- ദൈവദാസന്‍ ഫാ. ബ്രൂണോ കണിയാരകത്ത് അന്തരിച്ചിട്ട് ഡിസംബര്‍ 15 ന് മുപ്പത്തിയൊന്നു വര്‍ഷം
ആശ്രമദൈവാലയത്തിനു സമീപമുള്ള സെമിത്തേരിയുടെ വാതിലുകള്‍ മലര്‍ക്കെ തുറന്നേ കിടന്നു. അവിടെ ആത്മാക്കളുറങ്ങുന്ന കബറിടങ്ങള്‍. ആകെ മൂകതമുറ്റിയ അന്തരീക്ഷം.
വാടാമലരുകളാല്‍ അലങ്കരിച്ച കബറിടത്തിനു ചുറ്റും ചെറിയ ഒരാള്‍ക്കൂട്ടം. കൂട്ടത്തില്‍ കുട്ടികളുണ്ട്, മുതിര്‍ന്നവരുണ്ട്, സ്ത്രീകളും പുരുഷന്മാരുമുണ്ട്. കബറിടത്തില്‍ മുട്ടുകുത്തിനിന്ന്, കത്തുന്ന മെഴുതിരിനാളങ്ങള്‍ക്കൊപ്പം കണ്ണും കരങ്ങളും കൂപ്പി പ്രാര്‍ഥിക്കുകയാണവര്‍; ആരോഗ്യത്തിനും ആയുസ്സിനുംവേണ്ടി.
ധ്യാനലീനരായിനിന്ന് അനുഗ്രഹം യാചിക്കുന്ന അവരുടെ മനോമുകുരത്തില്‍ ഒരു ചിത്രം നിഴല്‍പോലെ തെളിയുന്നു. വന്ദ്യവയോധികനായ ഒരു വൈദികന്‍. ചുക്കിച്ചുളിഞ്ഞ മുഖം. ഒട്ടിയ കവിളുകള്‍. പരിക്ഷീണമെങ്കിലും തിളക്കം മായാത്ത കണ്ണുകള്‍. ഈ രൂപം തങ്ങളുടെ പ്രിയപ്പെട്ട ആത്മാവച്ചന്റേതാണെന്ന് വിശ്വാസികള്‍ തിരിച്ചറിയുന്നു.
ഇടറുന്ന സ്വരത്തില്‍ അവര്‍ വിളിക്കുന്നു; ''ആത്മാവച്ചാ...''
ആ വിളികേട്ടതുപോലെ പ്രസാദാത്മകമായ സ്വരത്തില്‍ ആത്മാവ് പ്രതികരിച്ചു:
''മക്കളേ, ഞാന്‍ നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കുന്നുണ്ട്. നിങ്ങള്‍ എനിക്കുവേണ്ടിയും പ്രാര്‍ഥിക്കണേ...''
മനുഷ്യരുടെ ദാസനായി ജീവിച്ചുമരിച്ച ദൈവദാസന്‍ ഫാ. ബ്രൂണോ കണിയാരകത്ത് സി.എം.ഐ. കണ്ടറിഞ്ഞ കാലം മുതല്‍ ഏവരും സ്‌നേഹപൂര്‍വം ആത്മാവച്ചന്‍ എന്നു വിളിക്കുന്ന പുണ്യചരിതന്‍. ലളിതമായിരുന്നു ആ ജീവിതം. ഒന്‍പതു പതിറ്റാണ്ടിലേറെ ഈ ഭൂമിയില്‍ പുണ്യം ചെയ്തുജീവിച്ച അദ്ദേഹത്തിന്റെ ആയുസ്സിന്റെ മുക്കാല്‍പങ്കും സന്ന്യാസത്തിലായിരുന്നു.
മുപ്പതുവര്‍ഷം മുമ്പായിരുന്നു അച്ചന്റെ സ്വര്‍ഗയാത്ര. തന്റെ ജീവിതസായാഹ്നം ചെലവിട്ട കുര്യനാട് സെന്റ് ആന്‍സ് ആശ്രമത്തിലായിരുന്നു അന്ത്യം. ഒരു വര്‍ഷംമുമ്പ് ദൈവദാസന്‍ എന്നു വിളിക്കപ്പെട്ട ആ ആത്മീയതേജസ്സിന്റെ കബറിടം സ്ഥിതിചെയ്യുന്ന കുര്യനാട് ആശ്രമംസെമിത്തേരി ഇന്നു പുണ്യഭൂമിയും തീര്‍ഥാടനകേന്ദ്രവുമായി മാറിയിരിക്കുന്നു. ദിവസംതോറും അന്യനാടുകളില്‍നിന്നുപോലും ഒട്ടേറെപ്പേര്‍ അച്ചന്റെ കബറിടം സന്ദര്‍ശിക്കാനും പ്രാര്‍ഥിക്കാനുമായി ഇവിടെ എത്തുന്നുണ്ട്.
