•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

അതിര്‍ത്തിമേഖലകള്‍ യുദ്ധഭീഷണിയില്‍

റുപതാണ്ടു മുമ്പ് ഇന്ത്യയുടെ നേര്‍ക്ക് ചൈന കാട്ടിയ അതിസാഹസം വീണ്ടും ആവര്‍ത്തിച്ചിരിക്കുന്നു. ആളും അര്‍ഥവും നഷ്ടപ്പെടുത്തിയ 1962 ലെ ഇന്ത്യ-ചൈന യുദ്ധം 32 ദിവസങ്ങള്‍ക്കുശേഷം അവസാനിപ്പിക്കുമ്പോള്‍ വെറുതെയായില്ലെന്നു ശത്രുസൈന്യം ഉറപ്പാക്കിയിരുന്നു.
കിഴക്കന്‍ ലഡാക്കിലെ 38,000 ച. കിലോമീറ്റര്‍ വിസ്തൃതിയിലുള്ള അക്‌സായ്ചിന്നും അരുണാചല്‍പ്രദേശില്‍നിന്ന് 43,000 ച. കിലോമീറ്ററും കൈവശപ്പെടുത്തിയശേഷമായിരുന്നു ചൈനയുടെ ഏകപക്ഷീയമായ വെടിനിറുത്തല്‍ പ്രഖ്യാപനം.
1962 ഒക്‌ടോബര്‍ 20 നു തുടങ്ങി നവംബര്‍ 21-ാം തീയതി യുദ്ധത്തിനു  വിരാമമിടുമ്പോള്‍ 'ഇന്ത്യാ-ചീനാ ഭായ് ഭായ്' എന്ന ശാന്തിമന്ത്രം ഉരുവിട്ട് ജവഹര്‍ലാല്‍ നെഹ്‌റുവും ചൗ എന്‍ ലായിയും ലോകദൃഷ്ടിയില്‍ സമാധാനദൂതരുമായി.
എന്നാല്‍, നാളുകള്‍ക്കുശേഷം, നഷ്ടപ്പെട്ട ഭൂമിയുടെ കണക്കെടുമ്പോഴേക്കും എല്ലാം കൈമോശം വന്നുകഴിഞ്ഞിരുന്നു!
തവാങ്ങില്‍ സംഭവിച്ചത്
ഡിസംബര്‍ മാസം 9-ാം  തീയതി അരുണാചല്‍ അതിര്‍ത്തിയിലുള്ള തവാങ്ങില്‍ നിയന്ത്രണരേഖയും മറികടന്ന് ചൈനീസ് സൈന്യം കടന്നുകയറിയ സംഭവത്തെക്കുറിച്ച് ആഭ്യന്തരമന്ത്രി അമിത്ഷാ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞതിങ്ങനെ: ''നരേന്ദ്ര മോദി അധികാരത്തില്‍ ഇരിക്കുന്നിടത്തോളംകാലം നമ്മുടെ രാജ്യത്തിന്റെ ഒരിഞ്ചുഭൂമിപോലും കവര്‍ന്നെടുക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല. നമ്മുടെ ഭൂമിയില്‍ കടന്നുകയറാന്‍ ബിജെപി സര്‍ക്കാര്‍ ആരെയും അനുവദിക്കുകയുമില്ല.''
തവാങ്ങിലെ ഏറ്റുമുട്ടലിനെക്കുറിച്ച് പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിരോധമന്ത്രി രാജ്‌നാഥ്‌സിങ് നടത്തിയ പ്രസ്താവന ഇപ്രകാരമായിരുന്നു:
''അരുണാചല്‍പ്രദേശിലെ നിയന്ത്രണരേഖയ്ക്കടുത്തുള്ള തവാങ്ങിലൂടെ അതിക്രമിച്ചുകയറിയ ചൈനീസ് സൈന്യത്തെ നമ്മുടെ സൈനികര്‍ ധീരമായി നേരിടുകയും പിന്തിരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. നമ്മുടെ ഭാഗത്തുനിന്ന് ഒരാള്‍ക്കുപോലും ഗുരുതരമായി പരിക്കേല്‍ക്കുകയോ ജീവന്‍ നഷ്ടപ്പെടുകയോ ഉണ്ടായിട്ടില്ല. അതിര്‍ത്തിമേഖലകള്‍ ഇപ്പോഴും നമ്മുടെ നിയന്ത്രണത്തിലാണ്. ഏത് അടിയന്തരസാഹചര്യം നേരിടാനും നമ്മുടെ സൈന്യം സുസജ്ജവുമാണ്.''
