തുല്യതയും സമത്വവും സമഭാവനയും ഘോഷിക്കപ്പെടുന്ന വര്‍ത്തമാനകാലത്ത്, ജനനംമുതല്‍ മരണംവരെ പരാശ്രയമില്ലാതെ ജീവിക്കാന്‍ കഴിയാത്ത ഒരു വിഭാഗത്തെ കൃത്യമായി മാറ്റിനിറുത്തിയിരിക്കുന്ന നാടായി നമ്മുടെ കേരളവും ഭാരതവും മാറുകയാണോ? തങ്ങളുടേതല്ലാത്ത കാരണത്താല്‍ ഭിന്നശേഷിക്കാരുടെ ഗണത്തില്‍ എണ്ണപ്പെട്ടവരെ ചേര്‍ത്തു നിര്‍ത്തി കരുത്തുപകരാന്‍ കടമയുണ്ട് സര്‍ക്കാരുകള്‍ക്ക്. എന്നാല്‍, സര്‍ക്കാര്‍സംവിധാനങ്ങള്‍ അവരോടു പുലര്‍ത്തുന്ന തെറ്റായ സമീപനത്തിന്റെ ഒടുവിലത്തെ ഉദാഹരണമാവുകയാണ്, ഭിന്നശേഷിക്കാര്‍ക്കുള്ള ക്ഷേമപെന്‍ഷന്‍, ഇന്‍ഷ്വറന്‍സ് പദ്ധതികളുടെ നിലവിലെ സ്ഥിതി.
പെന്‍ഷന്‍ നിഷേധിക്കുന്നു
റൈറ്റ്‌സ് ഓഫ് പേഴ്‌സണ്‍സ് വിത്ത് ഡിസെബിലിറ്റീസ് ആക്ട് 2016 പ്രകാരം, 18 വയസ്സുവരെ ഭിന്നശേഷിക്കാര്‍ക്ക്, വിവിധ ഘട്ടങ്ങളിലായി താത്കാലികസര്‍ട്ടിഫിക്കറ്റാണ് നിലവില്‍ മെഡിക്കല്‍ ബോര്‍ഡ് നല്‍കുന്നത്. ഈ സര്‍ട്ടിഫിക്കറ്റ് ആധാരമാക്കി 40 ശതമാനത്തിനു മുകളില്‍ വൈകല്യമുള്ള ബിപിഎല്‍ കാര്‍ഡ് അംഗങ്ങള്‍ക്കും ലക്ഷത്തില്‍ താഴെ വരുമാനമുള്ളവര്‍ക്കും സാമൂഹികക്ഷേമ പെന്‍ഷന്‍പദ്ധതിയിലെ വികലാംഗ പെന്‍ഷന്‍ ലഭിച്ചിരുന്നു.
എന്നാല്‍, പുതിയ നിയമമനുസരിച്ച് പതിനെട്ടു വയസ്സുവരെയുള്ള ഭിന്നശേഷിക്കാര്‍ക്കു വൈകല്യം സംബന്ധിച്ചു മെഡിക്കല്‍ ബോര്‍ഡ് നല്‍കുന്ന താത് കാലികസര്‍ട്ടിഫിക്കറ്റ് വികലാംഗക്ഷേമപെന്‍ഷന്‍ വിതരണത്തിനു മാനദണ്ഡമാകില്ലെന്നാണു സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. ഇതുവരെ പെന്‍ഷന്‍ ലഭിച്ചിരുന്ന ആയിരക്കണക്കിനു ഭിന്നശേഷിക്കാര്‍ക്കാണു പഞ്ചായത്തുവകുപ്പിന്റെ പുതിയ ഉത്തരവുപ്രകാരം ആനുകൂല്യം നിഷേധിക്കപ്പെടുന്നത്.
