•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

റബര്‍കര്‍ഷകര്‍ ചതിക്കുഴിയില്‍?

ബര്‍വിപണിയിലെ വിലത്തകര്‍ച്ച ശക്തമായിത്തുടരുന്നു. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലെ ഏറ്റവും കുറഞ്ഞ വിലയിലേക്കു പ്രാദേശികവിപണി ഇടിഞ്ഞുവീണു. ഉത്പാദനക്കുറവുണ്ടായിട്ടും ആഭ്യന്തരവിപണിയില്‍ ഉത്പന്നത്തിനു വില ഉയരാത്തത് വ്യവസായികളുടെ ബോധപൂര്‍വമായ വിപണി ഇടപെടലും അതിനു റബര്‍ ബോര്‍ഡിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും പിന്തുണയുമാണെന്ന് ആവര്‍ത്തിച്ചു പറയേണ്ടിവരുന്നു. 2011 ല്‍ റബര്‍വിലയിടിഞ്ഞപ്പോള്‍ കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കരുതെന്നും 2018 നു ശേഷം റബര്‍വില കുതിച്ചുയരുമെന്നും പ്രതീക്ഷ നല്‍കിയവര്‍ ഇന്നെവിടെ? 2022 ലെത്തിയിട്ടും തകര്‍ച്ച തുടരുമ്പോള്‍ ചെറുകിടകര്‍ഷകര്‍ റബര്‍കൃഷിയില്‍ ഇനി പ്രതീക്ഷ വയ്‌ക്കേണ്ടതുണ്ടോ? ഇരുട്ടടിപോലെ റബര്‍കൃഷിയും വ്യവസായിയുടെ നിയന്ത്രണത്തിലേക്കു നീങ്ങുമ്പോള്‍ 2030 നോടുകൂടി വരാനിരിക്കുന്ന പ്രതിസന്ധികളെ ദീര്‍ഘവീക്ഷണത്തോടെ  കര്‍ഷകര്‍ നോക്കിക്കാണുന്നത് ഉചിതമായിരിക്കും. 
റബറിന്റെ രാജ്യാന്തരവ്യാപനം
തെക്കുകിഴക്കന്‍ രാജ്യങ്ങളിലെ റബര്‍കൃഷിയുടെ കുതിപ്പിന്റെ പിന്നിലെ വ്യവസായികളുടെ സ്വാധീനം നാം കാണാതെപോകരുത്. സമാനമായ രീതിയാണ് ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വ്യവസായികളുടെ നിയന്ത്രണത്തിലുള്ള റബര്‍കൃഷിവ്യാപനത്തിലും നടപ്പാക്കിയിരിക്കുന്നത്. 
വന്‍കിടവ്യവസായികള്‍തന്നെ മുന്നോട്ടിറങ്ങി കൃഷിയെ നിയന്ത്രിക്കുകയും കൃഷിപ്രോത്സാഹനമെന്ന പേരില്‍ വന്‍നിക്ഷേപമിറക്കുകയും ചെയ്യുന്ന പ്രക്രിയയാണ് റബര്‍കൃഷിയുടെ രാജ്യവ്യാപനത്തിന് ഇന്നു കരുത്തേകുന്നത്. ആസിയാന്‍ കരാറിനെത്തുടര്‍ന്ന് ലാവോസ് ഉള്‍പ്പെടെ വിവിധ ആസിയാന്‍ രാജ്യങ്ങളില്‍ ഇന്ത്യയിലെ പ്രമുഖ ടയര്‍ നിര്‍മാതാക്കള്‍ റബര്‍ 
കൃഷിക്കായി വന്‍നിക്ഷേപം ഇറക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായിവേണം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്കുള്ള വ്യവസായികളുടെ പിന്തുണയും നിയന്ത്രണവുമുള്ള കൃഷിവ്യാപനത്തെ കാണുവാന്‍. 