തവാങ്‌മേഖലയില്‍ ചൈനീസ് സൈനികരുമായി ഏറ്റുമുട്ടലുണ്ടായതായി സൈനികവൃത്തങ്ങളും സ്ഥിരീകരിച്ചു. തവാങ്ങിലുള്ള യാങ്ട്‌സെ നദിക്കു സമീപം മുള്ളാണികള്‍ ഘടിപ്പിച്ച ദണ്ഡുകളും വലിയ വടികളുമായി പാഞ്ഞെത്തിയ ഇരുനൂറോളം ചൈനീസ് പട്ടാളക്കാരെ ഇന്ത്യന്‍ സൈനികര്‍ തുരത്തിയോടിച്ചതായും സേനാവൃത്തങ്ങള്‍ വെളിപ്പെടുത്തി. നിസ്സാരപരിക്കുകളേറ്റ ഏതാനും സൈനികരെ ഹെലികോപ്ടറില്‍ കയറ്റി ഗുവാഹത്തിയിലുള്ള സിസ്ത്തായി ആശുപത്രിയിലെത്തിക്കുകയും ചെയ്തു.
അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ ശാന്തമായെന്നാണ് സംഘര്‍ഷത്തിനുശേഷമുള്ള ആദ്യപ്രതികരണത്തില്‍ ചൈനീസ് വിദേശകാര്യവക്താവ് വാങ് വെല്‍ബിന്‍ പറഞ്ഞത്. സൈനികതലത്തിലും നയതന്ത്രതലത്തിലും ചര്‍ച്ചകള്‍ക്ക് ആരംഭം കുറിച്ചതായും അദ്ദേഹം വ്യക്തമാക്കി. അതിര്‍ത്തിമേഖലയിലെ കമാന്‍ഡര്‍മാര്‍ ഫ്‌ളാഗ് മീറ്റിങ്ങിലൂടെ സമാധാനശ്രമങ്ങള്‍ക്കു തുടക്കമിട്ടതായും സൈനികവൃത്തങ്ങള്‍ അറിയിച്ചു.
യുദ്ധത്തിനുള്ള തയ്യാറെടുപ്പുകള്‍
കിഴക്കന്‍ ലഡാക്കിലെ അക്‌സായ്ചിന്‍, ഡെംചോക്, ഡെപ്‌സാങ്, പാങ്ങോങ് എന്നിവിടങ്ങളില്‍ സംഘര്‍ഷാവസ്ഥയുണ്ടെങ്കിലും അരുണാചല്‍ അതിര്‍ത്തി താരതമ്യേന ശാന്തമായിരുന്നു. 1959 ലെ ചൈനയുടെ ടിബറ്റന്‍ അധിനിവേശക്കാലത്ത്  ദലൈ ലാമയും അനുയായികളും ഇന്ത്യയിലേക്കു പലായനം ചെയ്തത് തവാങ്ങിനടുത്തുള്ള ബുംല ചുരംവഴിയാണ്. ബുംലയ്ക്കു ചുറ്റുമുള്ള ഉയര്‍ന്ന പ്രദേശങ്ങള്‍ മിക്കവയും ചൈനയുടെ ഭരണത്തിലിരിക്കുന്നതിനാല്‍ ഇന്ത്യന്‍ഭൂപ്രദേശങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ അവര്‍ക്കു കഴിയും. ബുംലയ്ക്കപ്പുറവും തന്ത്രപ്രധാനമായ സിലിഗുരി ഇടനാഴിക്കടുത്തുള്ള ചുംബി താഴ്‌വരയിലും റോഡുകളും മറ്റ് അടിസ്ഥാനസൗകര്യങ്ങളും ഒരുക്കി പുതിയ ഗ്രാമങ്ങള്‍തന്നെ ചൈന നിര്‍മിച്ചുവരുന്നതായി ഉപഗ്രഹചിത്രങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ചിലയിടങ്ങളില്‍  വലിയ ടൗണ്‍ഷിപ്പുകളുടെ നിര്‍മാണവും പുരോഗമിക്കുന്നു. ടൗണ്‍ഷിപ്പുകളോടുചേര്‍ന്നുള്ള  എയര്‍ സ്ട്രിപ്പുകളില്‍ യുദ്ധവിമാനങ്ങള്‍ തയ്യാറാക്കി നിറുത്തിയിട്ടുള്ളതായി രഹസ്യാന്വേഷണ ഏജന്‍സികളും പറയുന്നു. അരുണാചലിലേതടക്കമുള്ള നമ്മുടെ സൈനികതാവളങ്ങളില്‍ റഫാല്‍, സുഖോവ് തുടങ്ങിയ യുദ്ധവിമാനങ്ങള്‍ യുദ്ധസജ്ജമാണ്.
