കാലിത്തൊഴുത്തു നല്കുന്ന പാഠങ്ങള്‍
അഗസ്റ്റസ് സീസറിന്റെ കല്പന പാലിക്കാനാണ് പിറന്ന നാടും പരിചിതസാഹചര്യങ്ങളും ഉപേക്ഷിച്ച് നീതിമാനായ ജോസഫ് പൂര്‍ണഗര്‍ഭിണിയായ മറിയത്തെയുംകൂട്ടി ഗലീലിയായിലെ നസ്രത്തില്‍നിന്ന്, യൂദയായില്‍ ദാവീദിന്റെ പട്ടണമായ ബത്‌ലഹേമിലേക്കു യാത്രയായത്. പ്രതിസന്ധിയുള്ള എല്ലാ കുടുംബങ്ങള്‍ക്കും വെല്ലുവിളിയും ഹൃദയസ്പര്‍ശിയുമായ ഒരു വാക്യം ലൂക്കാ 2:7 ല്‍ കാണാം: സത്രത്തില്‍ അവര്‍ക്കു സ്ഥലം ലഭിച്ചില്ല. കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുമ്പോള്‍, വലിയ കടക്കെണിയില്‍ പെടുമ്പോള്‍, വാടകവീട്ടില്‍നിന്ന് ഇറക്കിവിടുമ്പോള്‍, വീട് ജപ്തിയിലാകുമ്പോള്‍, നിരാശയുടെ ഇരുട്ടുമുറിയിലേക്കു ചുരുങ്ങണമോ? കൂട്ട ആത്മഹത്യയാണോ പ്രതിവിധി? അല്ല; ക്രിയാത്മകമായ പരിഹാരങ്ങള്‍ കണ്ടെത്തുക! അതാണ് ജോസഫിന്റെയും മറിയത്തിന്റെയും കുടുംബം നല്കുന്ന പ്രതിവിധി, പരിഹാരം തേടാനുള്ള പ്രത്യാശാമാര്‍ഗം.
പ്രതിവിധി കണ്ടെത്താനാവാത്ത ഒരു പ്രശ്‌നവുമില്ല. ഫ്രാന്‍സീസ് പാപ്പാ സുവിശേഷത്തിന്റെ സന്തോഷം (ഋ്മിഴലഹശശ ഏമൗറശൗാ) എന്ന അപ്പസ്‌തോലികാഹ്വാനത്തിന്റെ 286-ാം ഖണ്ഡികയില്‍ എഴുതുന്നു: മോശപ്പെട്ട വസ്ത്രക്കഷണങ്ങളും സമൃദ്ധമായ സ്‌നേഹവുംകൊണ്ട് ഒരു തൊഴുത്തിനെ യേശുവിന്റെ ഭവനമാക്കാന്‍ മറിയത്തിനു കഴിഞ്ഞു. അവള്‍ നമ്മുടെ കഷ്ടപ്പാടുകളില്‍ പങ്കുചേരുന്നു. അവള്‍ മാതൃസഹജമായവിധത്തില്‍ ആശ്വസിപ്പിക്കുന്നു, സ്‌നേഹിക്കുന്നു. നമ്മുടെ ചെവികളില്‍ ഇങ്ങനെ മന്ത്രിക്കുകയും ചെയ്യുന്നു: നിന്റെ ഹൃദയം അസ്വസ്ഥമാകരുത്... നിന്റെ അമ്മയായ ഞാന്‍ ഇവിടെയില്ലേ?! സേവനത്തിനും ഫലപൂര്‍ണതയ്ക്കുമായി നിശ്ചയിക്കപ്പെട്ട വിശ്വാസതീര്‍ഥാടനത്തില്‍ പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടാന്‍ മറിയം തന്നെത്തന്നെ അനുവദിച്ചു. പ്രതിസന്ധികള്‍ നിറയുമ്പോള്‍ പ്രശസ്തമായ ചോദ്യമിതാണ്: എന്റെ വിശ്വാസതീര്‍ഥാടനത്തില്‍ പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടാന്‍ എന്നെത്തന്നെ അനുവദിക്കാറുണ്ടോ, മറിയത്തെപ്പോലെ.വാര്‍ദ്ധക്യത്തില്‍ ഗര്‍ഭിണിയായ എലിസബത്തിനെ ശുശ്രൂഷിക്കാനെത്തിയ മറിയം പറഞ്ഞു: എന്റെ ആത്മാവ് കര്‍ത്താവിനെ മഹത്ത്വപ്പെടുത്തുന്നു; എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തില്‍ ആനന്ദിക്കുന്നു (ലൂക്കാ 1:47-48). മറിയത്തിന്റെ ഈ ആനന്ദവും പ്രത്യാശയും സത്രത്തില്‍ ഇടംകിട്ടാതെ കാലിത്തൊഴുത്തില്‍ എത്തുമ്പോഴുമുണ്ട്; കാലികള്‍ക്കിടയില്‍ കടിഞ്ഞൂല്‍പുത്രനു ജന്മമേകുമ്പോഴുമുണ്ട്. കാല്‍വരിയില്‍ കുരിശിന്‍ചുവട്ടില്‍ നില്‍ക്കുമ്പോഴുമുണ്ട്.
