപിക്കപ്പെട്ടത്. നാമകരണനടപടികള്‍ കഴിഞ്ഞ് ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ അവളുടെ ആത്മകഥ മലയാളത്തില്‍ പ്രസിദ്ധപ്പെടുത്തുകയുണ്ടായി. വളരെ ചെറുപ്പത്തില്‍ത്തന്നെ വിശുദ്ധയായിത്തീര്‍ന്ന കൊച്ചുത്രേസ്യായുടെ ചരിത്രം ഈ നാട്ടുകാരുടെ ഇടയില്‍ പെട്ടെന്നു പ്രചരിച്ചു. അങ്ങനെയാണ് കൊച്ചുത്രേസ്യാ വളരെ വേഗത്തില്‍ അറിയപ്പെട്ടുതുടങ്ങിയത്. കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട ജീവിതമായിരുന്നു കൊച്ചുത്രേസ്യായുടേത്.
ചെറുപുഷ്പമിഷന്‍ലീഗ് പാലാ രൂപതയിലെ ഭരണങ്ങാനം ഇടവകയില്‍ ഒരു മിഷന്‍ സംഘടനയായിട്ടാണു രൂപംകൊണ്ടത്. സംഘടനയുടെ സ്വര്‍ഗീയാധികാരിയായി വി. കൊച്ചുത്രേസ്യായെയാണല്ലോ തിരഞ്ഞെടുത്തത്. അതോടെ ആ വിശുദ്ധയെപ്പറ്റി പ്രത്യേകം പഠിക്കുന്നതിന് മിഷന്‍ലീഗംഗങ്ങള്‍ തത്പരരായി. മിഷന്‍ലീഗ് പ്രേഷിതസംഘടന എന്ന നിലയില്‍ വളര്‍ന്നു പന്തലിച്ചതോടെ വിശുദ്ധ കൊച്ചുത്രേസ്യായും ആഗോളതലത്തില്‍ അറിയപ്പെടാനിടയായി.
വിശുദ്ധ കൊച്ചുത്രേസ്യായെ മിഷന്‍പ്രവര്‍ത്തനങ്ങളുടെയെല്ലാം ആഗോളമധ്യസ്ഥയായി പ്രഖ്യാപിച്ചത് പതിനൊന്നാം പീയൂസ് മാര്‍പാപ്പായാണ്. വി. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ ത്രേസ്യായെ വേദപാരംഗത എന്നും ഔദ്യോഗികമായി വിളിച്ച് ആദരിച്ചു. തിരുസ്സഭാചരിത്രത്തില്‍ വളരെ കുറച്ചു വിശുദ്ധരെ മാത്രമേ വേദപാരംഗതര്‍ എന്നു വിളിച്ച് ആദരിച്ചിട്ടുള്ളൂ. ആവിലായിലെ വി. അമ്മ ത്രേസ്യാ ഇങ്ങനെയുള്ള ഒരാളാണ്.
ഇപ്പോഴിതാ വി. കൊച്ചുത്രേസ്യാ ഭൗതികമണ്ഡലത്തിലും ആദരിക്കപ്പെട്ടിരിക്കുന്നു. 2023 ജനുവരി രണ്ടിന് വി. കൊച്ചുത്രേസ്യായുടെ 150-ാം ജന്മവാര്‍ഷികമാണ്. ആഗോളതലത്തില്‍ ഈ വിശുദ്ധയുടെ സ്വാധീനം അംഗീകരിച്ചാദരിക്കാന്‍ യുനെസ്‌കോ തീരുമാനിച്ചു. സമാധാനം, വിദ്യാഭ്യാസം, ശാസ്ത്രം, ആശയവിനിമയം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ലോകമെമ്പാടുമുള്ള വ്യക്തികളെ രണ്ടുവര്‍ഷത്തിലൊരിക്കല്‍ യുനെസ്‌കോ ആദരിക്കാറുണ്ട്.
സാധാരണ ജനങ്ങളില്‍ യുനെസ്‌കോയുടെ ഈ തീരുമാനം അദ്ഭുതം ഉളവാക്കിയിരിക്കയാണ്. കൊച്ചുത്രേസ്യാ വളരെ ചെറുപ്പത്തില്‍ത്തന്നെ മൃതിയടഞ്ഞ ഒരു ഫ്രഞ്ചുകന്യാസ്ത്രീ ആയിരുന്നല്ലോ. അവള്‍ക്ക് മരണസമയത്ത് ഇരുപത്തിനാലു വയസ്സു മാത്രമായിരുന്നു പ്രായം. ആ സംഭവം നടന്നിട്ട് ഒന്നേകാല്‍ നൂറ്റാണ്ടു കഴിഞ്ഞു. കന്യകാമഠത്തിന്റെ നാലു ഭിത്തികള്‍ക്കുള്ളില്‍ കഴിഞ്ഞിരുന്ന ആ ജീവിതം എടുത്തുപറയത്തക്ക ഒരു കാര്യവും ചെയ്തിട്ടില്ല. അവളുടെ ജ്യേഷ്ഠസഹോദരികൂടി ആയിരുന്ന മഠത്തിന്റെ സുപ്പീരിയറിന്റെ നിര്‍ദേശമനുസരിച്ച് അവളെഴുതിയ സ്വന്തം ജീവചരിത്രവും മറ്റേതാനും എഴുത്തുകളും മാത്രമേ 'നവമാലിക' യില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളൂ. പക്ഷേ, ആ ഗ്രന്ഥം ത്രേസ്യായുടെ ശ്രേഷ്ഠജീവിതത്തെ വെളിപ്പെടുത്തുന്ന ചൂണ്ടുപലകയാണ്.