2011 നോടുകൂടി കമ്പോഡിയ,ലാവോസ്, ചൈന, തായ്‌ലന്റ് തുടങ്ങിയ രാജ്യങ്ങളില്‍ റബര്‍കൃഷിയുടെ നിയന്ത്രണം പരമ്പരാഗതകര്‍ഷകരില്‍നിന്നു വന്‍കിട വ്യവസായികളിലേക്കും വ്യവസായികളുടെ ബിനാമിനിക്ഷേപകരിലേക്കും മാറി. ആസിയാന്‍ കരാറിനെത്തുടര്‍ന്ന് ലാവോസിലും തായ്‌ലന്റിലും കമ്പോഡിയായിലും രാജ്യാന്തരനിക്ഷേപകരെത്തിയപ്പോള്‍ പരമ്പരാഗതകാര്‍ഷികമേഖല മാറി റബര്‍കൃഷി വ്യാപിച്ചു. ഈ രാജ്യങ്ങളില്‍ കര്‍ഷകരുടെ കൃഷിഭൂമി വന്‍കിടക്കാര്‍ കുറഞ്ഞവിലയ്ക്ക് പാട്ടത്തിനെടുത്തു. കൃഷിക്ക് അനുബന്ധമായ ചെലവുകള്‍ പാട്ടക്കാര്‍ വഹിച്ചു. ഉത്പാദനം ആരംഭിച്ചപ്പോള്‍ കര്‍ഷകര്‍ക്കു ലഭ്യമാകുന്നതോ തുച്ഛമായ തുകമാത്രം. 
ഇന്ത്യയിലെ പല പ്രമുഖ ടയര്‍ കമ്പനികളും മിക്ക ആസിയാന്‍ രാജ്യങ്ങളിലും റബര്‍ പ്ലാന്റേഷന്‍ മേഖലയില്‍ നിക്ഷേപമിറക്കിയിട്ടുണ്ട്. ടയര്‍ കമ്പനികള്‍ മാത്രമല്ല, സ്വകാര്യകമ്പനികളും ഈ രാജ്യങ്ങളിലെ റബറുത്പാദനമേഖലയിലില്‍ സജീവമാണ്. ഐവറി കോസ്റ്റ് തുടങ്ങി ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കും ഇന്ത്യയിലെ വ്യവസായികളുടെ റബര്‍കൃഷി വ്യാപിച്ചിരിക്കുന്നു. റബര്‍കൃഷിയെ കേരളത്തിന്റെ മാത്രം ചുരുങ്ങിയ ലോകത്തിരുന്നു കാണാതെ ആഗോളതലത്തില്‍ വിലയിരുത്താന്‍ ഇനിയെങ്കിലും നമുക്കാകണം. 
റബര്‍കൃഷി വ്യവസായികളിലേക്ക് 
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കു മാത്രമല്ല, ഗുജറാത്തിലേക്കും എന്തിനേറെ, പശ്ചിമബംഗാളിലേക്കുംപോലും റബര്‍കൃഷി ഇപ്പോള്‍ വ്യാപിക്കുകയാണ്. ഇതിനായുള്ള റബര്‍ബോര്‍ഡ് പദ്ധതിയാണ് ദേശീയ റബര്‍മിഷന്‍. വ്യവസായികളുടെ നേരിട്ടുള്ള നിയന്ത്രണവും സാമ്പത്തികസഹായവും റബര്‍കൃഷിവ്യാപനത്തിനു പിന്നിലുണ്ട്. നോര്‍ത്ത് ഈസ്റ്റ് മിഷന്‍ ഓഫ് ടയര്‍ ഇന്‍ഡസ്ട്രി ഫോര്‍ റബര്‍ ഓഗ്മെന്റേഷന്‍ എന്ന പദ്ധതിയിലൂടെ കേന്ദ്ര വാണിജ്യമന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ റബര്‍ബോര്‍ഡുമായി ചേര്‍ന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കൃഷിവ്യാപനപദ്ധതിയില്‍ ഓട്ടോമോട്ടീവ് ടയര്‍ മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ എന്ന വ്യവസായികളുടെ സംഘടന കോടികളാണു മുടക്കുന്നത്. വ്യവസായികള്‍ റബര്‍കൃഷിയിലേക്കിറങ്ങി തങ്ങള്‍ക്കുവേണ്ട അസംസ്‌കൃതറബര്‍ കൃഷിചെയ്‌തെടുക്കുന്ന പ്രക്രിയ റബറിന്റെ ആഭ്യന്തരവിപണിയില്‍ സൃഷ്ടിക്കാന്‍ പോകുന്ന വിലത്തകര്‍ച്ച വലുതായിരിക്കും. 