ഉത്തരാഖണ്ഡ് സംസ്ഥാനത്തിന്റെ അതിര്‍ത്തിയിലുള്ള ചുരുപിന് വടക്കുഭാഗത്തും ഏതാനും ജനവാസകേന്ദ്രങ്ങള്‍ ചൈന നിര്‍മിച്ചുവരുന്നു. ചുരുപില്‍നിന്ന് അധികം അകലെയല്ലാതെ പാര്‍പ്പിടസമുച്ചയങ്ങളുടെ നിര്‍മാണവും ധൃതഗതിയില്‍ പുരോഗമിക്കുന്നതായി വിശ്വസനീയമായ റിപ്പോര്‍ട്ടുകളുണ്ട്. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ (പി എല്‍ എ) വലിയ ഒരു സേനാവ്യൂഹം അരുണാചല്‍ അതിര്‍ത്തിയില്‍നിന്ന് 150 കിലോമീറ്റര്‍ അകലെയുള്ള സേനാംഗില്‍ തമ്പടിച്ചിട്ടുണ്ടെന്നും രഹസ്യാന്വേഷണോദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ടിബറ്റിന്റെ തലസ്ഥാനമായിരുന്ന ലാസയില്‍നിന്ന് വടക്കുകിഴക്കന്‍ അതിര്‍ത്തിപ്രദേശങ്ങളിലേക്കെത്തുന്ന ഒരു റെയില്‍പ്പാതയുടെ ഭാഗമായി ഏതാനും ടണലുകളുടെ നിര്‍മാണവും ധൃതഗതിയില്‍ നടക്കുന്നു. ചുരുക്കത്തില്‍, ലഡാക്കുമുതല്‍ അരുണാചല്‍വരെ ചൈനയുമായി നമ്മുടെ രാജ്യം അതിര്‍ത്തി പങ്കിടുന്ന 3,488 കിലോമീറ്ററിലുടനീളം (2,167 മൈല്‍)   സായുധരായ ചൈനീസ് പട്ടാളത്തിന്റെ സാന്നിധ്യം ഭയാശങ്കകളോടെയേ കാണാന്‍ കഴിയൂ. അതിര്‍ത്തിക്കപ്പുറത്തുള്ള ചൈനയുടെ നീക്കങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നവര്‍ക്ക് ഒരു മുഴുനീളയുദ്ധത്തിനുള്ള തയ്യാറെടുപ്പുകള്‍ അവര്‍ നടത്തിക്കഴിഞ്ഞുവെന്നു മനസ്സിലാക്കാവുന്നതേയുള്ളൂ. ഇനിയുമൊരേറ്റുമുട്ടലുണ്ടായാല്‍ 1962 ലേതിനെക്കാള്‍ വലിയ ആള്‍നാശമായിരിക്കും സംഭവിക്കുകയെന്നു പ്രവചിക്കുന്ന രാഷ്ട്രീയനിരീക്ഷകരുണ്ട്. അന്നത്തെ യുദ്ധത്തില്‍ 1,383 ഇന്ത്യന്‍ സൈനികരുടെ ജീവന്‍ പൊലിയുകയും 1,047 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കാണാതായ 1,696 പേരെക്കുറിച്ച് ഇപ്പോഴും യാതൊരു  വിവരവും ഇല്ല.  ചൈനയുടെ ഭാഗത്ത് 722 സൈനികര്‍ മരിക്കുകയും 1,400 പേര്‍ക്കു  ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