2021 നവംബര്‍ 11 ന് യുനെസ്‌കോയുടെ സമ്മേളനം പാരീസില്‍ ചേര്‍ന്നപ്പോള്‍ പുറപ്പെടുവിച്ച റിപ്പോര്‍ട്ടില്‍ ഇപ്രകാരം വായിക്കുന്നു: ''സംസ്‌കാരവും വിദ്യാഭ്യാസവും ശാസ്ത്രജ്ഞാനവുമുള്ള ഒരു ഫ്രഞ്ചുയുവതി അവളുടെ ബുദ്ധിപ്രഭാവവും രചനകളുംവഴി മനുഷ്യഹൃദയത്തിന്റെ ആഴങ്ങള്‍ കണ്ടെത്തുന്നു. ജീവിതത്തിന്റെ അര്‍ഥപൂര്‍ണവും വ്യക്തിപരവുമായ പുതിയ പാതകള്‍ തുറക്കുകയും ചെയ്യുന്നു.''
വി. കൊച്ചുത്രേസ്യായ്ക്ക് നാലരവയസ്സുമാത്രമേ ഉണ്ടായിരുന്നുള്ളൂ അവളുടെ അമ്മ മരിച്ചപ്പോള്‍. അമ്മയുടെ മരണം വലിയ ആഘാതമാണ് ആ കൊച്ചുകുട്ടിയെ ഏല്പിച്ചത്. അതോടെ അവള്‍ രോഗിയായിത്തീര്‍ന്നു. എങ്കിലും 1886 ലെ ക്രിസ്മസ് രാത്രിയില്‍ അവള്‍ അദ്ഭുതകരമാംവിധം സൗഖ്യം പ്രാപിച്ചു. അതോടെ ഒരു വലിയ മാറ്റമാണ് അവളില്‍ സംഭവിച്ചത്. ഒരു മാനസാന്തരം എന്നില്‍ സംഭവിച്ചുവെന്നാണ് ആ സംഭവത്തെപ്പറ്റി അവര്‍ നവമാലികയില്‍ കുറിച്ചത്. ലോകത്തെപ്പറ്റിയും ജീവിതത്തെപ്പറ്റിയും പുതിയ ബോധ്യങ്ങള്‍ അവള്‍ക്കുണ്ടായി. അവളുടെ കാഴ്ചപ്പാടുകള്‍ മുഴുവനും ഈശോയെ കേന്ദ്രീകരിച്ചുള്ളവയായിത്തീര്‍ന്നു. ദീര്‍ഘകാലത്തെ പഠനംകൊണ്ടും വായനകൊണ്ടും ലഭിക്കാവുന്നതിലധികം അറിവ് ഈശോ നല്‍കിയതായി അവള്‍ക്കനുഭവപ്പെട്ടു.
കൊച്ചുത്രേസ്യാ തുടര്‍ന്നു: ''ഈശോ എന്റെ പക്കലേക്കു താഴ്ന്നിറങ്ങിവന്ന് എന്റെ മനസ്സിനെ സംബന്ധിച്ചുള്ള വിവരങ്ങള്‍ എനിക്കു വെളിപ്പെടുത്തി. ആത്മാക്കളെ ഉദ്‌ബോധിപ്പിക്കുന്നതിന് പുസ്തകങ്ങളോ ആചാര്യന്മാരോ അവിടുത്തേക്ക് ആവശ്യമില്ല. ആചാര്യന്മാരുടെ ആചാര്യനായ അവിടുന്ന് സംസാരിക്കുന്നത് ഞാന്‍ കേട്ടിട്ടില്ല. എങ്കിലും എന്റെ അന്തഃകരണത്തില്‍ അവിടുന്നുണ്ടെന്ന് എനിക്കു ബോധ്യമായി. ഓരോ നിമിഷവും ഞാന്‍ ചെയ്യേണ്ടതെന്തെന്ന് എനിക്കു നിര്‍ദേശിച്ചുതരികയും ചെയ്തു.
ഈശോ ത്രേസ്യായെ പഠിപ്പിച്ചത് സ്‌നേഹത്തിന്റെ ശാസ്ത്രമാണ്. ശാസ്ത്രങ്ങളുടെയും ശാസ്ത്രം! കലാപകലുഷിതമായ ലോകത്തില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിന് ഈശോ പഠിപ്പിച്ച സ്‌നേഹശാസ്ത്രത്തിനു മാത്രമേ കഴിയൂ എന്ന് ത്രേസ്യാ മനസ്സിലാക്കി. അതുകൊണ്ടാണ് സംസ്‌കാരവും ശാസ്ത്രജ്ഞാനവുമുള്ള ഒരു ഫ്രഞ്ചുയുവതി അവളുടെ വ്യക്തിപ്രഭാവവും രചനകളുംവഴി മനുഷ്യഹൃദയത്തിന്റെ ആഴങ്ങള്‍ കണ്ടെത്തുന്നു എന്ന് യുനെസ്‌കോ റിപ്പോര്‍ട്ടു ചെയ്തത്.
ജീവിതത്തിന്റെ അര്‍ഥവും വ്യക്തിപരതയും ശാന്തിയും തേടിയുള്ള യാത്രയില്‍ അനുഗമിക്കാവുന്ന പുതിയ പാതകള്‍ കണ്ടെത്തുകയും ചെയ്യുന്നു.
ആഗോളമിഷന്‍ മധ്യസ്ഥയായ വി. കൊച്ചുത്രേസ്യായെ യുനെസ്‌കോ ആദരിച്ചതുവഴി അവളുടെ കുറുക്കുവഴിയെ അനുഗമിക്കുന്നവര്‍ക്ക് അഭിമാനിക്കാം; ദൈവത്തിനു നന്ദി പറയാം.