കേരളമേല്‍ക്കോയ്മ തകരും
രാജ്യത്തെ റബറുത്പാദനത്തിന്റെ 95 ശതമാനവും കേരളത്തിലായിരുന്ന കാലമുണ്ടായിരുന്നു. ഇപ്പോഴത് 78 ശതമാനത്തോളമെത്തിയിരിക്കുന്നു. വരുംനാളുകളില്‍ ഈ ശതമാനം വന്‍തോതില്‍ പിറകോട്ടടിക്കും. വടക്കുകിഴക്കന്‍ റബര്‍കൃഷിവ്യാപനത്തിന്റെ കണക്കുകള്‍ ആ രീതിയിലേക്കാണു വിരല്‍ ചൂണ്ടുന്നത്. പ്രത്യേകിച്ച് വടക്കുകിഴക്കന്‍ സംസ്ഥാനസര്‍ക്കാരുകള്‍ റബര്‍കൃഷിക്കായി വന്‍ പ്രോത്സാഹനപദ്ധതികള്‍ നടപ്പാക്കുമ്പോള്‍ കര്‍ഷകര്‍ക്കും ഉത്സാഹമേറും. ആസാം, മേഘാലയ, നാഗാലാന്റ്, മണിപ്പൂര്‍, മിസോറാം, അരുണാചല്‍പ്രദേശ്, പശ്ചിമബംഗാള്‍, ത്രിപുര എന്നീ സംസ്ഥാനങ്ങളിലായി 2021 ല്‍ 3858 ഹെക്ടര്‍ സ്ഥലത്താണ് റബര്‍കൃഷി വ്യാപിപ്പിച്ചതെങ്കില്‍ 2022-ല്‍ ഇത് 23082 ഹെക്ടറിലേക്കു കുതിച്ചു. അഞ്ചുവര്‍ഷംകൊണ്ട് 2 ലക്ഷം ഹെക്ടര്‍ റബര്‍കൃഷിവ്യാപനം എന്ന ലക്ഷ്യത്തിലേക്കു മേല്‍സംസ്ഥാനങ്ങള്‍ എത്തിച്ചേരുമെന്ന് അനുമാനിക്കാം. 2021-22 ല്‍ 5,000 ഹെക്ടര്‍, 2022-23 ല്‍ 25,000 ഹെക്ടര്‍, 2023-24 ല്‍ 50,000 ഹെക്ടര്‍, 2024-25 ല്‍ 60,000 ഹെക്ടര്‍, 2025-26 ല്‍ 60,000 ഹെക്ടര്‍ എന്നാണ് നിലവില്‍ ലക്ഷ്യമിടുന്നത്. സാധാരണഗതിയില്‍ ഉത്പാദനം 2027-28 മുതല്‍ വര്‍ദ്ധിക്കും. 2030 ഓടെ റബര്‍കൃഷിയിലെ കേരളത്തിന്റെ മേല്‍ക്കോയ്മ തകരുമെന്നര്‍ഥം. റബര്‍ബോര്‍ഡ് ലക്ഷ്യംവയ്ക്കുന്ന രണ്ടുലക്ഷം ഹെക്ടറില്‍ ത്രിപുരയില്‍ 30,000 ഹെക്ടറിലും ആസാമില്‍ 1 ലക്ഷം ഹെക്ടറിലും റബര്‍കൃഷി വ്യാപനമുണ്ടാകും. വ്യവസായികളും കേന്ദ്രസംസ്ഥാനസര്‍ക്കാരുകളും ഒരുമിച്ചുചേര്‍ന്ന് ഈ സംസ്ഥാനങ്ങളില്‍ നടത്തുന്ന റബര്‍കൃഷി പ്രോത്സാഹനങ്ങള്‍ കണ്ട് കേരളസര്‍ക്കാര്‍ കണ്ണുതുറന്നില്ലെങ്കില്‍ കേരളം നേരിടാനിരിക്കുന്നത് സമാനതകളില്ലാത്ത കാര്‍ഷികപ്രതിസന്ധിയായിരിക്കും. റബര്‍കര്‍ഷകനെ സംരക്ഷിക്കാതെ കൈവിട്ടുള്ള സംസ്ഥാനസര്‍ക്കാരിന്റെ ഒളിച്ചോട്ടം വന്‍ വിലയിടിവിലൂടെ വീണ്ടും കര്‍ഷകനെ തളര്‍ത്തും. 