കൈയില്‍ സുഗന്ധമലരുകളും കരളില്‍ സുകൃതമഞ്ജരികളുമായി എത്തുന്നവര്‍ എല്ലാം അച്ചന്റെ ആത്മാവിനു സമര്‍പ്പിച്ചു പ്രാര്‍ഥിക്കുന്നു. കബറിടം തൊട്ടു ചുംബിച്ച് നേര്‍ച്ചപ്പൂവിന്റെ ഒരിതള്‍ നെഞ്ചോടു ചേര്‍ത്തുപിടിച്ച് നന്ദിനിറഞ്ഞ മനസ്സോടെ തിരികെനടക്കുമ്പോള്‍ മൗനമായി പറയുന്നു: ''ആത്മാവച്ചാ, പോവട്ടെ; ഇനിയും വരാം.''
നൂറ്റിയേഴു വര്‍ഷംമുമ്പ് പാലാ രൂപതയിലെ രാമപുരം ഇടവകയില്‍ കണിയാരകത്ത് ആഗസ്തി - ഏലിയാമ്മ ദമ്പതികളുടെ മകനായി പിറന്ന ദേവസ്യാ, സി.എം.ഐ. സന്ന്യാസസഭയില്‍ ചേര്‍ന്ന് ബ്രൂണോ അച്ചനായി; പിന്നെ ആത്മാവച്ചനായി; ഇപ്പോള്‍ ദൈവദാസകിരീടം അണിഞ്ഞുനില്‍ക്കുന്നു.
ഒരു സാധാരണ വൈദികനായി, അധികമാരാലും അറിയപ്പെടാതെ ജീവിച്ച ആത്മാവച്ചന്‍. ജീവിതത്തിന്റെ ശേഷിപ്പുകള്‍ ഒന്നും ബാക്കിവയ്ക്കാതെ കടന്നുപോയ ആ വലിയ വൈദികനെക്കുറിച്ചുള്ള ഇന്നലെകളുടെ ഓര്‍മകള്‍ മാത്രമാവും ഇനിയുള്ള കാലത്ത് അദ്ദേഹത്തിന്റെ തിരുശ്ശേഷിപ്പുകള്‍.
ഒരു വൈദികന്‍ എന്തായിരിക്കണമെന്നും എങ്ങനെ സമൂഹത്തില്‍ ജീവിക്കണമെന്നും സ്വന്തം ജീവിതത്തിലൂടെ സമൂഹത്തിനു കാണിച്ചുകൊടുത്ത, സ്വയം വഴിയും വഴികാട്ടിയുമായി മാറിയ ശ്രേഷ്ഠവൈദികനായിരുന്നു ബ്രൂണോ അച്ചന്‍. പേരിനും പ്രശസ്തിക്കുംവേണ്ടി അദ്ദേഹം ഒന്നും ചെയ്തില്ല; പക്ഷേ, അദ്ദേഹം പ്രവര്‍ത്തിച്ചതെല്ലാം മനുഷ്യനന്മയ്ക്കുവേണ്ടിയായിരുന്നു.
ആദ്യം അന്വേഷിക്കേണ്ടതും കണ്ടെത്തേണ്ടതും ദൈവത്തെയല്ല, മനുഷ്യനെയാണെന്നും ആ മനുഷ്യനിലൂടെയേ ദൈവത്തെ കണ്ടെത്താന്‍ കഴിയൂ എന്നും ആ വലിയ മനുഷ്യന്‍ സമൂഹത്തെ പഠിപ്പിച്ചു. അദ്ദേഹം വലിയ പ്രഭാഷകനോ വിദ്യാഭ്യാസവിദഗ്ധനോ ഒന്നുമായിരുന്നില്ല. പക്ഷേ, അദ്ദേഹം ചെയ്ത കൊച്ചുകൊച്ചുകാര്യങ്ങള്‍, കാണിച്ചുതന്ന ചെറിയ ചെറിയ മാതൃകകള്‍ ആയിരം പ്രസംഗങ്ങളെക്കാളും നൂറുനൂറു പരീക്ഷണങ്ങളെക്കാളും വിലപ്പെട്ടതായിരുന്നു.
