തുലാസിനെക്കുറിച്ചു ചിന്തിക്കുമ്പോള്‍ ആദ്യം ഓര്‍മവരുന്നത്; നീതിയുടെ തുലാസ് ഉയര്‍ത്തിപ്പിടിച്ചു നില്ക്കുന്ന മിഖായേല്‍ മാലാഖയുടെ സ്വര്‍ഗീയചിത്രമാണ്.
നീതിയുടെ തുലാസ് ഉയര്‍ത്തിപ്പിടിച്ചു നില്ക്കുന്ന മറ്റൊരു ചിത്രവും പരിചിതമാണ് മാലോകര്‍ക്ക് - കണ്ണുകള്‍ ഭദ്രമായി മൂടിക്കെട്ടി; ഒരു തുലാസ് ഉയര്‍ത്തിപ്പിടിച്ചു നില്ക്കുന്ന നീതിദേവതയുടെ ചിത്രം.
ഇത്തരം നീതിയുടെ പ്രതീകങ്ങള്‍ സാധാരണ മനുഷ്യരുടെ ചിന്തയില്‍ എപ്പോഴുമങ്ങനെ ഉണരണമെന്നില്ല. അവന്റെ പ്രായോഗികചിന്തയില്‍ പെട്ടെന്നു കടന്നുവരുന്നത് കച്ചവടമേഖലയിലെ തുലാസ് തന്നെയാണ്. അനുദിനം അവന്റെ ക്രിയവിക്രയങ്ങളില്‍ സ്ഥാനം പിടിക്കുന്ന തുലാസ്; കച്ചവടക്കാരന്റെ പ്രതീകം.
അനുദിനജീവിതത്തില്‍ മനുഷ്യന്‍ തുലാസ് ഉപയോഗപ്പെടുത്താന്‍ തുടങ്ങിയത് എന്നു മുതല്‍ക്കായിരിക്കും? അതേക്കുറിച്ച് ചരിത്രം ഖണ്ഡിതമായി ഒന്നും പറയുന്നില്ല. ചില ഊഹങ്ങളെ ആശ്രയിക്കാമെങ്കില്‍, ഈജിപ്തുകാരാണത്രേ തുലാസ് എന്ന ഉപകരണം - അഥവാ സങ്കല്പം പ്രായോഗികതലത്തില്‍ ലോകത്തിനു സംഭാവന ചെയ്തത്. ഇക്കാര്യത്തില്‍ ഏറ്റവും പഴമക്കാര്‍ തങ്ങളാണെന്ന് ഈജിപ്തുകാര്‍ അഭിമാനിക്കുന്നു.
ഈജിപ്ഷ്യന്‍തുലാസിന് ഏഴായിരത്തിലധികം വര്‍ഷത്തെ പാരമ്പര്യമാണ് അവകാശപ്പെടുന്നത്. ചുണ്ണാമ്പുകല്ല് ഉരുമ്മിമിനുക്കിയെടുക്കുന്ന ഒരു ദണ്ഡ്! അതായിരുന്നു പുരാതന ഈജിപ്ഷ്യന്‍ തുലാസ്. നമ്മുടെ നാട്ടില്‍ സാധാരണവും സുപരിചിതവുമായിരുന്ന വെള്ളിക്കോലിന്റെ രൂപത്തിലുള്ളതായിരിക്കണമത്. ഭാരനിര്‍ണയത്തിന് നമ്മുടെ നാട്ടില്‍ വെള്ളിക്കോലുകള്‍ ഉപയോഗിച്ചിരുന്നതു കണ്ടിട്ടുള്ളവരാണ് ഇന്നാട്ടിലെ മുതിര്‍ന്ന പൗരന്മാര്‍. ഒന്നരയടിയോളം നീളം വരുന്ന അങ്കനം ചെയ്ത ഒരു ദണ്ഡും ദണ്ഡ് ഉയര്‍ത്തിപ്പിടിക്കുന്നതിന് ബലവത്തായ ഒരു ചരടും ദണ്ഡിന്റെ വണ്ണം കുറഞ്ഞ ഭാഗത്ത് വസ്തുക്കള്‍ വയ്ക്കാനുള്ള സംവിധാനവും - അതാണ് വെള്ളിക്കോലുകളുടെ പൊതുഘടന. ഇന്നിപ്പോള്‍ ഈ കോലുകളൊക്കെ പല ഘട്ടങ്ങളിലൂടെ പരിഷ്‌കരിക്കപ്പെട്ട് അളവുതൂക്കനിര്‍ണയത്തിന് ഇലക്‌ട്രോണിക് സാങ്കേതിക ഉപയോഗപ്പെടുത്തിക്കൊണ്ട് ഭാരനിര്‍ണയകാര്യത്തില്‍ കൃത്യതയും കണിശതയും നാം ഉറപ്പാക്കിക്കഴിഞ്ഞു.