ചിരട്ടപ്പാലില്‍ താല്‍ക്കാലികാശ്വാസം
ചിരട്ടപ്പാല്‍ ഇറക്കുമതിക്കായി വ്യവസായികള്‍ കാലങ്ങളായി തുടരുന്ന നീക്കങ്ങള്‍ക്കെതിരേ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് നല്‍കിയിരിക്കുന്ന ചുവപ്പുകാര്‍ഡ് റബര്‍കര്‍ഷകര്‍ക്ക് താല്‍ക്കാലിക ആശ്വാസമാണ്. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലമായി വ്യവസായികള്‍ ചിരട്ടപ്പാല്‍ ഇറക്കുമതിക്കുള്ള ശ്രമം തുടരുന്നു. ചിരട്ടപ്പാലിന് ഗ്രേഡ് നിശ്ചയിച്ചുകിട്ടിയാല്‍ ഇറക്കുമതി കസറും. മുമ്പ് റബര്‍ബോര്‍ഡുതന്നെയാണ് ഇത്തരം ഒരു നീക്കത്തിനു ചുക്കാന്‍ പിടിച്ചതെന്നു പറയപ്പെടുന്നു. ഇപ്പോള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ റബര്‍കൃഷിവ്യാപനം ശക്തമാക്കുമ്പോള്‍ ചിരട്ടപ്പാല്‍ ഇറക്കുമതി പ്രശ്‌നം സൃഷ്ടിക്കുമെന്ന ദീര്‍ഘവീക്ഷണവും റബര്‍ബോര്‍ഡിനുണ്ടായിരിക്കാം. ചിരട്ടപ്പാല്‍ സംഭരിച്ചുവയ്ക്കുന്നത് ഗുണകരമല്ലെന്നും കീടങ്ങള്‍ വര്‍ദ്ധിച്ച് ആരോഗ്യത്തിനു ദോഷമുണ്ടാക്കുമെന്നും ഗവേഷണകേന്ദ്രം നല്‍കിയ റിപ്പോര്‍ട്ടാണ് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സിനും പിടിവള്ളിയായതും കര്‍ഷകര്‍ക്കു ചിരട്ടപ്പാല്‍ ഇറക്കുമതിയില്‍നിന്ന് താല്‍ക്കാലികരക്ഷ നല്‍കുന്നതും. ചിരട്ടപ്പാലിനു ഗ്രേഡ് നിശ്ചയിക്കാന്‍ സാധ്യമല്ലെന്നുള്ള ഗവേഷണറിപ്പോര്‍ട്ട് കാലാന്തരത്തില്‍ അട്ടിമറിക്കാനുള്ള സാധ്യതയും തള്ളിക്കളയണ്ട. 
