അറേബ്യന്‍മണ്ണില്‍ ആദ്യമായി വിരുന്നിനെത്തിയ ലോകഫുട്‌ബോള്‍മാമാങ്കത്തില്‍ അര്‍ജന്റീന വിശ്വകിരീടം ചൂടി. ഖത്തറിലെ ലുസൈല്‍ സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ നിലവിലെ ചാംപ്യന്മാരായ ഫ്രാന്‍സിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തിയാണ് ലോകകപ്പില്‍ അര്‍ജന്റീന കിരീടം ചൂടിയത്. ഷൂട്ടൗട്ടില്‍ 4 - 2 നാണ് അര്‍ജന്റീന ഫ്രാന്‍സിനെ വീഴ്ത്തിയത്. നിശ്ചിതസമയത്ത് ഇരുടീമുകളും രണ്ടു ഗോള്‍ വീതമടിച്ചും എക്‌സ്ട്രാ ടൈമില്‍ ഓരോ ഗോള്‍ വീതമടിച്ചും 3 - 3 ന് സമനില പാലിച്ചതോടെയാണ് കളി ഷൂട്ടൗട്ടിലേക്കു നീണ്ടത്. ആദ്യന്തം ആവേശകരമായ മത്സരത്തില്‍ കളിയുടെ ഇരുപത്തിമൂന്നാം മിനിറ്റില്‍ അര്‍ജന്റീന താരം ഏഞ്ചല്‍ ഡി മരിയയെ പെനാല്‍റ്റി ബോക്‌സില്‍ ഫ്രാന്‍സ് താരം ഡെമ്പെലെ വീഴ്ത്തിയതിനു ലഭിച്ച പെനാല്‍റ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ചു നായകന്‍ ലയണല്‍ മെസി അര്‍ജന്റീനയെ മുന്നിലെത്തിച്ചു. ആ ഗോളിന്റെ ആഘാതത്തില്‍നിന്നു ഫ്രാന്‍സ് കരകയറുന്നതിനുമുന്നേ മുപ്പത്തിയഞ്ചാം മിനിറ്റില്‍ ഒരു കൗണ്ടര്‍ അറ്റാക്കില്‍ എയ്ഞ്ചല്‍ ഡി മരിയയിലൂടെ അര്‍ജന്റീന ലീഡ് ഉയര്‍ത്തി. ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനനിരയില്‍ ആദ്യപതിനൊന്നില്‍ ആദ്യമായി ഇടംപിടിച്ച ഡി മരിയ തനിക്കു കിട്ടിയ അവസരം നന്നായി വിനിയോഗിച്ചു. ഇടതുപാര്‍ശത്തിലൂടെയുള്ള ഡി മരിയയുടെ മുന്നേറ്റങ്ങള്‍ പലപ്പോഴും ഫ്രഞ്ച് പ്രതിരോധത്തെ കീറിമുറിച്ചു. ആദ്യപകുതിയില്‍ അര്‍ജന്റീന നിരയില്‍ ഏറ്റവും തിളങ്ങിയ താരവും ഡി മരിയ ആയിരുന്നു. അര്‍ജന്റീനയ്ക്കുവേണ്ടി തുടര്‍ച്ചയായി ഫൈനലുകളില്‍ ഗോള്‍ നേടുന്ന പതിവ് ഡി മരിയ ഇത്തവണയും തെറ്റിക്കാതെ കോച്ച് ലയണല്‍ സ്‌കോളേനി തന്നിലര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിച്ചു. അര്‍ജന്റീന ജേതാക്കളായ ഒളിമ്പിക്‌സ് ഫൈനലിലും കോപ്പ അമേരിക്ക ഫൈനലിലും ഇപ്പോള്‍ ലോകകപ്പ് ഫൈനലിലും ഗോള്‍ നേടാന്‍ ഡി മരിയയ്ക്കായി. കളിയുടെ അറുപത്തിമൂന്നാം മിനിറ്റില്‍ എയ്ഞ്ചല്‍ ഡി മരിയയെ പിന്‍വലിച്ച കോച്ച് ലയണല്‍ സ്‌കോളേനിയുടെ തീരുമാനമാണ് മത്സരത്തിലേക്കു തിരിച്ചുവരാന്‍ ഫ്രാന്‍സിന് അവസരം ഒരുക്കിയത്. കളിയുടെ എണ്‍പതാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ ഫ്രാന്‍സ് സൂപ്പര്‍താരം കിലിയന്‍ എംബാപ്പെ ഒരു ഗോള്‍ മടക്കി. തൊട്ടടുത്ത മിനിറ്റില്‍ത്തന്നെ വീണ്ടും അര്‍ജന്റീനിയന്‍ താരങ്ങളെ ഞെട്ടിച്ചുകൊണ്ട് എംബാപ്പെ ഒരു ഉഗ്രന്‍ വോളി ഷോട്ടിലൂടെ തന്റെ രണ്ടാമത്തെ ഗോള്‍ നേടി ഫ്രാന്‍സിനെ ഒപ്പമെത്തിച്ചു. ക്രിസ്ത്യാനോ റൊണാള്‍ഡോയ്ക്കും ലയണല്‍ മെസിക്കുംശേഷം ലോക ഫുട്‌ബോളിലെ ചക്രവര്‍ത്തി സിംഹാസനത്തില്‍ താന്‍ ആയിരിക്കും എന്ന് ഉറപ്പിക്കുന്ന തരത്തിലുള്ള പ്രകടനമായിരുന്നു എംബാപ്പെയുടേത്. നിശ്ചിതസമയത്ത് (സ്‌കോര്‍ 2 - 2 ) ആയതിനാല്‍ കളി അധികസമയത്തേക്കു നീണ്ടു. കളിയുടെ 117 മിനിറ്റില്‍ മെസി വീണ്ടും അര്‍ജന്റീനയെ മുന്നിലെത്തിച്ചെങ്കിലും പത്തു മിനിറ്റിനുള്ളില്‍ വീണ്ടും എംബാപ്പെയിലൂടെത്തന്നെ ഫ്രാന്‍സ് മറുപടി നല്‍കി. 1966 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ട് താരം ജിയോഫ് ഹര്‍സ്റ്റ് ഹാട്രിക് നേടിയശേഷം ഇത് ആദ്യമായാണ് ലോകകപ്പ് ഫൈനലില്‍ മറ്റൊരു താരം ഹാട്രിക് നേടുന്നത്. ഖത്തറില്‍ ലോകകപ്പിലെ ടോപ് സ്‌കോര്‍ക്കുള്ള ഗോള്‍ഡന്‍ ഷൂ പുരസ്‌കാരവും ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെയ്ക്കുതന്നെയാണ്. ഫൈനലില്‍ നേടിയ മൂന്നു ഗോളുകള്‍ ഉള്‍പ്പെടെ ടൂര്‍ണമെന്റില്‍ ആകെ 8 ഗോളുകള്‍ നേടിയാണ് എംബാപ്പെ പുരസ്‌കാരത്തിന് അര്‍ഹനായത്. അര്‍ജന്റീന ഗോള്‍മുഖത്ത് മത്സരത്തിലുടനീളം നിര്‍ണായകമായ സേവുകള്‍ നടത്തി വന്മതില്‍പോലെ നിലകൊണ്ടു ഗോള്‍കീപ്പര്‍ എമ്മിലിയാനോ മാര്‍ട്ടിനസ് ഗോള്‍ഡന്‍ ഗ്ലൗ പുരസ്‌കാരം നേടി. ഫൈനലില്‍ നിശ്ചിതസമയത്തിനുശേഷം എക്‌സ്ട്രാടൈമിന്റെ അവസാനനിമിഷങ്ങളില്‍ ഗോളെന്നുറച്ച ഷോട്ടുകള്‍ പലതും തട്ടിയകറ്റി. കളിയുടെ 119 മിനിറ്റില്‍ മാര്‍ട്ടിനസ് നടത്തിയ സേവ് ഈ നൂറ്റാണ്ടിന്റെ സേവായി വിലയിരുത്തപ്പെടുന്നു. നെതര്‍ലന്‍ഡ്‌സിനെതിരേ ഷൂട്ടൗട്ടിലേക്കു നീണ്ട ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ എമിലിയോ മാര്‍ട്ടിനെസ് ആയിരുന്നു അര്‍ജന്റീനയുടെ വിജയശില്പി. ടൂര്‍ണമെന്റിലെ മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം അര്‍ജന്റീനിയന്‍താരം എന്‍സോ ഫെര്‍ണാണ്ടസ് കരസ്ഥമാക്കി. ടൂര്‍ണമെന്റ് മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം അര്‍ജന്റീനിയന്‍ നായകന്‍ ലയണല്‍ മെസി കരസ്ഥമാക്കി. ഫൈനലില്‍ നേടിയ രണ്ടു ഗോളുകള്‍ ഉള്‍പ്പെടെ ടൂര്‍ണമെന്റിലാകെ ഏഴു ഗോളുകള്‍ മെസി നേടി.