എളിമയുടെ, വിനയത്തിന്റെ, വിധേയത്വത്തിന്റെ, അനുസരണയുടെ ആള്‍രൂപമായിരുന്നു ആത്മാവച്ചന്‍. സ്വന്തം ആത്മാവിനു കുടികൊള്ളുവാന്‍ മാത്രമുള്ള ശരീരമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. അതിനു മാത്രമുള്ള ഭക്ഷണമേ അദ്ദേഹം കഴിച്ചിരുന്നുള്ളൂ.
പ്രാര്‍ഥനയും പാപസങ്കീര്‍ത്തനവുമായിരുന്നു ബ്രൂണോ അച്ചന്റെ ജീവിതവ്രതം. തനിക്കുവേണ്ടിയും മറ്റുള്ളവര്‍ക്കുവേണ്ടിയും ലോകം മുഴുവനുംവേണ്ടിയും പ്രാര്‍ഥിക്കുന്ന പ്രാര്‍ഥനയുടെ മനുഷ്യന്‍. പ്രാര്‍ഥിക്കൂ; പശ്ചാത്തപിക്കൂ എന്നു വിലപിച്ചിരുന്ന മനുഷ്യസ്‌നേഹി.
പാപസങ്കീര്‍ത്തനത്തിനായി മണിക്കൂറുകള്‍തന്നെ ചെലവിട്ടിരുന്നു അദ്ദേഹം. കുമ്പസാരിക്കുന്ന ചെറിയ പാപികള്‍ക്ക് ചെറിയ പ്രായശ്ചിത്തം. കൊടുംപാപികള്‍ക്കു പ്രായശ്ചിത്തം നല്‍കുമെങ്കിലും അത് ഏറ്റെടുത്തു ചെയ്യുന്നത് പലപ്പോഴും കുമ്പസാരക്കാരനായ അച്ചനാവും. സ്വന്തം വേദനകള്‍ പോരാഞ്ഞ് മറ്റുള്ളവരുടെ വേദനകള്‍കൂടി കടമായി ചോദിച്ചുവാങ്ങിയിരുന്ന വിശുദ്ധ അല്‍ഫോന്‍സാമ്മയെപ്പോലെ ബ്രൂണോ അച്ചനും മറ്റുള്ളവരുടെ പ്രായശ്ചിത്തങ്ങള്‍കൂടി ഏറ്റെടുക്കുകയായിരുന്നു.
സന്ന്യാസം സ്‌നേഹസങ്കീര്‍ത്തനമാക്കിയ മഹാത്മാവാണ് ആത്മാവച്ചന്‍. സ്‌നേഹത്തോളം വരുന്ന നിധി ജീവിതത്തില്‍ വേറെ ലഭിക്കാനില്ലെന്നും സ്‌നേഹിക്കുകയും സ്‌നേഹിക്കപ്പെടുകയും ചെയ്യുമ്പോഴാണ് സ്‌നേഹം സാര്‍ഥകമാവുന്നതെന്നും ആ സ്‌നേഹഗായകന്‍ നമ്മെ പഠിപ്പിച്ചു. മനുഷ്യന്‍ മനുഷ്യനെ സ്‌നേഹിക്കുന്നിടങ്ങളിലാണ് ദൈവം പിറക്കുന്നതെന്ന് തന്റെ എളിയ സന്ന്യാസജീവിതത്തിലൂടെ അദ്ദേഹം കാണിച്ചുതന്നു. ജീവിക്കുക; ജീവിക്കാന്‍ അനുവദിക്കുക എന്നതാണ് ജീവിതതത്ത്വം. എന്നാല്‍, സ്വന്തം കാര്യത്തില്‍ ജാഗ്രത കാണിക്കുന്നവര്‍ മറ്റുള്ളവരുടെ കാര്യത്തില്‍ പലപ്പോഴും ഉദാസീനരാവുകയാണു പതിവ്. ഇതു ശരിയല്ലെന്നും ആരുടെയും ജീവിതത്തിന് ഒരേ വിലയേ ഉള്ളൂവെന്നും ഒരു തത്ത്വചിന്തകനെപ്പോലെ അദ്ദേഹം സമൂഹത്തെ ഉപദേശിച്ചിരുന്നു. ചെറിയ ചെറിയ കാര്യങ്ങള്‍ ചെയ്താലും ലഭിക്കുക വലിയ വലിയ നേട്ടങ്ങളാവുമെന്ന് അച്ചന്‍ പറയുമായിരുന്നു.