പക്ഷേ, ഒരു കാര്യം ഖേദത്തോടെ ഓര്‍മിക്കാം: തുലാസിന്റെ കാര്യത്തില്‍ ആരംഭകാലം മുതലേ നിലനിന്നുപോന്ന കള്ളത്തുലാസ് ഇപ്പോഴും തുടരുന്നു.
കൊടുക്കുമ്പോള്‍ കുറച്ചു കൊടുക്കുകയും എടുക്കുമ്പോള്‍ കൂടുതല്‍ എടുക്കുകയും ചെയ്യുന്നത് ഒരു അവകാശമായിപ്പോലും ധരിച്ചിരുന്ന ഒരു ഫ്യൂഡല്‍വ്യവസ്ഥിതി ഉണ്ടായിരുന്നില്ലേ കേരളത്തില്‍? അത്തരം പ്രവണതകളെ നിരോധിച്ചും വിലക്കിയുമുള്ള കല്പനകള്‍ കാണുന്നതുകൊണ്ടാണ് ഈ നിഗമനം.
കേരളനവോത്ഥാനത്തിന്റെ ചാലകശക്തിയായ ഉദയംപേരൂര്‍ സൂനഹദോസ് നടന്നത് 1599 ല്‍ ആണ്. അക്കാലത്ത് കേരളത്തിലെ രാഷ്ട്രീയ സാമൂഹിക സാമുദായിക രംഗങ്ങളില്‍ നടമാടിക്കൊണ്ടിരുന്ന അരുതായ്മകളെ വിലക്കിക്കൊണ്ടുള്ള കല്പനകള്‍ സൂനഹദോസ് പുറപ്പെടുവിക്കുകയുണ്ടായി. അതുകൊണ്ടുതന്നെ ഏഴാംയോഗത്തില്‍ പുറപ്പെടുവിച്ച പതിനേഴാം കല്പന അളവുതൂക്കങ്ങള്‍ തികച്ചും സുതാര്യവും നീതിപൂര്‍വകവുമായിരിക്കണമെന്നു നിഷ്‌കര്‍ഷിക്കുന്നതാണ്. അക്കാലത്തെ പല സമ്പന്നകുടുംബങ്ങളിലും ആചരിച്ചുപോന്ന ഒരനീതിയായിരുന്നു 'വര്‍ക്കത്ത്' എടുക്കല്‍ സമ്പ്രദായം. നെല്ലോ അരിയോ എന്തുതന്നെ ആയാലും അളന്നുകൊടുത്താല്‍ കൊടുത്തതില്‍നിന്ന് ഒരു പിടി നെല്ലോ അരിയോ തിരികെയെടുക്കുന്ന രീതി. ഇങ്ങനെ അല്പം തിരികെയെടുത്തില്ലെങ്കില്‍ കുടുംബത്തില്‍ നിലനില്ക്കുന്ന ഐശ്വര്യം കൂടെപ്പോകുമത്രേ. വീടുകളിലെ സ്ത്രീകളുടെ ഒരു വിശ്വാസം അഥവാ, അന്ധവിശ്വാസമായിരുന്നു അത്. പല കുടുംബങ്ങളിലും കാരണവത്തിമാരുടെ കുത്തകയായിരുന്നല്ലോ അടുക്കളവരാന്തയിലെ ഇത്തരം കൊടുക്കല്‍വാങ്ങലുകള്‍. ഈ സമ്പ്രദായം തികഞ്ഞ അനീതിയാണെന്നറിയിക്കുകയും കല്പനയാല്‍ നിരോധിക്കുകയും ചെയ്തു സൂനഹദോസ്.