കൃഷിയോടൊപ്പം കാര്‍ബണ്‍ ഫണ്ടും
വനവത്കരണത്തിന്റെയും വനാവരണത്തിന്റെയും സാമ്പത്തികനേട്ടങ്ങള്‍ രാജ്യാന്തര കാര്‍ബണ്‍ഫണ്ടിന്റെ രൂപത്തില്‍ കാലങ്ങളായി തട്ടിയെടുക്കുന്നത് വനംമന്ത്രാലയമാണ്. റബര്‍ ഉള്‍പ്പെടെയുള്ള മരങ്ങള്‍ തിങ്ങിനില്‍ക്കുന്ന കൃഷിപ്രദേശമൊന്നാകെ വനംവകുപ്പിന്റെ കണക്കില്‍ വനാവരണമേഖലയായിട്ടാണു സ്ഥാനം പിടിച്ചിരിക്കുന്നത്. 
വ്യവസായികള്‍ റബര്‍കൃഷിയിലേക്കു മാറുമ്പോള്‍ അവരുടെ സംഘടിതശക്തിയും സ്വാധീനവും ഉപയോഗിച്ച് സ്വന്തം കമ്പനികളിലേക്കു വിദേശ കാര്‍ബണ്‍ ഫണ്ട് എത്തിക്കും. ചുരുക്കിപ്പറഞ്ഞാല്‍, റബര്‍കൃഷിയോടൊപ്പം കാര്‍ബണ്‍ ട്രേഡിന്റെ മേഖലയും വ്യവസായികള്‍ക്കു നേട്ടമാകും. വിദേശരാജ്യങ്ങളില്‍ റബര്‍കൃഷിയിലേക്കിറങ്ങിട്ടുള്ള പ്രമുഖ ടയര്‍ കമ്പനികള്‍ രാജ്യാന്തര കാര്‍ബണ്‍ ഫണ്ട് നേടിയെടുക്കാനുള്ള നീക്കം ഇതിനോടകം ആരംഭിച്ചിരിക്കുന്നത് ഏറെ ദീര്‍ഘവീക്ഷണത്തോടെയാണെന്നു മനസ്സിലാക്കാന്‍ കേരളത്തിലെ അസംഘടിതരായ സാധാരണകര്‍ഷകന് ഇതുവരെയും സാധിച്ചിട്ടില്ല. മറ്റൊരുവിധത്തില്‍ തെളിച്ചുപറഞ്ഞാല്‍, റബര്‍കൃഷിയിലേക്കു വ്യവസായികള്‍ വരുമ്പോള്‍ അവര്‍ക്കുള്ള നേട്ടങ്ങള്‍ വെറും അസംസ്‌കൃത പ്രകൃതിദത്ത റബര്‍ മാത്രമല്ല രാജ്യാന്തര കാര്‍ബണ്‍ ഫണ്ടുമാണ്. ഈ കാര്‍ബണ്‍ ഫണ്ട് നിലവില്‍ കര്‍ഷകനു ലഭ്യമാക്കണമെന്ന മുദ്രാവാക്യമുയര്‍ത്താനും അതിനായി സംഘടിക്കാനും റബര്‍കര്‍ഷകര്‍ മുന്നോട്ടു വരാന്‍ മടിക്കരുത്. 