നിയന്ത്രണരേഖയുടെ തല്‍സ്ഥിതി  ഏകപക്ഷീയമായി മാറ്റിയെടുക്കാനുള്ള ഗൂഢതന്ത്രമായി തവാങ്ങിലെ ചൈനയുടെ നീക്കങ്ങളെ കാണുന്നവരുണ്ട്. തവാങ്ങിനടുത്തുള്ള താങ്‌ല എന്ന ഭാഗം വരെയെത്തുന്ന വീതിയേറിയ ഒരു പുതിയ റോഡിന്റെ ചിത്രവും ഉപഗ്രഹങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. ശരാശരി 17,000 അടി ഉയരമുള്ള മഞ്ഞുമൂടിക്കിടക്കുന്ന ജനവാസമില്ലാത്ത മലനിരകളാണ് തവാങ്ങിലുള്ളത്. 1962 ലെ യുദ്ധത്തില്‍ കൈവശപ്പെടുത്തിയ ഡെംചോക്കിലൂടെ നിര്‍മിച്ച തെക്കുപടിഞ്ഞാറന്‍ ഹൈവേക്കു സമാനമായി ബംഗാള്‍ ഉള്‍ക്കടലിലേക്കുള്ള ഒരു പാത ചൈനീസ് ഭരണാധികാരികളുടെ മനസ്സിലുണ്ടാകാം. നന്നേ വീതികുറഞ്ഞ സിലിഗുരി ഇടനാഴി മുറിച്ചുകടന്ന് ബംഗ്ലാദേശിലെത്തിയാല്‍ വലിയ രണ്ടു നേട്ടങ്ങളുണ്ടാക്കാം. ഒന്ന്, 'ഏഴു സഹോദരികള്‍' എന്നറിയപ്പെടുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ അരുണാചല്‍പ്രദേശ്, ആസാം, മേഘാലയ, നാഗാലാന്റ്, മണിപ്പൂര്‍, മിസോറാം, ത്രിപുര  എന്നിവയെ ഇന്ത്യന്‍ ഉപദ്വീപില്‍നിന്നു വേര്‍പെടുത്താനാകും. രണ്ട്, ടിബറ്റന്‍  പീഠഭൂമിയിലൂടെ ഒഴുകിയെത്തുന്ന ജലസമൃദ്ധമായ ബ്രഹ്‌മപുത്രയെ മുഴുവന്‍ സ്വന്തം കൈപ്പിടിയിലൊതുക്കാനാകും. 1971 ലെ യുദ്ധത്തില്‍ പാക്കിസ്ഥാന്‍ കൈവശപ്പെടുത്തിയ ജമ്മുകാഷ്മീരിലെ  86,268 ച.കിലോമീറ്റര്‍ വിസ്തൃതിയിലുള്ള 'പാക്കിസ്ഥാന്‍ അധിനിവേശകഷ്മീര്‍' മുറിച്ചുകടന്ന് പാക്കിസ്ഥാനിലൂടെ അറബിക്കടലിലെത്തുന്ന 'ചൈന-പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴി'യുടെ  നിര്‍മാണം അന്തിമഘട്ടത്തിലെത്തിയെന്ന വാര്‍ത്തയും ഇതോടൊപ്പം ചേര്‍ത്തുവായിക്കാം.
