ക്രൈസ്തവ സമൂഹം, വിശിഷ്യ, കേരള കത്തോലിക്കാസഭ നാടിന്റെ വിദ്യാഭ്യാസ, ആരോഗ്യസാമൂഹ്യമേഖലകളില്‍ ചെലുത്തിയിട്ടുള്ള സ്വാധീനവും സേവനങ്ങളും അദ്വിതീയമാണ്. അഭിവന്ദ്യ വയലില്‍ പിതാവ് തുടങ്ങിവച്ച മദ്യവിരുദ്ധപ്രവര്‍ത്തനങ്ങള്‍ സമൂഹത്തില്‍ സ്വീകാര്യത നേടുകയും ചെയ്തിട്ടുണ്ട്. യാഥാര്‍ത്ഥ്യം ഇതൊക്കെയാണെങ്കില്‍പോലും നസ്രാണിയുടെ മദ്യപാനശീലത്തിനു കാര്യമായ മാറ്റം ഇനിയും വന്നിട്ടില്ല എന്നതാണു സത്യം.
നോമ്പ്, അത് 25 നോമ്പായാലും 50 നോമ്പായാലും 8, 3 നോമ്പുകളായാലും നാം എടുക്കാന്‍ തയ്യാറാവും അത് കുറച്ചു ദിവസങ്ങളാണെങ്കില്‍ കഠിനമായിത്തന്നെ പാലിക്കാന്‍ ശ്രമിക്കും. പിന്നീടങ്ങോട്ട് ഹോസ്റ്റലില്‍ നിന്നു പഠിക്കുന്ന ഒരു കുട്ടിയുടെ മനോഭാവമാണ്. അവധി വരാന്‍ ദിവസങ്ങളെണ്ണി കാത്തിരിക്കും. വന്നാലോ പിന്നീട് സന്തോഷമായി, ആഘോഷമായി. അതുതന്നെ നോമ്പു നോക്കുന്നവരില്‍ ഭൂരിപക്ഷത്തിന്റെയും മനോഭാവം. ലഹരിവസ്തുക്കള്‍ കൈകൊണ്ടു തൊടില്ല. ഇറച്ചി, മീന്‍, മുട്ട, പാല്‍ ഇവയെല്ലാം വര്‍ജിക്കും. ദുശ്ശീലങ്ങളെല്ലാം പാടേ ഉപേക്ഷിക്കും. എന്നാല്‍, നോമ്പുവീടുന്ന ദിവസം അര്‍മാദിക്കാനുള്ള ദിവസമാണുപോലും. ക്രിസ്മസിനാണെങ്കില്‍, അന്ന് ബെത്‌ലഹേമില്‍ ഉണ്ണി പിറന്നപ്പോള്‍ സാക്ഷികളായിരുന്നു എന്ന ഒറ്റക്കാരണത്താല്‍ തൂക്കുകയര്‍ വിധിക്കപ്പെട്ട പാവം നാല്ക്കാലികള്‍... ഇറച്ചിയും മദ്യവുമില്ലാതെ എന്താഘോഷം നസ്രാണിക്ക്! അടിപിടിമുതല്‍ വാഹനാപകടങ്ങള്‍വരെ മറ്റു ദിവസങ്ങളെ അപേക്ഷിച്ച് പതിന്മടങ്ങ് കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. മദ്യവില്പനശാലകളില്‍, ബിവറേജ് ഔട്ട്‌ലെറ്റുകള്‍ ഉള്‍പ്പെടെ റെക്കോര്‍ഡ് വില്പന. ഏറ്റവും കൂടുതല്‍ വില്പന നടന്നത് ക്രിസ്ത്യാനികളുടെ കേന്ദ്രങ്ങളില്‍. ഇതൊന്നും അതിശയോക്തിയല്ല. ഇക്കഴിഞ്ഞ വര്‍ഷങ്ങളിലെ സംസാരിക്കുന്ന കണക്കുകളാണിവ. ഇത് ഇക്കൊല്ലവും മാറ്റമില്ലാതെ തുടരുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. 'ലജ്ജിക്കുക നസ്രാണീ' എന്നുപറഞ്ഞ് മൂക്കത്തു വിരല്‍വയ്ക്കുന്നവനെ നോക്കി പിന്നെന്താഘോഷം 'ആണുങ്ങളായാല്‍ വിശേഷദിവസങ്ങളില്‍ രണ്ടെണ്ണം അടിക്കും' എന്നായിരിക്കും മറുപടി. വിശേഷദിവസങ്ങളില്‍, പ്രത്യേകിച്ച് ഉണ്ണി പിറന്ന ദിവസം അത് ഉണ്ണിയേശുവായാലും ശരി സ്വന്തം വീട്ടില്‍ ഉണ്ണി പിറന്നാലുംശരി രണ്ടെണ്ണമടിച്ച് സുബോധം നഷ്ടപ്പെട്ടെങ്കില്‍ മാത്രമേ തൃപ്തിയാകൂ എന്ന അവസ്ഥയാണിന്ന്. ഇത് ഒരു ദോഷൈകദൃക്കിന്റെ ജല്പനങ്ങളായി കാണേണ്ടതില്ല ദീര്‍ഘകാലത്തെ ഈ മേഖലയിലുള്ള പ്രവര്‍ത്തനപരിചയത്തിന്റെ പിന്‍ബലമുണ്ട് ഈ വാക്കുകള്‍ക്ക്.
