കേരളം കണ്ട ഏറ്റവും പ്രഗല്ഭനായ മതദാര്‍ശനികവൈജ്ഞാനികനായിരുന്നു വിടപറഞ്ഞു മറഞ്ഞ ജെസ്യൂട്ട് സന്ന്യാസിവൈദികന്‍ ഡോ. ഏബ്രഹാം അടപ്പൂര്‍. സന്ന്യസ്താശ്രമസീമകള്‍ക്കപ്പുറത്തേക്കും പ്രതിഭാപ്രസാരണം നടത്തി അമരനായി മാറിയ ചിന്തകന്‍, പ്രഭാഷകന്‍, എഴുത്തുകാരന്‍. മതമെന്നല്ല, സാഹിത്യവിചാരമായാലും തത്ത്വശാസ്ത്രസമീക്ഷകളായാലും പക്വമായൊരു വിപ്ലവജ്വാല പടര്‍ത്തിയ ധന്യമായൊരു ജീവിതകാണ്ഡമായിരുന്നു അടപ്പൂരച്ചന്റേത്. സൗമ്യനും മിതഭാഷിയുമായിരുന്നെങ്കിലും ആശയങ്ങളിലും ആദര്‍ശങ്ങളിലും വിട്ടുവീഴ്ചയ്ക്കും സന്ധിചെയ്യലിനും നിലപാടുകളില്‍ രാജിയാവാനും അടപ്പൂരച്ചന്‍ സന്നദ്ധനായില്ല എന്നത് ആ സാത്വികനായ ശ്രേഷ്ഠവൈദികനെ ബഹുധാ പ്രതിഭിന്നനാക്കി. കടുത്ത വിയോജിപ്പുകള്‍ വാഗ്രൂപത്തിലാക്കുമ്പോള്‍പോലും മധുരമായി പുഞ്ചിരിക്കുമായിരുന്നു അടപ്പൂരച്ചന്‍.
അടപ്പൂരച്ചന്റെ എഴുത്തുകളിലും പ്രസംഗങ്ങളിലും ധര്‍മബോധവും തത്ത്വവിചാരവും സൗമ്യമായൊരു തണല്‍ വിടര്‍ത്തുന്നതിനു പൊതുസമൂഹവും കാലവും നേര്‍സാക്ഷികളായി. ശബ്ദത്തിന് ഒരു നാസികാസ്വാധീനമുണ്ടായിരുന്നു. മയത്തിലും മൃദുശൈലിയിലുമാണ് പ്രസംഗവേദിയില്‍ അദ്ദേഹം തിളങ്ങിയത്. പക്ഷേ, ആശയങ്ങളുടെ തീക്ഷ്ണതയും തീവ്രതയും മൂര്‍ച്ചയും മുഴക്കവും വ്യതിരിക്തമാണെന്നു കേള്‍വിക്കാര്‍ തിരിച്ചറിഞ്ഞു. സംവാദവേദികളില്‍ വിപക്ഷികളുടെ ആശയങ്ങളോടു വിയോജിക്കുമ്പോഴും അവരുടെ അധികംപേരും ശ്രദ്ധിക്കാതെ പോകുന്ന പ്രഭാഷണസൗഭഗങ്ങളെ അദ്ദേഹം ഏറെ വിലമതിച്ചിരുന്നു. ഇതരനിലെ വ്യക്തിഗരിമ അംഗീകരിക്കുന്ന കാര്യത്തില്‍ അത്യുദാരനായിരുന്നു അദ്ദേഹം.
സന്ന്യാസിയെന്ന നിലയില്‍ സഭാവിഷയങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ പ്രഥമപരിഗണന. പൗരോഹിത്യശുശ്രൂഷയുടെ ആദ്യനാളുകളില്‍ റോമില്‍ ഈശോസഭാജനറലിന്റെ കേന്ദ്ര ഓഫീസില്‍ കാര്യദര്‍ശിയായി. സ്തുത്യര്‍ഹമായിരുന്നു സേവനങ്ങള്‍. കാത്തലിക് ഇന്റര്‍നാഷണല്‍ കമ്മീഷന്‍ മെമ്പറായിരുന്നു, സക്രിയമായ ഏഴു വര്‍ഷങ്ങള്‍. ആധുനികകാല സഭാചരിത്രത്തിന്റെ ശിരോലിഖിതം മാറ്റിക്കുറിച്ച രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ തീരുമാനങ്ങളും നടപടിക്രമങ്ങളും സമ്യക്‌രൂപേണ, സമഗ്രസ്വഭാവത്തോടെ റിപ്പോര്‍ട്ടു ചെയ്യാന്‍ നിയോഗിക്കപ്പെട്ടത് അടപ്പൂരച്ചന്റെ സുകൃതസാഫല്യം.