ആരോടും ഒന്നിനോടും പരാതിയില്ലാത്ത പരിപൂര്‍ണ സന്ന്യാസിയായിരുന്നു ബ്രൂണോ അച്ചന്‍. അറുപത്തിയേഴു വര്‍ഷത്തെ സന്ന്യാസജീവിതത്തില്‍ ഒരിക്കലെങ്കിലും ആരോടെങ്കിലും പരാതി പറയുകയോ പരിഭവപ്പെടുകയോ ചെയ്തിട്ടില്ലെന്ന് അച്ചനെ അടുത്തറിയാവുന്നവര്‍ സാക്ഷ്യപ്പെടുത്തുന്നു. പ്രാര്‍ഥനയായിരുന്നു ബ്രൂണോ അച്ചന്റെ കൈമുതല്‍. ആര്, എപ്പോള്‍ ആവശ്യപ്പെട്ടാലും അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കാന്‍ പ്രാര്‍ഥനയുടെ ആ ദാസന്‍ സന്നദ്ധനായിരുന്നു. കൊച്ചുകുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ അദ്ദേഹത്തോട് പ്രാര്‍ഥനാസഹായം തേടിയെത്തുമായിരുന്നു.
ലാളിത്യമായിരുന്നു ആത്മാവച്ചന്റെ ജീവിതശൈലി. അലങ്കാരങ്ങളില്‍നിന്നും ആഡംബരങ്ങളില്‍നിന്നും അദ്ദേഹം അകന്നുനിന്നു. ശരീരമോ സൗന്ദര്യമോ അല്ല ആത്മാവാണു വലുതും അമൂല്യവുമെന്ന് ആത്മാവച്ചന്‍ സമൂഹത്തെയും സന്ന്യസ്തരെയും ഓര്‍മപ്പെടുത്തി. ജീവിതത്തില്‍ സമ്പൂര്‍ണസംതൃപ്തനായിരുന്നു ബ്രൂണോ അച്ചന്‍.
''എല്ലാം ദൈവതിരുമനസ്സ്; അതിനനുസരിച്ച് എല്ലാം നിറവേറി. എനിക്കു ജീവിതത്തില്‍ സന്തോഷമായിരുന്നു. ദുഃഖങ്ങളും ഉണ്ടായിട്ടുണ്ട്. ജീവിതം അങ്ങനെയാണല്ലോ. സന്ന്യാസവും അങ്ങനെതന്നെ.'' ഒരു അഭിമുഖത്തില്‍ ബ്രൂണോ അച്ചന്‍ പറഞ്ഞു.
മൗനത്തിന്റെ മഹത്ത്വമറിഞ്ഞ താപസനായിരുന്നു ആത്മാവച്ചന്‍. അദ്ദേഹം ആരോടും അധികം സംസാരിക്കാറില്ലായിരുന്നു. ആവശ്യത്തിനുമാത്രം പറയും; അതും ഉപദേശരൂപത്തില്‍. അധികം കേള്‍ക്കാനോ പറയാനോ ഇഷ്ടപ്പെട്ടിരുന്നില്ല. പ്രാര്‍ഥനയ്ക്കായിരുന്നു എപ്പോഴും എവിടെയും മുന്‍ഗണന. അച്ചന്റെ ദീര്‍ഘമായ സന്ന്യാസജീവിതം കുമ്പസാരക്കൂട്ടിലും അള്‍ത്താരയ്ക്കു ചുവട്ടിലുമായാണ് ചെലവഴിച്ചത്. ആ ജീവിതത്തിലൂടെ നമ്മെ പഠിപ്പിച്ചത് 'തിന്മ ചെയ്യാതിരിക്കുക, ആവുന്നത്ര നന്മകള്‍ ചെയ്യുക' എന്ന തത്ത്വമാണ്.
ഈ ലോകത്തില്‍ ചെറിയവനായി, മനുഷ്യരുടെ ദാസനായി ജീവിച്ചു മരിച്ച ആത്മാവച്ചന്‍ മടങ്ങിവന്നിരിക്കുന്നു; വലിയവനായി, ദൈവത്തിന്റെ ദാസനായി. ബലിഷ്ഠമായ ആ കരങ്ങളില്‍ കരുണയുടെ പൂക്കളുണ്ട്. ഹൃത്തടത്തില്‍ പ്രാര്‍ഥനയുടെ കരുത്തുണ്ട്. മനുഷ്യനെ സ്‌നേഹിച്ച, അവനുവേണ്ടി പ്രാര്‍ഥിച്ച പുണ്യവാനച്ചനെ ദൈവം വാഴ്ത്തപ്പെട്ടവരുടെയും വിശുദ്ധരുടെയും ഗണത്തിലേക്ക് ഉയര്‍ത്തുന്ന നാളുകള്‍ക്കായി നമുക്കു പ്രാര്‍ഥിക്കാം; കാത്തിരിക്കാം.