•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

റബറും റബര്‍ബോര്‍ഡും കടുംവെട്ടിലേക്ക്

താന്‍ കുഴിച്ച കുഴിയില്‍ താന്‍തന്നെ വീഴും എന്ന പഴമൊഴി റബര്‍ ബോര്‍ഡിന്റെ കാര്യത്തില്‍ അല്പം വൈകിയാണെങ്കിലും അന്വര്‍ഥമാകുന്നു. കേന്ദ്രസര്‍ക്കാരിന്റെ നീതി ആയോഗ് തന്നെ സ്വന്തം വാണിജ്യമന്ത്രാലയത്തിന്റെ നിയന്ത്രണങ്ങള്‍ക്കും ഇഷ്ടാനിഷ്ടങ്ങള്‍ക്കും കീഴ്പ്പെട്ട് വ്യവസായികളുടെ താത്പര്യം സംരക്ഷിച്ച് റബര്‍ബോര്‍ഡിനെ കടുംവെട്ടുനടത്തി അരിഞ്ഞുവീഴ്ത്താനൊരുങ്ങുന്നു. നീതി ആയോഗിന്റെ അടുത്തനാളില്‍ പുറത്തുവന്ന നിര്‍ദേശങ്ങള്‍ റബര്‍ബോര്‍ഡ് ഉള്‍പ്പെടെ വിവിധ അഗ്രിബോര്‍ഡുകളുടെ അന്ത്യം കുറിക്കുന്നതാണ്. കര്‍ഷകനെ മറന്ന് വ്യവസായികളുടെ പാദസേവകരായി മാറിയ ബോര്‍ഡിന്റെ പ്രവര്‍ത്തനവൈകല്യങ്ങള്‍ക്കുള്ള തിരിച്ചടി ഒരു പുനര്‍ചിന്തയ്ക്കുള്ള അവസരമാണ്. കര്‍ഷകര്‍ സംരക്ഷണകവചമൊരുക്കുന്നില്ലെങ്കില്‍ റബര്‍ബോര്‍ഡ് കോര്‍പ്പറേറ്റുകളുടെ കൈകളിലെ കളിപ്പാട്ടമാകുമെന്നു മാത്രമല്ല ചരിത്രവുമാകും. റബര്‍കൃഷി നഷ്ടക്കച്ചവടമെന്നു തിരിച്ചറിഞ്ഞ് മരങ്ങള്‍ ചുവടെ വെട്ടിമാറ്റാന്‍ ഒരുങ്ങി കര്‍ഷകര്‍. അതേസമയം, റബര്‍ബോര്‍ഡിനെ കടും വെട്ടാനൊരുങ്ങി കേന്ദ്രസര്‍ക്കാരും. ഇതിനിടയില്‍ കേരളത്തിലെ കാര്‍ഷിക സമ്പദ്‌വ്യവസ്ഥിതിയുടെ അടിത്തറയിളകുന്നത് ആരും കാണാതെപോകുന്നു
കര്‍ഷകസൗഹൃദ ചരിത്രമുണ്ടായിരുന്നു
റബര്‍കര്‍ഷകരെ നെഞ്ചോടുചേര്‍ത്തു നിര്‍ത്തി സംരക്ഷിച്ച റബര്‍ബോര്‍ഡിന്റെ നല്ലകാലമിന്ന് ചരിത്രമാണ്. 1995 വരെ റബറിന്റെ വളര്‍ച്ചയുടെ സുവര്‍ണകാലമെന്നു പറയാം. കൃഷിക്കാരോടൊപ്പം സഞ്ചരിക്കുന്ന റബര്‍ബോര്‍ഡിലെ ഫീല്‍ഡ് ഓഫീസര്‍മാര്‍ നിറഞ്ഞുനിന്ന് കര്‍ഷകനു കരുത്തും പ്രതീക്ഷയുമേകി. ഉത്പാദനം, വിപണനം, പുത്തന്‍കൃഷിരീതികളുടെ പരിചയപ്പെടുത്തല്‍, പുതിയ തൈകളുടെ ഗവേഷണവും ഉത്പാദനവും, വ്യവസായ പ്രോത്സാഹനപദ്ധതികള്‍, ആവര്‍ത്തനക്കൃഷി-പുതുക്കൃഷി