അനീതിയുടെ ഉത്തരവ്
മെഡിക്കല്‍ ബോര്‍ഡ് നല്‍കുന്ന താത്കാലികവൈകല്യം എന്നു രേഖപ്പെടുത്തിയ, കാലാവധി രേഖപ്പെടുത്താത്ത സര്‍ട്ടിഫിക്കറ്റിന്മേല്‍ വികലാംഗക്ഷേമപെന്‍ഷന്‍ അനുവദിക്കാനാകില്ലെന്നു പഞ്ചായത്തു വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ എം.പി. അജിത്കുമാര്‍ സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ക്കു നല്‍കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. ഇവര്‍ക്കു സ്ഥിരവൈകല്യം എന്നു രേഖപ്പെടുത്തിയ യുണീക് ഡിസെബിലിറ്റി ഐഡി കാര്‍ഡ് (യുഡിഐഡി) ലഭിക്കുമ്പോള്‍ മാത്രമേ വികലാംഗപെന്‍ഷന്‍ അനുവദിക്കാവൂ എന്നും ഉത്തരവിലുï്. അതിനര്‍ഥം
പതിനെട്ടുവയസ്സുവരെ ഭിന്നശേഷിക്കാര്‍ക്കു പെന്‍ഷന്‍ കിട്ടില്ലെന്നുതന്നെയാണ്.
ഭിന്നശേഷിക്കാരുടെ മേഖലയെക്കുറിച്ച് ഒരു പഠനവും നടത്താതെ ആയിരക്കണക്കിനുപേര്‍ക്കു സാമൂഹികക്ഷേമപെന്‍ഷന്‍ നിഷേധിച്ചുകൊണ്ടു സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവാണിതെന്ന ആരോപണം ശക്തമാണ്. വരുമാനപരിധി നോക്കാതെ ഭിന്നശേഷിക്കാരായ മുഴുവന്‍ കുട്ടികള്‍ക്കും പെന്‍ഷന്‍ അനുവദിക്കണമെന്ന് ഈ രംഗത്തെ സംഘടനകള്‍ നിരന്തരം ആവശ്യപ്പെടുന്നതിനിടെയാണ് പുതിയ ഉത്തരവെന്നതു പ്രസക്തമാണ്.
യുഡിഐഡി കാര്‍ഡ് കാത്ത്
ഭിന്നശേഷിയുള്ള ഒരാള്‍ക്കു യുണീക് ഡിസെബിലിറ്റി ഐഡി കാര്‍ഡ് (യുഡിഐഡി) കിട്ടണമെങ്കില്‍ പതിനെട്ടു വയസ്സാകണമെന്നാണ് നിലവിലെ നിയമം. അതുവരെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ പരിശോധനയ്ക്കും മെഡിക്കല്‍ ബോര്‍ഡിലെ ഡോക്ടര്‍മാര്‍ കുട്ടിയുടെ അവസ്ഥ സ്ഥിരീകരിച്ച് ഉറപ്പാക്കിയതിനുംശേഷം താത്കാലിക സര്‍ട്ടിഫിക്കറ്റുകളാണു നല്‍കുന്നത്. ഒരു വയസ്സുമുതല്‍ അഞ്ചു വയസ്സു വരെയാണ് ആദ്യഘട്ടത്തില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുക. പിന്നീട് 5-10, 10-18 വയസ്സുകളിലും താത്കാലികസര്‍ട്ടിഫിക്കറ്റ് നല്‍കും.
കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന യുഡിഐഡി കാര്‍ഡില്‍ സ്ഥിരവൈകല്യം രേഖപ്പെടുത്തുന്നത് 18 വയസ്സിനു ശേഷമാണ്. അതുകൊണ്ടുതന്നെ 18 വയസ്സിനുശേഷമാകും ഇനി ഭിന്നശേഷിക്കാര്‍ക്ക് പെന്‍ഷനും അര്‍ഹതയുണ്ടാകുക. ഇത് ആയിരക്കണക്കിനു ഗുണഭോക്താക്കള്‍ക്കു തിരിച്ചടിയാകും.
സ്വാവലംബന്‍ സ്വാഹ!
ഭിന്നശേഷിക്കാര്‍ക്കു മാത്രമായി കേന്ദ്രസര്‍ക്കാര്‍ കൊട്ടിഘോഷിച്ചു തുടങ്ങിയ ഇന്‍ഷ്വറന്‍സ് പദ്ധതിയാണു സ്വാവലംബന്‍. എന്നാല്‍, കഴിഞ്ഞ ആറു വര്‍ഷത്തോളമായി പദ്ധതി നിലച്ചിരിക്കുകയാണ്. ഒരു വര്‍ഷം മാത്രമായിരുന്നു പദ്ധതിയുടെ ആയുസ്സ്.