പുരാണേതിഹാസങ്ങളിലും മറ്റും തുലാസ് ദുര്‍വിനിയോഗം ചെയ്യുന്നതിനെതിരേ ഒട്ടനേകം മുന്നറിയിപ്പുകളും ശാസനകളും കാണുവാന്‍ കഴിയും. ലോകത്തില്‍ ഏറ്റവുമധികം വായിക്കപ്പെടുന്ന ബൈബിളില്‍, തുലാസ് സത്യസന്ധമായി ഉപയോഗിക്കുന്നതിനുള്ള ഉദ്‌ബോധനങ്ങള്‍ നിരവധിയാണ്. ലേവ്യരുടെ പുസ്തകം പത്തൊന്‍പതാം അധ്യായത്തില്‍നിന്നുള്ള ഒരു വാക്യം ഇവിടെ ഉദ്ധരിക്കട്ടെ: ''വിധിയിലും അളവിലും തൂക്കത്തിലും നിങ്ങള്‍ അനീതി പ്രവര്‍ത്തിക്കരുത്. ശരിയായ തുലാസും കട്ടിയും നിങ്ങള്‍ക്കുണ്ടായിരിക്കണം.'' (ലേവ്യര്‍ 19:35). ഇതേ കാര്യംതന്നെ ആവര്‍ത്തനപ്പുസ്തകത്തിലും ആവര്‍ത്തിച്ചുറപ്പിച്ചിരിക്കുന്നു: ''നിന്റെ സഞ്ചിയില്‍ തൂക്കം കൂടിയതും കുറഞ്ഞതുമായ രണ്ടുതരം കട്ടികള്‍ ഉണ്ടായിരിക്കരുത്. നിന്റെ വീട്ടില്‍ ചെറുതും വലുതുമായ രണ്ടുതരം അളവുപാത്രങ്ങള്‍ ഉണ്ടായിരിക്കരുത്. നിന്റെ ദൈവമായ കര്‍ത്താവ് നിനക്കു തരുന്ന ദേശത്ത് ദീര്‍ഘായുസ്സോടെ ഇരിക്കേണ്ടതിന് നിന്റെ കട്ടികളും അളവുപാത്രങ്ങളും നിര്‍വ്യാജവും നീതിയുക്തവുമായിരിക്കണം.'' (ആവര്‍ത്തനം 25: 13-15).
മിക്കാ പ്രവാചകന്‍ തുലാസുമായി ബന്ധപ്പെട്ടു നടത്തുന്ന അഴിമതികള്‍ക്കെതിരേ നല്കുന്ന അതിശക്തമായ താക്കീതു കാണുക: ''ദുഷ്ടന്മാരുടെ ഭവനത്തിലെ തിന്മയുടെ നിക്ഷേപങ്ങളും ശപ്തമായ കള്ള അളവുകളും എനിക്കു മറക്കാനാവുമോ? കള്ളത്തുലാസും കള്ളക്കട്ടികളും കൈവശം വയ്ക്കുന്നവനെ ഞാന്‍ വെറുതെ വിടുമോ? ആയതിനാല്‍, നിന്നെ ഞാന്‍ അതി കഠിനമായി പീഡിപ്പിക്കും.'' (മിക്കാ. 6: 10-13).