സഹായധനം, ക്ഷേമപദ്ധതികളുടെ കൃത്യമായ വിതരണം ഇവയെല്ലാം ഒരു തലമുറ റബര്‍കര്‍ഷകനേകിയ ഊര്‍ജം വളരെ വലുതാണ്. റബര്‍ബോര്‍ഡ് കര്‍ഷകരുടെ സംരക്ഷകരാണെന്നുള്ള ബോധ്യം മാത്രമല്ല റബര്‍ബോര്‍ഡ് തങ്ങളുടേതാണെന്ന വികാരവും കര്‍ഷകരില്‍ പ്രതീക്ഷകളുണര്‍ത്തി. വിപണിവിലയില്‍ ഇടപെടല്‍ നടത്തുന്നതിലും ഇറക്കുമതി നിയന്ത്രിക്കുന്നതിലും ഇറക്കുമതിച്ചുങ്കം ഉയര്‍ത്തി നിര്‍ത്തി ആഭ്യന്തരകര്‍ഷകരെ സംരക്ഷിക്കുന്നതിലും റബര്‍ബോര്‍ഡ് രണ്ടരപ്പതിറ്റാണ്ടു മുമ്പു നടത്തിയ ശ്രമങ്ങള്‍ ആര്‍ക്കും നിഷേധിക്കാനാവില്ല. ഇക്കാലയളവില്‍ ഇന്ത്യയിലെ ആഭ്യന്തര ഉത്പാദനത്തില്‍ റബറിന്റെ 95 ശതമാനം ഉത്പാദനം നടത്തുന്ന കേരളത്തിനു വന്‍കുതിപ്പിന്റെ അവസരവുമായിരുന്നു. 
റബര്‍ കര്‍ഷകരെ ചതിച്ചതാര്? 
1995 ല്‍ നരസിംഹറാവുസര്‍ക്കാരിന്റെ ഭരണകാലത്ത് ലോകവ്യാപാരക്കരാറില്‍ റബറിനെ വ്യാവസായിക അസംസ്‌കൃതവസ്തുവായി ഇന്ത്യ നിര്‍ദേശിച്ച് ഉണക്കറബറിന്റെ ഇറക്കുമതിച്ചുങ്കം പരമാവധി 25 ശതമാനമായി കുറച്ച് അനിയന്ത്രിത ഇറക്കുമതിക്കു കളമൊരുക്കിയപ്പോള്‍ കേന്ദ്ര വാണിജ്യമന്ത്രാലയവും റബര്‍ബോര്‍ഡും കര്‍ഷകനെ തള്ളിപ്പറയാന്‍ തുടങ്ങി. വാണിജ്യമന്ത്രാലയത്തിന്റെ ഈ കര്‍ഷകവിരുദ്ധതീരുമാനത്തിനുപിന്നില്‍ അഥവാ വ്യവസായികളുടെ താത്പര്യം സംരക്ഷിക്കാന്‍ വാണിജ്യമന്ത്രിയായിരുന്ന പി. ചിദംബരം ഒരുക്കിയ അജണ്ടകള്‍ക്കുമുമ്പില്‍ റബര്‍ബോര്‍ഡും നോക്കുകുത്തിയായി. തുടര്‍ന്ന് 2009 ല്‍ മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ ആസിയാന്‍ സ്വതന്ത്രവ്യാപാരക്കരാറില്‍ ഒപ്പുവച്ച് ഇന്തോനേഷ്യ, തായ്ലണ്ട്, മലേഷ്യ തുടങ്ങിയ ആസിയാന്‍ രാജ്യങ്ങളില്‍നിന്ന് റബര്‍ ഒഴുകിയെത്തിയപ്പോള്‍ വന്‍പ്രഹരമേറ്റത് കേരളത്തിന്റെ റബര്‍മേഖലയ്ക്കാണെന്നും ഇതിനു കളമൊരുക്കിയത് വാണിജ്യമന്ത്രാലയത്തിന്റെ കീഴില്‍ നിലവില്‍ തുടരുന്ന റബര്‍ബോര്‍ഡാണെന്നുമുള്ള ചരിത്രം നാം ബോധപൂര്‍വ്വം മറക്കരുത്. 