റബര്‍കര്‍ഷകന്റെ കണ്ണീര്‍
ആരും സഹായിക്കാനില്ലാത്ത ചതിക്കുഴിയിലാണ് കേരളത്തിലെ റബര്‍കര്‍ഷകരിന്ന്. റബറിന്റെ വിപണിവില ആര്‍ക്കും നിയന്ത്രണമില്ലാതെ വ്യവസായികളുടെ താത്പര്യത്തിനനുസരിച്ചു മാത്രമായി. റബര്‍ ആക്ട് ഭേദഗതിയും റബര്‍മേഖലയൊന്നാകെ വ്യവസായികളുടെ നിയന്ത്രണത്തിലേക്കു തള്ളിവിടുന്ന സ്ഥിതിവിശേഷം. റബര്‍ ടാപ്പിങ്ങിനു തൊഴിലാളികളെ ലഭിക്കാനില്ല. രാജ്യാന്തരകരാറുകളൊന്നും ബാധകമല്ലാത്ത റബര്‍ത്തടിക്കും കേരളത്തില്‍ വിലയിടിഞ്ഞു. റബര്‍വിലയുടെ തകര്‍ച്ചകളില്‍ ഇടപെടലുകള്‍ നടത്തേണ്ട കേന്ദ്രവാണിജ്യമന്ത്രാലയവും മുഖം തിരിഞ്ഞു നില്‍ക്കുന്നു. റബറിനെ കാര്‍ഷികോത്പന്നമാക്കുമെന്നു വാഗ്ദാനം നല്‍കിയവരൊക്കെ മാളങ്ങളിലൊളിച്ചു. കര്‍ഷകനെ ഉപേക്ഷിച്ച് റബര്‍ബോര്‍ഡ് വ്യവസായികളുടെ റബര്‍സ്റ്റാമ്പായി. റബര്‍ബോര്‍ഡ് മാധ്യമങ്ങളിലൂടെ നല്‍കുന്ന വിപണിവിലയെക്കാള്‍ അഞ്ചു രൂപ കുറച്ച് വ്യാപാരികള്‍ കര്‍ഷകരില്‍നിന്ന് ഉത്പന്നം സംഭരിക്കുന്നു. 
ഉത്പാദനച്ചെലവുമൂലം ഷീറ്റ് റബറില്‍നിന്ന് ലാറ്റക്‌സിലേക്കു തിരിഞ്ഞ റബര്‍കര്‍ഷകര്‍ എല്ലാം നഷ്ടപ്പെട്ട അവസ്ഥയിലാണ്. സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രനയങ്ങളെ നിരന്തരം വിമര്‍ശിച്ച് ഉത്തരവാദിത്വങ്ങളില്‍നിന്ന് ഒളിച്ചോടുന്നു. പ്രതീക്ഷകള്‍ നല്‍കി ആരംഭിച്ച കേരള ഗവണ്‍മെന്റിന്റെ റബര്‍കമ്പനിയും ടയര്‍ നിര്‍മാണമില്ലാതെ ഇഴഞ്ഞുനീങ്ങുന്നു. 250 രൂപ വിലസ്ഥിരതാപദ്ധതി വാഗ്ദാനമായി തുടരുമ്പോള്‍ നിലവിലെ ഉത്തരവുപ്രകാരമുള്ള 170 രൂപപോലും ലഭിക്കുന്നില്ല. വിലത്തകര്‍ച്ചയില്‍ വരുമാനനഷ്ടം കുതിക്കുന്നു. റബര്‍തൊഴിലാളികള്‍ക്കും ദുരിതകാലം.  റബര്‍ബോര്‍ഡിന്റെ പ്രഖ്യാപിതപദ്ധതികല്ലൊം വന്‍പരാജയം. നിലവിലുണ്ടായിരുന്ന പല റബര്‍കൃഷി പ്രോത്സാഹനപദ്ധതികളും നിലച്ചു. ഇറക്കുമതിയാകട്ടെ ഉണക്കറബര്‍, കോമ്പൗണ്ട് റബര്‍, കൃത്രിമറബര്‍ എന്നിങ്ങനെ പലരൂപത്തില്‍ കസറുന്നു.
തകര്‍ച്ചയുടെ അനുഭവങ്ങളില്‍നിന്നു പാഠങ്ങള്‍ പഠിച്ചും സംഘടിതശക്തി കൈവരിച്ചും കര്‍ഷകര്‍ ഇനിയും മാറ്റങ്ങള്‍ക്കു തയ്യാറായില്ലെങ്കില്‍ ഒരു കാലത്ത് സമ്പന്നതയുടെ വിത്തുകള്‍ മലയാളമണ്ണില്‍ പാകിയ റബര്‍ ഒരു ജനസമൂഹത്തെ നാശത്തിലേക്കു തള്ളിവിടുന്ന ദിനങ്ങള്‍ വിദൂരമല്ല. 

(ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറലും രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യാ കണ്‍വീനറാണ് ലേഖകന്‍)

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)