ഈ പോക്കുപോയാല്‍ മലയാളി, പ്രത്യേകിച്ച് കത്തോലിക്കര്‍ ഇനി വരുന്ന വര്‍ഷങ്ങളില്‍ വലിയ വെല്ലുവിളി നേരിടേണ്ടിവരും. പ്ലസ് ടൂ കഴിഞ്ഞ കുട്ടികള്‍ ഒരു വിധം പഠിക്കുന്നവര്‍ വിദേശത്തു പഠിക്കാന്‍ പോകും. പിന്നീട് അവന്‍/ അവള്‍ അവിടെ പൗരത്വം സ്വീകരിക്കും. പഠിക്കാന്‍ പിന്നാക്കക്കാരായ ഒരു വിഭാഗം കുട്ടികള്‍ അയ്യായിരം മുടക്കി അമ്പതിനായിരവും ഒരു ലക്ഷവും കിട്ടുന്ന ബിസിനസ്സുമായി പോകും. കഴിഞ്ഞ നാലുവര്‍ഷക്കാലം കൗണ്‍സിലിങ്ങിലൂടെയും തെറാപ്പികളിലൂടെയും നിയന്ത്രിച്ചു നിര്‍ത്തിയിരുന്ന ഒരു കുട്ടിയെ 18 വയസ്സ് പൂര്‍ത്തിയായപ്പോള്‍ ബാംഗ്ലൂരില്‍ പഠിക്കാനയച്ചു. പിന്നീടു കേള്‍ക്കുന്നു അവനെ എക്‌സൈസ് അറസ്റ്റു ചെയ്തിരിക്കുന്നുവെന്ന്. അവന്റെ മാതാപിതാക്കള്‍ സമൂഹത്തില്‍ ഉന്നതനിലകളിലുള്ളവരാണ്. നാലു വയസ്സുമുതല്‍ അവന്‍ പിതാവിന്റെ സിഗരറ്റ് വലിച്ചു ശീലിച്ചു. സിഗരറ്റ് വലിക്കുന്ന എനിക്ക് മകനോട് അതു ചെയ്യരുതെന്നു പറയാനുള്ള തന്റേടമില്ലെന്ന് പിതാവിന്റെ ഭാഷ്യം. ഒരു ജന്മം മുഴുവന്‍ പരിഹാരം ചെയ്താലും തീരാത്ത പാപകര്‍മത്തിനു മകനെ വിട്ടുകൊടുത്ത് ദുര്‍മാതൃക നല്കിയ മാതാപിതാക്കള്‍! കുഞ്ഞിന്റെ ഒന്നാംപിറന്നാളിന് ഒരടപ്പ് വാറ്റുചാരായം പിറന്നാളുകാരന് വല്യപ്പച്ചന്‍ നല്കിയതറിഞ്ഞ ചോദ്യം ചെയ്ത അമ്മയോട്, അവനല്ലേ ഇന്നത്തെ താരം അവന് കൊടുക്കാതെ എന്താഘോഷം എന്നു ന്യായീകരിച്ച വല്യപ്പച്ചന് ഒരുപാട് കാണേണ്ടിവന്നു അവന്റെ ആഘോഷങ്ങള്‍.