വിപണിവിലയിലെ അട്ടിമറി
റബര്‍ബോര്‍ഡിന്റെ പ്രവര്‍ത്തനവൈകല്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നതില്‍ തെറ്റില്ല. പക്ഷേ, റബര്‍ബോര്‍ഡിനെ ഇല്ലാതാക്കുന്ന നിയമനിര്‍മാണങ്ങള്‍ പ്രതിവിധിയല്ല. പോരായ്മകള്‍ ഉയര്‍ത്തപ്പെടുമ്പോള്‍ തിരുത്തലുകള്‍ക്കു വിധേയമാകണം. റബര്‍ ബോര്‍ഡ് തങ്ങളുടെ പിന്നിലുള്ള പ്രധാന ശക്തികേന്ദ്രമായ കര്‍ഷകനെ മറന്നുവെന്നു മാത്രമല്ല കര്‍ഷകരില്‍നിന്നകന്നു. എക്കാലവും സംരക്ഷണകവചമൊരുക്കിയത് കര്‍ഷകനായിരുന്നുവെന്നത് റബര്‍ബോര്‍ഡിലെ പുതുസാരഥികള്‍ വിസ്മരിച്ചു. കര്‍ഷകന്റെ ഉത്പന്നത്തിനു ന്യായവില ഉറപ്പാക്കാന്‍ റബര്‍ബോര്‍ഡിന് ഇതുവരെയും സാധിച്ചിട്ടുണ്ടോ? ഒരുകിലോ ഉണക്കറബര്‍ഷീറ്റിന്റെ 2016 ലെ ഉത്പാദനച്ചെലവ് 172 രൂപയെന്ന് റബര്‍ബോര്‍ഡിന്റെ പ്രഖ്യാപിതകണക്കുണ്ട്. ഇതനുസരിച്ച് ലാഭവിഹിതംകൂടി കണക്കാക്കി ഒന്നര ഇരട്ടി വിപണിവില നിശ്ചയിച്ച് നടപ്പിലാക്കാന്‍ 2022 ല്‍ പോലും റബര്‍ബോര്‍ഡിന് ഇടപെടല്‍ നടത്താനാവാത്തപ്പോള്‍ ബോര്‍ഡിനെ വെള്ളാനകളുടെ ഗണത്തില്‍പ്പെടുത്തി സംരക്ഷിക്കാന്‍ കര്‍ഷകര്‍ മടിക്കും. ഇന്നും റബര്‍കൃഷി സംബന്ധിച്ച് വിപുലമായ പ്രഖ്യാപനങ്ങള്‍ റബര്‍ബോര്‍ഡ് നടത്തുന്നുണ്ടാകാം. രോഗങ്ങളും പ്രതിരോധമരുന്നുകളും കൃഷിരീതികളിലെ മാറ്റങ്ങളും മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ സാധ്യതകളും റബര്‍ മീറ്റും ഒക്കെ നല്ലതുതന്നെ. പക്ഷേ, ഇതൊന്നുമല്ല കര്‍ഷകന്റെ മുന്നിലുള്ളത്. ഉത്പന്നത്തിന് ന്യായവില ലഭിക്കണം. ഇന്നത്തെ അവസ്ഥയില്‍ ന്യായവിലയുടെ കാര്യത്തില്‍ റബര്‍ബോര്‍ഡ് കൈമലര്‍ത്തുകമാത്രമല്ല ഒളിച്ചോട്ടം നടത്തുകകൂടി ചെയ്യുന്നു. വന്‍കിടവ്യവസായികളുടെ ഇംഗിതത്തിനനുസരിച്ചുമാത്രം റബര്‍ബോര്‍ഡ് പ്രവര്‍ത്തിക്കുന്നതു കര്‍ഷകര്‍ തിരിച്ചറിയുന്നു. ഉത്പാദനച്ചെലവിനനുസരിച്ച് ന്യായവില ലഭ്യമാക്കിയാല്‍ കര്‍ഷകര്‍ റബര്‍ബോര്‍ഡിനെ അംഗീകരിക്കും. രാഷ്ട്രീയവ്യവസായികളുടെ ഇഷ്ടക്കാരെ കുത്തിനിറച്ച് കര്‍ഷകസ്നേഹം പ്രസംഗിക്കുന്ന റബര്‍ബോര്‍ഡിന്റെ ഭരണസംവിധാനമായ ഡയറക്ടര്‍ബോര്‍ഡിനും ന്യായവില കര്‍ഷകര്‍ക്കുറപ്പാക്കാനാവുമോ?