നമ്മുടെ നാട്ടില്‍ വെയ്റ്റ് ആന്റ് മെഷേഴ്‌സ് ഡിപ്പാര്‍ട്ടുമെന്റ് ഉണ്ട്. അതിന് ഡയറക്ടറും ഇന്‍സ്‌പെക്ടര്‍മാരും മറ്റനേകം ഉദ്യോഗസ്ഥന്മാരും ഉണ്ട്. തുലാസ് തുടങ്ങിയ അളവുപകരണങ്ങളില്‍ മുദ്രവയ്ക്കണം, സര്‍ട്ടിഫിക്കറ്റുകള്‍ നല്കണം. അംഗീകൃതമല്ലാത്ത അളവുപകരണങ്ങള്‍ നിരോധിക്കുന്നതിനും ശിക്ഷ നല്‍കുന്നതിനുമുള്ള നിയമങ്ങള്‍ ഇന്ന് എല്ലാ രാജ്യത്തും ഉണ്ട്. എന്നാല്‍, ഇതുപോലുള്ള നിയമങ്ങള്‍ ബി.സി. നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന കൗടില്യന്‍ തന്റെ 'അര്‍ഥശാസ്ത്ര'ത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. 'പൗരാവാധ്യക്ഷന്‍' (അളവുകളും തൂക്കങ്ങളും നോക്കുന്ന മേധാവി), 'പൗരാവകര്‍മ്മാന്തങ്ങള്‍' (അളവുതൂക്ക ഉപകരണങ്ങള്‍) ഉണ്ടായിരിക്കണം, തുലാവ്രതിമാനദണ്ഡങ്ങള്‍ (തൂക്കുവാനുള്ള തുലാസും പടികളും) പൗരാവാധ്യക്ഷന്റെ പക്കല്‍നിന്നു വാങ്ങണം, ഈ നിയമങ്ങള്‍ ലംഘിച്ചാല്‍ പന്ത്രണ്ടു പണം പിഴ ഈടാക്കണം എന്നിങ്ങനെയുള്ള നിയമങ്ങള്‍ അര്‍ഥശാസ്ത്രത്തില്‍ അനുശാസിച്ചിരുന്നു.
ഒരു വസ്തുവില്‍ അടങ്ങിയിരിക്കുന്ന ദ്രവ്യപരിണാമത്തെ അളക്കാനുള്ള ഒരു ഉപകരണം എന്നതില്‍ കവിഞ്ഞ് മനുഷ്യന്റെ ആധ്യാത്മികമണ്ഡലത്തെ മനനം ചെയ്യുന്നതിന്, സനാതനമൂല്യങ്ങളാകുന്ന പടികള്‍ ഇട്ട് മനുഷ്യന്റെ സര്‍ഗാത്മകമൂല്യം അളക്കുന്നതിനുള്ള ഉപാധികൂടിയായി തുലാസ് എന്ന ആശയം പരിഗണിക്കപ്പെടുന്നുണ്ട്. വിശുദ്ധഗ്രന്ഥത്തില്‍നിന്ന് ഒന്നുരണ്ട് സമൂര്‍ത്തരംഗങ്ങള്‍ ഇവിടെ വിവരിക്കാം. ദൈവത്തിന്റെ ഉത്തമഭക്തനും സ്‌നേഹിതനുമായിരുന്നു ജോബ്. ജോബിനെക്കുറിച്ച് വിശുദ്ധഗ്രന്ഥം പറയുന്നു: ''തിന്മയില്‍നിന്നകന്ന് ദൈവഭക്തനായി ജീവിച്ച അവന്‍ നിഷ്‌കളങ്കനും നീതിമാനും ആയിരുന്നു... പൗരസ്ത്യദേശത്തെ ഏറ്റവും വലിയ സമ്പന്നനായിരുന്നു അവന്‍.'' എന്നാല്‍, പെട്ടെന്നൊരു സാഹചര്യത്തില്‍ അവന്റെ സമ്പത്തും, സന്താനങ്ങളും സര്‍വഐശ്വര്യങ്ങളും നഷ്ടമാകുന്നു. ശരീരമാകെ വ്രണമായി തീവ്രവേദന അനുഭവിക്കാന്‍ തുടങ്ങുന്നു. ഈ ഘട്ടത്തില്‍ ജോബിനെ സന്ദര്‍ശിക്കുന്ന അയാളുടെ സുഹൃത്തുക്കള്‍, ജോബിന്റെ പാപപങ്കിലതയാലാണ് അവന് ഈ ദുര്‍വിധി അനുഭവിക്കേണ്ടി വന്നത് എന്നു സ്ഥാപിക്കാന്‍ ശ്രമിക്കുമ്പോള്‍ ജോബ് അവര്‍ക്കു നല്കുന്ന മറുപടി; തുലാസിനെ ഒരു ഭൗതികോപകരണം എന്ന നിലയില്‍നിന്ന് ആധ്യാത്മികതലത്തിലേക്കുയര്‍ത്തുന്നു: ''ദൈവം എന്റെ നിഷ്‌കളങ്കത അറിയേണ്ടതിന് എന്നെ കപടമില്ലാത്ത ത്രാസില്‍ തൂക്കി നോക്കട്ടെ'' (ജോബ് 31:6).
മനുഷ്യന്റെ നന്മതിന്മകള്‍ എല്ലാം ധര്‍മാധര്‍മങ്ങളുടെ തുലാസില്‍ തൂക്കിനോക്കി ദൈവം ജയാപജയങ്ങള്‍ നിര്‍ണയിക്കുന്നു; ശിക്ഷാരക്ഷകള്‍ നല്കുന്നു എന്നത് മനുഷ്യനോളം തന്നെ പഴക്കമുള്ള ധാരണയാണ്. പഴയനിയമത്തിലെ ദാനിയേല്‍പ്രവാചകന്റെ പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന സംഭവം ഈ ധാരണയ്ക്ക് ഉപോത്ബലകമാകുന്നു. ബാബിലോണിയാരാജ്യം ഭരിച്ചിരുന്ന ബല്‍ഷാസര്‍ തന്റെ കൊട്ടാരത്തില്‍ പൊടിപൂരമായി ഒരു വിരുന്നു നടത്തിക്കൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് ഒരു മനുഷ്യന്റെ വിരലുകള്‍ പ്രത്യക്ഷപ്പെട്ട് രാജകൊട്ടാരത്തിന്റെ അകത്തളമതിലില്‍ ഇങ്ങനെ എഴുതി: ''മെനേ, മെനേ, തെഖേല്‍ പാര്‍സീന്‍'' (ദാനിയേല്‍ 5:26) ഈ പദങ്ങള്‍ തീക്കനല്‍പോലെ തിളങ്ങി. ഈ ഹീബ്രുപദങ്ങള്‍ക്ക് ദാനിയേല്‍ നല്കിയ വ്യാഖ്യാനം ഇങ്ങനെയാണ്: ''മെനേ - ദൈവം നിന്റെ രാജ്യത്തിന്റെ നാളുകള്‍ എണ്ണുകയും അതിന്റെ അവസാനം കുറിക്കുകയും ചെയ്തിരിക്കുന്നു. തെഖേല്‍ - നിന്നെ തുലാസില്‍ തൂക്കി കുറവുള്ളവനായി കണ്ടിരിക്കുന്നു.
പാര്‍സീന്‍, നിന്റെ രാജ്യം വിഭജിച്ച് മേദിയക്കാര്‍ക്കും പേര്‍ഷ്യക്കാര്‍ക്കും നല്കിയിരിക്കുന്നു. (ദാനി. 5: 26, 27, 28). ഈ ചരിത്രസംഭവം എച്ച്.ജി. വെല്‍സ് തന്റെ ലോക ചരിത്രഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ദൈവത്തിന്റെ തുലാസില്‍ മനുഷ്യന്റെ പിന്‍തൂക്കം അവന്റെ പതനത്തെയാണ് കാണിക്കുന്നത്. നീതിയുടെ പ്രാതിനിധ്യം വഹിക്കുന്നതാണ് ദൈവികതുലാസ്.