ഇതിനിടെ, അമേരിക്കയില്‍നിന്ന് മനോവിജ്ഞാനീയശാഖയില്‍ മാസ്റ്റര്‍ബിരുദവും ഫ്രാന്‍സില്‍നിന്ന് ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റും നേടുകയുണ്ടായി. നൂതനാശയങ്ങളാലും അചുംബിതദര്‍ശനങ്ങളാലും നിബിഡസംഭൃതമായിരുന്ന ഗവേഷണപ്രബന്ധമെന്ന ഉപാധ്യായശ്ലാഘ, ഡോക്ടര്‍ അടപ്പൂരിനു സ്വന്തമായി.
കേരളത്തില്‍ കോഴിക്കോടും എറണാകുളവുമായിരുന്നു ശുശ്രൂഷാകേന്ദ്രങ്ങള്‍. മുഖ്യധാരാമാധ്യമങ്ങളിലെ അംഗീകൃതലേഖകനായിരുന്നു അടപ്പൂരച്ചന്‍. അവര്‍ക്കു സര്‍വ്വദാ, സര്‍വഥാ സ്വീകാര്യനായ എഴുത്തുകാരന്‍. പ്രൗഢങ്ങളായിരുന്നു അച്ചന്റെ സൃഷ്ടികള്‍. ഇരുപതില്‍ താഴെ ഈടാര്‍ന്ന ഗ്രന്ഥങ്ങള്‍ അദ്ദേഹത്തിന്റേതായുണ്ട്. ഭിന്നമേഖലകളിലും വിഷയങ്ങളിലും അച്ചനുള്ള അവഗാഹം ഇവയെല്ലാം ദൃഷ്ടാന്തവത്കരിക്കുന്നുണ്ട്. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തെക്കുറിച്ച് ഇത്രമേല്‍ ആഴത്തിലും സമഗ്രതയിലും പഠിച്ചെഴുതിയ അധികം ക്രൈസ്തവ എഴുത്തുകാര്‍ നമുക്കില്ല. ആ തത്ത്വസംഹിതയുടെ മാസ്മരികമായ ആകര്‍ഷകത്വത്തില്‍ മയങ്ങിയാണ് അധികം പേരും അതില്‍ പതിക്കുന്നതെന്ന് അദ്ദേഹം നിരീക്ഷിച്ചു. അതില്‍ പതിയിരിക്കുന്ന ചതികളെപ്പറ്റി യുക്തിബോധത്തോടെ അച്ചന്‍ ചിന്തിച്ചു. കമ്യൂണിസം: ഒരു ചരമക്കുറിപ്പ്, കമ്യൂണിസത്തിന്റെ തകര്‍ച്ച എന്നീ രണ്ടു കൃതികള്‍ അനുകൂലികളും പ്രതികൂലികളും വിശദപഠനത്തിനും സംവാദങ്ങള്‍ക്കും ആധാരമാക്കിയെന്നതും എടുത്തുപറയണം. മനുഷ്യനും മൂല്യങ്ങളും, മൂല്യനിരാസം എന്ന പാപം പോലുള്ള രചനകള്‍, ശരാശരി കേരളീയന്റെ ചിന്താപഥങ്ങളില്‍പ്പോലും ആഘാതമുണര്‍ത്തുകയുണ്ടായി. അസ്തമിച്ചുകൊണ്ടിരിക്കുന്ന മൂല്യസങ്കല്പങ്ങളെക്കുറിച്ചുള്ള ആശങ്കകളും ആകുലങ്ങളും ചിന്താശീലരുടെ സത്വരപഠനങ്ങള്‍ക്കും പ്രശ്‌നനിവാരണയത്‌നങ്ങള്‍ക്കും നിമിത്തങ്ങളായി.