ബെനഡിക്ട് പതിനാറാമന്‍ പാപ്പാ നസ്രത്തിലെ യേശു എന്ന പുസ്തകത്തിന്റെ മൂന്നാം വാല്യത്തില്‍ യേശുവിന്റെ ബാല്യകാലചരിത്രം വ്യാഖ്യാനിക്കുന്ന ഭാഗം ശ്രദ്ധേയമാണ്. ലൂക്കാ അവതരിപ്പിക്കുന്ന മംഗളവാര്‍ത്തയിലെ അന്തിമവചനം പ്രധാനപ്പെട്ടതാണെന്നും ഞാന്‍ കരുതുന്നു. അപ്പോള്‍ ദൂതന്‍ അവളുടെ മുമ്പില്‍നിന്നു മറഞ്ഞു (ലൂക്കാ 1:38). ദൈവത്തിന്റെ സന്ദേശവാഹകനുമായി സന്ധിച്ച ആ മഹത്തായ മണിക്കൂര്‍, മറിയത്തിന്റെ ജീവിതത്തെ അടിമുടി മാറ്റിമറിച്ച ആ മുഹൂര്‍ത്തം സമാപിച്ചിരിക്കുന്നു. മാനുഷികമായ എല്ലാ സാധ്യതകളെയും അതിശയിക്കുന്ന നിയോഗദൗത്യവുമായി അവള്‍ അവിടെ ഏകയായിത്തീര്‍ന്നു. അവളുടെ ചുറ്റും ഇപ്പോള്‍ ദൈവദൂതന്മാരില്ല; കറുത്തിരുണ്ട നിമിഷങ്ങളിലേക്കു നയിക്കുന്ന പാതയിലൂടെ അവള്‍ യാത്ര തുടരേണ്ടിയിരിക്കുന്നു. അവളുടെ ഗര്‍ഭത്തെക്കുറിച്ചു ജോസഫിനുണ്ടാകുന്ന നടുക്കവും ഭീതിയും തുടങ്ങി യേശുവിനു സുബോധം നഷ്ടപ്പെട്ടിരിക്കുന്നു (മര്‍ക്കോസ് 3:21, യോഹന്നാന്‍ 10:20) എന്നു കരുതുന്ന നിമിഷങ്ങളിലൂടെ അവള്‍ കടന്നുപോകേണ്ടിയിരിക്കുന്നു. തീര്‍ന്നില്ല; കറുത്തിരുണ്ട നിഴല്‍ വീണ കാല്‍വരിയുടെ പടവുകള്‍ കയറുമ്പോള്‍ കാണുന്ന കുരിശിന്റെ രാത്രിവരെ അതു നെടുനീളെ നീണ്ടുനിവര്‍ന്നുകിടക്കുന്നു. കാണാത്തതും കരുതാത്തതുമായ ഭയാശങ്കകള്‍ മനസ്സില്‍ തീ കോരിയിട്ട പൊള്ളുന്ന യാഥാര്‍ഥ്യങ്ങളുടെ അത്തരം സന്ദര്‍ഭങ്ങളില്‍ നന്മ നിറഞ്ഞവളേ, ആനന്ദിച്ചാലും എന്നും ഭയപ്പെടേണ്ട എന്നും ദിവ്യസംവാദകന്‍ പറഞ്ഞ തിരുവചനങ്ങളിലേക്ക് എത്രയോ പ്രാവശ്യം ആന്തരികമായ പുനര്‍വിചാരത്തോടെ മറിയം തിരിഞ്ഞിട്ടുണ്ടാകില്ല! ഓരോ പ്രാവശ്യവും അതിനെക്കുറിച്ചു നവമായി ചിന്തിച്ചിട്ടുണ്ടാകില്ല! ദൈവദൂതന്‍ യാത്രയാകുന്നു. ദൈവദൂതന്റെ ദൗത്യം അവസാനിച്ചു. അവളുടെ ദൗത്യം അവശേഷിക്കുന്നു അതോടെ ദൈവവുമായുള്ള അവളുടെ ആന്തരികമായുള്ള അടുപ്പം പക്വത പ്രാപിക്കുന്നു. തന്റെ ഹൃദയത്തില്‍ അവള്‍ക്കു കാണാനും സ്പര്‍ശിക്കാനും കഴിയുന്ന അടുപ്പമായി അതു വളരുന്നു.