ഖത്തര്‍ ലോകകപ്പില്‍ വിസ്മയം തീര്‍ത്ത് സെമിഫൈനല്‍വരെ മുന്നേറിയ മൊറോക്കോ ഫുട്‌ബോള്‍ ആരാധകരുടെ മനസ്സു കീഴടക്കിയാണ് മടങ്ങിയത്. സെമിഫൈനലില്‍ ഫ്രാന്‍സിനുമുന്നില്‍ കീഴടങ്ങിയെങ്കിലും മികച്ച പ്രകടനം നടത്താന്‍ മൊറോക്കോയ്ക്കു കഴിഞ്ഞു. ഗ്രൂപ്പ് എഫില്‍നിന്നു ചാമ്പ്യന്മാരായ മൊറോക്കോ പ്രീക്വാര്‍ട്ടറില്‍ സ്‌പെയിനെയും ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗലിനെയും വീഴ്ത്തിയാണ് സെമിയില്‍ എത്തിയത്. ഗ്രൂപ്പ് എഫിലെ രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യയെ ലൂസേഴ്‌സ് ഫൈനലില്‍ വീണ്ടും കണ്ടുമുട്ടിയപ്പോള്‍ എതിരില്ലാതെ രണ്ടു ഗോളുകള്‍ക്കു പരാജയപ്പെടാനായിരുന്നു വിധി. 2018 റഷ്യന്‍ ലോകകപ്പിലെ ഫൈനലിസ്റ്റുകളായ ക്രൊയേഷ്യ ഇത്തവണ മൂന്നാം സ്ഥാനംകൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു.
ഖത്തര്‍ ലോകകപ്പിന്റെ പ്രാഥമികറൗണ്ടില്‍ അട്ടിമറികള്‍ പലതു കണ്ടുവെങ്കിലും പ്രതീക്ഷിച്ച മിക്കവാറും ടീമുകളും പ്രീക്വാര്‍ട്ടറില്‍ എത്തിയിരുന്നു. എ ഗ്രൂപ്പില്‍നിന്ന് നെതര്‍ലാന്‍സും സെനഗളും മുന്നേറിയപ്പോള്‍ ബി ഗ്രൂപ്പില്‍നിന്ന് ഇംഗ്ലണ്ടും അമേരിക്കയും പ്രീക്വാര്‍ട്ടറിലെത്തി. ഗ്രൂപ്പ് സി യില്‍ തങ്ങളുടെ ആദ്യമത്സരത്തില്‍ സൗദിയോടു പരാജയപ്പെട്ടെങ്കിലും അര്‍ജന്റീന ഗ്രൂപ്പ് ചാമ്പ്യന്മാരായും ഒപ്പം പോളണ്ടും മുന്നേറി. ഗ്രൂപ്പ് ഡി യില്‍നിന്ന് ഫ്രാന്‍സും ഓസ്‌ട്രേലിയയും മുന്നേറിയപ്പോള്‍ ഗ്രൂപ്പ് ഇ യില്‍നിന്നു ഗ്രൂപ്പ് ചാമ്പ്യന്‍മാരായി ജപ്പാനും കൂടെ സ്‌പെയിനും പ്രീക്വാര്‍ട്ടറില്‍ കടന്നു. തുടര്‍ച്ചയായി രണ്ടാം ലോകകപ്പിലും നോക്കൗട്ട് സ്റ്റേജ് കാണാതെ പുറത്തുപോകാന്‍ ആയിരുന്നു വമ്പന്‍മാരായിരുന്ന ജര്‍മനിയുടെ വിധി. ഗ്രൂപ്പ് ജി യില്‍നിന്നു ബ്രസീലും സ്വിറ്റ്‌സര്‍ലന്‍ഡും മുന്നേറിയപ്പോള്‍ ഗ്രൂപ്പ് എച്ചില്‍ പോര്‍ച്ചുഗലും ഏഷ്യയുടെ പ്രതിനിധികളായ കൊറിയയും പ്രീക്വാര്‍ട്ടറില്‍ കടന്നു. പ്രീക്വാര്‍ട്ടറില്‍ മൊറോക്കയോടു തോറ്റു സ്‌പെയിന്‍ പുറത്തുപോയതൊഴിച്ചാല്‍ അട്ടിമറികള്‍ ഒന്നും സംഭവിച്ചില്ല. ക്വാര്‍ട്ടര്‍ ഫൈനലില്‍ വമ്പന്മാരായ ബ്രസീല്‍ ക്രൊയേഷ്യയുടെ മുന്നിലും ഇംഗ്ലണ്ട് ഫ്രാന്‍സിന്റെ മുന്നിലും പോര്‍ച്ചുഗല്‍ മൊറോക്കോയുടെ മുന്നിലും നെതര്‍ലന്‍ഡ്‌സ് അര്‍ജന്റീനയുടെ മുന്നിലും കീഴടങ്ങി പുറത്തായി. വാശിയേറിയ സെമിഫൈനല്‍ പോരാട്ടത്തില്‍ ക്രൊയേഷ്യയും അര്‍ജന്റീനയും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ കളിയുടെ ആദ്യ അരമണിക്കൂറില്‍ ക്രൊയേഷ്യ മുന്നിട്ടുനിന്നിരുന്നു. എന്നാല്‍, മുപ്പത്തിരണ്ടാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചുകൊണ്ട് നായകന്‍ ലയണല്‍ മെസി അര്‍ജന്റീനയെ മുന്നിലെത്തിച്ചു. തുടര്‍ന്ന്, കളിയുടെ നിയന്ത്രണം ഏറ്റെടുത്ത അര്‍ജന്റീന ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക് ക്രൊയേഷ്യയെ മറികടന്ന് കലാശപ്പോരാട്ടത്തിന് അര്‍ഹത നേടി. രണ്ടാം സെമിഫൈനലില്‍ ഫ്രാന്‍സ് മൊറോക്കോയെ ഏകപക്ഷീയമായി രണ്ടു ഗോളുകള്‍ക്കു കീഴടക്കിയാണു തുടര്‍ച്ചയായ രണ്ടാം ലോകകപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചത്.