'അണുബോംബു വീണപ്പോള്‍' എന്നതാണ് അടപ്പൂരച്ചന്റെ വരിഷ്ഠരചനയെന്നു ഞാന്‍ വിചാരിക്കുന്നു. ഹിരോഷിമയിലും നാഗസാക്കിയിലുമുണ്ടായ അണുബോംബുവര്‍ഷത്തില്‍ നേര്‍സാക്ഷിയാകാന്‍ വിധിക്കപ്പെട്ട ഒരു ഡോക്ടറുടെ രചനയുടെ വിവര്‍ത്തനമാണത്. മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥികള്‍ക്കു ക്ലാസെടുകൊണ്ടിരിക്കേയാണ് കാമ്പസിന്റെ പര്യമ്പുറത്ത് ബോംബു വീണുപൊട്ടിയത്. ബോധം വന്നു നോക്കുമ്പോള്‍ സ്വപ്നങ്ങളുടെ സെമിത്തേരിപ്പറമ്പായി മാറിയിരുന്നു അവിടം. തന്റെ സഹപ്രവര്‍ത്തകരും പ്രിയപ്പെട്ട വിദ്യാര്‍ഥികളും പലരും കരിക്കട്ടകളായിരിക്കുന്നു. തകര്‍ന്ന ക്ലാസുമുറികളെല്ലാം വെറും ചാരക്കൂനയായിരിക്കുന്നു. അവിടെവിടെ ചിലര്‍ അര്‍ധപ്രാണരായി ക്കിടക്കുന്നുണ്ട്. ഡോക്ടറും വേറെ ഒന്നുരണ്ടുപേരും മാത്രം പാതി ചത്തവരായി ഇപ്പോഴുമുണ്ട്. മരിച്ചുകൊണ്ടിരിക്കുന്ന പലരുടെയും ജീവന്‍ നിലനിറുത്താനുള്ള ചെറിയൊരു ശ്രമം നടത്താന്‍ വേണ്ടുന്ന പ്രാണനേ തന്നില്‍ അവശേഷിക്കുന്നുള്ളൂ എന്ന തിരിച്ചറിവില്‍ ഡോക്ടര്‍ നീറുകയാണ്. ഇത്തിരിയെങ്കിലും ജീവനുള്ളവര്‍ക്ക് എന്തെങ്കിലും ശുശ്രൂഷ ചെയ്യാന്‍ ആവതും പരിശ്രമിക്കുകയാണ് ഡോക്ടര്‍. എല്ലാം ഒന്നു ശാന്തമായപ്പോള്‍ അദ്ദേഹം മക്കളെക്കുറിച്ചും പ്രിയതമയെക്കുറിച്ചും വീടിനെക്കുറിച്ചും ഓര്‍ക്കുന്നു. എന്നാല്‍ ആ ദിക്കെത്തുമ്പോള്‍, എല്ലാം ശൂന്യമായിരിക്കുന്നു. വീടിരുന്ന സ്ഥലം ഒരു ചാരക്കൂമ്പാരം തന്റെ സ്വന്തമായ എല്ലാവരും കാറ്റില്‍ പറക്കുന്ന ക്ഷാരധൂളികളായിരിക്കുന്നു. അദ്ദേഹത്തിനു കരയാന്‍പോലുമാവുന്നില്ല.
അണുബാധയുടെ തേങ്ങലുകളും വിങ്ങലുകളുമടക്കിയ ഡോക്ടറുടെ തുടര്‍നാളുകള്‍. ജീവന്റെ അഗോചരാണുക്കള്‍ കോശങ്ങളിലുള്ളിടത്തോളം നാളുകള്‍ സഹജീവികള്‍ക്കു സുഖം നല്കാന്‍ ഉഴറുമ്പോള്‍ കരുണയുടെ സുകൃതജപങ്ങളായിരുന്നു ചുണ്ടുകളില്‍; നിത്യനിശ്ചലമാവുന്ന നിമിഷംവരെ!
വായനക്കാരനെ നിതാന്തവിശുദ്ധമായ ധ്യാനനിമിഷങ്ങളില്‍ സ്‌നാനം ചെയ്യിക്കുന്ന ഈ ഒരു പുസ്തകം മാത്രം മതി അടപ്പൂരച്ചന്റെ സര്‍ഗജീവിതം ധന്യസുഗന്ധിയാകാന്‍.