എന്തേ ഇങ്ങനെയൊക്കെ സംഭവിക്കാന്‍? ലഹരിവസ്തുക്കള്‍ ഉപയോഗിക്കുമ്പോള്‍ തലച്ചോറില്‍ ഡോപ്പമിന്‍ എന്ന രാസവസ്തുവിന്റെ അളവ് വര്‍ധിക്കുകയും അതിന്റെ ഫലമായി ഒരു ആഹ്ലാദാനുഭൂതി ഉണ്ടാവുകയും ചെയ്യുന്നു. ഇതാണ് വീണ്ടും വീണ്ടും ഒരു വ്യക്തിയെ ലഹരി ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നത്. ചില ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്വോള്‍ തലച്ചോറിലെ ഡോപ്പമിന്‍ അളവ് ക്രമാതീതമായി വര്‍ദ്ധിക്കുകയും അത് ചിത്തഭ്രമലക്ഷണങ്ങള്‍ കാണിക്കുകയും അക്രമാസക്തനാവുകയും ചെയ്യും. ഇത്തരം സാഹചര്യങ്ങളിലാണ് ലഹരിക്കടിപ്പെട്ടവര്‍ മറ്റുള്ളവരെ ഉപദ്രവിക്കാനും കൊല്ലാനുംവരെ തയ്യാറാവുന്നത്.
ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം 3.3. ദശലക്ഷം പേര്‍ ഒരുവര്‍ഷം മദ്യത്തിന്റെ ഉപയോഗംമൂലം മരിക്കുന്നു. മറുവശത്ത് 15.3 ദശലക്ഷം പേര്‍ മയക്കുമരുന്നുകള്‍ക്ക് അടിമയാകുന്നു.
പരിഹാരമാര്‍ഗങ്ങള്‍
1. ഉത്പാദനം കുറയ്ക്കുക
ലഹരിപദാര്‍ത്ഥങ്ങളുടെ ഉത്പാദനം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യേണ്ടത് സര്‍ക്കാരാണ്. ഇക്കഴിഞ്ഞ ദിവസം എട്ടാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ ബിസ്‌കറ്റില്‍ മയക്കുമരുന്നു കൊടുത്ത്, മയക്കുമരുന്നു കാരിയറാക്കി മാറ്റിയതിന്റെ പശ്ചാത്തലത്തില്‍ നിയമസഭയില്‍ അടിയന്തരപ്രമേയം അവതരിപ്പിച്ചെങ്കിലും അതിന്റെ പേരില്‍ ഭരണപ്രതിപക്ഷങ്ങള്‍ തമ്മില്‍ വാക്‌പോരുണ്ടായതല്ലാതെ ഒരു തീരുമാനവും നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. ലഹരിക്കെതിരേ ഗോളടിച്ചാല്‍ തെറിച്ചുപോകുന്നതല്ല ലഹരിക്കടിമകളായവരുടെ രോഗങ്ങളും ആസക്തിയുമെന്നു തിരിച്ചറിയണമെങ്കില്‍ ഇനിയും കേരളം വലിയ ദുരന്തങ്ങളെ അഭിമുഖീകരിക്കേണ്ടിവരും. മയക്കുമരുന്നാണ് വില്ലന്‍ എന്നും മദ്യം പ്രശ്‌നമല്ലെന്നും വരുത്തിത്തീര്‍ക്കാനുള്ള ശ്രമവും അതിന്റെ മറവില്‍ കൂടുതല്‍ ബിവറേജ് ഔട്ടേലെറ്റുകള്‍ സ്ഥാപിക്കാനും ബാര്‍ലൈസന്‍സുകള്‍ കൊടുക്കാനുമുള്ള വ്യഗ്രതയിലാണ് ഭരണകൂടം. എന്നാല്‍, ഒന്നറിയുന്നതു നല്ലത്, പ്രവേശനലഹരി (തുടക്കക്കാരന്‍ ഉപയോഗിക്കുന്ന ലഹരി) മധുരക്കള്ളും ബിയറും ബ്രാണ്ടിയും സിഗരറ്റുമൊക്കെത്തന്നെയാണ്. എല്‍.എസ്.ഡി. സ്റ്റാമ്പും എംഡിഎംഎ യുമൊക്കെയാണ് അപകടകാരികള്‍ എന്നു പറയുന്നവര്‍ ഇതറിഞ്ഞിരിക്കുന്നതു നല്ലതാണ്. ഉത്പാദനം കുറയ്ക്കണമെങ്കില്‍ ഇച്ഛാശക്തിയുള്ള ഒരു ജനകീയഭരണസംവിധാനം കേരളത്തില്‍ ആവശ്യമാണ്.