വ്യവസായികളുടെ കൈകളിലെ കളിപ്പാട്ടം
നീതി ആയോഗിന്റെ നിര്‍ദേശങ്ങള്‍ റബര്‍ മേഖലയെ കോര്‍പ്പറേറ്റുകളുടെ കൈകളിലേക്കു തള്ളിവിടുമെന്നാണ് പലരും വിലപിക്കുന്നത്. ഇത് വസ്തുതയും ശരിയുമാണ്. ഇപ്പോള്‍ത്തന്നെ റബറിനെ നിയന്ത്രിക്കുന്നത് വ്യവസായികളും കോര്‍പ്പറേറ്റുകളുമല്ലേയെന്ന മറുചോദ്യത്തിന് ഉത്തരമുണ്ടോ? റബറിന്റെ വിപണിവില നിശ്ചയിക്കുന്നതാര്? അനിയന്ത്രിത ഇറക്കുമതിക്ക് കുടപിടിക്കുന്നതാര്? ഇറക്കുമതിച്ചുങ്കം 25 ശതമാനമായി വെട്ടിക്കുറച്ചതാര്‍ക്കുവേണ്ടി? കൃഷിഭൂമിയില്‍നിന്നു കര്‍ഷകനുത്പാദിപ്പിക്കുന്ന റബറിനെ വ്യവസായ അസംസ്‌കൃത വസ്തുവാക്കിയതാര്? ലാറ്റക്സിന്റെ ഇറക്കുമതിച്ചുങ്കം എടുത്തുകളയണമെന്നു പദ്ധതി സമര്‍പ്പിച്ചതാര്? റബര്‍കൃഷിക്കുള്ള സഹായധനത്തില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും കേരളത്തിനും രണ്ടു നീതി നടപ്പിലാക്കിയതും തുടരുന്നതാര്? റബര്‍വിപണിവില തകര്‍ന്നിട്ടും ഇടപെടലുകളും നടപടികളുമില്ലാതെ ഒളിച്ചോട്ടം നടത്തുന്നതുമാര്? കര്‍ഷകരെ മറന്ന് വ്യവസായികള്‍ക്ക് ഒത്താശചെയ്ത് കുറഞ്ഞ ചെലവിലും വിലയിലും അസംസ്‌കൃതറബര്‍വ്യവസായികള്‍ക്ക് എത്തിച്ചുകൊടുക്കുന്ന ഇടനിലക്കാരുടെ റോള്‍ ഭംഗിയായി നടത്തുന്ന റബര്‍ബോര്‍ഡ് കര്‍ഷകരില്‍നിന്നകന്ന് ഒളിച്ചോടി കോര്‍പ്പറേറ്റുകളുടെ കൈകളിലാണെന്നുള്ളത് കണ്‍മുമ്പില്‍ കാണുന്ന സത്യമല്ലേ? 