ഇതിനിടെ, പ്രതിരോധസേനയുടെ നീക്കം എളുപ്പമാകുംവിധം രാജ്യാതിര്‍ത്തിയോടു ചേര്‍ന്ന് 1,748 കിലോമീറ്റര്‍ ദൈര്‍ഘ്യംവരുന്ന രണ്ടുവരി ദേശീയപാത  നിര്‍മിക്കാന്‍ ഇന്ത്യ തീരുമാനിച്ചു. എന്‍ എച്ച് 913 എന്നു നാമകരണം ചെയ്ത ഈ പാത സമീപകാലത്തു പ്രഖ്യാപിച്ച ഏറ്റവും ദൈര്‍ഘ്യമേറിയതാണ്. ശത്രുസൈന്യത്തിന്റെ നീക്കങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കാന്‍ അതിര്‍ത്തിയോട് 20 കിലോമീറ്റര്‍ അടുത്തുവരെയെത്തുന്ന ഈ ദേശീയപാത ഉപകരിക്കും. ആകെദൂരത്തില്‍ 800 കിലോമീറ്ററും പുതുതായി നിര്‍മിക്കേണ്ടിവരുമെന്നു കണക്കാക്കിയിരിക്കുന്ന ഈ ബൃഹത്പദ്ധതി 2027 ല്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. അതിര്‍ത്തിയോട് ഏറ്റവും അടുത്തുകിടക്കുന്ന ബോംഡിലയില്‍ തുടങ്ങി നഫ്ര, സൂരി, മോണിഗ്രോങ്, ജുഡോ, പെല്‍ഗ്വന്റി എന്നിവിടങ്ങളിലൂടെ മ്യാന്‍മര്‍ അതിര്‍ത്തിയിലെ വിജയ്‌നഗറിലെത്തും.
ചൈനയും പാക്കിസ്ഥാനുമായിത്തുടരുന്ന അതിര്‍ത്തിപ്രശ്‌നങ്ങള്‍ രാഷ്ട്രീയപരമായും സൈനികമായും രാജ്യത്തിനു വലിയ വെല്ലുവിളിയാണ്. ചൈനയില്‍ അപ്രതിരോധ്യനായി വാഴുന്ന ഷി ജിന്‍പിങ്ങുമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അകല്‍ച്ച പ്രശ്‌നപരിഹാരത്തിന് ഉപകരിക്കുകയില്ല. ഉസ്‌ബെക്കിസ്ഥാനിലെ സമര്‍ഖണ്ഡില്‍ ചേര്‍ന്ന ഷാങ്ഹായ് ഉച്ചകോടിയിലും ഇന്തോനേഷ്യയിലെ ബാലിയില്‍ സംഘടിപ്പിച്ച ജി 20 സമ്മേളനത്തിലും നേരില്‍ കണ്ടപ്പോള്‍ പഴയ സൗഹൃദം പങ്കുവച്ചതല്ലാതെ ചര്‍ച്ചകളിലേക്കു കടന്നില്ല. ഉഭയകക്ഷിചര്‍ച്ചകളിലൂടെയല്ലാതെ അതിര്‍ത്തിപ്രശ്‌നങ്ങള്‍ പരിഹരിക്കാനാകില്ലെന്ന തിരിച്ചറിവിലേക്കു വരാതെ യുദ്ധസന്നാഹമൊരുക്കി സംഘര്‍ഷത്തിന്റെ പാത സ്വീകരിക്കുന്നത് ശുഭസൂചകമല്ല. സമാധാനത്തിന്റെ പാത സ്വീകരിക്കാനും പരസ്പരബഹുമാനത്തോടെ ചര്‍ച്ചകള്‍ക്കു തയ്യാറാകാനും ഇരുനേതാക്കളും മനസുവച്ചെങ്കില്‍ മാത്രമേ വലിയൊരു യുദ്ധത്തില്‍നിന്നു രക്ഷപ്പെടാന്‍ കഴിയൂ. 2020 ജൂണില്‍ ഗല്‍വാന്‍ താഴ്‌വരയില്‍ നടന്ന കയ്യാങ്കളിയില്‍പ്പോലും 20 ജവാന്മാരുടെ വിലപ്പെട്ട ജീവനുകളാണു നഷ്ടമായതെന്നോര്‍മിക്കണം.  ആണവായുധങ്ങള്‍ കൈവശമുള്ള രണ്ടു രാഷ്ട്രങ്ങള്‍ തമ്മില്‍ ഒരു യുദ്ധമുണ്ടായാലുള്ള പ്രത്യാഘാതം  പ്രവചനാതീതവുമായിരിക്കും. അതിര്‍ത്തിമേഖലകളില്‍ യുദ്ധസമാനമായ സാഹചര്യം സൃഷ്ടിക്കുന്ന ചൈനയുടെ നീക്കങ്ങള്‍ നമ്മുടെ രാജ്യത്തിന്റെ സൈനികശേഷി എത്രയെന്നറിയാനുള്ള തന്ത്രങ്ങളിലൊന്നാണെന്നു നിരീക്ഷിക്കുന്നവരുമുണ്ട്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)