2. ഉപഭോഗം കുറയ്ക്കുക
ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം കുറയ്ക്കുകയെന്നതാണു പ്രധാനം. ഉപയോഗിക്കാന്‍ ആളില്ലെങ്കില്‍ ഏതൊരു വസ്തുവും ഉത്പാദിപ്പിച്ചിട്ടു കാര്യമില്ല. അവിടെയാണ് കുടുംബങ്ങളുടെയും സന്നദ്ധസംഘടനകളുടെയും പ്രസക്തി. കുട്ടികള്‍ക്കു ചെറിയ പ്രായത്തില്‍ത്തന്നെ ലഹരിവസ്തുക്കളുടെ ദോഷവശങ്ങളെക്കുറിച്ചും അതുപയോഗിച്ചതുമൂലമുണ്ടായ ദുരന്തങ്ങളെക്കുറിച്ചും ആരോഗ്യകരമായ സംസാരവും ബോധവത്കരണവും നടക്കണം. ഒപ്പം, സ്‌കൂളുകളില്‍ അത് സണ്‍ഡേ സ്‌കൂള്‍ ഉള്‍പ്പെടെ സിലബസിന്റെ ഭാഗമായി ലഹരിവസ്തുക്കളുടെ ദൂഷ്യവങ്ങളെക്കുറിച്ചുള്ള പാഠങ്ങള്‍ ഉള്‍പ്പെടുത്തണം. അങ്ങനെ തന്റെ ശരീരത്തിനും മനസ്സിനും രോഗം സമ്മാനിക്കുന്ന, സമൂഹത്തിലും കുടുംബത്തിലും ദുരന്തങ്ങള്‍ വിതയ്ക്കുന്ന ലഹരിവസ്തുക്കള്‍ താന്‍ ഉപയോഗിക്കില്ല എന്ന സ്വഭാവദൃഢതാപരിശീലനം പാഠ്യപദ്ധതിയുടെ ഭാഗമാക്കണം.
3. ലഹരിക്കടിമയായവരുടെ ചികിത്സ
പ്രധാനമായും രണ്ടുഘട്ടങ്ങളിലൂടെയുള്ള ചികിത്സയാണ് ആവശ്യം. ആദ്യഘട്ടത്തില്‍ ലഹരിയുപയോഗംമൂലം ശരീരത്തിനും മനസ്സിനും ഉണ്ടായ പ്രശ്‌നങ്ങളെ പരിഹരിക്കുക, ഒപ്പം, ലഹരി ഉപയോഗം പൊടുന്നനേ നിര്‍ത്തുമ്പോഴുണ്ടാകുന്ന പിന്‍മാറ്റ അസ്വസ്ഥതകളെ ചികിത്സിക്കുക. ഇതിനു രണ്ടോമൂന്നോ ആഴ്ചകള്‍ വേണ്ടിവരും. രണ്ടാംഘട്ടം ലഹരി വസ്തു വീണ്ടും ഉപയോഗിക്കാനുള്ള സാധ്യത തടയുക എന്ന ലക്ഷ്യംവച്ച് പുനഃപതന പ്രതിരോധചികിത്സ നല്‍കണം. അത് 6 മാസം മുതല്‍ 9 മാസംവരെ തുടരേണ്ടതാണ്. ഒപ്പം, കുടുംബാംഗങ്ങള്‍ക്കും കൃത്യമായ ബോധവത്കരണം നല്കണം.
ഈ ക്രിസ്തുമസിനെങ്കിലും മദ്യവില്പനയുടെ റിക്കാര്‍ഡ് കണക്കുകള്‍ കേള്‍ക്കാന്‍ ഇടയാവാതിരിക്കട്ടെ എന്നാശിക്കാം. ശരീരത്തെയും മനസ്സിനെയും രോഗാവസ്ഥയിലേക്കു തള്ളിവിടുന്ന, സുബോധം നഷ്ടപ്പെട്ട് മൃഗങ്ങളെപ്പോലും നാണിപ്പിക്കുന്ന പ്രവൃത്തികളിലേക്കു നയിക്കുന്ന, അടുത്ത തലമുറയെപ്പോലും ബാധിക്കുന്ന മാരകമായ ദുരന്തങ്ങള്‍ക്കു വഴിമരുന്നിടുന്ന ലഹരി ഉള്‍പ്പെടെയുള്ള ആസക്തികളില്‍നിന്നു വിട്ടുനില്‍ക്കുമെന്നും അതിനടിമകളായ ഒരാളെയെങ്കിലും രക്ഷിക്കുന്ന കര്‍മപദ്ധതികളില്‍ പങ്കാളിയാകുമെന്നും ഈ ക്രിസ്മസ് ദിനത്തില്‍ നമുക്കു തീരുമാനിക്കാം.