റബര്‍നിയമങ്ങള്‍ കാറ്റില്‍ പറത്തി
75 വര്‍ഷം പഴക്കമുള്ള 'റബര്‍ ആക്ട് 1947' ഇല്ലാതാക്കി പുതിയ 'റബര്‍ (പ്രോത്സാഹനവും വികസനവും) ബില്‍ 2022' നടപ്പിലാക്കാനുള്ള നീക്കങ്ങള്‍ അണിയറയിലൊരുങ്ങുമ്പോഴാണ് നീതി ആയോഗിന്റെ പുതിയ ശിപാര്‍ശകള്‍. 2022 ലെ നിയമനിര്‍ദേശങ്ങള്‍തന്നെ റബര്‍ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു കടിഞ്ഞാണിടുന്നതാണ്. പ്രായോഗികതലത്തില്‍ പരാജയപ്പെടുമ്പോഴും നിലവിലുള്ള നിയമങ്ങള്‍ ചെറുകിട കര്‍ഷകനു പിടിവള്ളിയായിരുന്നു. 1947 ലെ റബര്‍നിയമങ്ങള്‍ പലതും കൃഷിവ്യാപനത്തിനും കൃഷിക്കാരുടെ താത്പര്യത്തിനും മുന്‍ഗണനയുള്ളതാണ്. റബര്‍ബോര്‍ഡിന്റെ സ്വയംഭരണാവകാശം ഇല്ലാതാക്കി വാണിജ്യമന്ത്രാലയത്തെ നിയന്ത്രിക്കുന്ന രാജ്യാന്തര കോര്‍പ്പറേറ്റുകളിലേക്കും വ്യവസായികളിലേക്കും കാര്യങ്ങള്‍ എത്തിച്ചേരുന്ന 2022 ലെ റബര്‍ ആക്ടിന് പിന്തുണയേകുന്നതാണ് നീതി ആയോഗിന്റെ പുതിയ കണ്ടെത്തലുകള്‍. ഇക്കാര്യത്തില്‍ ശക്തമായ ഇടപെടലുകള്‍ നടത്താനോ രാഷ്ട്രീയത്തേക്കാളുപരി ആത്മാര്‍ത്ഥമായ കര്‍ഷകസമീപനം സ്വീകരിക്കാനോ  രാഷ്ട്രീയ ഭരണനേതൃത്വങ്ങള്‍ക്കോ ജനപ്രതിനിധികള്‍ക്കോ സാധിക്കുന്നില്ലെന്നുള്ളതും റബര്‍കര്‍ഷകര്‍ തിരിച്ചറിയുന്നു.
നീതി ആയോഗിന്റെ ലക്ഷ്യമെന്ത്?
കാര്‍ഷികമേഖലയോടു ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള വിവിധ അഗ്രി ബോര്‍ഡുകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പഠനറിപ്പോര്‍ട്ടാണ് ഇപ്പോഴത്തെ റബര്‍ബോര്‍ഡ് നീതി ആയോഗ് വിവാദങ്ങള്‍ക്കു പ്രധാനകാരണം. റബര്‍ബോര്‍ഡുമായി മാത്രം ബന്ധപ്പെട്ട പഠനമല്ലിത്. കോഫി, സ്പൈസസ് തുടങ്ങി ഇതര ബോര്‍ഡുകളുടെ പ്രവര്‍ത്തനങ്ങളും ഭാവിയും പഠനവിഷയത്തില്‍പ്പെടുന്നു. കാര്‍ഷികമേഖലയുടെ വളര്‍ച്ചയ്ക്കായി സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ പ്രഖ്യാപിക്കുന്നു. എന്നാല്‍, റബര്‍, കാപ്പി, തേയില തുടങ്ങിയ വിവിധ ഉത്പന്നങ്ങളുടെ ഉത്പാദനം വര്‍ദ്ധിക്കുന്നില്ല. സര്‍ക്കാര്‍ പദ്ധതികള്‍ കൃഷിക്കാരില്‍ സമയബന്ധിതമായി എത്തിക്കുന്നതില്‍ വിവിധ ബോര്‍ഡുകളും ഏജന്‍സികളും പരാജയപ്പെട്ടതെങ്ങനെ? പദ്ധതികളുടെ ഫണ്ടുവിനിയോഗം, പ്രവര്‍ത്തനച്ചെലവുകള്‍, ബോര്‍ഡുകളുടെ ഭരണകാര്യക്ഷമത, ജീവനക്കാരുടെ പ്രവര്‍ത്തനനൈപുണ്യം, പദ്ധതി ഏകോപനത്തിലെ പാളിച്ചകള്‍ എന്നിവയൊക്കെ നീതി ആയോഗ് പഠനവിഷയമാക്കി. റബര്‍ ബോര്‍ഡ് ഉള്‍പ്പെടെയുള്ള വിവിധ അഗ്രിബോര്‍ഡുകളുടെ പ്രവര്‍ത്തനപരാജയമാണ് ഓരോ വിഭാഗങ്ങള്‍ക്കായി പ്രത്യേകം ബോര്‍ഡുകളുടെ ആവശ്യമില്ലെന്നും വാണിജ്യമന്ത്രാലയത്തിന്റെ പ്ലാനിങ് ഡിപ്പാര്‍ട്ട്മെന്റ് നേരിട്ടു നടത്തിയാല്‍ ഇതില്‍ക്കൂടുതല്‍ നേട്ടങ്ങളുണ്ടാക്കാമെന്നും വന്‍ ചെലവുകുറയ്ക്കാമെന്നുമുള്ള നിഗമനത്തില്‍ നീതി ആയോഗ് എത്തിച്ചേരാന്‍ കാരണം. റബര്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളില്‍ ഒരു പൊളിച്ചെഴുത്ത് വേണമെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നവരാണ് റബര്‍കര്‍ഷകര്‍. മാറ്റങ്ങളാവട്ടെ, റബര്‍മേഖലയെ കോര്‍പ്പറേറ്റുകള്‍ക്കും വ്യവസായികള്‍ക്കും തീറെഴുതിയല്ല; മറിച്ച്, കര്‍ഷകരെ സംരക്ഷിച്ചും റബര്‍ സംരംഭങ്ങള്‍ ശക്തിപ്പെടുത്തിയും വേണമെന്നുമാത്രം. 