മറിയം പറയുന്നു: രക്ഷകനായ ദൈവത്തില്‍ ആനന്ദിക്കുക! താഴ്മയെ കടാക്ഷിക്കുന്നതില്‍ സമാധാനം കണ്ടെത്തുക. ഇതേപോലെതന്നെയാണ് ജോസഫിന്റെ അനുഭവവും...
മരിയ സിസിലിയ ബൈജ എന്ന സന്ന്യാസിനി ഇറ്റാലിയന്‍ഭാഷയില്‍ എഴുതിയ പുസ്തകം മലയാളത്തില്‍ വി. യൗസേപ്പിതാവിന്റെ ആത്മീയജീവിതയാത്ര എന്ന പേരില്‍ സി. റാണിറ്റ് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. അതിന്റെ പേജ് 196 ലെ വിവരണം ഇപ്രകാരമാണ്: വിവിധ സ്ഥലങ്ങളില്‍നിന്നു വന്ന ധാരാളം ആളുകളെക്കൊണ്ട് പട്ടണത്തിലെ സത്രങ്ങള്‍ നിറഞ്ഞുകവിഞ്ഞിരുന്നു. ജോസഫ് പല വാതിലുകളും മുട്ടിനോക്കി. എവിടെയും അവര്‍ക്ക് ഒരു മുറി ലഭിച്ചില്ല. മറിയത്തിന്റെ ശാരീരികാവസ്ഥ അടിയന്തരമായ വിശ്രമം ആവശ്യപ്പെടുന്നുണ്ടായിരുന്നു. അത് ജോസഫിനെ കൂടുതല്‍ അസ്വസ്ഥനാക്കുകയും ചെയിതിരുന്നു. പൂര്‍ണഗര്‍ഭിണിയായ ഒരു സ്ത്രീയോടുള്ള പരിഗണനപോലും കാണിക്കാതെയുള്ള ബെത്‌ലഹേം നഗരവാസികളുടെ തിരസ്‌കരണവും അവഗണനയും ജോസഫിനെയും മറിയത്തെയും ഒരുപോലെ ദുഃഖിപ്പിക്കുകയും വിഷമത്തിലാക്കുകയും ചെയ്തു. അവസാനം അവര്‍ ആ ഗുഹയിലെത്തിച്ചേര്‍ന്നു. ദൈവം മുന്‍കൂട്ടി ഒരുക്കിയ ആ അഭയസ്ഥലത്തു പ്രവേശിച്ചപ്പോള്‍ ആഡംബരപൂര്‍ണമായ ഒരു മണിമന്ദിരത്തില്‍ പ്രവേശിച്ച പ്രതീതിയാണ് അവര്‍ക്ക് അനുഭവപ്പെട്ടത് (പേജ് 199).