ടൂര്‍ണമെന്റിലെ ഏഷ്യന്‍സാന്നിധ്യമായിരുന്ന അറേബ്യ തങ്ങളുടെ ആദ്യമത്സരത്തില്‍ അര്‍ജന്റീനയെയും ജപ്പാന്‍ സ്‌പെയിനിനെയും സൗത്ത് കൊറിയ തങ്ങളുടെ അവസാന ലീഗ് മത്സരത്തില്‍ പോര്‍ച്ചുഗലിനെയും ഇറാന്‍ വെയില്‍സിനെയും വീഴ്ത്തി തങ്ങളുടെ സാന്നിധ്യം പ്രകടമാക്കി. കാമറൂണ്‍ ശക്തരായ ബ്രസീലിനെയും ടുണീഷ്യ ഫ്രാന്‍സിനെയും വീഴ്ത്തി കരുത്തുകാണിച്ചു. പ്രാഥമികറൗണ്ടില്‍ തോല്‍വിയറിയാതെ മുന്നേറിയ ഇംഗ്ലണ്ടിനും നെതര്‍ലന്‍ഡ്‌സിനും ക്വാര്‍ട്ടര്‍പോരാട്ടത്തില്‍ കാലിടറി.
ലോകകപ്പ് ഫുട്‌ബോളിന്റെ സംഘാടനത്തില്‍ വളരെയധികം മികവു പുലര്‍ത്തിയ ഒന്നായിരുന്നു ഖത്തറിലേത്. തങ്ങളുടെ കഴിവിനെ സംശയിച്ചവര്‍ക്കുള്ള ഒരു മറുപടിയായിരുന്നു ഖത്തര്‍ നടത്തിയ പിഴവുറ്റ രീതിയിലുള്ള സംഘാടനം. വിവാദങ്ങള്‍ അകന്നുനിന്നൊരു ലോകകപ്പ് ആയിരുന്നു ഖത്തറിലേത്. ഒരു കുഞ്ഞന്‍രാജ്യം ഇത്തരത്തിലുള്ള ഒരു ഫുട്‌ബോള്‍ ലോകമാമാങ്കത്തിനായി ഒറ്റക്കെട്ടായി ഒരേ മനസ്സോടെ പ്രവര്‍ത്തിച്ചതിനാലാണ് ഇത്രയും മികച്ച രീതിയില്‍, ലോകകപ്പ് സംഘടിപ്പിക്കാന്‍ കഴിഞ്ഞത്. ഈ ലോകകപ്പിലെ മത്സരവേദികള്‍ തമ്മിലുള്ള പരമാവധി ദൂരം 75 കിലോമീറ്ററില്‍ താഴെയായതിനാല്‍ കളി കാണാന്‍ വിവിധ രാജ്യങ്ങളിലായി എത്തിച്ചേര്‍ന്ന കാണികള്‍ക്കും വ്യത്യസ്തമായ അനുഭവമായിരുന്നു. സംഘാടനത്തില്‍ മറ്റ് ഏതു രാജ്യങ്ങള്‍ക്കും മാതൃകയാക്കാവുന്ന തരത്തിലാണ് ഖത്തര്‍ ഈ ലോകകപ്പിന് ആതിഥേയത്വം വഹിച്ചത്.