ക്ഷേത്രങ്ങളിലുമുണ്ട് തുലാസ്. പ്രസിദ്ധമായ ക്ഷേത്രങ്ങളില്‍ 'തുലാഭാരം' ഒരു സാധാരണ വഴിപാടാണ്. ക്ഷേത്രമതിലിനകത്തു തൂങ്ങുന്ന തുലാസിന്റെ ഒരു തട്ടില്‍ മനുഷ്യന്റെ ശരീരഭാരവും മറുതട്ടില്‍ അവന്റെ വിശ്വാസത്തിന്റെ ഭാരവുമാണ് തൂങ്ങുന്നത്. ആധ്യാത്മികതയുടെയും വിശ്വാസത്തിന്റെയും പ്രതീകമാണത്.
ഏറെ വര്‍ഷങ്ങള്‍ക്കുമുമ്പ് - രാജഭരണം നിലനിന്ന കാലത്ത് രാജാക്കന്മാര്‍ ഭരണാധികാരം ഏല്ക്കുമ്പോള്‍ തുലാഭാരം നടത്തുന്ന പതിവുണ്ടായിരുന്നു. തുലാപുരുഷദാനം എന്നാണ് ഈ ചടങ്ങ് അറിയപ്പെട്ടിരുന്നത്. മൂപ്പേല്‍ക്കുന്ന സമയത്ത് നടത്തുന്ന തുലാഭാരത്തിനായി പ്രത്യേക സ്വര്‍ണനാണയങ്ങള്‍ തന്നെ കമ്മട്ടത്തില്‍ അടിക്കുമായിരുന്നു. ഈ സ്വര്‍ണനാണയങ്ങള്‍ ബ്രാഹ്‌മണര്‍ക്കു ദാനം ചെയ്യുകയായിരുന്നു പതിവ്. ഇതിനായി തിരുവിതാംകൂര്‍ രാജ്യത്ത് ഇറക്കിയിരുന്ന നാണയം അറിയപ്പെട്ടിരുന്നത് 'തുലാഭാരക്കാശ്' എന്നാണ്.
തുലാസിന്റെ പ്രതീകാത്മകത അഗാധമായ ആധ്യാത്മിക ചിന്തകളുണര്‍ത്തുന്നു. നീതിന്യായബോധത്തിന്റെ സാര്‍വദേശീയ ചിഹ്നമാണത്. രാജാധികാരത്തിന്റെ മഹിതമുദ്രയും. ദൈവത്തിന്റെ നീതിയുടെ തുലാസില്‍ മനുഷ്യന്റെ തൂക്കക്കുറവ് അവന്റെ പതനത്തെ കാണിക്കുന്നു. നീതിയുടെ പ്രതീകമാണ് തുലാസ്.
ഈ ലോകജീവിതത്തില്‍ തുലാസിനെ നേരേ നിറുത്തുന്നതില്‍ നേടുന്ന വിജയം പാരത്രികജീവിതത്തില്‍ നമുക്കു മുന്‍തൂക്കം നേടിത്തരുന്നു. ആര്‍ക്ക് തുലാസുകള്‍ മുന്‍തൂക്കം കാണിക്കുന്നുവോ അവര്‍ക്ക് മോക്ഷം - സംതൃപ്തമായ ജീവിതം! ആരുടെ തുലാസുകള്‍ നന്മയില്‍ പിന്‍തൂക്കം നില്ക്കുന്നുവോ അവര്‍ക്കു നരകം - നിരാശയുടെ അഗാധഗര്‍ത്തം!