അവസാനം ഇതാ, എത്ര വലിയ ഭാഗ്യം! കാത്തിരുന്ന ദിവ്യരക്ഷകനെ ജോസഫ് മനുഷ്യരൂപത്തില്‍ കണ്ടു. സൂര്യനെക്കാള്‍ തേജോമയനായി പ്രകാശത്താല്‍ വലയം ചെയ്യപ്പെട്ട് ദിവ്യശിശു കിടക്കുന്നു. ആ കാലിത്തൊഴുത്ത് മുഴുവന്‍ പ്രകാശപൂര്‍ണമായിത്തീര്‍ന്നിരുന്നു. ഇതെല്ലാം കണ്ടുകൊണ്ട് സന്തോഷവദനനായ ജോസഫ് ദിവ്യശിശുവിന്റെ കാല്‍ക്കല്‍ സാഷ്ടാംഗപ്രണാമം ചെയ്ത് അല്പനേരം അങ്ങനെ കിടന്നു. മണ്ണില്‍ പിറന്ന ലോക രക്ഷകനെ ആരാധിച്ചുകൊണ്ട് അവന്‍ മണ്ണില്‍ത്തന്നെ കിടന്നു. അപ്പോള്‍ ജോസഫ് അനുഭവിച്ച സ്വര്‍ഗീയപരമാനന്ദവും സമാധാനവും അവന്റെ ഹൃദയത്തിന് വഹിക്കാമായിരുന്നതിലും വളരെ അപ്പുറമായിരുന്നു. ഇല്ലായ്മകള്‍ക്കപ്പുറം, ജീവിതത്തിലെ വല്ലായ്മകള്‍ക്കപ്പുറം, ദൈവം നല്കുന്ന ആനന്ദവും സമാധാനവും അനുഭവിക്കാനുള്ള ക്ഷണമാണ് ക്രിസ്മസ്.
മരം കോച്ചുന്ന തണുപ്പില്‍ ബെത്‌ലഹേമിലെ മലഞ്ചെരുവില്‍ ആടുകളെ പാലിച്ചുകഴിഞ്ഞിരുന്ന ഇടയന്മാര്‍ക്കുള്ള മാലാഖമാരുടെ സന്ദേശമിതായിരുന്നു: ആനന്ദിച്ചാലും! (ലൂക്കാ 2:10). വലിയ ആനന്ദത്തിന്റെ സദ്വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു: കാലിത്തൊഴുത്തില്‍ ഓമനത്തം തുളുമ്പുന്ന ദിവ്യപൈതലിനെ കണ്‍കുളിര്‍ക്കെ കാണുമ്പോള്‍ ലഭ്യമാകുന്ന ആനന്ദമാണത്. ഉത്ഥിതനായ ക്രിസ്തുവിനെ കാണുമ്പോള്‍ ശിഷ്യന്മാര്‍ ഈ ആനന്ദം അനുഭവിച്ചു. കര്‍ത്താവിനെക്കണ്ട് ശിഷ്യന്മാര്‍ ആനന്ദിച്ചു (യോഹ. 20:20). യേശുവിന്റെ വിടവാങ്ങല്‍പ്രഭാഷണത്തിലും നാം ഇതു കാണുന്നു. ഞാന്‍ നിങ്ങളെ വീണ്ടും കാണും. അപ്പോള്‍ നിങ്ങളുടെ ഹൃദയം ആനന്ദിക്കും. നിങ്ങളുടെ ആനന്ദം ആരും നിങ്ങളില്‍നിന്ന് എടുത്തുകളയുകയില്ല (യോഹ. 16:22).
ദൈവത്തിന്റെ സാന്നിധ്യം തിരിച്ചറിയുന്ന എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ് ഈ ആനന്ദം. കൈറേ (ആനന്ദിച്ചാലും) എന്ന ഗ്രീക്കുഭാഷയിലെ ആശംസ എല്ലാവര്‍ക്കുംവേണ്ടി നല്കപ്പെട്ടതാണ്. മറിയത്തോടുള്ള ഗബ്രിയേല്‍ദൂതന്റെ ആശംസ സെഫാനിയായുടെ ഭൂതകാലത്തിലെ പ്രവചനത്തെ വര്‍ത്തമാനത്തിലേക്കു കൊണ്ടുവരുന്നു. സീയോന്‍പുത്രീ, ആനന്ദിച്ചാലും. ഇസ്രായേലേ, ആര്‍ത്തുവിളിച്ചാലും. ഇസ്രായേലിന്റെ രാജാവായ കര്‍ത്താവു നിന്റെ മധ്യത്തിലുണ്ട് എന്നാണ് സെഫാനിയ പ്രവചിച്ചത് (സെഫാനിയ 3:14-17).