ബോര്‍ഡിന്റെ കെടുകാര്യസ്ഥത
നീതി ആയോഗിന്റെ ശിപാര്‍ശകളിന്മേല്‍ കേന്ദ്ര വാണിജ്യമന്ത്രാലയം ആവശ്യപ്പെട്ടതനുസരിച്ച് റബര്‍ ബോര്‍ഡിന്റെ നിലവിലുള്ള പ്രവര്‍ത്തനസേവനങ്ങള്‍, റബറിന്റെ കയറ്റുമതി, ഇറക്കുമതി, ഉപഭോഗം തുടങ്ങിയവ സംബന്ധിച്ചുള്ള കഴിഞ്ഞകാലങ്ങളിലെയും നിലവിലുള്ളതുമായ കണക്കുകള്‍, റബര്‍ കൃഷിയുടെ വി്സ്തീര്‍ണവും വ്യാപനവും, റബര്‍കര്‍ഷകക്ഷേമപദ്ധതികള്‍, റബര്‍കര്‍ഷകരുടെ എണ്ണം സംബന്ധിച്ചും റിപ്പോര്‍ട്ട് ഇതിനോടകം നല്കിയെന്നാണു ലഭ്യമായ സൂചനകള്‍. 
വാശികാണിച്ച് തകര്‍ക്കരുത്
13.2 ലക്ഷത്തോളം ചെറുകിടകര്‍ഷകരുടെ അത്താണിയും ആശ്രയവുമാണ് റബര്‍കൃഷി. ടാപ്പിങ് തൊഴിലാളികള്‍ വേറേയും. 8,27,000 ഹെക്ടറില്‍ റബര്‍കൃഷി ചെയ്യുമ്പോള്‍ 7,18,800 ഹെക്ടറിലും ഇപ്പോള്‍ ടാപ്പിങ് നടക്കുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് റബര്‍കൃഷി വ്യാപിക്കുന്നതിലൂടെ 5,00,000 ഹെക്ടര്‍ പുതുകൃഷി വേറേയുമാകും. ഇന്ത്യയിലെ റബറുത്പാദനത്തിന്റെ 92 ശതമാനവും ചെറുകിട റബര്‍കര്‍ഷകരില്‍നിന്നാണ്. ആകെ റബറുത്പാദനത്തിന്റെ 80 ശതമാനവും കേരളത്തില്‍നിന്നും. 2544 റബര്‍ ഉത്പാദകസംഘങ്ങളും 17 റബര്‍ബോര്‍ഡ് കമ്പനികളും 8309 അംഗീകൃതവ്യാപാരികളും 456 റബര്‍ സംസ്‌കരണശാലകളുമുള്ള വലിയ ഒരു സംവിധാനത്തെ ഒറ്റയടിക്ക് ഇല്ലാതാക്കുന്നത് ആത്മഹത്യാപരമായിരിക്കും. അതിനാല്‍ത്തന്നെ നീതി ആയോഗിന്റെ നിര്‍ദേശങ്ങളില്‍ പുനര്‍ചിന്ത നടത്തി, കൂടുതല്‍ പഠനങ്ങള്‍ക്കു വിധേയമാക്കി, നിലവിലുള്ള സംവിധാനങ്ങളിലെ പ്രവര്‍ത്തനനടത്തിപ്പിലും ഭരണവൈകല്യങ്ങളിലും തിരുത്തലുകളാണു വേണ്ടത്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)