180 രൂപ മാത്രം വാര്‍ഷികപ്രീമിയം അടച്ച് രണ്ടു ലക്ഷം രൂപവരെ കാഷ്‌ലെസ് ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കുന്ന പദ്ധതി സംസ്ഥാനത്ത് അനേകര്‍ക്കു പ്രയോജനം ചെയ്തതാണ്. കേരളത്തില്‍ നാഷണല്‍ ഇന്‍ഷ്വറന്‍സ് കമ്പനിയും സഹൃദയയും ചേര്‍ന്ന് ഏകോപിപ്പിച്ച പദ്ധതിയില്‍ 2200 ഓളം പേര്‍ അംഗങ്ങളായിരുന്നു. മുന്നറിയിപ്പൊന്നുമില്ലാതെയാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി നിറുത്തലാക്കിയത്.
സ്‌കോളര്‍ഷിപ്പുകളും വെട്ടി!
സ്‌പെഷല്‍ സ്‌കൂളുകളില്‍ പരിശീലനം തേടുന്ന വിദ്യാര്‍ഥികള്‍ക്ക് തദ്ദേശസ്ഥാപനങ്ങളിലൂടെ ലഭിക്കുന്ന സ്‌കോളര്‍ഷിപ്പുതുക ചില പഞ്ചായത്തുകളില്‍ വെട്ടിക്കുറച്ചതും ഭിന്നശേഷിക്കാരോടുള്ള അവഗണനയ്ക്ക് മറ്റൊരു ഉദാഹരണമാണ്.
കൊവിഡ് കാലത്ത് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന കാരണത്തിലാണ് സ്‌കോളര്‍ഷിപ്പുതുകയില്‍ കുറവുവരുത്തിയത്. മഹാമാരിക്കാലത്ത് എല്ലാ വിഭാഗങ്ങളുടെയും ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചുനല്‍കിയപ്പോഴാണ് ഏറ്റവും പരിഗണന അര്‍ഹിക്കുന്ന ഈ കുട്ടികളോട് അധികൃതര്‍ ഇത്തരത്തില്‍ അവഗണന കാട്ടിയത്. വെട്ടിക്കുറച്ച സ്‌കോളര്‍ഷിപ്പ് കൊവിഡിനുശേഷവും പല പഞ്ചായത്തുകളിലും പുനഃസ്ഥാപിച്ചിട്ടില്ല.
ജനസംഖ്യയില്‍ 2.21 ശതമാനം ഭിന്നശേഷിക്കാര്‍
വികലാംഗരുടെ അവകാശങ്ങള്‍ക്കായുള്ള ഐക്യരാഷ്ട്രസംഘടനയുടെ കണ്‍വെന്‍ഷന്‍പ്രകാരം ശാരീരികമോ, മാനസികമോ, ബുദ്ധിപരമോ, സംവേദനപരമോ ആയ ബലഹീനതകള്‍ ഉള്ളവരും, ഇത്തരം ബലഹീനതകള്‍ കാരണം മറ്റുള്ളവര്‍ക്കൊപ്പം തുല്യയളവില്‍, സമൂഹത്തില്‍ പൂര്‍ണവും ഗുണപരവുമായ ഇടപെടലുകള്‍ നടത്താന്‍ കഴിയാത്തവരുമാണ് ഭിന്നശേഷിക്കാര്‍ എന്ന ഗണത്തില്‍ ഉള്‍പ്പെടുക.
സെന്‍സസ് രേഖകള്‍പ്രകാരം ഇന്ത്യയിലെ ജനസംഖ്യയില്‍ 2.21 ശതമാനം ഭിന്നശേഷിക്കാരുണ്ടെന്നാണ് കണക്ക്. എന്നാല്‍, യഥാര്‍ഥത്തില്‍ ഇതു പത്തു മുതല്‍ 15 വരെ ശതമാനം ഉണ്ടാകാമെന്ന് ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ സാക്ഷ്യപ്പെടുത്തുന്നു. അതായത്, 13 മുതല്‍ 20 കോടിയോളം വരുന്ന വലിയ ജനവിഭാഗം. രാജ്യത്തെ പൊതുമേഖലാ തൊഴില്‍രംഗത്ത് വെറും ഒരു ശതമാനം മാത്രമാണ് ഭിന്നശേഷിക്കാരുടെ പ്രാതിനിധ്യം. മൂന്നു ശതമാനം ജോലി ഭിന്നശേഷിക്കാര്‍ക്കായി സംവരണം ചെയ്യുന്ന നിയമം നിലനില്ക്കുമ്പോഴാണിതെന്നുകൂടി ഓര്‍ക്കാം.