ബെനഡിക്ട് പാപ്പാ നല്കുന്ന താരതമ്യവും വ്യാഖ്യാനവും ശ്രദ്ധേയമാണ് മറിയത്തോടുള്ള ദൈവദൂതന്റെ വാക്കുകളും സെഫാനിയായുടെ പ്രവചനവും തമ്മിലുള്ള താരതമ്യം പ്രശസ്തമാണ്. സീയോന്‍പുത്രിക്ക് ആനന്ദിക്കാനുള്ള സത്താപരമായ കാരണം പാഠത്തില്‍ത്തന്നെയുണ്ട്. കര്‍ത്താവ് നിന്റെ മധ്യത്തില്‍ത്തന്നെയുണ്ട് (സെഫാനിയ 3:15-17). മൊഴിമാറ്റം ചെയ്താല്‍ അവന്‍ നിന്റെ ഉദരത്തിലുണ്ട് എന്നാണ് അര്‍ഥം. ഉടമ്പടിയുടെ പേടകത്തില്‍ കര്‍ത്താവ് വസിക്കുന്നതിനെ സൂചിപ്പിച്ചുകൊണ്ട് പുറപ്പാടുഗ്രന്ഥത്തില്‍ വായിക്കുന്ന പദസന്ധിയാണ് ഇസ്രായേലിന്റെ ഉദരത്തില്‍ കര്‍ത്താവുണ്ട് എന്നത് (പുറപ്പാട് 34:9). ഇതാണു സെഫാനിയാപ്രവാചകന്റെ മനസ്സിലുണ്ടായിരുന്നത്. അതേവാക്ക് ദൈവദൂതന്‍ മറിയത്തിനു നല്കിയ സന്ദേശത്തിലുണ്ട് (ലൂക്കാ 1:31). നിന്റെ ഉദരത്തില്‍ ഗര്‍ഭം ധരിക്കും.
കാലിത്തൊഴുത്തില്‍ ശയിക്കുന്ന ഓമനത്തം തുളുമ്പുന്ന ദിവ്യപൈതല്‍ നമുക്കു നല്കുന്ന സന്ദേശം സന്തോഷമായിരിക്കുക! സമാധാനമായിരിക്കുക എന്നതാണ്. പല കാരണങ്ങള്‍കൊണ്ട് സാമ്പത്തികപ്രതിസന്ധിയിലായവരും തങ്ങളുടേതല്ലാത്ത കാരണങ്ങളാല്‍ പ്രശ്‌നങ്ങളിലേക്കു വലിച്ചിഴയ്ക്കപ്പെട്ടവനും അഭയാര്‍ഥിയായി അലയുന്നവനും അന്യസംസ്ഥാനത്തൊഴിലാളിയായി കഷ്ടപ്പെടുന്നവനും തെരുവിലലയുന്നവനും പീടികത്തിണ്ണയില്‍ അന്തിയുറങ്ങുന്നവനും കാലിത്തൊഴുത്തില്‍ അന്തിയുറങ്ങുന്ന കുടുംബവും പ്രത്യാശയുടെ ഓര്‍മ പകരുന്ന വൈക്കോല്‍ക്കച്ച പിള്ളക്കച്ചയാക്കുന്ന മറിയവും മറ്റാരും ആശ്രയമില്ലാതെ മൗനിയായി മാറുന്ന മരപ്പണിക്കാരനും ഏതൊരു പ്രതിസന്ധിയും പ്രത്യാശയുടെ ഉള്‍ക്കണ്ണുകൊണ്ടു നോക്കിക്കാണാന്‍ മുന്നറിയിപ്പുനല്കുന്നു.
സന്തോഷമായിരിക്കുക! സമാധാനമായിരിക്കുക! എന്ന സന്ദേശം എല്ലാവര്‍ക്കും പകരുന്ന പെരുന്നാളാണ് ക്രിസ്മസ്. ഇല്ലായ്മയിലും വല്ലായ്മയിലും ഈ സന്തോഷവും സമാധാനവും കാത്തുസൂക്ഷിക്കാന്‍ ഓര്‍മിപ്പിക്കുന്ന അവസരമാണിത്. സാമ്പത്തികപ്രതിസന്ധിയുണ്ടാകാം, രോഗവും അതു നല്കുന്ന അസ്വസ്ഥതകളും ഉണ്ടാകാം, കുടുംബത്തില്‍ തെറ്റുധാരണകളോ പ്രശ്‌നങ്ങളോ പ്രാരബ്ധങ്ങളോ കടന്നുവന്നേക്കാം; എങ്കിലും, സമാധാനമായിരിക്കുക! സന്തോഷിക്കുക! എന്ന് ഓര്‍മിപ്പിക്കുന്ന അവസരമാണ് ക്രിസ്മസ്‌കാലം. അതുകൊണ്ട്, എല്ലാ അര്‍ഥത്തിലും നമുക്ക് പരസ്പരം ആശംസിക്കാം. ഹാപ്പി ക്രിസ്മസ്.